പാർക്ക്

ഒരു വൈകുന്നേരം തലയില്ലാത്ത ഒരാൾ തെരുവിലൂടെ നടന്നുപോവുകയായിരുന്നു. പലരും അയാളെ നോക്കുന്നുണ്ട്. ആർക്കും ഒന്നും മനസ്സിലായില്ല.ചിലർക്ക് അതിൽ അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. തല ജീവിതത്തിന് ഹാനികരം എന്നു ഉരുവിടുന്നവർ ആ തെരുവിൽ ഏറെയായിരുന്നു. ആരും അയാളെ തടഞ്ഞുനിർത്തി കാര്യമന്വേഷിച്ചതുമില്ല. എന്തെങ്കിലും കാര്യം അന്വേഷിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു തലയെങ്കിലും വേണ്ടേ എന്ന് ഒരു കാരണവർ ആത്മഗതം പൊഴിച്ചു. അയാളുടെ കൈകളോടു ചോദിച്ചാലോ എന്ന് കലുങ്കിലിരുന്ന സ്വവർഗാനുരാഗി കുഞ്ഞുട്ടൻ ഉറക്കെ അഭിപ്രായപ്പെട്ടത് ചിലർ നിഷേധിച്ച് തലയാട്ടി.

മുമ്പേതോ യുഗത്തിൽ തലയില്ലാത്ത ചിലരൊക്കെ ആ ദേശത്ത് വന്നുപോയിട്ടുണ്ടെന്നു കേട്ടിട്ടുള്ള ചരിത്രംകണാരൻ ഒരു പ്രഭാഷണത്തിനുള്ള അവസരം വരുന്നതറിഞ്ഞു. ഒന്നര സൽസയുടെ ബലത്തിൽ, ജീവൻ നിലനിർത്താൻ പാടുപെടുന്ന സുഗുണൻ, തലയില്ലാത്തയാൾ കടന്നുപോയ പാടേ ‘ഭാഗ്യവാൻ’ എന്ന് ഉറക്കെത്തന്നെ വിളിച്ചുകൂവി. അതു കേൾക്കാൻ അയാൾക്ക് കാതുകളുണ്ടായില്ലല്ലോ എന്നോർത്ത് അപ്പോൾത്തന്നെ വാപൊത്തി ചിരിച്ചതും ചിരിയുടെ ആഘാതത്താൽ വശംചരിഞ്ഞ് ഇരുന്നു പോയതും ആരും കണ്ടില്ല.

തലയില്ലാത്തയാൾ നേരെ നടന്നുപോയത് കായൽക്കരയിൽ പുതുതായി നിർമിച്ച പാർക്കിലേക്കാണ്. പിന്തുടർന്ന ഏതാനും പേർ അയാൾ തിരിഞ്ഞു നോക്കിയാൽ പിന്തുടരുന്നത് മനസ്സിലാക്കുമെന്ന ജാള്യത്താൽ തിരിഞ്ഞും മറഞ്ഞുമൊക്കെയാണ് പിന്തുടരുന്നത്. തലയില്ലാത്തവരെ പിന്തുടരുന്നതിലെ അരാഷ്ട്രീയ ശരികളെ ഓർമവന്നതും വഴിയിൽവെച്ച് പിന്തിരിയുകയും ചായയെന്നോ കാപ്പിയെന്നോ ഒച്ചവെച്ച് ടീഷാപ്പുകളിലേക്ക് ഊളിയിട്ടവരും കുറവല്ല.

ജമീലയും സുരേഷും മേരിയും മറ്റു പലരും സംസാരിച്ചിരുന്ന ​െബഞ്ചിലേക്കാണ് അയാൾ ചെന്നത്. അവർ കുറച്ചുപേർ ഏറെനേരമായി അവിടെ സമയം ചെലവഴിച്ചതിന്റെ തെളിവായി ഒരു ലോഡ് കടലത്തൊലി അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്. പെട്ടെന്ന് തലയില്ലാത്ത മനുഷ്യന്റെ ഇരുകൈകളിലും ചാട്ടവാറുകൾ പ്രത്യക്ഷപ്പെട്ടു. തലയില്ലാത്ത ഒരാൾ എന്നുകണ്ട് പെണ്ണുങ്ങളെല്ലാം ആർത്തിരമ്പിപ്പോയി. തല എന്നത് ഒരവയവം മാത്രമല്ലല്ലോ, അതുണ്ടെങ്കിലല്ലേ ജീവിതം പുഷ്പിക്കൂ എന്ന് കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിലെഴുതിയത് സുരേഷ് പെട്ടെന്നോർമിച്ചു.

പാർക്കിലെ ചെടികളിൽ വിടർന്നു വിലസിയ പൂക്കളെല്ലാം ഞൊടിയിടയിൽ താഴേക്കു പതിച്ചു. ജനം പാർക്കിനു ചുറ്റും കൂട്ടംകൂടിത്തുടങ്ങി. രണ്ടു ദീർഘ ബാഹുക്കളിൽ ചാട്ടവാറേന്തി തങ്ങൾക്കഭിമുഖമായി നിൽക്കുന്ന അതികായനെ നോക്കി സുരേഷ് ചോദിച്ചു:

‘‘ശബ്ദിക്കാനോ കേൾക്കാനോ ചിന്തിക്കാനോ പാങ്ങില്ലാത്ത താങ്കൾക്ക് ചാട്ടവാറിന്റെ രാഷ്ട്രീയ ദൗത്യം എങ്ങനെയാണ്‌ മനസ്സിലാകുന്നത്...’’

ചോദ്യമവസാനിച്ചതും അയാൾ ചാട്ടവാറുകൊണ്ട് മൂന്നു പേരെയും മാറിമാറി പ്രഹരിച്ചു. അവർ അവശരായി വീഴും വരെ പ്രഹരിച്ചു. ചുറ്റും കൂടിനിന്ന ജനത്തിനോടായി കബന്ധൻ ചില അംഗവിക്ഷേപങ്ങൾ നടത്തി. ബധിരവിദ്യാലയത്തിലെ പ്യൂൺ കാദർ ആ ആംഗ്യങ്ങളെ പരിഭാഷപ്പെടുത്തി. ഏതാണ്ട് അത് ഇപ്രകാരമാണ്:

‘‘മഹാബടുക്കൂസുകളേ... തലയുണ്ടെന്ന അഹങ്കാരത്തിൽ മറ്റൊന്നിനേയും വകവെക്കാതെ സർവതന്ത്രസ്വാതന്ത്ര്യത്തിൽ ജീവിക്കുന്നവരേ... ആരെങ്കിലും ദാ ഇതേപോലെ സദാചാര സീമകൾ ലംഘിച്ചാൽ ഞാൻ വീണ്ടും വരും. എന്റെ ഭരണകൂടത്തിന് ഇതൊന്നും തീരെ ഇഷ്ടമല്ല, ഞാൻ വീണ്ടും വരും. ജാഗ്രതൈ.’’

അയാൾ വന്ന വഴിയെ തിരിച്ചുപോയി. അടിയേറ്റ് ചത്തുമലച്ച ഒരു വണ്ടിനെപ്പോലെ സമൂഹം അൽപസമയം കൈകാലിട്ടടിച്ചു; അവശരായ മൂവരെപ്രതി ദുഃഖിച്ചു. പത്താം ക്ലാസുകാരൻ ദ്രുപത് പാർക്കിലെ പൂക്കൾ പെറുക്കുന്നുണ്ടായിരുന്നു. ആരോ പറഞ്ഞു:

‘‘വിട്ടേക്ക് മക്കളേ...’’

ദ്രുപതിന്റെ കൂടെ പൂക്കൾ പെറുക്കിയ ദിയ ഫാത്തിമ പറഞ്ഞു:

‘‘ഞങ്ങൾ വിടില്ല...’’

ദ്രുപത് ഏറ്റു പറഞ്ഞു:

‘‘അതെ... വിടില്ല ഞങ്ങൾ...’’

ചെറുപ്പക്കാരുടെ ഒരു സംഘം അവരുടെ അടുത്തേക്കു വന്നു. അവരും പറഞ്ഞു: ‘‘ഞങ്ങൾ ഇതങ്ങനെ വെറുതെ വിടില്ല...’’

പിന്നീടതൊരു കൂട്ടപ്പാട്ടായി. എല്ലാവരുടെ ചുണ്ടിലും മൂളക്കമായി. ആ തെരുവ് പിന്നീടുള്ള എല്ലാ പ്രഭാതങ്ങളിലും പ്രതീക്ഷിക്കുന്നുണ്ട്, ചാട്ടവാറുകളുമായി തലയില്ലാത്ത ഒരാൾ നടന്നുവരുന്നത്.

Tags:    
News Summary - malayalam short story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:53 GMT