കരൂച്ചിറ മൈതാനം

അവര്‍ അഞ്ചുപേരുണ്ടായിരുന്നു: ഏട്ടന്‍ യൂട്യൂബ് ചാനലിന്‍റെ അമരക്കാര്‍. കരൂച്ചിറ മൈതാനത്തെ പവിലിയനിലിരുന്ന് തൊട്ടുമുമ്പിലെ മരച്ചുവട്ടിലിരിക്കുന്ന വൃദ്ധന്മാരോട് തലേന്ന് സംഭവിച്ച പരാജയത്തിന്‍റെ കയ്പ് മറന്ന് പുതിയ ഹ്രസ്വചിത്രത്തിന് കഥ മെനയുകയായിരുന്നു അവര്‍. ‘‘നമ്മളിന്നലെ ചിത്രീകരിച്ചോണ്ടിരുന്ന കഥയില്‍ ഗംഭീരമായോരു തുടക്കവും ഒടുക്കവും ഉണ്ടായിരുന്നേല്‍ കാഴ്ചക്കാരായിരുന്ന ആ വൃദ്ധന്മാര്‍ അതിന്‍റെ തുടക്കത്തില്‍ കേറിക്കുരുങ്ങി ക്ഷമയോടെ അവസാനം എന്താന്നറിയാന്‍ കാത്തിരുന്നേനേം. അതിനുപകരം ശൂന്യതയില്‍നിന്നും കൊറേ കഥാപാത്രങ്ങളും എവിടേക്ക് പോകുന്നെന്ന് നിശ്ചയമില്ലാത്ത ഒരു കഥയും!’’...

അവര്‍ അഞ്ചുപേരുണ്ടായിരുന്നു: ഏട്ടന്‍ യൂട്യൂബ് ചാനലിന്‍റെ അമരക്കാര്‍.

കരൂച്ചിറ മൈതാനത്തെ പവിലിയനിലിരുന്ന് തൊട്ടുമുമ്പിലെ മരച്ചുവട്ടിലിരിക്കുന്ന വൃദ്ധന്മാരോട് തലേന്ന് സംഭവിച്ച പരാജയത്തിന്‍റെ കയ്പ് മറന്ന് പുതിയ ഹ്രസ്വചിത്രത്തിന് കഥ മെനയുകയായിരുന്നു അവര്‍.

‘‘നമ്മളിന്നലെ ചിത്രീകരിച്ചോണ്ടിരുന്ന കഥയില്‍ ഗംഭീരമായോരു തുടക്കവും ഒടുക്കവും ഉണ്ടായിരുന്നേല്‍ കാഴ്ചക്കാരായിരുന്ന ആ വൃദ്ധന്മാര്‍ അതിന്‍റെ തുടക്കത്തില്‍ കേറിക്കുരുങ്ങി ക്ഷമയോടെ അവസാനം എന്താന്നറിയാന്‍ കാത്തിരുന്നേനേം. അതിനുപകരം ശൂന്യതയില്‍നിന്നും കൊറേ കഥാപാത്രങ്ങളും എവിടേക്ക് പോകുന്നെന്ന് നിശ്ചയമില്ലാത്ത ഒരു കഥയും!’’ വിനു കാര്‍ത്തി ഈര്‍ഷ്യയോടെ റിന്‍റിത്തിനെ നോക്കി. ‘‘ഇവന്‍റെ കഥ ചിത്രീകരിച്ച് അപ് ലോഡ് ചെയ്തിരുന്നേല്‍ ആ വൃദ്ധന്മാരെപ്പോലെ സ്ഥിരം കാഴ്ചക്കാരും നമ്മളെ എയറിക്കേറ്റിയേനേം.’’

അമ്പതു വര്‍ഷങ്ങള്‍ക്കുശേഷമുള്ള കാലത്തെ ഭാവനയില്‍ കണ്ട് കരൂച്ചിറ മൈതാനത്തിന്‍റെ പശ്ചാത്തലത്തില്‍ റിന്‍റിത്ത് പ്രസാദ് എഴുതിയുണ്ടാക്കിയ ഒരു കഥയുടെ വീഡിയോ ചിത്രീകരണമാണ് പിള്ളേര്‍ക്ക് തലേദിവസം വൃദ്ധന്മാരുടെ എതിര്‍പ്പ് കാരണം നിര്‍ത്തേണ്ടതായിവന്നത്. മുടി നീട്ടിവളര്‍ത്തുന്നതും മൈതാനത്ത് നിക്കര്‍ ധരിച്ച് പ്രവേശിക്കുന്നതും മോട്ടോര്‍ സൈക്കിളുകളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതുമൊക്കെ ഇഷ്ടപ്പെടാതെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും വീഡിയോ ചിത്രീകരണത്തെ തടസ്സപ്പെടുത്തുംവിധം അക്രമാസക്തരായി അവര്‍ പ്രവര്‍ത്തിക്കുമെന്ന് പിള്ളേര്‍ കരുതിയിരുന്നില്ല. പ്രകോപനകാരണം വൃദ്ധന്മാര്‍ വ്യക്തമാക്കിതുമില്ല. കഥാപാത്രങ്ങളുടെ വസ്ത്രങ്ങളെക്കുറിച്ച് മാത്രമാണ് തര്‍ക്കത്തിനിടയില്‍ ചില സൂചനകളുണ്ടായത്. ചിത്രീകരണം നടന്നുകൊണ്ടിരിക്കെ, മരച്ചുവട്ടില്‍ വൈകുന്നേരം സ്ഥിരമായി വന്നിരിക്കാറുള്ള വൃദ്ധന്മാരുടെ കൂട്ടത്തിലെ ‘പനമരം’ എന്ന ഇരട്ടപ്പേരുള്ള റിട്ട. ക്യാപ്റ്റന്‍ ഗോകുലചന്ദ്രന്‍ അഭിനേതാക്കളുടെ നേരേ, എല്ലിച്ച മുഖം നീട്ടി, എണ്‍പത്തിനാലിന്‍റെ നിറവിലും ശൗര്യം വിടാതെ, കൈയില്‍ കവട്ടകളുള്ള ഒരു ഉണക്കക്കമ്പ് ഉയര്‍ത്തിപ്പിടിച്ച്, ഘനഗംഭീരമായി പറഞ്ഞു: ‘‘സ്വയം ഇരുന്നു തൂറാന്‍ ശേഷിയില്ലാത്തവമ്മാര് കോണകോം തൂക്കി എറങ്ങിയേക്കുന്ന്! പോയിനെടാ, ഇവിടുന്ന്!’’ അയാള്‍ എന്തിനും തയാറായിട്ടാണ് പിള്ളേര്‍ക്ക് അഭിമുഖമായി നിന്നത്.

പിള്ളേര്‍ ആദ്യം പ്രതിഷേധിച്ചെങ്കിലും വൃദ്ധന്മാരുടെ ഉശിരിനു മുമ്പില്‍ തോറ്റുപോയി. ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനായി സഹകരിക്കണമെന്ന് അവര്‍ വൃദ്ധന്മാരോടു യാചിച്ചു.

‘‘ഒരു കാരണവശാലും സാധ്യമല്ല.’’ വേണ്ടത്ര വസ്ത്രം ധരിക്കാതെ മുമ്പില്‍ നില്‍ക്കുന്നവന്മാരാരും താന്‍ സര്‍വീസില്‍നിന്നും പിരിയുന്ന കാലത്ത് ജനിച്ചിട്ടില്ലെന്ന ഉറപ്പോടെ റിട്ട. ഡെപ്യൂട്ടി കലക്ടര്‍ ഓമനക്കുട്ടന്‍ നായര്‍ പറഞ്ഞു: ‘‘ഇത്തരം കോപ്രായോംകൊണ്ട് ഒരെണ്ണോം ഈ മൈതാനത്ത് കേറിയേക്കരുത്.’’ പുതുതായി കളത്തിലിറങ്ങിയ ഒരു പോരാളിയുടെ ഭാവമായിരുന്നു അയാള്‍ക്ക്!

പിള്ളേര്‍ക്ക് ചിത്രീകരണസാമഗ്രികളും തൂക്കി അവിടെനിന്നും മടങ്ങേണ്ടതായി വന്നു.

കരൂച്ചിറ മൈതാനത്തിന്‍റെ പശ്ചാത്തലത്തിലുള്ള കഥ വൃദ്ധന്മാരില്ലാത്ത സമയത്തോ, അവരെ വെല്ലുവിളിച്ചോ, മറ്റേതെങ്കിലും മൈതാനത്തുവെച്ചോ, ചിത്രീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നെങ്കിലും പറയത്തക്ക തുടക്കവും ഒടുക്കവും ഇല്ലാത്ത കഥ കൂട്ടത്തിലുള്ളവര്‍ക്കുപോലും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നതിനാല്‍ ഉപേക്ഷിക്കാനായിരുന്നു തീരുമാനം.

റിന്‍റിത്ത് മരച്ചുവട്ടിലിരിക്കുന്ന വൃദ്ധന്മാരെ പാളിനോക്കി. തലേന്നത്തെ വഴക്കിനിടയില്‍, ‘‘നീയാ, അയ്യങ്കാളീ കോളനീലൊള്ളതല്യോടാ,’’ എന്ന് ചോദിച്ച ഓമനക്കുട്ടന്‍ നായരും അയാളുടെ ബന്ധുവായ ഗോകുലചന്ദ്രനും എത്തിയിട്ടില്ല. നാട്ടുകാര്‍ ‘ഭാസി സാര്‍’ എന്നു വിളിക്കുന്ന റിട്ട. ഹെഡ് മാസ്റ്റര്‍ ഭാസ്കരന്‍ പിള്ളയും മുന്‍ ഗവ. കോണ്‍ട്രാക്ടര്‍ സേവ്യറും മാത്രമേ അവിടെ ഉള്ളായിരുന്നു.

വൃദ്ധന്മാരെ പ്രകോപിപ്പിച്ചത് കഥാപാത്രങ്ങളുടെ വേഷമായിരുന്നില്ലെന്നും താന്‍ അവതരിപ്പിച്ച കഥയായിരുന്നെന്നും റിന്‍റിത്തിന് അപ്പോഴേ തോന്നിയിരുന്നു. പോയകാലത്തിന്‍റെ തുടര്‍ച്ചയില്ലാത്ത ഒരു കഥ ഏതുകാലത്തും അംഗീകരിക്കപ്പെടാന്‍ പ്രയാസമാണെന്ന് അവന് തോന്നി. കഥയുടെ ചിത്രീകരണത്തിനായി അവന് കൂട്ടുകാരോടുപോലും നിര്‍ബന്ധിക്കേണ്ടിയും വന്നിരുന്നു.

 

‘‘നീ ജീവിക്കുന്ന അയ്യങ്കാളി കോളനിക്ക് ഒരു തൊടക്കമില്ലേ? മൂന്നു ദിവസം മുമ്പല്ലേ ആ കോളനി സ്ഥാപിച്ചേന്‍റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചത്?’’ കാശി വിശ്വനാഥ് ചോദിച്ചു. റിന്‍റിത്ത് ഉത്തരം പറയുന്നതിനു മുമ്പേ അവന്‍ വീണ്ടും ചോദിച്ചു. ‘‘ഈ കരൂച്ചിറ മൈതാനത്തിന് ഒരു തൊടക്കമില്ലേ? ഈ മൈതാനം സ്ഥാപിച്ചത് ടി.കെ. ശ്രീധരന്‍ എന്നൊരാളാണെന്നും അങ്ങേര് വൈക്കം സത്യാഗ്രഹം കഴിഞ്ഞുവന്ന് ഇത് സ്ഥാപിച്ചേന്‍റെ പിന്നില്‍ വല്യ ലക്ഷ്യങ്ങളൊണ്ടായിരുന്നെന്നും നീയല്ലേ കഴിഞ്ഞാഴ്ച ഇവിടിരുന്ന് പറഞ്ഞത്? അങ്ങനെ നോക്കിയാല്‍, എന്തിനാണൊരു തൊടക്കമില്ലാത്തത്? അപ്പോള്‍പ്പിന്നെ, നാലാള് കാണണമെന്ന് വിചാരിച്ചെടുക്കുന്ന വീഡിയോയിലെ കഥയ്ക്കൊരു തൊടക്കോം ഒടുക്കോം വേണ്ടാന്നു പറയുന്നതില്‍ കാര്യമൊണ്ടോ?’’

പിള്ളേരുടെ ഒച്ച ഉയരുന്നത് കേട്ട് വൃദ്ധന്മാര്‍ തലേന്നത്തെ അംഗബലം ഇല്ലാത്തതിന്‍റെ ആശങ്കയോടെ തലയുയര്‍ത്തി നോക്കി.

‘‘വേണമെങ്കില്‍ ഈ നില്‍ക്കുന്നിടത്തുനിന്നുപോലും ഒരു കഥ തൊടങ്ങാം!’’ റിന്‍റിത്ത് പിണക്കത്തോടെ പറഞ്ഞു: ‘‘നിങ്ങളൊണ്ടാക്കുന്ന എല്ലാ കഥയും ഇവിടെനിന്നും പൊറകിലേക്ക് പോയാണ് തൊടങ്ങുന്നത്.’’

‘‘എന്നാ, ഈ മൈതാനത്തുനിന്നുതന്നെ നമ്മള്‍ക്ക് ഒരു പുതിയ കഥ ഒണ്ടാക്കാം.’’ കാശി വിശ്വനാഥ് പറഞ്ഞു.

‘‘ഇന്ന് നടക്കുന്ന കഥ.’’ അനു തോമസ് പിന്തുണച്ചു.

കൂട്ടുകാര്‍ പരിഹസിക്കുകയാണെന്ന് മനസ്സിലാക്കി റിന്‍റിത്ത് വെറുതെ മൈതാനത്തിലേക്ക് നോക്കിയിരുന്നു.

‘‘തൊടക്കവും ഒടുക്കവും വേണം.’’ വിനു കാര്‍ത്തി പറഞ്ഞു.

‘‘സ്ഥിരം കാഴ്ചക്കാരെ രസിപ്പിക്കണം.’’ കാശി വിശ്വനാഥിന് ആ കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു.

‘‘സീന്‍ ബൈ സീനായി പറഞ്ഞാല്‍: കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന മൈതാനം. കൊറച്ചുപേര്‍ മൈതാനത്തിന് ചുറ്റും വെറുതേ നടക്കുന്നൊണ്ട്. വേറേ ചെലര്‍ മരച്ചുവടുകളിലിരിക്കുന്നു. പക്ഷികള്‍ മരച്ചില്ലകളിലേക്ക് താണിറങ്ങുന്നു. കൊറച്ച് വൃദ്ധന്മാര്‍ ഈ കാണുന്നതെല്ലാം നമുക്ക് മാത്രം നഷ്ടപ്പെടാന്‍ പോകുകയാണെല്ലോന്നോര്‍ത്ത് സിമന്‍റ് ബെഞ്ചുകളില്‍ ആധിയും അമ്പരപ്പുമായി ഇരിക്കുന്നു.’’ അനു തോമസ് അത്രയും പറഞ്ഞപ്പോഴേക്കും ‘‘കട്ട്, കട്ട്’’ എന്ന് കാശി വിശ്വനാഥ് വിളിച്ച് പറഞ്ഞു. ‘‘എന്തുവാടേ ഇത്?’’ അവന്‍ പുച്ഛഭാവത്തില്‍ ചോദിച്ചു.

കൂട്ടുകാര്‍ തമാശ പറയുന്നത് കേട്ട് മൈതാനത്തെ കാഴ്ചകളില്‍ മുഴുകിയിരുന്ന റിന്‍റിത്തിന്‍റെ പുറത്ത് തട്ടി, വിമലേഷ് കൃഷ്ണന്‍ പറഞ്ഞു: ‘‘ഇവന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ഇവിടുന്നുതന്നെ ഒരു കഥ തൊടങ്ങാം! കാര്യം അൽപം രഹസ്യമാണ്.’’ വിമലേഷ് മരച്ചുവട്ടിലിരുന്ന സേവ്യറിന്‍റെയും ഭാസിയുടെയും നേരേ വിരല്‍ ചൂണ്ടി: ‘‘എല്ലാ വൈകുന്നേരവും ആദ്യം ആ മരച്ചുവട്ടില്‍ വന്നെത്താറുള്ള ഓമനക്കുട്ടന്‍ നായരും ഗോകുലചന്ദ്രനും ഇന്നീനേരം വരെ വരാത്തതിനൊരു കാരണമൊണ്ട്.’’

അവന്‍ രഹസ്യം പറയണോ എന്ന് സംശയിക്കുമ്പോലെ കുറേനേരം നിശ്ശബ്ദനായിട്ട്, തുടര്‍ന്നു: ‘‘പനമരത്തിന്‍റെ കൊച്ചുമോള്‍, അതായത് ഓമനക്കുട്ടന്നായരുടെ ഇളയ മകന്‍ കെട്ടിയ പെണ്ണ്.’’ അവന്‍ പിന്നെയും ഇത്തിരിനേരം നിര്‍ത്തി. കൂട്ടുകാരുടെ മുഖത്ത് ആകാംക്ഷയേക്കാള്‍ വലിയൊരു പ്രകാശം വന്നുനിറയുന്നത് കണ്ട് അവന്‍ വെളിപ്പെടുത്തി: ‘‘അവളെ ഇന്ന് രാവിലെ മുതല്‍ കാണാനില്ല. ആരുടെയോ കൂടെ ഒളിച്ചോടി! അവരത് ദുരഭിമാനത്താല്‍ പുറത്തു പറയാതിരിക്കുകയാണ്.’’ അവന്‍ അൽപം അഭിമാനത്തോടെ കൂട്ടുകാരെ നോക്കി. ‘‘അതാണ് കഥയുടെ തൊടക്കം!’’

അവരില്‍ പലരുടെയും നിശാസ്വപ്നങ്ങളില്‍ പനമരത്തിന്‍റെ ചെറുമകള്‍ നൃത്തംചെയ്ത് കയറിയിട്ടുണ്ടായിരുന്നു.

വിമലേഷ് കൃഷ്ണന്‍ കൂട്ടുകാരുടെ നേരേ ഒരു വഷളന്‍ ചിരി ചിരിച്ചു. ‘‘സംഗതി സത്യമാ. വീട്ടുകാരെല്ലാം കൂടി സര്‍വ്വശക്തീം ഉപയോഗിച്ച് അന്വേഷിച്ചോണ്ടിരിക്കുവാ, പോലീസ് കേസാക്കാതെ രാത്രിയാകുന്നേനു മുമ്പേ അവളെ തിരിച്ചു കൊണ്ടുവരാന്‍.’’ അവന്‍ പറഞ്ഞു.

വിമലേഷ് കൃഷ്ണനെ സംശയത്തോടെ കൂട്ടുകാര്‍ നോക്കി. പെണ്ണ് ചാടിയതിനേക്കാള്‍ വേഗം രഹസ്യം മലമറ കടന്ന് വരേണ്ടതാണ്. ഇതിപ്പോള്‍ എന്തായാലും കുറച്ച് വൈകിയിരിക്കുന്നു. ആര്‍ഭാടമായി വിവാഹം കഴിഞ്ഞിട്ട് അധികനാളായിട്ടില്ലാത്ത, ഇപ്പോഴും പഠനം തുടര്‍ന്നുകൊണ്ടിരിക്കുന്ന അവള്‍ ഒളിച്ചോടിയെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് പ്രയാസം തോന്നി.

‘‘സംഗതി സത്യമാണെങ്കില്‍, കഥേടെ തൊടക്കം കൊള്ളാം.’’ വിനു കാര്‍ത്തി പറഞ്ഞു. ‘‘ആ കെളവമ്മാര്‍ക്കിട്ട് പണിഞ്ഞോണ്ട് കഥ തൊടങ്ങുന്നത് നല്ലതാ.’’

‘‘ഇന്ന് ഞാന്‍ എവിടെവെച്ചോ അവളെ കണ്ടിരുന്നെല്ലോ?’’ അനു തോമസ് സ്വയമെന്നവണ്ണം പറഞ്ഞു.

‘‘കണ്ടു കാണും. രാവിലെ പഠിക്കാനായി വീട്ടില്‍നിന്നും പോയിട്ട്, തന്നെ അന്വേഷിക്കെണ്ടായെന്നും ഇഷ്ടമുള്ള ഒരാളുടെ കൂടെ പോകുകയാണെന്നും ഭുവനേശ്വറിലുള്ള ഭര്‍ത്താവിന് വാട്സാപ്പില്‍ മെസേജയച്ചിട്ട് അവള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. പിന്നീട് വിവരമൊന്നുമില്ല.’’ അതില്‍ക്കൂടുതല്‍ ഒന്നും വിമലേഷ് കൃഷ്ണന് അറിയില്ലായിരുന്നു.

‘‘ഒരു പെണ്ണ് ഒളിച്ചോടി പോകുന്നിടത്തുനിന്നാകുമ്പോള്‍ കഥയ്ക്ക് ഏതുവഴിക്കും സഞ്ചരിക്കാന്‍ സ്കോപ്പുണ്ട്.’’ അനു തോമസ് പറഞ്ഞു: ‘‘പക്ഷേ, ഒരു പ്രശ്നമൊള്ളത്...’’ അവന്‍ റിന്‍റിത്തിനെ നോക്കി ചിരിച്ചു. ‘‘നായിക പനമരത്തിന്‍റെ കൊച്ചുമോളാകുമ്പോള്‍ കഥ കുറച്ച് പുറകിലേക്ക് സഞ്ചരിക്കും. അത് റിന്‍റിത്തിന് ഇഷ്ടപ്പെടത്തില്ല.’’

യു.പി സ്കൂളില്‍ പഠിക്കുന്ന കാലത്ത് റിന്‍റിത്ത് ആദ്യമായി പ്രേമാഭ്യർഥന നടത്തിയത് അവളോടായിരുന്നു. പ്രിയപ്പെട്ടവള്‍ തന്‍റെ ഇഷ്ടത്തെ അംഗീകരിക്കുന്ന നിമിഷത്തിന് സാക്ഷിയാകാന്‍ അന്ന് അവന്‍ അനു തോമസിനെ കൂട്ടുവിളിച്ചിരുന്നു. പക്ഷേ, ആ സാഹസിക കൃത്യം പിന്നീടൊരു പെണ്ണിനോടും പ്രേമാഭ്യർഥന നടത്താന്‍ തോന്നാത്തവിധം അവനെ പരാജയപ്പെടുത്തിയിരുന്നു.

‘‘പോടാ കറമ്പാ!’’ ലോകത്തിന്‍റെ മുഴുവന്‍ തിളക്കവുമുണ്ടായിരുന്ന റിന്‍റിത്തിന്‍റെ കണ്ണുകളിലേക്ക് നോക്കി അവള്‍ സ്കൂള്‍ വരാന്തയില്‍വെച്ച് പറഞ്ഞു.

അവള്‍ ചിരിച്ചുകൊണ്ട് ഓടി മാറിയപ്പോള്‍ റിന്‍റിത്തിന്‍റെ വലതുകൈ പിടിച്ച് സ്വന്തം കൈയോടു ചേര്‍ത്തുവെച്ച് നിറവ്യത്യാസം നോക്കി അനു തോമസ് പറഞ്ഞു: ‘‘ഇത് വിചാരിച്ചതിലും വല്യ പ്രശ്നമാണ്! രക്ഷയില്ലെടാ!’’

അനു തോമസ് അതു പറഞ്ഞ് കുറേക്കാലം റിന്‍റിത്തിനെ പരിഹസിച്ചിരുന്നു. അവനത് മറന്നുകാണുമെന്നായിരുന്നു റിന്‍റിത്തിന്‍റെ ധാരണ.

കഥയെ പിന്നിലേക്ക് കൊണ്ടുപോകാന്‍ അനു തോമസ് കൂടുതല്‍ താൽപര്യം കാണിക്കാതിരുന്നതില്‍ റിന്‍റിത്തിന് ആശ്വാസം തോന്നി.

കാശി വിശ്വനാഥും വിനു കാര്‍ത്തിയും അൽപകാലം മുമ്പ് അവളുടെ പേരില്‍ നടത്തിയ, ഇരുവര്‍ക്കും വിജയിക്കാന്‍ കഴിയാതെ പോയ, ഒരു പന്തയത്തിന്‍റെ കാര്യമോര്‍ത്താണ് പരസ്പരം നോക്കിയത്. അവള്‍ വിവാഹത്തിനുശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരുത്തന്‍റെ കൂടെ ഒളിച്ചോടി പോയെന്ന് വിശ്വസിക്കാന്‍ അവര്‍ക്കും പ്രയാസം തോന്നി. വിവരത്തിന്‍റെ ആധികാരികത അന്വേഷിച്ചുവരാമെന്ന് പറഞ്ഞ് ബൈക്കെടുത്തുപോയ ഓമനക്കുട്ടന്‍ നായരുടെ ബന്ധുവായ വിനു കാര്‍ത്തി അരമണിക്കൂറിനകം തിരികെയെത്തി സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ചു.

വിമലേഷ് കൃഷ്ണന്‍ പറഞ്ഞ കഥയുടെ തുടക്കം കൊള്ളാമെന്നും അതിന് സാധ്യതകളുണ്ടെന്നും കൂട്ടുകാര്‍ സമ്മതിച്ചു.

ഈ നില്‍ക്കുന്നിടത്തും കഥയുണ്ടെന്ന് പറഞ്ഞെങ്കിലും ഇത്തരത്തിലൊന്ന് കൂട്ടുകാരുടെ മനസ്സില്‍ മുളപൊട്ടുമെന്ന് റിന്‍റിത്ത് കരുതിയിരുന്നില്ല.

‘‘നോക്കെടാ റിന്‍റിത്തേ, കരുച്ചിറ മൈതാനത്തിനുമേല്‍ ആകാംക്ഷയുടെ കൊളുത്തുകള്‍ തൂങ്ങിനില്‍ക്കുന്നത്!’’ കാശി വിശ്വനാഥ് വലതുകൈയുടെ ചൂണ്ടുവിരല്‍ മൈതാനത്തിനുമേല്‍ മഴവില്ലാകൃതിയില്‍ ചലിപ്പിച്ചുകൊണ്ട് ചോദിച്ചു: ‘‘പനമരത്തിന്‍റെ കൊച്ചുമോളെ അടിച്ചോണ്ടു പോയത് ആരായിരിക്കും? അവള്‍ എന്തുകൊണ്ടായിരിക്കും വിവാഹത്തിന് മുമ്പ് ഒളിച്ചോടാതിരുന്നത്? ഭര്‍ത്താവിന്‍റെ കഴിവുകേടുകൊണ്ട് പോയതായിരിക്കുമോ? ഇനി മടങ്ങി വന്നാല്‍ അയാള്‍ സ്വീകരിക്കുമോ? പോയ പോക്കില്‍ അവള്‍ക്ക് എന്തുവേണേലും സംഭവിക്കുകേം ചെയ്യാം. ഇതിലേതുവഴിക്ക് കഥ പോകണമെന്നാണ് നമ്മള്‍ ആലോചിക്കണ്ടത്. ഏതുവഴിക്ക് പോയാലും ഓമനക്കുട്ടന്‍ നായര്‍ക്കും പനമരത്തിനുമൊള്ള ഒരു പണിയിലായിരിക്കണം ചെന്നവസാനിക്കേണ്ടത്. നമ്മുടെ അമ്പത് കെ വ്യൂവേഴ്സ് ആ മൂപ്പിലാന്മാരെ നോക്കി ചിരിക്കണം.’’

‘‘അവള്‍ ആരുടേം കൂടെ സ്വന്തം ഇഷ്ടപ്രകാരം പോയതല്ലെങ്കിലോ? ഭീഷണിപ്പെടുത്തിയോ ബ്ലാക്ക് മെയില്‍ ചെയ്തോ കൊണ്ടുപോയിട്ട് ഭര്‍ത്താവിന്‍റെ മൊബൈലിലേക്ക് അങ്ങനെ ഒരു സന്ദേശം അയപ്പിച്ചതാണെങ്കിലോ?’’ റിന്‍റിത്ത് ചോദിച്ചു.

‘‘ആ സാധ്യതയേ തള്ളിക്കളയെണ്ടാ. എന്നാല്‍, കഥ ആ വഴിക്ക് പോകാതിരിക്കുന്നതാണ് നല്ലത്.’’ വിമലേഷ് കൃഷ്ണന്‍ പറഞ്ഞു.

റിന്‍റിത്തും അപ്പോഴേക്കും കൂട്ടുകാര്‍ക്കൊപ്പം കഥയുടെ കൈവഴിയില്‍ അകപ്പെട്ടിരുന്നു. ആരുടെ ആലോചനക്ക് മുന്‍തൂക്കം കിട്ടിയാലും മറ്റൊരു വഴിയിലൂടെ അവസാനിക്കാന്‍ സാധ്യതയുള്ള കഥ അവനും രസകരമായി തോന്നി.

സേവ്യര്‍ എന്തിനോ മരച്ചുവട്ടില്‍നിന്നും എഴുന്നേല്‍ക്കുന്നത് കണ്ട് അനു തോമസ് ചാടിയേഴുന്നേറ്റ് കൂട്ടുകാരുടെ നേരെതിരിഞ്ഞ് വെളിപാടുപോലെ പറഞ്ഞു: ‘‘ഞാനിന്നവളെ കൊല്ലകടവ് പാലത്തേവെച്ചാ കണ്ടത്! അവളുടെ മൊഖോം അച്ചങ്കോവിലാറ്റിലെ വെള്ളോംകൂടി ഒന്നിച്ച്! എനിക്ക് നല്ല ഓര്‍മ്മയൊണ്ട്: ബസ്സിന്‍റെ എടതു സൈഡിലിരുന്ന അവടെ സീറ്റേല്‍ ആ സേവ്യറച്ചായന്‍റെ എളേ മോനുമൊണ്ടായിരുന്നു, നിഖില്‍ സേവ്യര്‍. അവരെന്തോ സംസാരിക്കുന്നൊണ്ടായിരുന്നു.’’

പന്തളം കോളജില്‍ പഠിക്കുന്ന അവള്‍ കൊച്ചാലുംമൂട്ടില്‍നിന്നും മാങ്കാംകുഴി വഴി കിഴക്കോട്ട് പോകേണ്ടതിനുപകരം വടക്കോട്ട് കൊല്ലകടവ് വഴി എവിടേക്കാണ് പോകുന്നതെന്ന് ചിന്തിച്ചില്ലല്ലോ എന്ന് അനു തോമസ് വിചാരിച്ചപ്പോള്‍ത്തന്നെ ആ ചോദ്യം വിനു കാര്‍ത്തി ചോദിച്ചു.

‘‘അവള്‍ ഒളിച്ചോടുകയാണെന്ന് ഞാങ്കരുതിയോ?’’ അനു തോമസ് കുറച്ച് ദേഷ്യം ഭാവിച്ചു. കൂട്ടുകാര്‍ എന്തെങ്കിലും കൂടുതല്‍ ചോദിച്ചാല്‍ അവന് ഒന്നും പറയാനില്ലായിരുന്നു. കൊല്ലകടവില്‍നിന്നും സാറ മാത്യൂ കുര്യന്‍ അതേ ബസില്‍ കയറിയതും രണ്ടു സീറ്റുകളുടെ വ്യത്യാസത്തിലിരുന്നു മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്ത് അവളെ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിന് മുമ്പിലിറക്കാതെ ഐ.ടി.ഐ ജങ്ഷനിലിറക്കിയതും പറഞ്ഞാല്‍ അവന്മാര്‍ മൊബൈല്‍ ഫോണ്‍ വരെ വാങ്ങി നോക്കും.

വിമലേഷ് കൃഷ്ണ്‍ അനു തോമസിന്‍റെ തലയില്‍ ഞോണ്ടി. ‘‘ഞാന്‍ തുടങ്ങിവെച്ചതാ ഈ കഥ. അതില്‍ നീ മാത്രം കയറിക്കൂടിയാല്‍ മതിയോ?’’ അവന്‍ ചോദിച്ചു.

വിനു കാര്‍ത്തി പലവഴികളും ആലോചിച്ച് സേവ്യറിന്‍റെ ഇളയ മകനില്‍തന്നെ തിരിച്ചെത്തി. ‘‘നിഖില്‍ സേവ്യറിന് ഭാര്യയും രണ്ട് ചെറ്യ പുള്ളാരുമൊണ്ട്. എന്തായാലും അവള്‍ അവന്‍റെ കൂടെ ഒളിച്ചോടുമെന്ന് തോന്നുന്നില്ല. ഇനി അഥവാ ഒളിച്ചോടിച്ചെന്നാ നിഖില് അവളെ കൊണ്ടുപോകുവോ?’’

വിനു കാര്‍ത്തിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ അനു തോമസിനോട് കുറേ ചോദ്യങ്ങള്‍ ചോദിച്ചു: ബസില്‍ അവള്‍ ചെങ്ങന്നൂര്‍ വരെ ഉണ്ടായിരുന്നോ? എവിടെയാണിറങ്ങിയത്? കൂടെ നിഖില്‍ ഇറങ്ങിയോ? എന്താണവര്‍ സംസാരിച്ചതെന്ന് കേട്ടോ? അവര്‍ക്ക് പരസ്പരം അടുപ്പമുള്ളതായി തോന്നിയോ? യാദൃച്ഛികമായി ബസില്‍വെച്ച് കണ്ടതായിരിക്കുമോ? എല്ലാത്തിനും ഉത്തരമായി അച്ചന്‍കോവിലാറിന്‍റെ പശ്ചാത്തലത്തിലെ അവളുടെ മുഖമല്ലാതെ മറ്റൊന്നും അനു തോമസിന് ഓര്‍ക്കാന്‍ കഴിഞ്ഞില്ല.

സംഭാഷണങ്ങളും സംശയങ്ങളും അവസാനിപ്പിച്ച് അവര്‍ അഞ്ചുപേരും കൂടി ഉടനടി രണ്ട് ബൈക്കുകളിലായി കഥയിലേക്ക് കയറി ഭാഗ്യനഗറിലേക്ക് പുറപ്പെട്ടു! നിഖില്‍ നാട്ടിലുണ്ടോ എന്നറിയുകയായിരുന്നു ലക്ഷ്യം. ഏദന്‍ വില്ലയുടെ മുമ്പിലെത്തിയപ്പോള്‍ നിഖില്‍ സേവ്യര്‍ ഇളയ മകനെ തോളൊപ്പം ഉയര്‍ത്തിയെടുത്തും വലതുകൈയില്‍ മൂത്തമകനെ പിടിച്ചുനടത്തിയും വീട്ടില്‍നിന്നിറങ്ങി വരുന്നതു കണ്ടു. നിഖിലിന്‍റെ ഭാര്യയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പിള്ളേര്‍ അവരെ കണ്ടതായി ഭാവിക്കാതെ ഭാഗ്യനഗറും പേര (പുതിയകാവ് ഈസ്റ്റ് റെസിഡന്‍സ് അസോസിയേഷന്‍) യുടെ ഏരിയയും ചുറ്റി കരൂച്ചിറ മൈതാനത്ത് തിരിച്ചെത്തിയപ്പോള്‍ കൊച്ചുമക്കളോടൊപ്പം വല്യപ്പച്ചന്‍ കളിക്കുന്നതും കണ്ട് നിഖില്‍ സേവ്യറും ഭാര്യയും തൊട്ടടുത്തൊരു മരച്ചുവട്ടില്‍ ഇരിക്കുന്നുണ്ടായിരുന്നു!

 

‘‘ഈ നിഖില്‍ സേവ്യറിന്‍റെ മൈതാനത്തേക്കൊള്ള വരവിന് പിന്നില്‍ എന്തോ രഹസ്യം ഒളിഞ്ഞുകെടപ്പൊണ്ട്.’’ കാശി വിശ്വനാഥ് പറഞ്ഞു: ‘‘പതിവായി മൈതാനത്തേക്ക് വരുന്ന ശീലമില്ലാത്ത അയാളിന്ന് കെട്ടിയോളേം പിള്ളേരേം വിളിച്ചോണ്ട് ഇവിടെ വന്നതെന്തിനാ?’’

‘‘അങ്ങനെ സംശയിക്കത്തക്കതായി എന്തെങ്കിലും ഒണ്ടെന്ന് എനിക്ക് തോന്നുന്നില്ല.’’ റിന്‍റിത്ത് പറഞ്ഞു: ‘‘ഇവിടെ ഒാരോ ദിവസവും ആരൊക്കെ വരുന്നെന്നും പോകുന്നെന്നും നമ്മള് ശ്രദ്ധിക്കാറൊണ്ടോ? ഇതിപ്പോ സംശയത്തോടെ നോക്കിയതുകൊണ്ടാ.’’

കാശിക്ക് അവന്‍റെ സംശയത്തെ സംശയിക്കാന്‍ കഴിയാതെ വന്നതോടെ പോക്കറ്റില്‍ സ്ഥിരമായി കൊണ്ടുനടക്കാറുള്ള പേനാക്കത്തിയുടെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചിട്ട് നിഖില്‍ സേവ്യറിനടുത്തേക്ക് പോയി. കൂട്ടുകാര്‍ ആ നീക്കം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. നിഖില്‍ സേവ്യറിരുന്ന മരച്ചുവട്ടില്‍ വൈകാതെ അടിപൊട്ടുമെന്ന ഉറപ്പില്‍ അവര്‍ ശ്വാസം അടക്കിപ്പിടിച്ചു.

കാശി നിഖില്‍ സേവ്യറെ അൽപം ദൂരേക്ക് മാറ്റി നിര്‍ത്തിയാണ് സംസാരിച്ചത്. അവര്‍ എന്താണ് സംസാരിക്കുന്നതെന്ന് കേള്‍ക്കാന്‍ കഴിയാഞ്ഞതിനാല്‍ അവിടെ നടക്കുന്ന അംഗവിക്ഷേപങ്ങളിലേക്ക് സാകൂതം നോക്കിയിരുന്ന കൂട്ടുകാര്‍ക്ക് നിഖില്‍ സേവ്യര്‍ എന്തൊക്കെയോ നിഷേധിക്കുന്നതിന്‍റെ സൂചനകളല്ലാതെ അയാള്‍ ആക്രമണകാരിയാകുന്നതിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടില്ല.

‘‘പ്രതീക്ഷിച്ചതുപോലെ തന്നാ, അയാളെല്ലാം നിഷേധിച്ചു.’’ കാശി മടങ്ങിവന്നു പറഞ്ഞു: ‘‘പനമരോം ഓമനക്കുട്ടന്നായരും കൂടി പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോള്‍ കൂടെ പോകുന്നുണ്ടെന്നും പെണ്ണുമായി ഇയാള് രാവിലെ പോകുന്നത് കണ്ടെന്ന് പോലീസുകാരോട് പറഞ്ഞോളാമെന്നും ഞാന്‍ വെറുതെ കീച്ചീട്ടൊണ്ട്. അതുകേട്ട് പെണ്ണുമ്പുള്ളേം മക്കളേം നോക്കി, കാലുപിടിക്കുമ്പോലാ, ‘എടാ മോനേ, ആ പെണ്ണ് എറങ്ങിപ്പോയെന്നുപോലും ഞാനിപ്പഴാ അറിയുന്നത്. കുടുംബം കലക്കല്ലേടാ’ന്ന് അയാള് കെഞ്ചിയത്.’’ കുട്ടികളെയും ഭാര്യയെയും കൂട്ടി മൈതാനത്തുനിന്നും ധൃതിപിടിച്ചു മടങ്ങുന്ന നിഖില്‍ സേവ്യറെ നോക്കി, ഊളച്ചിരിയോടെ കാശി പറഞ്ഞതുകേട്ട് അവരെല്ലാം ചിരിച്ചു.

‘‘ഇതിങ്ങനെ മുന്നേറുമെന്നോ നമ്മളിതിലെ കഥാപാത്രങ്ങളാകുമെന്നോ തൊടങ്ങിവെച്ചപ്പോള്‍ ഞാന്‍ വിചാരിച്ചില്ല.’’ മരച്ചുവട്ടില്‍നിന്നും എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയ സേവ്യറിനെയും ഭാസിയേയും നോക്കി വിമലേഷ് കൃഷ്ണന്‍ പറഞ്ഞു. ‘‘അവരീ മൈതാനത്തുനിന്ന് പോകുന്നതു കാണുമ്പോള്‍ കഥയില്‍നിന്ന് എറങ്ങി നടക്കുന്നതുപോലാ എനിക്ക് തോന്നുന്നത്.’’

‘‘നീ ഒരു വാക്ക് പറഞ്ഞാല്‍ ഞാനവരെ പിടിച്ച് വീണ്ടും മരച്ചുവട്ടില്‍ ഇരുത്താം.’’ വിനു കാര്‍ത്തി പറഞ്ഞു: ‘‘കഥ നമ്മുടെ കയ്യിലല്ലേ?’’

നേരം ഇരുണ്ടുതുടങ്ങിയപ്പോള്‍ മൈതാനമധ്യത്തിലൂടെ പിള്ളേരുടെ നേരേ വെളിച്ചമിടാതെ വന്ന സ്കൂട്ടര്‍ ഓടിച്ചിരുന്നത് നിഖില്‍ സേവ്യറായിരുന്നു! ആളിനെ തിരിച്ചറിഞ്ഞ കാശി കൈയില്‍ കരുതിയിരുന്ന കത്തി വേഗം നിവര്‍ത്തി. അനു തോമസ് നിഖിലിന് സംശയം തോന്നാത്തവിധം അത് മടക്കിപ്പിച്ചു. പിള്ളേര്‍ എന്തിനും തയാറായി നിന്നെങ്കിലും നിഖില്‍ പരിക്ഷീണിതനായി, വളരെ സാവധാനം സ്കൂട്ടര്‍ മരച്ചുവട്ടില്‍ വെച്ചിട്ട് കാശിയെ അടുത്തേക്കു വിളിച്ചു. ഏറെനേരത്തെ സംസാരത്തിനുശേഷം കാശിക്ക് എന്തോ കൈമാറിയിട്ട് അവരെയെല്ലാം ദയനീയമായി നോക്കി അയാള്‍ സ്കൂട്ടര്‍ എടുത്തുപോയി.

കാശി മടങ്ങിവന്ന് വിശദീകരിച്ച കാര്യങ്ങളുടെ ചുരുക്കം ഇങ്ങനെയായിരുന്നു: അനു തോമസ് ഓമനക്കുട്ടന്‍ നായരുടെ മരുമകളെയും നിഖില്‍ സേവ്യറെയും ബസില്‍വെച്ച് കണ്ടത് സത്യമാണ്. കൊച്ചാലുംമൂടിനും കൊല്ലകടവിനും ഇടയിലുള്ള മൂന്ന് മിനിട്ട് നേരമാണ് അവര്‍ ഒരു സീറ്റില്‍ ഇരുന്നു സഞ്ചരിച്ചത്. കൊല്ലകടവില്‍ ഇറങ്ങിയ നിഖില്‍ സേവ്യര്‍ ചെറിയനാട് വഴി പോകുന്ന മറ്റൊരു ബസിലാണ് ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിലെത്തിയത്. അവളുമായി ചെങ്ങന്നൂരിലെ ലോഡ്ജ് മുറിയിലിരുന്ന് ഉച്ചവരെ സംസാരിക്കണമെന്നു മാത്രമായിരുന്നു നിഖിലിന്‍റെ ആഗ്രഹം. ചെങ്ങന്നൂരിലെ ലോഡ്ജു മുറിയിലിരുന്ന് സംസാരിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന അവളെയും കൂട്ടി അയാള്‍ അവര്‍ക്കു മുമ്പില്‍ ആദ്യം വന്നുനിന്ന ബസില്‍ കയറി കോട്ടയത്തിന് തിരിച്ചു.

കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിന് തെക്കുഭാഗത്തുള്ള ഒരു ലോഡ്ജുമുറിയിലിരുന്ന് അവര്‍ മതിയാവോളം ആരുടെയും ശല്യമില്ലാതെ കഥകള്‍ പറഞ്ഞു. നിഖില്‍ പറയുന്ന കഥകള്‍ കേട്ടിരിക്കാന്‍ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ അവള്‍ പറഞ്ഞ കഥയിലെ ആകസ്മികതയാണ് നിഖില്‍ സേവ്യറിനെ കുടുക്കിയത്. നിഖിലിന്‍റെ കൂടെ അവള്‍ പുറപ്പെട്ടു ചെന്നത് ഒറ്റദിവസത്തെ കഥ കേള്‍ക്കാനായിരുന്നില്ല. ജീവിക്കുന്നെങ്കില്‍ അത് നിഖില്‍ സേവ്യറിന്‍റെ കഥയ്ക്കൊപ്പമായിരിക്കുമെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു. മറ്റൊരു മാര്‍ഗവുമില്ലാതെ, മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് കിഴക്കുവശത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറും കുറച്ച് കാശുമായി മടങ്ങിവരാമെന്നും അതുവരെ ഒരു കാരണവശാലും മൊബൈല്‍ ഫോണും മുറിയും തുറക്കരുതെന്നും അവളെ പറഞ്ഞേൽപിച്ചിട്ടാണ് നിഖില്‍ സേവ്യര്‍ അവിടെനിന്ന് പോന്നിരിക്കുന്നത്. ആര്‍ക്കും ഒരു സംശയവും ഉണ്ടാകാതിരിക്കുന്നതിനാണ് അയാള്‍ കുഞ്ഞുങ്ങളെയും ഭാര്യയെയും കൂട്ടി വൈകീട്ട് നാടു ചുറ്റാനിറങ്ങിയത്.

കൈയിലിരുന്ന നോട്ടുകള്‍ കൂട്ടുകാര്‍ക്കിടയില്‍വെച്ച് കാശി വിശ്വനാഥ് പറഞ്ഞു: ‘‘അവളെ തിരികെ കൊണ്ടുവരുന്നതിനുള്ള ചിലവുകാശാ. കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിനു മുമ്പ് ഏതുവിധവും അവളെ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ പല ജീവിതങ്ങളുടെ കഥയാ തീരാമ്പോകുന്നത്.’’ അവനൊന്നു പുഞ്ചിരിച്ചു: ‘‘ശരിക്കും പറഞ്ഞാല്‍, നമ്മള് നീട്ടിയ അവസാനത്തെ കച്ചിത്തുരുമ്പിലാ ഇപ്പം അയാള് കയറിപ്പിടിച്ചിരിക്കുന്നത്.’’

എന്തായിരിക്കാം ഇനി കഥയില്‍ സംഭവിക്കുന്നതെന്ന് റിന്‍റിത്ത് ആലോചിച്ചുനോക്കി:

നേരം ഇരുളുന്നത് കണ്ട് കാത്തിരിക്കുന്നതിലർഥമില്ലെന്ന് തോന്നി ഓമനക്കുട്ടന്‍ നായരോ പനമരമോ പോലീസ് സ്റ്റേഷനില്‍ ചെന്നുചേരാം.

അവള്‍ മുറിയോ, മൊബൈലോ തുറക്കാം.

നിഖില്‍ ചതിച്ച് കടന്നുകളഞ്ഞെന്ന നിരാശമേല്‍ ബെഡ്ഷീറ്റോ, ഷാളോ എടുത്തുകൊണ്ട് മുറിയിലെ ഫാനിലോ ഹുക്കിലോ കയറിപ്പിടിക്കാം.

‘‘ആലോചിച്ചാല്‍, ആര്‍ക്കു മുമ്പിലും സാധ്യതകളുടെ വലിയ വേലിയേറ്റമുണ്ട്!’’ റിന്‍റിത്ത് പ്രസാദ് കൂട്ടുകാരോട് പറഞ്ഞു. തന്നെ കളിയാക്കാന്‍ അവര്‍ തുടങ്ങിവെച്ച കളി ഇവ്വിധം ഒരവസരമായി മുമ്പില്‍ വന്നുചേരുമെന്ന് അവന്‍ കരുതിയിരുന്നില്ല. സ്വന്തം കൈകളിലെ കറുപ്പിലേക്ക് നോക്കി അവന്‍ കൂട്ടുകാരോട് പറഞ്ഞു: ‘‘നമുക്ക് പോയി അവളെ തിരികെ കൊണ്ടുവരാം.’’

‘‘നീ എപ്പോഴുമിങ്ങനാ, കഥേടെ രസം കളയും!’’ വിനു കാര്‍ത്തി പറഞ്ഞു: ‘‘എടാ, ആ മൂപ്പിലാന്മാരോട് പകരം ചോദിക്കുന്നതിനാ നമ്മളീ കഥ പറഞ്ഞുതൊടങ്ങിയത്. എന്നിട്ടതോര്‍ക്കാതെ അവരെ സഹായിക്കും മട്ടില്‍ കഥ അവസാനിപ്പിച്ചാല്‍ എങ്ങനെ ശരിയാവും?’’

‘‘കഥയും പ്രതികാരവുമൊക്കെ നിക്കട്ടെ.’’ റിന്‍റിത്ത് പറഞ്ഞു. ചാടിപ്പൊറപ്പെട്ട് പോയതാണെങ്കിലും ആ പെണ്ണിന്‍റെ ജീവനിപ്പോള്‍ അപകടത്തിലാണ്. ആര്‍ക്കും തെറ്റുപറ്റാം?’’

‘‘കഥയുടെ ഇനിയൊള്ള ഭാഗത്ത് സൂക്ഷിച്ച് കളിക്കണം.’’ വിമലേഷ് പറഞ്ഞു. ‘‘വിളിച്ചുകൊണ്ടുവരാനായി ലോഡ്ജിലേക്ക് ചെന്നാല്‍ അവള്‍ ഒടനെ എറങ്ങി നമ്മുടെ കൂടെ വരണമെന്നൊണ്ടോ? നിഖില്‍ ചതിച്ചിട്ട് പോയതും പോരാഞ്ഞ് നാട്ടുകാര്‍ അറിഞ്ഞെന്ന അപമാനത്താല്‍ വല്ലതും കയറി ചെയ്തുപോയാല്‍ നമ്മളും കുരുക്കില്‍ വീഴും. നല്ലുദ്ദേശത്തോടാ നമ്മളവിടെ ചെന്നതെന്നാര് വിശ്വസിക്കും.’’

‘‘അതെ, അതെ.’’ കാശിയും വിനുവും ഒന്നിച്ച് പറഞ്ഞു.

‘‘കഥയില്‍ പ്രായോഗികതയ്ക്ക് സ്ഥാനമില്ലെന്ന് വെച്ച് ജീവിതത്തില്‍ അങ്ങനങ്ങ് കരുതരുത്.’’ അനു തോമസ് പറഞ്ഞു.

ആ അഭിപ്രായത്തോട് റിന്‍റിത്തിന് യോജിക്കാന്‍ കഴിഞ്ഞില്ല.

‘‘ഏതുവിധവും രക്ഷിക്കണമെന്നാണെങ്കില്‍ അവളുടെ വീട്ടുകാരോട് വിവരം പറഞ്ഞാല്‍ പോരേ?’’ അനു തോമസ് ചോദിച്ചു.

‘‘അതവളുടെ ജീവിതത്തെ ബാധിക്കും. നമ്മളായിട്ടതിന് എടമൊണ്ടാക്കണോ?’’ റിന്‍റിത്ത് ചോദിച്ചു. ‘‘അവള് അഹങ്കാരത്തിന് പോയതല്ലേ, അനുഭവിക്കട്ടെന്നാണെങ്കില്‍ ഒരു കാര്യം മറക്കെണ്ട:’’ വലിയൊരു തത്ത്വം പറയുമ്പോലെ റിന്‍റിത്ത് പറഞ്ഞു: ‘‘പിടിക്കപ്പെടാത്ത തെറ്റുകളുടെ വിലയാണ് നമ്മള്‍ ഓരോരുത്തരുടെയും ജീവിതം.’’

‘‘...ഹെന്‍റമ്മോ.’’ വിമലേഷ് തലയില്‍ കൈ വെച്ചു. ‘‘ഇത്രേം പക്വതയോടൊള്ള വര്‍ത്തമാനമൊന്നും കഥയിലാണെങ്കിലും നമ്മളേപോലൊള്ള പിള്ളേര്‍ക്ക് പറ്റിയതല്ലടാ. കൊറച്ചൂടെ വളര്‍ന്നിട്ടായിരുന്നെങ്കില്‍ സാരമില്ലായിരുന്നു. നമ്മളിതൊക്കെ പറയുന്നതു കേട്ടാൽ ആരും ചിരിച്ചുപോകും!’’ അവന്‍ റിന്‍റിത്തിന് നേരേ നോക്കി ചോദിച്ചു: ‘‘നിനക്കവളെ റൂമില്‍നിന്ന് ഇറക്കിക്കൊണ്ട് വരാമോ?’’

‘‘വരാം.’’ ഒട്ടും സംശയിക്കാതെ റിന്‍റിത്ത് പറഞ്ഞു.

തര്‍ക്കത്തിന് നില്‍ക്കാതെ വിമലേഷ് കൃഷ്ണൻ വീട്ടിലേക്ക് ബൈക്കിരപ്പിച്ചുപോയി എടുത്തുകൊണ്ടുവന്ന സെവന്‍ സീറ്റര്‍ കാറില്‍ കയറി, അവര്‍ അതിവേഗം കോട്ടയത്തിന് പുറപ്പെട്ടു. എം.സി റോഡിലെ നേര്‍ത്ത ഇരുട്ട് വശങ്ങളിലേക്ക് തെന്നിമാറുന്നത് നോക്കി കാറിലിരുന്ന് അവര്‍ ഓരോരുത്തരായി കഥയുടെ ബാക്കി ഭാഗം ആലോചിക്കാന്‍ തുടങ്ങി.

ലോഡ്ജിന് കുറച്ചു തെക്കുമാറിയാണ് അവര്‍ കാര്‍ പാര്‍ക്ക് ചെയ്തത്. കാറില്‍നിന്നിറങ്ങിയപ്പോള്‍ റിന്‍റിത്തിന്‍റെ പാദങ്ങള്‍ തരിക്കാന്‍ തുടങ്ങിയിരുന്നു. അവളെ പുറത്തെത്തിക്കാന്‍ എന്തെല്ലാം പറയണമെന്ന് ചിന്തിച്ച് അവന്‍ ലോഡ്ജിന് നേരേ നടന്നു.

റിന്‍റിത്തിന്‍റെ കറുപ്പ് ഇരുട്ടില്‍ ലയിച്ചതു കണ്ട് ലോഡ്ജിലെ സി.സി.ടി.വി ക്യാമറപോലും അവനെ കാണില്ലെന്ന് പറഞ്ഞു കാശി ചിരിച്ചു.

‘‘സി.സി.ടി.വി. അവനെ കാണണം.’’ വിനു കാര്‍ത്തി തിരുത്തി. ‘‘ഏതെങ്കിലും രീതിയില്‍ നാളെ പിടിക്കപ്പെട്ടാല്‍ നമ്മളീ കഥയിലില്ല.’’

അവര്‍ കാറിലിരുന്ന് തുടര്‍ന്ന് പറഞ്ഞ കഥയില്‍ റിന്‍റിത്ത് ഇല്ലായിരുന്നു.

കുട്ടിക്കാലം മുതല്‍ അവള്‍ കൊണ്ടുനടന്ന അഹങ്കാരത്തിന്‍റെ പടുകുഴിയില്‍നിന്ന് പിടിച്ചുയര്‍ത്താന്‍ ഈ കറുത്ത കരങ്ങള്‍ വേണ്ടിവന്നിരിക്കുന്നുവെന്ന് ചിന്തിച്ച് റിന്‍റിത്ത് അപ്പോള്‍ കൈകള്‍ ഇരുട്ടത്ത് വിലങ്ങനെ വീശുകയായിരുന്നു.

‘‘അവന്‍റെ കൂടെ അവള്‍ ഇറങ്ങിവന്നില്ലെങ്കില്‍ നമ്മളെന്തു ചെയ്യും?’’ അനു തോമസ് കാറിലിരുന്ന് പിന്നെയും സംശയിച്ചു.

‘‘നിഖിലിന് നമ്മളിട്ടത് കച്ചിത്തുരുമ്പാണെങ്കില്‍ അവക്കൊള്ള പിടിവള്ളിയാ റിന്‍റിത്ത്!’’ കാശി ഉറപ്പിച്ച് പറഞ്ഞു.

പ്രതീക്ഷിച്ചതിലും ഏറെനേരം കഴിഞ്ഞാണ് ഇരുട്ടത്ത് റിന്‍റിത്ത് തിരികെ പ്രത്യക്ഷപ്പെട്ടത്. അവന്‍റെ പിന്നില്‍ അവള്‍ ഉണ്ടായിരുന്നു! അവരെല്ലാം വേഗം പുറത്തിറങ്ങിയെങ്കിലും ആരേയും ശ്രദ്ധിക്കാതെ അവള്‍ നിശ്ശബ്ദയായി കാറില്‍ കയറി ഇരുന്നു.

കാറെടുത്തത് അനു തോമസാണ്. കൊടിമത പാലം കഴിഞ്ഞതോടെ ആരും ശബ്ദിക്കുന്നില്ലെന്ന് കണ്ട് അവന്‍ കാറിന്‍റെ വേഗം കുറച്ച് പാട്ടുകള്‍ തിരയാന്‍ തുടങ്ങി. പ്ലേ ചെയ്ത പാട്ടുകളിലൊന്നും തൃപ്തനാകാതെ അനു തോമസ് കവിതകളില്‍ നങ്കൂരമിട്ടപ്പോള്‍ വിനുവും കാശിയും പരസ്പരം നോക്കി ചിരിച്ചു.

ചിങ്ങവനം കഴിഞ്ഞതോടെ അവള്‍ പുറത്തേക്കുള്ള നോട്ടം മാറ്റി പിന്നിലേക്ക് ചാരി, ഉറങ്ങുമ്പോലെ ഇരിക്കുന്നത് കണ്ട് റിന്‍റിത്തും കണ്ണടച്ച് കവിത കേള്‍ക്കാന്‍ തുടങ്ങി. ഇടയ്ക്ക് മയങ്ങിപ്പോയോ എന്ന സംശയത്തോടെ കണ്ണു തുറന്നപ്പോള്‍ പുറത്ത് എന്‍.എസ്.എസ് ഹിന്ദു കോളേജിന്‍റെ ഗോപുരത്തിലെ ഘടികാരം മങ്ങിയ ഇരുട്ടിലൂടെ പിന്നിലേക്ക് പോകുന്നതു കണ്ട് ചങ്ങനാശ്ശേരി പിന്നിട്ടത് അറിഞ്ഞില്ലല്ലോ എന്ന് റിന്‍റിത്ത് ചിന്തിച്ചു. പെരുന്ന ജങ്ഷനില്‍വെച്ച് ലക്ഷ്യം പിഴച്ച കാര്‍ അപ്പോള്‍ വലംതിരിഞ്ഞ് എ.സി റോഡിലൂടെ പടിഞ്ഞാട്ട് ഓടി തുടങ്ങിയിരുന്നു. വഴിതെറ്റിയെന്ന് റിന്‍റിത്ത് പറഞ്ഞത് ആരും ശ്രദ്ധിച്ചില്ല.

തുടക്കവും ഒടുക്കവുംപോലെ കഥയില്‍ വഴിത്തിരിവുകള്‍ക്കും പ്രാധാന്യമുണ്ടെന്ന് പറഞ്ഞ് കാശി വിശ്വനാഥ് മാത്രം അൽപം ഉറക്കെ ചിരിച്ചു. മറ്റ് കൂട്ടുകാരുടെ അടക്കിപ്പിടിച്ച ചിരികൂടി കണ്ടതോടെ റിന്‍റിത്തിന് അപകടം മണത്തു. കഥയില്‍നിന്നും തന്നെ ഏതുവിധമായിരിക്കും അവര്‍ ഒഴിവാക്കുന്നതെന്ന് ഉള്‍ക്കിടിലത്തോടെ അവന്‍ ആലോചിക്കാന്‍ തുടങ്ങി. ഒന്നും തെളിഞ്ഞു വരാത്തതിനാല്‍ കാര്‍ നിര്‍ത്താന്‍ അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അനു തോമസ് കേട്ട ഭാവം കാണിക്കാതെ ഡ്രൈവ് ചെയ്യുന്നതു കണ്ട് റിന്‍റിത്ത് അവന്‍റെ കോളറില്‍ പിടിച്ച് പുറകിലേക്ക് വലിച്ചു. കാര്‍ പാളുന്നതും ഇടതുവശത്തെ എ.സി കനാലിലെ തിങ്ങിയ ജലവും കണ്ട്, മുൻ സീറ്റിലിരുന്ന വിനു കാര്‍ത്തി, ‘‘ഏല്ലാരും കൂടി വെള്ളത്തില്‍ പോകും, കോളറീന്ന് വിടടാ.’’ എന്നുപറഞ്ഞ് കൈ ചുരുട്ടി റിന്‍റിത്തിന്‍റെ മൂക്കിന് ഇടിച്ചു. പ്രതീക്ഷിക്കാതെ കിട്ടിയ ഇടിയുടെ ആഘാതത്തില്‍ റിന്‍റിത്തിന്‍റെ തല കറങ്ങി. മൂക്കില്‍നിന്നും രക്തം ഒലിച്ചിറങ്ങി. കാറിനുള്ളിലെ സംഘട്ടനം കണ്ട് ഭയന്ന് വായപൊത്തി അവള്‍ സൈഡിലേക്കൊതുങ്ങിയിരുന്നു. ആളൊഴിഞ്ഞ ഭാഗത്ത് അനു തോമസ് കാര്‍ നിര്‍ത്തിയതോടെ വിമലേഷ് കൃഷ്ണനും കാശി വിശ്വനാഥും കൂടി റിന്‍റിത്തിനെ വലിച്ച് വെളിയിലേക്കിട്ടു. എഴുന്നേറ്റ് നിവര്‍ന്ന് നിന്നപ്പോഴേക്കും കാശി റിന്‍റിത്തിനെ കഴുത്തിന് കുത്തിപ്പിടിച്ച് ആഞ്ഞുതള്ളി. കനാലിലേക്ക് വേച്ചുപോയ അവനെ വിമലേഷ് കൃഷ്ണന്‍ അപ്പോള്‍ത്തന്നെ ചവിട്ടി വെള്ളത്തിലേക്കിട്ടു.

‘‘കഥയുടെ ബാക്കിഭാഗം ഇനി ഞങ്ങള്‍ പറഞ്ഞോളാം.’’ മുകളിലേക്ക് പൊന്തിവന്ന റിന്‍റിത്തിനെ ചവിട്ടി വെള്ളത്തിലേക്ക് താഴ്ത്തിക്കൊണ്ട് കാശി വിശ്വനാഥ് പറഞ്ഞു.

താഴ്ന്നു പോകുമ്പോള്‍ കണ്ണുകള്‍ തുറന്ന്, മരണവെപ്രാളത്തോടെ, ‘കഥ അവസാനിക്കുന്നില്ലല്ലോ’ എന്നുതന്നെയായിരുന്നു റിന്‍റിത്തും ചിന്തിച്ചത്.

പനമരവും ഓമനക്കുട്ടന്‍ നായരും പിറ്റേന്നും വൈകിയാണ് മൈതാനത്ത് എത്തിയത്.

കഴിഞ്ഞ രാത്രിയില്‍ കഥയില്‍ നടന്നതെന്തെന്ന് പറഞ്ഞ് ഏട്ടന്‍ യൂട്യൂബ് ചാനലിന്‍റെ അമരക്കാര്‍ പവിലിയനിലിരുന്ന് ഊറിച്ചിരിച്ചു.

കഥ തുടങ്ങിവെച്ച വിമലേഷ് കൃഷ്ണന്‍, പനമരത്തിന്‍റെ കൊച്ചുമോള്‍ ഓമനക്കുട്ടന്‍ നായരുടെ വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ടെന്ന് പറഞ്ഞ് കഥ അവസാനിപ്പിച്ചു.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT
access_time 2024-10-28 05:30 GMT