കാക്കക്ക് പെട്ടെന്നു വെളിപാടുണ്ടായി.
അത് ന്യൂട്ടനെപ്പോലെ ശാസ്ത്രീയമോ
ബുദ്ധനെപ്പോലെ താത്ത്വികമോ അല്ല.
''യൂറേക്കാ യൂറേക്കാ'' എന്നലറിയില്ല.
ഒരില മരണത്തോടെ
പൊഴിഞ്ഞു വീഴുമ്പോൾ
നമ്മൾ കാണാത്ത മണ്ണിെൻറ
ജൈവികമായ ഞെട്ടൽപോലെ.
വെയില് പോറിയ മുറിവിലൂടെ
മഴ തൊട്ട നീറ്റൽ.
കരിപ്പാത്രങ്ങൾക്കിടയിൽനിന്ന്
''അയ്യോ, അരി വെന്തു ചീഞ്ഞു കാണുമോ''
എന്നൊരുടൽ ഉരുണ്ട്
പിടഞ്ഞെണീറ്റോടുംപോലെ.
വെളിപാട് എല്ലാർക്കുമുണ്ടെന്നു ന്യായം.
കാക്ക ഉൾവിളിയിൽ ചിറക് നീർത്തുന്നു.
അപ്പോൾ നട്ടുച്ചക്കൊരു
പൊള്ളിയ വെയിൽ ആളൊഴിഞ്ഞ
ഫുട്പാത്തിലൂടെ വലിച്ചിഴച്ചു
കൊണ്ടുപോകുന്നു,
വെട്ടിയെടുത്തൊരു മാവിെൻറ ശവശരീരം.
അതിെൻറ അവസാനത്തെ ചില്ലയുടെ നിഴലിൽ കുന്തിച്ചിരിപ്പായിരുന്നു കാക്ക.
''കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞില്ലേ...''
കാക്കക്കപ്പോൾ
'ജരിത'യുടെ ഖിന്ന മുഖം.
അന്ന് കാട്ടുപൂക്കൾക്ക് പലവിധ
നിറങ്ങൾ വീണൊരു വൈകുന്നേരം
കാക്ക സ്വദേശം വിട്ടു.
പറക്കുന്തോറും രാവ് നീളെ
കാക്കക്ക് കണ്ണുകളിൽ
വെളിച്ചം കനക്കുന്നു.
പുലർച്ചെയായെന്നു കാക്കക്ക്
മിഥ്യയായ വെളിപാടുണ്ടായി.
അത് വെയിലിനെ വിളിച്ചു കരഞ്ഞു.
കാട്ടുകവിത പാടി.
അടുക്കളപ്പുറങ്ങളിൽ എച്ചിൽ തിരഞ്ഞു.
''പണിയുണ്ടോ പണിയുണ്ടോ''...
ചെരിഞ്ഞു നോക്കിക്കരഞ്ഞ കണ്ണുകൾക്ക് 'കാക്കനോട്ട'മെന്ന് പേര്.
അശ്രീകരമെന്ന പ്രാക്ക്.
പരദേശത്തെത്തി കുടത്തിലെ
വെള്ളത്തിൽ കല്ലിടുമ്പോഴാണ്
കാക്കയും കൊറ്റിയും കണ്ടുമുട്ടിയത്.
ഒറ്റക്കാഴ്ചയിൽ കൊറ്റി കാക്കയുടെ ആദിമ ഗോത്രമേതെന്നു ആരാഞ്ഞു.
വംശപാരമ്പര്യമില്ലാത്ത വെള്ളത്തിെൻറ
ഉറവിടം പോലൊന്നെന്നു
കാക്കയുടെ ഉത്തരം.
നിറത്തെക്കുറിച്ച് ചോദിച്ചു.
ഉടയാത്ത കാഠിന്യത്തിന്‍റെ
പര്യായമെന്ന് മറുപടി.
ആമയെയും മുയലിനെയുംപോലെ
കാക്കയും കൊറ്റിയും മത്സരിച്ചു,
കുടത്തിലെ വെള്ളത്തിൽ കല്ലിട്ടു തുടങ്ങി.
''ഇപ്പോൾ നീയേതാത്മാവിന്‍റെ
ഉടൽപാതിയിൽനിന്നും
വൻകര താണ്ടി വന്നതാണ്?''
കൊറ്റി ചോദിച്ചു.
''ഞാൻ പാതി വെന്തൊരു
വൃക്ഷത്തിന്‍റെ ആത്മാവ്.
വിശ്വാസത്തിൽനിന്ന്
മനുഷ്യദേഹിയോടൊപ്പം
വിഷ്ണുമായയിൽ ലയിച്ചു.
പിന്നെ പക്ഷിവംശത്തിൽ വന്നു പിറന്നു.
ബലിക്കാക്കയെന്ന് നാമകരണം.
എരിഞ്ഞു തീരാത്ത ശ്മശാനങ്ങളിൽ,
സദ്യവട്ടങ്ങളുടെ എച്ചിൽകൂനകളിൽ,
ഉപേക്ഷിച്ചുപോയ ശവംതീനികളിൽ,
മുഷിഞ്ഞ അടുക്കളപ്പുറങ്ങളിൽ,
പലവിധ ഉപമകളിൽ,
കഥകളിൽ കവിതകളിൽ
ബലിച്ചടങ്ങുകളിൽ ഞാൻ
ഉണ്ണാനായി ക്ഷണിക്കപ്പെട്ടു.
പലയിടങ്ങളിലായി
ഉപേക്ഷിക്കപ്പെട്ടതാണു
കാക്കയുടെ സ്വത്വം.''
കാക്ക ചിറകുകൾ വിടർത്തി.
''നോക്കൂ, കറുത്ത നിഴൽ.''
കൊറ്റിയും ചിറകുകൾ വിരിയിച്ചു.
കറുത്ത നിഴൽ.
നിറഭേദങ്ങളില്ലാത്ത സത്യത്തിെൻറ
സ്ഥായിയായ വെളിച്ചം.
കാക്കക്ക് പെെട്ടന്ന് വെളിപാടുണ്ടായി.
''കാ കാ കാ''... കാക്ക എള്ളിെൻറ മണമുള്ള
വായ തുറന്നു കാട്ടുകവിത ചൊല്ലി.
മൂന്നാമത്തെ കൈകൊട്ടിലത്
പരോക്ഷമായ സൂക്ഷ്മശരീരവുമായി
ഉച്ഛിഷ്ടപിണ്ഡത്തിനു പറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.