ഞാൻ ഓടുകയായിരുന്നു. എെൻറ പ്രിയപ്പെട്ട കട്ടിയുള്ള നീല പാവാട കാറ്റിൽ ഇളകാതെ വെളുത്ത തുടകളെ ഒളിപ്പിച്ച് കണങ്കാലുകളെ ചുംബിച്ച് ഒപ്പം നിന്നു. മുട്ടിനു താഴെ കുഞ്ഞുരോമങ്ങളിൽ ചളി തെറിച്ച് പറ്റിപ്പിടിച്ചിരിക്കുന്നു. മഞ്ഞളും കടലമാവും തൈരും മാറി മാറി തേച്ച് നിറം കുറയാതെ മണ്ണ് പറ്റാതെ സൂക്ഷിച്ച കാലുകളാണ്. എന്നാലും ചോര പൊടിയുന്ന പാദങ്ങൾ കണ്ടില്ലാന്ന് നടിക്കണം. അതങ്ങനെയാണ്. കാലുകൾ ഒരു പെണ്ണിനെ എന്തെല്ലാം പഠിപ്പിക്കുന്നു?
രണ്ടാം ക്ലാസിൽ പഠിക്കുേമ്പാഴാണ് അയാളുടെ പാദങ്ങൾ എന്റെ കണങ്കാലിൽ ചിത്രം വരച്ചത്. ഇരച്ച് കയറുന്ന വല്ലാത്തൊരിത് കണങ്കാലിലൂടെ ഞരമ്പിലൂടെ മേലോട്ട് കയറി. അയാളുടെ പാദങ്ങൾ തുടകൾ വരെയെത്തി. എെൻറ മുഖത്ത് നോക്കി കണ്ണിറുക്കി അയാൾ ചോദിച്ചു.
''അനക്ക് വാവ്യേ വേണോ?'' ഒന്നും മനസ്സിലാവാതെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങിയ വെള്ളത്തുള്ളികൾ വീണ് മടി നനഞ്ഞു. ആ കാലുകളിൽ നിറയെ ചളിയായിരുന്നു. ഞാൻ കുളിച്ചതേ ഉണ്ടായിരുന്നുള്ളൂ. സ്കൂൾ ഗ്രൗണ്ടിലെ ചളിയിൽ വീണതുകൊണ്ട് വൈകുന്നേരം സ്കൂൾ വിട്ട് വന്ന ഉടനെ കുളിച്ചതാണ്. കുളിച്ച് വന്നപ്പോഴാണ് അച്ഛമ്മയോടൊപ്പം ഞാൻ കിടന്നിരുന്ന കൊച്ചുമുറിയിൽ അയാൾ ഇരിക്കുന്നത് കണ്ടത്. അച്ഛൻ കുടുംബത്തിലെ അകന്ന ബന്ധുവാണത്രെ. അയാളുടെ കല്യാണത്തിന് ക്ഷണിക്കാൻ വന്നതാണെന്ന് അമ്മ അടുക്കളേന്ന് അച്ഛമ്മയോട് പറയുന്നത് കേട്ടു. പിന്നെ ഇയാളെന്തിനാണ് എെൻറ കാലിൽ ഇങ്ങനെ ചെയ്യുന്നതെന്ന് ഞാനോർത്തു. വല്ലാത്ത അസ്വസ്ഥത. കല്യാണ ചെക്കന്മാർ ഇങ്ങനെ ആണോ?
''അനക്ക് നല്ല വാവ്യേ കിട്ടൊല്ലൊ'' ...ദേ ഇത് കണ്ടോ....അയാൾ മുണ്ട് കൈ കൊണ്ട് നീക്കിയപ്പൊഴേക്കും അമ്മ വന്നു. ഞാൻ അമ്മയുടെ സാരിയുടെ പിറകിലൂടെ അയാളെ നോക്കി. മുണ്ട് വലിച്ച് ശരിയാക്കുകയാണ്. അമ്മ അയാളെ ചായ കുടിക്കാൻ ക്ഷണിച്ചു.
''ഓൾ അന്നെ എന്തേം ചെയ്തോ...വല്ല്യ വികൃത്യാ...ഓളച്ചന്റടുത്തും വെറ്തെരിക്കൂല...പൊറം കേറി നെരങ്ങും. സൂക്ഷിച്ചോട്ടൊ....'' അമ്മ ചിരിച്ചോണ്ട് പറഞ്ഞു.
അയാൾ എന്നെ കടുപ്പിച്ച് നോക്കി. ചായ കുടിക്കുന്നതിനിടെ കാ വറുത്തത് അയാൾ എെന്റ നേരെ നീട്ടി പിടിച്ചു. ഞാൻ വാങ്ങിയില്ല.
''ഓ പെണ്ണിനെന്തു പറ്റി? ഇയ്യ് മുണ്ടണ്ട...'' അച്ഛമ്മ പറഞ്ഞു.
അയാൾ പോയി... ഞാൻ നേരെ ബാത്റൂമിലേക്കോടി ദേഹത്തു കൂടെ വെള്ളം കോരി ഒഴിച്ചു. ഡെറ്റോൾ സോപ്പിട്ട് കാലൊക്കെ നന്നായി കഴുകി... ഡെറ്റോൾ സോപ്പിന് അണുക്കളെ കൊല്ലാൻ കഴിയുമെന്ന് ടീവീലുണ്ടായിരുന്നു. അമ്മ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അയാളുടെ ഭാഗ്യത്തിനെ കുറിച്ച് പറയായിരുന്നു അവർ.
''ഓള് ടീച്ചറാത്രെ. വല്ല്യ വീട്ടിലെ പെണ്ണും. ഓളെ അച്ഛൻ വല്ല്യ സ്കൂൾ മാനേജരും. ചെക്കന് എന്താ ഇത്ര വിദ്യാഭ്യാസം...പത്ത് കഴിഞ്ഞിക്ക്ന്ന്...അത്രന്നെ... ചെക്കന്റെ ഭാഗ്യം.''
''അനക്ക് വാവ്യേ വേണോ?'' അയാളുടെ ചോദ്യത്തെ കുറിച്ച് അമ്മയോട് ചോദിക്കണം. അല്ലെങ്കിൽ വേണ്ട. അമ്മ ദേഷ്യപ്പെടും...മീനൂച്ചിയോട് ചോദിക്കാം. മീനൂച്ചി കോളേജിലായതോണ്ട് അറിയുമായിരിക്കും.
ഞാൻ ചോദിച്ചത് ഇന്നും ഓർക്കുന്നു. മീനൂച്ചി ചിരിച്ചു...
''ഇയ് അയിനെ ആണുങ്ങളടുത്തൊന്നും പോണ്ടാ...അനക്ക് വാവ ഇണ്ടാവും.''
''ശരിക്കും ഇണ്ടാവോ? ലക്ഷ്മിചേച്ചീടെ വയറിലല്ലെ കുഞ്ഞാവ? ന്‍റെവയർ ചെറുതല്ലെ വാവ ഉണ്ടാവൂല.'' ഞാൻ കരഞ്ഞു. മീനൂച്ചി ഉറക്കെ ചിരിച്ചു.
''അല്ലെടി അന്റെ കുഞ്ഞി വയറ് വല്യതാവും...മെല്ലെ മെല്ലെ വല്യതായി വാവ അതിന്റാത്തിരുന്ന് കരയും. അപ്പോ ഞാൻ വരാട്ടൊ അതിനെടുക്കാൻ.''
പേടിച്ച് മുറിയിലേക്കോടി ഞാൻ വയറിനെ നോക്കി. എന്തൊരു കുഞ്ഞിയാണിത്. വാവ ഉണ്ടായി വയറ് വീർത്താൽ ഞാൻ എങ്ങനെ സ്കൂളിൽ പോകുമെന്നോർത്ത് ഉറങ്ങാതെ കരഞ്ഞിട്ടും ആരും കേട്ടില്ല. അപ്പുറത്ത് അച്ഛമ്മ നല്ല ഉറക്കമായിരുന്നു. അമ്മയും അച്ഛനും മുറിയിലും. ഞാൻ മെല്ലെ എഴുന്നേറ്റ് വയർ അടുത്തുണ്ടായിരുന്ന സ്റ്റൂളിൽ അമർത്തി. വാവ വേണ്ട. എനിക്ക് കളിക്കാനും പഠിക്കാനും പറ്റൂലാലോ...മാർക്ക് കിട്ടി സമ്മാനം വാങ്ങി സിന്ധൂനെ തോൽപ്പിക്കണം. അവൾടെ അഹങ്കാരം എനിക്കിഷ്ടല്ല...ടീച്ചർക്കും സിന്ധൂനെ ആണല്ലൊ ഇഷ്ടം. അങ്ങനിപ്പം വേണ്ട. ഇന്ന് പഠിക്കാനും കഴിഞ്ഞില്ല. ആ അയാൾ എല്ലാം ഇല്ലാതാക്കി. ഞാൻ വീണ്ടും കരഞ്ഞു.
കളിക്കാൻ പോവുമ്പോഴൊക്കെ ഞാൻ വെറുതെ എല്ലാരോടും ചോദിച്ചു.
''െന്‍റ വയറ് വലതായിണ്ടോ?''
''അെന്റ വയറിലെന്താ കോയിക്കുട്ടി ണ്ടോ? ണ്ടെങ്കില് ഇനിക്കും കൂടി തര്ണം പൊറത്തേക്കിര്മ്പൊ. ഞാനും കൊറേയായി വിചാരിക്ക്ണ് കോയിക്കുട്ടീനെ വാങ്ങണം ന്ന്. ഇയ്യ് തരാണെങ്കി പിന്നെ ആ പൈസ ഹജ്ജ് പെട്ടീലിടാലോ.''
സഫൂെന്റ ഉമ്മ പറഞ്ഞ് ചിരിച്ചു. ഞാൻ പേടിച്ച് കരഞ്ഞ് വീട്ടിലേക്കോടി. അമ്മയോട് പറഞ്ഞു.
''അമ്മെ െന്‍റ വയറില് വാവ ഉണ്ടോ? ഇനിക്കിപ്പൊ ഡോക്ടറെ കാണണം...''
അമ്മയും അച്ചമ്മയും ചിരിച്ചു.
''വാവ വല്യ ചേച്ചിമാർക്കല്ലേ ഉണ്ടാവാ...മോള് നാളെ സ്കൂളില് പോയാ മതി...ഡോക്ടറ്യൊന്നും കാണണ്ടാ...ഉറങ്ങിക്കൊ. െന്‍റ സുന്ദരിക്കുട്ട്യല്ലേ.''
അച്ഛമ്മ ഉറങ്ങാൻ കിടക്കുമ്പോൾ പറഞ്ഞു.
എന്നാലും വാവ വയറ്റിൽ ഉണ്ടോന്ന് ഞാൻ ദിവസവും പരിശോധിച്ചു. കാലുകളെ കുറിച്ച് ഞാൻ ആദ്യം പഠിച്ചത് അങ്ങനെയാണ്. എെന്റ കാലുകൾ വാവയേയും അയാളേയും ഓർമിപ്പിച്ചുകൊണ്ടിരുന്നു. അതാണ് ഇന്നും നന്നായി ആ ദിവസങ്ങളെ കുറിച്ച് ഞാൻ പറയുന്നത്.
രണ്ട്
''നിയമങ്ങളൊക്കെ വലിയ ഓട്ടകൾ ഒളിച്ചിരുന്ന് രൂപപ്പെട്ടതാണ്. ചെലപ്പോ ഓട്ട വലുതാവും. രക്ഷപ്പെടാം. ചെലപ്പോ അതടയും. ഒന്നും പറയാൻ കഴിയൂല ഇന്നത്തെ കാലത്ത്. മോളൂടെ ആത്മാവിനോട് പറഞ്ഞോളൂ.''
വക്കീൽ ഇത്രയും പറഞ്ഞൊപ്പിക്കാൻ പാടുപെടുന്നു. അമ്മ കണ്ണ് തുടച്ച് അച്ഛനെ നോക്കുന്നുണ്ട്. ഞാൻ ഹൃദയമാകുന്ന ആകാശത്തെ സ്ഥിരതാമസക്കാരിയായി. മണ്ണിനോട് ശരീരം ചേർത്തുവെച്ചപ്പോൾ തണുത്തിരുന്നു. ശരീരം വെറും മണ്ണും രക്തം വെള്ളവുമാണെന്ന് ആത്മാവിന് ബോധ്യമുള്ളിടത്തോളം എനിക്ക് വേദനിക്കില്ലല്ലോ. എെന്റ ശരീരത്തിന് മുകളിലെ മണ്ണിൽ സുഗന്ധത്തിനായി തുളസിയും ചന്ദനവും അമ്മ നടുമായിരിക്കും. മോളുടെ ഇഷ്ടങ്ങൾ അമ്മ മറക്കില്ലായിരിക്കും. ഞാൻ അച്ഛമ്മയോട് ഇടക്കിടെ അതേ കുറിച്ച് പറഞ്ഞു.
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എെന്റ കാലുകളെ വീണ്ടും ഇഷ്ടപ്പെട്ടത് അച്ഛമ്മ കാരണമാണ്. അതിൽ നിറയെ കുഞ്ഞു രോമങ്ങൾ...വെളുത്ത നിറം...തൊടാൻ നല്ല മിനുസവും.
''എടീ സുന്ദരിക്കുട്ട്യേ, നല്ല കടലമാവും തൈരും പൊരട്ടണം അെന്റ കാലിൽ...മഞ്ഞളും തേയ്ക്ക്...െന്‍റ കുട്ടീനെ കാണാൻ കാവിലെ ഭഗവതിനെപോലെണ്ടാവും.'' അച്ഛമ്മ കാലും നീട്ടി ഇരുന്ന് പറയും.
''ഇയ്യ് ഇത് കണ്ടോ...െന്‍റ കാലിലെ വട്ടച്ചൊറി...എത്ര കാലായീന്നൊ ഇതെെന്റ കാലില്. കൊറയും കൂടും...അെന്റ അച്ചാച്ചൻ മരുന്ന് കൊണ്ടത്തരൂല. ഒരീസം മുട്ടൻ അടിണ്ടാക്ക്യപ്പൊ മൂപ്പര് കൊണ്ടോന്ന്...വൈദ്യരെ പീട്യേന്ന് പറ്ഞ്ഞ് വാങ്ങീതാ...അത് തേച്ച് കൂടി...പഥ്യം ഇണ്ടായിരുന്നത്രെ...അെൻറ അച്ചാച്ചൻ അത് പറഞ്ഞതൂല്യ. പിന്നെ ഞാൻ മരുന്ന് അയിന്റോളില് തൊടൂലാന്ന് ഉഗ്രപ്രതിെജ്ഞട്ത്തു. അതാ ഇതിങ്ങനെ.''
അച്ഛമ്മയുടെ കാലിലേക്ക് നോക്കിയപ്പോൾ എനിക്ക് വിഷമം തോന്നി. അച്ഛനും അച്ചാച്ചനും വേണ്ടി ഓടി നടന്നിരുന്ന ഒരവയവം മാത്രമായി അത് മാറിയിരിക്കുന്നു. ആരും അതൊന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. അച്ഛമ്മപോലും. ഷുഗർ കാരണം മുറിവുണങ്ങാതെ പഴുത്തൊലിച്ച് കിടക്കുന്നു. നീലനിറമായിരുന്നു കാലിന്. ഒരു വശം കോടിയിട്ടുണ്ട്. ഡോക്ടറെ കാണിച്ചാൽ മുറിച്ചു കളയുമെന്ന് പേടിച്ച് അച്ഛമ്മ ഒരിക്കലും ഡോക്ടറെ കാണാൻ പോയിരുന്നില്ല. കാലുകളിലെ വിരലുകൾ തമ്മിൽ കൂട്ടികെട്ടി ചിതയിലേക്ക് കൊണ്ടുപോയപ്പോഴും അച്ഛമ്മയുടെ കാലുകൾ നോക്കി സ്ത്രീകൾ പറഞ്ഞു...
''ഇതെന്ത് കാല്...ആണ്മക്കൾ മാത്രായാൽ അതങ്ങ്നാ...അമ്മമാരെ ഡോക്ടറ്ടെ അടുത്തൂടെ കോണ്ടോവൂല. അമ്മമാരെ കാലൊന്നും ഓര് കാണൂല...പാവം കല്യാണ്യമ്മ...''
സത്യമാണത്....അല്ലെങ്കിലും സ്ത്രീകളുടെ അവയവങ്ങൾ അളന്നെടുക്കുവാനേ പുരുഷന് കഴിയൂ...അതിലൂടെ അവളുടെ മനസ്സിലേക്ക് തെളിച്ചത്തോടെ ആരെങ്കിലും നോക്കിയിട്ടുണ്ടോ, സ്പർശിച്ചിട്ടുണ്ടോ? എത്തിനോക്കുന്നവരുടെ പ്രതിബിംബങ്ങൾ ഏറ്റുവാങ്ങി ശാന്തമായി ഒഴുകുന്ന നദിയായി അവൾ സമുദ്രത്തിൽ പതിക്കും. കാലടയാളങ്ങൾ ബാക്കി വെക്കാൻ പോലും അവൾക്ക് അവകാശമില്ല.
എെന്റ മരണവും ആഘോഷിക്കപ്പെട്ടു. നേരത്തേ കേട്ടിരുന്ന അതേ വരികൾ ടി.വി യിൽ റിപ്പോർട്ടർ പറഞ്ഞു. പത്രങ്ങളിൽ ഒരേ സ്വഭാവത്തിലുള്ള തലക്കെട്ടുകൾ നിരന്നുനിൽക്കുന്നു.
എന്നെ ചിരിപ്പിച്ചത് വേറൊന്നായിരുന്നു. എെന്റ കൂടെ അച്ഛമ്മയും വലിയ വായിൽ ചിരിച്ചു. ഞങ്ങൾ അടുത്തടുത്താണല്ലോ കിടപ്പ്. അച്ഛമ്മ ആ റിപ്പോർട്ടറുടെ വീട്ടിലേക്ക് നോക്കിയിരുന്ന് ഞൊണ്ണ് കാട്ടി കാലാട്ടി അർമാദിച്ചു.
''മൃഗീയമായി ബലാത്സംഗം ചെയ്യപ്പെട്ട് പെൺകുട്ടി മരിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ പെൺകുട്ടിയെ മരിച്ച നിലയിൽ വയനാട്ടിലെ കാടിനകത്തായി ഒരു പാറപ്പുറത്താണ് കണ്ടെത്തിയത്. സംഭവം നടന്ന് ഒരു മാസമായിട്ടും പ്രമുഖർ ഉൾപ്പെട്ടതെന്നു കരുതുന്ന കേസിൽ പോലീസ് അന്വേഷണം എവിടെയുമെത്താത്ത സാഹചര്യത്തിലാണ് സി. ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങളുമായി കോഴിക്കോട് നിന്നും ബിപിൻ ചേരുന്നു.''
കോഴിക്കോട് നിന്നും ബിപിൻ തുടങ്ങി.
''വയനാട് കാടിനകത്ത് പെൺകുട്ടി കാമുകനോടൊപ്പം എത്തിയതാണെന്നാണ് കരുതുന്നത്. പെൺകുട്ടിയോടൊപ്പമുണ്ടായിരുന്നയാൾ ഒരു പ്രമുഖ കുടുംബത്തിലെ അംഗമായതിനാൽ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്ന മട്ടാണെന്ന് ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു.'' പിന്നെ സംസാരിച്ചത് എെന്റ പ്രിയപ്പെട്ട സുഹൃത്താണ്.
''അത് അപകടാണ്...ഓരന്നെ വേറെന്തിനെങ്കിലും നിർബന്ധിക്കും...അത് വേണ്ടെടീ...'' അന്നവൻ ആശങ്കയോടെ എെന്റ കാലിലേക്കും മുഖത്തേക്കും മാറി മാറി നോക്കി പറഞ്ഞൊപ്പിക്കാൻ പാടുപെടുന്നത് ഞാൻ കണ്ടതാണ്. അതുവരെ ഒരാണും എന്നെ അങ്ങനെ നോക്കിയിട്ടില്ല...കരുതലുള്ള ആ നോട്ടം ഞാൻ കണ്ടില്ലെന്ന് നടിക്കുകയായിരുന്നല്ലോ. അവരൊക്കെ എനിക്കായി സുരക്ഷിതമായൊരിടത്ത് ജോലി അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ഇന്നവൻ നിരാശയോടെയാണ് മൈക്കിനു മുന്നിൽ പറയുന്നത്.
''ഞങ്ങളുടെ രുക്കുവിന് കാമുകൻ ഇല്ലായിരുന്നു. നിങ്ങൾ പറഞ്ഞത് തെറ്റാണ്. ശരിയായ കാര്യം റിപ്പോർട്ട് ചെയ്യണം. അവൾ വീട്ടുകാരെ സഹായിക്കാൻ ജോലിക്ക് പോയവളാണ്. പതിനെട്ട് തികയാൻ മൂന്നു മാസം കൂടി ബാക്കി ഉണ്ടായിരുന്നെങ്കിലും വീട്ടിലെ ദാരിദ്ര്യം കാരണം അവളത് തെരഞ്ഞെടുത്തതാണ്. അവൾ ഫ്ലോർ മാനേജരായിരുന്നു. മിടുക്കിയായിരുന്നു. അവളൊരിക്കലും കാമുകെന്റ കൂടെ പോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. ഞങ്ങളൊക്കെ അവളുടെ കൂട്ടുകാരാണ്. ഇത് പോക്സോ കേസാണ്...പോലീസ് എന്തുകൊണ്ടാണ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തതെന്ന് വ്യക്തമാക്കണം. വലിയ നുണകളൊടൊപ്പമുള്ള ജീവിതം നിങ്ങൾക്ക് ബോറടിക്കുന്നില്ലേ...നിങ്ങളെങ്കിലും സത്യം പറയണം. പെരും നുണകളുടെ പ്രചാരണത്തിന് പണം തട്ടാൻ റേറ്റിങ് കൂട്ടാൻ നിങ്ങൾ കൂടി നുണയനാവുന്നതെന്തിനാണ്. നിങ്ങളുടെ ജീവിതം ഒരു നുണയാണോ? അതോ നിങ്ങൾ തന്നെ ഒരു വലിയ നുണയാണോ?''
ഞങ്ങളിൽ മൗനി അവനായിരുന്നു. മനസ്സിലെന്താണുള്ളതെന്ന് അവെന്റ കണ്ണുകൾ ഒരിക്കലും പറഞ്ഞിരുന്നില്ല. ഞാനും അവനെ ഭയപ്പെട്ടിരുന്നു. പ്രണയത്തെ എനിക്ക് ഭയമായിരുന്നു. അവെന്റ കണ്ണുകളിൽ ഞാൻ നോക്കിയിട്ടേയില്ല.
പാറപ്പുറത്ത് ഉപ്പിട്ട് കത്തിക്കാൻ ശ്രമിച്ച പാതിവെന്ത എെന്റ ശരീരത്തിൽ മാംസംപോലും ഇല്ലായിരുന്നു. ശരീരം നാട്ടുകാർ പോലീസിന് കാണിച്ച് കൊടുത്തത് മൂന്നു ദിവസം കഴിഞ്ഞാണ്. അവരെന്നെ തൂക്കി എടുത്തപ്പോൾ എെന്റ കണങ്കാലിലെ മാംസമാണ് ആദ്യം ഊർന്ന് താഴെ പോയത്. അതാരും പറയുന്നില്ല പക്ഷേ...
റിപ്പോർട്ടറുടെ വീട്ടിൽ അവെന്റ ഭാര്യ ചാനൽ കണ്ട് പിറുപിറുത്തു. ''നുണയൻ...ജീവിതത്തിലും ക്യാമറക്കു മുന്നിലും. ഇന്നലെ കൂടി അവളുടെ കൂടെ ഫ്ലാറ്റിൽ കിടന്നിട്ടാ വീട്ടിൽ വന്നത്. ഇന്നവൾ വായിക്കുന്നു. അവൻ റിപ്പോർട്ട് പറയുന്നു. ഭാര്യ പദവി ഒരു നാടകം തന്നെ.''
ഭാര്യയുടെ അപ്പുറത്തുള്ള ആൺസുഹൃത്തിനെയും അച്ഛമ്മ കാണിച്ചു തന്നു...''മോളേ ഒരു പെരും നുണയാണ് ജീവിതം. ഓരെത്ര ഗംഭീരമായി ജീവിക്ക്ന്ന്...പരാജയപ്പെടുന്നത് ഇമ്മളൊക്കെയാണ്..നേരിനെ വിശ്വസിക്കുന്നോര്. ഒരു സ്ത്രീ എത്ര ജീവിതം ജീവിക്കുന്നുവെന്ന് അനക്കറിയ്യോ. ആ ജീവിതങ്ങളെല്ലാം കൂടി മൊഖത്തോട് മൊഖം നോക്ക്യാ പോലും ഓര്ക്ക് പരസ്പരം മനസ്സിലാവൂല...അതുപോലാ ചെലപ്പോ ഈ ലോകത്തെ സംഭവങ്ങളൊന്നും അങ്ങോട്ടും ഇങ്ങോട്ടും പൊരുത്തപ്പെടൂലാ...ഓരൊക്കെ ജീവിക്കട്ടെ...ഇയ്യതൊന്നും ഓർക്കണ്ട െന്‍റ കുട്ട്യേ.''
മൂന്ന്
പത്താം ക്ലാസ് പരീക്ഷ എ പ്ലസ് വാങ്ങി ജയിച്ച് മരംകേറി പെണ്ണായി ലോകത്തെ വെല്ലുവിളിച്ച് കുതിക്കുന്നതിനിടെ അച്ഛമ്മ ഈ ലോകത്തുന്നേ പോയത് എന്നെ നിരാശപ്പെടുത്തിയിരുന്നു. അഞ്ച് കിലോമീറ്റർ ചുറ്റളവിലെ വലിയ കളിസ്ഥലമായിരുന്നു എന്റേത്. ആൺപിള്ളേര് എന്നെ കാണുമ്പോൾ ഒന്നുകിൽ മാറി നിന്നോ അല്ലെങ്കിൽ കൈ വീശി സൗഹൃദം അറിയിക്കുകയോ ചെയ്യുന്ന കാലം... കൂട്ടമായി കളിച്ച് തളർന്ന് സന്ധ്യക്ക് വീട്ടിൽ തിരിച്ചെത്തുമ്പോൾ അമ്മ മുറുമുറുക്കും...അച്ഛമ്മയും അച്ഛനും പ്രോത്സാഹനമായി കൂടെ നിന്നു. ആ സമയത്താണ് ബൈക്കിൽനിന്നും വീണ് അച്ഛൻ കിടപ്പിലായത്. അമ്മ ആരുടെയും കാര്യത്തിൽ ഇടപെട്ട് പിന്നീട് ഒന്നും സംസാരിച്ചിട്ടില്ല. എന്നോട് പോലും...അമ്മയും കണ്ണുകൾകൊണ്ട് എന്നെ ഭയപ്പെടുത്തി. പകലുകളെ അടുക്കളയിലും അച്ഛന്റരികിലുമായി അമ്മ തളച്ചിട്ടു. നടക്കാൻ മറന്നതുകൊണ്ടാണോ എന്നറിയില്ല...അമ്മയുടെ കാലിലെ ഞരമ്പിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചിരിക്കുന്നത്രെ. രക്തം അലിയുന്ന മരുന്ന് വാങ്ങണം...ആദ്യ ദിവസങ്ങളിൽ അച്ഛമ്മ ഷുഗറിെൻറ മരുന്നും അച്ഛെന്റ മരുന്നും വാങ്ങുന്നതിനിടെ അതിനും പണം തന്നു. പറമ്പിലെ തേങ്ങയും അടയ്ക്കായും അച്ചാച്ചെന്റ കുടുംബ പെൻഷനും ആയിരുന്നു അച്ഛമ്മയുടെ വരുമാനം. മരിക്കുന്ന ദിവസം രാവിലേയും അച്ഛമ്മ അതെടുത്ത് മരുന്ന് വാങ്ങി.
കിടപ്പിലായ അച്ഛെന്റ അടുത്ത് അച്ഛമ്മ മരിച്ചതോടെ അമ്മ ഇരിപ്പുറപ്പിച്ചു. അവര് ലോകത്തിനു കീഴിലെ മുഴുവൻ കാര്യങ്ങളും സംസാരിക്കുന്നതുപോലെ എനിക്ക് തോന്നും. പക്ഷേ വീഴ്ചയിൽ നട്ടെല്ല് തകർന്ന അച്ഛനും മൗനിയായ അമ്മയും ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നതല്ലാതെ ഞാൻ മറ്റൊന്നും കണ്ടില്ല. സർക്കാരുദ്യോഗസ്ഥനായ അച്ഛൻ ആറ് മാസത്തിനപ്പുറത്ത് വിരമിക്കേണ്ടതാണ്. അച്ഛൻ കൂട്ടിവെച്ച അവധികൾ ഈ വിധം ഉപകാരപ്പെട്ടല്ലോയെന്ന് വീട്ടിൽ കാണാനെത്തിയ സഹപ്രവർത്തകർ പറഞ്ഞു. മോൾക്ക് ആ ജോലി കിട്ടട്ടെയെന്ന് കാണാൻ വന്ന ബന്ധുക്കളിലൊരുത്തൻ എന്നെ നോക്കി പറഞ്ഞു. അമ്മ അയാളെ രൂക്ഷമായി നോക്കി. അയാൾ എെന്റ കാലുകളിലേക്ക് നോക്കിനിൽക്കുകയായിരുന്നു. ഞാൻ പാവാടയുടെ ഞൊറികൾ വിടർത്തി കാലുകൾ കൂടുതൽ കാണാനായി അയാൾക്ക് മുന്നിൽ വെച്ചു. അയാൾ ഞെട്ടലോടെ മുഖം തിരിച്ചു. ഇനി അവെന്റ മുമ്പിൽ ഞാൻ ആരാവുമെന്നോർക്കാനായി കുറേ മണിക്കൂറുകൾ തന്നെ മാറ്റിവെച്ചു. പുരുഷന്മാരെ പഠിക്കാൻ എനിക്ക് അത്രയേറെ ഇഷ്ടമായിരുന്നു.
''എനി ആ വല്ല്യ പറമ്പും തേങ്ങേം മാങ്ങേം അടയ്ക്കേം ഒക്കെ ഓൾക്കല്ലേ? ഓൾടെ ഭാഗ്യം...ആ പെണ്ണിെൻറ അഹങ്കാരം കണ്ടോ? എക്കെ നശിപ്പിക്കാൻ ഇതൊന്ന് മതി. ഇനി ഓെന്റ ജോലിം കൂടി കിട്ട്യാ എന്താ കഥ...ഓസിന് കിട്ടുന്ന സർക്കാർ ജോലിയല്ല്യൊ.'' ബന്ധുക്കൾ അടക്കം പറഞ്ഞു.
അച്ഛെന്റയും അമ്മയുടെയും മരുന്നും നാലു നേരത്തെ ഭക്ഷണവും എന്നെ നോക്കി ചിരിക്കാൻ തുടങ്ങി. എന്ത് ജോലിയും ചെയ്യാൻ തയാറായി എെന്റ ആൺ സുഹൃത്തുക്കളെ ഞാൻ സമീപിച്ചത് അങ്ങനെയാണ്. വെളുത്തു തുടുത്ത ഞാൻ അങ്ങനെ എന്തെങ്കിലും ജോലിക്ക് പോകരുതെന്ന് അവരിൽ ചിലർ പറഞ്ഞു. അവരൊക്കെ എനിക്കായി സുരക്ഷിതമായൊരിടത്ത് ജോലി അന്വേഷിക്കുന്നതിനിടെയാണ് അച്ഛെന്റ ഒരു സുഹൃത്ത് വഴി അമ്മ മറ്റൊരു മൊബൈൽ കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലി ശരിയാക്കിയത്. എെൻറ ചന്തി വരെ എത്തുന്ന മുടി ഭംഗിയാക്കി ഇസ്തിരിയിട്ട പോലെ ഒതുക്കി എടുത്തു. ലിപ്സ്റ്റിക്കും കണ്മഷിയും എഴുതി മോഹിനിയെ പോലെ നിന്ന് ഉപഭോക്താക്കളെ സ്വീകരിച്ച് അതാത് സീറ്റുകളിലേക്ക് അയക്കുക എന്നതായിരുന്നു ജോലി. അത് ഞാൻ നന്നായി ചെയ്തു. കമ്പനിയുടെ ലാഭത്തിനനുസരിച്ച് കമീഷനും കിട്ടി.
ഒരു മാസംകൊണ്ട് അവിടത്തെ ഓരോ സഹപ്രവർത്തകനും സഹപ്രവർത്തകയും എെന്റ പ്രിയപ്പെട്ടവരായി. എെൻറ ഫോണിന് വിശ്രമമില്ലാതായി. നാട്ടുകാരും ബന്ധുക്കളും എെന്റ മാറ്റം കണ്ട് പിറുപിറുക്കുമെന്ന ആചാരവും പാലിക്കപ്പെട്ടു. സ്ഥിരം കസ്റ്റമേഴ്സിന് നേരിട്ട് വിളിക്കാൻ ഞാൻ തന്നെ സ്വാതന്ത്ര്യം നൽകി.
അങ്ങനെയാണ് അതു വഴിയാണ് ഞാൻ പാറപ്പുറത്തെ ചാരമായത്. പോസ്റ്റ്മോർട്ടം ടേബിളിൽ എന്നെ കീറിമുറിക്കുന്ന ഡോക്ടർ എെൻറ കാലുകൾക്കിടയിൽ നിന്നും എന്തൊക്കെയോ തോണ്ടി എടുത്തു. തെളിവാണത്രെ...അവെന്റ ബീജത്തിെൻറ തെളിവ്.
എനിക്ക് ചിരി പൊട്ടിയിട്ടാണ് അവിടെ നിന്നും ഓടിരക്ഷപ്പെടാൻ ഞാൻ ശ്രമിച്ചത്. ഓടുന്നുവെന്നത് എെന്റ സങ്കൽപം മാത്രമായിരുന്നു. എെന്റ കണങ്കാലിലെ മാംസം ആദ്യമേ ഊർന്ന് താഴെ പോയിരുന്നുവല്ലോ...കാലിനിടയിലെ അഭ്യാസത്തിനു ശേഷം അവെന്റ ബീജം വീണത് അവിടെയാണ്...എെൻറ കണങ്കാലിൽ. അവൻ ബുദ്ധിമാനായിരുന്നു. അവൻ ആദ്യം തീ കൊളുത്തിയതും കാലിന് തന്നെ...
അവൻ എനിക്ക് ആരുമായിരുന്നില്ല. കൂടുതൽ മെച്ചപ്പെട്ട മറ്റൊരു തൊഴിൽ വാഗ്ദാനം ചെയ്ത കസ്റ്റമർ. അവെന്റ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നാത്തതിനാൽ അവെന്റ കാറിൽ അവനോടൊപ്പം നഗരത്തിലെ തന്നെ മറ്റൊരു കമ്പനിയിലേക്ക് വന്നതായിരുന്നു. കാറിൽവെച്ച് ഞാൻ പക്ഷേ ബോധം നഷ്ടപ്പെട്ടവളായി. അവൻ മുഖത്തേക്ക് എന്തോ തളിച്ചത് ഓർമയുണ്ട്. പിന്നെ ഞാൻ ഒരു കാട്ടിലായിരുന്നു. അവൻ എെന്റ കാലുകളെ ചുംബിക്കുകയായിരുന്നു. എനിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. കൈകൾ വരിഞ്ഞ് മുറുക്കിയിരുന്നു. ഞാൻ അലറി. എനിക്ക് വേദനിക്കുന്നു...ദാഹിക്കുന്നു...കാലുകൾ ഒതുക്കി അമർത്തി വെക്കാൻ തോന്നുന്നു. അവൻ കീറിമുറിക്കുന്നതിനനുസരിച്ച് എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. എന്തോ വലിയ ആയുധം അകത്തേക്ക് ഭേദിക്കപ്പെടുന്നത് പോലെ...ഞാൻ കണ്ണുകൾ മുകളിലോട്ടാക്കി...അവിടെ അപ്പോഴും ആകാശം ഉണ്ടായിരുന്നു. വൃക്ഷത്തലപ്പുകൾ ഉണ്ട്... അവസാനം അവൻ കാലുകളിൽ തന്നെ അവസാനിപ്പിച്ചപ്പോൾ പക്ഷേ ഞാൻ അവിടെയൊന്നും ഇല്ലായിരുന്നു. എെന്റ പ്രതികരണം അവൻ ഇഷ്ടപ്പെട്ടില്ല...അങ്ങനെയാവണം ശബ്ദം അവസാനിപ്പിച്ച് ഉപ്പ് വിതറി അവൻ പോയത്.
അച്ഛമ്മ ഒരു മുതിർന്ന സ്ത്രീയായി എെന്റ മുന്നിൽ നിന്നു. കാലുകൾ വെളുത്തിരിക്കുന്നു. അത് അവരുടെ രണ്ടാം ജന്മമായിരുന്നു. ഞാൻ ഒരു വൃക്ഷമായി മാറി. എെന്റ ശിഖരങ്ങളിൽ അച്ഛമ്മ ഊഞ്ഞാൽ കെട്ടി ആടി തിമിർത്തു. കാലുകൾ നോക്കി അവരുടെ പുരുഷൻ നെടുവീർപ്പിട്ടു. കൂടണയുന്ന കിളികൾക്കായി വൃക്ഷത്തലപ്പുകൾ വിരിച്ച് സൂര്യനസ്തമിക്കും വരെ ഞാൻ കാത്തിരുന്നു. കിളികളുടെ ഈണങ്ങളുടെ ഊർജത്തിൽ ഞാൻ വേരുകൾ മണ്ണിലേക്കാഴ്ത്തി. അങ്ങനെയാണ് ഞാൻ മരണത്തിൽനിന്നും മുന്നോട്ട് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.