കെട്ടിയോൻ ചത്തോളേ നീലിപ്പെണ്ണേ
ഒറ്റക്കു നീയിനിയെന്തു ചെയ്യും?
ചെറ്റക്കുടിലിലവനെയോർത്ത്
ദുഃഖം സഹിച്ചു മുനിഞ്ഞിരിക്കും?
ചോപ്പുമോറഞ്ചും നിറങ്ങളുള്ള
ചേലയും ജമ്പറും മാറ്റിവെക്കും?
പൊട്ടും വളയും കരിമഷിയും
കാണാത്തിടങ്ങളിൽ പൂഴ്ത്തിവെക്കും?
അൽപമാഹാരത്തിൽ ശിഷ്ടകാലം
കഷ്ടമെന്നോതാതെ തള്ളിനീക്കും?
കുറ്റിയും സാക്ഷയുമുള്ള വാതിൽ
ഒട്ടും തുറക്കാതടച്ചിരിക്കും?
കെട്ടിത്തിരുകിയ കേശഭാരം
പെട്ടെന്നഴിച്ചു പടർത്തിയിട്ട്
മച്ചിൻ പടിയിരുന്ന ചീർപ്പാൽ
വെക്കമേ കോതി ജട വിടുർത്ത്
കൈയിൽ തടഞ്ഞ കറുത്ത പേനെ
നന്നിയെയീരിനെ കൊന്നു തീർത്ത്
ഭിത്തിയിൽ തൂക്കിയ കണ്ണാടിയിൽ
ഇത്തിരി നോക്കി ചിരി വിടർത്ത്
കട്ടിൻ തലയിരുന്ന തോർത്താൽ
ഒട്ടൊന്നമർത്തി മുഖം തുടച്ച്
കെട്ടിയോൻ ചത്തോരു നീലിപ്പെണ്ണ്
ഒച്ച താഴ്ത്താതെ പറഞ്ഞുതീർത്തു.
പൊന്നുനാത്തൂനേ ഉടപ്പിറപ്പേ
കുഞ്ഞുപെങ്ങന്മാരേ നാട്ടുകാരേ
കെട്ടിയോൻ ചത്തതു നേരുതന്നെ
ഒട്ടൊരുസങ്കടമുണ്ടെനിക്ക്
എന്നു കരുതി പറഞ്ഞപോലെ
എന്നും കരയുവാനില്ല ഞാനേ
തള്ളയും തന്തയും പോയ ദെണ്ണം
കുഞ്ഞായിരിക്കേയറിഞ്ഞു നീലി
കൊച്ചുങ്ങളില്ലാത്ത നാണക്കേടും
മച്ചിയെന്നുള്ള വിളിയും പ്രാക്കും
മൂക്കറ്റം തേവിയങ്ങേർ വരുമ്പോൾ
നാഭിക്കു കിട്ടുന്ന ഭേദ്യങ്ങളും
രണ്ടുമണിയരി കഞ്ഞിവെക്കാ-
നില്ലാത്ത പട്ടിണിക്കാലങ്ങളും
ചങ്കുറപ്പോടെ പതറിടാതെ
കല്ലായി നേരിട്ടോളാണു നീലി
നാളുകൾ മെല്ലെ കഴിഞ്ഞിടുമ്പോൾ
ഉള്ളിലെ വേവൊന്നൊടുങ്ങിടുമ്പോൾ
കൂരയും വിട്ടു പുറത്തിറങ്ങും
മാനത്തെ കാഴ്ചകൾ കണ്ടുനിൽക്കും
വേനലിൽ പെയ്യും മഴ നനയും
വേലിക്കലെ മുല്ലപ്പൂവിറുക്കും
ചേലിൽ വലിയൊരു കോർക്കും
നീളൻമുടിക്കെട്ടലങ്കരിക്കും
നേരം വെളുത്താലും പായമേലെ
ആന്തലില്ലാതെ കിടന്നുറങ്ങും
ഉമ്മറത്തിണ്ണയിൽ കാലുമാട്ടി
ചുമ്മാതെന്തെങ്കിലുമോർത്തിരിക്കും
ആയത്തിലാരെയും പേടിക്കാതെ
ചൂടാറ്റി ചായ കുടിച്ചിരിക്കും
പിന്നെ ചിലപ്പോളീ മാവിന്മേലും
പണ്ടത്തെപ്പോലെ വലിഞ്ഞുകേറും
പാതി കടിച്ചുള്ള മാമ്പഴങ്ങൾ
താഴേക്കോരോന്നായ് വലിച്ചെറിയും
കെട്ടിപ്പൊതിഞ്ഞിട്ടടച്ചു വെച്ച
പാട്ടുകൾ കാറ്റിനോടൊപ്പം മൂളും
കൂട്ടു വരുവാനാരുമില്ലെന്നാലും
കാടുകൾ മേടുകൾ തേടിപ്പോകും
കെട്ടിയ നാള് മുതലിന്നുവരെ
കിട്ടിയിട്ടില്ലാത്ത സൗഭാഗ്യങ്ങൾ
കൊച്ചു മോഹങ്ങളുമാശകളും
പറ്റുന്ന ചേലുക്കു തീർത്തിരിക്കും
ലോകാവസാനമൊന്നായിട്ടില്ല
ഭൂമി തിരിച്ചിലും നിർത്തീട്ടില്ല
ആകാശവാതിലടഞ്ഞിട്ടില്ല
സൂര്യനുദിക്കാതിരിക്കുന്നില്ല
ഉള്ളിലെ വെട്ടമണഞ്ഞിട്ടില്ല
ചുണ്ടിലെ പുഞ്ചിരി വറ്റിട്ടില്ല
കെട്ടിയോൻ ചത്ത പെണ്ണുങ്ങളൊക്കെ
കെട്ടയടുപ്പുപോലാകുന്നില്ല
ആകയാൽ സ്നേഹം നടിച്ചിട്ടാരും
നീലിയെക്കാണാനായ് വന്നിടേണ്ട
കെട്ടുകാഴ്ചക്കെന്നെ കിട്ടുകില്ല
കെട്ടിയിടുവാനും നോക്കിടേണ്ട
ഉള്ളനേരം കളയാതെ വേഗം
എല്ലാരും പോയേ, മഴ വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.