1940കളിൽ എഴുതിയ ‘മനുഷ്യൻ മാത്രം’, ‘ദേവിയും ആരാധകനും’ എന്നീ കഥകളുടെ പശ്ചാത്തലത്തിൽ ലളിതാംബിക അന്തർജനത്തിന്റെ മാനവികത ചർച്ചചെയ്യുകയാണ് കൊച്ചുമകൾ കൂടിയായ ലേഖിക. മാനവികത ഉയർത്തിപ്പിടിക്കുന്നവരെ ചരിത്രത്തിൽ അടയാളപ്പെടുത്തുമ്പോൾ ജാതി-മത ചിഹ്നം ഉണ്ടാകുന്നതെങ്ങനെയെന്ന് അവർ ചോദിക്കുന്നു.
ലളിതാംബിക അന്തർജനം എഴുതിയ ‘അഗ്നിസാക്ഷി’യും ചുരുക്കം ചില കഥകളും ഏറെ വായിക്കപ്പെട്ടപ്പോൾ, 1940കളിൽ എഴുതിയ ‘മനുഷ്യൻ മാത്രം’, ‘ദേവിയും ആരാധകനും’ പോലുള്ള സാമുദായിക-മതാതീത-സാമൂഹിക കഥകൾ മറവിയിലേക്കു പോയിമറഞ്ഞു. ലളിതാംബിക അന്തർജനം ചുരുക്കമായി എഴുതിയ സമുദായ കഥകൾ ഏറെ ചർച്ചചെയ്യപ്പെട്ടപ്പോൾ മാനവനീതി ആഖ്യാന കഥകൾ അറിഞ്ഞോ അറിയാതെയോ തിരസ്കരിക്കപ്പെടുകയാണുണ്ടായത്. ഇന്ന് ഞാൻ വിശ്വസിക്കുന്നത് അത് മനഃപൂർവം സംഭവിച്ചത് തന്നെയാണ് എന്നാണ്, ഇന്നത്തെ മതബന്ധിത സമൂഹത്തിൽ, അതിന്റെ ജാത്യാധിഷ്ഠിത മതാധിഷ്ഠിത സാമൂഹിക അവസ്ഥയിലേക്കുള്ള ഉരുവംകൊള്ളലിൽ ഇത്തരത്തിലുള്ള കഥകൾ മാർഗതടസ്സം സൃഷ്‌ടിക്കും എന്നറിഞ്ഞുതന്നെയാണ് ഈ കഥകൾ വായനക്കാരുടെ ലോകത്തുനിന്ന് മാറ്റപ്പെട്ടത്.
‘ദേവിയും ആരാധകനും’ എന്ന കഥയിൽ ഒരു പൂജാരി, ജീവിതകാലം മുഴുവൻ താൻ പൂജിച്ച ദേവീവിഗ്രഹത്തെയും അവിടെ തൊഴാൻ വന്ന, മനസ്സിലേക്ക് ആവാഹിച്ച, ഒരു സ്ത്രീയെയും തമ്മിൽ ബന്ധിപ്പിക്കുകയാണ്. ബ്രഹ്മചാരിയായ അയാൾ കുട്ടിയായിരുന്നപ്പോൾ ആ പെൺകുട്ടിയെ കണ്ടു. കൗമാരപ്രായക്കാരാണ് അവർ. ചന്ദനം കൊടുക്കാൻ നേരം, നീട്ടിയ കൈകളിൽ ദേവീവിഗ്രഹത്തിന്റെ കൈകളാണ് അയാൾ കണ്ടത്. യുവതിയായി അവളെ കണ്ടപ്പോൾ സാക്ഷാൽ ദേവിയെ അവളിൽ അയാൾ കണ്ടു. ദേവീവിഗ്രഹത്തെ അണിയിച്ചൊരുക്കുമ്പോൾ അവളെയാണ് അയാൾ ഓർത്തുകൊണ്ടിരുന്നത്. താൻ ദേവിയുടെ ഭക്തനോ അവളുടെ ഭക്തനോ എന്നുവരെ അയാൾ സംശയിച്ചു.
പക്ഷേ ഒന്നും, ഒരുവാക്കുപോലും അവളോട് പറഞ്ഞില്ല. നോട്ടത്തിൽപോലും വ്രതശുദ്ധി സൂക്ഷിച്ചു. അവൾ വിവാഹിതയായി ഭർത്താവിനോടൊപ്പം തൊഴാൻ വന്നു. പിന്നെ അവളുടെ കുഞ്ഞുമായും. വർഷങ്ങൾക്കുശേഷം അവസാനം ഭർത്താവു മരിച്ചവളായും അവൾ വന്നു. അപ്പോഴേക്കും അവൾക്കും അയാൾക്കും വയസ്സായിക്കഴിഞ്ഞിരുന്നു. ആ വാർധക്യത്തിൽ അയാൾ തിരിച്ചറിയുന്നു, താൻ സ്നേഹിച്ചിരുന്നത്, പ്രാർഥിച്ചിരുന്നത്, ഒന്നും വിഗ്രഹത്തെയല്ല ജീവനുള്ള ഒരു സ്ത്രീയെയാണെന്ന്.
കുട്ടിയായിരുന്നപ്പോൾ, പൂജ ചെയ്യാനായി അയാൾ ആ ക്ഷയിച്ചുകിടന്ന ക്ഷേത്രത്തിൽ എത്തിയതാണ്. അയാൾ ദേവീവിഗ്രഹത്തെ ഒരുക്കി പൂജ ചെയ്തുതുടങ്ങിയപ്പോൾ ക്ഷേത്രത്തിനും സർവ ഐശ്വര്യവും വന്നു. അയാൾ ഒരുക്കുന്ന ദേവീവിഗ്രഹത്തിന്റെ ഐശ്വര്യം ഏറെ പ്രകീർത്തിക്കപ്പെട്ടു. കൂടുതൽ ഭക്തരെത്തി. വർഷങ്ങൾകൊണ്ട്, അയാളുടെ ജീവിതകാലംകൊണ്ട്, ആ ക്ഷേത്രം സമ്പത്തുകൊണ്ട് നിറഞ്ഞു. എന്നാൽ, ‘ഒരു ഐഹികസുഖവും ഒരു മനുഷ്യന് മറ്റൊരു മനുഷ്യനല്ലാതെ ഒരു ദൈവത്തിനും നൽകാനാവില്ല’ എന്ന് അയാൾ തിരിച്ചറിയുന്നു. ദൈവത്തിനു മനുഷ്യരിൽകൂടി മാത്രമേ പ്രവർത്തിക്കാനാകൂ. അയാൾ കോപിഷ്ഠനാകുന്നു. തന്റെ ജീവിതത്തെ അയാൾ ക്രൂരമായി നോക്കുന്നു. താൻ സർവവും ഏൽപിച്ച ദേവിയെയും...
ഏറ്റവും ഉത്തമനായ ഭക്തനാണയാൾ. അങ്ങനെയുള്ളവർക്ക് ദേവിയെ അധിക്ഷേപിക്കുകപോലുമാകാം. അത്രയ്ക്ക് ഒന്നാണവരെന്നാണല്ലോ വെപ്പ്. താൻ കബളിക്കപ്പെട്ടു എന്ന തോന്നലിൽ അയാൾ കോപംകൊണ്ട് തിളക്കുന്നു. ദേവിയുടെ പട്ടുടയാടയും ചാർത്തുകളും അയാൾ വിഗ്രഹത്തിനു മുന്നിലിട്ട് കത്തിക്കുന്നു. ഒരു പ്രചണ്ഡതാണ്ഡവം നടത്തുകയാണയാൾ. ദേവിയുടെ സ്വർണാഭരണങ്ങൾ അയാൾ പാവപ്പെട്ട ഭക്തർക്ക് നൽകുന്നു. ക്ഷേത്രാധികാരികൾ വന്ന് അയാളെ ക്ഷേത്രത്തിൽനിന്ന് ആട്ടിപ്പായിക്കുന്നു. ഭ്രാന്തനെന്നയാളെ എല്ലാരും വിളിക്കുന്നു. അവസാനം ആ പൂജാരിയെ നാം കാണുന്നത് ക്ഷേത്രത്തിനടുത്തുള്ള തെരുവിൽ ഭിക്ഷക്കിരിക്കുന്ന മനുഷ്യരുടെ കണ്ണീർ തുടക്കുന്നതായിട്ടാണ്.
ഞാൻ ചുരുക്കി പറഞ്ഞെന്നേയുള്ളൂ. വായിക്കുമ്പോൾ അത്ഭുത ആദരവോടെ മാത്രമേ ഈ കഥ വായിക്കാനാകൂ. അന്ന് വായനസമൂഹം ഏറ്റെടുക്കുകയും ചർച്ചചെയ്യുകയും ചെയ്ത ഈ കഥ ലളിതാംബിക അന്തർജനത്തിന്റെ പ്രധാന കഥകളിൽ ഒന്നാണ് . എന്നാൽ പിന്നീടുള്ള കാലത്തു വേണ്ടവിധത്തിൽ ചർച്ച ചെയ്യപ്പെടാത്ത കഥയും. ലളിതാംബിക അന്തർജനം എഴുതിയ കഥകൾ മിക്കതും മനുഷ്യരെക്കുറിച്ചും അവർക്ക് അനുഭവിക്കേണ്ടിവരുന്ന അനീതികളെക്കുറിച്ചുമാണ്. മഹത്തായ മനുഷ്യനെ നമുക്ക് അവരുടെ കഥകളിൽ കണ്ടെത്താനാകും.
‘മനുഷ്യൻ മാത്രം’ എന്ന ലളിതാംബിക അന്തർജനത്തിന്റെ കഥ, മതത്തിനും ജാതിക്കും മുകളിലുള്ള മനുഷ്യനന്മയെ കാട്ടിത്തരുന്നു. ഒരു വൈദികബ്രാഹ്മണ ഗൃഹത്തിനരികിൽ ഒരു മാപ്പിള സ്ഥലം വാങ്ങി ഒരു കൂര വെക്കുന്നതോടെയാണ് കഥ തുടങ്ങുന്നത്. ആ ഭൂമി കൊടുത്ത സ്വജാതി ബ്രാഹ്മണനോട് ആ വൈദികന് ദേഷ്യമൊന്നുമില്ല, എന്നാൽ, ഭൂമി വാങ്ങിയ മുസ്‍ലിമിനോട് കടുത്ത അമർഷമാണ്. ആ പാവപ്പെട്ട കുടുംബത്തെ ശപിക്കമാത്രമല്ല, തന്റെ ഇല്ലത്തുള്ളവരോടെല്ലാം അയാൾ ചട്ടം കെട്ടി, ആരും മാപ്പിള കുടുംബത്തോട് ഒരു ബന്ധവും സ്ഥാപിക്കാൻ പാടില്ല എന്ന്. കാണുകയോ മിണ്ടുകയോ അരുത്. കുട്ടികൾ കളിക്കാനായിട്ടാണെങ്കിൽപോലും, ആ മുറ്റത്തോട്ടിറങ്ങരുത്. ചുരുക്കത്തിൽ അവിടത്തെ ഒരീച്ചപോലും ഇങ്ങോട്ടു കടക്കരുത്.
മാസങ്ങൾ കഴിഞ്ഞുപോയി... ഇവിടെ ലളിതാംബിക അന്തർജനം എഴുതുന്നു: ‘‘മതമെന്തായാലും മനുഷ്യരല്ലേ? മാനസികവികാരങ്ങൾ തുല്യമല്ലേ? മതാതീതമായ ഒരു മഹച്ഛക്തിയല്ലേ മനുഷ്യമനസ്സിനെ നയിക്കുന്നതും..? പരിസരങ്ങളുടെ പരസ്പരാകർഷണം പ്രകൃതിനിയമമാണ്.’’
ഇല്ലത്തെ അന്തർജനവും മാപ്പിളവീട്ടിലെ ഉമ്മയും മുറ്റത്തിറങ്ങുമ്പോൾ, പരസ്പരം കാണുമ്പോൾ തമ്മിൽ തമ്മിൽ ഒന്ന് നോക്കുമെന്നായി. തമ്മിൽ മിണ്ടിയില്ലെങ്കിലും കണ്ണുകൾകൊണ്ടവർ ഇപ്പോൾ സാംസാരിക്കാറുണ്ട്. അവർ തമ്മിൽ അടുക്കാനുണ്ടായ കാര്യം ഒരു മാവാണ്.
മാപ്പിള കുടിലിനു മുന്നിലെ മാവ് പൂത്തു. നിറയെ മാമ്പഴം! അപ്പോൾ മറ്റൊരിടത്തും മാമ്പഴം ഉണ്ടാകാറില്ല. ഈ മാവ് മാത്രം ആദ്യമേ പൂക്കും. മാമ്പഴത്തിന്റെ മണം ആസ്വദിച്ച് കുട്ടികൾ മുറ്റത്തിറങ്ങും. അതു കാണുമ്പോൾ ഇല്ലത്തെ കുട്ടികൾക്കും ഉമ്മച്ചി മാമ്പഴം കൊടുക്കും. ഇല്ലത്തെ അന്തർജനം ഉമ്മച്ചിയെ നോക്കി അപ്പോൾ ചിരിക്കും.
മാമ്പഴ പുളിശ്ശേരി കൂട്ടി ഉണ്ട വൈദിക ബ്രാഹ്മണനും കാര്യം മനസ്സിലായി. പക്ഷേ എതിർത്തില്ല. അത്രയും മധുരമുള്ള മാമ്പഴം മറ്റെവിടെ കിട്ടാനാണ്? പിന്നെപ്പിന്നെ ആ രണ്ടു സ്ത്രീകളും വലിയ കൂട്ടായി. പേര്, വീട്, നാട് തുടങ്ങിയ വിവരങ്ങളൊക്കെ പരസ്പരം പങ്കുവെച്ചു. അങ്ങോട്ടും ഇങ്ങോട്ടും അരിയും കുലയും അങ്ങനെ പലതും അവർ കൈമാറി.
അന്ന് വൈകീട്ട് ഭർത്താവിനോട് അന്തർജനം പറഞ്ഞു: ‘‘ജാതിയെന്തായാലെന്ത്? മതമെന്തായാലെന്ത്? ആള് നന്നായാൽ പോരെ,യല്ലേ? എത്ര നല്ല ആൾക്കാരാ അപ്പറത്തെ മാപ്പിളമാര്!’’
ആ രണ്ടു ഭാര്യമാരും അവരുടെ ഭർത്താക്കന്മാരോട് അന്യമത കുടുംബത്തിന്റെ നന്മ മാത്രം സംസാരിച്ചപ്പോൾ, അവർ തന്ന സ്നേഹം മാത്രം പറഞ്ഞപ്പോൾ, രണ്ടു പുരുഷപ്രജകൾക്കും അൽപസ്വൽപം മനസ്സലിഞ്ഞുതുടങ്ങി. അമ്പലത്തിൽ പോയി വന്ന ബ്രാഹ്മണൻ പള്ളിയിൽ പോകുന്ന മമ്മതിനെ കണ്ടപ്പോൾ അന്നാദ്യമായി ചോദിച്ചു, ‘‘എന്തൊക്കയുണ്ട് മമ്മതെ... വിശേഷം ?’’ എന്ന്. വെറുപ്പിന്റെ ഭീകരത മാറിവന്നു. ഗൃഹങ്ങളേക്കാൾ കൂടുതൽ അവർ, ആ പുരുഷന്മാർ അടുത്തു.
ആരൊക്കെയോ പറഞ്ഞു, ‘‘ഈ മാപ്പിളമാരെ സൂക്ഷിക്കണം, സ്നേഹിച്ചാൽ അവർ അങ്ങേയറ്റം സ്നേഹിക്കും, വെറുത്താൽ കൊല്ലാൻ മടിക്കില്ല. ആ വീട്ടുകാർ രണ്ടുപേരും സ്നേഹബന്ധം കൂടുതൽ മുറുക്കുക മാത്രം അപ്പോൾ ചെയ്തു. നാളുകൾ അങ്ങനെ കഴിഞ്ഞു.
അന്നു രാത്രി മനക്കലെ മുറ്റത്ത് അർധരാത്രിയോടെ ഒരു വിലാപം കേട്ടു. ‘‘...തുറക്കണെ... വാതില് തുറക്കണെ...’’ പേടിച്ചരണ്ട ശബ്ദം. ശരീരമാസകലം ചോരപുരണ്ട മമ്മത് പടിക്കൽ നിൽക്കുന്നു. അയാൾ കാൽക്കലേക്കു വീണു. ‘‘രക്ഷിക്കണം എന്നെ... രക്ഷിക്കണം. എനിക്കൊരബദ്ധം പറ്റി... പാതിരായ്ക്ക്, കുടി ഒഴിപ്പിക്കാൻ വന്നപ്പോൾ ഒഴിയാൻ പറ്റില്ല എന്ന് പറഞ്ഞു. അവർ എന്നെയും കുടിയിലുള്ളവരെയും പിടിച്ചിറക്കാൻ നോക്കി. ഞാൻ മനഃപൂർവം ചെയ്തതല്ല.
പക്ഷേ ചെയ്തുപോയി... എന്നെ രക്ഷിക്കണം. എനിക്ക് പോകാനൊരിടമില്ല.’’ ഏറ്റവും ചെറിയകുറ്റം ചെയ്തിരിക്കാൻ സാധ്യത കൊലപാതകമാണ്. കൊലപ്പുള്ളിയെ ആളുകൾ തിരയുന്നു. മമ്മതിന്റെ ഭാര്യയുടെയും കുട്ടികളുടെയും കരച്ചിൽ കേൾക്കാം. തീർച്ചയായും അന്വേഷണത്തിന് ഇവിടെയും വരാം പൊലീസുകാർ. മറ്റൊന്നും ആലോചിച്ചുനിക്കാൻ സമയമില്ല. മമ്മതിനെ രക്ഷിക്കണം...
ആരും കയറിനോക്കാൻ ധൈര്യപ്പെടാത്ത ഒരേ ഒരു സ്ഥലമേയുള്ളൂ..! തേവാരപ്പുര!.. തേവരെ കുടിയിരുത്തിയിടത്തു മമ്മതിന് സ്ഥലം കൊടുക്കണം. ആരും കയറാൻ പാടില്ലാത്തയിടമാണ്. ആർക്കും അതിനു ധൈര്യവും ഉണ്ടാകില്ല. ‘‘പടച്ചവനെ വിചാരിച്ചു എന്നെ രക്ഷിക്കണേ...’’ എന്ന് മമ്മത് പറയുന്നു, അത് കേൾക്കാതിരിക്കുന്നതായി ഭാവിക്കാൻ പറ്റില്ല.
ആലോചിച്ചു നിൽക്കാൻ സമയമില്ല. ‘‘മമ്മതേ... അകത്തു കയറി അവിടെ ഒളിച്ചിരിക്കൂ..., നിന്നെ ആരും കണ്ടുപിടിക്കില്ല...ഉറപ്പ്... എന്തോ ആവട്ടെ... അയിത്തമാവട്ടെ ഇല്ലമാകെ... എന്നാലും നിന്നെ പൊലീസുകാർക്ക് കൊടുക്കില്ല...’’ പരിഷ്കാരത്തിന്റെ യഥാർഥ പരിവർത്തനങ്ങൾ പിറക്കാത്ത ആ കാലത്ത്, മനയുടെ മുറ്റങ്ങളിൽപോലും മറ്റു മതക്കാരെ കയറ്റാത്ത ആ കാലത്ത്, ആ ബ്രാഹ്മണ കുടുംബം ഒരു മാപ്പിളക്കായി വാതിൽ തുറന്നുകൊടുത്തു... പൊലീസുകാർ പ്രതിയെ തേടി നടന്നപ്പോൾ, ആ ഗൃഹത്തിന്റെ തേവാരപ്പുരയിൽ ബ്രഹ്മഹന്താവായ മുസ്‍ലിമിനെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നു ശ്രുതിസ്മൃതികൾപോലും സംശയിച്ചിട്ടില്ല. പൊലീസ്‌വേട്ട കഴിഞ്ഞപ്പോൾ, എല്ലാം ഒന്ന് ശാന്തമായപ്പോൾ ഒരുദിവസം ആരോടും പറയാതെ മമ്മതും കുടുംബവും എങ്ങോട്ടെന്ന് പറയാതെ നാടുവിട്ടു.
പിന്നെയും കാലം കഴിഞ്ഞു. 1921 ആയി. ആ ചരിത്രകാലം ഓർത്തുകൊണ്ട് വേണം കഥയുടെ ബാക്കിഭാഗം വായിക്കാൻ. മാപ്പിളലഹള മലബാറിനെ മഥിക്കുന്ന കാലം. ‘മനുഷ്യൻ മാത്രം’ എന്ന കഥയിൽ പല ഹിന്ദു കുടുംബങ്ങളിലുള്ളവരും സ്ത്രീകളെയും മക്കളെയുംകൊണ്ട് അന്യനാട്ടിലുള്ള ബന്ധുക്കളുടെ വീട്ടിൽ അഭയം പ്രാപിച്ചു. എന്നാൽ, നമ്മുടെ കഥാപാത്രം, വൈദികബ്രാഹ്മണൻ മാത്രം ഭാര്യയെയും മക്കളെയും പറഞ്ഞയച്ച് തേവാരപൂജ മുടക്കാതിരിക്കാൻ ഇല്ലത്തുതന്നെ കഴിയുകയാണ്. ഇളക്കിക്കൊണ്ടുപോകാൻ പറ്റാത്തവിധം ഉറച്ച ശിലാവിഗ്രഹമായിരുന്നു തേവാരത്തിലെ ശിവൻ! അല്ലെങ്കിൽ വിഗ്രഹത്തെ അടർത്തിയെടുത്തു സ്ഥലംവിടാമായിരുന്നു.
വീട്ടിൽ മറ്റാരുമില്ലാത്തവിധം എല്ലായിടവും കൊട്ടിയടച്ചു ആ ബ്രാഹ്മണൻ തട്ടിൻമുകളിൽ കൂടി. മരണത്തെ പേടിച്ചിരിക്കുമ്പോൾ ബ്രാഹ്മണൻ അറിയാതെ മമ്മതിനെ ഓർത്തു, മരണത്തെ പേടിച്ചു തന്റെ മുന്നിൽ അഭയംതേടിയ ആൾ... ഇപ്പോൾ എവിടെയാണെന്നറിയില്ല. അന്നേൽപിന്നെ ആരും കണ്ടിട്ടില്ല. ഇല്ലം പൊളിച്ച് ആരൊക്കെയോ ഉള്ളിലേക്ക് കടക്കുന്നു... ശിവബിംബം ആരോ തല്ലിപൊളിക്കുന്നു. ശ്വാസംപോലുമെടുക്കാതെ ബ്രാഹ്മണൻ പതുങ്ങിയിരുന്നു. അയാൾ ഓർത്തു, ‘‘ശിവനെക്കാൾ വലുതാണ് മനുഷ്യജീവൻ... അത് മമ്മതിന്റെ ആയാലും തന്റേതായാലും... ശിവന് പൂജ മുടക്കാതിരിക്കാനാണ് അപകടമാണെന്നറിഞ്ഞിട്ടും ഇവിടെ താമസിച്ചത്. എന്നാൽ, ഇപ്പോൾ തേവാരം പൊളിക്കുമ്പോൾ മിണ്ടാതെ കേട്ടിരിക്കേണ്ടിയും വരുന്നു...’’
ഇല്ലമാകെ തീ. കൂടാതെ ഭയങ്കരമായ പുക! നിവൃത്തിയില്ലാതെ അദ്ദേഹം പുറത്തേക്കു ചാടി. ‘‘എന്നെ കൊന്നോളിൻ... കൊന്നോളിൻ.’’ കുറേപേർ ചേർന്ന് അയാളെ പള്ളിയിലെത്തിച്ചു, അയാളുടെ കൈ വെട്ടാനായി വാളുയർന്നു. വെട്ടിമാറ്റാൻ പോകുന്ന കൈകൾ! അയാൾ കണ്ണടച്ചു.
‘‘അദ്ദേഹത്തിന്റെ ഒരു രോമത്തിൽപോലും തൊട്ടുപോകരുത്.’’ വാൾ ആരോ തട്ടിത്തെറിപ്പിച്ചു. അയാൾ കണ്ണുതുറന്നു നോക്കി... മമ്മത്! പൊരുതൽകൂട്ടത്തോട് മമ്മത് പറഞ്ഞു, ‘‘നിങ്ങൾക്കു തലയാണ് വേണ്ടതെങ്കിൽ എന്റെ തല എടുത്തോളിൻ... അല്ലാഹുവിന്റെ പേരിൽ ഞാൻ ഇദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. സത്യത്തിനും സ്നേഹത്തിനും പകരമാണ് കടപ്പാട്. ഇനി ഒരാൾ വാളുയർത്തിയാൽ അയാളെന്റെ ശത്രുവാണ്.’’
ആരും തടഞ്ഞില്ല, സത്യത്തിന്റെയും നന്ദിയുടെയും വില ഒരു മാപ്പിളക്കു മതസ്‌നേഹത്തേക്കാൾ വലുതാണെന്ന് അവർക്കെല്ലാമറിയാമായിരുന്നു. അയാൾ ബ്രാഹ്മണന്റെ കൈപിടിച്ചു നടന്നു... ആൾക്കൂട്ടത്തിൽനിന്നും അകലേക്ക്... ആരും അവരെ തടഞ്ഞില്ല. സുരക്ഷിതമായ സ്ഥലംവരെ കൂടെ ചെന്നശേഷം മമ്മത് പറഞ്ഞു, ‘‘ഇനി ഞാൻ അങ്ങോട്ടില്ല... പൊക്കോളൂ...’’ തിരിഞ്ഞുനിന്ന് ബ്രാഹ്മണൻ പറഞ്ഞു:
‘‘മമ്മതെ... ഈ മാപ്പിളമാരെല്ലാം നിന്നെ പോലെയായിരുന്നെങ്കിൽ...’’ ‘‘അതെല്ലോ... എല്ലാരും എന്നെപോലെതന്നെ.’’ മമ്മത് അഭിമാനത്തോടെ പറഞ്ഞു. ‘‘ആരും നേരും നെറിയും മറക്കില്ല... അതുകൊണ്ടാണല്ലോ ഞാൻ പറഞ്ഞപ്പോൾ അവർ മിണ്ടാതിരുന്നത്. എന്നാൽ ഈ ജന്മിമാരെല്ലാം അങ്ങയെപ്പോലെയായിരുന്നെങ്കിൽ...എങ്കിൽ...ഈ ലഹളകൾ ഉണ്ടാകില്ലായിരുന്നല്ലോ.’’
മമ്മത് സ്നേഹത്തോടെ പറഞ്ഞു: ‘‘എന്നാൽ ഞാൻ പോകട്ടെ... ഒരു ദിവസമെങ്കിലും കൂടെയിരിക്കണമെന്നുണ്ട് അങ്ങയോടൊപ്പം... പക്ഷേ നിവൃത്തിയില്ല, പോകട്ടെ.’’ തിരിഞ്ഞു ഓടിമറഞ്ഞ തന്റെ യഥാർഥ സുഹൃത്തിനെ നോക്കി ആ വൈദികബ്രാഹ്മണൻ നെടുവീർപ്പിട്ടു!
ഇന്നത്തെ ലോകത്ത് മനുഷ്യജീവനേക്കാൾ വിലയാണ് വിഗ്രഹങ്ങൾക്ക്. മനുഷ്യജീവന് വിലയുണ്ടെന്ന് കരുതുന്ന, മാനവ സംസ്കൃതിക്ക് മൂല്യമുണ്ടെന്നു കരുതുന്ന സമൂഹത്തിൽ ഇത് വായിക്കപ്പെടേണ്ട, ചർച്ച ചെയ്യപ്പെടേണ്ട കഥയാണ്. സ്നേഹം, ത്യാഗം, കരുണ, ദയ, നീതി ഇവക്കൊക്കെ മുൻതൂക്കം കൊടുക്കുന്ന മനുഷ്യരെ തിരിച്ചുപിടിക്കാൻ, മനുഷ്യെന മനുഷ്യനെന്നനിലയിൽ ചിന്തിപ്പിക്കാൻ ഇത്തരം സൃഷ്ടികൾ വായിക്കപ്പെടണം.
ഇതുപോലെ മാനവികത ഉയർത്തിക്കാട്ടുന്ന അനേകം കഥകൾ ലളിതാംബിക അന്തർജനം എഴുതിയിട്ടുള്ളപ്പോൾ എന്തുകൊണ്ടായിരിക്കും ഈ എഴുത്തുകാരിയെ അന്തർജനങ്ങളുടെ കണ്ണീർക്കഥകൾ മാത്രമെഴുതിയ കഥാകാരി എന്ന ലേബലിലേക്ക് ലോകം മാറ്റിയത്? ഈ കഥയിൽ അന്തർജനമോ ബ്രാഹ്മണനോ തേവാരമോ ശിവനോ പരദൈവമോ മുസ്‍ലിമോ അല്ല വിഷയം... വിഷയം മനുഷ്യബന്ധങ്ങളാണ്. അത് മനസ്സിലാക്കിയിട്ടും മനസ്സിലാക്കിയതായി ഭാവിക്കാത്തതല്ലേ ലോകം എന്നു ചിന്തിച്ചുപോയാൽ തെറ്റ് പറയാനാകുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.