രാത്രിയിൽ തണുപ്പായിരുന്നു. പഴക്കമേറെയുള്ള ഇരുമ്പഴികൾക്കിടയിലൂടെ തണുപ്പ് സെല്ലിലേക്കിറങ്ങി വന്നു. അതിനൊരു ഹിമക്കരടിയുടെ ഗന്ധമുണ്ടെന്നു തോന്നി; ക്രൗര്യവും. ദേഹം അനിയന്ത്രിതമായി വിറച്ചുകൊണ്ടിരുന്നതിനാൽ ഉറങ്ങുക എളുപ്പമായിരുന്നില്ല. ചീവീടുകൾ പാടുന്നുണ്ടായിരുന്നെങ്കിലും അത് ഉറക്കത്തിന് സഹായകമായില്ല. തണുപ്പേറ്റ് ഞരമ്പുകൾ നൊന്തു. അസ്ഥികൾ തന്നെയും ഇളകി.
രാമാനന്ദൻ എവിടെയാണോ ആവോ. തടവറ സൂക്ഷിപ്പുകാർ രണ്ടുപേർ ഉച്ചയോടെ വന്ന് സെല്ലിൽനിന്നും കൊണ്ടുപോയതാണ്. എന്തിനെന്ന വിശദീകരണമുണ്ടായില്ല. തടവറ പ്രമാണിയുടെ ഉത്തരവാണ്. സൂക്ഷിപ്പുകാർ അത്രയേ പറഞ്ഞുള്ളൂ. അവരിലൊരാൾ താക്കോൽക്കൂട്ടത്തിലെ ഒരു താക്കോൽ തിരഞ്ഞെടുത്ത് സെല്ലിന്റെ പൂട്ട് തുറന്നു.
''പോയ്വരാം'', പുറത്തിറങ്ങവെ രാമാനന്ദൻ പറഞ്ഞു.
വാതിൽ പിന്നെയും അടഞ്ഞു. സെല്ലിൽ ഞാൻ ഒറ്റക്കായി.
സെല്ലിൽ ഒറ്റക്കാവുകയെന്ന അനുഭവം പുതിയതാണ്. തടവിലാക്കപ്പെട്ട നാൾതൊട്ട് രാമാനന്ദൻ കൂടെയുണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും വിചാരണത്തടവുകാരായി ഒരേ നുകം ചുമന്നു. ഇടക്ക് എന്തിനെന്നില്ലാതെ കോടതിയിൽ ഹാജരാക്കപ്പെട്ടു. ന്യായാധിപൻ, കോടതി ജീവനക്കാർ, അഭിഭാഷകർ, കുറെ കാഴ്ചക്കാരും. ഒന്നും സംഭവിക്കുന്നില്ല. തിരികെ സെല്ലിലേക്ക്.
തൊട്ടടുത്ത സെല്ലിലുണ്ടായിരുന്ന കതിർവേലു കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചിരുന്നു. അതോടെ പാട്ടുകൾ കേൾക്കാതായി. മരണം ജയിൽ ആശുപത്രിയിലായിരുന്നതിനാൽ ജഡം കാണാനായില്ല. ഞാനും രാമാനന്ദനും, ഒരുപക്ഷേ, മറ്റൊരു മരണത്തിലും ഇത്രമേൽ ദുഃഖിച്ചിരിക്കില്ല. എല്ലാ മരണവും ഒരുപോലെയല്ലല്ലോ.
''മാഷേ, നമ്മുടെ മരണവും ഇതിനുള്ളിൽ തെന്നയാവ്വോ?'' കതിർവേലു മരിച്ചെന്നറിഞ്ഞപ്പോൾ രാമാനന്ദൻ ചോദിച്ചു.
''പേടിയുണ്ടോ?'' ഞാൻ രാമാനന്ദന്റെ മുഖത്തേക്കു നോക്കി.
മറുപടി ബൊളീവിയൻ കാടുകളിൽനിന്നായിരുന്നു. മരണം എപ്പോൾ കടന്നുവന്നാലും അത് സ്വാഗതം ചെയ്യപ്പെടട്ടെ. മുട്ടുകാലിൽ ജീവിക്കുന്നതെക്കാൾ ഭേദം നിവർന്നുനിന്ന് മരിയ്ക്കുന്നതാണ്.
''മരിച്ചാലും എന്റെ മുഖത്തൊരു ചിരിയുണ്ടാകും മാഷേ.''
മരണാനന്തരം ഉണ്ടായേക്കാവുന്ന ചിരി രാമാനന്ദന്റെ മുഖത്ത് ഞാൻ കണ്ടു.
''പരാജയപ്പെട്ടവന്റെ ഒരു ചിരി മതി ജയിച്ചെന്നു കരുതുന്നവന്റെ ആത്മവിശ്വാസം ഇല്ലാതാക്കാൻ എന്നല്ലേ?''
ഞാൻ അതിരറ്റ സ്നേഹവായ്പോടെ രാമാനന്ദന്റെ വലതുകരം ചേർത്തുപിടിച്ചു. മനുഷ്യരുടെ കണ്ണുകൾ ഇത്രയും തിളങ്ങുമോ? വാക്കുകൾ ഇങ്ങനെ നെഞ്ചുപിളർന്നു വരുമോ?
തണുത്തു വിറയ്ക്കുമ്പോൾ വളരെ നനുത്തതും ഊഷ്മളവുമായ ഒരു സ്പർശം മുഖത്ത് അനുഭവപ്പെട്ടു. ഞാനതിന്റെ വിസ്മയത്തിലായി. അത് ചോർക്കിയായിരുന്നു. ഒരു സ്വപ്നത്തിൽ റോസ ലക്സംബർഗ് ഞങ്ങൾക്ക് സമ്മാനിച്ച അണ്ണാരക്കണ്ണൻ. അതിനു ചോർക്കിയെന്നു പേരിട്ടത് ഞാനാണ്. അതെ, സത്യജിത് റായിയുടെ 'സമാപ്തി'യെന്ന ചിത്രത്തിലെ അണ്ണാരക്കണ്ണന്റെ പേരുതന്നെ. രാമാനന്ദന് അതിഷ്ടമായി. എന്നെക്കാൾ കൂടുതൽ ചോർക്കിയെ പേരു ചൊല്ലി വിളിച്ചിരിക്കുക രാമാനന്ദനാണ്. നാമകരണക്രിയ ലളിതമായിരുന്നു. അണ്ണാരക്കണ്ണന്റെ കാതിലേക്ക് മൂന്നു തവണ ആ പേര്. ചോർക്കി. ചോർക്കി. ചോർക്കി.
അധികാരവ്യവസ്ഥ ചോർക്കിയുടെ സ്വാതന്ത്ര്യത്തെ ഒരു വിധത്തിലും പരിമിതപ്പെടുത്തിയിരുന്നില്ല. ഏത് നേരത്തും സെല്ലിലേക്കു വരാം, പോകാം. പാറാവുദ്യോഗസ്ഥർ ചോർക്കിയെ ശ്രദ്ധിച്ചതേയില്ല. അവർ കരുതൽ കാട്ടിയത് മനുഷ്യരുടെ കാര്യത്തിൽ മാത്രമാണ്.
ചോർക്കി തന്റെ ഭക്ഷണം സ്വയം കണ്ടെത്തിയിരുന്നു. ജയിൽ വളപ്പിൽ ഫലവൃക്ഷങ്ങൾ നിരവധിയാണ്. പേരയ്ക്കയും സപ്പോട്ടയും പപ്പായയും സീതാപ്പഴവുമൊക്കെ ക്ഷാമം തീരാതെയുണ്ട്. അവ തിന്നാനായി പക്ഷികൾ വരും. കാക്കകളും കടവാതിലുകളും മറ്റും. എങ്കിലും ചോർക്കി വിശപ്പറിയില്ല. പ്രകൃതി ചോർക്കിക്കായി എന്നും വിരുന്നൊരുക്കുന്നു.
ഞാൻ നെറ്റിത്തടത്തിലും കവിളുകളിലും ചുണ്ടുകളിലും ചോർക്കിയുടെ സ്പർശമറിയുകയായിരുന്നു. എന്നെ സംബന്ധിച്ച് അതൊരു അസാധാരണ അനുഭവമായി. എന്റെ തണുപ്പകന്നു. എത്രനേരം ശാന്തതയോടെ ഉറങ്ങിയെന്നറിയില്ല. ഉറക്കത്തിനിടയിൽ ഞാൻ മറ്റെങ്ങോ എത്തിച്ചേർന്നു. എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒരു സ്ഥലമായിരുന്നു അത്. അതിന്റെ അമ്പരപ്പിൽ അങ്ങുമിങ്ങും കണ്ണോടിയ്ക്കെ, പെട്ടെന്ന്, എന്തോ മുന്നിലേക്ക് എടുത്തുചാടി. തീ തുപ്പിക്കൊണ്ട് ഒരു ഡ്രാഗൺ. നാലു കാലുകളിൽ, ഉടലിന്റെ മധ്യേ ചിറകുകളോടെ, ശിരസ്സിൽ കൊമ്പുകളോടെ, വായിൽ തീജ്ജ്വാലകളോടെ അത് എന്റെ നേർക്കുവന്നു. അതിന്റെ ഓരോ അടിവെപ്പും ഭീഷണമായിരുന്നു. തീ തുപ്പുന്ന വായ്ക്കുമീതെ കണ്ണുകളിൽ ക്രൗര്യം. ഞാനും ഡ്രാഗണും തമ്മിലുള്ള അകലം അനുനിമിഷം കുറയുകയായിരുന്നു. തീച്ചൂട് എന്റെ മുഖത്തു തട്ടി.
''മാഷേ.''
അങ്ങനെ വിളിച്ചതു കേട്ട് ഞാൻ കണ്ണുതുറന്നു.
നേരം പുലർന്നിരുന്നു.
എന്റെ മുന്നിൽ, തൊട്ടടുത്തായി, രാമാനന്ദനായിരുന്നു.
സെല്ലിന്റെ അഴിവാതിൽ തുറക്കുന്ന ശബ്ദം ഞാൻ കേൾക്കുകയുണ്ടായില്ല. ഡ്രാഗണുമായുള്ള പോരാട്ടത്തിലായതുകൊണ്ടാവാം. രാമാനന്ദൻ വിളിച്ചുണർത്തിയതും ഡ്രാഗൺ അതിന്റെ ചിറകുകൾ വിടർത്തി പറന്നകന്നിരുന്നു. പക്ഷേ, എന്റെ മുഖത്തേറ്റ തീച്ചൂട് ബാക്കിനിന്നു.
തീച്ചൂടോടെ ഞാൻ എണീറ്റിരുന്നു. ചോർക്കി അടുത്തില്ല. എന്നെ ഉറക്കിയശേഷം അത് പോയിരിക്കണം.
''മാഷേ, എന്നെ രണ്ടു പേര് താങ്ങിപ്പിടിച്ച് ഇങ്ങെത്തിച്ചതാണ്. ഒരു ശരീരത്തെ എത്ര നോവിക്കാമോ, അത്രേം നോവിച്ചു. ജീവൻ എങ്ങനെയൊക്കെയോ ബാക്കിയായി.'' രാമാനന്ദൻ ഇടർച്ചയോടെ പറഞ്ഞു കേൾപ്പിച്ചു.
രാമാനന്ദനെ നോക്കിയപ്പോൾ എനിക്ക് നെഞ്ച് കനക്കുന്നതുപോലെയായി.
''പക്ഷേ, ആദ്യം വളരെ മര്യാദയിലായിരുന്നു. ജയിൽ ബിരിയാണി തന്നു. അതിന്റെ കൂടെ കോഴിക്കറിയും. രണ്ടും കൊള്ളാമായിരുന്നു. അതിനുശേഷം ചെറുനാരങ്ങ പിഴിഞ്ഞ കരിഞ്ചായ. മധുരം ആവശ്യത്തിലേറെ. അതും നന്നായിരുന്നു. പിെന്ന സിഗരറ്റ് വേണോ എന്നു ചോദിച്ചു. ഞാൻ വേണ്ടെന്നു പറഞ്ഞു. ഒരു ബീഡി കിട്ടിയാൽ തരക്കേടില്ലെന്ന് അറിയിച്ചപ്പോഴേക്കും ഒരു കെട്ട് ബീഡിയെത്തി. തീപ്പെട്ടിയും. ഞാനൊരു ബീഡി കത്തിച്ച് വലിച്ചു. ആകെക്കൂടി തരക്കേടില്ലല്ലോ എന്ന് വിചാരിക്കുകേം ചെയ്തു.''
നാം മനുഷ്യരുടെ നേർക്ക് ജീവിതം വെച്ചുനീട്ടുന്ന പ്രലോഭനങ്ങൾ പലതാണ്. അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതെന്ന് പറയാൻ മനുഷ്യന് എല്ലായ്പോഴും കഴിയണമെന്നില്ല.
''എന്നിട്ട്?'' ഞാൻ ചോദിച്ചു.
രണ്ട് ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എന്താണവർ യഥാർഥത്തിൽ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലോർത്തുകൊണ്ട് രാമാനന്ദൻ ശാന്തമായി പുകവലിക്കുമ്പോൾ, അവരിലൊരാൾ അൽപം നാടകീയമായ ഒരു നീക്കത്തിന് മുതിർന്നു. അയാൾ എഴുന്നേറ്റ് രാമാനന്ദന്റെ ചുണ്ടുകൾക്കിടയിലെ ഏതാണ്ട് വലിച്ചുതീരാറായ ബീഡി നുള്ളിയെടുത്ത് ഒരേറ്.
''നമുക്കിനി കാര്യത്തിലേക്ക് കടക്കാം'', അയാൾ പറഞ്ഞു.
രാമാനന്ദൻ അരിഷ്ടതയുള്ള ഒരാളാണെന്നും വരവുചെലവ് മുട്ടിക്കുന്നതിൽ ഏറെ ക്ലേശിച്ചിരുന്നുവെന്നും നിസ്സഹായനാണെന്നും അനുകമ്പയർഹിക്കുന്നുവെന്നും അയാൾക്ക് ഉത്തമബോധ്യമുണ്ട്. വിചാരണകൂടാതെയുള്ള തടവ് അനിശ്ചിതമായി നീണ്ടുപോകാം. കതിർവേലുവിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടേണ്ടതില്ല. രാമാനന്ദൻ അത് കണ്ടറിഞ്ഞതാണല്ലോ. അത്തരം ഉദാഹരണങ്ങൾ അനേകമനേകം. പുറംലോകമറിയാതെയും പല ജീവിതങ്ങൾ കൽത്തുറുങ്കുകളിൽ ഒടുങ്ങുന്നു. അവർ പുലർത്തിയ വിശ്വാസങ്ങൾ അവരുടെ രക്ഷയ്ക്കെത്തുന്നില്ല. രാമാനന്ദൻ ഒരു വിഡ്ഢിയാകരുത്.
അതെ, രണ്ടാമത്തെ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഒരു വിഡ്ഢിയാകാതെ സ്വന്തം രക്ഷക്കുള്ള മാർഗം സ്വയം കണ്ടെത്തുകയാണ് വേണ്ടത്. അതിന് ബുദ്ധി പ്രയോഗിക്കണം. രാമാനന്ദന് ഈ ഇരുളിൽനിന്നും പോകേണ്ടേ വെളിച്ചത്തിലേക്ക്? വീട്ടുകാരിയുടെ സ്നേഹോഷ്മളമായ ആശ്ലേഷങ്ങളിലേക്ക്?
തണുപ്പത്ത് അവളോട് ചേർന്നുകിടക്കേണ്ടേ? ഒന്നാമൻ ചോദിച്ചു.
ഉമ്മ വെയ്ക്കേണ്ടേ? രണ്ടാമൻ ചോദിച്ചു.
ഇത് വിചിത്രമായൊരു കളിയാണ്, രാമാനന്ദൻ ചിന്തിച്ചു. ഇതിന് നിയമങ്ങളില്ല. പക്ഷേ, ആരെയും ആകർഷിക്കാൻ പോന്ന കളി.
മേലാവിൽനിന്നുള്ള നിർദേശമാണ്, ഒന്നാമൻ പറഞ്ഞു.
ഞങ്ങളത് രാമാനന്ദന്റെ പരിഗണനക്ക് വെക്കുന്നുവെന്നുമാത്രം, രണ്ടാമൻ വിശദീകരിച്ചു.
കളി തുടരുകയാണ്. ഒന്നാമനും രണ്ടാമനും പാടവത്തോടെ മുന്നേറുന്നു. അവരുടെ പ്രതീക്ഷക്കൊത്ത് രാമാനന്ദൻ തന്റെ പങ്ക് നിറവേറ്റേണ്ടതുണ്ട്. രാമാനന്ദൻ അധികമൊന്നും ചെയ്യേണ്ടതില്ല. സെല്ലിലുള്ള മാഷെ ഒറ്റിക്കൊടുക്കുകയെന്ന ലളിതമായ കാര്യം മാത്രം. നിരവധി ഗൂഢാലോചനകൾക്ക് മാഷ് നേതൃത്വം നൽകിയിട്ടുണ്ട്. പല ആക്രമണങ്ങൾ മാഷ് സങ്കൽപിച്ചിട്ടുണ്ടെന്നു തന്നെയുമല്ല, വിശദമായ പദ്ധതികൾ തയാറാക്കിയിട്ടുമുണ്ട്. കൊല്ലപ്പെടേണ്ടവരായി പലരുമുണ്ടെന്ന് മാഷ് കരുതുന്നു. കൊല്ലാൻ മടിയില്ലതാനും. ഒളിത്താവളങ്ങളിൽവെച്ച് ആയുധപരിശീലനം നൽകാറുണ്ട്. പൊലീസിനും ഭരണകൂടത്തിനുമെതിരെ പോർവിളി നടത്താറുണ്ട്. മാവോയെ കൂടക്കൂടെ ഉദ്ധരിച്ചുകൊണ്ടാണ് രഹസ്യസംഘത്തിലെ അംഗങ്ങളോട് സംസാരിക്കുക. സദാ ജാഗരൂകനാണ്.
മാഷെക്കൊണ്ട് ഇത്രയൊക്കെ പറ്റ്വോ? രാമാനന്ദന് സംശയമായി. ഒന്നാമതൊരു പാവം. ആരോഗ്യസ്ഥിതിയാണെങ്കില് മോശം. ചോര കണ്ടാല് തലചുറ്റുന്ന ആളാ. ഇപ്പോ നിങ്ങള് രണ്ടും സെല്ലുവരെ പോയി നോക്കിയാല് മൂപ്പര് ഒരണ്ണാരക്കണ്ണനുമായി കളിക്ക്വാവും. അതിനോട് വലിയ സ്നേഹാ. അതിനോട് മാത്രല്ലേട്ട്വാ. പക്ഷികളോടും മൃഗങ്ങളോടും പൂമ്പാറ്റകളോടും തുമ്പികളോടുമൊക്കെ. ഉത്കൃഷ്ടരായ മനുഷ്യരും ഉണ്ടെന്ന് എനിക്ക് മനസ്സിലായത് മാഷെ കണ്ടപ്പോഴാ.
ഓഹോ, ഒന്നാം ഉദ്യോഗസ്ഥൻ പരിഹാസപൂർവം ചോദിച്ചു: ഉത്കൃഷ്ടരായ മനുഷ്യരും ഉണ്ടോ?
ഉണ്ട്, രാമാനന്ദൻ തീർത്തുപറഞ്ഞു.
കരണത്ത് ആദ്യത്തെ അടിയേറ്റതപ്പോഴാണ്. ഉരുക്കു കൈപ്പത്തി പതിച്ചതുപോലെ. വായിൽ ചോരയായി.
നായിന്റെ മക്കളേ, ചോരയുടെ ചുവയോടെ രാമാനന്ദൻ ഉദ്യോഗസ്ഥർ രണ്ടുപേരെയും വിളിച്ചു: എന്നെ തല്ലിക്കൊന്നോ. എന്നാലും ഞാൻ മാഷെ ഒറ്റും എന്നു വിചാരിക്കേണ്ട.
അതോടെ ആകാശം വളരെ വളരെ ഇരുണ്ടതായി. മേഘസ്ഫോടനങ്ങളുണ്ടായി. മുഴക്കങ്ങൾ ചിതറി. ദൈവം കടുത്ത സന്ദിഗ്ധതയിലായി.
എനിക്ക് ദൈവത്തോട് നന്ദി പറയണമെന്നു തോന്നി; രാമാനന്ദനെ പാതി ജീവനോടെയെങ്കിലും സെല്ലിൽ തിരികെയെത്തിച്ചതിന്. ഉത്കൃഷ്ടനായ ഒരു മനുഷ്യനെ എനിക്ക് കാട്ടിത്തന്നതിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.