തളിരിലകളിലും ചില്ലകളിലും നിറയുന്ന വനാനുരാഗങ്ങളുടെ ധ്യാനം

എൻ.എ. നസീറിന്റെ ‘തളിരിലകളിലെ ധ്യാനം’ എന്ന പുസ്തകത്തന്റെ വായനാനുഭവം ഡോ. എ.വി. സത്യേഷ് കുമാർ, ചെറുകുന്ന് എഴുതുന്നു

വനാന്തരങ്ങളും അതിൻ്റെ സാന്ദ്രപരിസരങ്ങളും നമ്മിൽ ചിലർക്കെങ്കിലും ഇപ്പോഴും വെറുമൊരു ഭൂവിഭാഗം മാത്രമാണ് . വൻവൃക്ഷത്തടികളുടെ ദൃശ്യഖണ്ഡം കണ്ണിൽപ്പെട്ടാൽ അതിൻ്റെ വാണിജ്യ വിലനിലവാരം മാത്രമളന്നു തിട്ടപ്പെടുത്തുന്ന , അതിനെ ആശ്രയിച്ചു ജീവിക്കുന്ന ജീവജാലങ്ങളെ സൗകര്യം കിട്ടിയാൽ നിന്ദ്യമായ രൂപത്തിൽ ഹിംസിക്കാൻ ശ്രമിക്കുന്ന കൊളോണിയൽ പിന്തിരിപ്പൻ ബോധത്തിൻ്റെ മസ്തിഷ്കവുമായി ഉണ്ടുറങ്ങുന്നവർ. പ്ര. എസ് . ശിവദാസിൻ്റെ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകത്തെപ്പറ്റി കുട്ടികളോട് പറഞ്ഞിട്ടുണ്ട്. വനഗവേഷണവുമായി അലഞ്ഞു നടന്ന നാളുകളുടെ അനുഭവങ്ങൾ ആവിഷ്ക്കരിക്കുന്ന സുജാതാദേവിയുടെ കാടുകളുടെ താളം തേടി എന്ന പുസ്തകം. പുസ്തകങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. എന്നാൽ, പ്രകൃതി എന്ന മൂന്നക്ഷരത്തിന് മുന്നിൽ പുതുതലമുറ വിനയാന്വിതരാവുന്നുണ്ടോ എന്നറിഞ്ഞു കൂടാ. ശാസ്ത്രസാങ്കേതികവിദ്യകളുടെ അമ്പരപ്പിക്കുന്ന ലോകത്ത് ജനിച്ചു വീഴുന്ന കുട്ടികൾക്ക് മുന്നിൽ കാടും പ്രകൃതിയും മികച്ച പഠനവിഷയങ്ങളാകണം.

കാട്ടിലേക്കുള്ള അതിസാധാരണമല്ലാത്ത നടത്തങ്ങളുടെ ഓർമ്മകളുടെ മറ പറ്റി കവിത കിനിഞ്ഞു വരുന്ന ഭാഷയിൽ പ്രകൃതിയോടും അതിൻ്റെ അതുല്യമായ സമ്പാദ്യങ്ങളോടും ഒരാൾക്ക് വലിയ അടുപ്പവും സ്നേഹവും തോന്നുന്ന വിധത്തിലാണ് ശ്രീ.എൻ.എ. നസീർ എഴുതുന്നത്. ‘തളിരിലകളിലെ ധ്യാനം’. 2022 ജൂലായ് മാസത്തിൽ ആദ്യ പതിപ്പ് പുറത്തിറക്കിയ പുസ്തകത്തിൻ്റെ അഴകുള്ള ശീർഷകം. ഓരോ അധ്യായവും ശ്വാസമടക്കിപ്പിടിച്ചേ വായിക്കാനാവൂ. കാരണം , അത്രയും ആഴവും സൂക്ഷ്മതയും പുലർത്തുന്ന അനുഭവതലങ്ങളാണ് വായനക്കാർക്കായി ഈ വനതീർത്ഥാടകൻ കാത്തു വെക്കുന്നത്.

വലിയ ജീവജാലങ്ങൾ മാത്രമല്ല, ഏറ്റവും ചെറിയ ഉറുമ്പുകൾ പോലും കാട്ടിലകളിൽ പറ്റിപ്പിടിക്കുന്ന മൃദുവായ കാറ്റത്ത് പാറിയെത്തുന്ന ഒരു പൂമ്പൊടി പോലും ആ കണ്ണുകളിൽ ജാഗ്രതയോടെ എത്തിച്ചേരുന്നു. ക്യാമറ ബാഗിലുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ യഥാർത്ഥക്യാമറ കണ്ണു തന്നെയാണ്. (ചിലയവസരങ്ങളിൽ കൃത്രിമവസ്തുവായ ക്യാമറ കൈയിലെടുക്കാൻ കഴിയാത്ത ഘട്ടങ്ങൾ കാട്ടിലുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ , ശരീരത്തിലെ പകരം വെക്കാനില്ലാത്ത ഈ അപൂർവ്വമായ ഇന്ദ്രിയത്തിൻ്റെ അപാരസാധ്യതകളെക്കുറിച്ച് മുമ്പൊരിക്കൽ ഒരു വനയാത്രാസ്മൃതിയിൽ നസീർ എഴുതിച്ചേർത്തിട്ടുമുണ്ട് . )

വനസഞ്ചാരിയുടെ കണ്ണ് , ഉൾക്കണ്ണു കൂടിയാണെന്ന് നാം തിരിച്ചറിയണം. കുറേ വർഷങ്ങൾക്കു മുമ്പ് ആറളം വന്യജീവിസങ്കേതത്തിലെ നേച്ചർ ക്യാംപ് കഴിഞ്ഞ് മടങ്ങുമ്പോൾ ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നിയത് ഭൂമുഖത്ത് ആരും ശ്രദ്ധിക്കാത്ത അട്ട എന്ന് പേരുള്ള ഒരു ചെറുജീവിയുടെ തുടരെയുള്ള സ്നേഹസ്പർശം കാലുകളിൽ നിന്ന് ഇല്ലാതായപ്പോഴാണ്. എങ്കിൽ, എത്രയെത്ര ജീവജാലങ്ങളാണ് എൻ. എ .നസീറിൻ്റെ കണ്ണുകളിൽ നിറഞ്ഞിട്ടുണ്ടാവുക !!!. എത്രയെത്ര ചെടികളും മരങ്ങളുമാണ് ആ വിശുദ്ധഹൃദയത്തിൽ വേരാഴ്ത്തിയിട്ടുണ്ടാവുക !!!. എല്ലാം മായ്ക്കുന്ന കാട് എന്ന അധ്യായത്തിൽ Forest Bathing എന്ന ചികിത്സാരീതിയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ശരീരത്തെയും മനസ്സിനെയും കാട് എങ്ങനെ ഊർജ്ജസ്വലമാക്കുന്നുവെന്നും . ഡോ. ക്യൂങ്ങ് ലിയെ പരിചയപ്പെടുത്തുന്നു. In to the Forest എന്ന അദ്ദേഹത്തിൻ്റെ വിഖ്യാതമായ ഗ്രന്ഥത്തെപ്പറ്റി രേഖപ്പെടുത്തുന്നു.

അതിവേഗകാലത്തിന് വേണ്ടി വരും , ഇതെല്ലാം.. ആയില്ല , കുറച്ചു കൂടി കഴിയട്ടെ... പ്രിയപ്പെട്ട ശ്രീ. എൻ.എ. നസീർ , കാട് എന്ന നിർമ്മലസ്ഥലിയിലേക്കുള്ള യാത്രകൾ തുടർന്നു കൊണ്ടിരിക്കുക... അപൂർവ്വതകളും അത്ഭുതങ്ങളും അക്ഷരങ്ങളായി നിറയണം... അനശ്വരമാവുമത്.

സന്ദേഹങ്ങളില്ല, ഒട്ടും ..

- ഡോ. എ.വി. സത്യേഷ് കുമാർ, ചെറുകുന്ന്.

Tags:    
News Summary - About NA Naseer's book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.