ചിത്രീകരണം:  സലീം റഹ്മാൻ

സിനിമയെ അണിഞ്ഞവൾ -കഥ വായിക്കാം

ഞങ്ങളുടെ ഗ്രാമത്തിലോ ചുറ്റുവട്ടത്തോ ഒരൊറ്റ സിനിമാ തിയേറ്റര്‍പോലുമുണ്ടായിരുന്നില്ല. ഏറ്റവും അടുത്തുള്ള ഓല മേഞ്ഞ മൂന്ന് ടാക്കീസുകള്‍ പത്ത് കിലോമീറ്ററപ്പുറമായിരുന്നു. എന്നിട്ടും ഗ്രാമത്തിലെപ്പോഴും സിനിമ നിറഞ്ഞുനിന്നിരുന്നു. റേഡിയോയിലെ ചലച്ചിത്ര ഗാനങ്ങളിലും ശബ്ദരേഖകളിലും മാത്രമല്ല, ആളുകളുടെ സംസാരത്തിലും നടത്തത്തിലും രൂപത്തിലുമൊക്കെ സിനിമ ഗ്രാമത്തിലൂടെ അദൃശ്യമായി സാന്നിധ്യമറിയിച്ചിരുന്നു. സിനിമ എല്ലാ കാലത്തും ആളുകളെ ആവേശം കൊള്ളിച്ചു. ആണും പെണ്ണും കുട്ടികളുമെല്ലാം സിനിമയെ മാന്ത്രികമായൊരു അനുഭവമായിട്ടായിരുന്നു മനസ്സില്‍ കൊണ്ടുനടന്നിരുന്നത്.

ഏതോ ഒരു കാന്തവലയത്തിലകപ്പെട്ടപോലെ ഭൂരിഭാഗം ആളുകളും ആരാധിച്ചിരുന്നത് ജയനെ ആയിരുന്നു. ജയന്റെ ഗംഭീരമായ ശബ്ദത്തിലും ശരീരത്തിലും അതിരുകവിഞ്ഞ സാഹസികതയിലും സ്വന്തം തൃഷ്ണകളെ അവര്‍ ശമിപ്പിച്ചു. ജയന്റെ മരണശേഷവും ഒത്തിരി കാലം ആ താരാരാധന നിലനിന്നിരുന്നു. ഷോളാവാരത്തെ എയര്‍സ്ട്രിപ്പില്‍ വെച്ച് ഹെലികോപ്റ്ററില്‍നിന്ന് വീണ് ജയന്‍ മരിക്കുമ്പോള്‍ എന്റെ അച്ഛനും അമ്മയും കരിമ്പനയിലെ ജയനേയും സീമയേയും പോലെ പ്രണയിച്ച് നടക്കുകയായിരുന്നു. ജയന്റെ ഓര്‍ക്കാപ്പുറത്തെ വീഴ്ച്ചയുടെ ആഘാതം ഗ്രാമത്തിലുണ്ടാക്കിയ ഓളങ്ങള്‍ ഏറെ കഴിഞ്ഞാണ് അടങ്ങിയത്. അതവസാനിച്ചപ്പോളാണ് അമ്മമ്മ പറഞ്ഞത്:

"ഹും. പഞ്ഞന്‍ ഓളെ കൊണ്ടോണ കാലത്ത് ഞാന്‍ കൈയിന്റെ ഉള്ളനടീന്ന് മുടി പറിച്ച് തെരും."

പുഴയിലേക്ക് തിരുമ്പിക്കുളിക്കാന്‍ വന്ന പെണ്ണുങ്ങളോടായിരുന്നു അമ്മമ്മയുടെ വീമ്പടി.

എന്തായാലും പഞ്ഞന്‍ ഓളെ കൊണ്ടോയി. ഞാന്‍ ജനിച്ചു. അതിന് ശേഷമാണ് പിണക്കമൊക്കെ അവസാനിപ്പിച്ച് അമ്മമ്മ വന്നത്. മുടി മുളയ്ക്കാത്ത അതേ ഉള്ളംകൈ കൊണ്ട് മകനെയെന്നപോലെ അമ്മമ്മ അച്ഛനെ തലോടി. എനിക്ക് ചോറ് വാരി തന്നു. കുടുംബങ്ങള്‍ ഒന്നിച്ചതിന്റെ സന്തോഷത്തില്‍ എല്ലാവരും 'കോളിളക്കം' കാണാനും പോയി. ഇങ്ങനെയൊക്കെതന്നെയാവണം ഇവിടുത്തെ ഓരോ കുഞ്ഞിനും നന്നേ ചെറുപ്പത്തിലേ മുലപ്പാല്‍പോലെ സിനിമ പോഷകമായത്. അതുകൊണ്ടാവും നടപ്പിലും എടുപ്പിലുമൊക്കെ അറിഞ്ഞോ അറിയാതെയോ ആളുകള്‍ക്കിടയില്‍ സിനിമ കയറിവന്നിരുന്നത്.

എല്ലാ കാര്യത്തിലുമെന്നപോലെ സിനിമയെ അനുകരിക്കുന്നതിലും ആണുങ്ങള്‍ക്കായിരുന്നു ഗ്രാമത്തില്‍ ഇത്തിരി മേല്‍ക്കോയ്മ. വേഷവും ഹെയര്‍സ്‌റ്റൈലുമൊക്കെയായി ഗ്രാമം മുഴുവന്‍ ജയന്റെ പ്രതിരൂപങ്ങള്‍ ചലിക്കുന്ന സിനിമാപോസ്റ്ററുകള്‍പോലെ നിറഞ്ഞുനിന്നിരുന്നു. ജയന്റെ ഒരൽപം നീട്ടിയുള്ള, മുഴക്കമുള്ള ശബ്ദത്തിന്റെ പ്രതിധ്വനി ഒരു ടാക്കീസിനകത്ത് നിന്നെന്നപോലെ എപ്പോള്‍ വേണമെങ്കിലും ഉയര്‍ന്ന് കേള്‍ക്കാമായിരുന്നു. പഞ്ച് ഡയലോഗുകളും സംഘട്ടനരംഗങ്ങളും അവര്‍ പലപ്പോഴും സ്വന്തം ജീവിതത്തില്‍ പ്രയോഗിച്ച് കുറച്ച് നേരത്തേക്കെങ്കിലും താരപരിവേഷത്തില്‍ അഭിരമിച്ചിരുന്നു. വല്ലപ്പോഴും നടക്കുന്ന കല്യാണങ്ങളില്‍ പുള്ളിസാരിയും ധരിച്ച്, ചെന്നിയില്‍നിന്ന് പകുത്ത് ചെരിച്ച മുടികെട്ടലിലും അതില്‍ തിരുകിവെക്കുന്ന വലിയൊരു പൂവിലും ഒതുങ്ങും പെണ്ണുങ്ങളുടെ അനുകരണങ്ങള്‍.


ഗ്രാമത്തിലെ പ്രണയങ്ങളൊക്കെ ഒളിച്ചോട്ടങ്ങളില്‍ കലാശിക്കാറുള്ളതിനാല്‍ വളരെ അപൂർവമായേ വിവാഹങ്ങള്‍ നടക്കാറുള്ളൂ. ഒളിച്ചോടിയവരെല്ലാം ഒരു കുഞ്ഞിനെ പെറ്റതിന് ശേഷമോ അതിന് മുന്‍പോ കുടുംബങ്ങളുമായി രമ്യതയിലാകുന്നതിനാല്‍ പ്രത്യേകിച്ചാരും ​േപ്രാത്സാഹിപ്പിക്കാതെതന്നെ പാലത്തിന്റെയരികിലും പുഴയോരത്തെ കണ്ടലുകള്‍ക്കു മറവിലുമൊക്കെയായി ധാരാളം പ്രണയങ്ങള്‍ തളിര്‍ത്തു. ഉന്മേഷമൊന്നുമില്ലാതെ വരണ്ടു കിടന്നിരുന്ന ഗ്രാമത്തിന് ഇത്തരം പ്രണയങ്ങളും ഒളിച്ചോട്ടങ്ങളും ഉണ്ടാക്കുന്ന ഉണർവ്​ ചില്ലറയൊന്നുമായിരുന്നില്ല.

എനിക്കോർമ വെച്ചതിന് ശേഷം ഗ്രാമത്തില്‍ മര്യാദക്കൊരു കല്യാണം നടന്നത് രാജേട്ടന്റെ കല്യാണമായിരുന്നു. അത് ഞങ്ങളെല്ലാവരും ശരിക്കുമാഘോഷിക്കുകതന്നെ ചെയ്തു. പാട്ടും ആട്ടവും ശബ്ദരേഖകളുമൊക്കെയായ് തലേ ദിവസത്തെ തേയിലസല്‍ക്കാരം കുറേ കാലം ഓർമയില്‍ തങ്ങിനില്‍ക്കുന്ന ഒന്നായിരുന്നു. ട്യൂബ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ ഗ്രാമം മുഴുവനും ഏറെക്കാലത്തിന് ശേഷം ഒരിടത്തൊരുമിച്ചു. വിലക്കുകളില്‍ കുടുങ്ങിക്കിടന്നിരുന്ന കമിതാക്കള്‍ വെളിച്ചത്തില്‍നിന്ന് മാറി സ്വകാര്യസംഭാഷണങ്ങളിലേര്‍പ്പെട്ടു. അവരെ തിരക്കി നടക്കുന്ന അച്ഛനമ്മമാരുടെ വിയര്‍ത്ത മുഖങ്ങളും കണ്ടു.

രാജേട്ടന്‍ കെട്ടിയത് ദൂരെ ഓവൂരെന്ന സ്ഥലത്ത് നിന്നായിരുന്നു. ശാരി എന്നായിരുന്നു അവരുടെ പേര്. ഞാന്‍ ജീവിതത്തില്‍ കണ്ടതില്‍െവച്ചേറ്റവും സുന്ദരി. ഒത്തിരി അകലെയുള്ള ഞങ്ങളുടെ കുഗ്രാമത്തിലേക്ക് അവിചാരിതമായി പറിച്ചുനട്ടതിന്റെ അമ്പരപ്പ് മാറിയപ്പോള്‍ ഇവിടെ അവര്‍ക്കോര്‍ത്ത് വെക്കാനുള്ള ഒരേയൊരിഷ്ടം ആളുകളുടെ സിനിമാക്കമ്പവും ഞാനും മാത്രമായിരുന്നുവെന്ന് അവരെന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോളിവിടെ എനിക്കും ഓര്‍ത്ത് വെക്കാനുള്ള ഒരേയൊരിഷ്ടം ശാരിചേച്ചി മാത്രമാണ്.

ഇവിടെയുള്ളവരെപോലെ തന്നെ നന്നേ ചെറുപ്പത്തിലേ ചേച്ചിക്കും സിനിമ ജീവനായിരുന്നു. അമ്മമ്മയുടെ കൈപിടിച്ച് സിനിമാ ടാക്കീസില്‍ പോയിരുന്ന കഥകളൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് എന്നോട് പറയുമായിരുന്നു. മടുപ്പില്ലാതെ ഞാനത് കേള്‍ക്കുമായിരുന്നു. എല്ലാവരേയുംപോലെ തന്നെ ശാരിചേച്ചിക്കും ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ജയനായിരുന്നു. എല്ലാവരും ജയന്റെ പൗരുഷത്തെ ആരാധിച്ചപ്പോള്‍ ചേച്ചി ജയന്റെ മുഖത്തെ നിഷ്‌കളങ്കതയെ ആയിരുന്നു ഇഷ്ടപ്പെട്ടത്. ആ നിഷ്‌കളങ്കത ചേച്ചിയുടെ കണ്ടെത്തലായിരുന്നു.

ജയന്റെ ഇരുപത്തിയൊന്നാം ചരമദിനത്തിന് ഗ്രാമത്തിലെ പഴയകാല ആരാധകരെല്ലാം ചേര്‍ന്ന് ഒരു ജയന്‍ ഫെസ്റ്റിവല്‍ നടത്തിയിരുന്നു. ഇപ്പോള്‍ അരി ഗോഡൗണ്‍ നില്‍ക്കുന്ന അന്നത്തെ വെളിമ്പറമ്പില്‍ പ്രൊജക്ടറൊക്കെ​െവച്ച് ഒരാഴ്​​ച നീണ്ടുനിന്ന ഒരു ഫിലിം ഫെസ്റ്റിവലായിരുന്നു അത്. അങ്ങാടിയും മൂര്‍ഖനും കരിമ്പനയുമൊക്കെയായി ജയന്‍ ആദ്യമായി ഞങ്ങളുടെ നാട്ടില്‍ വന്ന് ഞങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. ജയന്റെ മരണം അംഗീകരിക്കാനുള്ള വൈമനസ്യംകൊണ്ടാവണം സംഘാടകര്‍ മനഃപൂർവം കോളിളക്കത്തിനെ ഉള്‍പ്പെടുത്താതിരുന്നത്. ശാരിചേച്ചിയെ ഏറ്റവും കൂടുതല്‍ സന്തോഷവതിയായി കണ്ടത് ആ ദിവസങ്ങളിലായിരുന്നു.

"നോക്കെടാ കുട്ട്യേളെപോലെ ഇല്ലേ ആ മൊകം" - ജയന്‍, കസ്തൂരി മാന്‍മിഴി മലര്‍ശരമെയ്തു എന്ന് പാടുമ്പോള്‍ ചേച്ചി എന്നെ തോണ്ടി അടക്കം പറഞ്ഞു. സ്‌ക്രീനില്‍ ജയന്‍ ചിരിക്കുമ്പോളൊക്കെ ശാരിചേച്ചി സീമയെപോലെ നിര്‍വൃതി പൂണ്ട് കണ്ണുകളടച്ചു.

ചെറുപ്പം മുതലേ അമ്മമ്മയായിരുന്നത്രേ ചേച്ചിയെ സിനിമകള്‍ കാണാന്‍ കൊണ്ടുപോയിരുന്നത്. ബന്ധുവീട്ടിലേക്കാണെന്ന് പറഞ്ഞ് അവര്‍ പോയിരുന്നതെല്ലാം സിനിമകള്‍ കാണാനായിരുന്നു. അമ്മമ്മയുടെ മരണമാണ് ചേച്ചിയെ സിനിമകളില്‍നിന്നകറ്റിയത്. പെ​ട്ടെന്നുള്ള വിവാഹം സിനിമാ ടാക്കീസുകളിലേക്കുള്ള പ്രവേശനം എന്നെന്നേക്കുമായി വിലക്കുകയും ചെയ്തു. എങ്കിലും മറ്റൊരു നാട്ടിലുമില്ലാത്ത സിനിമാപ്രാന്തന്മാര്‍ക്കിടയിലേക്ക് വിവാഹം കഴിച്ചയക്കപ്പെട്ടത് മരിച്ചുപോയ സിനിമാതാരങ്ങളുടേയും അമ്മമ്മയുടേയും പ്രാർഥനകൊണ്ടായിരിക്കുമെന്ന് ചേച്ചി പലപ്പോഴും തമാശയായി പറയാറുണ്ടായിരുന്നു. ഒരനുകരണവുമില്ലാതെതന്നെ സിനിമയെ ആത്മാവിലണിഞ്ഞത് ശാരിചേച്ചി മാത്രമാണെന്ന് എനിക്കുറപ്പിച്ച് പറയാന്‍ പറ്റും. ഒരു സിനിമപോലെയായിരുന്നില്ല അവരുടെ ജീവിതം. ചേച്ചിതന്നെ ഒരു സിനിമയായിരുന്നു. സിനിമാസ്‌കോപ്പില്‍ ചിത്രീകരിച്ച് 16 MM ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഭാഗ്യംകെട്ട ഒരു സിനിമ.

''മാരനെ കണ്ടാല്‍ മയിലെണ്ണ തേക്കും പാറ'' എന്ന് പാടിക്കൊണ്ട് സില്‍ക്ക് സ്മിത മോഹന്‍ലാലിനെ ചവിട്ടിത്തിരുമ്മിയ കാലത്താണ് അത്ഭുതപ്പെടുത്തുന്ന ഒരു വാര്‍ത്തയുംകൊണ്ട് കുപ്പിവളക്കാരന്‍ ഗ്രാമത്തിലെത്തിയത്. അയാള്‍ വില്‍ക്കാന്‍ കൊണ്ടുവരുന്ന വളകളെല്ലാം സിനിമകളുടെ ഫിലിം ഉരുക്കി ഉണ്ടാക്കുന്നതാണത്രേ. പാട്ടുകെട്ടുന്ന പാണനെപോലെ വഴിനീളെ അയാളത് പാടി നടന്നു. ആദ്യം ആരുമത് വിശ്വസിച്ചില്ല. വളകള്‍ വിറ്റുപോവാനുള്ള അയാളുടെ സൂത്രമാണെന്ന് പറഞ്ഞ് ആണുങ്ങളത് തള്ളിക്കളഞ്ഞു. പക്ഷേ, അയാളുടെ പക്കല്‍ തെളിവുണ്ടായിരുന്നു. ഏതോ സിനിമാ വാരികയില്‍നിന്നും ചീന്തിയെടുത്ത ഒരേട് അയാള്‍ പോക്കറ്റില്‍നിന്നെടുത്ത് ഉയര്‍ത്തി കാട്ടി. ഓടിത്തളര്‍ന്ന്, കണ്ട് കണ്ട് ചണ്ടിയായ സിനിമകളുടെ ഫിലിമുകള്‍ സംരക്ഷിക്കപ്പെടാതെ നിസ്സാരമായി കുപ്പിവളകളുണ്ടാക്കാന്‍ തൂക്കിവില്‍ക്കുന്നതിന്റെ ഖേദപ്രകടനം നിറഞ്ഞ ഒരു ലേഖനമായിരുന്നു അത്.

"ഹും. അയാളത് നേരെ പെണ്ണുങ്ങളോട് തന്നെ പോയി പറഞ്ഞ്."

ആണുങ്ങളുടെ സങ്കടമതായിരുന്നു.

"കുപ്പിവളകള്ട്ടാല് ഓരെ കെട1 കൊറച്ച് കൂട്തലാണ്."

അങ്ങനെയൊരു സംസാരം ആണുങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ഇനി ഈ വാര്‍ത്ത കേട്ടാല്‍ അവര്‍ നിലത്ത് നില്‍ക്കില്ല. സിനിമകളെയാണ് തങ്ങള്‍ കൈകളില്‍ അണിയുന്നതെന്ന കാര്യം അവരെ ആകാശത്തോളം ഉയര്‍ത്തുക മാത്രമല്ല ആണുങ്ങളെ നിലംപരിശാക്കുകയും ചെയ്യും. അതായിരുന്നു അവരുടെ ആശങ്കയുടെ കാരണം.

കുപ്പിവളകളെ സംബന്ധിക്കുന്ന രഹസ്യം പറഞ്ഞപ്പോള്‍ ശാരിചേച്ചിയും അതിശയിച്ചു. അക്കാര്യം ഏറ്റവും ഒടുവിലായി അറിഞ്ഞത് ചേച്ചിയായിരിക്കണം. അതങ്ങനെയാണ്. എന്തുകാര്യവും ഞാന്‍ പറഞ്ഞാണ് ചേച്ചി അറിയുക. രാജേട്ടന്‍ പുറത്ത് പോയാലും ഒരു കണ്ണ് വീട്ടിലേക്ക് തുറന്ന് വെച്ചിരിക്കും. ആ ഒറ്റക്കണ്ണ് എപ്പോഴും ചേച്ചിയെ പിന്തുടര്‍ന്നിരുന്നു. അതിന്റെ നോട്ടത്തെ ചേച്ചിയെപ്പോളും ഭയപ്പെട്ടു. ഇണയാണെങ്കിലും സ്വന്തം ചിന്തകള്‍കൂടി കവര്‍ന്നെടുക്കുന്നതിനേക്കാള്‍ ഭീകരമായെന്തുണ്ട്.

രാജേട്ടനെ ചേച്ചി എന്തിനാണിത്ര ഭയപ്പെടുന്നതെന്ന് എനിക്ക് ആദ്യമൊന്നും മനസ്സിലായിരുന്നില്ല. രാജേട്ടന്റെ ഒറ്റക്കണ്ണ് മാത്രമല്ല മറ്റനേകം കണ്ണുകളും ചേച്ചിയെ പിന്തുടരുന്നുണ്ടെന്ന് പിന്നീടാണ് മനസ്സിലായത്. ചീട്ടുകളി സ്ഥലത്തും ചാരായം വാറ്റുന്നിടത്തുമൊക്കെയായ് ആ കണ്ണുകള്‍, കാണാത്ത കഥകള്‍ പറഞ്ഞു പരത്തി. കള്ളക്കാമുകന്മാരുടെ കള്ളക്കഥകള്‍ പലതും രാജേട്ടനും കേട്ടിരുന്നു. അതയാളെ അസ്വസ്ഥനാക്കി. അത്രകാലം എല്ലാവരേയുംപോലെ സിനിമാച്ചൂടില്‍ നടന്നിരുന്ന രാജേട്ടന്‍ പെ​ട്ടെന്നൊരു ദിവസം സിനിമയെ വിട്ട് വാറ്റുചാരായത്തിന്റെ ചൂടില്‍ അഭയം തേടുകയായിരുന്നു. ശാരിചേച്ചിയുടെ ലോകം ഒരു കഷ്ണം ഫിലിമിനോളം ചെറുതായി. അവരുടെ തിരശ്ശീലയില്‍ മാറാല പടര്‍ന്നു.

"സത്യാണോടാ ഇജ്ജ് പറയണത്?" - ശാരി ചേച്ചി വിശ്വാസം വരാത്തപോലെ ചോദിച്ചു.

"ഞാന്‍ ചേച്ചിനോട് എന്നെങ്കിലും നൊണ പറഞ്ഞിട്ട്ണ്ടാ?"

അത് സത്യമായിരുന്നു. ഏറ്റവും ചുരുങ്ങിയത് ഞാന്‍ ചേച്ചിയുടെ മുമ്പിലെങ്കിലും സത്യവാനായിരുന്നു.

"ഇനിക്കും വേടിച്ചൊണ്ട്രാ?" - ചേച്ചി അകത്ത് പോയി കാശെടുത്ത് കൊണ്ടുവന്ന് എനിക്ക് നീട്ടി. അതിന് മുമ്പൊരിക്കലും കുപ്പിവളകളോട് ചേച്ചിക്കത്ര ഭ്രമമുള്ളതായി ഞാന്‍ കണ്ടിട്ടില്ല.

"ഏത് കളറ്?"

"അനക്ക് ഇഷ്ടള്ള കളറ് വേടിച്ചോ" ​

പച്ചയായിരുന്നു എനിക്കിഷ്ടം.

ഞാന്‍ വളക്കച്ചോടക്കാരനെ തിരഞ്ഞിറങ്ങി. വഴിയിലെവിടെയും അയാളെ കാണാനേയില്ലായിരുന്നു. പക്ഷേ, വളകിലുക്കങ്ങള്‍ ധാരാളമായി കേട്ടു. ഇരുകൈകളിലും സിനിമകളെ അണിഞ്ഞ് കിലുക്കി രസിക്കുകയായിരുന്നു പെണ്ണുങ്ങള്‍. ചെറിയ കുട്ടികള്‍ മുതല്‍ വയസ്സത്തികള്‍വരെ വളയിട്ട് കണ്ടത് അന്നായിരുന്നു. ആ വളകിലുക്കങ്ങള്‍ പിന്തുടര്‍ന്ന് ഞാന്‍ നടന്നു. അവസാനം ഗ്രാമത്തിന് വെളിയിലേക്ക് കടക്കുന്ന മരപ്പാലത്തിന് മുകളില്‍ ഞാനയാളെ കണ്ടെത്തി. കാക്കി നിറമുള്ള സഞ്ചി തോളില്‍ തൂക്കി ഒരു മാന്ത്രികനെപോലെ അയാളെന്റെ കാഴ്​ചയില്‍നിന്ന് മറയാന്‍ തുടങ്ങുകയായിരുന്നു. ഞാന്‍ പിറകില്‍ നിന്നയാളെ കൂക്കി വിളിച്ചു. അയാള്‍ തിരിഞ്ഞു നോക്കി. ഞാനൊരു കുതിപ്പിന് മുന്നിലെ കൈത്തോടുകള്‍ക്ക് മീതെ കൂടി പറന്ന് അയാളുടെ അരികിലെത്തി. ചേച്ചി തന്ന പത്തുരൂപ നോട്ട് അയാള്‍ക്ക് നീട്ടി.

"പച്ചക്കളറ്"- ഞാന്‍ പറഞ്ഞു.

"പറയ്ണ കളറൊന്നും ണ്ടാകൂലെടാ. എല്ലാം തീര്‍ന്ന്"- അയാള്‍ സഞ്ചി തുറന്നു.

അയാള്‍ പറഞ്ഞത് ശരിയായിരുന്നു. ഇത്തിരി വളകളേ അയാളുടെ സഞ്ചിയിലുണ്ടായിരുന്നുള്ളൂ. നിറപ്പകിട്ടുള്ളതൊന്നും അതിലില്ലായിരുന്നുതാനും. എല്ലാം പെണ്ണുങ്ങള്‍ വാങ്ങി തീര്‍ത്തു. അത്ര രസമില്ലാത്ത, മങ്ങിയപോലുള്ള കുപ്പിവളകള്‍ക്കിടയില്‍നിന്നും ഭംഗിയുള്ളത് കണ്ടെത്താനാവാതെ ഞാന്‍ കുഴങ്ങി. അവസാനം ഉള്ളതില്‍ നല്ലതെന്ന് തോന്നിയ നരച്ച നീല ഞാന്‍ തിരഞ്ഞെടുത്തു.

"ആര്ക്കാണ്ടാ ഇത്?" - അയാളന്വേഷിച്ചു.

"ശാര്യേച്ചിക്ക്."

"ശാര്യേച്ചി?" - അയാള്‍ സംശയിച്ച് എന്നെ നോക്കി.

"അത് രാജന്റെ പെണ്ണല്ലേ? സില്‍ക്ക് സ്മിതേന്റെ പോലത്തെ?"

അയാള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ശാരിചേച്ചിയും സില്‍ക്ക് സ്മിതയും തമ്മിലുള്ള അപാരമായ മുഖസാദൃശ്യത്തെ പറ്റി ഞാനോര്‍ത്തത്. മയക്കംപിടിച്ച അതേ കണ്ണുകള്‍. വിഷാദം കിനിയുന്ന, നനഞ്ഞപോലുള്ള മുഖം. അത്രയുമാണ് പെ​ട്ടെന്ന് എന്റെ മനസ്സിലേക്കെത്തിയത്. ഒരു വളക്കച്ചോടക്കാരന്‍ പറഞ്ഞാണല്ലോ ഞാനത് തിരിച്ചറിഞ്ഞത് എന്ന കാര്യം എനിക്ക് വല്ലാത്ത ഖേദമുണ്ടാക്കി. ഗ്രാമത്തില്‍ ഏറ്റവും ഒടുക്കം അക്കാര്യം മനസ്സിലാക്കിയ ആണൊരുത്തന്‍ ഞാനാണെന്നത് അതിലേറെ ഖേദമുണ്ടാക്കി.

അയാള്‍ വളകളെടുത്ത് കിലുക്കി.

"സില്‍ക്ക് സ്മിത ചിരിക്ക്ണ പോലെ ഇല്ലേ?" - അയാള്‍ ചോദിച്ചു.

കരയുന്നപോലെയാണ് എനിക്ക് തോന്നിയത്.

കാശ് കൊടുത്ത് പോകാന്‍ നേരം ഞാന്‍ വളകള്‍ എണ്ണി നോക്കി. അഞ്ചെണ്ണം കൂടുതലുണ്ടായിരുന്നു.

"അത് ന്റെ വക ഫ്രീയാണ്ന്ന് പറഞ്ഞാളാ"-അയാള്‍ ചിരിച്ചു.

ആ സൗജന്യം എനിക്കിഷ്ടപ്പെട്ടില്ല; അയാളുടെ ചിരിയും. അധികം തന്ന വളകള്‍ അയാളുടെ സഞ്ചിയിലേക്കിട്ടു കൊടുത്ത് ഞാന്‍ പാലം കുലുക്കിക്കൊണ്ട്​ നടന്നു. വീഴാതിരിക്കാന്‍ അയാള്‍ക്ക് കൈവരിയില്‍ മുറുകെ പിടിക്കേണ്ടി വന്നു. അയാളുടെ സഞ്ചിക്കകത്ത് നിന്ന് സില്‍ക്ക് സ്മിത കുറേക്കൂടി കരഞ്ഞു.

കുപ്പിവളകള്‍ കണ്ടപ്പോള്‍ ശാരിചേച്ചിയുടെ മുഖത്ത് കൊച്ചുകുട്ടികളുടേത് പോലെ വിസ്മയം വിരിഞ്ഞു. വളകള്‍ ആകാശത്തേക്ക് പിടിച്ച് ചേച്ചി അതിലെന്തോ തിരഞ്ഞു.

"എന്താണ് നോക്ക്ണത്?"- ഞാന്‍ ചോദിച്ചു.

"ജയനെ"- ചേച്ചി പറഞ്ഞു.

ചേച്ചിയുടെ ചേഷ്ടകള്‍ ഞാന്‍ കൗതുകത്തോടെ നോക്കിനിന്നു.

വളകള്‍ കൈകളിലിട്ട് പതിയെ കിലുക്കികൊണ്ട് ചേച്ചി ചോദിച്ചു:

"കേക്ക്ണ്ണ്ടാ ജയന്‍ പറയണത്?"

"എന്ത്?"

"വീ ആര്‍ നോട്ട് ബെഗ്ഗേഴ്‌സ്സ്ന്ന്"

അത് പറഞ്ഞ് ചേച്ചി ഉറക്കെ ചിരിച്ചു. എനിക്കും ചിരിക്കാതിരിക്കാനായില്ല.

ചേച്ചി വളകളെ ഇരു കൈകളിലുമായ് അണിഞ്ഞു. പിന്നെ രണ്ടു കൈകളും താളത്തില്‍ ചലിപ്പിച്ചു. അപ്പോള്‍ വളകളുടെ കിലുക്കം ശരിക്കും സില്‍ക്ക് സ്മിതയുടെ ചിരി പോലെ എനിക്കു തോന്നി.

"ചേച്ചിയെ കാണാന്‍ ആരെപ്പോലെണ്ട്ന്ന് പറയട്ടെ?" - ഞാന്‍ ചോദിച്ചു.

"ആരെപോലെയാ?"

മടിച്ച് മടിച്ചാണ് ഞാന്‍ പറഞ്ഞത്.

"സില്‍ക്ക് സ്മിതയെപോലെ."

മുഖമടച്ച് ഒരാട്ടാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷേ, ചേച്ചിയുടെ മുഖത്ത് വിസ്മയം.

"ശരിക്കും?" - ചേച്ചി ചോദിച്ചു.

"ഉം."

"ഇനിക്ക് ഭയങ്കര ഇഷ്ടാണോളെ."

അതെന്നെ അത്ഭുതപ്പെടുത്തി. സാധാരണ സില്‍ക്ക് സ്മിത ആണുങ്ങള്‍ക്കാണ് പ്രിയങ്കരി. ചുണ്ടുകൊണ്ടും നാക്കുകൊണ്ടുമൊക്കെ അശ്ലീലചിഹ്നങ്ങള്‍ കാണിച്ചല്ലാതെ സില്‍ക്ക് സ്മിതയെ പറ്റി ആരെങ്കിലും സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. ഏറ്റവും സ്വാഭാവികമായി സില്‍ക്ക് സ്മിതയെ ഇഷ്ടമാണെന്ന് ഒരാള്‍ പറയുന്നത് ഞാനാദ്യമായി കേള്‍ക്കുകയായിരുന്നു. ചേച്ചിക്ക് മാത്രമല്ല ഗ്രാമത്തിലെ എല്ലാ പെണ്ണുങ്ങള്‍ക്കും സില്‍ക്ക് സ്മിതയെ ഇഷ്ടമാണെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. പ്രായമായ പെണ്ണുങ്ങള്‍ക്ക് സില്‍ക്ക് സ്മിത മകളെപോലെയായിരുന്നു. അക്കാലത്തെ എന്റെ ഏറ്റവും വിഭ്രമകരമായ അറിവായിരുന്നു അത്. ഓരോ പെണ്ണും സില്‍ക്ക് സ്മിതയെ കൂട്ടുകാരിയായും അനിയത്തിയായും ചേച്ചിയായും അയലത്തെ പെണ്‍കുട്ടിയായിട്ടുമൊക്കെയായിരുന്നു കണക്കാക്കിയിരുന്നത്. സിനിമയിലേക്കെത്തിയ വഴികളും അനുഭവിച്ച ഗതികേടുകളുമൊക്കെ സില്‍ക്ക് സ്മിതയെ അവരുടെ സ്വന്തം കുടുംബത്തിലേക്കടുപ്പിക്കുകയായിരുന്നു.


ഗ്രാമം സില്‍ക്ക് സ്മിതക്ക്​ കൊടുത്ത ആദരവ് അതേ രൂപസാദൃശ്യമുണ്ടായിരുന്ന ശാരിചേച്ചിക്കും കൊടുത്തിരുന്നോ എന്ന് വര്‍ഷങ്ങളോളം ഞാനാലോചിച്ച് നോക്കിയിട്ടുണ്ട്. ആരായാലും ഇഷ്ടമില്ലാത്ത വേഷം കെട്ടുന്നത് ഗതികേടുകൊണ്ടാവണം. ശാരിചേച്ചിയുടെ വേഷത്തില്‍ ആര്‍ക്കും കുറ്റം പറയാനില്ലായിരുന്നു. എന്നിട്ടും ആള് കൂടുന്നിടത്തെല്ലാം ചേച്ചി ഒട്ടും ദയയില്ലാതെ അനാവരണംചെയ്യപ്പെട്ടു. സാരിയുടുത്തല്ലാതെ ഒരു ദിവസം മാത്രമാണ് ഞാന്‍ ചേച്ചിയെ കണ്ടത്. അന്ന് പുഴക്കരയിലൂടെ ഒക്കത്ത് കുടം വെച്ച് വരുന്ന ചേച്ചിയെ കണ്ടപ്പോള്‍ നാട്ടിലെ ഒരു പൊതുസംശയം ഞാന്‍ ചോദിച്ചു. ഒരു കുഞ്ഞിരിക്കേണ്ട ഒക്കത്ത് എന്നും കുടമിരുന്നാല്‍ മതിയോ എന്നതായിരുന്നു ആളുകളുടെ മഹത്തായ സംശയം.

"ചേച്ചിക്കെന്താ കുട്ട്യേളില്ലാത്തതെന്ന് ആള്‍ക്കാര് ചോദിക്കണ്."

ചേച്ചി കുറേ നേരം എന്നെ നോക്കി. പിന്നെ പതിയെ പറഞ്ഞു:

"തല്ല്യാലും മേത്ത് ചര്‍ദ്ദിച്ചാലൊന്നും കുട്ട്യേള്ണ്ടാകൂലെടാ വേണ്വോ..."

രാജേട്ടന്‍ ചേച്ചിയെ തല്ലാറുണ്ടെന്നത് എന്നെ ശരിക്കും നടുക്കികളഞ്ഞു. അടുത്തകാലത്തായി കുടിയിത്തിരി കൂടിയിട്ടുണ്ടെന്നല്ലാതെ ഭാര്യയെ തല്ലുന്ന നിലയിലേക്കത് വളര്‍ന്ന കാര്യം എനിക്കറിയില്ലായിരുന്നു.

"വാ. ഒര് സംഗതി കാട്ടിത്തരാം"- ചേച്ചി എന്നോട് കൂടെ നടക്കാന്‍ പറഞ്ഞു. ഞാന്‍ പിന്നാലെ വീട്ടിലേക്ക് നടന്നു. ഒക്കത്തെ നിറകുടം തിണ്ടിന്മേല്‍ വെച്ച് ചേച്ചി അകത്തേക്ക് കയറി. ഞാന്‍ മുറ്റത്ത് തന്നെ നിന്നു.

"വാ"- ചേച്ചി എന്നെ അകത്തേക്ക് ക്ഷണിച്ചു.

അവരുടെ കിടപ്പുമുറിയിലേക്കാണ് ചേച്ചി എന്നെ കൊണ്ടുപോയത്. അകത്തേക്ക് കയറിയ ഉടനെ ചേച്ചി വാതില്‍ കുറ്റിയിട്ടു. പാതിയിരുട്ടില്‍ ചേച്ചി സാരിയഴിച്ചിടുന്നത് ഞാന്‍ കണ്ടു. പിന്നെ തിരിഞ്ഞ് നിന്ന് ബ്ലൗസിന്റെ ഹുക്കുകളും വിടര്‍ത്തി. ഇറുകിയ ബ്ലൗസ് അഴിച്ചുമാറ്റാന്‍ ചേച്ചി എന്നോട് സഹായമാവശ്യപ്പെട്ടു. പിന്നെ ബ്രേസിയറിന്റെ ഹുക്കുകള്‍ വേർപെടുത്താനും. അരക്കു മുകളില്‍ നഗ്‌നയായി പുറം തിരിഞ്ഞ് നിന്ന് ചേച്ചി പറഞ്ഞു: "നോക്ക്."

വെളുത്ത പുറംമേനിയില്‍ പലദിശയിലേക്ക് നീളുന്ന റെയില്‍വേ ട്രാക്കുകള്‍ പോലെ കുറേ ചോരച്ച പാടുകള്‍ ഞാന്‍ കണ്ടു.

"അടിച്ചതാ. പുളി വട്യോണ്ട്."

അലമാരക്കു മുകളില്‍നിന്നെടുത്ത് എനിക്ക് നീട്ടി തന്ന പുളിവടിയില്‍ ചേച്ചിയുടെ ഉടലിന്റെ മണം പറ്റിപ്പിടിച്ചിരുന്നു. അടിയേറ്റപോലെ ഞാന്‍ പുളഞ്ഞുപോയി. ഇരുട്ടില്‍നിന്ന് വളകിലുക്കംപോലെ ചേച്ചിയുടെ തേങ്ങല്‍ കേട്ടു. ഏറ്റവും ഇഷ്ടത്തോടെ ആ പാടുകളില്‍ തലോടിക്കൊണ്ട്​​ ഞാന്‍ പുറത്തേക്ക് നടന്നു.

പിറ്റേ ദിവസം പുഴയോരത്ത് വെച്ച് കണ്ടപ്പോള്‍ ചേച്ചി എന്നോട് പറഞ്ഞു: "ഇജ് ഇനിക്കൊരു വാക്ക് തെരണം."

ഞാനത്ഭുതപ്പെട്ടു. അതിന് മുന്‍പൊരിക്കലും ചേച്ചി അങ്ങനെയൊരാവശ്യം എന്നോട് പറഞ്ഞിട്ടില്ല. ചേച്ചി എന്താണ് ചോദിക്കാന്‍ പോകുന്നതെന്ന് അറിയില്ലെങ്കിലും ഞാന്‍ സമ്മതിച്ചു.

"ന്റെ തലേ തൊട്ട് പറയ് ഒരിക്കലും കള്ള് കുടിക്കൂലാന്ന്..."

എനിക്ക് ചേച്ചിയോട് ഏറ്റവും സ്‌നേഹം തോന്നിയ നിമിഷം അതായിരുന്നു.

ഞാന്‍ ചേച്ചിയുടെ തലയില്‍ തൊട്ട് സത്യം ചെയ്തു. ഈ നിമിഷം വരെ ആ വാക്ക് പാലിക്കാനായതില്‍ എനിക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ട്.

പോകാന്‍ നേരം ചേച്ചി പറഞ്ഞു:

"കള്ള് കുടിച്ചോന്റെ കൂടെ നിക്ക്ണ കള്ള് കുടിക്കാത്തോന്റെ അവസ്ഥണ്ടല്ലോ വേണ്വോ, നരകാണത്."

ചേച്ചി എനിക്ക് പകര്‍ന്ന് തന്ന ഏറ്റവും വലിയ സത്യമായിരുന്നു അത്. ജീവിതത്തില്‍ പല തവണ അനുഭവിച്ചറിഞ്ഞ സത്യം. പാവം ശാരിചേച്ചി. എന്തൊക്കെ അനുഭവങ്ങളിലൂടെയാവും ആ പെണ്ണ് കടന്നുപോയിട്ടുണ്ടാവുക? ഗ്രാമം എന്താണ് ശാരിചേച്ചിക്ക് നല്‍കിയത്; സിനിമയല്ലാതെ.

രണ്ടാമതായി ചേച്ചി എന്നെകൊണ്ട് ചെയ്യിപ്പിച്ച സത്യമായിരുന്നു എന്നെ ഏറെ ചിന്തിപ്പിച്ചതും വേദനിപ്പിച്ചതും. അത് പക്ഷേ, നേരത്തേത് പോലെ അവിചാരിതമായി കണ്ടപ്പോള്‍ ചോദിച്ചു വാങ്ങിയത്പോലായിരുന്നില്ല. ആലോചിച്ചുറപ്പിച്ചപോലുള്ള ഒരു വരവായിരുന്നു അത്. എന്നെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ചേച്ചി പുഴയോരത്തേക്ക് നടന്നു. ഒരു തുടക്കംകിട്ടാതെ പുഴയിലേക്ക് നോക്കി കുറേ നേരം നിന്നു. ഒന്നും ചോദിക്കാതെ ഞാനും ചേച്ചിയുടെ കാഴ്​ചകളെ വെറുതേ പിന്തുടര്‍ന്നു. കണ്ണില്‍ ജലം മാത്രം നിറഞ്ഞുനിന്നു.

പരിണാമത്തിന്റെ ദശാസന്ധികളിലെപ്പോഴോ മധുരത്തെ കൈവിട്ട നായക്കരിമ്പുകള്‍ പുഴയോരം മുഴുവന്‍ പൂത്ത് നിന്നിരുന്നു. ഇടയ്ക്കിടെ വീശിയടിച്ച കാറ്റില്‍ നായക്കരിമ്പിന്റെ പൂക്കള്‍ ചേച്ചിയുടെ തലമുടിയിലേക്ക് മഞ്ഞ് പോലെ പാറി വീഴുന്നുണ്ടായിരുന്നു. തലയില്‍നിന്നത് കുടഞ്ഞിടാന്‍പോലും ശ്രമിക്കാതെ ചേച്ചി നിശ്ചലയായി നിന്നു. കരിമ്പിന്‍പൂക്കള്‍ വീണ് ചേച്ചിയുടെ തലമുടി അകാലനര ബാധിച്ചപോലെയായി. ഇന്നും പുഴയോരക്കാഴ്​ചകളിലേക്ക് മനസ്സ് പാളുമ്പോളൊക്കെ ആദ്യം തെളിയുക കുറ്റിയറ്റ് പോയ ആ പുല്‍വർഗത്തേയാണ്. പിന്നെ ജീവിതത്തിലെ മധുരമൂര്‍ന്ന് പോയ ഒരു അകാലവൃദ്ധയേയും.

"ന്നെ പറ്റി ആര് എന്ത് വേണ്ടാത്തത് പറഞ്ഞാലും ജ്ജ് വിശ്വസിക്കര്ത്"- കുറേ നേരം കഴിഞ്ഞപ്പോള്‍ ചേച്ചി പറഞ്ഞു.

എനിക്ക് ചിരിയാണ് വന്നത്. ചേച്ചിയുടെ മുഖം ഗൗരവംകൊണ്ട് തുടുത്തു.

"ലോകം മൊത്തം ഞാന്‍ ചീത്തയാണ്ന്ന് പറഞ്ഞാലും അന്റെ മനസ്സിലെങ്കിലും ഒരു നല്ല പെണ്ണായ് ഇരിക്കണംന്ന്ണ്ട് ഇനിക്ക്."

അത് പറഞ്ഞപ്പോഴേക്കും ചേച്ചി കരഞ്ഞിരുന്നു. ഒരായിരം വളപ്പൊട്ടുകള്‍ ചിതറി വീണ പുഴപോലെ ആ കരച്ചില്‍ എന്നില്‍ ഓളങ്ങളുയര്‍ത്തി. തലയില്‍ കൈവെച്ച് ഒരായിരം തവണ സത്യം ചെയ്യുക എന്നത് മാത്രമേ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. എനിക്കത് സന്തോഷവുമായിരുന്നു. ഇന്നും ചേച്ചിക്ക് കൊടുത്ത ഓരോ വാക്കും മുറുകെ പിടിക്കുമ്പോള്‍ ചേച്ചി കൂടെ നടക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട്. ഭൂമിയിലെ എന്റെ ഏറ്റവും വലിയ സന്തോഷമാണ് ശാരിചേച്ചിയുടെ ഓർമകള്‍.

എന്റെ കൈയില്‍നിന്ന് വാങ്ങിച്ചെടുത്ത സത്യവുമായി നായക്കരിമ്പ് പൂത്ത് നിന്ന ഒറ്റയടിപ്പാതയിലൂടെ ഒരു അകാലവൃദ്ധയെപോലെ നടന്നകന്നതിന്റെ പിറ്റേദിവസം ശാരിചേച്ചിയെ കാണാതായി. എങ്ങോട്ടു പോയെന്ന് ഒരു സൂചനപോലും തരാതെ, എനിക്കായി ഒരു വളകിലുക്കംപോലുമവശേഷിപ്പിക്കാതെ ചേച്ചി മായാവിയെപോലെയങ്ങ് മറഞ്ഞുപോയി. വൈകുന്നേരം വീട്ടിലെത്തിയ രാജേട്ടന്‍ ശൂന്യമായ വീട് കണ്ട് ഉറക്കെ വിളിച്ച് കൂവുന്നത് ഗ്രാമം മുഴുവന്‍ കേട്ടിരിക്കണം.

"പൊലാടിച്ചി. ആരെ കൂടെ കെട്ക്കാന്‍ പോയതാണോ..."

നേരം വെളുത്ത് ബോധം തെളിഞ്ഞപ്പോളാണ് അയാള്‍ക്ക് ഒന്നന്വേഷിക്കണമെന്ന് തോന്നിയത് തന്നെ. കഴിഞ്ഞ രാത്രിയത്രയും ശാരിചേച്ചിയെ തെറിവിളിക്കുകയായിരുന്നു അയാള്‍. പുളിവടി ശൂന്യതയില്‍ പുളയുന്നതിന്റെ ശബ്ദവും ഇടക്കിടെ കേട്ടു. അപ്പോഴൊക്കെ എനിക്ക് വേദനിച്ചു. ഞാന്‍ അകമേ കരഞ്ഞു. അങ്ങനെയൊരു സത്യം എന്നെ കൊണ്ട് ചെയ്യിപ്പിച്ച് ചേച്ചി ജീവിതത്തില്‍നിന്നും കടന്ന് കളഞ്ഞോ? ഓർമ വെച്ചതിന് ശേഷം മറ്റൊരാള്‍ക്ക് വേണ്ടി ഞാന്‍ ധാരാളമായി കരഞ്ഞത് അന്നായിരുന്നു.

ശാരിചേച്ചിയുടെ വീട്ടിലേക്ക് അന്വേഷിച്ചു പോയ രാജേട്ടനെ ആങ്ങളമാര്‍ പൊതിരെ തല്ലിയെന്ന വാര്‍ത്ത കേട്ടപ്പോള്‍ സങ്കടത്തിനിടയിലും ഞാനിത്തിരി സന്തോഷിച്ചു. ശാരിചേച്ചി അവിടെയും ഇല്ലെന്ന് കേട്ടപ്പോളാണ് ഞാന്‍ ശരിക്കും ഭയപ്പെടാന്‍ തുടങ്ങിയത്. എന്നോട് പോലും പറയാതെ പോകാന്‍ മാത്രം അത്രത്തോളം ദുഷിച്ച ഒരിടത്തേക്കാണോ ചേച്ചി പോയിട്ടുണ്ടാവുക? വഴിയരികില്‍നിന്ന് കേട്ട വളകിലുക്കങ്ങളൊക്കെ എന്നെ വല്ലാതെ അസ്വസ്ഥനാക്കാന്‍ തുടങ്ങി. ഒരുപക്ഷേ, അതിനേക്കാള്‍ കൂടുതല്‍ ശാരിചേച്ചിയെ പറ്റിയുള്ള പെണ്ണുങ്ങളുടെ ദൂഷണങ്ങള്‍.

ശാരിചേച്ചിയും വരിക്കോട്ടിലെ ജയനും ഒളിച്ചോടിയെന്ന വാര്‍ത്ത വന്ന് തുടങ്ങിയപ്പോളാണ് എനിക്കിത്തിരി ആശ്വാസമായത്. പക്ഷേ, ചേച്ചി ജീവനോടെയുണ്ടെന്നത് എനിക്ക് മാത്രമായിരുന്നു ആശ്വാസം. ചാവിനേക്കാള്‍ ദോഷമായാണ് മറ്റുള്ളവര്‍ ആ ഒളിച്ചോട്ടത്തെ കണ്ടത്.

ശാരിചേച്ചിയുടെ ഒളിച്ചോട്ടം എല്ലാംകൊണ്ടും പുതുമ നിറഞ്ഞതായിരുന്നു. അതിന് മുന്‍പൊരിക്കലും ഗ്രാമത്തില്‍നിന്ന് കല്യാണം കഴിഞ്ഞ പെണ്ണ് ഒളിച്ചോടിപ്പോയ ചരിത്രമേ ഇല്ലായിരുന്നു. അതും തന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരു ചെറുപ്പക്കാരനൊപ്പം. ജയന്റെ വീട്ടില്‍ അയാള്‍ക്കു വേണ്ടി കല്യാണാലോചനകള്‍ നടക്കുന്ന സമയത്തായിരുന്നു ഒളിച്ചോട്ടം. അയാള്‍ ഒറ്റ മകനായിരുന്നു. അയാളുടെ വീട്ടുകാര്‍ ശാരിചേച്ചിയെ ഒരിക്കലും അംഗീകരിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു.

"വേശി. ന്റെ കുട്ടിനെ വശീകരിച്ച് കൊണ്ടോയതാ"-ജയന്റെ അമ്മ നാടുനീളെ ശാരിചേച്ചിയെ ശപിച്ച് നടന്നു. മറ്റു പെണ്ണുങ്ങളും അതേറ്റു പാടി.

മറ്റ് ഒളിച്ചോട്ടക്കാരെപോലെ ഗ്രാമത്തിലേക്കുള്ള അവരുടെ തിരിച്ചുവരവ് എളുപ്പമാകില്ലെന്ന് എനിക്കുറപ്പായിരുന്നു. മാത്രമല്ല അത് ഏറക്കുറെ അസാധ്യവുമാകുമെന്ന് എനിക്ക് തോന്നി. ശാരിചേച്ചിയെ ഇനിയൊരിക്കലും കാണാനാകില്ലെന്ന് ഞാന്‍ ഉറപ്പിച്ചു. അവര്‍ എവിടേക്കാണ് പോയതെന്ന് അപ്പോഴും ഒരു വിവരവുമില്ലായിരുന്നു. ജയന്റെ വീട്ടുകാരും ശാരിചേച്ചിയുടെ വീട്ടുകാരും പലവഴിക്കും അന്വേഷിച്ചു. എന്നോടുമുണ്ടായി കുറേ ചോദ്യങ്ങള്‍. എപ്പോഴും കൂട്ടെന്ന നിലയില്‍ എല്ലാകാര്യവും എനിക്കറിയാമെന്നായിരുന്നു ആളുകളുടെ ധാരണ. അവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് ഒരു സൂചനപോലും ചേച്ചി എനിക്ക് തന്നിരുന്നില്ല. എന്നിട്ടും എന്നോടൊന്നും പറയാതെ പൊയ്ക്കളഞ്ഞതിന് എനിക്ക് ചേച്ചിയോട് ഒരു ദേഷ്യവും തോന്നിയിരുന്നില്ല. ഗതികെട്ട ഒരു പെണ്ണിന്റെ ഒളിച്ചോട്ടമായിരുന്നു അത്.

ദിവസങ്ങള്‍ കഴിഞ്ഞാണ് അവരെ കണ്ടെത്തിയത്. കോഴിക്കോട്ടെ ഒരു ലോഡ്ജില്‍ വെച്ച്. ജയന്റെ വീട്ടുകാര്‍ അയാളെ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നു. ശാരിചേച്ചിയെ ആങ്ങളമാര്‍ അവരുടെ വീട്ടിലേക്കും കൊണ്ടുപോയി. നിയമപരമല്ലാത്ത ആ ദാമ്പത്യത്തിന് ദിവസങ്ങള്‍ മാത്രമായിരുന്നു ആയുസ്സ്. ശാരിചേച്ചി ജീവിതത്തില്‍ ആകെ സന്തോഷിച്ചിട്ടുണ്ടാവുക ആ ദിവസങ്ങളിലായിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു. ജയനെ എത്രയും പെ​െട്ടന്ന് പെണ്ണ് കെട്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കുറച്ചു ദിവസങ്ങള്‍ക്കകം ഞാനറിഞ്ഞു. എത്ര പെ​ട്ടെന്നാണ് അയാളെ പറ്റിയുള്ള അപവാദങ്ങള്‍ നാട്ടുകാര്‍ മറന്നത്.

"അഞ്ച് പൈസ ചെലവില്ലാതെ ഓന്‍ സുഖിച്ച് വന്ന്" - നാട്ടുകാര്‍ അസൂയയോടെ പറഞ്ഞു നടന്നു.

ജയന് കല്യാണാലോചനകള്‍ നടക്കുന്നതിനിടെ ശാരിചേച്ചിയെ പറ്റി പല കഥകളും വിശ്വസനീയമായ രീതിയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാനെന്റെ സത്യത്തെ മുറുകെ പിടിച്ചു. പലരുമായും കിടക്കുന്നത് ആണിന് അലങ്കാരവും പെണ്ണിന് അസഭ്യവുമാകുന്നത് എങ്ങനെയാണെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായതേയില്ല. ഒരുമിച്ചുണ്ടായ നാളുകളിലൊന്നും അവര്‍ ഒരുമിച്ച് കിടന്നിരുന്നില്ലെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. നാട്ടുകാരാകട്ടെ ഒരു അവിഹിത ഗര്‍ഭത്തിന്റെ വാര്‍ത്തയും പ്രതീക്ഷിച്ച് കാതോര്‍ത്തിരുന്നു. അവര്‍ക്ക് നിരാശ മാത്രം സമ്മാനിച്ച് ഓവൂരില്‍നിന്ന് ശാരിചേച്ചി 'പുറത്തായ' വാര്‍ത്തകള്‍ മാത്രം വന്നു. ചേച്ചിയുടെ ആര്‍ത്തവരക്തം പുരണ്ട തുണി അപവാദം പറയുന്നവരുടെ വായിലേക്ക് തിരുകി കയറ്റണമെന്ന് പലവട്ടം ഞാനാഗ്രഹിച്ചിട്ടുണ്ട്.

ഏറെ കാലത്തെ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ ശാരിചേച്ചിയെ രാജേട്ടന്‍ ഏറ്റെടുക്കാമെന്ന വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെയായി. ശാരിചേച്ചിയെ വീണ്ടും കാണുന്നത് എനിക്കേറ്റവും സന്തോഷം തന്നെയായിരുന്നു. പക്ഷേ, ഏറ്റെടുക്കുക എന്ന വാക്കിന് ശാരിചേച്ചി അനുഭവിക്കുക എന്നതാണ് അർഥമെന്ന് എനിക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ.

"സില്‍ക്ക് സ്മിത വന്ന്ട്ടാ..."

ശാരിചേച്ചിയുടെ വരവിനെ നാട്ടുകാര്‍ അങ്ങനെയാണ് വിശേഷിപ്പിച്ചത്. കോലാഹലങ്ങളോടെ ഗ്രാമം ഉണര്‍ന്നു. സ്വയംവരത്തിനെന്നപോലെ ആണുങ്ങള്‍ അണിഞ്ഞൊരുങ്ങി.

വന്നിട്ടും ഏറെ ദിവസങ്ങള്‍ കഴിഞ്ഞാണ് എനിക്ക് ചേച്ചിയെ കാണാന്‍ പറ്റിയത്. കുറേനാള്‍ അവരധികം പുറത്തേക്കൊന്നും ഇറങ്ങാതെ അടച്ചുപൂട്ടിയിരുന്നു. പതിയെ പതിയെ അവര്‍ പഴയപോലാകാന്‍ ശ്രമിക്കുകയായിരുന്നു. വെള്ളമെടുക്കാന്‍ പോകുന്ന വഴിക്ക് എന്നെ കണ്ടെങ്കിലും ചേച്ചി മിണ്ടാതെ തല താഴ്ത്തി നടന്നു. ഞാന്‍ പിന്നില്‍നിന്ന് വിളിച്ചു. കേള്‍ക്കാന്‍ കാത്തുനിന്നപോലെ തിരിഞ്ഞ് നോക്കി.

"ഇനിക്ക് ഇപ്പളാണ് സമാധാനായത്. ഇജ് ഒരിക്കലും ന്നോട് മിണ്ടൂലാന്നാ ഞാന്‍ വിചാരിച്ചത്."- ചേച്ചി പറഞ്ഞു.

ഞാന്‍ ചിരിച്ചു.

"അനക്ക് ഇന്നോട് ദേഷ്യംണ്ടാ?"

"എന്തിന്?"

"വേറൊര്ത്തന്റൊപ്പം ചാടിപ്പോയതിന്."

"ചേച്ചി ഇന്നെ കൊണ്ട് സത്യം ചെയ്യിച്ചിട്ടില്ലെങ്കില്‍പോലും ഇനിക്ക് ചേച്ചിനോട് ദേഷ്യം തോന്നൂലേര്ന്ന്."

എത്രയോ നാളുകള്‍ക്ക് ശേഷം ചേച്ചിയുടെ ചിരി ഞാന്‍ കണ്ടു. വളക്കാരന്റെ കൈയില്‍നിന്ന് ഞാന്‍ വാങ്ങി വെച്ച പച്ചനിറമുള്ള കുപ്പിവളകള്‍ ഞാന്‍ ചേച്ചിക്ക് നീട്ടി. ചേച്ചി അത് വാങ്ങാതെ കൈകള്‍ രണ്ടും എനിക്ക് മുന്നില്‍ നീട്ടിപ്പിടിച്ചു. ഞാന്‍ ഇരുകൈകളിലും ആ വളകളണിയിച്ചുകൊടുത്തു. ചേച്ചി കൈകള്‍ ചലിപ്പിച്ചു. വളകള്‍ ഒരുമിച്ച് കിലുങ്ങി.

"വീ ആര്‍ നോട്ട് ബെഗ്ഗേഴ്‌സ്" -ഞാന്‍ പറഞ്ഞു.

ചേച്ചി പൊട്ടിപ്പൊട്ടി ചിരിച്ചു.

ഞാനണിയിച്ച വളകള്‍ വൈകുന്നേരം ചേച്ചി എനിക്ക് ഊരിത്തന്നു.

"ജയന്‍ ഒടയണ്ത് കാണാന്‍ വയ്യെടാ. രാവിലെ ഇട്ട് തന്നാ മതി."

ബാല്യം വിടാത്തതില്‍ എനിക്കാദ്യമായി ഖേദം തോന്നിയത് അപ്പോളായിരുന്നു.

അതിന് ശേഷം എന്നും രാവിലെ വളകളണിയിക്കുന്നതും വൈകുന്നേരം ഊരിയെടുക്കുന്നതും ഒരു പതിവായി. ഒട്ടൊരു സന്തോഷത്തോടെയും അതിലേറെ സങ്കടത്തോടെയുമായിരുന്നു ഞാനത് ചെയ്തിരുന്നത്. പുളിവടിയുടെ സീല്‍ക്കാരമേറ്റ് ഉടയാന്‍ വിട്ടു കൊടുക്കാതെ ഒാരോ രാത്രിയിലും ഞാനാ കുപ്പിവളകള്‍ സൂക്ഷിച്ചു. സിനിമകള്‍ കാണാന്‍ കഴിയാത്തതിന്റെ ഖേദം തീര്‍ക്കാനെന്നപോലെ, വളക്കച്ചോടക്കാരന്‍ ഓരോ തവണ വരുമ്പോഴും ചേച്ചി വളകള്‍ വാങ്ങിച്ചുകൂട്ടി. പകല്‍സമയങ്ങളില്‍ മാത്രം അതെല്ലാമണിഞ്ഞ് ചേച്ചി സ്വയമൊരു ചലച്ചിത്രമായി.

ഒരു ദിവസം ചേച്ചി എന്റടുത്ത് വന്ന് പറഞ്ഞു: "ടാ ഇനിക്കൊരു സഹായം ചെയ്ത് തെര്വോ?"

മടിച്ച് മടിച്ചാണ് ചേച്ചി ചോദിച്ചത്. ഞാന്‍ സമ്മതിച്ചു.

"ഇതൊന്ന് ജയന് കൊടുക്ക്വാ? വേറൊര് നിവൃത്തീം ഇല്ലാത്തോണ്ടാടാ" -ചേച്ചി ഒരു കുറിപ്പ് എനിക്ക് നീട്ടി. കൈകൊണ്ട് തൊടുന്ന ആദ്യത്തെ പ്രേമലേഖനമായിരുന്നു അതെന്ന് ഞാന്‍ കരുതി.

ജയന്‍ അത് വാങ്ങാന്‍പോലും കൂട്ടാക്കിയില്ല. വായിക്കാതെതന്നെ അയാളത് തിരസ്‌കരിച്ചുകളഞ്ഞു. അതൊന്നും എനിക്കൊരു പ്രശ്‌നമേ അല്ലായിരുന്നു. അയാള്‍ പറഞ്ഞ വാക്കുകളാണ് എന്നെ വേദനിപ്പിച്ചത്.

"ഹും. ആ തേവടിച്ചീന്റെ കെണീന്ന് ഞാന്‍ കയിച്ചിലായത് ഭാഗ്യം. ഓളെ കാര്യം പറഞ്ഞ് മേലാല്‍ ഇന്റട്ത്ത് വെരര്ത്."

അയാള്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ ചേച്ചിയെ അറിയിച്ചില്ല. അതെന്റെയുള്ളില്‍ ഒരു പകയായി കിടന്നു. കത്ത് അയാള്‍ വാങ്ങാന്‍ കൂട്ടാക്കിയില്ലെന്ന് മാത്രം പറഞ്ഞു. ചേച്ചി കുറേ നേരം തല താഴ്ത്തി നിന്നു. പിന്നെ വീട്ടിലേക്ക് നടന്നു.

"ഇതെന്ത് ചെയ്യണം?" - ഞാന്‍ ചോദിച്ചു.

"കീറി പൊഴേലിട്ടാളാ."

എനിക്കത് പുഴയിലിടാന്‍ തോന്നിയില്ല. ഞാനത് വായിച്ചു. അതൊരു പ്രേമലേഖനമല്ലായിരുന്നെന്ന് ഞാനറിഞ്ഞത് അപ്പോഴായിരുന്നു. അത് ഒരു അപേക്ഷയായിരുന്നു. ഗതികെട്ടൊരു പെണ്ണിന്റെ അപേക്ഷ.

''എന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്ത്. ഞാന്‍ ചത്ത് പോകും.''

അത്രയേ അതിലുണ്ടായിരുന്നുള്ളൂ. തിരസ്‌കരിക്കപ്പെട്ട ആ അപേക്ഷ വെള്ളത്തിനും തീക്കും കൊടുക്കാതെ ഞാന്‍ സൂക്ഷിച്ചുവെച്ചു. വരിക്കോട്ടില്‍ ജയന് സിനിമാനടന്‍ ജയന്റെ പൗരുഷം പ്രതീക്ഷിച്ച ചേച്ചിക്ക് തെറ്റി. അയാള്‍ക്ക് ജയന്റെ നിഷ്‌കളങ്കതപോലുമില്ലായിരുന്നു. അയാള്‍ക്ക് വേണ്ടി ഞാനൊരു തെറ്റാലിയുണ്ടാക്കിവെച്ചു. പുഴയിലേക്ക് കല്ലുകള്‍ തൊടുത്തുവിട്ട് പരിശീലിക്കുമ്പോള്‍ ചേച്ചി വന്ന് പറഞ്ഞു: "ഇതോണ്ട് പാവം ജീവികളെ കാട്ടര്ത്.2"

"പാവം ജീവികളെ മാത്രം" - ഞാന്‍ മനസ്സില്‍ പറഞ്ഞു.

ജയന്‍ തീര്‍ച്ചയായും പാവമായിരുന്നില്ല. അതുകൊണ്ട് അയാള്‍ വരുന്ന വഴിയില്‍ തെറ്റാലിയില്‍ കല്ല് കോര്‍ത്ത് ഞാന്‍ കാത്തിരുന്നു. അയാളെന്റെ പരിധിക്കകത്തേക്ക് കാല്‍വെച്ചപ്പോഴേ ഞാന്‍ കല്ല് തൊടുത്ത് വിട്ടു. മുകള്‍നിരയിലെ രണ്ട് പല്ലുകള്‍ ചോരയോടൊപ്പം അയാള്‍ പുറത്തേക്ക് തുപ്പി. അതോടെ പല ആലോചനകളും പല്ലില്ലാത്ത മോണകാരണം മുടങ്ങിപ്പോയി. പിന്നീട് ഏറെ പണിപ്പെട്ടാണ് അയാളുടെ കല്യാണം ശരിയായത്. അതും വെപ്പ് പല്ലുകള്‍ പിടിപ്പിച്ച ശേഷം.

ഏറെക്കാലംകൂടി നാട്ടില്‍ നടന്ന ആ കല്യാണത്തില്‍ പങ്കെടുക്കാതിരുന്നത് ഞാനും ചേച്ചിയും മാത്രമായിരിക്കണം. തലേനാളത്തെ തേയിലസല്‍ക്കാരത്തിന് കോളാമ്പിയിലൂടെ കണ്ണും കണ്ണും കഥകള്‍ കൈമാറുന്ന അനുരാഗഗാനമുതിരുമ്പോള്‍ ഞാനും ചേച്ചിയും വളപ്പൊട്ട് കളിക്കുകയായിരുന്നു. കളിക്കുന്നതിനിടയില്‍ തലയുയര്‍ത്താതെ ചേച്ചി ചോദിച്ചു:

"ഇജ് ആരെയെങ്കിലും പ്രേമിക്ക്​ണ്​ണ്ട്രാ?"

പെ​ട്ടെന്നുള്ള ചോദ്യത്തില്‍ ഞാനാകെ പരിഭ്രമിച്ച് പോയി. ഞാനൊന്നും മിണ്ടിയില്ല.

"പറയെടാ."

ചേച്ചിയോട് നുണ പറയാനാവില്ലായിരുന്നു.

"സുഹാസിനി" - ഞാന്‍ പറഞ്ഞു.

"ശരിക്കും?"

"ഉം."

"ഓളോട് പറഞ്ഞാ?"

ഞാന്‍ തല കുനിച്ചു.

"എന്തടാ?"

"പേടി."

"എത്രായി തൊടങ്ങീട്ട്?"

"മൂന്ന് കൊല്ലം."

എന്റെ മറുപടി കേട്ട് ചേച്ചി അത്ഭുതപ്പെട്ടു.

"മൂന്ന് കൊല്ലംന്ന് പറഞ്ഞാ പെണ്ണ് കല്യാണാക്‌ണേതിന്റെ3 മുമ്പെ. ഇന്നട്ടും..?"

സുഹാസിനി എന്നെ നോക്കുന്ന നോട്ടത്തിലൊന്നും അത്തരമൊരു സാധ്യതപോലും ഞാന്‍ കണ്ടിരുന്നില്ല. നിരാസത്തേക്കാള്‍ വലിയ വേദന അതുണ്ടാക്കുന്ന അപമാനമാണ്. അതുകൊണ്ടായിരുന്നു പറയാതിരുന്നത്.

"കൈ നീട്ട് " - ചേച്ചി പറഞ്ഞു.

ഞാന്‍ കൈ നീട്ടി. ചേച്ചി ഒരു വളയെടുത്ത് ഉടച്ചു. മഴവില്ലുപോലെ വളഞ്ഞ, ചുവന്ന നിറത്തിലുള്ള വളപ്പൊട്ട് എന്റെ ഉള്ളം കൈയിലേക്ക് ചേച്ചി മുറിച്ചിട്ടു. കട്ടപിടിച്ച ഒരിറ്റ് ചോര പോലെ വലിയൊരു തുണ്ട് എന്റെ കൈയിലേക്ക് വീണു.

"ന്റമ്മേ..."- ചേച്ചി നിലവിളിക്കുംപോലെ പറഞ്ഞു: "ഇത്രേം ഓളന്നെ പ്രേമിക്ക്ണ്ണ്ട്. ഇന്നട്ടും അനക്ക് പേടി. വേഗം പോയി പറയെടാ. ഓളത് കേക്കാന്‍ കാത്തിരിക്ക്യാകും."

വളപ്പൊട്ടുകള്‍കൊണ്ട് മനസ്സറിയുന്ന ഒരു സൂത്രമായിരുന്നു അത്. ഉള്ളംകൈയിലേക്ക് മുറിച്ചിടുന്ന വളപ്പൊട്ടിന്റെ വലിപ്പത്തിനനുസരിച്ച് മറ്റൊരാള്‍ നമ്മളെ പ്രേമിക്കുന്നതെത്രയെന്ന് അറിയാനാവും. പ്രണയം മാത്രമേ ഇങ്ങനെ അളക്കാന്‍ കഴിയൂ എന്നാണ് പറയാറുള്ളത്.

ആദ്യമൊക്കെ മുറ്റത്തും പറമ്പിലുമൊക്കെ ധാരാളം വളപ്പൊട്ടുകള്‍ ചിതറി കിടക്കുമായിരുന്നു. ഇതുപോലെ ഇഷ്ടപ്പെട്ടയാളിന്റെ ഇഷ്ടമറിയാനോ വളപ്പൊട്ട് കളിക്കാനോ ആയിരുന്നു അതത്യാവശ്യമായി വന്നിരുന്നത്. ഫിലിം ഉരുക്കിയാണ് കുപ്പിവളകള്‍ ഉണ്ടാക്കുന്നതെന്ന് അറിഞ്ഞ നാള്‍ മുതല്‍ ഒരു പെണ്ണും വളപ്പൊട്ടുകള്‍ അലക്ഷ്യമായി മണ്ണിലേക്കെറിഞ്ഞിരുന്നില്ല. അവരുടെ പ്രിയപ്പെട്ട താരങ്ങള്‍ ആ വളപ്പൊട്ടുകളിലുള്ളതുകൊണ്ട് ഏറ്റവും വിലപ്പെട്ട വസ്തുക്കളായി അവരത് സൂക്ഷിച്ചു.

ഏറ്റവും പ്രിയപ്പെട്ട സിനിമയെന്നപോലെ തന്നെയാണ് വളപ്പൊട്ടുമായ് സുഹാസിനിക്ക് വേണ്ടി വഴിയരികില്‍ ഞാന്‍ കാത്തുനിന്നത്. മുന്‍പ് പല പ്രാവശ്യം അങ്ങനെ നിന്നിട്ടുള്ളതാണ്. അവളുടെ കാൽപെരുമാറ്റം കേള്‍ക്കുമ്പോളേ ഉള്ളുരുകും. ഒന്നും പറയാനാവാതെ ഞാന്‍ നടക്കും. അന്നും ധൈര്യമുണ്ടായിട്ടല്ല കാത്തുനിന്നത്. പക്ഷേ, ചേച്ചി ഉറപ്പ് തന്നിരുന്നു.

സുഹാസിനി അടുത്തെത്തി. പിന്തിരിഞ്ഞ് പോകാനാണ് എനിക്ക് തോന്നിയത്. അപ്പോളൊക്കെ കൈയിലെ ഉള്ളനടിയിലിരുന്ന് ശാരിചേച്ചി എന്നെ മുന്നിലേക്ക് തള്ളി.

"സുഹാസിന്യേ"- ഞാന്‍ വിളിച്ചു.

അവള്‍ നിന്നു.

"ഇനിക്ക് സുഹാസിനിനെ ഇഷ്ടാണ്"- ഒരു ദീര്‍ഘലേഖനം വായിച്ച് തീര്‍ക്കുംപോലെ ഞാന്‍ പറഞ്ഞൊപ്പിച്ചു.

അവളുടെ മുഖം ചുവന്നു. അത് പക്ഷേ, നാണംകൊണ്ടായിരുന്നില്ല.

"ഹും. ആണ്ങ്ങളെ മയക്കാന്‍ നടക്കണ ആ സില്‍ക്ക് സ്മിതേന്റൊപ്പം കൂട്ട് കൂടി നടക്കണ അന്നെ ഞാനൊരിക്കലും പ്രേമിക്കൂല. അന്നോട് വര്‍ത്താനം പറഞ്ഞതറിഞ്ഞാ ഇന്റച്ഛന്‍ ഇന്നെ കൊല്ലും."

ഞാന്‍ മുഷ്ടി ചുരുട്ടി. ഉള്ളംകൈയില്‍ മുറുകെ പിടിച്ചിരുന്ന വളപ്പൊട്ട് മാംസത്തിലേക്ക് തുളഞ്ഞ് കയറി. അതിന്റെ മൂര്‍ച്ച പക്ഷേ, അവളുടെ നാവോളമില്ലായിരുന്നു. കൈവെള്ളയിലേക്ക് ചിതറിവീഴുന്ന വളപ്പൊട്ടുകള്‍ പ്രണയത്തിന്റെ മാത്രമല്ല, പലപ്പോഴും വെറുപ്പിന്റെകൂടി പ്രതീകങ്ങളാണെന്ന് എനിക്കന്ന് മനസ്സിലായി.

"സാരല്ലടാ. അത് ചെലപ്പോ അനക്ക് ഓളോട്ള്ള ഇഷ്ടാകും" -ചേച്ചി എന്റെ കൈയിലെ വളപ്പൊട്ട് നോക്കി പറഞ്ഞു. ഒരിത്തിരി ചോര പോലെ അതെന്റെ ഉള്ളംകൈയില്‍ തന്നെയായിരുന്നു അത്ര നേരം. ഞാനത് പുഴയിലേക്ക് വലിച്ചെറിഞ്ഞ് കളഞ്ഞു. പക്ഷേ, അതിന്റെ ചുവപ്പ് കൈയിലെ ഉള്ളനടിയില്‍നിന്ന് വിട്ട് പോയില്ല. ഞാനൊരിക്കല്‍ കൂടി തെറ്റാലിയെടുത്തു.

പൈന്‍മരത്തില്‍ കയറി ഞാനവളുടെ വരവിനായ് കാത്തിരുന്നു. അപ്പോള്‍ മുമ്പത്തെപോലെ ഒരുതവണ പോലും എന്റെ ഹൃദയം അധികമായി ഇടിച്ചില്ല. എത്രയൊക്കെ ശ്രമിച്ചിട്ടും എന്തോ... എന്തോ ഒരിഷ്ടം അവളോട് ബാക്കി കിടന്നിരിക്കണം. അതുകൊണ്ട് തെറ്റാലിയില്‍ ഞാന്‍ കോര്‍ത്തത് കല്ലിന് പകരം അടയ്ക്കാ പൈനിന്റെ കായയായിരുന്നു. തെറ്റാലിയിലെ ആദ്യത്തെ കായ അവളുടെ വലത്തേ മുലയിലാണ് കൊള്ളിച്ചത്. ഒരു നിലവിളി ഉയര്‍ന്നു. അവള്‍ മുലയിലമര്‍ത്തിക്കൊണ്ട് ചുറ്റും നോക്കി. ഇടത്തേ മുലയും വേദനിച്ചപ്പോള്‍ അവള്‍ ശരിക്കും ഭയപ്പെട്ടു. നട്ടുച്ച നേരത്തേ ചേട്ടയേയും പൊട്ടിയേയും പറ്റി അവള്‍ക്കോർമ വന്നുകാണണം. രണ്ട് മുലയും പൊത്തിപ്പിടിച്ച് അവള്‍ നിലവിളിച്ചുകൊണ്ടോടി. അപ്പോഴൊക്കെ ഞാന്‍ തെറ്റാലി തൊടുത്തുവിട്ടുകൊണ്ടേയിരുന്നു. നടുപ്പുറത്ത് വന്ന് വീഴുന്ന പൈന്‍കായകള്‍ അവളെ വീടുവരെ ഓടിച്ചു. മരത്തില്‍നിന്നിറങ്ങുമ്പോഴേക്കും എന്റെ പ്രണയത്തിന്റെ അവസാനത്തെ പൈന്‍കായയും അവളുടെ മേല്‍ പതിച്ചിരുന്നെന്ന് ഞാനുറപ്പ് വരുത്തിയിരുന്നു.

സില്‍ക്ക് സ്മിതയുടെ അകാലമരണം ജയന്റെ വീഴ്​ചപോലെ തന്നെ ഓര്‍ക്കാപ്പുറത്തായിരുന്നു. അത് ഒരാത്മഹത്യയായിരുന്നു എന്നത് പെണ്ണുങ്ങളെ ഏറെ വേദനിപ്പിച്ചു. അന്ന് അത്ഭുതകരമാംവിധം ഗ്രാമം നിശ്ശബ്ദമായി. മുമ്പ് ജയന്‍ മരിച്ചപ്പോള്‍ മാത്രമായിരുന്നു അങ്ങനെ ഗ്രാമം നിശ്ശബ്ദമായിരുന്നതെന്ന് മുതിര്‍ന്നവര്‍ പറയുന്നത് കേട്ടു. അടുപ്പില്‍ തീ പുകയാതെ, അന്യോന്യം സംസാരിക്കാതെ ഗ്രാമം ഒരു മരണവീടായി. സില്‍ക്ക് സ്മിതയോടുള്ള ആദരസൂചകമായി അന്ന് പെണ്ണുങ്ങളെല്ലാം കരിവളകളണിഞ്ഞു.

"എല്ലാരും ചതിച്ചപ്പോ ഓള്‍ക്ക് ജീവിതം മട്ത്തിട്ട്ണ്ടാകും. പാവം"- പെണ്ണുങ്ങള്‍ പരസ്പരം പറഞ്ഞു.

ശാരിചേച്ചി വീട്ടിന് വെളിയിലേക്ക് വന്നതേയില്ല. അന്നണിഞ്ഞ കരിവളകള്‍ ഊരിത്തരാന്‍പോലും അവര്‍ വന്നില്ല. അന്നത്തെ രാത്രി മുഴുവന്‍ കരിവളകള്‍ ഉടയുന്ന ശബ്ദം എന്റെ ഉറക്കം കെടുത്തി.

പിറ്റത്തെ ആഴ്​ച വളക്കാരന്‍ വന്നപ്പോള്‍ പെണ്ണുങ്ങള്‍ അയാളെ പൊതിഞ്ഞു. ഒരാവശ്യമില്ലെങ്കിലും അവര്‍ വളകള്‍ വാങ്ങി കൂട്ടി. വളകള്‍ക്കുള്ളില്‍ ജീവനുള്ള സില്‍ക്ക് സ്മിതയെ കണ്ടെത്താനാവുമോ എന്ന് വീണ്ടും വീണ്ടും പരതികൊണ്ടേയിരുന്നു. ഒരു ഡസന്‍ വളകള്‍ ഞാന്‍ ശാരിചേച്ചിക്ക് വേണ്ടി വാങ്ങി. അതണിയിക്കുമ്പോള്‍ ആ മുഖം നിർവികാരമായിരുന്നു.

"ചേച്ചി അത് പോലെ ചെയ്യ്വോ?" -ഞാന്‍ ചോദിച്ചു.

എന്തിനാണ് ഞാനങ്ങനെ ചോദിച്ചതെന്ന് എനിക്ക് ഇപ്പോളുമറിയില്ല. സില്‍ക്ക് സ്മിതയുമായി ചേച്ചിക്കുള്ള അപാരമായ സാമ്യം എന്നെ ഭയപ്പെടുത്തിയിരിക്കണം.

"ഈ നാട്ടില്‍ ഇനിക്കിഷ്ടം അന്നെ മാത്രാണ്" -അതായിരുന്നു ചേച്ചിയുടെ മറുപടി. അത് മാത്രം.

ഞാനൊരു മണ്ടന്‍. ഞാനത് സത്യം ചെയ്തുറപ്പിക്കണമായിരുന്നു. എല്ലാത്തിന്റേയും അവസാനം എന്റെയൊരു വല്ലാത്ത അശ്രദ്ധയിലായിരുന്നു. ശരീരത്തിന്റെ മാറ്റങ്ങള്‍ എന്നിലെപ്പോഴോ അസ്വസ്ഥതകള്‍ തീര്‍ക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്. കൂട്ടുകാരില്‍ പലരും പരീക്ഷിച്ച ആ സാധ്യതയെ ഞാനും തേടുകയായിരുന്നു. വാതില്‍ തുറന്നു വന്ന അമ്മക്ക്​ ഞാന്‍ മുതിര്‍ന്ന് പോയെന്ന് ബോധ്യം വന്നതപ്പോഴായിരിക്കണം. അമ്മയുടെ അതിജാഗ്രത എന്റെ എല്ലാ സന്തോഷവും കെടുത്തിക്കളഞ്ഞു.

"ശാര്യേ, പറയണോണ്ട് ഒന്നും തോന്നര്ത്. വേണു വെല്ല്യ ചെക്കനായി. എന്തെങ്കിലും പറ്റിയാല് അനക്ക് പ്രശ്‌നണ്ടാകൂല. അതോണ്ട് ഓനെ വിട്ടാളാ."

എന്റെ മുമ്പില്‍ വെച്ചാണ് അമ്മ ചേച്ചിയോടത് പറഞ്ഞത്. എനിക്കൊന്നും പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഞാനെന്തെങ്കിലും പറയും എന്ന് കരുതി ചേച്ചി കുറച്ച് നേരം കാത്തു നിന്നു. പിന്നെ തല താഴ്ത്തി നടന്നുപോയി. പുളിവടികൊണ്ട് രാജേട്ടന്‍ വളകള്‍ ഉടയ്ക്കുന്നതിനേക്കാള്‍ നിസ്സാരമായി അമ്മ നാവ് കൊണ്ട് ചേച്ചിയെ ഉടച്ചുകളഞ്ഞു.

അന്ന് ചേച്ചിയെ തീരെ പുറത്തേക്ക് കണ്ടില്ല. വൈകുന്നേരം കുളിച്ചൊരുങ്ങി ചേച്ചി എന്റടുത്ത് വന്നു. ചിരിച്ചുകൊണ്ട് എന്നോട് വളകള്‍ ചോദിച്ചു. ഞാനകത്തേക്ക് പോയപ്പോള്‍ ചേച്ചി വിളിച്ചു പറഞ്ഞു: "എല്ലാം എടുത്തോ."

അതൊരു വിടപറച്ചിലായിരുന്നെന്ന് എനിക്ക് മനസ്സിലായതേയില്ലായിരുന്നു. കുറേയുണ്ടായിരുന്നു വളകള്‍. ഞാനത് കൊടുക്കുമ്പോള്‍ ചേച്ചിയുടെ മുഖത്തേക്ക് നോക്കാതിരിക്കാന്‍ ശ്രമിച്ചു. അമ്മയടുത്തില്ലായിരുന്നെങ്കില്‍ ഒന്നെങ്കിലും ഞാനണിയിച്ചേനെ. വളകള്‍ വാങ്ങി ഒരിക്കല്‍പോലും തിരിഞ്ഞുനോക്കാതെ ചേച്ചി നടന്നു.

വാറ്റുകാര്‍ മാത്രം പോകാറുള്ള പറങ്കിമാവിന്‍ തോട്ടത്തില്‍ വെച്ചാണ് പിന്നെ ഞാന്‍ ചേച്ചിയെ കാണുന്നത്. ഉയരമുള്ള ഒരു കൊമ്പില്‍ തൂങ്ങിക്കിടക്കുകയായിരുന്നു ചേച്ചി. വാഷ് കലക്കിവെക്കാന്‍ പോയവരാണ് ആദ്യം കണ്ടത്. അണിഞ്ഞൊരുങ്ങിയ ഏറ്റവും സുന്ദരമായ ആ രൂപം നാവ് പുറത്തേക്കിട്ട്, കഴുത്തൊടിഞ്ഞ് ഏറ്റവും വികൃതമായ രീതിയിലാണ് തൂങ്ങിനിന്നിരുന്നത്. ആ മരച്ചോട്ടില്‍ വെച്ചാണ് എന്റെ ബോധം എനിക്ക് നഷ്ടമായത്.

ആ ശരീരം താഴെയിറക്കിയതും വെട്ടിപ്പൊളിച്ചതും മണ്ണില്‍ കുഴിച്ച് മൂടിയതും ഞാനറിഞ്ഞില്ല. എന്റെ ബോധത്തെ തന്നോടൊപ്പം പരലോകത്തേക്കെടുത്ത ശാരിചേച്ചിക്ക് നന്ദി. എല്ലാം കഴിഞ്ഞിട്ടാണ് ചേച്ചി അതെനിക്ക് മടക്കി തന്നത്. എല്ലാം പഴയപോലെയായെന്ന് ഏതാണ്ടുറപ്പിച്ച് ഞാനാദ്യം ചെന്നത് ആ മരച്ചോട്ടിലേക്കായിരുന്നു. ചേച്ചിയുടെ ജീവന്‍ വലിച്ച് കുടിച്ച് തെഴുത്ത പറങ്കിമാവില്‍ ചുവന്ന പറങ്കിമാങ്ങകള്‍ തുടുത്ത് നിന്നിരുന്നു. ചീഞ്ഞ പഴങ്ങള്‍ വീണ് കൊത്തളങ്ങയാര്‍ക്കുന്ന നിലത്ത് കുത്തിയിരുന്ന് ഞാന്‍ വളപ്പൊട്ടുകള്‍ തിരഞ്ഞു. ഭൂമിയില്‍ നിന്ന് ഒളിച്ചോടുന്ന ധൃതിയില്‍ പൊട്ടിച്ചിതറി താഴെ വീണതെല്ലാം ഞാന്‍ പെറുക്കിയെടുത്തു. അപ്പോഴൊക്കെ ഞാനും ചേച്ചിയും വളപ്പൊട്ട് കളിക്കുന്നപോലെയാണ് എനിക്ക് തോന്നിയത്. ഓരോ നിറത്തേയും ജോടി ചേര്‍ത്ത് ഞാനോരോ കളിയും ജയിച്ചു. ഒരു കുറ്റകരമായ മൗനത്തെ എന്നുമോർമിപ്പിച്ച്, വിളക്കിച്ചേര്‍ക്കാനാവാത്ത ആ വളപ്പൊട്ടുകളെല്ലാം ചേച്ചിയുടെ ശരീരംപോലെ ഉടഞ്ഞുകിടക്കുകയാണിപ്പോഴും എന്റെയുള്ളില്‍.


അതിനുശേഷം പുഴയോരത്ത് നായക്കരിമ്പ് പൂത്തത് ഞാനൊരിക്കലും കണ്ടിട്ടില്ല. ഒരുപക്ഷേ, അത് പിന്നീടൊരിക്കലും പൂത്തിട്ടേയുണ്ടാവില്ല. ഒരു കുഞ്ഞിരിക്കേണ്ട ഒക്കത്ത് നിറകുടം മാത്രമേന്തി ശാരിചേച്ചി നടന്ന് നീക്കിയ പഴയ ഒറ്റയടിപ്പാതയും ഇപ്പോള്‍ പുഴയോരത്തില്ല. പത്തടി വീതിയുണ്ടായിരുന്ന ആ നീണ്ട വഴി ഇപ്പോള്‍ ഓരോരുത്തരുടേതായി കഴിഞ്ഞിരിക്കുന്നു. പൊന്തപ്പടര്‍പ്പുകള്‍ തൂര്‍ത്ത ആ വഴിയിലേക്ക് നോക്കുമ്പോളൊക്കെ, ജയന് കൊടുക്കാന്‍ ശാരിചേച്ചി തന്ന കുറിപ്പ് എനിക്കുള്ള അപേക്ഷയായിരുന്നെന്ന് ഇടക്കിടെ തോന്നാറുണ്ട്. ഓരോ തവണ അത് വായിക്കുമ്പോഴും ചേച്ചിയേയുംകൊണ്ട് ലോകത്തിന്റെ അറ്റത്തേക്ക് പോകാന്‍ കഴിയാതിരുന്ന ഗതികേടിനെ ഞാനിപ്പോഴും ശപിക്കുന്നു. കല്ല് കോര്‍ക്കാതെ തന്നെ തെറ്റാലികൊണ്ട് ഉറങ്ങുന്ന അമ്മക്കു നേരെ ഉന്നംപിടിക്കുന്നു.

l

Tags:    
News Summary - malayalam story madhyamam weekly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2022-12-26 01:15 GMT
access_time 2022-12-19 01:00 GMT
access_time 2022-12-12 02:45 GMT
access_time 2022-11-21 01:15 GMT
access_time 2022-11-07 02:00 GMT
access_time 2022-10-31 03:15 GMT
access_time 2022-10-24 03:45 GMT
access_time 2022-10-17 03:15 GMT
access_time 2022-10-10 03:45 GMT
access_time 2022-10-03 02:45 GMT
access_time 2022-09-26 03:00 GMT