''വല്ല്യപ്പച്ചനെന്നാ ആലോചിക്കുന്നേ'', ഓൺലൈൻ ക്ലാസിനിടയിൽനിന്ന് തല വലിച്ച് കുഞ്ഞുമോൻ ചോദിച്ചു. വല്ല്യപ്പച്ചൻ ആലോചിച്ചു കൂട്ടുന്നതെന്താണെന്നറിയാനുള്ള ഒരു ആകാംക്ഷയും അവനില്ലായിരുന്നു. എങ്ങനേയും ക്ലാസിൽനിന്ന് വലിയണം. അത്രമാത്രം.
പക്ഷേ കൊച്ചുമോെൻറ ചോദ്യത്തിന് ജോസ് ഉത്തരം നൽകിയില്ല. അയാൾ കിണറ്റിൻകരയിൽ കൊത്തിപ്പെറുക്കുന്ന കോഴികളേയും നോക്കി മിണ്ടാതിരുന്നു.
''അപ്പനിതെന്നാ ഓർത്തോണ്ടിരിക്കുവാ'', വിളമ്പിവെച്ച അത്താഴത്തിനു മുന്നിൽ പതുക്കെ ശ്വാസമെടുത്തുകൊണ്ടിരുന്ന ജോസിനോട് റോയി തിരക്കി. വെള്ളവും വറ്റും കൂടി ഒറ്റ വീർപ്പിന് കുടിച്ച്, മീശയും തുടച്ച് എഴുന്നേറ്റു പോവുകയാണല്ലോ പതിവ്.
''ഇത് പകല്‍ ഞാനും ചോദിച്ചാരുന്നു പപ്പേ'', വല്ല്യപ്പച്ചൻ ഒന്നും മിണ്ടീല്ല.
''വല്ല ഓർമ്മക്കൊറവിെൻറയോ മറ്റോ തൊടക്കവാണോ'', ലാലി വല്ലാത്തൊരു ഭയത്തോടുകൂടി റോയിയെ നോക്കി.
''ഏയ് അതൊന്നുമാവില്ല.''
''എന്നാലും എനിക്കൊരു ആന്തല്.''
''നമുക്കൊന്ന് ടെസ്റ്റ് ചെയ്ത്കളയാം.''
കഞ്ഞി കുടിച്ചെന്നുവരുത്തി വരാന്തയിൽ പോയിരുന്ന ജോസിനെ ലാലിയും കുഞ്ഞുമോനും കൂടി ഏന്തിവലിഞ്ഞ് നോക്കി. റോയി കസേര പിന്നിലേക്കിട്ട് ഒന്ന് നിവർന്നിരുന്നു.
''എടി ലാലിയേ, അപ്പപ്പിന്നെ കരുണാകരൻ പറഞ്ഞിട്ട് തന്നാവും ല്ലേ ആ പോലീസ്കാര് അന്ന് രാജനെ കൊന്നത്.''
ചോദിച്ച് തീരും മുമ്പേ തന്നെ റോയിയുടെ തലയിൽ കുഞ്ഞുമോെൻറ ഫുട്ബോൾ വന്നു വീണു. ജോസ് വാതിൽക്കൽ നിന്ന് വിറക്കുകയായിരുന്നു.
മണ്ട പെരുത്തു കയറിയിട്ടും ജോസ് ചിരിച്ചു. അപ്പൻ ഒന്നും മറന്നിട്ടില്ല.
പിറ്റേന്ന് കാലത്ത് കോഴിക്കൂട്ടിൽനിന്നും പെറുക്കി എടുക്കുന്നതിനിടയിൽ രണ്ട് മുട്ടകൾ അടുപ്പിച്ചടുപ്പിച്ച് ജോസിെൻറ കൈയിൽനിന്നും വീണു പൊട്ടി. ലാലി ഒന്ന് അമർത്തിമൂളിയതല്ലാതെ ഒന്നും അന്വേഷിച്ചില്ല. പക്ഷേ, തേങ്ങ പെറുക്കിയിടാനായി പറമ്പിെൻറ അതിരിലേക്ക് വന്ന രാമകൃഷ്ണൻ നായർ ഇത് ശ്രദ്ധിച്ചു. അരനൂറ്റാണ്ടിലേറെക്കാലമായി അയാൾ ജോസിെൻറ ലോഹ്യം കേൾക്കുന്നു.
''എന്താ നായരേ തെൻറ നായനാര്‍ പുതിയ വല്ല വിറ്റും പറഞ്ഞോ?''
''ഒന്നു പോടോ. അദ്ദേഹം വെറുതെ വിറ്റടിച്ചു നടക്കുന്ന ആളല്ല കേട്ടോ. ആൾവെയ്സ് കാസ്റ്റിങ് ജോസേ.''
രണ്ടു പേരും പൊട്ടിച്ചിരിക്കും. ജോസിെൻറ മുഖത്ത് നോക്കി ''ആൾവെയ്സ് കാസ്റ്റിങ് ജോസേ'' എന്ന് വിളിച്ചിട്ടുള്ള ആ നാട്ടിലെ ഏക സഖാവ് രാമകൃഷ്ണൻ നായരാണ്. ബാക്കിയെല്ലാവരും രഹസ്യമായി കളിയാക്കുകയേ ഉള്ളൂ. കരുണാകരെൻറ കാസ്റ്റിങ് മന്ത്രിസഭയുടെ കാലത്ത് കുഞ്ഞിക്കണ്ണനാണ് ആ പേരിട്ടത്. നാട്ടിലെ ഏറ്റവും വലിയ കരുണാകരഭക്തനായിരുന്ന ജോസിെൻറ അക്കാലത്തെ മുഖ്യ ശത്രു ലോനപ്പൻ നമ്പാടൻ മാഷായിരുന്നു.
82ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടി എന്നറിഞ്ഞ ഉടൻ ജോസ് കവലയിലേക്കിറങ്ങി.
''ആർക്കാടാ കാണേണ്ടേ?''
''ഞാനാടാ എ.സി ജോസ്.''
''ആൾവെയ്സ് കാസ്റ്റിങ് ജോസ്.''
കുഞ്ഞിക്കണ്ണനും രാമകൃഷ്ണൻ നായരും ചായക്കടയിലിരുന്ന് ചിരിച്ചു.
''അല്ല നായരേ ശരിക്കുള്ള എ.സി ജോസ് കരുണാകരൻ ഗ്രൂപ്പാണോ...''
''ആ എനിക്കറിയില്ല.''
ഒരുപാട് കാലം കഴിഞ്ഞ് സാക്ഷാൽ എ.സി. ജോസ് മരിച്ച അന്ന് വൈകുന്നേരം ജോസും രാമകൃഷ്ണൻ നായരും ഒന്നിച്ചിരുന്ന് കള്ളുകുടിച്ചു.
''ഒറ്റ രൂപാപോലും കക്കാത്ത നല്ലൊരു മനുഷ്യനാരുന്നു.''
''അതോണ്ടല്ലേ സുഖമരണം കിട്ടീത്. പെട്ടെന്ന് നെഞ്ച്വേദന വന്നതാ.''
അന്ന് രണ്ടുപേരും വീട്ടിലെത്തിയപ്പോഴേക്കും നേരം പാതിരയായിരുന്നു.
പൊട്ടിപ്പോയ മുട്ടത്തോട് പെറുക്കിക്കളഞ്ഞ് എഴുന്നേറ്റ ജോസിനെ രാമകൃഷ്ണൻ നായർ കൈകൊട്ടി വിളിച്ചു.
''എന്താ ഒരു മൗനം? പ്രതിപക്ഷത്തുടർച്ച ഉണ്ടായതിെൻറ ഏനക്കേട് വീണ്ടും വന്നോ?''
ഒന്നുമില്ലെന്ന അർഥത്തിൽ ജോസ് ഒന്ന് മൂളി. രാമകൃഷ്ണൻ നായർ ജോസിെൻറ പുരയിടത്തിലേക്ക് കടന്നു. രണ്ടു പേരും മുരിങ്ങച്ചോട്ടിലിരുന്നു.
''എന്നാ വല്ല മരണഭയമോ മറ്റോ ആണോ?''
''ഏയ്...''
''ഈ പ്രായത്തില്‍ ഇനി പഴയ മേല്‍ കാച്ചല് വല്ലോം തികട്ടി വരുന്നോ?'' കുരുമ്പാടത്തെ വിലാസിനിയെ ഓർത്താണ് രാമകൃഷ്ണൻ അത് ചോദിച്ചത്.
''ഒന്നു പോടോ...''
''പിന്നെന്നാ...''
രാമകൃഷ്ണൻ നായർക്ക് പെരുപ്പ് കേറിത്തുടങ്ങിയിരുന്നു.
''എ.കെ. ആൻറണിയെ ഇപ്പം കാണുന്നില്ലല്ലോ...''
''എന്തോന്ന്... ''
''നമ്മടെ എ.കെ. ആൻറണി ഇപ്പം എവിടാ?''
രാമകൃഷ്ണൻ നായർ മുരിങ്ങക്കിടയിലൂടെ വീണ വെയിലിൽനിന്ന് നീങ്ങിയിരുന്നു.
''താനിപ്പം എന്തിനാ അങ്ങേരെ അന്വേഷിക്കുന്നേ?''
''കാണാത്തോണ്ട്...''
''പിന്നേ...അല്ലേലിപ്പം അങ്ങേര് ദിവസോം അന്തിച്ചർച്ചേല് വന്ന് ഇരിക്കാറൊണ്ടല്ലോ.''
''അതല്ലന്നേ, ഈ പുതിയ പുനഃസംഘടനേം പ്രശ്നങ്ങളുമെല്ലാം വന്നില്ലേ. അപ്പം അങ്ങേരൊരു പ്രസ്താവനയെങ്കിലും എറക്കേണ്ടതല്ലേ.''
''തനിക്കിപ്പം എന്താ പ്രശ്നം?''
''ഒന്നുമില്ല. അങ്ങേരെ കാണാത്തോണ്ട് ചോദിച്ചതാ.''
''മുെമ്പാക്കെ അങ്ങേരെ കാണുന്നത് തന്നെ കലിയാരുന്നല്ലോ. ഇപ്പം എന്നാ പറ്റി?''
ജോസ് മിണ്ടിയില്ല.
''എടോ കരുണാകരെൻറ ആത്മാവ് ഇതൊക്കെ കാണുന്നുണ്ട് കേട്ടോ.''
രാമകൃഷ്ണൻ നായർ ചിരിച്ചു.
''അദ്ദേഹമിപ്പോൾ സന്തോഷത്തോടെ വൈകുണ്ഠത്തിലിരിക്കുവാരിക്കും. അല്ലാതെ എന്നേം നോക്കി ഇതിലേ നടക്കുവല്ല. അല്ലേലും അദ്ദേഹത്തിന് ആൻറണിയോട് വ്യക്തിപരമായ ഇഷ്ടക്കേടൊന്നും ഉണ്ടാരുന്നില്ല.''
''ഓ ഇപ്പം അങ്ങനായോ...''
''അങ്ങനെ തന്നാ. നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാരാ കൊറേ കുത്തിത്തിരുപ്പൊക്കെ ഒണ്ടാക്കിയേ.''
''ആഹ്. ഇനി ഞങ്ങടെ തലേലോട്ടിട്ടോ. നിങ്ങടെ ഒരു എയും ഐയും ഒരു കൊട്ട ഗ്രൂപ്പും. ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്കാര് കുത്തിത്തിരുപ്പൊണ്ടാക്കീട്ടാണോ നീ ആ പൈനാടത്തെ മോനച്ചനെ ചവിട്ടിത്തെറിപ്പിച്ചത്?''
ജോസിന് മറുപടി ഉണ്ടായിരുന്നില്ല.
1995ൽ നടന്ന സംഭവമാണ്. ചാരക്കേസിെൻറ പുകിലിൽപ്പെട്ട് കരുണാകരൻ മുഖ്യമന്ത്രിക്കസേര വിട്ടൊഴിഞ്ഞതിെൻറ പിറ്റേ ദിവസം. ചിക്കുട്ടെൻറ ചാരായവും മോന്തി വന്ന മോനച്ചൻ കവലവഴി തിരിയുന്നിടത്ത് വെച്ച് ജോസിനെ വട്ടം പിടിച്ചു.
പൂതാടിയിൽ ആൻറണി കോൺഗ്രസിെൻറ പര്യായമാണ് മോനച്ചൻ. അയാളുടെ വായിൽനിന്നടിച്ച ചാരായമണത്തിൽ തല ചെരിച്ച് താഴ്ത്തി ജോസ് നടന്നു.
''വീഴ്ത്തുമെന്ന് ഞങ്ങള്‍ വിചാരിച്ചാ വീഴ്ത്തും. ഇപ്പം നെലത്ത് കെടന്ന് നെലവിളിക്കുന്നത് കണ്ടില്ലേ. ഇനി അങ്ങേർക്ക് വല്ല കാശിക്കും പോവാം.''
ഒരുവിധത്തിൽ ഇത്രയും പറഞ്ഞൊപ്പിച്ച് നിവർന്നു നിൽക്കാൻ ശ്രമിച്ച മോനച്ചെൻറ നെഞ്ചും ഭാഗത്ത് തന്നെയാണ് ജോസിെൻറ ചവിട്ട് വീണത്. അവൻ കുരുമുളക് തോട്ടത്തിെൻറ അതിരിലേക്ക് തെറിച്ചു വീണു.
''ഇപ്പം ആരാടാ നെലത്ത് വീണ് കരയുന്നേ...''
മുണ്ടും മടക്കിക്കുത്തി ജോസ് നടന്നു. മോനച്ചൻ കിടന്ന കിടപ്പിൽ രണ്ടു വട്ടം ഛർദിച്ചു. പിന്നെ ചുമയ്ക്കാൻ തുടങ്ങി. അന്നു തുടങ്ങിയ കുത്തിക്കുത്തിയുള്ള ആ ചുമ മരിക്കുമ്പോഴും അയാൾക്കൊപ്പമുണ്ടായിരുന്നു.
''താൻ ഈ ആലോചനയൊന്ന് നിർത്തെെൻറ ജോസേ. ആ ചെറുക്കൻ തനിക്ക് വട്ടായെന്ന് പറയും.''
രാമകൃഷ്ണൻ നായർ ജോസിെൻറ കൈപിടിച്ച് എഴുന്നേൽപ്പിച്ചു.
''ആൻറണിയെ കാണാത്തതാണ് തെൻറ പ്രശ്നമെങ്കിൽ പരിഹരിക്കാം. ഞാൻ നമ്പർ സംഘടിപ്പിച്ച് തരാം.''
''എന്നാത്തിനാ. ആരാന്നും പറഞ്ഞ് വിളിക്കാനാ.''
''എന്നാപ്പിന്നെ ഈ കുന്തിച്ചിരിക്കല് നിർത്തി പെരക്കകത്തേക്ക് കേറിപ്പോ. അല്ലേല്‍ പറമ്പിലോട്ടിറങ്ങ്.''
രാമകൃഷ്ണൻ നായർ തിരിച്ചു നടന്നു. ജോസ് പറമ്പിലേക്ക് നോക്കാതെ വീട്ടിലേക്ക് കയറി. റോയിയും ലാലിയും കുഞ്ഞുമോനും വരാന്തയിൽ തന്നെ ഉണ്ടായിരുന്നു. റോയി സംശയം മാറാതെ വീണ്ടും മുന്നോട്ടു വന്നു.
''കേരളമേറ്റവും കൂടുതൽ തവണ ഭരിച്ച മുഖ്യമന്ത്രിയാരാ?''
''നിൻറപ്പൻ. കേറിപ്പോടാ കഴുവേറി. അവെൻറയൊരു ചോദ്യം ചെയ്യല്‍.''
ലാലിയുടെയും കുഞ്ഞുമോെൻറയും കളിയാക്കലിനും പൊട്ടിച്ചിരിക്കും മുന്നിൽ അധിക നേരമൊന്നും നിന്ന് ചമ്മാതെ റോയി മുറ്റത്തേക്കിറങ്ങി.
ഠ ഠ ഠ ഠ
കുഞ്ഞുമോനാണ് പനിച്ചുതുടങ്ങിയത്. പിന്നെ ലാലിക്കായി. റോയി ചുമച്ചും വലിച്ചുമിരുന്നു. പക്ഷേ ജോസ് അപ്പോഴും യാതൊരുവിധ ലക്ഷണങ്ങളുമില്ലാതെ കൈയും വീശി നടന്നു. ഒരു തലവേദനപോലുമില്ലാത്ത തന്നെ എന്തിനാ ആശുപത്രിയിലേക്ക് മാറ്റുന്നതെന്ന് ചോദിച്ച് ആംബുലൻസിൽ വന്നവരോട് അയാൾ കയർത്തു. വണ്ടിയിലേക്ക് കയറും മുമ്പ് പറമ്പിെൻറ അതിരിൽ നിന്ന രാമകൃഷ്ണൻ നായർക്കു നേരെ കൈയുയർത്തി, മുഷ്ടി ചുരുട്ടി. നായർ പ്രത്യഭിവാദനം ചെയ്തു.
കരുണാകരൻ, നായനാരെ നോക്കി കണ്ണിറുക്കി ചിരിച്ചു.
ആശുപത്രിയിലേക്ക് കയറിയപ്പോൾ വല്ലാതെ കുളിരുന്നതുപോലെ തോന്നി ജോസിന്. അസ്വസ്ഥമായല്ല, സ്വസ്ഥതയുള്ള കുളിര്.
''അപ്പാപ്പന് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ?''
''ഇല്ല.''
''കഴിഞ്ഞ ദിവസങ്ങളിൽ പതിവില്ലാത്ത എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ? ''
''ഒരിക്കലും ഒണ്ടാവാത്ത ഒരു കാര്യം ഉണ്ടായി.''
''എന്താ അത്, ശ്വാസംമുട്ടാണോ?''
''അല്ല. എ.കെ. ആൻറണിയെ ഇപ്പം കാണുന്നില്ലല്ലോ എന്നോർത്തു.''
''ആരെ?''
''അറിയത്തില്ലേ, എ.കെ. ആൻറണി. അറക്കപ്പറമ്പിൽ കുര്യൻ ആൻറണി. പണ്ട് നമ്മുടെ മുഖ്യമന്ത്രിയായിരുന്നു. ഇപ്പം രാജ്യസഭേലാണ്.''
ഡോക്ടർ അടുത്തുനിന്ന നഴ്സിനെ നോക്കി. രണ്ടുപേർക്കും പരസ്പരം കാണാൻ കഴിയുന്നില്ലായിരുന്നു.
''മുടങ്ങാതെ ഏതെങ്കിലും ഗുളിക കഴിക്കാറുണ്ടോ അപ്പാപ്പാ?''
''ഇല്ല.''
''എന്നാൽ തുടങ്ങാനായി'', ഡോക്ടർ വളരെ പതുക്കെയാണ് അത് പറഞ്ഞത്.
ആശുപത്രിയിലെത്തിയതിെൻറ രണ്ടാം നാൾ രാത്രി ജോസിന് പനിച്ചു. പിറ്റേന്ന് പുലർച്ചെ കണ്ണു തുറന്നപ്പോൾ കാൽക്കൽ മോനച്ചനിരിപ്പുണ്ട്. കാലിൽനിന്നൊരു പെരുപെരുപ്പ് പോലെ. മോനച്ചൻ ശബ്ദം താഴ്ത്തി ചുമച്ചു. പിന്നീടെപ്പോഴോ എഴുന്നേറ്റു പോയി. ജോസിെൻറ കാലിലെ തരിപ്പ് അവിടെ ശേഷിച്ചു.
ഭക്ഷണവും കൊണ്ടുവന്നയാൾ ജോസിെൻറ ശരീരം അനങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു. അവൻ സ്നേഹത്തോടെയാണ് ആഹാരം വിളമ്പിയത്. മുഖം കാണാൻ കഴിയുന്നില്ലെങ്കിലും അവനൊരു കഷണ്ടിക്കാരനായിരിക്കുമെന്ന് ജോസ് ഉൗഹിച്ചു. ഇടക്കിടെ കണ്ണിറുക്കി ചിരിക്കുമെന്നും. വൈരുധ്യം കലർന്ന ഈ ഉൗഹാപോഹങ്ങളുടെ പൊരുള്‍ തേടാനൊന്നും മെനക്കെടാതെ മുന്നിൽക്കണ്ട വെളുത്ത വസ്ത്രധാരിയോട് ജോസ് ഉറക്കെ സംസാരിച്ചു.
''2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഞാനും മോനച്ചനും രാമകൃഷ്ണൻ നായരും കൂടി ഒന്നിച്ചു പോയാ വോട്ട് ചെയ്തേ. ആർക്കാന്ന് അറിയാമോ?''
''ഇല്ല.''
''എ കോൺഗ്രസിനു വേണ്ടി ചാകാൻ നടക്കുന്ന മോനച്ചനും ഐ കോൺഗ്രസിനു വേണ്ടി കൊല്ലാൻ നടക്കുന്ന ഞാനും ആ രാമകൃഷ്ണൻ നായരുടെ മുന്നിലും പിറകിലും നിന്ന് വോട്ട് ചെയ്തു. ആർക്കാ! രമണി ടീച്ചർക്ക്. അതും അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍.''
''അതെന്നാത്തിനാ'', ഭക്ഷണം കൊണ്ടുവന്ന പയ്യന് അൽപ്പം രസം പിടിച്ചു.
ഒരു അവിശ്വസനീയ കഥ പറഞ്ഞ് കുട്ടികളെ അത്ഭുതപ്പെടുത്തുന്ന നാടോടിയുടെ ഭാവമായിരുന്നു ജോസിന്.
''നാഷണൽ കോൺഗ്രസ് ഇന്ദിര. പിന്നീട് ഡി.ഐ.സിയെന്ന് പേര് മാറ്റി.''
ഒന്നും തിരിയാതെ ആ പയ്യൻ പാത്രവുമെടുത്ത് നടന്നു.
ഓർമവെച്ച കാലം മുതൽക്ക് കോൺഗ്രസ് എന്ന് ജപിച്ചു നടന്ന ഒരുപാട്പേര്, 2005ലെ പഞ്ചായത്ത് ഇലക്ഷനിൽ ഇടതുപക്ഷ മുന്നണിയുടെ വിവിധ ചിഹ്നങ്ങൾക്കു പോയി വോട്ട് കുത്തി വന്ന കഥയൊന്നും അവന് അറിയില്ലായിരുന്നു.
മോനച്ചൻ പക്ഷേ അതിനും ഒമ്പത് കൊല്ലം മുേമ്പ തന്നെ ഇടത്തോട്ട് നീങ്ങിയിരുന്നു. 1995ൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങി എ.കെ. ആൻറണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത അന്ന് വൈകുന്നേരം സന്തോഷത്തോടുകൂടി ചാരായഷാപ്പിലേക്ക് കയറിയ മോനച്ചൻ പിറ്റേന്ന് പുലർച്ചയാണ് ഇറങ്ങിയത്. പുഴുങ്ങിയ മുട്ടയുടെ മഞ്ഞഭാഗം പറ്റിപ്പിടിച്ചിരുന്ന അയാളുടെ മുഖത്ത് അപ്പോഴും നിറഞ്ഞ ചിരിയുണ്ടായിരുന്നു. പക്ഷേ 96ലെ ഇലക്ഷനിൽ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മോനച്ചൻ വർഗീസ് വൈദ്യന് വോട്ട് ചെയ്തു. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ കുത്തി വിരലിലെ മഷി ഉണങ്ങും മുമ്പ് ചിക്കുട്ടെൻറ പൂട്ടിക്കിടന്ന ചാരായ ഷാപ്പിനു മുന്നിലെത്തി, കൈ മുകളിലേക്കുയർത്തി. ചിക്കുട്ടൻ കുഴഞ്ഞുവീണ് മരിച്ചിട്ട് അന്നേക്ക് പത്തു ദിവസം തികഞ്ഞിരുന്നു.
കോവിഡ് നെഗറ്റീവ് ആയെങ്കിലും ജോസിെൻറ നില മെച്ചപ്പെട്ടിട്ടില്ല. വലിയ കാൻവാസും പിടിച്ച് കണ്ണൂരിൽനിന്നും തൃശൂരിലേക്ക് നടന്ന ഒരു മനുഷ്യെൻറ നിഴലുകൾ അയാളുടെ ഉറക്കങ്ങൾക്കിടയിൽ തെളിഞ്ഞു. റോയിയും ലാലിയും കുഞ്ഞുമോനും ആശുപത്രിയിലെത്തി. അവർ ജോസിെൻറ അരികിൽ നിന്നു.
''രാമകൃഷ്ണൻ നായർ വന്നില്ലേ?''
''ഇല്ല അപ്പാ.''
''അങ്ങേര് നായനാരെ തമാശ കേൾക്കാൻ പോയി കാണും. അല്ലെങ്കിലും അങ്ങേര് പറയുന്നത് ശരിയാ. നായനാര്‍ വെറും തമാശക്കാരനൊന്നുമല്ല. നമ്മുടെ നായനാരാ.''
ജോസ് ക്ഷീണിച്ചു ചിരിച്ചു.
''റോയിയേ...''
''എന്താ അപ്പാ?''
''എന്നോട് കൊറച്ച് ചോദ്യങ്ങള്‍ ചോദിച്ചേ. ഉത്തരം പറയുവോന്ന് നോക്കാലോ.''
റോയ് എന്തു ചോദിക്കണമെന്നറിയാതെ പകച്ചു. ജോസ് അവെൻറ മുഖത്തേക്ക് തന്നെ നോക്കി കിടന്നു.
''കരുണാകരൻ മരിച്ചതെപ്പഴാ അപ്പാ?''
''കരുണാകരൻ മരിച്ചെന്ന് നിന്നോടാരാ പറഞ്ഞേ... കുരുത്തക്കേട് ചോദിക്കല്ലേടാ.''
''കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയാരാന്ന് അപ്പനറിയാവോ?''
''നായനാര്‍.''
''ഏറ്റവും കൂടുതൽ തവണയോ?''
''കരുണാകരൻ.''
''ഇപ്പം കേരളത്തിെൻറ മുഖ്യമന്ത്രിയാരാ?''
''പിണറായി വിജയൻ.''
അതു പറയുമ്പോൾ അപ്പെൻറ മുഖത്തു തെളിഞ്ഞ നിശ്ചയദാർഢ്യം റോയി ശ്രദ്ധിച്ചു. അപ്പനെ പരീക്ഷിക്കാൻ ചോദ്യങ്ങളൊന്നും ബാക്കിയില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.
''എടാ റോയിയേ, ഞാൻ നിന്നോടൊരു ചോദ്യം ചോദിക്കട്ടെ?''
റോയ് തലയാട്ടി.
''എട്ട് കാസ്റ്റിങ് വോട്ടുകൾ ഒറ്റ ദിവസം ചെയ്ത് റെേക്കാർഡിട്ട കേരള നിയമസഭാ സ്പീക്കറുടെ പേരെന്താ?''
''എ.സി. ജോസ്.''
''നീ മിടുക്കനാ.''
റോയി വിതുമ്പിപ്പോയി. എൽ.പി സ്കൂളിൽ തെൻറ ചുറ്റും നിറഞ്ഞുകവിഞ്ഞ അപ്പെൻറ ഇരട്ടപ്പേരിലേക്ക് അയാൾ ഇറങ്ങി. ഭാര്യയേയും മകനേയും കൂട്ടി പുറത്തേക്ക് നടന്നു.
''എടാ റോയിയേ...''
റോയ് തിരിഞ്ഞു നിന്നു.
''നമ്മടെ എ.കെ. ആൻറണി ഇപ്പം എവിടേയാ?''
റോയി ഒന്നും പറഞ്ഞില്ല. ജോസ് കാൽക്കലേക്ക് നോക്കി. മോനച്ചൻ അവിടിരിപ്പുണ്ട്. കാലിലെ തരിപ്പ് കൂടി വന്നു. അത് മുകളിലേക്ക് കയറി ജോസിെൻറ ബോധാബോധങ്ങൾക്കിടയിലൂടെ ഒരു ബെൻസ് ചീറിപ്പാഞ്ഞു പോയി. അതിനുള്ളിലിരുന്നയാൾ വെറുതെ കണ്ണിറുക്കി ചിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.