മരിച്ചുപോയ
ഏറ്റവും പ്രിയപ്പെട്ടവരെ
കാണാവുന്ന
കണ്ണാടിയായിരുന്നു അത്.
ഒരു സഞ്ചാരിയായ മനുഷ്യൻ
എവിടെനിന്നോ കൊണ്ടുവന്ന്
പ്രദർശനം നടത്തുകയായിരുന്നു.
ടെൻഡിനകത്തുവെച്ച
കണ്ണാടിക്ക് മുമ്പിൽനിന്ന്
പ്രിയപ്പെട്ടൊരാൾ കണ്ണാടിയിൽ
പ്രത്യക്ഷപ്പെടുന്നത് കാണാൻ
അവിടം നീണ്ട ക്യൂവായി.
ഒരു സമയം
ഒരാൾക്കുമാത്രം പ്രവേശനമുള്ള
ആ ടെൻഡിൽനിന്നും
പ്രിയപ്പെട്ടൊരാളെക്കണ്ട്
പുറത്തിറങ്ങുമ്പോൾ എന്തെങ്കിലും തന്നാൽ മതിയെന്ന
സൗജന്യവും
അയാൾ കാഴ്ചക്കാർക്ക് നൽകി.
അകത്തു കയറിയവരേറെയും
നീരസത്തോടെയും പിറുപിറുത്തും
പുറത്തേക്കിറങ്ങിപ്പോയി
വളരെ നേരം നോക്കിനിന്നിട്ടും
പ്രിയപ്പെട്ടൊരാളെ കാണാനായില്ല?
ഒരാൾ കണ്ണാടിപ്രദർശനക്കാരനു നേരെ കയർത്തു
അയാളാ മനുഷ്യനെ ആശ്വസിപ്പിച്ചു:
താങ്കൾ കൂട്ടുകാരനെ കണ്ടില്ലെങ്കിലും
കൂട്ടുകാരൻ താങ്കളെ കണ്ടിട്ടുണ്ടാവാമെന്നാശ്വസിച്ചു പോകൂ
അടുത്ത തവണ പ്രദർശനം നടക്കുമ്പോൾ
താങ്കൾക്ക് താങ്കളുടെ കൂട്ടുകാരനെ
കാണാൻ കഴിഞ്ഞെന്നു വരും.
ഇഷ്ടമുള്ളതിടാൻ
അയാൾ വെച്ച പാത്രത്തിൽ
അന്നു വൈകുന്നേരമായിട്ടും
കാര്യമായൊന്നും വീണില്ല.
അയാൾ
എവിടെനിന്നു വന്നുവെന്നോ
വല്ലതും കഴിച്ചിട്ടുണ്ടാകുമോ എന്നോ
ആരും തിരഞ്ഞതുമില്ല.
രാത്രിയായപ്പോൾ
ടെൻഡഴിച്ച് ഭാണ്ഡമാക്കി
തലയിൽ കെട്ടിവെച്ച്
പട്ടണത്തിനു പുറത്തേക്കയാൾ നടക്കാൻ തുടങ്ങി...
സഞ്ചാരിയായ ഏതൊരാളെയുംപോലെ.
തൂക്കുബെൽറ്റിലൂടെ തോളിൽ കോർത്തിട്ട കണ്ണാടി
പിന്നിലേക്ക് തൂക്കിയിട്ടായിരുന്നു നടത്തം
അയാളെങ്ങോട്ടു
പോകുന്നെന്നറിയാൻ
പിന്നിലായ് കവിയും നടന്നുതുടങ്ങി.
കണ്ണാടിയിൽ
മരിച്ചുപോയൊരാൾക്കൊപ്പം
നിലാവെളിച്ചവും
നക്ഷത്രങ്ങളും മിന്നാമിനുങ്ങുകളും
മേഘജാലങ്ങളുമാകാശവും
നിശ്ശബ്ദമായ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
കുറച്ചു ദൂരംകൂടി
മുന്നോട്ട് നടന്നപ്പോൾ
തനിക്കു പിന്നിലായി കണ്ണാടിയിൽ
മനുഷ്യരുടെ നീണ്ടനിര പ്രത്യക്ഷപ്പെടുന്നതുകണ്ട്
കവി ഉത്കണ്ഠയോടെ തിരിഞ്ഞുനോക്കുകയും
പിന്നിലാരുമില്ലെന്നു കണ്ടു ഭയപ്പെടുകയും ചെയ്തു.
കല്ലുകൾ പാകിയ
വിജനമായൊരു വഴിയിലെത്തിയപ്പോൾ
അയാൾ
തോളിൽനിന്നും
കണ്ണാടി അഴിച്ചെടുക്കാൻ ശ്രമിക്കവേ
ഭാരം താങ്ങാനാവുന്നില്ലെന്നപോലെ
അയാളുടെ കൈയിൽനിന്നും
കണ്ണാടി താഴെ വീഴുകയും
നിലാവിന്നും നക്ഷത്രങ്ങൾക്കും
മിന്നാമിനുങ്ങുകൾക്കും
മേഘജാലങ്ങൾക്കുമാകാശത്തിനുമൊപ്പം
കവിയും മരിച്ചുപോയവരും
ചിതറിത്തെറിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.