മലയാളത്തിലെ ശ്രദ്ധേയനായ കവി പി. രാമന്റെ കവിതകളിലൂടെ സഞ്ചരിക്കുകയാണ് നിരൂപകനായ ലേഖകൻ. ‘‘പി. രാമൻ എന്ന കവിയും കവിതകളും അനങ്ങുന്ന വഴികളിലെല്ലാം അനേകം സൂക്ഷ്മജീവിതഭാവങ്ങളുടെ കാന്തി കണ്ടെത്താവുന്നതേയുള്ളൂ’’വെന്ന് അദ്ദേഹം എഴുതുന്നു.
ബാഹ്യലോകവസ്തുതകൾക്കൊപ്പം ആന്തരാനുഭവം കൂടി പടർത്തിയിട്ട് സവിശേഷരീതിയിൽ കുഴച്ചെടുക്കുന്ന കാവ്യഭാഷാവിതാനമാണ് പി. രാമന്റേത്. പ്രഥമദൃഷ്ട്യാ വസ്തുസ്ഥിതികഥനമെന്ന് തോന്നുംമാതിരിയുള്ള ആഖ്യാനരീതി പലയിടങ്ങളിലുമുണ്ട്. ബഹ്വർഥസാധ്യതയേറിയ ഭാഷാകേളിയിലേക്ക് അത് സംക്രമിക്കുന്നതായും കാണാം. ബാഹ്യമായ രൂപകഭദ്രതയിലല്ല, ഉള്ളടങ്ങിനിൽക്കുന്ന രൂപകാതിക്രമങ്ങളിലാണ് കവിതകളുടെ കണ്ണ്. ഒഡിയ കവിയും പത്രപ്രവർത്തകനുമായ ഭരത് മാജി ഒരു പക്ഷി താമസിക്കാൻ സ്വപ്നം വാടകക്കെടുത്തതായി ഭാവനകൊള്ളുന്നുണ്ട്. വായനക്കുശേഷം ഉറഞ്ഞുണരുന്ന നീണ്ടുനിൽക്കുമൊരു മൗനത്തിലേക്ക് കൂടുകൂട്ടാൻ പാകമായ സംവിധാനചാരുത പി. രാമന്റെ കവിതകളുടെ ഭാവലോകങ്ങളിലുമുണ്ട്.
വല്ലാത്തൊരുതരം നിസ്സഹായതയിലും നിസ്സംഗതയിലും കിടന്ന് ഞെരിപിരികൊള്ളും വിധമാണ് ഈ കവിതകളിലെ ജീവിതനേരങ്ങളുടെ വരവും നിൽപും. പലപ്പോഴും മുറിഞ്ഞുപോവുന്ന അനുഭവങ്ങളിൽ ആശങ്കാകുലതകളിലാവുകയും പരിഭ്രമിക്കുകയും ചെയ്യുന്ന പ്രമേയപരിചരണങ്ങളാണുള്ളത്. പറഞ്ഞുതീർക്കാനാവാതെ അവശേഷിക്കുന്നവയെല്ലാം ധ്വനിമര്യാദയോടെ ആവിഷ്കരിക്കാനുള്ള വെമ്പൽ. ഒറ്റയിലും പറ്റത്തിലുമുള്ള വൈവിധ്യങ്ങളിൽ ചവിട്ടിനിന്ന് വിചിത്രഭാവനാവഴികൾക്കായുള്ള ഒരുക്കം. വാക്കിലും വാക്യത്തിലും താളാത്മകപാദത്തിലും സ്ഥിരം മലയാള കാവ്യഭാഷാമുദ്രകൾ പരിമിതമായേ ഉണ്ടാവൂ. നനുത്ത വാങ്മയത്തോടുള്ള കണക്കറ്റ കലഹം.
ഭാഷയെ പരമാവധി ഒഴിവാക്കിനിർത്താനുള്ളൊരു ഊഞ്ഞാലായം. ചെറു ആഖ്യാനവിധങ്ങളിലൂടെ ഒഴുക്കിവിടുന്ന സംഘർഷത്തിന്റെ തിരയേറലുകൾ. ‘ഭാഷയും കുഞ്ഞും’ എന്ന കാവ്യസമാഹാരത്തിലെ പ്രസക്തമെന്നുതോന്നിയ ഒറ്റക്കവിതാപഠനങ്ങളാണിവിടെ ലക്ഷ്യംവെക്കുന്നത്.
എല്ലാ അമ്പിലും അമ്പുണ്ടാവണമെന്നില്ല. ചിലയിടത്തത് അൻപുമാവാം. അപ്പോഴും തറയ്ക്കൽ അനിവാര്യമാണ്. അമ്പുവഴി പാട്ടുവഴിയായി പരിവർത്തനം ചെയ്തതിനെയാണ് ‘മൗലികത’ എന്ന കവിത സ്വപ്നംകാണുന്നത്. രൂക്ഷതക്കിടയിലെവിടെയോ ഒരു മൃദുലമൗലികതയെ അത് ആഗിരണം ചെയ്യുന്നു. അമ്പെയ്യുന്നൊരു വേഗത്തിൽ ആരംഭമാവുന്ന ആഖ്യാനമട്ട് സ്വരം പൊഴിക്കുന്നിടത്ത് ശാന്തമാവുന്നുമുണ്ട്. എഴുത്തിലേക്ക് പടർത്തിയിടേണ്ട സൗമ്യതയുടെ സംഗീതത്തെപ്പറ്റിയുള്ള ആലോചനകൂടിയാണ് ഈ കവിതയെന്ന് തോന്നിപ്പോവുന്നു.
മാഞ്ഞുപോവുന്ന കാലങ്ങളെ തിരിച്ചുപിടിക്കാനുള്ള വെമ്പൽ ‘കായ്കൾ’ എന്ന കവിതയിലുണ്ട്. പൂർണമാക്കാനാവാതെ പോംവിധം തിരികെവരലില്ലായ്മകൾ. പതുക്കനെ ഇല വന്നു. ബുദ്ധിമുട്ടി ബുദ്ധിമുട്ടി ചെടി വന്നു. പൂവുകൾ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടില്ല. കായ്കൾ വന്നേയില്ല. കുനുകുനുന്നനെ കുലകുലഞ്ഞുനിന്നുവെന്ന കായ്കൾനിറഞ്ഞു തൂവിയ ‘ഭാഷ’യോളം മാത്രമേ പോവാനായുള്ളൂ.
രൂപകഭാഷയുടെ അറ്റത്തോളം മാത്രമേ താണ്ടിയെത്താനായുള്ളൂ. അകന്നേ അകന്നേ പോവുന്നവകളുടെ സ്പീഡിൽ അമർന്നുനിൽക്കും ജീവനത്തിന്റെ ജഡാവസ്ഥയാണിവിടെ പകുത്തിടുന്നത്. വല്ലാത്തൊരു ഉൾഭയത്തിലാണ്ടുപോയ കവിത ആഖ്യാനമാർഗമാക്കിയതോ ശിശുസഹജമായ കൗതുകഭാവമാർന്നൊരു വിവരണമാതൃകയേയും. നഷ്ടമാവുന്ന പ്രകൃതിയെന്ന, നാളുകളായി പിന്നിട്ടുപോന്ന പലതുമെന്ന യാഥാർഥ്യത്തിന്റെ ആഴത്തിലുള്ള വൈരുധ്യങ്ങളെ ഈ കവിത അതിസൂക്ഷ്മം അനുഭവപ്പെടുത്തുന്നുണ്ട്.
കവിത തിരുകിവെക്കുന്നത് പുളിയിലകൾ കുമിഞ്ഞുകൂടിയ ഇടത്തിലാണ്. ഇതിൽ എന്തെങ്കിലും സവിശേഷസൗന്ദര്യം രൂപപ്പെടുന്നുണ്ടോയെന്ന സംശയത്തിലേക്കാണ് ‘വല്ലപ്പോഴുമൊരു കവിത’ നമ്മെ വലിച്ചെറിയുന്നത്. വല്ലപ്പോഴും എഴുതുന്നതിന് കുറേ കാലത്തിന്റെ കൂട്ടിരിപ്പുണ്ട്. എഴുതാതിരുന്ന നാളുകളുടെ സമൃദ്ധിയിലാണല്ലോ എഴുതാനിരിക്കുന്നത്. അത് പുളിയില വീണ ഭൂമിയിൽ വീണുകിടന്നാൽ വീണ്ടുമതിന് ജീവൻവെക്കാം. മരുന്നുപെട്ടിയിലകപ്പെടുന്നതുപോലെയല്ലത്. വീണ്ടെടുപ്പ് പുത്തനുടുപ്പിട്ടാവാം വരുക. നാട്ടുവർത്തമാനത്തിന്റെ തനിഛായയിലെഴുതിയ ഈ കവിതയാകമാനം എഴുത്തുനേരങ്ങളിൽ ഭൂമിയെക്കൂടി ചേർത്തുപിടിച്ചൊരു നിൽപുണ്ട്.
ദേശത്തിനൊപ്പം അനുഭവം മാറിക്കളിക്കുന്ന കാഴ്ചകളുടെ കാർണിവലാണ് ‘ഒരു വളവു തിരിഞ്ഞതും’ എന്ന കവിതയിൽ സംഭവിക്കുന്നത്. അതുവരെക്കണ്ട പ്രകൃതിയും നിത്യജീവിതവും നിറവും മണവും സ്വപ്നവുമെല്ലാം മറ്റൊന്നിലേക്ക് പകർന്നാടുന്നു. പുതിയ ഇടം സ്വപ്നമായിരുന്നുവോയെന്ന ആശങ്കയിലേക്കും നീളുന്നു. ആഖ്യാനമാസകലം യാഥാർഥ്യത്തിലേക്ക് തിരിയുമ്പോൾ അവസാനവരി മാത്രം സ്വപ്നത്തെക്കയറി കെട്ടിപ്പിടിക്കുന്നു. ജീവിതത്തിൽ അതിവേഗം കടന്നുവരുന്ന അനിശ്ചിതത്വത്തിന്റെ ഓർമപ്പെടുത്തൽതന്നെയാണ് ഇവിടെയുള്ളത്.
കാരുണ്യപൂർവം ഒരു രോഗബാധിതന്റെ ശരീരം മെല്ലെ തലോടുന്ന അപരസാന്നിധ്യത്തെ കാട്ടിത്തരും വിധമാണ് ‘തലോടുന്നു മെല്ലെ’ എന്ന കവിതയുടെ രംഗപ്രവേശം. രാത്രിയാകെ ശരീരം മാത്രമല്ല, നെഞ്ചിനുള്ളിലെ തിരമാലകളെയും തലോടിക്കൊടുക്കുന്നു. അകം കൂടി ലക്ഷ്യമാക്കുന്നുണ്ടെന്നർഥം. എന്നാൽ, അവസാനവരിയിൽ ഞെട്ടലുണ്ടാവുന്നു. രോഗബാധിതൻ സ്വയം തലോടുകയായിരുന്നുവത്രേ. ഒറ്റപ്പെട്ടുപോകുന്നവൻ സ്വയം തലോടുക വഴി അതിജീവനത്തിനായുള്ള അപരസാന്നിധ്യത്തെ അന്വേഷിക്കുകയാവാം. അടുത്ത് ആളുള്ളത് തിരിച്ചറിയാനാവാത്തവിധം സ്വയം മുറിഞ്ഞുപോയിട്ടുമുണ്ടാവാം. നിരാലംബസംബന്ധിയായ തീവ്രവ്യഥ പി. രാമന്റെ കവിതകളിൽ സർവസാധാരണമാണ്. തലതിരിഞ്ഞ ചില സങ്കൽപനങ്ങൾകൊണ്ട് മൂടിക്കിടക്കുന്നു ‘ഹിമാലയം’ എന്ന കവിത.
സാധാരണഗതിയിൽ ഹിമാലയ യാത്രകൾ ആത്മീയവർണനകളായിട്ടാണ് അവതരിപ്പിക്കപ്പെടാറുള്ളത്. എന്നാൽ, ഇവിടെ ഒരു മറിച്ചിടൽ കാണാം. ഹിമാലയത്തിന്റെ ഭാവപരത ആവേശിക്കുന്നത് ശരീരത്തിലാണ്. കാൽപടങ്ങളിലും കൈപ്പത്തികളിലും ഹിമാലയം തിളങ്ങുന്നു. ഒരാൾ ഏകാന്തഹിമാലയമായി വിശേഷിപ്പിക്കപ്പെടുന്നത് അയാളുടെ ശരീരത്തിന്റെ മുദ്രകളിലൂടെയാവുന്നു. ശരീരത്തിന് വല്ലാത്തൊരു ഗൗരവം കൈവരുന്ന കവിതയാണിത്. ശരീരക്കാഴ്ച സാധ്യമാവുന്നത് വാർത്താവതരണരീതിയിലൂടെയാണെന്നുള്ള കൗതുകവുമുണ്ട്.
സമകാലത്തും മലയാളി ഉള്ളിൽ തുടർന്നുപോരുന്ന തീണ്ടാപ്പാടകലത്തിന്റെ ഇരുട്ട് കുടഞ്ഞെറിയേണ്ടേയെന്ന വലിയ ചോദ്യം ഉയർത്തുന്ന വിമർശനാത്മകസ്വരമുള്ള കവിതയാണ് ‘അകലം’. ശുദ്ധവും വൃത്തിയും അയിത്തവുമെല്ലാം ചേർന്ന് അപരാശ്ലേഷം സാധ്യമാവാതാക്കിയതാണല്ലോ ജാതിവ്യവസ്ഥയുടെ മുഖ്യസവിശേഷത. ഇന്നും അതിന്റെ തുടർച്ചകളുണ്ടെന്ന വലിയ സങ്കടത്തിലേക്കാണ് ഈ ലഘുകാവ്യാഖ്യാനം നമ്മെ കൊണ്ടുപോവുന്നത്. ആധ്യാത്മികവും കാൽപനികവുമായ മാനങ്ങളുള്ള ജാതിവ്യവസ്ഥാ ന്യായീകരണവാദങ്ങളോട് കവിത എതിർധ്രുവത്തിലാവുന്നു.
കാവ്യാന്ത്യത്തിൽ വാക്കും കവിതയും ഒരുമിച്ചുനിന്ന് പ്രാർഥനാപൂർവം നടത്തുന്ന ഇടപെടലിലാണ് അകലം മാഞ്ഞുപോവുന്നത്. വ്യവഹാരഭാഷയും സൗന്ദര്യാത്മകഭാഷാവ്യവഹാരവും പ്രതിരോധത്തിന്റെ കൊടികളുയർത്തുകയാണ്. സ്പർശിക്കാത്തവരെ സ്പർശിക്കാനും തണുത്തുറഞ്ഞ് ചലനരഹിതരായവരെ പൊതുധാരയിലേക്ക് കുളിപ്പിച്ചെടുക്കാനുമുള്ള ആഹ്വാനസ്വരത്തിലേക്ക് കവിതയുടെ ചുവടുകൾ നീങ്ങുന്നു. പൊട്ടിത്തെറിക്കൽ അകലത്തിന് കാരണമാവും. നിർവീര്യമാക്കൽ അകലത്തെ തകർത്ത് അടുപ്പം കൊണ്ടുവരാൻ പാകമാകും. നവോത്ഥാനാനന്തര കേരളത്തിന്റെ സാംസ്കാരിക മനസ്സിൽ അവശേഷിപ്പായിത്തുടരുന്ന സവർണഭാവമുദ്രകളെ നിലംപരിശാക്കിക്കളയാനുള്ളൊരു ആവേഗം ഈ കാവ്യശരീരത്തിലാകമാനമുണ്ട്. മധ്യവർഗമലയാളിയുടെ കടുത്ത ആഗ്രഹവും അതിനൊപ്പമുള്ള സങ്കൽപജീവിതവുമാണ് ആർഭാടം തുളുമ്പുന്ന വീട് എന്നത്.
‘വീടും വഴിയും’ എന്ന കവിത നോക്കുക. പറഞ്ഞുപറഞ്ഞ് പെരുക്കിയെടുത്ത വീടുനിർമിതിയെപ്പറ്റിയുള്ള വർത്തമാനം പറച്ചിലുകളിലോ രാപ്പകൽ കണ്ടുകൊണ്ടിരുന്ന സ്വപ്നങ്ങളിലോ കിടന്ന് ആ സങ്കൽപജീവിതം തിളങ്ങും. ഒരു വലിയ കോളനിയോളമത് വളരും. ഇല്ലേൽ വളർത്തും. ഇടത്തരക്കാരുടെ അൽപത്തത്തിനും പൊങ്ങച്ചത്തിനും ഇവിടെ സ്ഥാനമുണ്ട്. കവിതയിലേക്ക് സൂക്ഷ്മമായി നോക്കുമ്പോൾ വീട്ടിലേക്കുള്ള വഴി വെറുമൊരു സ്വപ്നം മാത്രമായിരുന്നുവെന്ന് ബോധ്യപ്പെടും. രാക്കീറുകൾ കൂട്ടിവെച്ച് കാണ്മാനാവാത്തതും വാക്കുകൾ ചേർത്തൊരുക്കി കേൾക്കാനാവാത്തതുമായ നടക്കാത്ത സ്വപ്നം. ഈ ലഘുകാവ്യശരീരം മധ്യവർഗ മലയാളിയുടെ ജീവിതവൈരുധ്യങ്ങളിൽ കിടന്നുപൊള്ളുകതന്നെയാണ്.
വാക്കുമൊത്ത് കളിക്കാൻ പറ്റുന്നതരത്തിലാണ് കുഞ്ഞുങ്ങളുടെ നിൽപും നടപ്പും. ആലോചനയുടെ ഭാരം ലവലേശമില്ലാതെ സ്വാഭാവികമെന്നോണം സംക്രമിക്കുന്ന വാക്കുകളുടെ മഹോത്സവത്തിലാവുന്നു കുഞ്ഞുങ്ങൾ. ‘ഭാഷയും കുഞ്ഞും’ എന്ന കവിതയിൽ പ്രത്യക്ഷപ്പെടുന്ന ഉത്കണ്ഠകളൊന്നും കുഞ്ഞിന്റെയല്ല. വാക്ക് അരിച്ചെടുക്കുന്ന അരിപ്പയെപ്പറ്റിയുള്ള വിശകലനബുദ്ധി കുഞ്ഞല്ലാതായി മാറിയ മുതിർന്നവരുടെയാണ്. തിരഞ്ഞെടുത്ത വാക്കുകൾ കുഞ്ഞിനോടൊപ്പം എന്നും ഉണ്ടാവുമോയെന്ന ആകാംക്ഷയും അവരുടേതാണ്.
ഈ കവിത നിറയെ താൻ പോലുമറിയാതെ തന്നിലേക്ക് പടർന്ന വാക്കുകളുമൊത്ത് കുഞ്ഞ് സ്വകാര്യാഹ്ലാദത്തിലാവുന്ന സമ്മോഹനദൃശ്യങ്ങളാണുള്ളത്. വാക്കു വിരിയുന്നതിനും മുമ്പത്തെ ചേതോഹരക്കാഴ്ചയാണ് ‘ഭാഷക്കു മുമ്പ്’ എന്ന കവിതയിലുള്ളത്. ഉലഞ്ഞുകിലുങ്ങുന്ന പൊന്നുമോൾക്കായി തീർത്ത അനുഷ്ടുപ്പുമാല്യം. വാക്കിനും മുമ്പുള്ള ആംഗ്യത്തിനൊത്ത്, മീട്ടലിനൊത്ത് ലയിച്ചുപോകുന്ന കുഞ്ഞിക്കാലടിയിൽ ആനന്ദനൃത്തം ദർശിക്കാം.
ഈ ആനന്ദക്കുട്ടി ഭാഷയുടെ മുറിവേൽക്കാത്ത സംഗീതാത്മകതതന്നെയാണ്. നിർബന്ധിച്ച് പറയിപ്പിക്കുന്നതിന്റെ അധികാരപ്പെരുമാറ്റങ്ങളോട് ഈ കവിത കലഹിക്കുകയാണ്. പാട്ടിനൊത്തുള്ള ആട്ടമാണ് മറുപുറത്തുനിന്ന് പൊരുതുന്നത്. ‘രണ്ടു ദിവസം’ എന്ന കവിതക്കുള്ളിലെ കുഞ്ഞിൽ ഒരു തുമ്പിയുണ്ട്. തുമ്പിയിൽ ഒരു കുഞ്ഞുമുണ്ട്. തുമ്പിക്ക് സമാന്തരമായി കുഞ്ഞും ഇരിക്കുന്നു. തുമ്പിയെ നമുക്ക് കാട്ടിത്തരുകയല്ലാതെ കുഞ്ഞ് മറ്റൊന്നും ചെയ്യുന്നില്ല. തുമ്പിയും കുഞ്ഞും തമ്മിലുള്ള ഒരു നിഷ്കളങ്ക സംവേദനം ഇവിടെയുണ്ട്. തുമ്പിച്ചിറക് അനങ്ങുമ്പോൾ കുഞ്ഞ് ഞെട്ടിയെന്ന വിചാരം മുതിർന്നവരുടേത് മാത്രമാണ്. പാനാവൃത്തത്തിന്റെ ഒഴുക്കിൽപ്പെട്ട് തുമ്പിയും കുഞ്ഞും ഒന്നായി മാറുകയാണ്.
അനുഭവങ്ങളുടെ ചൂടും തണുപ്പും പേറുന്ന പുസ്തകത്താൾ മറിക്കുക അത്ര അനായാസമല്ല. മറിക്കുന്നതിനുമുമ്പ് മറക്കാനാവാതെയാവുന്ന പലതും ഉള്ളിൽ അവശേഷിപ്പിച്ചിട്ടുണ്ടാവും. ‘ഒരു കവിയുടെ നീണ്ട മൗനം’ എന്ന കവിതയിൽ മനുഷ്യരെ വിട്ടുപോരുന്നിടവും ഇത്രത്തോളം സജീവതയുള്ളയൊന്നാണ്. ഒരുപാടുപേരെ വിട്ടുപോന്നാൽ അത്രമാത്രം സമ്പന്നമായൊരു അനുഭവസമുച്ചയം കണ്മുന്നിൽ തുടരും. വലിയ ജീവിതങ്ങളെല്ലാം വലിയ മൗനത്തിന്റെ രൂപമാർജിക്കും.
കടവുകഥകളുമായി മുന്നേറുന്ന പുഴയിൽ മൗനത്തിന്റെ നിലവിളി ഉയരും. ഇതുതന്നെയാവും കവിത. കവിതക്ക് നീണ്ടമൗനം എന്ന് പേരിട്ട് രസിക്കുന്ന ഒരു കവിതയാണിത്. ‘ഉറങ്ങാതിരിക്കാൻ വയ്യാത്തതുകൊണ്ട്’ എന്ന കവിതയിൽ ഉണർച്ചയുടെ കാലം അസഹ്യമാവുകയാണ്. ഒന്നുറങ്ങാൻപോലുമാവാതെയാവും വിധമത് നടുക്കമുള്ളയൊന്നാവുന്നു. നിർബന്ധിച്ചുറങ്ങുമ്പോൾ ഞെട്ടിയുണരും. ഉള്ളിലെ കവിതയും ഒപ്പമുണരും. കവിതയെ നേരിടാനാവാതെ പുറന്തള്ളുകയാണ് പതിവ്. കാലം എന്ന മഹാദുരന്തവൃത്തത്തിന്റെ ഒത്ത നടുവിലാണ് ഈ കവിത ആളിപ്പടരുന്നത്.
വേദനയും ഭയവും നിസ്സഹായതയുമെല്ലാം ചേർന്ന് ഉറക്കത്തിനും ഉറക്കമില്ലായ്മക്കും കാവൽ നിൽക്കുന്നു. ഉണർച്ചയുടെ കാലം അതിന്റെ അസഹനീയതയുടെ അന്ത്യത്തിൽ ഉറക്കമില്ലായ്മയുടെ കാലമായി മാറുന്നു. ഒരുതരം ആകാംക്ഷ ജനിപ്പിക്കുന്ന ഗദ്യത്തിലൂടെയുള്ള അവതരണം ജീവിതം അകപ്പെട്ടിട്ടുള്ള സങ്കടസമസ്യകൾക്ക് പൂരകംതന്നെയാവുന്നു. ഒരു നിമിഷാനന്ദത്തെ അതിന്റെ സർവവിധ സുതാര്യതകളോടും അഴിച്ചിടുകയാണ് ‘സ്വന്തം ആനന്ദം’ എന്ന കവിത. കണ്ടുപിടിക്കുകയും കടയുകയും പരീക്ഷിക്കുകയും വാരിപ്പൊത്തിച്ചാടിനിൽക്കുകയുമെല്ലാം ഒത്തുചേരുന്ന ക്രിയാപദത്തിളക്കത്തോടെ സ്വയംഭോഗം മുറുകുന്നു. ഒളിഞ്ഞത് തെളിഞ്ഞതാവുമ്പോഴുള്ള വിഷമസ്വരവാഹിയായ ഭാഷക്കരികിലേക്കും കേകാവൃത്തം പതുങ്ങിച്ചെല്ലുന്നുണ്ട്. തളിർത്തുനിൽക്കുന്ന ശാരീരികാനന്ദത്തിന്റെ തുറവിയായി കവിത മാറുന്ന അത്യപൂർവ ദൃശ്യങ്ങളിലൊന്നാണിത്.
ശ്മശാനങ്ങളിൽ ചരിത്രം ഉറങ്ങിക്കിടപ്പുണ്ട്. പണ്ടേതോ കാലത്ത് ശ്മശാനമായിരുന്നിടം കണ്ടെത്തുകയെന്നത് ചരിത്രാന്വേഷകർക്ക് കൗതുകം ജനിപ്പിക്കുന്നയൊന്നാണ്. എന്നാൽ, കവി അത്തരമൊരു അന്വേഷണത്തിന് മുതിർന്നാൽ ഫാന്റസിയുടെ തിരയിളക്കങ്ങളുണ്ടാവും. ‘ഒരു ചരിത്രാന്വേഷണ കവിത’ എന്ന കവിതയിൽ ജീവിതത്തിന്റെ തുള്ളിത്തെറിക്കൽ കാണാം. പഴയ ശ്മശാനം കള്ളവാറ്റിന്റെയും തൊണ്ടിമുതൽ സൂക്ഷിപ്പിന്റെയും ഇടമായും മാലിന്യനിക്ഷേപ കേന്ദ്രമായും മാറിപ്പോയിരിക്കുന്നു. ഇവയെല്ലാംതന്നെ പുതിയ കാലത്തിന്റെ പ്രേതാവശിഷ്ടങ്ങളായി വിലയിരുത്തപ്പെടുന്നു.
ഇത്തരം പുതിയ പ്രേതങ്ങളുടെ പരക്കംപാച്ചിലിനിടയിൽ ദീർഘകാലം മുമ്പത്തെ ഒരു ഒറിജിനൽ പ്രേതക്കാരണവർക്ക് സ്ഥാനമുണ്ടാവുമോയെന്ന ഉദ്വേഗത്തിലാണ് കവിത അവസാനിക്കുന്നത്. പ്രേതകഥയിലെ ഫാന്റസിയിൽ അമരുമ്പോഴും സമകാല ജീവിതനേരുകളിലൂടെ സഞ്ചരിച്ചുപോവാനും ഈ കവിതക്ക് ആവുന്നുണ്ട്. എല്ലാം പുറത്തേക്ക് തുറന്നുവെക്കുന്ന, എല്ലാവരും കണ്ണും കാതും നട്ട് ആക്രാന്തപ്പെടുന്ന ലോകത്തിന്റെ നേർക്കുള്ള കടുത്ത കർണശരങ്ങളാലാണ് ‘ഉള്ളിലേക്ക്, കുറേക്കൂടി’ എന്ന കവിതയുടെ ശയ്യ ഒരുങ്ങുന്നത്. വഴിയും മതിലും വളപ്പും മരങ്ങളുമെല്ലാം ഉള്ളിലേക്കൊതുങ്ങാൻ ശീലിക്കുന്നു. എന്നാൽ, ഉൾവലിയാനാവാതെ വരുമ്പോഴുണ്ടാകുന്ന പ്രതിസന്ധിബോധത്തിന് മുകളിലാണ് ഈ കവിത കയറിനിൽക്കുന്നത്. ബാഹ്യലോകത്തിന്റെ ഉപരിപ്ലവതകൾ സൃഷ്ടിക്കുന്ന മഹാവൈരുധ്യങ്ങളിൽ അകപ്പെട്ടുപോകുന്നവരുടെ സങ്കടത്തിന്റെ ആവിഷ്കാരം കാണാം. ഉള്ളിലേക്ക് അലയുക അത്ര എളുപ്പമല്ലാതാവുന്ന കാലദേശങ്ങൾ തെളിഞ്ഞുവരുന്നു.
അകത്തേക്ക് ഒതുങ്ങാനുള്ള ആവേഗവും ആവേശവും സാധ്യമാവാതെ വരുന്നതിന്റെ നിലവിളിയും ഈ കവിതക്കകമേനിന്ന് കേൾക്കാം. പാറ്റ നായകസ്ഥാനത്തേക്കെത്തും വിധമാണ് ‘പകൽ പോലെ വ്യക്തം’ എന്ന കവിത സംവിധാനം ചെയ്തിരിക്കുന്നത്. പാറ്റകൾക്ക് കവിത കൊരുക്കാനാവില്ലല്ലോ. എന്നാൽ, അവക്കായി കവിത എഴുതപ്പെടാം. പാറ്റകളുടെ അനുഭവത്തെ പടർത്തിയിടലാവാമത്. തളത്തിലെ തറയിൽ ഒരു പാറ്റ നിത്യേന രാത്രി ഒന്നേ കാലിന് ഉലാത്താനായെത്തുന്നു.
സമയനിഷ്ഠയോടെയുള്ള പാറ്റയുടെ വരവും ഉലാത്തലും മാത്രമാണ് കവിതയിൽ വിസ്മയമെന്നനിലയിൽ അവതരിപ്പിക്കുന്നത്. എഴുതിയ കവിക്കും എഴുതപ്പെട്ട കവിതക്കുമാണ് വിസ്മയമുള്ളത്. പാറ്റക്ക് അത് പകൽപോലുള്ളൊരു വ്യക്തത മാത്രമാണ്. പാറ്റയുടെ ജീവിതസന്ദർഭങ്ങളെ കവിത എത്തിപ്പിടിക്കുന്നത് രസകരമാണ്. ഒരുവിധ അന്യാപദേശവാഴ്ത്തും ഈ പാറ്റക്കും അതിന്റെ ചലനാഭക്കും സ്വന്തമാവുന്നതേയില്ല.
വായിക്കുന്ന പുസ്തകവും വായിക്കുന്ന ഇടവും വായിക്കുന്ന കാലവും ഒരുമിച്ചുകിടന്ന് തിളക്കുന്നിടത്താണ് ‘മങ്ങിയ വെളിച്ചത്തിൽ’ എന്ന കവിതയുടെ നിലനിൽപ്. അതിവേഗം കുതിക്കാത്തൊരുതരം കേകയുടെ തോളിലേറിയാണ് വരവ്. താളിയോലപ്പഴക്കത്തിൽ മങ്ങിപ്പോകുന്ന അക്ഷരജീവിതത്തിൽനിന്നാണ് ആരംഭം. പുസ്തകത്തിലേക്ക് വെളിച്ചമായെത്തുന്ന മറ്റ് ഉറവകൾ തെരുവുവിളക്കും ചിതയും വാഹനവുമാണ്. ആദ്യത്തേത് സ്ഥിരവും മറ്റു രണ്ടും അസ്ഥിരപ്രവാഹഗതികളുമാണ്. മലിനജലം പോലൊഴുകുകയും ഉറുമ്പുകളുടെ വരിയായി ക്രമപ്പെടുകയും ചെയ്യുന്ന പ്രാചീനഗ്രന്ഥാക്ഷരങ്ങൾ വിഭ്രമിപ്പിക്കുന്നൊരു കാഴ്ചതന്നെയാവുന്നു. അക്ഷരസംഘാതത്തിനകത്ത് ഏകാഗ്രവും ധ്യാനാത്മകവുമായി ആർജിച്ച സൂക്ഷ്മജ്ഞാനത്തിന്റെ അഗാധമാതൃകകൾ ഉണ്ടാവാം.
പല കാലങ്ങളിലും കിടന്ന് കറങ്ങിത്തിരിഞ്ഞാവാം ഇവയുടെ ആന്തരാർഥം തെളിയുക. ആധുനികമായ തെരുവുവെളിച്ചങ്ങളിലും വാഹനവെട്ടങ്ങളിലുമെല്ലാമാവാം ആളിക്കത്തൽ സാധ്യമാവുക. മാറിമാറിവരുന്ന കാലവെളിച്ചങ്ങളിൽ കിടന്ന് വാക്കിന്റെ അർഥചാരുത പുതുതാവുമെന്ന കവിതക്കാഴ്ചയാണ് ഈ കവിത എന്ന് കരുതാവുന്നതാണ്. അശാന്തമാവുന്ന സമകാലസങ്കീർണതകൾ സഹിക്കാനാവാത്ത മനുഷ്യവംശത്തിലെ മുഴുവൻപേരും ‘ശുഭരാത്രി’ എന്ന ചെറുകവിതയിലെ കഥാപാത്രലോകമാണ്.
ലക്ഷം ശ്ലോകമുള്ള വ്യാസഭാരതത്തെയും കവച്ചുവെക്കുന്ന കഥാപാത്രസംഖ്യയാണിത്. സമ്പൂർണമായ ഉറക്കത്തിന് ഒരു സാധ്യതയും കാണുന്നില്ല. കണ്ണിന് സ്വയം അടയാനാവാതാവുന്നു. കൈവിരൽ പ്രവർത്തിക്കേണ്ടതായിവരുന്നു. അത്രമാത്രം അസ്വസ്ഥമായൊരു ലോകമാണുള്ളത്. അനന്തകോടി മനുഷ്യരിലും ഇതിന്റെ ഇരമ്പം കേൾക്കാം.
യഥാർഥത്തിൽ ഇല്ലാത്തതെന്ന് സൂചിപ്പിക്കുന്നതിലെല്ലാം ഭാവനയുടെ നിറവും മണവും തങ്ങിനിൽക്കും. അവിശ്വസനീയമോ അസാധാരണമോ എന്ന് തോന്നിപ്പിക്കുന്ന സ്വഭാവസവിശേഷതയോ ജീവിതരീതിയോ കർമമുറയോ ആയി ‘അങ്ങനെയൊരാൾ’ എന്ന കവിതയിൽ അയാൾ മാറുന്നു. കവിതക്ക് കിട്ടിയ ആദ്യപ്രതികരണം സത്യസന്ധമായിരുന്നുവോയെന്ന സന്ദേഹം കവിക്കുണ്ട്. കത്തെഴുതിയ വായനക്കാരൻ കത്തിൽ ഒളിപ്പിച്ചുവെച്ച അസാധാരണത്വമാവാം കവിയുടെ ചിന്തക്ക് ആധാരം.
എക്സ്ട്രാ ഓർഡിനറി ബിഹേവിയറുള്ള ഭാവനാനിഷ്ഠജീവിതസമസ്യകൾ പരിമിതപ്പെടുന്ന അവസ്ഥാന്തരമാണിവിടെയുള്ളത്. എല്ലാവരും ആ കാലദുരന്തത്തിൽ ഉരുമ്മിക്കഴിയുന്നുവെന്നതിന്റെ സാക്ഷ്യമാവുന്നു ആത്മഗതരൂപത്തിലുള്ള ഈ കവിത. ‘ഒരമ്മയുടെ ഓർമ’ എന്ന കവിതയിൽ അകലേ കാണുന്ന മഞ്ഞുവീഴലിന്റെ ആസ്വാദ്യകരമായ കാഴ്ചയുണ്ട്. എന്നാൽ, മഞ്ഞിനുള്ളിൽ അകപ്പെട്ടവർക്കത് മഹാദുരിതമാവുന്നു. ഈ പ്രതിഭാസം പ്രകൃതിദൃശ്യങ്ങൾക്ക് മാത്രമല്ല, മനുഷ്യജീവിത മുഹൂർത്തങ്ങളിലും പ്രസക്തമാണ്. അമ്മയുടെ മുലപ്പാലിന്റെ കരുത്തിലാണ് തന്റെ ജീവിതാരംഭമെന്ന് കവി ഓർമിക്കുന്നു. ഈ അകലക്കാഴ്ചയുടെ സൗന്ദര്യം അമ്മ കണക്കുപറയുന്ന നേരം ഇല്ലാതാവുന്നു.
മുലപ്പാലിന് കണക്കു പറഞ്ഞ അമ്മ മുലപ്പാൽ കൊടുത്ത അമ്മയെ റദ്ദുചെയ്യുന്ന സന്ദർഭത്തിൽ എല്ലാ വൈകാരികവിശുദ്ധികളും അസ്തമിക്കുകതന്നെയാണ്. ‘മറുപടി’ എന്ന കവിത നിറയെ ശബ്ദമില്ലായ്മയിലേക്ക് നയിക്കുന്ന രോഗാവസ്ഥ അനുഭവവേദ്യമാവുന്നുണ്ട്. മെലിഞ്ഞുണങ്ങിയമട്ടിലാവുന്നു ശബ്ദം. അതായത് അടിസ്ഥാന ഭാവം മൗനമായിത്തീരുന്നു. അതിനാലാണ് മൗനത്തെ തിരിച്ചുവിളിക്കുന്നതായി കവിയുടെ പ്രഖ്യാപനം വരുന്നത്. അനങ്ങിയത് ഉടനെ അടങ്ങുകയും ചെയ്യുന്നുണ്ടല്ലോ. ദണ്ണം പിടിക്കുക, മെലിഞ്ഞുണങ്ങുക, അടങ്ങുക തുടങ്ങിയ ക്രിയാപദങ്ങൾ ക്രിയാരാഹിത്യത്തെ ക്ഷണിച്ചിരുത്തുന്നു. സമൂഹത്തെ ചൂഴ്ന്നുനിൽക്കുന്ന പ്രതികരണമില്ലായ്മകളെ നിവർത്തിയിടുകയാണ് ഈ കവിത.
‘കാറ്റിൽ’ എന്ന കവിതയിൽ കാലവാതച്ചുഴിയിലേക്കുള്ള യാത്ര കഥപറച്ചിലിന്റെ രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. പല വിതാനങ്ങളിൽ വീശുന്ന കാറ്റിലാകെ തണുപ്പാണ്. ഇത് മരണംതന്നെയാവുന്നു. എന്നാൽ, ഒരു പ്രത്യേകതയുണ്ട്. ഇവിടെ മരണമടയുന്നവൻ ഉണർന്നിരിക്കുന്നവനാണ്. എല്ലാ ചരിത്രബന്ധങ്ങളും ചുഴിയിലേക്ക് നിപതിക്കുന്ന അവസ്ഥയിലാണ് ഇങ്ങനെ സംഭവിക്കുക. നിരന്തരം നിരർഥകമാവുന്ന ജീവനത്തിന്റെ ഗതിവിഗതികൾ ഈ കവിതക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു. തണുപ്പ് അഥവാ മരണം വീണ്ടും വീണ്ടും തുടരുകതന്നെയാണ്. മധ്യവയസ്സ് എത്തുമ്പോഴുണ്ടാവുന്ന ആശങ്കകളുടെ ജീവിതം പുറത്തേക്കിടുകയാണ് ‘മധ്യവയസ്സിൽ’ എന്ന കവിത.
ഒന്നോ രണ്ടോ വണ്ടികൾ മാത്രം വരുന്ന പുലർകാല ശാന്തത ഒഴിവാകുന്നു. നൂറോളം വിചാരവണ്ടികളുടെ ഇരമ്പം ഇപ്പോൾ കേൾക്കാം. പ്രാരബ്ധങ്ങളുടെ ഇരമ്പലാണത്. മധ്യവയസ്സിന്റെ വിചാരംകൊള്ളലിനെ ഓടുന്ന വണ്ടിയിൽ തളച്ചിട്ട ഭാവന കൗതുകകരംതന്നെയാണ്. കാൽപനികഭംഗിയുള്ള ഓർമയല്ല ‘പോയ കാലത്തെപ്പറ്റി’ എന്ന കവിതയിലേത്. നേരേ മറിച്ച് പോയിട്ടും പോവാത്ത കാലമാണ് രംഗം കീഴടക്കുന്നത്. ആ പോവാതെ നിൽക്കുന്നതിൽ തെറിയും നഖപ്പോറലും തൊഴിയുമെല്ലാമാണുള്ളത്. ഭൂതകാലപ്പെരുമകൾ നിറഞ്ഞുതൂവുന്ന മലയാളകാവ്യലോകത്ത് കഴിഞ്ഞ കാലത്തിന് തെറിയുടെ രൂപം സമ്മാനിക്കുന്ന രാസവിദ്യ സവിശേഷംതന്നെ.
കുട്ടിച്ചാത്തൻമാരെപ്പോലെ തോന്നിക്കുന്ന ഒരു കുട്ടിക്കൂട്ടം തെറികൾ എഴുതിവെക്കുകയും വരക്കുകയും ചെയ്യുന്ന കവിതയാണ് ‘തെറിക്കെട്ടിടത്തിൽ’ എന്നത്. രസികത്തമേറിയ നിർവഹണമായിരുന്നു അവരുടേത്. ഇണചേരുംപോലെ ചലിച്ചായിരുന്നു കുട്ടികളുടെ തെറിക്കെട്ടിടനിർമാണം. പൊതുബോധത്തിന് പുറത്തുനിർത്തിയതിനെ മുഖ്യപ്രമേയപരിധിയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. കുട്ടികൾ വരച്ച വരകളിലൂടെയും വർണങ്ങളിലൂടെയും രചിച്ച വാക്കുകളിലൂടെയും വല്ലാണ്ടൊരു തെറിച്ചുപോവൽ സംഭവിക്കുന്നുണ്ട്. സമൂഹം കൃത്യതയോടെ ഒരുക്കിവെച്ച മധ്യവർഗഭാഷയോടും സദാചാരനിയമാവലിയോടും ഈ കവിത പിണങ്ങിപ്പിരിയുകയാണ്. തെറിക്കെട്ടിടത്തിൽ കലയും ഭാവനാനിർഭരതയും സർവോപരി ചലനവും തുടിച്ചുനിൽക്കുന്നു. തെറി മായ്ച്ചാൽ എല്ലാം നിശ്ചലമാവുമെന്ന് കവിതയുടെ സധീരപ്രഖ്യാപനം. ഭാഷയടക്കമുള്ള അംഗീകൃതലോകങ്ങൾക്ക് അതിതീവ്ര പ്രഹരം.
ഏതു ശബ്ദത്തിനും അർഥമുണ്ടാവും. ചില ശബ്ദങ്ങൾ അർഥത്തിന്റെ എല്ലാ അതിർത്തികളേയും അതിലംഘിക്കും. ‘ഒരു കുറി’ എന്ന കവിതയിൽ ഉറങ്ങുന്ന കുഞ്ഞിന്റെ ശബ്ദത്തിൽ ഭാഷക്ക് കാണ്മാനേയാവാത്ത ഒരു പെരുക്കലുണ്ട്. അക്ഷരമോ വാക്കോ വാക്യമോ രംഗത്തെത്താത്ത ഒരു ആർജവമാണത്. എണ്ണം പറഞ്ഞൊരു സുതാര്യത. ഭാഷയുടെ തലപ്പൊക്കം ഉണ്ടെന്ന് തോന്നിക്കുന്നവർക്കുപോലും എത്താനാവാത്ത ഉറക്കമാണ് കുഞ്ഞിന്റേത്. ‘വായനക്കാരില്ലാത്തൊരു കവി കണ്ട സ്വപ്നം’ എന്ന കവിതയിൽ ഭാഷയിൽനിന്ന് അപ്രത്യക്ഷമായിപ്പോവുന്നവരെ കാണാം.
പക്ഷേ ഭാഷയിലൂടെ രൂപപ്പെടുന്ന ഭാവനാത്മക സന്ദർഭങ്ങളിൽനിന്നും അവർ പിരിഞ്ഞുപോകുന്നില്ലെന്ന വിചിത്രഭാവനയും ഈ കവിതയിലുണ്ട്. ഭാഷയുടെ പരിമിതലോകം വെടിയുമ്പോഴും കവിതക്കകത്തുനിന്ന് അവർ ജ്വലിക്കുന്നു. കവി കാണുന്ന സ്വപ്നാന്ത്യത്തിൽ കവിതയേയും കടന്ന് അവർ യാത്രയാവുന്നു. ഫലത്തിൽ വായിക്കാനാരും ഇല്ലാതാവുന്നു. ‘കൂടുതൽ ആനന്ദിച്ചേനേ’ എന്ന കവിത കാവ്യാസ്വാദനത്തെ പ്രമേയമാക്കുന്നു. എഴുത്തുകാരനെ അറിഞ്ഞാൽ എഴുത്തിനെ വേണ്ടത്ര മനസ്സിലാക്കാനാവില്ല എന്നത് ഒരു സൈദ്ധാന്തിക കാര്യമാണ്. എഴുത്തുകാരന്റെ മരണം എന്ന റൊളാങ് ബർത്തിന്റെ ഉൾക്കാഴ്ചയിലേക്കൊക്കെ അതു നീളും. എന്നാൽ, ഇവിടെ മറ്റൊരു മഹാപ്രശ്നം കടന്നുവരുന്നു.
എഴുതിയ വരികൾതന്നെ കവിയുടെ സാന്നിധ്യം ഇല്ലായിരുന്നെങ്കിലെന്ന് ആലോചിച്ചുപോവുകയാണ്. കവി സ്വകാര്യസ്വരങ്ങളെന്ന് ധരിച്ചുപോയവയെ കീറിമുറിച്ചുനീങ്ങുന്ന കവിതയുടെ സജീവതയിലും മൗലിക പ്രഖ്യാപനങ്ങളിലുമാണ് ഈ കവിതയുടെ ചിറകനക്കം. പി. രാമൻ എന്ന കവിയും കവിതകളും അനങ്ങുന്ന വഴികളിലെല്ലാം അനേകം സൂക്ഷ്മജീവിതഭാവങ്ങളുടെ കാന്തി കണ്ടെത്താവുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.