(''അവരുടെ കൈയില്‍ സ്വര്‍ണനിറത്തിലുള്ള ഒരു കപ്പ് നിറയെ മഞ്ഞുതുള്ളികളുണ്ടായിരുന്നു. വന്നവര്‍ എന്നെ പിടിച്ച് മലര്‍ത്തിക്കിടത്തുകയും എെൻറ നെഞ്ചുപിളര്‍ന്ന് എെൻറ ഹൃദയം പുറത്തെടുക്കുകയും ചെയ്തു. എന്നിട്ട് അതില്‍നിന്ന് കറുത്തനിറത്തിലുള്ള ഒരു രക്തപിണ്ഡം എടുത്തുമാറ്റി. പിന്നീട് എെൻറ ഹൃദയവും നെഞ്ചും മഞ്ഞുജലത്താല്‍ കഴുകി.'' അദ്ദേഹം ഇത്രയുംകൂടി പറഞ്ഞു: ''പിശാച് എല്ലാ ആദം സന്തതികളെയും അവരുടെ മാതാവ് ഗര്‍ഭം ധരിക്കുന്ന വേളയില്‍ സ്പര്‍ശിക്കുന്നു. എന്നാല്‍ അങ്ങനെ സ്പര്ശിക്കാത്തത് മറിയമിനെയും പുത്രനെയുമാണ്''
-മാര്ട്ടിന് ലിങ്സ് (മുഹമ്മദ്, വിവ: കെ.ടി. സൂപ്പി)
ഉമ്മളത്തൂരിലാണ് പുര. പൊക്കം കുറഞ്ഞ ഒരു മാവിെൻറ കൊമ്പിനടിയില്ക്കൂടി താണുവണങ്ങിയാല്‍ കയറിച്ചെല്ലാവുന്ന ചെറിയാരു ഓടിട്ട വീടാണത്. മുറ്റത്ത് ഉണങ്ങിയതും പച്ചയുമായ മാവിലകള്‍ പറന്നുകിടക്കുന്നുണ്ടാകും. ഇടതുഭാഗത്ത് ഒരു തെങ്ങിെൻറ ചോട്ടില് പൈപ്പ്. അതിെൻറ ചോട്ടില് വൃത്തിയാക്കാനുള്ള പാത്രങ്ങള്‍. വീട്ടിലെ പണികള്‍ കഴിഞ്ഞ് തെക്കാപ്പൊറത്തെ മൈമൂനുമ്മ ഏന്തിവലിഞ്ഞ് വന്ന് കഴുകിയെടുത്തിട്ടുവേണം പാത്രങ്ങള്‍ അകത്തേക്ക് പോകാന്‍. എച്ചിലു കൊത്തിത്തിന്നുന്ന കാക്കകളും കോഴികളും ഉണ്ടാകും സദാ തെങ്ങിന് ചുവട്ടില്‍. അതിനെയെല്ലാം ഹൊയ് ഹൊയ്, പോയീ... എന്നുപറഞ്ഞ് ആട്ടിപ്പായിച്ച് മൈമൂനുമ്മ പാത്രങ്ങളെല്ലാം കഴുകിെവച്ച് മുറ്റം തൂത്തി സ്വന്തം പുരയ്ക്ക് മടങ്ങുമ്പോഴേക്ക് ഉച്ചക്കത്തെ ആഹാരത്തിെൻറ നേരമാകും. ഈ പണിക്കൊന്നും മൈമൂനുമ്മ പൈസ വാങ്ങുന്നില്ല. അകത്ത് കെടപ്പായിക്കിടക്കുന്ന പാവത്തിനെ വിചാരിച്ച് ചെയ്യുന്നൂന്ന് മാത്രം. കാലം കുറച്ചായി ഹാജറാവി ഒരേ കെടപ്പാണ്. ഒരിക്കല്‍ മുറ്റമടിക്കുമ്പോള്‍ നടുവെട്ടിയതാണ്. പിന്നെ എണീറ്റില്ല.
ഹാജറാവിയുടെ ആള് ഏകദേശം രണ്ടാഴ്ച മുമ്പ് വന്നതേയുള്ളൂ. ആള്‍ക്ക് പ്രായം അറുപത് അറുപത്തിയഞ്ചിന് അടുത്തായി. താടിക്ക് താടിവന്നുതുടങ്ങി. സാധു മനുഷ്യനായതുകൊണ്ട് അധികമാരോടും മിണ്ടാനും പറയാനുമൊന്നും നില്‍ക്കാതെ പുരക്കകത്തുതന്നെ കൂടുന്നതാണ് ശീലം. ചിലദിവസം നേരം പുലര്‍ന്നാലുടനെ ഉപ്പാപ്പാെൻറ കിണറിൻറവിടവരെയോ വെള്ളിപറമ്പില്‍ ജുമാഅത്ത് പള്ളിവരെയോ പോയി മടങ്ങുന്നതു നാട്ടുകാര്‍ കണ്ടു. അതില്‍ പ്രത്യേകിച്ചെന്തെങ്കിലും കാര്യമുള്ളതായി ആര്‍ക്കും തോന്നിയില്ല. പതുക്കെയാണ് നടക്കുക. കാലില്‍ വള്ളിച്ചെരിപ്പായിരിക്കും. മഴപെയ്ത് അങ്ങ് പോയതേ ഉണ്ടാകൂ. അതുകൊണ്ട് പിന്നില്‍ ചെളി തെറിക്കാതിരിക്കാന്‍ കൂടിയാണ് സൂക്ഷിച്ച് പതുക്കെയുള്ള നടത്തം.
''അസ്സലാമു അലൈക്കും.''
''വ അലൈക്കുമുസ്സലാം.''
ആരെങ്കിലും സലാം പറഞ്ഞെന്നിരിക്കും.
ആള്‍ക്ക് ഉദ്യോഗം വലിയ മെച്ചമാണെന്ന് പറയാന്‍ കഴിയില്ലായിരുന്നു. എന്നാലും ഉള്ളത് പോകാതെ നോക്കീട്ടുണ്ട്. ഏതോ പുസ്തകം അച്ചടിക്കുന്ന പ്രസിലായിരുന്നു. അച്ചടിപ്പിക്കാനുള്ള കുറേയേറെ എഴുത്തുകെട്ടുകള് ആള് വീട്ടില്‍ കൊണ്ടുവന്ന് വെക്കാറുണ്ട്. അതുകണ്ട് വീടര്, അതായത് ഹാജറാവി, കിടപ്പിലാവുന്നതിനൊക്കെ വളരെ മുമ്പ്, ഒരുദിവസം ചോദിച്ചുപോലും:
''ങ്ങള് പ്പെന്താ കോയിക്കോട്ടെ പത്രാപ്പീസിെൻറ മേധാവിയായിക്കണോ?''
''ഹാജിറാ, യ്യ് വിവരല്ലാണ്ട് ഓരോന്ന് പറയാന്‍ നിക്കണ്ടാട്ട.''
ആള് തിരിച്ചും പറഞ്ഞു.
പിന്നെ ആളങ്ങനെ പാഴ്ചെലവിെൻറ സൂക്കേടുള്ള ആളുമായിരുന്നില്ല. സിഗരറ്റും വല്ലപ്പോഴും ഉണ്ടായിരുന്ന ലേശം വെള്ളംകുടിയും നിര്ത്തിയിട്ടിപ്പോ കുറെ കാലമായി. പണ്ടൊക്കെ കുറേ സര്‍ക്കീട്ടും ഉണ്ടായിരുന്നു. പലേടത്തായി പൊറുതിയും പോക്കുവരവും ഒക്കെയായി ശരീരവും കേടായി. ഏതാണ്ട് കഴിഞ്ഞ പത്തുകൊല്ലായിട്ട് അതൊക്കെ നിര്‍ത്തിയതായിരുന്നു. പക്ഷേ പറഞ്ഞിട്ടെന്താ. ഏഴുകൊല്ലം മുമ്പ് ഒരുദിവസം ടൗണിലേക്ക് പോയി. അന്നുതന്നെ സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. അതുകഴിഞ്ഞ് മൂന്നോ നാലോ മാസം കഴിഞ്ഞിട്ടുണ്ടാകും, ഇളയമക്കള്‍ രണ്ടാളും കുടുംബം വിട്ട് പോയി. അതോടെ ഹാജറാവിക്ക് മൈമൂനുമ്മ മാത്രമായി കൂട്ട്. ഉള്ള ഒരു മോളെ പരപ്പനങ്ങാടീലെ തങ്ങള്‍ കുടുംബത്തിലെ രണ്ടാമന് വന്ന് കെട്ടിക്കൊണ്ടുപോയതോടെ മൈമൂനുമ്മക്കും ഹാജറാവിയല്ലാതെ മിണ്ടിപ്പറഞ്ഞിരിക്കാന്‍ വേറെയാളില്ല.
''അഫ്ഗാനില്‍ താലിബാനുകാര്‍ വീണ്ടും വരുന്നു'', കട്ടിലില്‍നിന്ന് എണീക്കുംമുമ്പ് ആള് പറഞ്ഞു. അത് കേട്ടിട്ടാകണം ഹാജറാവി ഒരു അര്ധവിലാപം പുറപ്പെടുവിച്ചു.
ആഗസ്റ്റ് 15നു പിറ്റേന്ന് ആറുമണിയൊക്കെ ആകാറായപ്പോള്‍ ഹാജറാവിയുടെ കിടക്കയുടെ തലപ്പത്ത് ചെന്നിരുന്ന് ആള് അവരുടെ കൈകള്‍ തടവി. നീരുവീണ് വീങ്ങിയ കൈത്തണ്ടയില്‍ ഞരമ്പുകള്‍ മണ്ണിടിച്ചിലില്‍ മറഞ്ഞ വഴികള്‍ പോലെ അപ്രത്യക്ഷമായിരുന്നു. അവരുടെ, തളര്‍ന്ന് താഴേക്കിടിഞ്ഞുപോയ അരക്കെട്ട് ചതഞ്ഞുതന്നെ നില്‍ക്കുകയാണെങ്കിലും ബാക്കി ശരീരം മുഴുവനും എപ്പോഴും സംഭവിക്കാവുന്ന ഉരുള്പൊട്ടലിെൻറ പോലത്തെ വീര്‍പ്പുമുട്ടല്‍ പേറി.
''അഫ്ഗാനില്‍ താലിബാനുകാര്‍ വീണ്ടും വരുന്നു'', കട്ടിലില്‍നിന്ന് എണീക്കുംമുമ്പ് ആള് പറഞ്ഞു. അത് കേട്ടിട്ടാകണം ഹാജറാവി ഒരു അര്ധവിലാപം പുറപ്പെടുവിച്ചു.
''ഓനെക്കൊണ്ട് ഇനി വര്വോ? അല്ല, ആടയന്നെ''... തേങ്ങലിലേക്ക് പരിണമിച്ച ശബ്ദം ഒന്നാളിക്കെട്ടു. അണഞ്ഞ ശബ്ദത്തില്‍നിന്ന് കുറച്ച് കരിയെടുത്ത് ഹൃദയത്തില്‍ തേച്ച് ആള് പുറത്തേക്കിറങ്ങി.
ഉപ്പാപ്പാെൻറ കിണറോളം വരെ നടക്കാനാണ് ആദ്യം വിചാരിച്ചത്. പിന്നെ ആലോചിച്ചപ്പോള്‍ കുറച്ചുംകൂടി റോഡില്‍ക്കൂടി നടക്കാമെന്നുെവച്ചു. താലിബാനുകാര്‍ തിരിച്ചുവന്നാല്‍ ഇശ്മായേലിനെ വിടില്ലാന്നൊന്നും പറയാന്‍ കഴിയില്ല. അതല്ലെങ്കില്‍ ചിലപ്പോള്‍ ജയിലില്‍നിന്ന് ഇറക്കി അവരുടെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിത്താമസിപ്പിക്കാനും മതി. രണ്ടായാലും അവെൻറ വിധി.
''അസ്സലാമു അലൈക്കും'', എതിരേ വന്ന ചെറുപ്പക്കാരന് അഭിവാദ്യം ചെയ്തു.
''വ അലൈക്കുമുസ്സലാം.''
തീപ്പെട്ടിക്കൊള്ളി ഉരഞ്ഞാലെന്നപോലെയൊരു ചെറു ശീല്ക്കാരം ആളുടെ ഉള്ളിലുണ്ടായി. അത് കാര്യമാക്കാതെ പിന്നെയും നടന്നു. ഉമ്മളത്തൂരില്നിന്ന് കഷ്ടി അരമണിക്കൂര്‍ നടക്കാനുണ്ടാകും വെള്ളിപറമ്പ് ജുമാ മസ്ജിദിലേക്ക്. അവിടുന്ന് ബസ് കയറിയാല്‍ അഞ്ചുമിനിറ്റില്‍ മെഡിക്കല്‍ കോളജിനു മുന്നിലെത്തും. അന്നും അങ്ങനെ പോയതാണ്. മലാപ്പറമ്പിലുള്ള ഒരു ചങ്ങാതി സുഖമില്ലാതെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായി കിടക്കുന്നു എന്നറിഞ്ഞ് കാണാന്‍ പോയതാണ്. ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കുന്ന സമയത്ത് തൊട്ടുമുന്നില്‍ ഒരു ചെറുപ്പക്കാരനും അതിനു കഷ്ടി ഒരു ചാണ് മുന്നില്‍ സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്കൊച്ചും നടക്കുകയായിരുന്നു. റൗണ്ട് കടന്ന് മുന്നോട്ടുനീങ്ങാന്‍ തടങ്ങുമ്പോള് അവെൻറ ഇടതുകൈ ആ കൊച്ചിെൻറ പിന്നാമ്പുറത്തേക്ക് സഞ്ചരിച്ച് അവിടെ ഒരു നരകവേദന തീര്‍ത്തു. പെണ്‍കുട്ടിയില്‍നിന്ന് ഒരു കിളിക്കുഞ്ഞ് പിടഞ്ഞ് പറന്നു. ആഞ്ഞുചെന്ന് അവെൻറ കഴുത്തും കോളറും കോര്‍ത്തുപിടിച്ച് വയറ്റത്ത് മുട്ടുകൊണ്ട് ശക്തമായി ഒരു കുത്തുകൊടുത്തതാണ് ശരിക്കും ഓര്‍മയിലുള്ളത്. റോഡില്‍ പുളഞ്ഞുവീണ പയ്യന് ബോധംകെട്ടു കിടക്കുന്നതും ചുറ്റുപാടും നിന്ന് ആളുകള്‍ ഓടിവരുന്നതും പയ്യനെ നോക്കി തെൻറ നേര്‍ക്ക് ആക്രോശിക്കുന്നതും ഭയന്നുപോയ പെണ്‍കുട്ടി ഓടിയകലുന്നതും എല്ലാം പാതി ഓര്‍മകള്‍ മാത്രം. മുതുകത്തുവീണ ശക്തമായ ഒരു ലാത്തിയടിയുടെ മിന്നല്‍പ്പിണര്‍ എല്ലാ വെളിച്ചവും കെടുത്തി.
ആ പയ്യനെ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ച് വിട്ടു. പെണ്‍കുട്ടിയെ പിന്നെ കണ്ടെത്താനായില്ല. പയ്യെൻറ പരാതിയില്‍ വധശ്രമത്തിന് ആളിനെതിരെ കേസെടുത്തു. രണ്ടാഴ്ച റിമാന്‍ഡിലായി. സുഹൃത്തുക്കള്‍ കുറച്ചാളുകള്‍ ചേര്‍ന്നാണ് വക്കീലിനെ െവച്ച് വാദിച്ച് ജാമ്യം തരപ്പെടുത്തിയത്.
ജാമ്യമെടുത്ത നാളുകളിലൊന്നില്‍ സി.ഐ വീട്ടില്‍ കയറിവന്ന് മാറ്റിനിര്‍ത്തി ചോദിച്ചു.
''മൂത്തമോന് തലസ്താനത്താ പണി ല്ലേ? അതോ ഓനാട പഠിക്യാ?''
''ജാമിയ മില്ലിയ യൂണിവേഴ്സിറ്റീല് പഠിക്യാ. അറബിക് ഹിസ്റ്ററി.''
''ഓെൻറ പോക്കത്ര ശരിയല്ലാന്ന് മന്സിലായിട്ട്ണ്ട്. ശ്രദ്ധിച്ചാ ഓന് കൊള്ളാം. വേണ്ടാത്ത പരിപാടിെക്കാക്ക പോണ്ടാന്ന്. ന്താ മനസിലായ്ണ്ടാ?''
''ഓനാട പഠിക്കാന്‍ തൊടങ്ങീട്ടിപ്പ മൂന്നാല് കൊല്ലായി. ശ്രദ്ധിക്കാന്‍ മാത്രൊന്നും പ്രശ്നം ണ്ടായിട്ടില്യാലോ.''
''അതാ ഞാനാദ്യം ചോയ്ച്ചെ. ഓനാട പണിയെട്ക്ക്വാണോന്ന്. പഠിക്കാന്നൊക്കെ ആയിരിക്കും ങ്ങള് വിചാരിക്കുന്നത്. പക്ഷേ ഓന് പണി വേറെണ്ട്.''
എന്തൊക്കെയോ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടാണയാള്‍ പോയത്. ഇശ്മായിലിനെ വിളിച്ചിട്ടൊന്നും കിട്ടിയില്ല. ഹാജിറാവിയോട് ഒന്നും പറഞ്ഞ് ബേജാറാക്കണ്ട എന്നും വിചാരിച്ചു. ഏതാനും ദിവസം കഴിഞ്ഞ് അതേ പൊലീസുകാരന് വന്ന് കുത്തിനുപിടിച്ചു.
''നായിൻറ മോനേ... അന്നോടല്ലേ പറഞ്ഞേ, അെൻറ മോനെ പറഞ്ഞ് മനസ്സിലാക്കണം ന്ന്...''
''ന്താ സാറേ. ഓനെന്താ ചെയ്തേ.''
''ഓനെന്താ ചെയ്തേന്ന് ഓനോട് തന്നെ ചോയ്ച്ചോ...''
സി.ഐ ആരെയോ വിളിച്ച് ഇംഗ്ലീഷില്‍ സംസാരിച്ച് ഫോണ്‍ ഇശ്മായിലിന് കൊടുത്തു.
''വാപ്പാ, എന്നെ ഇവര്‍ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടിരിക്ക്വാ. ആൻറി ടെററിസ്റ്റ് വിങ്ങാ. കാര്യം ചോയ്ച്ചപ്പോ എനിക്ക് ഐ.എസ് ബന്ധൂണ്ട്ന്നാ പറേന്നേ.''
''ഇശ്മാ...യിലേ...''
ആള് തളര്‍ന്നുപോയി. ഹാജിറാവിയോട് പറഞ്ഞതേയില്ല. രണ്ടുമൂന്നുദിവസം പൊലീസ് സ്റ്റേഷന് കയറിയിറങ്ങി. ഡല്‍ഹിയില്‍ ബന്ധപ്പെടാവുന്നവരെയൊക്കെ ബന്ധപ്പെട്ടുനോക്കി. സഹായിക്കാന്‍ ആരും തയാറായില്ല. ഇശ്മായില് ജയിലിലായെന്നും പറഞ്ഞ് പത്രത്തില്‍ വാര്‍ത്ത വന്ന ദിവസമാണ് ഹാജിറാവിക്ക് നടുവെട്ടിയത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിന് ഇടയില്‍ ചാടിപ്പോയ ഇശ്മായിലിനെ പിന്നെ കണ്ടിട്ടില്ല. അവനും വേറെ ആറുപേരും അഫ്ഗാനില്‍ പിടിയിലായെന്നും അവിടെ ജയിലിലാണെന്നും അറിഞ്ഞു. എല്ലാം പലരിലൂടെ അറിഞ്ഞത്. ആരും ഒന്നും ഉറപ്പിച്ചു പറയുന്നുമില്ല.
യൂസഫിനെ കാണാന്‍ പോകാമെന്ന് പെട്ടെന്നൊരു തോന്നലുണ്ടായി. നേരം ഏഴര ആയതേ ഉള്ളെങ്കിലും യൂസഫ് കടതുറന്നിട്ടുണ്ടാകും. വെള്ളിപറമ്പില്നിന്ന് ബസ് കയറി നടക്കാവിലിറങ്ങി യൂസഫിെൻറ കടയിലേക്ക് നടന്നു. അയാള്‍ കച്ചവടസാധനങ്ങളുടെ സ്റ്റോക്ക് നോക്കുന്നതിെൻറ കുറച്ച് തിരക്കിലായിരുന്നു.
''മ്മക്ക് വൈയീട്ട് കണ്ടാലോ'', യൂസഫ് ചോദിച്ചു.
ശരിയെന്നു പറഞ്ഞ് ഇറങ്ങിയപ്പോഴേക്ക് പിറകീന്ന് യൂസഫ് വിളിച്ചു.
''അല്ലെങ്കില്‍, ന്തായാലും ങ്ങളിവിടംവരെ വന്നതല്ലേ. ബാ, മ്മക്കൊരു ചായേരെ വെള്ളം കുടിച്ചിറ്റ് പോകാം.''
സുരേഷ് ബാബുവിെൻറ ഹോട്ടലില്‍ സ്ഥിരമായി ഇരിക്കാറുള്ള ഒഴിഞ്ഞ മൂലയില്‍ വീണ്ടുമിരുന്നു. ആ ഭാഗത്തിരുന്നാല്‍ റോട്ടില്‍ക്കൂടി പോകുന്ന വാഹനങ്ങളിലേക്കാണ് ആദ്യം കണ്ണുപോവുക. പ്രത്യേകിച്ച് ഒരു ചിന്തയുമില്ലാതെ അവിടെ എത്രയോ നേരം വാഹനങ്ങളെ നോക്കി ഇരുന്നിട്ടുള്ളത് ആള് ഓര്‍ത്തു. യൂസഫ് ചിലപ്പോള്‍ ഉണ്ടാകും. ചിലപ്പോള്‍ വന്നിട്ട് കുറച്ച് വര്‍ത്തമാനം പറഞ്ഞിട്ട് കടയില്‍ തിരിച്ചുപോയി പിന്നെയും വരും. സുരേഷ് ബാബു പത്രം കൊണ്ടുവന്ന് തരും.
യൂസഫ് രണ്ട് പഴംപൊരിയും പറഞ്ഞു. ചായക്ക് നല്ല കടുപ്പമുണ്ടായിരുന്നു. പാല് കമ്മി. മധുരം മീഡിയം. അതൊക്കെ സുരേഷ് ബാബുവിന് പണ്ടേ അറിയാമല്ലോ.
''ങ്ങടെ തെളിച്ചക്കൊറവിന് ഇനീപ്പ എന്താ പരിഹാരന്ന് ഞാനെപ്പളും ആലോയിക്കണ്ണ്ട്'', യൂസഫ് ചെരിഞ്ഞിരുന്ന് കപ്പ് ഏതാണ്ട് തലക്കു മുകളില്‍ പിടിച്ചിടത്തുനിന്ന് താഴേക്ക് കൊണ്ടുവന്നുകൊണ്ട് പറഞ്ഞു.
''മ്മളെ മഖ്ബൂല്‍ തങ്ങളെ ങ്ങക്ക് അറിയില്ലാനോ. മ്മളെ ശിയാ ഗ്രൂപ്പിലെ ചങ്ങായി.''
പെട്ടെന്നാണ് യൂസഫ് അത് ചോദിച്ചത്. അപ്പോഴാണ് ആളും അതോര്‍ത്തത്. മഖ്ബൂല്‍ തങ്ങള്‍ ഓര്‍ക്കപ്പെടാവുന്ന ആളാണ്. ഗ്രൂപ്പില്‍ എപ്പോഴും സരസമായ സംഭാഷണ ശകലങ്ങള്‍ ഇടുമായിരുന്ന ആള്. ഏഴുവര്‍ഷം മുമ്പുള്ള ഓര്‍മയാണ്. വലിയ ആളാണ് താനെന്ന നാട്യത്തിലൊന്നുമല്ല. ചിലപ്പോഴൊക്കെ വിശദമായി തയാറാക്കിയ കുറിപ്പിടും. അതില്‍ പ്രവാചകെൻറ ജീവിതയാത്രയെക്കുറിച്ചായിരിക്കും ഏറെയും. നെഞ്ചും ഹൃദയവും മാലാഖമാരാല്‍ മഞ്ഞുജലത്തില് കഴുകപ്പെട്ടവനെന്ന് പ്രവാചകനെ വിശേഷിപ്പിച്ചത് ആളോര്ത്തു.
''ആളെ ങ്ങക്ക് പരിചയപ്പെട്ടൂടെ? മൂപ്പര് ങ്ങക്ക് പറ്റിയ ആളാ. വര്‍ത്താനം പറഞ്ഞാല്‍ നിര്ത്തലുണ്ടാവില്ല.'' യൂസഫ് പിന്നെയും ചോദിച്ചു.
''മൂപ്പര് ശിയാ പരിപാടി വിട്ടോ?''
''ഇല്ലില്ല. അത് തന്നെ. ങ്ങളെ ഗ്രൂപ്പില്‍ ചേര്‍ത്തട്ടെ?''
വേണ്ടെന്ന് പറഞ്ഞു. പഴയ ഗ്രൂപ്പല്ല ഇപ്പോഴത്തേത്. ചങ്ങാതിമാരാണ് അന്ന് വാട്സാപ് ഗ്രൂപ്പിലൊക്കെ ഉണ്ടായിരുന്നത്. ഇപ്പോളങ്ങനല്ല. ആരും ഉണ്ടാകാം. അപകടമാണ്.
ചായകുടിച്ച് എഴുന്നേറ്റപ്പോള്‍ യൂസഫിെൻറ പക്കല്‍നിന്ന് മഖ്ബൂല്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാങ്ങി. പിന്നെ വീട്ടിലേക്ക് മടങ്ങി. മലപ്പുറം പാങ്ങിലാണ് യൂസഫിെൻറ വീട്. കടപ്പണി കഴിഞ്ഞ് വൈകുന്നേരമാകും പോകാന്‍. യൂസഫ്, നിസാര്‍, ഫാരിസ് ഇങ്ങനെ ചില ചങ്ങാതിമാരാണ് ശിയാ ആശയങ്ങളോട് അനുഭാവം പുലര്‍ത്തിയിരുന്ന ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. മഖ്ബൂല്‍ തങ്ങളാണ് അതിലെ എപ്പോഴും സലാം പറയുന്ന വ്യക്തി.
പിറ്റേന്ന് വൈകുന്നേരമായപ്പോഴാണ് തങ്ങളെ ഒന്നുകണ്ടാലോ എന്ന ആലോചന തുടങ്ങിയത്. ആറരക്ക് മഗ്രിബ് നമസ്കാരം കഴിഞ്ഞതോടെ തോന്നല്‍ ശക്തമായി. ഹാജറാവി ഉറങ്ങുകയായിരുന്നു. മൈമൂനുമ്മ അടുക്കളയില്‍ പാത്രം കഴുകലും കറിക്കരിയലുമായി തിരക്കിലായിരുന്നു. ആള് കാലേക്കൂട്ടി ദേഹശുദ്ധി വരുത്തിയതാണെങ്കിലും എന്തോ ഒരുവട്ടം കൂടി കിണറ്റില്‍നിന്ന് വെള്ളംകോരി തലയിലൊഴിച്ചു. അലക്കിത്തേച്ച വെളുത്ത മുണ്ടും ഷര്‍ട്ടും തന്നെയെടുത്തുടുത്തു. മൈമൂനുമ്മ മനസ്സിലാക്കിക്കോളും എന്ന ഉറപ്പില്‍ ഒന്നും പറയാതെ പുറത്തേക്കിറങ്ങി. മാവുങ്കൊമ്പ് പിടിച്ച് ശകലം പൊക്കിയും തല ശകലം താഴ്ത്തിയും ഒരു നീക്കുപോക്കില്‍ മുന്നോട്ടുനടന്നു.
ശിയാക്കളെക്കുറിച്ച് മഖ്ബൂല്‍ തങ്ങള്‍ പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ആള് ഓര്‍ത്തു. കേരളത്തിലെ സുന്നികളൊക്കെ ശിയാക്കള്‍ തന്നെയാണെന്നാണ് മൂപ്പരുടെ വാദം. ആചാരങ്ങളിലും ജീവിതരീതികളിലും ഒക്കെ. ഇവിടെ ഒരുകൂട്ടരേ ഉള്ളൂ. എല്ലാവരും നബികുടുംബത്തിെൻറ പിന്തുടര്ച്ചക്കാര്. ശിയാക്കളെ വേറെ തിരയേണ്ട. പുണ്യാളന്മാരോട് പ്രാര്‍ഥിക്കുന്നത് പിന്നെ ഇവിടത്തെ മുസ്ലിംകൾ തന്നെയല്ലേ. മമ്പുറം, കൊണ്ടോട്ടി മഖ്ബറകളില്‍ പോയി പ്രാര്ഥിക്കണോരൊക്കെ പ്രവാചകെൻറ നേരവകാശികള്‍ തന്നെ. പന്ത്രണ്ട് വര്‍ഷം മുന്‍പ് മമ്പുറം മഖാമില്‍ ആണ്ടുനേര്‍ച്ചയില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ മരിച്ചുപോയ ഉമ്മൂമ്മയുടെ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മഖ്ബൂല്‍ തങ്ങള്‍ ഒരിക്കല്‍ ഗ്രൂപ്പില്‍ ഇട്ടതും ഓര്‍ത്തു. മരിച്ചവരുടെ കേള്‍വി നിങ്ങളേക്കാള്‍ ശക്തമാണ്, അവര്‍ക്ക് ഇങ്ങോട്ട് സംസാരിക്കാനാവില്ല എന്നേയുള്ളൂ എന്ന് നബി തന്നെ പറഞ്ഞതിനും അപ്പുറത്താണോ തെൻറ വിശ്വാസമെന്നും അദ്ദേഹം സംശയിച്ചു.
ഇപ്പോള്‍ മായനാട് പള്ളിയില്‍ ദർസ് നടത്തുന്ന മുസ്ലിയാരാണ് മഖ്ബൂല്‍ തങ്ങളെന്ന് യൂസഫ് പറഞ്ഞുതന്നിരുന്നു. വെള്ളിപറമ്പില്‍ നിന്ന് രണ്ടു കിലോമീറ്ററേ ഉള്ളൂ മായനാട്ടേക്ക്. ഒരോട്ടോ പിടിക്കാം എന്ന് തീരുമാനിച്ച് സ്റ്റാന്‍ഡിലേക്ക് നടന്നപ്പോള്‍ ഒരു സംശയം വന്നു. തങ്ങള്‍ അവിടെയുണ്ടാകുമോ? വിളിച്ചുനോക്കാം എന്നുെവച്ചു. ഫോണെടുത്ത് സൗമ്യഭാവത്തോടെ തങ്ങള്‍ സംസാരിച്ചു. പള്ളിയില്‍ തന്നെയുണ്ട് മൂപ്പര്. 40ല്‍ താഴെ പ്രായമേ ഉണ്ടാവൂ. പക്ഷേ സംസാരത്തില്‍ ശുദ്ധനും പക്വമതിയുമായ അധ്യാപകന്. തങ്ങള്‍ പറഞ്ഞതനുസരിച്ച് മായനാട് ജങ്ഷനില്‍നിന്ന് ഒരു മലകയറിവേണം പള്ളിയിലെത്താന്‍. ഒരു തറവാട്ടുപള്ളിയാണ്. നല്ല ഉയരമുള്ള ആ മലയില്‍ തന്നെയാണ് ആ പ്രദേശത്തെ ഖബർസ്ഥാനും. നടന്നുകയറാന്‍ എന്തായാലും സാധിക്കില്ല. ഓട്ടോ സ്റ്റാന്‍ഡിലെത്തി ആദ്യത്തെ ഓട്ടോയില്‍ കയറി. റിക്ഷാഡ്രൈവര്‍ പിന്നിലേക്ക് കൈ നീട്ടി ടാങ്ക് ഓണ്‍ ചെയ്യുമ്പോള്‍ അതിലെ ചരടുകള്‍ ദൃശ്യമായി.
വളവുകള്‍ താണ്ടിയുള്ള യാത്രയില്‍ മണ്ണ് എന്തോ യാന്ത്രികതകൊണ്ട് ഓട്ടോറിക്ഷയെ മുന്നോട്ട് മുന്നോട്ട് തള്ളിക്കൊണ്ടുപോയി എന്നാണ് ആള്‍ക്ക് തോന്നിയത്. മണ്ണിെൻറ ഗതിയവസാനിച്ചപ്പോള് യാത്രയും നിന്നു. ആ റോഡ് നേരേ പള്ളിമുറ്റത്തേക്കായിരുന്നു. ഇറങ്ങുമ്പോള്‍ ഓട്ടോക്കാരന് വീണ്ടും തിരക്കി.
മലകീറി രണ്ടുഭാഗത്തും വെട്ടിപ്പൊളിച്ച് ഓട്ടോ മുന്നേറിക്കൊണ്ടിരിക്കെ ആള് വാച്ചുനോക്കി. ഉടന്‍ ഓട്ടോഡ്രൈവര്‍ പറഞ്ഞു, എട്ടുമണിയാകാന്‍ പോണു. താന്‍ വാച്ചുനോക്കുമ്പോള്‍ അയാള്‍ സമയം പറഞ്ഞത് ആളെ ഞെട്ടിച്ചു.
''ങ്ങളിന്നവിടെ സ്റ്റേയാ?''
''സ്റ്റേയല്ല, തിരിച്ചുവരണം'', ആള് വാച്ചിലൊന്ന് തട്ടി കൈയൊന്നു കുലുക്കി മറുപടി പറഞ്ഞു.
ഇരുട്ട് കയറിയ വഴിയാണെങ്കിലും ചുറ്റുമുള്ള മലയുടെ എടുപ്പ് ആള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അധികം വീതിയില്ലാത്ത വഴിക്കിരുവശവും കാട് പന്തലിച്ചുനിന്നു. കല്ലുകളില്‍ തട്ടി ഓട്ടോ അല്പം അങ്ങോട്ടുമിങ്ങോട്ടും ഉലഞ്ഞു.
''അപ്പോ വെയ്റ്റിങ് ഉണ്ടാവോ?''
''വേണന്നില്ല. ഞാനിങ്ങ് വന്നോളും.''
''അല്ല. അങ്ങനത്തെ വഴിയാണേ. കണ്ടില്ലേ...''
''സാരല്ല.''
വളവുകള്‍ താണ്ടിയുള്ള യാത്രയില്‍ മണ്ണ് എന്തോ യാന്ത്രികതകൊണ്ട് ഓട്ടോറിക്ഷയെ മുന്നോട്ട് മുന്നോട്ട് തള്ളിക്കൊണ്ടുപോയി എന്നാണ് ആള്‍ക്ക് തോന്നിയത്. മണ്ണിെൻറ ഗതിയവസാനിച്ചപ്പോള് യാത്രയും നിന്നു. ആ റോഡ് നേരേ പള്ളിമുറ്റത്തേക്കായിരുന്നു. ഇറങ്ങുമ്പോള്‍ ഓട്ടോക്കാരന് വീണ്ടും തിരക്കി.
''വേണ്ടല്ലോ, അല്ലേ. വെയ്റ്റിങ് ഇല്ലല്ലോ?''
''വേണ്ട.''
''അതല്ല, ങ്ങക്കിന്ന് രാത്രിയന്നെ മടങ്ങണോങ്കില് വേറെ വണ്ടിയൊന്നും കിട്ടിണ്ടാവില്ലാട്ടോ.''
''സാരല്ല. ഞാന്‍ വന്നോള്ണ്ട്.''
''ഞാന്‍ വേണേ പോയിട്ട് വരാ. ങ്ങള് സമയം പറഞ്ഞാ മതി.''
''അല്ല, സമയിപ്പോ എങ്ങനെയാ പറയാ. ങ്ങള് വിട്ടോ.''
കൈകൊണ്ട് അടയാളം കൊടുത്ത് പൈസയും കൈമാറി പതുക്കെ മുറ്റം കടന്നു മുന്നോട്ടുപോയപ്പോള്‍ ഓട്ടോറിക്ഷ ശബ്ദം പിന്നോട്ട് വളഞ്ഞുപോയി. പള്ളിയുടെ ചുവരിലെ കോളിങ് ബെല്ലമര്‍ത്തിയപ്പോള്‍ തങ്ങള്‍ വന്നു തുറന്നു. കൈ തന്ന് ക്ഷണിച്ചു. കുട്ടികള്‍ക്ക് ഉസ്താദ് ക്ലാസ് എടുത്തുകൊണ്ടിരിക്കുകയായിരുന്നുവെന്ന് മനസ്സിലായി. പുറംപള്ളി വരാന്തയില്‍ രണ്ടുനിരയായി ഇരുന്ന് കുട്ടികള്‍ ഓതുന്നുണ്ടായിരുന്നു. അവരോട് ഏതോ ഒരു ഭാഗംകൂടി ചൊല്ലിക്കഴിഞ്ഞിട്ട് പോയിക്കിടന്നോളാന് തങ്ങള്‍ പറഞ്ഞു. കാലും മുഖവും വെള്ളം കൊള്ളിച്ച് ആളും കരയിലേക്ക് കയറിനിന്നു. പിന്നെ രണ്ടാളും മുസ്ലിയാരുടെ മുറിയില്‍ കയറി.
ഇസ്ലാമിെൻറ തുടക്കക്കാലത്ത് ഖുറൈശികളുടെ പ്രതികാരം ഭയന്ന് അബിസീനിയയിലേക്ക് ഓടിപ്പോയ അഭയാര്‍ഥികളെക്കുറിച്ച് അറിയാമോ?
അദ്ദേഹം അവിടെയുണ്ടായിരുന്ന പലക നീക്കിയിട്ട് അതിലിരുന്നുകൊണ്ട് ചോദിച്ചു. ആള്‍ക്ക് ഇരിക്കാന്‍ കസേര കാണിച്ചു. മുസ്ലിയാര് നിലത്തും താന്‍ കസേരയിലും ഇരിക്കുന്നതിെൻറ പ്രയാസം വിചാരിച്ച് ആളും നിലത്തിരിക്കാന്‍ പലകയുണ്ടോ എന്നുനോക്കി. അതിഥികളെ കസേരയില്‍ ഇരുത്തി തങ്ങള്‍ പലകയിലിരിക്കുക എന്നതാണ് ശീലമെന്ന്, ആളുടെ വിചാരം മനസ്സിലാക്കി മഖ്ബൂല്‍ തങ്ങള്‍ വിശദമാക്കി. പിന്നെ ആള് മടിച്ചില്ല.
നബിയുടെ തന്നെ ഉപദേശപ്രകാരമായിരുന്നില്ലേ ആ അബിസീനിയന്‍ യാത്ര? ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ പലായനം, ആള് തങ്ങള്‍ ചോദിച്ചതിന് മറുപടി നല്കി.
അതെ. മക്കയിലെ സ്ഥിതി പരിതാപകരമായിരുന്നു. ഏകദൈവാരാധന നടത്താന്‍ സാധിക്കാതെ വന്നപ്പോള്‍ വിശ്വാസികളായ ചെറുപ്പക്കാര്‍ ഗുഹകളില്‍ അഭയം തേടി. മഖ്സൂം കുലത്തിലെ യാസിറും സുമയ്യയും അമ്മാറും നേരിട്ട കൊടിയ പീഡനങ്ങളും സുമയ്യയുടെ രക്തസാക്ഷിത്വവും. കുലമേധാവിമാരില് ഒരാളായ അബൂജഹലിെൻറ നിരന്തര വേട്ടയാടല്‍. ഇതെല്ലാം ആ കാലഘട്ടത്തിലെ ദുര്യോഗങ്ങളായിരുന്നു. അബിസീനിയയിലെ ക്രൈസ്തവനായ രാജാവ് മതത്തില്‍ സത്യസന്ധത പുലര്‍ത്തിയിരുന്നു. അവിടെയെത്തിയ എണ്‍പതിലധികം വരുന്ന വിശ്വാസികളെ അവര്‍ ഹൃദയപൂര്‍വം സ്വീകരിക്കുകയും ആരാധനാ സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. അവരുടെ രഹസ്യ പലായനം ഖുറൈശികളുടെ കണ്ണുവെട്ടിച്ച് ചെറിയ സംഘങ്ങളായും പലവഴിക്കും ആയിരുന്നു. പക്ഷേ വിവരമറിഞ്ഞതോടെ അവര്‍ അബിസീനിയയിലെ നേഗസ് രാജാവിെൻറ സൈന്യത്തെ കൈക്കൂലി കൊടുത്ത് വഴിപ്പെടുത്താനും ഇസ്ലാമിക വിശ്വാസികളെ ആ രാജ്യത്തുനിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടത്താനും ഒരുങ്ങി. തുകല്പ്പണിത്തരങ്ങളായിരുന്നു അബിസീനിയക്കാര്‍ക്ക് ഏറെ ഇഷ്ടമുണ്ടായിരുന്നത്. അവ ഉള്‍പ്പെടെ ധാരാളം സമ്മാനങ്ങളുമായി ഖുറൈശികളുടെ പ്രതിനിധികള്‍ അബിസീനിയയിലെത്തി.
മഖ്ബൂല്‍ തങ്ങള്‍ ഒരു പ്രസംഗത്തിലെന്നവണ്ണം കഥ പറഞ്ഞുകൊണ്ടിരുന്നു. സൈന്യത്തെ ചാക്കിട്ട് പിടിച്ച് വിശ്വാസികളെ തിരിച്ചോടിക്കാന്‍ ഖുറൈശികള്‍ നടത്തിയ നീക്കങ്ങളൊന്നും രാജാവിെൻറ നീതിക്കു മുന്നില്‍ വിലപ്പോയില്ല. ഏറ്റവുമൊടുവില്‍ അവര്‍ ഒരു അറ്റകൈ പ്രയോഗം നടത്തി. യേശുവിനെക്കുറിച്ച് ഈ വിശ്വാസികള്‍ വേണ്ടാത്തത് പ്രചരിപ്പിക്കുന്നുണ്ടെന്ന് രാജാവിനെ വിശ്വസിപ്പിച്ചു. അവരെ വിളിച്ച് യേശുവിനെക്കുറിച്ച് നിങ്ങളുടെ പ്രവാചകന് എന്തുപറയുന്നു എന്ന് ചോദിക്കാന്‍ നിര്‍ബന്ധിച്ചു. രാജാവ് അഭയാര്‍ഥി സംഘത്തെ വിളിപ്പിച്ച് ഈ ചോദ്യമുന്നയിച്ചു. അവര്‍ അങ്കലാപ്പിലായി. ദൈവം ഖുര്‍ആനിലൂടെ പറഞ്ഞതല്ലാതെ ഒന്നും അവര്‍ക്ക് പറയാനാവില്ലല്ലോ.
''മേരിയുടെ പുത്രന് യേശുവിനെക്കുറിച്ച് നിങ്ങളെന്താണ് പറയുന്നത്?'', രാജാവിെൻറ ചോദ്യം.
അഭയാര്‍ഥിസംഘം കൂടിയാലോചിച്ച് മറുപടി നല്കാന് ജാഫറിനെ ചുമതലപ്പെടുത്തി.
ജാഫര്‍ മുന്നോട്ടുവന്ന് ഇങ്ങനെ പറഞ്ഞു. ''ഞങ്ങളുടെ പ്രവാചകന് അറിയിച്ചതുമാത്രമേ ഞങ്ങള്‍ യേശുവിനെക്കുറിച്ച് പറയുന്നുള്ളൂ. യേശു ദൈവത്തിെൻറ ദാസനും സന്ദേശവാഹകനുമാണ്. അവെൻറ ആത്മാവും വചനവുമാണ്. അതിനെ ദൈവം അനുഗൃഹീതയായ കന്യാമറിയത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു.''
നേഗസ് രാജാവ് ഇതുകേട്ട് ഒരു ചെറിയ മരക്കഷണം കൈയിലെടുത്ത് പറഞ്ഞു: ''മേരിയുടെ പുത്രനായ യേശുവിനെക്കുറിച്ചുള്ള നിങ്ങളുടെ വചനങ്ങള്‍ ഈ ചെറിയ മരക്കഷണത്തിെൻറ അളവിെൻറയത്രയും കൃത്യമാണ്. അൽപംപോലും കൂടുതലുമില്ല, കുറവുമില്ല. നിങ്ങള്‍ എെൻറ രാജ്യത്ത് സുരക്ഷിതരാണ്.''
മഖ്ബൂല്‍ തങ്ങള്‍ പലകപ്പുറത്ത് ചമ്രം പടിഞ്ഞിരുന്ന് കണ്ണുകള്‍ കൂട്ടിയടച്ച നിലയിലായിരുന്നു. പറഞ്ഞുതീര്‍ത്ത് അദ്ദേഹം കണ്ണുകള്‍ തുറന്നു. ആള് അദ്ദേഹത്തെ മൗനമായി നോക്കിയിരുന്നു.
ബദ്റ് യുദ്ധം കഴിഞ്ഞ് എതിരാളികളുടെ ശവങ്ങള് മറമാടിയ സ്ഥലത്ത് രാത്രിയില്‍ പ്രവാചകന് ചെന്നത് എന്തിനായിരുന്നു? തങ്ങള്‍ കുട്ടികളോടെന്നപോലെ ചോദിച്ചു.
മരിച്ചവരോട് സംസാരിക്കാന്‍, ആള് പറഞ്ഞു.
പള്ളിയുടെ പഴയതും ഏകാന്തമായതുമായ പരിസരങ്ങള്‍ തെൻറ അകത്തേക്ക് ഒരു മൂടലെന്നവണ്ണം പ്രവേശിച്ചതായി ഇന്നേരം ആള്‍ക്ക് തോന്നി. കാറ്റിെൻറ ശ്വാസം നിലച്ചു. കാട്ടുകിളികള്‍ ഏങ്ങലടിച്ചു. അനേകമേനകം കുന്നുകളും താഴ്വാരങ്ങളും മരുഭൂമിയും നിറഞ്ഞ പ്രദേശമെന്നതുപോലെ അവിടമാകെ രൂപംമാറുന്നതായി അനുഭവപ്പെട്ടു. ദിക്കുകള്‍ ഛേദിക്കപ്പെട്ട പ്രപഞ്ചഖണ്ഡം.
പ്രവാചകന് മരിച്ചവരോട് സംസാരിക്കുന്നതുകണ്ട് അനുചരര്‍ മിഴിച്ചുനില്‍ക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: ''നിങ്ങളുടെ കേള്‍വി അവരുടേതിനേക്കാള്‍ മികച്ചതല്ല. തിരിച്ചുപറയാനാകില്ലെന്നുമാത്രം.'' ഇതു പറഞ്ഞശേഷം മമ്പുറം മഖാമില്‍ െവച്ച് വല്യുമ്മൂമ്മയുടെ ശബ്ദം കേട്ടത് അദ്ദേഹം ഒരിക്കല്‍ക്കൂടി വിവരിച്ചു.
തങ്ങള്‍ പിന്നെ നബികുടുംബത്തിലെ ആചാരങ്ങളെക്കുറിച്ചും ഇപ്പോഴും തങ്ങള്‍ കുടുംബങ്ങളില്‍ അത് പുലര്ത്തിപ്പോരുന്നതിനെക്കുറിച്ചും പറഞ്ഞു. പാനൂരാണ് അദ്ദേഹത്തിെൻറ സ്വദേശം. മകള്‍ ഫാത്തിമയും മരുമകന് അലിയും മക്കളായ ഹസ്സനും ഹുസ്സൈനും ഉള്‍പ്പെടുന്ന നബികുടുംബത്തിെൻറ പരമ്പരാഗത പിന്മുറക്കാര് എന്നനിലക്ക് കാലങ്ങളായി ചെയ്തുവന്ന ആണ്ടും മൗലൂദും ചിലതൊക്കെ നിലച്ചുപോകുന്നതില് ഉമ്മൂമ്മക്കുള്ള വിഷമം കൂടി പറഞ്ഞശേഷം അദ്ദേഹമെണീറ്റ് മുറിയുടെ മൂലയില്‍ ചെന്ന് ഒരു ചെമ്പുതകിടിന്മേല് െവച്ചിട്ടുള്ള മണ്‍കുടത്തില്‍നിന്ന് ഒരു ഗ്ലാസ് വെള്ളം കോരിക്കുടിച്ചു.
സമയം ഏതാണ്ട് പന്ത്രണ്ടരയായിരുന്നു. ആള് എഴുന്നേറ്റു. ഹാജിറാവിയും മൈമൂനുമ്മയും വ്യസനിച്ചിരിക്കുന്നുണ്ടാകും.
വെള്ളം കുടിച്ച് തിരിച്ചുവന്നപ്പോഴേക്ക് ആള് എഴുന്നേറ്റത് കണ്ട് തങ്ങള്‍ ചോദിച്ചു: ''എന്താ പരിപാടി, പോകുന്നുണ്ടോ അതോ രാവിലെ പോയാല്‍ മതിയോ?''
''അല്ല, എറങ്ങാണ്.''
''എന്നാ അങ്ങനെ.''
പതുക്കെ പുറംപള്ളിയില്ക്കൂടി തന്നെ തിരിച്ചുനടന്നു. വാതില്ക്കല് വരെ തങ്ങള്‍ കൂടെവന്നു. അവിടെവച്ച് അദ്ദേഹം സലാം പറഞ്ഞു.
''അസ്സലാമു അലൈക്കും.''
''വ അലൈക്കുമുസ്സലാം.''
അദ്ദേഹം വാതിലടച്ചു.
പുറത്ത് പള്ളിയുടെ കിഴക്കേച്ചുവരിനോട് ചേര്‍ന്ന് ദീനമായി കത്തിക്കൊണ്ടിരുന്ന ഒരു ബള്‍ബ് മാത്രമായി ഒരു നിമിഷം ആളുടെ ലോകം ചുരുങ്ങി. മറ്റൊന്നും കാണാനില്ല. പിന്നെ സൂക്ഷിച്ചുനോക്കിയപ്പോള്‍ ചുവരിനോട് ചേര്‍ന്ന് ഒരു മരം. മരത്തിനും ചുവരിനുമിടയില്‍ ഒരു ചിലന്തി വലവിരിച്ചിരുന്നു. മരത്തിെൻറ ആദ്യത്തെ ശിഖരത്തില്‍ ഒരു മലമ്പ്രാവ് കൂടുെവച്ച് അടയിരിക്കുന്നുണ്ടെന്നും അതിെൻറ ഇണക്കിളി തൊട്ടടുത്ത ശാഖയില്‍ തന്നെ ഉണ്ടെന്നും അദ്ദേഹം കണ്ടെത്തി.
ബാക്കി എല്ലായിടവും ഇരുട്ടായിരുന്നു. പോകുന്നിടത്തെല്ലാം കൊണ്ടുനടക്കാറുള്ള ഒരു പെന്‍ടോർച്ച് എടുത്തു മിന്നിച്ചപ്പോള്‍ അതില്‍നിന്ന് പേരിനുപോലും വെട്ടം വന്നില്ല. പതിയെ അല്പദൂരം നടന്നിട്ടും മുറ്റം കഴിഞ്ഞോ, റോഡ് തുടങ്ങിയോ എന്നൊന്നും മനസ്സിലായില്ല. ഓട്ടോ ഡ്രൈവര്‍ പറഞ്ഞത് ഓര്‍മവന്നു. ഇരുട്ടാണ്, എങ്ങനെ പോകും എന്ന ചോദ്യം ആരോ ആളോട് ചോദിച്ചപോലെ തോന്നി. അത് ഇരുട്ട് തന്നെയല്ലാതെ മറ്റാരുമാകാനും ഒരുവഴിയുമില്ലെന്നും ആള്‍ക്ക് തോന്നി.
പ്രവാചക ചരിത്രത്തിലെ പ്രധാന സന്ദര്‍ഭമാണ് മുഹമ്മദ് നബിയും അബൂബക്കറും ചേര്‍ന്ന് മദീനയിലേക്ക് നടത്തുന്ന പലായനം. മരുഭൂമിയിലൂടെയുള്ള യാത്രക്കിടയില്‍ അവരെ ശത്രുക്കള്‍ പിന്തുടരുന്നുണ്ടായിരുന്നു. ഒരു ഗുഹയില്‍ ഒളിച്ച പ്രവാചകനെയും അബൂബക്കറിനെയും തേടി ശത്രുക്കളുടെ കാലടിശബ്ദം അടുത്തുവന്നുകൊണ്ടിരുന്നു. പ്രവാചകന് അബൂബക്കറിനോട് മൊഴിഞ്ഞു: ''മൂന്നാമനായി ദൈവം കൂടെയുള്ള രണ്ടാളുകളെക്കുറിച്ച് താങ്കള്‍ എന്താണ് വിചാരിക്കുന്നത്?'' ആള് നാദേ അലി സ്വലാത്ത് ചൊല്ലി. അല്ലാഹുവിെൻറ പരമോന്നത്യംകൊണ്ടും നബി നബിയായിരിക്കുന്ന അവസ്ഥകൊണ്ടും അലിക്ക് നബിയോടുള്ള ബന്ധംകൊണ്ടും എല്ലാ കൊടുമയിലും കഷ്ടപ്പാടിലും കാത്തുരക്ഷിക്കണേ എന്ന പ്രാര്‍ഥന.
റോഡിലൂടെ നീങ്ങണമെങ്കില്‍ ദിക്കേതെന്ന് അറിയാന്‍ കഴിയുന്നില്ല. അതിനാല്‍ തിരിച്ച് പള്ളിയിലേക്കു തന്നെ പോയി ബെല്ലടിച്ചാലോ എന്നാലോചിച്ച് ഒരടി െവച്ചു. പിന്നെത്തോന്നി, അതുവേണ്ടെന്ന്. അതിനാല്‍ ഒന്നുകൂടി തിരിഞ്ഞപ്പോള്‍ കണ്ടത് താഴേക്ക് ഒരു അലൂമിനിയം പാളിപോലെ റോഡ് നീണ്ടുകിടക്കുന്നതാണ്. ആള്‍ക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാലെടുത്ത് ആ വഴി െവച്ചപ്പോള്‍ അത് റോഡ് തന്നെയാണെന്ന് മനസ്സിലായി. പിന്നെ ഒന്നും ചിന്തിച്ചില്ല. നടന്നു. കാലുകള്‍ നീട്ടിെവച്ചു. ഇരുവശവും ഖബറുകള്‍ വിശുദ്ധമായ ഏകാന്തതയും നിശ്ശബ്ദതയും കാത്തു. നേരത്തേ ഓട്ടോയില്‍ കടന്നുവന്നപ്പോള്‍ കാണാത്ത തിളക്കം പാറകളില്‍ കണ്ടു. അന്ധകാരത്തില്‍ കാണാന്‍ കഴിയുന്ന ഒന്നേ ഒന്ന് വെളിച്ചമാണ്, ആള് അത് ഉള്‍ക്കൊണ്ടു. വെളിച്ചം ഒഴുകിയിറങ്ങുന്ന നദിയെപ്പോലെ ആളെയുംകൊണ്ട് നീന്തി. മനുഷ്യരില്ല. ലോകം ഒരു വെളിച്ചപ്പുഴ മാത്രം. ചെറിയ വളവുകളോടെയും ഇറക്കത്തോടെയും വഴി നീങ്ങിയപ്പോള്‍ ആ ഓട്ടോറിക്ഷ വഴിയിലെവിടെയോ കാത്തുനില്പുണ്ടാകുമെന്ന് ആള് ഭയപ്പെട്ടു. പിന്നെത്തോന്നി, എന്തിനാണ് അങ്ങനെ പേടിക്കുന്നത്. ആ ഓട്ടോറിക്ഷക്കാരന് ഒരു സാധുവായിരിക്കും. ഇങ്ങനെ ഇരുട്ടത്തൊക്കെ നടക്കേണ്ടിവരുന്നവരോട് ആശങ്കയോടെ എല്ലാ ഓട്ടോറിക്ഷക്കാരും പറയുന്നുണ്ടാകണം, ഇങ്ങനെയൊക്കെ. അത് പണമൊന്നും കിട്ടാന്‍ വേണ്ടി ആയിരിക്കില്ല. മനുഷ്യരല്ലേ, പരസ്പരം സഹായിക്കണം എന്നു വിചാരിച്ചിട്ടുതന്നെയാകാം. പക്ഷേ വഴിയില്‍ അയാള്‍ കാത്തുനില്‍ക്കുന്നുണ്ടെങ്കില്‍ താന്‍ അയാളുടെ വണ്ടിയില്‍ കയറുകയാണോ വേണ്ടത് അതോ വേണ്ട ഞാന്‍ നടന്നോളാം എന്നുപറഞ്ഞ് മുന്നോട്ടുപോവുകയാണോ? അങ്ങനെ മുന്നോട്ടുപോയാല്‍ തനിക്കു പിന്നിലെ നിശ്ശബ്ദതയില്‍ താന്‍ ബോധംകെട്ടു വീഴില്ലേ! അതോ അരിച്ചുകയറുന്ന ഒരു പദസ്പന്ദമോ? ഒരുനിമിഷം ആള് തിരിഞ്ഞുനോക്കിപ്പോയി.
പിന്നില്‍ രാത്രിയേക്കാള്‍ ഗാഢമായ ഇരുട്ടിെൻറ മതില്. മുന്നില്‍ തെളിഞ്ഞുകിടക്കുന്ന വഴി. ആള് ആ വെളിച്ചത്തെ വാരിപ്പുണര്‍ന്ന് കണ്ണടച്ച് മുന്നോട്ട് വേഗത്തില്‍ നടന്നു. സമയവും കീഴോട്ട് നടന്നു.
താഴെ മെയിന്‍ റോഡ് എത്താറായപ്പോള്‍ വിളക്കുവെട്ടത്തിെൻറ മഞ്ഞശലഭങ്ങള്‍ തെളിഞ്ഞുമറഞ്ഞുകൊണ്ടിരുന്നു. അവിടെയെത്തിയപ്പോഴേക്ക് കണ്ടത് ഏതാനും യൂത്ത് ലീഗുകാര്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതാണ്. അവരുടെ കൈയില്‍ മൈദ നിറച്ച ബക്കറ്റുണ്ടായിരുന്നു. കുറച്ച് ഉറക്കെത്തന്നെ നാട്ടുവിശേഷങ്ങള്‍ പറഞ്ഞുകൊണ്ടാണ് അവര്‍ അത് ചെയ്തുകൊണ്ടിരുന്നത്. സമീപമെത്തിയപ്പോള്‍, അറിയാതെ കള്ളനെപ്പോലെ പോകുന്നുവെന്ന് അവര്‍ക്ക് തോന്നണ്ട, ആളൊന്ന് ചുമച്ചു. അവര്‍ തിരിഞ്ഞുനോക്കി.
''ആരാ?'' അവര്‍ ടോര്‍ച്ചടിച്ചുകൊണ്ട് ചോദിച്ചു.
''ഞാന്‍ തന്നെ'', ആളല്പം കൂടി അവരുടെ ഭാഗത്തേക്ക് നീങ്ങിനിന്നു.
''ഇന്നേരത്ത് ങ്ങള്പ്പോ ഏട്ന്ന് വരാ?''
ആള് കാര്യം പറഞ്ഞപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു, ''ആ തങ്ങള്ടെ അട്ത്ത് വെരുന്ന ആളോള്‍ക്കെല്ലാം ലേശം പിരാന്ത്ണ്ട്. മ്മക്കുണ്ട് അങ്ങനെ ചെലെ ചങ്ങായിമാര്.''
എല്ലാവരുംകൂടി ചിരിച്ചു.
''ന്നിട്ട് ങ്ങള്പ്പോ, എങ്ങോട്ടാ?'', വേറൊരാള് ചോദിച്ചു.
''വെള്ളിപറമ്പിലേക്കാ. ഇവിടുന്ന് ഓട്ടോറിക്ഷ കിട്ടുവോ?''
''ഈ സമയത്താ? ങ്ങക്ക് പിരാന്തന്നെ. ങ്ങള് പതുക്കെ നടന്നാളാ.''
ബൈക്ക് സാവധാനമാണ് നീങ്ങിയത്. ഉറക്കത്തില്‍നിന്ന് എഴുന്നേറ്റതിെൻറ മടി ആ വാഹനത്തിന് ഉണ്ടായിരുന്നു. പിന്നിലിരുന്ന് തല അല്പം പിന്നോട്ടാക്കിയപ്പോള് ആള്‍ക്ക് തോന്നി, ഋതുപ്രവാഹങ്ങളുടെ സംഗീതം കേള്‍ക്കുന്നത് ഇങ്ങനെയുള്ള രാത്രികളിലാണെന്ന്. നേര്‍ത്ത കുളിര്മയുള്ള വായു മൂക്കിനിരുവശവും ഉരസിനിന്നു.
ആള് മായനാട് നിന്ന് മെഡിക്കല്‍ കോളജിലേക്കും വെള്ളിപറമ്പിലേക്കും ഇറങ്ങുന്ന വഴിയിലേക്ക് നോക്കി. വിളക്കുമരങ്ങളില്‍ മരണപ്പിടച്ചില്‍ പിടയുന്ന ട്യൂബ് ലൈറ്റുകള്‍ അങ്ങോട്ട് ഇരുട്ടിെൻറ കാഠിന്യം കുറക്കുന്നുണ്ട് എന്നേയുള്ളൂ. നടന്നുതുടങ്ങുമ്പോള്‍ കണ്ണ് തെളിയും, ആള് വിചാരിച്ചു. ചുവടുെവച്ചപ്പോള് പിന്നില്‍നിന്ന് യൂത്ത് ലീഗ് കുട്ടികള്‍ ഓര്‍മിപ്പിച്ചു.
''നെരക്കനെ ആ വഴിക്ക് നായ്ക്കള്‍ ണ്ടാവുട്ടോ. സൂക്ഷിച്ചോള്ണ്ട്.''
അതൊരു വിരാമചിഹ്നമിട്ട വാചകമായല്ലാതെയാണ് ആളുടെ ചെവിയില്‍ വന്ന് പതിച്ചത്. അതിനപ്പുറവും ശ്വാസമോ നിശ്വാസമോ കുനുപ്പോ കുറിയോ എന്തൊക്കെയോ അതില്‍ കിടക്കുന്നുണ്ടെന്ന് തോന്നി. ഈ ലോകത്ത് ഇന്നേരത്ത് ഇങ്ങനെ ആശ്രയം കൂടാതെ പെരുവഴി താണ്ടുന്ന ഒരാളെ നായ്ക്കള്‍ക്ക് മനസ്സിലാകണമെന്നില്ല. രാത്രി അവരുടെ രാജ്യമാണ്. വിസയില്ലാതെ, പാസ്പോര്‍ട്ടില്ലാതെ എങ്ങോട്ടാ എന്ന് അവരൊരു നോട്ടം നോക്കിയാല്‍ താനെന്ന മനുഷ്യന് വാലുചുരുട്ടുമെന്ന് ആള്‍ക്ക് ഉറപ്പായിരുന്നു. പക്ഷേ വേറെ വഴിയില്ല. പതുക്കെ മുന്നോട്ടുനടന്നു. മായനാട് സ്കൂളിൻറവിടെയാണ് വെള്ളിപറമ്പിലേക്ക് ഇറങ്ങുന്ന ജങ്ഷന്. അവിടെ നിന്നു.
അല്പനേരം നിന്നപ്പോള്‍ യൂസഫിനെ വിളിക്കാമെന്ന് തോന്നി. യൂസഫ് പേടിച്ചാണ് ഫോണെടുത്തത്.
''പടച്ചോനേ, ങ്ങക്കെന്ത് പിരാന്താണ്. ഇന്നേരത്ത്...'', യൂസഫ് കുറച്ച് വിഷമത്തില്‍ തന്നെ പറഞ്ഞു.
അയാള്‍ വീട്ടിലാണ്, പാങ്ങില്‍. തന്നെ സഹായിക്കാന്‍ വിളിക്കാനൊരു നമ്പര്‍ തന്നു. മായനാട് അടുത്തുള്ളയാളാണ്. എപ്പോള്‍ വിളിച്ചാലും സഹായിക്കുന്ന പയ്യനാണെന്ന് യൂസഫ് പറഞ്ഞു. പക്ഷേ വിളിക്കാന്‍ മടിതോന്നി. ഈ അസമയത്ത്. കുറച്ചുനേരം കൂടി കഴിഞ്ഞപ്പോള്‍ ആ നമ്പരിലേക്ക് വിളിക്കുകയല്ലാതെ വേറെ മാര്‍ഗമില്ല എന്ന സ്ഥിതിയായി.
''യ്യോ ഇക്ക. ഞാണ്ടല്ലോ. പണി കയിഞ്ഞിറ്റ് മ്മടെ മെഡിക്കക്കോളജിന് അട്ത്തൊരു മെഡിക്ക ഷോപ്പ്ണ്ടേന്. മ്മടെ ചങ്ങായിമാര്ടെയാ. ആടങ്ങനെ ഇര്ന്ന് പായാരം പറഞ്ഞിറ്റ് നേരം പോയതറിഞ്ഞിലാ. കൊറച്ച് മുമ്പ് വന്ന് കേറിയതേ ഉമ്മ വന്ന് കണക്കിന് ചീത്ത പറഞ്ഞിക്ക്ണ്. ഇനീപ്പോ ഇബ്ട്ന്ന് എറങ്ങാച്ചാ ഉമ്മ ന്നെക്കൊല്ലും. ഒറപ്പാണീനും. ഉപ്പാട് ചോയിച്ചിറ്റ് വരാച്ചാ മൂപ്പരും നല്ല ഒറക്കത്തിലേര്ക്കും...''
ആ ചെറുപ്പക്കാരനെ എന്തായാലും പ്രയാസപ്പെടുത്തണ്ട എന്ന് തീരുമാനിച്ചു. ഫോണ്‍ കട്ട് ചെയ്ത് സമയം നോക്കി. രണ്ടരയാകാന് പത്തുമിനിറ്റ്. വെള്ളിപറമ്പിലേക്കുള്ള വഴിയിലേക്ക് കാലൊന്ന് എടുത്തുെവച്ചതും പിന്നിലൊരു ബൈക്ക് വന്നുനില്ക്കുന്നപോലൊരു ഒച്ച. തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു ബൈക്ക് വന്ന് മുന്നില്‍ സാവധാനം നിര്‍ത്തി.
''വെള്ളിപറമ്പിലേക്ക് തിരിയുന്ന റോഡേതാ?'', അയാള്‍ ഹെല്മറ്റിെൻറ പുറംമൂടി പൊക്കി ചോദിച്ചു.
''ഇതന്നെ'', അയാള്‍ തിരിഞ്ഞ അതേ റോഡ് ആള് ചൂണ്ടിക്കാണിച്ചു.
''ഓ'', എന്നുപറഞ്ഞ് അയാള്‍ വണ്ടിയെടുക്കാന്‍ തുടങ്ങിയപ്പോള്‍ ആള്‍ക്ക് ചങ്കിടിച്ചു. തന്നെക്കൂടി കയറ്റാമോ എന്നു ചോദിക്കും മുമ്പ് ഇയാള്‍ പൊയ്ക്കളയുമോയെന്ന്. പക്ഷേ അതുണ്ടായില്ല. അയാള്‍ തിരിച്ച് ചോദിച്ചു.
''ങ്ങളും അങ്ങോട്ടാ?''
''അതേ. ഇവിടൊരു ആവശ്യത്തിന് വന്ന് പെട്ടുപോയതാ.''
''ന്നാ കയറിക്കോ.''
ബൈക്ക് സാവധാനമാണ് നീങ്ങിയത്. ഉറക്കത്തില്‍നിന്ന് എഴുന്നേറ്റതിെൻറ മടി ആ വാഹനത്തിന് ഉണ്ടായിരുന്നു. പിന്നിലിരുന്ന് തല അല്പം പിന്നോട്ടാക്കിയപ്പോള് ആള്‍ക്ക് തോന്നി, ഋതുപ്രവാഹങ്ങളുടെ സംഗീതം കേള്‍ക്കുന്നത് ഇങ്ങനെയുള്ള രാത്രികളിലാണെന്ന്. നേര്‍ത്ത കുളിര്മയുള്ള വായു മൂക്കിനിരുവശവും ഉരസിനിന്നു. മടിയില്‍ െവച്ച കൈകളിലെ പത്തു വിരലുകളിലും ആ തണുപ്പിെൻറ നൂലറ്റം ഊര്ന്നുനിന്നു. അയാള്‍ തന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ആള് ഓര്‍ക്കാന്‍ തയാറായില്ല. ഈ ലോകത്തിെൻറ ഏതറ്റത്തേക്കും ഈ രക്ഷകെൻറ പിന്നില്‍ ഇരുന്ന് യാത്രചെയ്യാന്‍ താനിതാ തയാറാണ്, ആള് മനസ്സില്‍ പറഞ്ഞു.
വഴി വെള്ളിപറമ്പിലേക്കും മെഡിക്കല്‍ കോളജിലേക്കും രണ്ടായി പിരിയുന്ന സ്ഥലത്തെത്തിയപ്പോള്‍ ഓരത്തേക്ക് അയാള്‍ വണ്ടിയൊതുക്കി. ആള് ഇറങ്ങി.
''വലിയ ഉപകാരായി. ഇനിപ്പോ എനിക്ക് നടക്കാന്ള്ളതേ ഉള്ളൂ'', ആള് പറഞ്ഞു.
''ങ്ങള്ടെ പേര്?'', ബൈക്കുകാരന് പതിയെ ചോദിച്ചു.
''ഇബ്രാഹിം.''
''ഇവിടന്ന്യാ?''
''വിയൂരാ. കഴിഞ്ഞാഴ്ച വന്നതാ. അടുത്താഴ്ച പോണം.''
ബൈക്കുകാരന് മൂപ്പരെ സഹതാപത്തോടെ നോക്കി. സംശയത്തോടെ ചോദിച്ചു.
''ആ പൊലീസുകാരനെ..?''
ആള് ചിരിച്ചു.
''അമ്മദ് പറഞ്ഞ് കേട്ടിട്ടുണ്ട്, ആ കേസ്...'' ബൈക്കുകാരന് പറഞ്ഞു. ''ശിക്ഷ്യാ റിമാന്ഡാ?''
''റിമാന്‍ഡ്. അതന്നെ ശിക്ഷ.''
ബൈക്കുകാരനോട് ആളും നല്ല പുഞ്ചിരിയോടെ ചോദിച്ചു. ''ങ്ങള്ടെ പേര്?''
അയാളാ ഹെല്‍മറ്റും മാസ്കും ഊരി ഹൃദ്യമായി ചിരിച്ചു. ഈസാ നബി! ആള് ആ മുഖംകണ്ട് ഞെട്ടിത്തരിച്ചു.
''ജോണെബ്രാം. വാഗ്ദത്തഭൂമി തേടിയുള്ള യാത്രയാണ്.'' അദ്ദേഹം പൊട്ടിച്ചിരിച്ചു. ''സുഹൃത്തുക്കള്‍ ടൗണില്‍ ഒരു വീട്ടുമ്പൊറത്ത് ചെറിയ മദ്യപരിപാടിയായി ഇരിക്ക്വാ. അങ്ങോട്ടെത്താനാ പോക്ക്.''
ബൈക്കുകാരന് വീണ്ടും ചിരിച്ച് ബൈക്കെടുത്തു പോയി. ഒരു സന്ദേശവാഹകന് കടന്നുപോകുകയാണെന്ന് ആള്‍ക്ക് തോന്നി. മലയിറങ്ങിയ കാലം ഇത്രപെട്ടെന്ന് 1987 മേയ് 31ല്‍ എത്തിയല്ലോ എന്നോര്‍ത്തു. നേരം വെളുക്കാന്‍ ഇനി കുറച്ചേ ഉള്ളൂ. അൽപം കൂടി കാത്തുനിന്ന് ജുമാ പള്ളിക്കകത്ത് മിനിഞ്ഞാന്ന് മറന്നുവെച്ച കുട എടുത്തിട്ട് പോകാം എന്നു തീരുമാനിച്ചു. അപ്പോള്‍ പിന്നെ പുലര്‍ച്ചെ വീണ്ടുമൊരു നടത്തം വേണ്ടല്ലോ.
സുഹൃത്ത് പി.ടി. നാസറിെൻറ ആത്മീയാന്വേഷണങ്ങളും ജോണ്‍ എബ്രഹാമിെൻറ സന്തതസഹചാരി ആയിരുന്ന അമ്മദിനെക്കുറിച്ച് താഹ മാടായി 2019ലെ ദേശാഭിമാനി വാര്‍ഷികപ്പതിപ്പില്‍ എഴുതിയ ഫീച്ചറും ഈ കഥക്ക് പ്രേരണയായിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.