ആഫ്രിക്കൻ പ്രതിമ

‘‘സർ, ഈ പ്രതിമകൾ നിങ്ങളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതങ്ങൾ കൊണ്ടുവരും.’’ കടയുടമയായ ആഫ്രിക്കൻ ഗോത്രത്തലവൻ ത​ന്റെ പരന്ന തൊപ്പിയിലെ ബഹുവർണത്തൂവലുകളിലൊളിഞ്ഞു കളിക്കുന്ന കുഞ്ഞുകാറ്റിനെ അരുമയോടെ കൈവിരലുകൾകൊണ്ടൊതുക്കി രാം മോഹനോട് പറഞ്ഞു. ദുബായ് ഗ്ലോബൽ ഫെസ്റ്റിലെ ആഫ്രിക്കൻ പവിലിയനിലെ വലത്തുനിന്ന് നാലാമത്തെ കരകൗശല സ്റ്റാളിൽനിന്നുകൊണ്ട് രണ്ടു പ്രതിമകൾ തമ്മിലുള്ള നീളവ്യത്യാസം ത​ന്റെ നീണ്ട കൈവിരലുകൾകൊണ്ടളന്ന് ഉറപ്പാക്കുകയായിരുന്നു രാം മോഹൻ. ഉരുക്കി​ന്റെ ഉറപ്പുള്ള കടഞ്ഞെടുത്ത മര ഉരുപ്പടികളിൽനിന്ന് തത്സമയം ജീവനുണ്ടെന്നു തോന്നിക്കുന്ന മനോഹരങ്ങളായ പ്രതിമകൾ നിർമിക്കുന്ന ആഫ്രിക്കൻ...

‘‘സർ, ഈ പ്രതിമകൾ നിങ്ങളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതങ്ങൾ കൊണ്ടുവരും.’’

കടയുടമയായ ആഫ്രിക്കൻ ഗോത്രത്തലവൻ ത​ന്റെ പരന്ന തൊപ്പിയിലെ ബഹുവർണത്തൂവലുകളിലൊളിഞ്ഞു കളിക്കുന്ന കുഞ്ഞുകാറ്റിനെ അരുമയോടെ കൈവിരലുകൾകൊണ്ടൊതുക്കി രാം മോഹനോട് പറഞ്ഞു.

ദുബായ് ഗ്ലോബൽ ഫെസ്റ്റിലെ ആഫ്രിക്കൻ പവിലിയനിലെ വലത്തുനിന്ന് നാലാമത്തെ കരകൗശല സ്റ്റാളിൽനിന്നുകൊണ്ട് രണ്ടു പ്രതിമകൾ തമ്മിലുള്ള നീളവ്യത്യാസം ത​ന്റെ നീണ്ട കൈവിരലുകൾകൊണ്ടളന്ന് ഉറപ്പാക്കുകയായിരുന്നു രാം മോഹൻ. ഉരുക്കി​ന്റെ ഉറപ്പുള്ള കടഞ്ഞെടുത്ത മര ഉരുപ്പടികളിൽനിന്ന് തത്സമയം ജീവനുണ്ടെന്നു തോന്നിക്കുന്ന മനോഹരങ്ങളായ പ്രതിമകൾ നിർമിക്കുന്ന ആഫ്രിക്കൻ ഗോത്രവർഗ സ്റ്റാളായിരുന്നു അത്.

ഒരാൺ പ്രതിമ... ഒരു പെൺപ്രതിമ...

രണ്ടും മെലിഞ്ഞു നീണ്ടത്...

രാം മോഹൻ രണ്ടു പ്രതിമയും ചേർത്തു​െവച്ച് ഒരിക്കൽകൂടി അവ തമ്മിലുള്ള ചേർച്ചയുടെ താരതമ്യ പഠനം നടത്തി. കരിവീട്ടിനിറത്തിൽ തിളങ്ങുന്ന ആൺപ്രതിമയേക്കാൾ രണ്ടിഞ്ച് നീളം കുറഞ്ഞ പെൺപ്രതിമയുടെ നീണ്ടു മെലിഞ്ഞ ഉടലിലൂടെ അറിയാതെ രാം മോഹൻ ത​ന്റെ വിരലുകളോടിച്ചുപോയി.

അതിന് ജീവനുണ്ടെന്നു തോന്നി.

‘‘സർ, ഈ പ്രതിമകൾ അത് കൈവശം​വെക്കുന്നയാളി​ന്റെ ആത്മവിശ്വാസം വർധിപ്പിക്കും.’’

രാം മോഹ​ന്റെ പ്രവൃത്തി ശ്രദ്ധിച്ച ഗോത്രവർഗ തലവൻ ചെറുചിരിയോടെ ഒളികണ്ണിട്ടുകൊണ്ട് ഒരിക്കൽകൂടി പറഞ്ഞു. ത​ന്റെ ബാലിശമായ പ്രവൃത്തി അയാൾ ശ്രദ്ധിച്ചതോർത്ത് രാം മോഹൻ ലജ്ജിതനായി.

ഡൽഹിയിലെത്തുമ്പോൾ ജെന്നിഫറിനെ കാണാൻ ജെ.എൻ.യു കാമ്പസിലേക്കു പോകാമെന്നും രാത്രി മൂടൽമഞ്ഞിന്റെ തണുപ്പിലും അവ്യക്തതയിലും കാൻഡിൽ ഡിന്നറി​ന്റെ മുന്നിലിരിക്കുമ്പോൾ ആഫ്രിക്കൻ പ്രതിമകൾ നൽകി നാടകീയമായി അവളെ അമ്പരപ്പിക്കാമെന്നും രാം മോഹൻ കരുതി.

ആ രണ്ട് ആഫ്രിക്കൻ പ്രതിമകൾ മനോഹരമായി പൊതിഞ്ഞുവെക്കാൻ കടയുടമയോട് പറഞ്ഞിട്ട് രാം മോഹൻ ഡേവിഡിനെ തിരഞ്ഞു.

പ്രധാന കവാടത്തിനരികെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ആഫ്രിക്കൻ ആദിവാസി ഗോത്രത്തിൽപെട്ട രണ്ടു നർത്തകർ പേരറിയാത്ത ഏതോ വാദ്യോപകരണങ്ങൾ കൈയിലേന്തി ദ്രുതഗതിയിൽ ചുവടുകൾ ​െവച്ചുകൊണ്ടിരുന്നത് അത്ഭുതത്തോടെ നോക്കിനിൽക്കുകയായിരുന്നു ഡേവിഡ്. അവരുടെ ചുവടുവെപ്പിൽ തെളിഞ്ഞുവരുന്ന ഗോത്രസംസ്കാരത്തി​ന്റെ തെറിച്ചുതുള്ളുന്ന ഉടൽവേഗതയുടെ ദ്രുതതാളം ഡേവിഡിനെ വിസ്മയിപ്പിച്ചു.

ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിൽ ​െവച്ച് രാം മോഹ​ന്റെ സൗഹൃദത്തിലേക്ക് കടന്നുവന്നവരായിരുന്നു ഡേവിഡ് വില്യം ജോർജും മിലാനോവും.

ഇംഗ്ലണ്ടുകാരനായ ഡേവിഡ് ആർക്കിയോളജിസ്റ്റായിരുന്നു. രാഷ്ട്രീയ കവിയും.

ഇറ്റലിയിൽനിന്നുള്ള സിനിമാ നിരൂപകയായിരുന്നു മിലാനോ.

കഴിഞ്ഞ ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിലെ Meet the Author സെക്ഷനിൽ യുദ്ധങ്ങളെക്കുറിച്ചും അധിനിവേശങ്ങളെക്കുറിച്ചും, കുടിയേറ്റങ്ങളെക്കുറിച്ചുമുള്ള ഡേവിഡി​ന്റെ കവിതകൾ വലിയതോതിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് രാജഭരണത്തെക്കുറിച്ചും അറ്റുപോകാത്ത കൊളോണിയൽ സംസ്കാരത്തെക്കുറിച്ചും വിമർശനാത്മകമായി ഡേവിഡ് കവിതകളിലൂടെ കാണികളോട് വിനിമയംചെയ്തു. പുരാതന സ്മാരകങ്ങളിലെയും ശവകുടീരങ്ങൾക്കുള്ളിലെയും തണുത്തുറഞ്ഞു മറഞ്ഞിരിക്കുന്ന വിസ്മൃതചരിത്രത്തെ ഉദ്ഖനനംചെയ്ത് പുറത്തെടുക്കാൻ ത​ന്റെ സംവാദങ്ങളെ ഉപാധിയാക്കുന്നത് അയാൾ പതിവാക്കിയിരുന്നു.

ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റ് അവസാനിച്ചപ്പോൾ ഡേവിഡിനും മിലാനോക്കും ഒപ്പം ഇറ്റലി, ഫ്രാൻസ്, ലണ്ടൻ എന്നിവിടങ്ങളിൽ ഏതാനും ദിവസങ്ങൾ ചെലവഴിച്ചതിനുശേഷം ലണ്ടനിൽനിന്ന് ദുബൈ വഴി ഡൽഹിയിലേക്കും അവിടെനിന്ന് നാട്ടിലേക്കും എന്ന രീതിയിലായിരുന്നു രാം മോഹ​ന്റെ യാത്രാ ഷെഡ്യൂൾ പ്ലാൻ ചെയ്തിരുന്നത്.

എന്നാൽ, തൈബർ നദിയുടെ തീരത്ത് പുരാതന റോം നഗരം രാം മോഹ​ന്റെ കുറെയേറെ ദിവസങ്ങൾ അപഹരിച്ചു. നദീതീരത്തു​െവച്ച് മിലാനോവിനോട് വിടപറയുമ്പോൾ രംഗം അതിവൈകാരികമാവാതിരിക്കാൻ രാം മോഹൻ പരമാവധി ശ്രമിച്ചു.

ഡേവിഡി​ന്റെ നാടായ ലണ്ടനിലെത്തി കുറച്ചു ദിവസം അവിടെ ചുറ്റിക്കറങ്ങി തിരിച്ചുവരുമ്പോൾ ഒരിക്കൽകൂടി ആഗ്ര സന്ദർശിക്കണമെന്നു പറഞ്ഞ് ഡേവിഡ്

വീണ്ടും രാം മോഹ​ന്റെ ഒപ്പം കൂടി.

ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023 ഒരു പ്രത്യേക വികാരമായി നിറഞ്ഞ് ഡേവിഡിനെയും രാം മോഹനെയും മിലാനോവിനെയും പരസ്പരം കൊളുത്തിട്ടിരുന്നു. എഴുത്തുകാരിയും ഫെസ്റ്റിവൽ ഡയറക്ടർമാരിലൊരാളുമായ നമിതാഖോഹലെയുടെ ഉദ്ഘാടന പ്രഭാഷണം പങ്കെടുക്കുന്നവരിൽ വരും ദിവസങ്ങളിൽ നിറയാൻ പോകുന്ന ആന്തരിക ഊർജത്തി​ന്റെ വിസ്മയിപ്പിക്കുന്ന അളവിനെക്കുറിച്ചുള്ള ശുഭസൂചനകൾ നൽകി.

2020ൽ കേരളത്തിലെ പൈതൃക നഗരത്തിലെ കടൽത്തീരത്തു ​െവച്ചു നടന്ന സാഹിത്യോത്സവത്തിൽ രാം മോഹൻ നമിതാ ഖോഹലെയുടെ Meet the Author സെഷനിൽ പങ്കെടുക്കുകയും കുമയൂൺ മലനിരകളുടെ പശ്ചാത്തലത്തിൽ അവർ എഴുതിയ ‘Things to Leave behind’ എന്ന ചരിത്ര നോവലി​ന്റെ മികവുറ്റ സംവാദത്തിൽ പങ്കാളിയാവുകയുംചെയ്തിരുന്നു.

പിങ്ക് സിറ്റിയിൽ നിറങ്ങളുടെ ഉത്സവമായിട്ടായിരുന്നു ഇത്തവണത്തെ ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റ്. ആഘോഷങ്ങളിൽ നിറങ്ങളുടെ അപാര സാധ്യത രാം മോഹനെ എന്നും വിസ്മയിപ്പിച്ചിരുന്നു.

‘‘ചുവപ്പ്, ഓറഞ്ച്, മഞ്ഞ, വാടാർമല്ലി, മജന്ത, റോസ്... അമ്മാ, പച്ചയും കൂടി വേണ്ടേ ഇതു ഭംഗിയാവാൻ...’’

ഓർമയിൽ അപൂർണ പൂക്കളത്തിലേക്കു നോക്കി രാം മോഹൻ അമ്മയോട് ചോദിച്ചു. അമ്മ പൂക്കളത്തിനരികിലിരുന്ന് പച്ചിലകളരിഞ്ഞുകൂട്ടി അത് പൂരിപ്പിച്ചുകൊണ്ടിരുന്നു.

ഗുൽസാറി​ന്റെ പ്രഭാഷണത്തിനുശേഷം ഡെലിഗേറ്റ്സ് ഭക്ഷണം കഴിക്കുകയായിരുന്നു. തൊട്ടടുത്തുള്ള സ്റ്റേജിൽ കൈലാഷ് ഖേർ പാടുന്നുണ്ടായിരുന്നു. നാടോടി സംഗീതവും സൂഫി സംഗീതവും കൂടി ചേർന്ന അപൂർവ സംഗീതത്തിൽ ലയിച്ച് രാം മോഹൻ കണ്ണടച്ചിരുന്നു. കൺമുന്നിലൂടെ അമ്മയുടെ സാരിയിലെ വിവിധ നിറങ്ങളിലുള്ള പൂക്കൾ കൊഴിഞ്ഞുവീണു കൊണ്ടിരുന്നു. അമ്മ സ്വയം പെയിന്റ് ചെയ്തത്. രാം മോഹൻ അത് പെറുക്കിയെടുക്കാൻ നോക്കി. അവയെല്ലാം അടർന്നു പറന്നുപോയി.

ഡേവിഡും മിലാനോയും അവിടേക്കു കടന്നുവന്നതറിഞ്ഞില്ല. അവർ രാം മോഹനെ ശല്യപ്പെടുത്താതെ സംഗീതം അവസാനിക്കുന്നതുവരെ കാത്തിരുന്നു.

‘‘എന്നെ വിളിക്കാമായിരുന്നില്ലേ...’’

രാം മോഹൻ ക്ഷമാപണം നടത്തി.

ഭക്ഷണത്തിനുശേഷം വീഞ്ഞു നുകർന്നുകൊണ്ട് അവർ സാഹിത്യത്തെക്കുറിച്ചും മനുഷ്യബന്ധങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും സംസാരിച്ചു. ലിറ്ററേച്ചർ ഫെസ്റ്റ് സംസാരത്തിന്റെ ഉത്സവംകൂടിയായിരുന്നു. വേദിയിലും സദസ്സിലും വാക്കുകളുടെ മഹാസമുദ്രങ്ങൾ. അതിൽ നീന്തി നീന്തി കുഴയുമ്പോൾ സൂഫിസംഗീതത്തി​ന്റെ തലോടൽ.

മനുഷ്യമനസ്സി​ന്റെ അടിത്തട്ടിൽ ജീർണിക്കാതെ കിടക്കുന്നത് ലിറ്ററേച്ചർ ഫെസ്റ്റി​ന്റെ ലഹരി അവർപോലുമറിയാതെ പുറത്തെടുക്കുന്നു.

ഉറക്കത്തിലേക്ക് പോവുന്നതിനുമുമ്പ് രാം മോഹൻ റൂഹാനി സഹോദരിമാരുടെ ഖവ്വാലിയിൽ ലയിക്കുമ്പോൾ ഡേവിഡും മിലാനോയും ചരിത്രത്തി​ന്റെ സെഷനിലായിരുന്നു. ജെന്നിഫറി​ന്റെ പരുക്കൻ കോട്ടൺ സാരിയും മെലിഞ്ഞ ഉടലും പറന്ന മുടിയും ഖവ്വാലി വിശുദ്ധ സംഗീതത്തിനൊപ്പം കൂട്ടി കെട്ടാൻ രാം മോഹൻ പാടുപെടുമ്പോൾ അവളുടെ സാരിയിൽ നിറയെ നിറങ്ങളുണ്ടായിരുന്നെങ്കിൽ അത് കുറച്ചുകൂടി എളുപ്പമായേനെ എന്ന് രാം മോഹൻ ചിന്തിച്ചു.

ഖവ്വാലിയും ഭജനും സുഫിയാന കലാം –സൂഫി സംഗീതവും നിറഞ്ഞൊഴുകിയ ആ രാവി​ന്റെ അവസാനം ഇന്ത്യൻ ഓഷ്യൻ എന്ന നാടോടി ബാൻഡിന്റെ അകമ്പടിയോടെ അനേകം സംഗീതജ്ഞരുടെ താളത്തിനൊപ്പം കൂട്ടത്തോടെ നൃത്തംചെയ്ത് ഭാരമൊഴിയുമ്പോൾ കലർപ്പില്ലാത്ത നവീകരിക്കപ്പെട്ട ഒരുകൂട്ടം ഉണ്ടാവുകയായിരുന്നു. തിരികെ റൂമിലെത്തി കണ്ണുകളടഞ്ഞു പോകുമ്പോൾ രാം മോഹന് സുഗന്ധദ്രവ്യങ്ങൾ പുരളാത്ത ജെന്നിഫറി​ന്റെ കോട്ടൺ സാരിയുടെ ഗന്ധമനുഭവപ്പെട്ടു. അതിവേഗം ചാടിയെഴുന്നേറ്റ് ലാപ്ടോപ്പെടുത്ത് അടുത്തയാഴ്ച നിന്നെ കാണാൻ ജെ.എൻ.യുവിലേക്ക് വരുന്നുണ്ടെന്ന് ജെന്നിഫറിന് അവ്യക്തമായ ഇ-മെയിൽ സന്ദേശം അയച്ചു.

അടുത്ത നിമിഷം താൻ എന്തുകൊണ്ട് അവൾക്ക് വാട്സ്ആപ് സന്ദേശം അയച്ചില്ല എന്ന് രാം മോഹൻ അത്ഭുതപ്പെട്ടു.

ഇ-മെയിലി​ന്റെ ചാരുതയും രഹസ്യാത്മകതയും ആകാംക്ഷകൾ നിറഞ്ഞ വാട്സ്ആപ് സന്ദേശത്തിന് ഇല്ലെന്ന് സ്വയം ഉത്തരം കണ്ടെത്തുകയുംചെയ്തു.

പിറ്റേന്ന് ‘‘ഞാൻ പുസ്തകത്തിൽ വിശ്വസിക്കുന്നു’’ എന്ന ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരുടെ ടേബിൾ ടോക്കിനുശേഷം അവർ നഗരം കാണാനിറങ്ങി.

‘‘രാം, ഞങ്ങളുടെ നാട്ടിലേക്കു വരുന്നോ?’’

ഡേവിഡും മിലാനോവും രാം മോഹനോടതു ചോദിക്കുമ്പോൾ ഹവാമഹലിലെ അനേകം ചെറു ജാലകങ്ങളിലൂടെ വരണ്ട കാറ്റ് മഹലി​ന്റെ അകത്തളങ്ങളിലെ മുക്കിലും മൂലയിലും കയറിയിറങ്ങി കെട്ടടങ്ങി ഉൾപുരകളെ തണുപ്പിച്ചു.

കഴിഞ്ഞതവണ ​െജന്നിഫറിനെ കണ്ടപ്പോൾ അവളുടെ പിന്നിൽനിന്ന് അവളറിയാതെ അവൾ തലയിൽ തേച്ചിരുന്ന വിലകൂടിയ പ്രത്യേകതരം ഹെന്നയുടെ ഗന്ധം താൻ ഉള്ളിലേക്ക് ആഞ്ഞുവലിച്ചത് രാം മോഹന് ഓർമവന്നു.

 

എന്തോ സംശയം തോന്നി

‘‘ഹേയ്, നിങ്ങൾ എന്താണു ചെയ്യുന്നത് റാം’’

എന്ന് ​െജന്നിഫർ ചോദിച്ചപ്പോൾ അരികെയുള്ള പൂക്കളുടെ സുഗന്ധം ആസ്വദിക്കുന്നതായി ഭാവിച്ചു. അന്ന് ഇന്ത്യാ ഗേറ്റിനടുത്തുനിന്ന് മുഗൾ രാജകുമാരികളെക്കുറിച്ച് തർക്കിക്കുകയായിരുന്നു അവർ. ജെ.എൻ.യുവിലെ വിദ്യാർഥി സമരത്തിനിടെയുള്ള സംഘർഷത്തിൽ തലക്ക് പരിക്കേറ്റ് ​െജന്നിഫർ വിശ്രമിക്കുന്നു എന്നറിഞ്ഞാണ് രാംമോഹൻ ഡൽഹിയിലേക്ക് വന്നത്. സുഖലോലുപരായ മുഗൾ രാജകുമാരിമാരെ ജെന്നിഫർ ഇഷ്ടപ്പെട്ടിരുന്നില്ല. ആധുനിക ഇന്ത്യയുടെ രാജകുമാരി പോലെ തലയിലേറ്റ മുറിവോടുകൂടി ഇന്ത്യാ ഗേറ്റിലെ കൊടുംചൂടിൽ ജെന്നിഫർ ബെർഗണ്ടി നിറത്തിലുള്ള പാതി ചെമ്പിച്ച തലമുടിയുമായ് നിന്നു ജ്വലിക്കുന്നത് രാം മോഹൻ കൗതുകത്തോടെ നോക്കിനിന്നു.

ഏറെനേരം കഴിഞ്ഞാണ് ഹവാമഹലിൽനിന്ന് പുറത്തിറങ്ങിയത്. ഗേറ്റു കടക്കും മുമ്പ് രാം മോഹൻ ഒരിക്കൽകൂടി മഹലിലെ ചെറിയ ജനൽ കൂടുകളിലേക്കു നോക്കി. നൂറ്റാണ്ടുകൾക്ക് മുമ്പ്‌ രജപുത്ര സ്ത്രീകൾ സ്വയംദൃശ്യരാകാതെ ഒളിഞ്ഞിരുന്ന് ചെറു ജാലകങ്ങളിലൂടെ ലോകത്തെ നോക്കി, അവരുടെ അദൃശ്യ ചങ്ങലക്കണ്ണികൾ മറന്നുനിൽക്കുന്നത് ഭാവനയിലല്ലെന്ന് തോന്നി.

ഡേവിഡ് ത​ന്റെ പൈതൃകത്തി​ന്റെയും സ്ഥാവരജംഗമ വസ്തുക്കളുടെയും പഴമ അതേപടി പൊടിതട്ടിക്കളഞ്ഞ് മിനുക്കി കാലങ്ങളോളം നിലനിർത്താൻ ആഗ്രഹിച്ചു.

പുതിയ വസ്തുക്കളുടെ മേൽ ബോധപൂർവം പഴമയുടെ അടയാളങ്ങൾ തുന്നിച്ചേർക്കുന്ന കൃത്രിമമായ ആന്റിക് കപടരീതി ഡേവിഡിന് ഇഷ്ടമായിരുന്നില്ല. ഭൂതകാലത്തിലേക്ക് നിരന്തരം യാത്രചെയ്ത് മറഞ്ഞിരിക്കുന്ന ചരിത്രത്തെ ഉദ്ഖനനംചെയ്ത് പുറത്തുകൊണ്ടുവരാൻ അയാൾ ഗൂഢമായി ആഗ്രഹിച്ചു. ജീർണിച്ച ശവകുടീരങ്ങളെയും സംരക്ഷിക്കപ്പെടുന്ന സ്മാരകങ്ങളെയും ഒരേപോലെ ഇഷ്ടപ്പെട്ടു. പാട്ടിനൊപ്പം പ്രാകൃതനൃത്തംചെയ്ത് വിസ്മൃതമാക്കപ്പെടുന്ന ഏകാന്ത മൃതഭൂമികകളിൽ പൈതൃകത്തെ കുഴിച്ചു കുഴിച്ചു അയാൾ ആഴങ്ങളിലേക്കു പോയി. ദീർഘമായ ചരിത്രവായനകളിൽ സ്വയം ഇല്ലാതായി മറഞ്ഞിരുന്നു കിട്ടുന്ന അനുഭൂതി വേണ്ടുവോളം ആസ്വദിച്ചു...

ജീവിതത്തി​ന്റെ അറ്റം മുട്ടിക്കാനായി ഓരോ മനുഷ്യനും എന്തെല്ലാം വിചിത്രമായ കളികളിലാണ് ഏർപ്പെടുന്നതെന്ന് എപ്പോഴും അമ്പരന്നു...

ലണ്ടനിൽനിന്ന് ഒരിക്കൽകൂടി രാംമോഹനൊപ്പം ഇന്ത്യയിലേക്ക് വന്ന് സ്മാരകങ്ങളുടെയും ശവകുടീരങ്ങളുടെയും നാടായ ആഗ്രയിലെത്താൻ അയാൾ അക്ഷമയോടെ വെമ്പൽകൊണ്ടു. അടക്കംചെയ്യപ്പെട്ട ഓർമതേടലുകളുടെ കുറ്റബോധം ചുവക്കുന്ന സന്ധ്യാനേരത്ത് ആഗ്രയിലെ പുരാതനാവശിഷ്ടങ്ങൾക്കിടയിലൂടെ മൂടൽമഞ്ഞിൽ കാഴ്ച നഷ്ടപ്പെട്ട് ഏകനായി ദീർഘദൂരം നടക്കാൻ ഡേവിഡ് ആഗ്രഹിച്ചു.

ന്യൂഡൽഹിയിൽ വിമാനമിറങ്ങിയപ്പോൾ ഉച്ചകഴിഞ്ഞിരുന്നു. ഡൽഹി നിറയെ മൂടൽമഞ്ഞും പൊടിയുമാണെന്ന് അറിയിപ്പു വന്നു. റൂമിലെത്തി ഫ്രെഷ് ആയി ജെന്നിഫറിന് ഫോൺ ചെയ്യാതെ രാം മോഹൻ നേരിട്ട് ജെ.എൻ.യു കാമ്പസിലേക്കു പോയി. ഡേവിഡ് ഉറക്കമായിരുന്നു.

കാമ്പസിലെ ഹോസ്റ്റലിൽ ​െജന്നിഫറില്ലായിരുന്നു. അടിയന്തരമായി വന്നുചേർന്ന വിദ്യാർഥി സംഘടനാപ്രവർത്തനത്തി​ന്റെ ഭാഗമായി കാശ്മീരിലേക്ക് പോയിരുന്നു. ഗേറ്റിനരികെ ​െവച്ച് റൂംമേറ്റ് അക്ഷത രാം മോഹ​ന്റെ കൈയിൽ ഒരു കത്ത് നൽകി.

‘‘രാം വരികയാണെങ്കിൽ നൽകാനായി ജെന്നിഫർ ഏൽപിച്ചതാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കാമ്പസിൽ സംഘർഷമായിരുന്നു. ജെന്നിഫർ വല്ലാതെ അസ്വസ്ഥയാകുന്നുണ്ടായിരുന്നു.’’

രാം മോഹൻ കത്ത് വാങ്ങി തിരിഞ്ഞു നടന്നു.

‘‘രാം താങ്കൾക്കറിയാമോ ജെന്നിഫർ എന്ന് തിരിച്ചുവരുമെന്ന്...’’

അക്ഷത രാം മോഹനോട് ആകാംക്ഷയോടെ ചോദിച്ചു.

അതിനു മറുപടി പറയാതെ രാം മോഹൻ നടന്നുകൊണ്ടുതന്നെ കത്തു തുറന്നു.

രാം,

എ​ന്റെ ഫോൺ കേടായിരുന്നു. ഞാൻ അത് ശരിയാക്കാൻ ശ്രമിച്ചില്ല. ലാപ്ടോപ് എടുക്കുന്നില്ല. അതിനാൽ പേനയെടുത്ത് പെട്ടെന്ന് കുത്തിക്കുറിക്കുന്നതാണിത്...

ആരോടും ആശയവിനിമയമില്ലാതെ കുറച്ചുദിവസങ്ങൾ തള്ളിനീക്കുന്നത് എളുപ്പമായിരിക്കില്ലെന്നറിയാം.

‘‘രാമിനീ കത്ത് കിട്ടുമോ എന്നും എനിക്ക് ഉറപ്പില്ല.

ഞാൻ ജെ.എൻ.യുവിൽ പഠിക്കാനായി ഡൽഹിയിലേക്ക് വണ്ടി കയറുമ്പോൾ ഉമ്മുവിന് ഭയമായിരുന്നു. എ​ന്റെ പേര്, ആശയങ്ങൾ, പ്രസ്ഥാനം എല്ലാം എന്നെ കുഴപ്പത്തിൽ കൊണ്ടുചാടിക്കുമെന്ന് അവർ ഭയന്നു. എന്ത് മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു. പേരുകൾ ഞങ്ങളെ കുഴപ്പത്തിൽ കൊണ്ടു ചാടിക്കുമെന്ന് ഉമ്മു ഭയക്കുന്നു.

അവരുടെയൊക്കെ ഭയം ഇല്ലാതാക്കാനുള്ള ഒരു തുഴച്ചിലാണ് ഞാൻ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന കാര്യം ഉമ്മുവിന് അറിയുമോ എന്തോ...

പക്ഷേ, കലുഷിതവും സത്യസന്ധവുമായ ഈ ജീവിതത്തെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. നമ്മുടെ പ്രവൃത്തി ഒരു കൂട്ടത്തിനു നൽകുന്ന പുഞ്ചിരിയോളം വലുതല്ല ഒന്നും. നാമെല്ലാം വെറുതെ ഇരുട്ടിൽ തപ്പുകയായിരുന്നു. ഭൂതകാലത്തെ കുഴിച്ച് കുഴിച്ച് ആഴങ്ങളിലേക്കുള്ള യാത്രയിൽ തനതായ അവശേഷിപ്പുകൾ കാണുമ്പോഴെങ്കിലും തിരുത്തിയെഴുതപ്പെട്ട ചരിത്രത്തെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതില്ലേ?

ബോധപൂർവം വെട്ടിമാറ്റപ്പെടുന്ന യഥാർഥ ചരിത്രത്തെക്കുറിച്ച് നമുക്കെന്താണ് പറയുവാനുള്ളത്. ദീർഘദൂരം അതിനുവേണ്ടി മുന്നോട്ടുതന്നെ പോവേണ്ടതുണ്ട്.

വഴിയുടെ അങ്ങേയറ്റത്ത് അപ്പോഴും അണയാതെ മുനിഞ്ഞു കത്തുന്ന വെട്ടത്തിനപ്പുറം ആരെങ്കിലും അവശേഷിക്കുന്നുണ്ടാകുമോ?

വ്യക്തികളിൽ ആനന്ദം കണ്ടെത്തുന്ന ഭ്രാന്തൻ കൽപനയോളം മറ്റെന്തുണ്ട് ഈ ലോകത്ത് നിരർഥകമായി...

താൽക്കാലികമായ നവീകരിക്കപ്പെടലിനപ്പുറം ധാരാളം ചെയ്യാനുണ്ട് നമുക്ക് രണ്ടുപേർക്കും.

നിങ്ങൾ പുസ്തകത്തിൽ വിശ്വസിക്കുന്നു.

ഞാൻ യഥാർഥ ചരിത്രത്തിലും.

അത് തിരുത്തിയെഴുതപ്പെടുന്നത് വെറുതെ നോക്കിനിൽക്കാൻ വയ്യ രാം...

െജന്നിഫർ ഹുസൈൻ തിരിച്ചു ഹോട്ടലിലെത്തിയപ്പോൾ ഡേവിഡ് കുളിച്ചു ഡ്രസ്സു മാറി നിൽക്കുന്നുണ്ടായിരുന്നു.

‘‘രാം ആഗ്രയിലേക്ക് നമുക്ക് നാളെ പോകാം. ഇന്ന് ഡൽഹിയിൽതന്നെ തിരക്കു കുറഞ്ഞ എവിടെയെങ്കിലും കറങ്ങാം.’’

രാം മോഹനത് നല്ല നിർദേശമായി തോന്നി. അന്ന് ദീർഘദൂരം യാത്ര ചെയ്യാനും കാഴ്ചകൾ ആസ്വദിക്കാനും രാം മോഹൻ ആഗ്രഹിച്ചിരുന്നില്ല. പെട്ടെന്ന് ലോധീ ഗാർഡനെക്കുറിച്ചോർത്തു. ജെന്നിഫറിനൊപ്പം ഒന്നുരണ്ടു തവണ അവിടെ പോയിരുന്നു. അന്ന് മൂടൽമഞ്ഞിറങ്ങിയ സന്ധ്യയിലെ മങ്ങിയ വെട്ടത്തിൽ അവിടെ നിറഞ്ഞിരുന്ന പ്രണയികളുടെ ലോലഹൃദയങ്ങൾ നാലു കോണിലെയും സ്മാരകങ്ങളിൽ കയറിയിറങ്ങിവരുന്ന തണുത്ത കാറ്റിനൊപ്പം പ്രണയത്താൽ ആടിയുലയുന്നത് കണ്ടു.

നഗരമധ്യത്തിൽ നഗരത്തിന്റേതായ വിദൂര ലക്ഷണങ്ങൾ പോലുമില്ലാത്ത ആ ശാന്തമായ ഉദ്യാനത്തെ ജെന്നിഫർ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ സ്മാരകങ്ങളും ശവകുടീരങ്ങളുമുള്ള ആ ഉദ്യാനത്തിൽ സായാഹ്നങ്ങളിൽ കൂട്ടത്തോടെ പ്രണയികൾ ഒഴുകിയെത്തുന്ന വിചിത്ര യുക്തി രാം മോഹന് മനസ്സിലാക്കാനായില്ല... അവിടെ മരണത്തി​ന്റെ പുരാതന ഗന്ധമൊഴുകുന്നുണ്ടായിരുന്നു. ഒരേസമയം ധ്യാനിക്കാനും പ്രണയിക്കാനും പാകത്തിൽ പരുവപ്പെട്ടു 90 ഏക്കറിൽ പരന്നുകിടന്ന ലോധീ ഗാർഡൻ നഗരമധ്യത്തിൽ അപരിചിതരെ കബളിപ്പിച്ചുകൊണ്ട് ഒളിച്ചിരുന്നു.

ഗാർഡനിലെ ജലാശയത്തി​ന്റെ വാട്ടർഫൗണ്ടനരികെ നിന്ന്‌ ഡേവിഡ് അരയന്നങ്ങളുടെ ഫോട്ടോസ് എടുത്തു.

‘‘ജലാശയം, ഉദ്യാനം, സ്മാരകങ്ങൾ, ശവകുടീരം, ചുവന്ന സന്ധ്യ, തണുത്ത കാറ്റ്, ഇവിടെ പ്രണയജോടികളെ കൊണ്ട് നിറയുന്നതിൽ അത്ഭുതമില്ല രാം...’’

നിറഞ്ഞിരിക്കുന്ന പ്രണയികളെ നോക്കി ഡേവിഡ് പറഞ്ഞു. ചിലർ പരിസരം മറന്ന് ദീർഘ ചുംബനത്തിലേർപ്പെട്ടു. രാം ആ സമയം ജെന്നിഫറിനെ ഓർത്തുകൊണ്ടിരുന്നു. കഴിഞ്ഞ കാലയളവിൽ താൻ അവളോട് കാണിച്ചുകൊണ്ടിരുന്ന വില കുറഞ്ഞ കാപട്യത്തെക്കുറിച്ചോർത്ത് ലജ്ജിച്ചു. അവളെ കണ്ടുമുട്ടുമ്പോഴെല്ലാം താൻ അവളെ കേട്ടിരുന്നില്ല. കാണുകയായിരുന്നു. അപ്പോഴെല്ലാം അവളുടെ ശരീരവടിവുകളിലൂടെ വിരലോടിക്കാൻ ഗൂഢമായി ആഗ്രഹിച്ചു.

ചിലപ്പോഴെങ്കിലും ഭോഗിക്കാനും...

ഇപ്പോൾ ആദ്യമായി അവളുടെ കത്തിലൂടെ പൂർണമായും അവളെ കേൾക്കുന്നു. മുമ്പ് ഇതെല്ലാം ​െജന്നിഫർ തന്നോട് പറഞ്ഞിരുന്നോ എന്ന് രാം വിസ്മയിച്ചു.

ഡേവിഡ് ഫോട്ടോയെടുത്തുകൊണ്ട് ദൂരേക്ക് പോയിരുന്നു. മൈതാനത്തി​ന്റെ മധ്യത്തിലായി ഏതാനും പേർ മെഡിറ്റേഷനിൽ മുഴുകുന്നുണ്ടായിരുന്നു. രാം മോഹൻ ത​ന്റെ തോൾബാഗ് നിലത്തു​െവച്ച് അതിൽ തല ചായ്ച്ചിരുന്നു. ദുബായ് ഫെസ്റ്റിൽനിന്നു വാങ്ങിയ ആഫ്രിക്കൻ പ്രതിമകൾ അതിൽ മുഴച്ചുനിന്നു.

‘‘രാം, പ്രണയികളെ കൂട്ടത്തോടെ ആകർഷിക്കുന്ന വിചിത്രഗന്ധമുള്ള കാറ്റ് ഇവിടെ മുഴുവൻ നിറഞ്ഞിരിക്കുന്നു.’’

ഡേവിഡ് ഫോട്ടോയെടുക്കൽ മതിയാക്കി രാം മോഹനരികിൽ ഇരുന്നുകൊണ്ട് തമാശ പറഞ്ഞു. സന്ധ്യയായിത്തുടങ്ങിയിരുന്നു.

സിക്കന്ദർ ലോധീ സ്മാരകത്തി​ന്റെ കവാടത്തിനരികിലുള്ള പുൽത്തകിടിയിൽ രാം മോഹനും ഡേവിഡും നീണ്ടുനിവർന്നു കിടന്നു.

അപ്പോൾ മിനാരത്തിന്റെ അങ്ങേ കോണിലായി ഒരു ജോടി പ്രണയിതാക്കൾ വരിഞ്ഞുമുറുക്കി അതിഗാഢമായ ആലിംഗനത്തിലേർപ്പെട്ടു. അവർ പരിസരം മറന്ന് ഭോഗിച്ചേക്കുമോ എന്ന് രാം മോഹൻ ഭയപ്പെട്ടു...

കണ്ണു തുറന്നപ്പോൾ വിളക്കുകളെല്ലാം അണഞ്ഞിരുന്നു. ചുറ്റും കനത്ത ഇരുട്ടു പരന്നു. ചുണ്ടുകൾ കോർത്ത് ഉടലുകൾ വരിഞ്ഞ് മുറുക്കി വിറച്ചുകൊണ്ടിരുന്ന കമിതാക്കളെ മിനാരത്തിനരികെ കണ്ടില്ല. ഡേവിഡ് അവിടെയില്ലായിരുന്നു. സ്മാരകത്തിനരികിലേക്കു നടന്നപ്പോൾ മൂടുപടമണിഞ്ഞ ആരോ ശവകുടീരത്തിനരികിലൂടെ ഒഴുകിയെന്നപോലെ ചലിക്കുന്നുണ്ടെന്നു തോന്നി. പെട്ടെന്ന് ശവകുടീരത്തിനരികെ നിലത്ത് വടക്കേ കോണിൽനിന്ന് ദീർഘ ചുംബനത്തി​ന്റെ ശീൽക്കാര ശബ്ദത്താൽ വിറകൊള്ളുന്നതുപോലെയുള്ള ശബ്ദം കേട്ടു.

മിനാരത്തി​ന്റെ മുകളിൽനിന്ന് ഭയന്നിട്ടെന്നപോലെ പ്രാവുകൾ കൂട്ടത്തോടെ ലോധീ റോഡിനുനേരെ

പറന്നുപോയി.

ലോധീ ഗാർഡനിലെ വിശാലമായ പുൽമൈതാനത്തി​ന്റെ പല കോണുകളിൽനിന്ന് നായ്ക്കൾ ഓലിയിടുന്ന ശബ്ദം കേട്ടു.

‘‘ ഡേവിഡ്...’’

രാം മോഹൻ ഇരുട്ടിലേക്ക് നോക്കി നീട്ടിവിളിച്ചു.

ഡേവിഡ് ശവകുടീരങ്ങളെയും സ്മാരകങ്ങളെയും ഭ്രാന്തമായി പ്രണയിച്ചിരുന്നു. സുഗന്ധലേപനങ്ങൾ പുരട്ടി വിശേഷാൽ ആടയാഭരണങ്ങൾ ധരിപ്പിച്ച് പുരാതന ശവകുടീരങ്ങളിൽ അടക്കംചെയ്തിരുന്ന സ്ത്രീശരീരങ്ങളെക്കുറിച്ചുള്ള കേൾവി ത​ന്റെ പിരിഞ്ഞുപോയ പ്രണയിനികളെ ഓർമപ്പെടുത്തിയിരുന്നുവെന്ന് ഒരിക്കൽ ഡേവിഡ് പറഞ്ഞിരുന്നു. അത്തരം ശവകുടീരങ്ങളുടെ മിനുക്കി പരിപാലിക്കാത്ത പരുക്കൻ മകുടങ്ങൾ നോക്കിനിൽക്കുമ്പോൾ തനിക്ക് അവരെ ഭോഗിക്കാൻ തോന്നാറുണ്ടെന്നും. അപ്പോൾ നൂറ്റാണ്ടുകളുടെ അന്തരം മറന്ന് കാലഭേദത്തെ വശീകരിച്ചില്ലാതാക്കുന്ന നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പുപയോഗിച്ചിരുന്ന ശവസുഗന്ധ ലേപനങ്ങളിൽ കുളിച്ച് ആ കാലത്തെ ചേഷ്ടകളെയും ശരീരലാളനകളെയും ത​ന്റെ പുതുകാല കളിയിൽ ഉൾപ്പെടുത്താൻ ഡേവിഡിനു തോന്നിയിരുന്നു.

ഒരു മൂടുപടം ശവകുടീരത്തി​ന്റെ മുകളിലെ പേടകത്തിനു മുകളിലൂടെ ഉലഞ്ഞ് അപ്പുറത്തേക്ക് വീണതുപോലെ തോന്നി. കൂരിരുട്ടിൽ നിഴൽപോലെ തോന്നിച്ച നഗ്നരൂപത്തിന് ത​ന്റെ ബാഗിലിരിക്കുന്ന ആഫ്രിക്കൻ പ്രതിമയുടെ പെണ്ണുടലളവുകളോടുള്ള സാമ്യത്തിൽ അതിശയപ്പെട്ട്‌ രാം മോഹ​ന്റെ വിരലുകൾ എന്തിനോ തരിച്ചു. ആ ആഫ്രിക്കൻ പ്രതിമയുടെ കൃത്യമായ ഉടലളവുകൾ രാം മോഹന് മനഃപാഠംപോലെ അറിയാമായിരുന്നു. ജെന്നിഫറിനെക്കുറിച്ച് ഓർക്കുമ്പോളെല്ലാം രാം മോഹൻ ത​ന്റെ തോൾബാഗിൽ എപ്പോഴും സൂക്ഷിച്ചിരുന്ന ആഫ്രിക്കൻ പ്രതിമയിലൂടെ ഭ്രാന്തമായി വിരലോടിച്ചിരുന്നു.

അപ്പോളതിന് ജീവനുണ്ടെന്നും അതി​ന്റെ സ്തനങ്ങൾ തെറിച്ചുവരുന്നതു പോലെയും രാം മോഹന് അനുഭവപ്പെടും. ​െജന്നിഫറി​ന്റെ അളവൊത്ത ഉടൽ കാഴ്ചയിൽ രാം മോഹൻ പലപ്പോഴും ആരുമറിയാതെ ഇളകിയാടിയിരുന്നു. ദുബായ് ഫെസ്റ്റിനു ശേഷം എപ്പോഴൊക്കെ ​െജന്നിഫറി​ന്റെ നീണ്ടു മെലിഞ്ഞ ഉടലോർമ വന്നോ അപ്പോഴൊക്കെയും അയാൾ ആഫ്രിക്കൻ പ്രതിമയുടെ തണുത്തുറഞ്ഞ ഉടൽ വടിവുകളിലൂടെ വിരലോടിച്ച് വീണ്ടും വീണ്ടും ​െജന്നിഫറിനെ അനുഭവിച്ചു.

എന്നാൽ, ​െജന്നിഫറിനു മുന്നിൽ രാം മോഹൻ ഏറ്റവും മാന്യനായ പുരുഷസുഹൃത്തായി അഭിനയിച്ചു.

തോൾബാഗ് ഒന്നനങ്ങിയതുപോലെ...

പെട്ടെന്ന് അതിന് ഭാരമില്ലായ്മ അനുഭവപ്പെട്ടതുപോലെ തോന്നി.

രാം മോഹൻ ഉടനെ ബാഗിനുള്ളിൽ തപ്പിനോക്കി. നീളം കുറഞ്ഞ പെൺപ്രതിമ അവിടെയില്ലെന്ന് വിറയലോടെ അയാൾ തിരിച്ചറിഞ്ഞു.

ബാഗിന് അപ്പോൾ സുഖകരമായ ഇളംചൂടനുഭവപ്പെട്ടു.

രാംമോഹന് അന്നേരം പതിനഞ്ചാം നൂറ്റാണ്ടിലെ ഡൽഹി സുൽത്താനേറ്റിലെ മൂടുപടമണിഞ്ഞിരുന്ന സ്ത്രീകൾ ഉപയോഗിച്ചിരുന്ന സുഗന്ധലേപനങ്ങളെക്കുറിച്ചുള്ള ​െജന്നിഫറി​ന്റെ പഠനറിപ്പോർട്ട് ഓർമവന്നു. അതവൾ താൽപര്യമില്ലാതെ ഗവേഷണത്തി​ന്റെ ഭാഗമായി മാത്രം തയാറാക്കിയതായിരുന്നു.

‘‘ഡേവിഡ്, താങ്കളെവിടെയാണ്?’’

അയാൾ ഒരിക്കൽകൂടി വിളിച്ചു ചോദിച്ചു. ശബ്ദം മിനാരത്തി​ന്റെ മുകൾത്തട്ടിൽ എട്ടു മകുടങ്ങളുടെയും ഉള്ളിൽതട്ടി പ്രതിധ്വനിച്ചു. എവിടെനിന്നും ഡേവിഡിന്റെ ശബ്ദം കേട്ടില്ല. അയാൾ അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു.

 

ലോധീ ഗാർഡനിൽ സ്ഥിതിചെയ്തിരുന്ന ശവകുടീരങ്ങളിൽ സ്ത്രീകളെ അടക്കിയിരുന്നില്ലെന്നും അവിട​െത്ത സ്മാരകങ്ങളിൽ പ്രധാനം പതിനഞ്ചാം നൂറ്റാണ്ടിൽ ഡൽഹി ഭരിച്ചിരുന്ന ലോധി രാജ വംശത്തിൽപെട്ട രണ്ടാമനായ സിക്കന്ദർ ലോധിയുടെയും സയ്യിദ് രാജവംശത്തിൽപെട്ട മുഹമ്മദ് ഷാ സയ്യിദി​ന്റെയുമാണെന്ന് ലോധീ ഗാർഡൻ ചുറ്റിനടന്ന് കണ്ടപ്പോൾ എവിടെയോ എഴുതിെവച്ചിരുന്നത് രാം മോഹൻ ഓർത്തെടുത്തു...

സിക്കന്ദർ ലോധി ആഗ്രയെ പ്രണയിച്ചു. ഡൽഹിയെ ദൂരെ നിന്ന് കാണാൻ മാത്രം ആഗ്രഹിച്ചു. യമുനാനദിക്കരയിൽ സ്വപ്നം കണ്ടുറങ്ങുന്ന ആഗ്രയെ അദ്ദേഹം പ്രണയപൂർവം മോടിപിടിപ്പിച്ചു. അധികാര കേന്ദ്രമാക്കി പുതുക്കിപ്പണിതു. എന്നിരുന്നാലും അദ്ദേഹത്തി​ന്റെ മകൻ ഇബ്രാഹിം ലോധി പിതാവിനെ അടക്കം ചെയ്തത് ഡൽഹിയിലെ നഗരമധ്യത്തിലായിരുന്നു എന്ന വൈരുധ്യം രാം മോഹനെ വിസ്മയിപ്പിച്ചു.

ശിലാഫലകത്തിലെ ആ വിവരണം വായിച്ചപ്പോൾ ഡേവിഡി​ന്റെ മുഖം ഒട്ടും പ്രസന്നമായിരുന്നില്ല.

‘‘ഇവിടെ സ്ത്രീകളെ ആരെയും അടക്കംചെയ്തിട്ടില്ലേ?’’

ഡേവിഡ് ആ ശിലാഫലകത്തിനരികെനിന്ന് നിരാശയോടെ ആരോടെന്നില്ലാതെ ചോദിച്ച് അസ്വസ്ഥനെങ്കിലും ആളൊഴിഞ്ഞുതുടങ്ങിയ ശീഷ് ഗുംബദിനെ നോക്കി.

ഒരു ഫോട്ടോകൂടി എടുത്തിരുന്നെന്ന് രാം മോഹനോർത്തു.

പതിനഞ്ചാം നൂറ്റാണ്ടി​ന്റെ അവസാന കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന പേരറിയാത്ത ഏതോ സുഗന്ധലേപനത്തി​ന്റെ മനംമയക്കുന്ന ഗന്ധം അനേകം മൃതകാലത്തിനിപ്പുറത്തേക്ക് തണുത്ത കാറ്റായി ഒഴുകിവരുന്നുണ്ടെന്നു തോന്നി.

രാം മോഹൻ ഭാരം കുറഞ്ഞ ത​ന്റെ തോൾബാഗ് ശവകുടീരത്തി​ന്റെ പരുക്കൻ തറയിൽ ​െവച്ച് തലക്ക് കൈയും കൊടുത്ത് കൂരിരുട്ടിൽ കുന്തിച്ചിരുന്നു.

‘‘ഡേവിഡ്, മറഞ്ഞിരിക്കാതെ കളി മതിയാക്കി വേഗം പുറത്തേക്കു വരൂ. നമുക്കിവിടെനിന്ന് ഉടനെ പുറത്തു കടക്കേണ്ടതുണ്ട്.’’

ശവകുടീരത്തിനുള്ളിലെ കാലം കനപ്പിച്ച വന്യമായ നിശ്ശബ്ദതയെ തുളച്ച് രാം മോഹ​ന്റെ ശബ്ദം ഒരിക്കൽകൂടി താഴികക്കുടങ്ങൾക്കുള്ളിലേക്ക് പാഞ്ഞു.

മറുപടിയുണ്ടായില്ല...

ഇരുട്ടും നിശ്ശബ്ദതയും ഒന്നായി രാം മോഹ​ന്റെ കനമില്ലാത്ത ശബ്ദത്തെ ശവകുടീരത്തിനുള്ളിലെ കല്ലറയിലേക്ക് വലിച്ചുകൊണ്ടുപോയി അതിവേഗത്തിൽ അടക്കംചെയ്തു.

ലോധീ രാജവംശകാലത്തെ ഡൽഹി സുൽത്താനേറ്റിലെ യുദ്ധകാല- രാത്രി അന്തഃപുരങ്ങൾപോലും ഇത്രമാത്രം വന്യമായ നിശ്ശബ്ദത അറിഞ്ഞിരിക്കാനിടയില്ലെന്ന് രാം മോഹന് അന്നേരം തോന്നി. കീഴടക്കുന്നതെല്ലാം ചുട്ടെരിച്ച് ചാമ്പലാക്കിയിരുന്ന വിചിത്ര സ്വഭാവമുണ്ടായിരുന്ന സിക്കന്ദർ ലോധിയുടെ ശവകുടീരത്തിനുള്ളിൽനിന്ന് അനേകം നിശ്ശബ്ദ തരിശുഭൂമികൾ എരിഞ്ഞു കത്തി പുകഞ്ഞുയർന്ന് രാം മോഹ​ന്റെ കണ്ണുകളെരിഞ്ഞു.

പെട്ടെന്ന് രാം മോഹനെ ഞെട്ടിച്ചുകൊണ്ട് ഇരുട്ടിലെവിടെയോനിന്ന് കൈലാഷ് ഖേർ പാടുന്നതു കേട്ടു. മനുഷ്യനെക്കുറിച്ചും സത്യത്തെക്കുറിച്ചും ദിവ്യാനുരാഗത്തെക്കുറിച്ചുമുള്ള സൂഫി ഈണം കലർന്ന നാടോടി ഗാനമായിരുന്നു അത്. ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിനു ശേഷം ഡേവിഡി​ന്റെ ഫോണിലെ റിങ് ടോൺ അതായിരുന്നു എന്ന വ്യക്തമായ ഓർമയിൽ രാം മോഹൻ ശബ്ദം കേട്ട ദിക്കിലേക്ക് ഇരുട്ടിലൂടെ പാഞ്ഞു.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT