പുൽമൈതാനിയിലെ അറബ് മാന്ത്രികർ

മാധ്യമപ്രവർത്തകനായ ടി. സാലിം രചിച്ച 'കളിക്കാഴ്​ചകളുടെ മരുപ്പച്ചകൾ' എന്ന പുസ്​തകം തുറക്കുന്നത്​ ലോകം അധികം അറിയാത്ത അറബ്​ മേഖലയിലെ ഫുട്​ബാൾ ഭ്രമത്തി​ന്റെയും കഥകളുടെയും ലോകത്തേക്കുള്ള വാതിലാണ്​

പ്രീക്വാർട്ടറിൽ ആസ്​ട്രേലിയയെയും തകർത്ത്​ ലോകകപ്പി​ന്റെ കിരീടവഴിയിൽ ഇപ്പോൾ മുന്നേറുന്ന അർജന്റീനയെ ഞെട്ടിച്ചുണർത്തിയത്​ സൗദി അറേബ്യ ആയിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിലൊന്നിൽ പിണഞ്ഞ​ തോൽവി അർജന്റീനക്കും ലോകത്തിനും വലിയ ഷോക്കായിരുന്നെങ്കിൽ ഫുട്​ബാൾ ഭൂപടത്തിലെ ചെറുകരകളിലൊന്നായ സൗദിക്ക്​ അത്​ മൂന്നുപതിറ്റാണ്ടു മുമ്പുള്ള ആവേശകരമായ ഓർമകളിലേക്കുള്ള പിൻമടക്കമായിരുന്നു. അന്ന്​, 1994ൽ ബെൽജിയത്തിനെതിരെ സഈദ്​ അൽ ഉവൈറാൻ നേടിയ ഇതിഹാസ ഗോളല്ലാതെ ലോകകപ്പുകളിൽ സൗദിക്ക്​ അഭിമാനിക്കാൻ അധികമൊന്നുമില്ലല്ലോ. അമേരിക്കയിൽ നടന്ന ആ ലോകകപ്പിൽ ​കരുത്തരായ നെതർലാൻഡ്സിനും ബെൽജിയത്തിനും പിന്നെ മൊ​റോകോക്കും ഒപ്പം എഫ്​ ഗ്രൂപ്പിലായിരുന്നു സൗദി. ആദ്യമത്സരത്തിൽ 2-1ന്​ നെതർലാൻഡ്സിനോട്​ തോൽവി. രണ്ടാം മത്സരത്തിൽ ​അതേ മാർജിനിൽ മൊറോക്കോയെ തോൽപിച്ചു. അതോടെ സൗദിക്ക്​ രണ്ടാം റൗണ്ടിലെത്താൻ ബെൽജിയത്തിനെതിരെ സമനില മതിയായിരുന്നു.

''പക്ഷെ, 40 ഡിഗ്രി ചൂടിൽ ചുട്ടുപൊള്ളുകയായിരുന്ന വാഷിങ്​ടണിലെ ആർ.എഫ്​.കെ സ്​റ്റേഡിയത്തിൽ നടന്ന കളിയിൽ അഞ്ചാം മിനിറ്റിൽ തന്നെ ഉ​വൈറാനിലൂടെ അവർ ബെൽജിയത്തെ ഞെട്ടിച്ചു. ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ അസാധാരണ ഗോൾ പോലെ അമ്പരിപ്പിക്കുന്ന ഒറ്റയാൻ മുന്നേറ്റമായിരുന്നു അത്​.

സൗദി പെനാൽറ്റി ബോക്സിനു മുന്നിൽ നിന്നാണ് ഉവൈറാൻ കുതിപ്പ് തുടങ്ങിയത്. ആർക്കെങ്കിലും പാസ് ചെയ്യുമെന്നാണ് ബെൽജിയംകാർ പ്രതീക്ഷിച്ചത്. പക്ഷെ മധ്യത്തിലൂടെ കൊടുങ്കാറ്റ് വേഗത്തിൽ മിഡ്ഫീൽഡർ കുതിച്ചു. മിഷേൽ ഡി വൂൾഫും റൂഡി സ്​മിറ്റ്​സും ഫിലിപ്പെ ആൽബർടും ആ കുതിപ്പിന് മുന്നിൽ കീഴടങ്ങി. അഞ്ച് എതിരാളികളെ വെട്ടിച്ച് ബോക്സിലേക്ക് കടന്ന ഉവൈറാനു മുന്നിൽ വിഖ്യാത ഗോളി മൈക്കിൾ പ്രൂഡ്​ഹോമും നിസ്സഹായനായി. കളി തീരും മുമ്പെ 'അറബികളുടെ മറഡോണ' എന്ന് ഉവൈറാന് വിശേഷണം വീണു. രണ്ടാം റൗണ്ടിലേക്ക് മുന്നേറിയ സൗദി പ്രീ ക്വാർട്ടറിൽ സ്വീഡന് മുന്നിലാണ് വീണത്.

ബെൽജിയത്തിനെതിരായ ഗോൾ ഉവൈറാനെ വീരപുരുഷനാക്കി. സമ്മാനങ്ങൾ അയാളെ മൂടി. ഫഹദ്​ രാജാവ്​ ആഡംബരകാർ സമ്മാനിച്ചു. ഉവൈറാൻ ഏഷ്യൻ ഫുട്​ബാളർ ഓഫ്​ ദ ഇയറായി. യൂറോപ്യൻ ക്ലബുകൾ താൽപര്യം പ്രകടിപ്പിച്ചെങ്കിലും അൽ ശബാബ്​ വിടാൻ അനുവാദം ലഭിച്ചില്ല. 'ഇരുതലമൂർച്ചയുണ്ടായിരുന്നു ആ ഗോളിന്. മഹത്തരം തന്നെയായിരുന്നു അത്. എന്നാൽ വലിയ ചതിക്കുഴിയും. കാരണം അതെന്നെ ശ്രദ്ധാകേന്ദ്രമാക്കി. എല്ലാ കണ്ണുകളും എന്നിലായിരുന്നു'- ഉവൈറാൻ പിന്നീട്​ പറഞ്ഞു.

അച്ചടക്കമില്ലായ്മയിലേക്കാണ് അത് ഉവൈറാനെ നയിച്ചത്. രാത്രിജീവിതത്തി​ന്റെ ഉപാസകനായി ഉവൈറാൻ. രണ്ട് സംഭവങ്ങൾ ഉ​വൈറാ​ന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചു. അൽ ശബാബ് ക്ലബ്ബിന്റെ അനുമതിയില്ലാതെ മൊറോക്കോയിലെ കാസബ്ലാങ്കയിൽ രണ്ടാഴ്​ചത്തെ ഉല്ലാസത്തിന് പോയി. അതിന് പിഴയും മുന്നറിയിപ്പും ലഭിച്ചു. 1996 റമദാൻ പുണ്യകാലത്ത് വിദേശ സ്ത്രീകളും മദ്യവുമായി പിടിയിലായത് സൗദിയിൽ പൊറുക്കാവുന്ന കുറ്റമായിരുന്നില്ല. ടീമിൽനിന്ന് ഉവൈറാൻ സസ്പെൻഡ് ചെയ്യപ്പെട്ടു. ഒരു വർഷം കളിയിൽ വിലക്കേർപ്പെടുത്തി. ജയിൽ ശിക്ഷ അനുഭവിക്കേണ്ടിയും വന്നു. ജയിൽ എന്നു പറയുന്നതിനേക്കാൾ വീട്ടുതടങ്കൽ പോലെയായിരുന്നു അത്. ആഴ്ചകളോളം ചോദ്യം ചെയ്യപ്പെട്ടു. ആറു മാസത്തിനു ശേഷം ശിക്ഷ അവസാനിച്ചപ്പോൾ സുഹൃത്തുക്കൾക്കൊപ്പം കളിച്ചു. സൗദി ടീം ഏഷ്യൻ കപ്പ് ചാമ്പ്യന്മാരാവുകയും 1998ലെ ലോകകപ്പിന് യോഗ്യത നേടുകയും ചെയ്യുന്നത് ഉവൈറാന് ടി.വിയിൽ കാണേണ്ടി വന്നു. അക്കാലത്ത് താൻ ഇല്ലാതെ ദേശീയ ടീം കളിക്കുന്നത് കാണുന്നതായിരുന്നു ഏറ്റവും വലിയ ശിക്ഷയെന്ന് ഉവൈറാൻ പറഞ്ഞിട്ടുണ്ട്.

അലി രിസയുടെ ജീവിതം

എല്ലാ നാടകീയതകളും നിറഞ്ഞതായിരുന്നു 2018 ലോകകപ്പിലെ ഇറാൻ-പോർച്ചുഗൽ മത്സരം. ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെതിരെ ഇറാൻ വിജയത്തി​ന്റെ വക്കിലെത്തി. അലി രിസ ബെയ്​രൻവന്ത് എന്ന ഗോളിയുടെ രാത്രിയായിരുന്നു അത്. പിറ്റേന്ന് പ്രഭാതം പൊട്ടിവിടർന്നത് അലി രിസയുടെ കഥകളുമായാണ്. നാടോടിയായി ജനിച്ച്​, കടത്തിണ്ണകളിൽ ജീവിച്ച് ലോക ഫുട്ബോളി​ന്റെ നെറുകയിലെത്തിയ അവിശ്വസനീയമായ കഥ.

പോർച്ചുഗലിനെതിരായ ആ സമനില യൂറോപ്യൻ ടീമിനെതിരെ ലോകകപ്പിൽ ഇറാ​ന്റെ ആദ്യ പോയൻറായിരുന്നു. മത്സരത്തിന്​ മറ്റൊരു അന്തർധാര കൂടിയുണ്ടായിരുന്നു. ഇറാന്റെ കോച്ച്​ കാർലോസ്​ ക്വിറോസ്​ പോർച്ചുഗലുകാരനായിരുന്നു. ഒന്നിലേറെ തവണ അദ്ദേഹം പോർച്ചുഗലി​ന്റെയും അവരുടെ ജൂനിയർ ടീമി​ന്റെയും പരിശീലകനായിരുന്നു. പോർച്ചുഗൽ ഫെഡറേഷനുമായുള്ള കൊടുംതർക്ക​ത്തെ തുടർന്നാണ്​ അദ്ദേഹം ടീം വിട്ടതും ഇറാ​ന്റെ പരിശീലകനായതും.

പോർച്ചുഗലിനെതിരായ മത്സരത്തിൽ കളി കൊണ്ടും കൈയാങ്കളി കൊണ്ടും ഇറാ​ന്റെ വല ധീരോദാത്തമായി കാത്തത്​ അലി രിസ ബെയ്​റൻവന്ത്​ ആയിരുന്നു. അലഞ്ഞുതിരിയുന്ന നൊമാഡുകളുടെ കുടുംബത്തിലാണ്​ അയാൾ ജനിച്ചത്​. ഫുട്​ബാളറാകുകയെന്ന സ്വപ്​നസാക്ഷാത്​കാരത്തിനായി കുടുംബം വിടുകയായിരുന്നു. പിന്നീട്​ സംഭവബഹുലമായ തെരുവ്​ ജീവിതം. ഒടുവിൽ കിനാവിൽ കണ്ടത്​ അയാൾ യാഥാർഥ്യമാക്കി. ഇറാ​ന്റെ ദേശീയ ടീമിൽ ഗോളിയായി. ലോകകപ്പ്​ ഉൾപ്പെടെ നിരവധി ടൂർണമെൻറുകളിൽ കളിക്കുകയും ചെയ്​തു.

കെയ്​റോയിലെ തീക്കളി

വടക്കൻ ആഫ്രിക്കയിലെ സമീപരാജ്യങ്ങളായ അൾജീരിയയും ഈജിപ്​തും തമ്മിലുള്ള ഫുട്​ബാൾ വൈരം സുവിദിതമാണ്​. അവർ തമ്മിലുള്ള മത്സരങ്ങൾ എന്നും വാശിയേറിയതായിരിക്കും. ചിലത്​ പകപോക്കലുകളാകും. ചില കളികൾ നടക്കുന്നത്​ പൊട്ടിയൊലിക്കുന്ന രോഷ പ്രകടനത്തിനിടക്കാണ്​. പരസ്​പര വൈരത്തെ മറ്റൊരു തലത്തിലേക്ക്​ ഉയർത്തുന്നതാണ്​ ഈ ടീമുകൾ തമ്മിലുള്ള പക. കളിക്കുമപ്പുറം പലപ്പോഴും നയതന്ത്രജ്​ഞരുടെ ഇടപെടൽ വേണ്ടിവരുകയും ചെയ്യുന്നു.

1990ലെ ലോകകപ്പിന്റെ ആഫ്രിക്കൻ യോഗ്യത മത്സരങ്ങളിലൊന്നിൽ ഈ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചതൊക്കെയും ഞെട്ടിക്കുന്നതായിരുന്നു. 1989 നവംബർ 19ന്​ കെയ്​റോയിലെ സ്​റ്റേഡിയത്തിൽ ലക്ഷത്തോളം പേരാണ്​ കളി കാണാനെത്തിയത്​. കളി നിയന്ത്രിക്കുന്നത്​ തുനീഷ്യൻ റഫറി അലി ബിൻ നാസർ. 1986ൽ മറഡോണ കൈകൊണ്ട്​ ഗോളടിക്കുന്നത്​ കാണാതെ പോയ അതേ റഫറി. നാലാം മിനിറ്റിൽ തന്നെ ഈജിപ്​ത്​ ലീഡ്​ നേടി. മറ്റൊരുതാരം അൾജീരിയൻ ഗോളിയെ തടസ്സപ്പെടുത്തിയെന്ന്​ അവരുടെ കളിക്കാർ വാദിച്ചെങ്കിലും റഫറി സമ്മതിച്ചില്ല. ആതിഥേയ കാണിക​ളെ റഫറി ഭയക്കുന്നത്​ പോലെ തോന്നിച്ചു. കൂടുതൽ ഗോളില്ലാതെ മത്സരം തീർന്നു. ഫൈനൽ വിസിലിന്​ പിന്നാലെ അൾജീരിയൻ കളിക്കാർ റഫറിയെ വളഞ്ഞു. ഗ്രൗണ്ടിന്​ സമീപത്തെ ചെടിച്ചട്ടികളെടുത്ത്​ അവർ ഗാലറിയിലേക്ക്​ എറിഞ്ഞു. അസ്വാരസ്യങ്ങൾ കൂട്ടത്തല്ലിലേക്ക്​ വഴിമാറി. കുപ്പിച്ചില്ല്​ കൊണ്ടുള്ള ആക്രമണത്തിൽ ഈജിപ്​ത്​ ടീം ഡോക്​ടർക്ക്​ കാഴ്​ച നഷ്​ടമായി. അൾജീരിയൻ സൂപ്പർതാരം ലഖ്​ദർ ബലൂമിയാണ്​ ആക്രമിച്ചതെന്ന്​ ആരോപണമുണ്ടായി. ബലൂമിയുടെ അഭാവത്തിൽ താരത്തിനെതിരെ​ ഈജിപ്​ഷ്യൻ കോടതി ശിക്ഷ വിധിച്ചു. ഇൻറർപോൾ അയാൾക്കെതിരെ അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചു. അത്യുന്നത ഇടപെടലുകളെ തുടർന്ന്​ 2009ലാണ്​ ഇന്റർപോൾ ഈ വാറണ്ട്​ റദ്ദാക്കിയത്​. പിന്നീട്​ പലപ്പോഴും ഈ ടീമുകൾ നേർക്കുനേർ വന്നപ്പോഴും അസ്വസ്​ഥഭരിതമായിരുന്നു ഗ്രൗണ്ടും ഗാലറിയും.

ഫുട്​ബാൾ ലോകകപ്പിലെ ഇത്തരം അറബിക്കഥകൾ പറയുകയാണ്​ മാധ്യമപ്രവർത്തകനായ ടി. സാലിം രചിച്ച 'കളിക്കാഴ്​ചകളുടെ മരുപ്പച്ചകൾ' എന്ന പുസ്​തകം. ലോകകപ്പിൽ പലതുകൊണ്ടും ചരിത്ര പ്രാധാന്യം നേടിയ അറബ്​ സാന്നിധ്യങ്ങളിലൂടെ വായനക്കാരനെ പിടിച്ച് കൊണ്ടുപോകുകയാണ്​ സാലിമെന്ന്​ പ്രശസ്​ത മാധ്യമ പ്രവർത്തകൻ രവിമേനോൻ അവതാരികയിൽ പറയുന്നു.

ഫുട്ബാളിൽ അറബ് ലോകത്തി​ന്റെ അന്തസുയർത്തിയ ടീമുകൾ മാത്രമല്ല സുവർണ താരങ്ങളും മിഴിവാർന്ന് നിൽക്കുന്നു ഈ രചനകളിൽ. തിരിഞ്ഞുനോക്കു​മ്പോൾ സത്യമോ മിഥ്യയോ എന്ന്​ വേർതിരിച്ചറിയാൻ പോലും പ്രയാസം തോന്നിയേക്കാവുന്ന ഒരു കാലത്തിന്റെ തിരുശേഷിപ്പുകൾ. ഫുട്​ബാൾ പ്രേമികൾക്ക് മാത്രമല്ല, ചരിത്രാന്വേഷകർക്കും പ്രയോജനപ്രദമായി മാറുന്നതാണ്​ 'ലോകകപ്പിലെ അറബിക്കഥകൾ' എന്നും രവി മേനോൻ കൂട്ടിച്ചേർത്തു. സൗദി അറേബ്യയിൽ നിന്ന്​ പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ്​ ദിനപത്രത്തി​ന്റെ സ്​പോർട്​സ്​ എഡിറ്ററായിരുന്നു​ കണ്ണൂർ സ്വദേശിയായ ടി. സാലിം. ഒലിവ്​ ബുക്​സ്​ ആണ്​ പ്രസാധകർ.

Tags:    
News Summary - Arabic stories of the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.