പാട്ടുകൾ പലവിധം

അയിരൂർ സദാശിവൻ, മനോഹരൻ, ചന്ദ്രഭാനു, ശ്രീലത നമ്പൂതിരി എന്നിവർ ചേർന്നാണ് സാമാന്യം ദൈർഘ്യമുള്ള ഈ പാരഡി പാടിയിരിക്കുന്നത്. വയലാർ രാമവർമയും അർജുനനും ഒരുമിച്ചിട്ടും ‘രഹസ്യരാത്രി’യിലെ പാട്ടുകൾക്ക് ഉയർന്ന നിലവാരം പുലർത്താൻ കഴിയാതെപോയത് തീർച്ചയായും അവരുടെ കുറ്റംകൊണ്ടല്ല. എ.ബി. രാജ് സംവിധാനംചെയ്ത ഒരു ശരാശരി ചിത്രമാണ് ‘രഹസ്യരാത്രി’ -പലതരം പാട്ടുകളെപ്പറ്റിയാണ്​ ഇത്തവണ.

വൈവിധ്യമുള്ള സിനിമകൾ സംവിധാനംചെയ്തിട്ടുള്ള ജെ.ഡി. തോട്ടാൻ കഥയെഴുതി സംവിധാനംചെയ്ത ചിത്രമാണ് ‘ചെക്ക്പോസ്റ്റ്’. ടി.ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം തന്നെയാണ് ചിത്രം നിർമിച്ചത്. എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ചു. പി. ഭാസ്കരനും വയലാറും പാട്ടുകൾ എഴുതി. മലയാള സിനിമയിലെ ആദ്യകാല സംഗീതസംവിധായകരിൽ പ്രധാനിയായ പി.എസ്. ദിവാകർ ആണ് സംഗീതസംവിധാനം നിർവഹിച്ചത്. സത്യനെ നായകനാക്കി നിർമാണം തുടങ്ങുകയും അദ്ദേഹത്തിന്റെ നിര്യാണംമൂലം പ്രവർത്തനം നിലച്ചുപോവുകയുംചെയ്ത പല സിനിമകളിലൊന്നാണ് ‘ചെക്ക്പോസ്റ്റ്’. ഈ സിനിമയുടെ നിർമാണം നിർത്തിവെച്ചതിനുശേഷമാണ് നിർമാതാവും സംവിധായകനുമായ ജെ.ഡി. തോട്ടാൻ ‘ഓമന’ എന്ന സിനിമ നിർമിച്ച് പുറത്തിറക്കിയത്.

ഷീലയും അവരുടെ ഭർത്താവായ രവിചന്ദ്രനും നായികാനായകന്മാരായി അഭിനയിച്ച ‘ഓമന’ സാമ്പത്തികവിജയം നേടാത്തതിനാൽ നിർത്തിവെച്ച ‘ചെക്ക്പോസ്റ്റ്’ എന്ന സിനിമ പൂർത്തിയാക്കാൻ ജെ.ഡി. തോട്ടാൻ തീരുമാനിക്കുകയായിരുന്നു. സത്യൻ, അംബിക, ഉഷാനന്ദിനി, കമലാദേവി, തിക്കുറിശ്ശി സുകുമാരൻ നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, എസ്.പി. പിള്ള, അടൂർ ഭാസി, ബഹദൂർ, സാധന, മുതുകുളം രാഘവൻ പിള്ള, പട്ടം സദൻ, ശൈലശ്രീ തുടങ്ങിയവരാണ് താരനിരയിൽ ഉണ്ടായിരുന്നത്.

ചിത്രത്തിനുവേണ്ടി പി. ഭാസ്കരനും വയലാർ രാമവർമയും പാട്ടുകളെഴുതിയെന്ന് പരസ്യങ്ങളിൽ കാണുന്നു. എന്നാൽ, ഏതു പാട്ട് ആരെഴുതിയെന്ന്‌ എവിടെയും പറയുന്നില്ല. ‘ചെക്ക് പോസ്റ്റ്’ എന്ന സിനിമയുടെ പാട്ടുപുസ്തകത്തിലും ഇത് വ്യക്തമാക്കിയിട്ടില്ല. പി. ഭാസ്കരന്റെ സമ്പൂർണ കൃതികളിലും വയലാർ കൃതികളിലും ‘ചെക്ക്പോസ്റ്റ്’ എന്ന ചിത്രത്തിനുവേണ്ടി അവരെഴുതിയ ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ആകെ അഞ്ചു ഗാനങ്ങളാണ് ‘ചെക്ക്പോസ്റ്റ്’ എന്ന പടത്തിൽ ഉണ്ടായിരുന്നത്. അവ ഓരോന്നായി താഴെ കൊടുക്കുന്നു.

എസ്. ജാനകി പാടിയ ഗാനം, ‘‘താലോലം കിളിയുടെ മൂളക്കം കേട്ടു/ കോളാമ്പിപ്പൂവിനു ചിരി വന്നു/ കുപ്പായക്കാരന്റെ പുന്നാരം കേട്ടു/ കുമ്മാട്ടിപ്പെണ്ണിനു ചിരി വന്നു.../ മണിമലയാറ്റിൽ നീന്താൻ പോയപ്പോ/ മറയത്തുനിന്നൊരു തിരനോട്ടം/ മാനല്ല മയിലല്ല മണ്ണാത്തിക്കിളിയല്ല/ മറുനാട്ടുകാരൻ മണിമാരൻ...’’

രചനാശൈലി നോക്കുമ്പോൾ ഇതിന്റെ രചന പി. ഭാസ്കരൻ ആകാനാണ് സാധ്യത എന്നു തോന്നുന്നു. യേശുദാസ് ആലപിച്ച ‘‘താമരത്തോണിയിൽ പൂമണചോലയിൽ/തങ്കക്കിനാവ് കാണും സങ്കൽപരാധികേ/വന്നാലും നീ മുന്നിൽ വാസന്തറാണിപോൽ/ ചുണ്ടത്തു പാറിടുന്ന പണ്ടത്തെ പാട്ടുമായ്/ ഒരു കുടം പൂവുമായി മധുമാസം വന്നുപോയി/ കണ്മണീ കാത്തുകാത്തെൻ കരളു തകർന്നു പോയി’’ എന്ന ഗാനമാണ് മറ്റൊന്ന്. യേശുദാസും കല്യാണി മേനോനും പാടിയ ഗാനമിതാണ്, ‘‘പൂതചെടയൻ കാട്... കാട് കാട് കാട്/ഈ കാട്ടിന്നൊടയവനാര്/ ഇന്ദ്രനല്ല, ചന്ദ്രനല്ല, തെയ്യം തേവരല്ല/ കാട്ടു കോട്ട പെരുമാള് –ഈ/ കാട്ടു കോട്ട പെരുമാള്.../ പെരുമാളേ പെരുമാളേ/ ഇന്നവിടത്തെ തിരുനാള്/ അമ്പെടു വില്ലെടു കൊമ്പെട് കോയലെട്/ പെപ്പര പെപ്പര പെപ്പപ്പോ/ ഈ പെരുമാളിൻ കുലദേവത കാളി.../ നെറ്റിക്കണ്ണിൽ തീക്കനലെരിയണ കാളി/ കാളി കാളി ഭദ്രകാളി/ ചെമ്പൻ ജടയിൽ ചെത്തിപ്പൂ/ കുംഭ ഭരണിക്ക് കുരുതിപ്പൂ/ കുരുതിപ്പൂ ചെത്തിപ്പൂ കുരുതിപ്പൂ/ കാളി കാളി ഭദ്രകാളി...’’

 

കണ്ണൂർ രാജൻ

യേശുദാസും ലതാ രാജുവും ചേർന്നു പാടിയ ഗാനം ‘‘സെപ്റ്റംബർ മൂൺലൈറ്റ് ചച്ഛച്ഛ’’ എന്നു തുടങ്ങുന്നു: ‘‘ആടുമ്പോൾ കണ്മണിക്ക് കണ്ണിൽ ശൃംഗാരം/ ചച്ഛച്ഛ ചച്ഛച്ഛ/ ചുണ്ടിൽ പുന്നാരം -ആഹാ/ ലെറ്റ് അസ് ഗോ ഡാൻസിങ് എറൗണ്ട് -/ -സെപ്‌റ്റംബർ മൂൺലൈറ്റ്/ ആഹാ ആഹാ/ താളത്തിൽ പാടൂ ച്ഛച്ഛ വൺ... ടു... വൺ... ടു... ത്രീ... ഫോർ/ മേളത്തിൽ പാടൂ -നല്ല മേളത്തിൽ പാടൂ...’’ എന്നിങ്ങനെ തുടരുന്നു വ്യത്യസ്തതയുള്ള ഈ നൃത്തഗാനം. ഇനിയുള്ളത് പട്ടം സദൻ പാടിയ ഗാനമാണ്.

‘‘കല്ലുവളയിട്ട കയ്യാൽ നെല്ലുകുത്തുന്നോളേ/ കടമിഴിയാൽ കരളിനുള്ളിൽ കവിതയെഴുതിയോളേ/ പൂമരമേ നിന്നെ ഞമ്മള് കണ്ടനാളുതൊട്ടേ/ പാമരം ഒടിഞ്ഞുപോയ കെട്ടുവള്ളംപോലെ/ കെട്ടുവള്ളംപോലെ.’’

ഈ ഗാനവും പി. ഭാസ്കരന്റേതാകാനാണ് സാധ്യത. ചിത്രത്തിലെ പാട്ടുകളുടെ ഗ്രാമഫോൺ ഡിസ്‌ക്കും ലഭ്യമല്ല. അതുകൊണ്ട് ഏതു ഗാനം ഏതു കവി എഴുതി എന്നു വ്യക്തമാക്കാൻ കഴിയുന്നില്ല. വായനക്കാർ സദയം ക്ഷമിക്കുക.

1974 മാർച്ച് എട്ടിന്​ റിലീസ് ചെയ്ത ‘ചെക്ക്പോസ്റ്റ്’ എന്ന സിനിമ തികഞ്ഞ പരാജയമായിരുന്നു. ചിത്രത്തിലെ പാട്ടുകളും വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല.

മദ്രാസ് നഗരത്തിൽ പ്രാക്ടിസ് നടത്തിയിരുന്ന ഡോ. വാസൻ എന്ന ആയുർവേദ ഡോക്ടർ ഒരു വലിയ സിനിമാപ്രേമിയായിരുന്നു. ഇംഗ്ലീഷ് പേരുകൾ ഉപയോഗിച്ച് ആയുർവേദ മരുന്നുകൾ മാർക്കറ്റ് ചെയ്തു വിജയം വരിച്ച ആദ്യകാല ഡോക്ടർമാരിൽ ഒരാളാണ് ഡോ. വാസൻ. ശരീരം പെട്ടെന്ന് നന്നാക്കുന്ന ഔഷധം എന്ന്‌ അവകാശപ്പെട്ട് അദ്ദേഹം മാർക്കറ്റിൽ ഇറക്കിയ ‘ജീവൻടോൺ’ എന്ന ഔഷധം അക്കാലത്ത് നന്നായി വിറ്റഴിഞ്ഞു. തന്റെ സിനിമാസ്വപ്നം സഫലമാക്കാൻ ഡോ. വാസൻ നിർമിച്ച് സംവിധാനംചെയ്ത സിനിമയാണ് ‘മിസ്റ്റർ സുന്ദരി’. കഥയും തിരക്കഥയും ഡോ. വാസൻ തന്നെയാണ് രചിച്ചത്.

വയലാർ എഴുതിയ പാട്ടുകൾക്ക് കണ്ണൂർ രാജൻ ഈണം പകർന്നു. കെ.പി. ബ്രഹ്മാനന്ദൻ, യശോദ പാലയാട്, പ്രേമ എന്നിവർ പിന്നണിയിൽ പാടി. ശ്യാംകുമാർ ചിത്രത്തിൽ നായകനായി. റാണിചന്ദ്ര, ഉഷാനന്ദിനി, ബഹദൂർ, മുതുകുളം രാഘവൻപിള്ള എന്നിവരോടൊപ്പം ചില പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചു. ബ്രഹ്മാനന്ദനും പ്രേമയും ചേർന്നു പാടിയ യുഗ്മഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ഹണിമൂൺ നമുക്ക് ഹണിമൂൺ/ എനിക്കും ചെറുപ്പം നിനക്കും ചെറുപ്പം/ എന്നും കിട്ടാത്ത ചെറുപ്പം...’’ എന്നിങ്ങനെ പല്ലവി. പാട്ട് ഇങ്ങനെ തുടരുന്നു: ‘‘പ്രേംനസീറും ഷീലയും പ്രേമിക്കുന്നതുപോലെ/ കോഴിക്കോട്ടെ കടപ്പുറം മുഴുവൻ/ ആടിപ്പാടി നടക്കേണം -നമുക്ക്/ ആടിപ്പാടി നടക്കേണം...’’

തീർന്നില്ല. വരികൾ ഇങ്ങനെ തുടരുന്നു: ‘‘തൃശ്ശൂരിലെ തീയേറ്ററിൽ ഫസ്റ്റ് ഷോ കാണണം/ എന്നിട്ടു രാമനിലയത്തിൽ മുറിയെടുക്കണം/ രാത്രി ഒന്നിച്ചുറങ്ങേണം... ഇതേ രീതിയിൽ കാറ്റും കടലും കൈകൊട്ടിക്കളിക്കണ കൊച്ചി തുറമുഖത്ത് സായിപ്പും മദാമ്മയുംപോലെ സവാരിചെയ്യണം’’ എന്നും മറ്റും വരികൾ വരുന്നു.

യശോദ പാലയാട് പാടിയ ഒരു ഭക്തിഗാനമുണ്ട്. അത് വയലാറിന്റെ ഭേദപ്പെട്ട രചനയാണ്‌. ‘‘ആദിപരാശക്തി അമൃതവർഷിണി/ നാദബ്രഹ്മസപ്തസ്വരൂപിണി/ പ്രസീദ പ്രസീദ/ മനസ്സിൽ ഞാൻ തീർത്ത മണിശ്രീകോവിലിൽ/ മരുവും മഹാമായേ/ തിരുനടയിൽ നിൻ തിരുനടയിൽ/ ഒരു ഭദ്രദീപമായ്‌ തൊഴുതു നിൽക്കാനെന്നെ/ അനുവദിക്കൂ ദേവീ -ദേവീ...’’

യശോദ പാലയാട് പാടിയ മറ്റൊരു ഗാനം ‘‘ഉന്മാദം... എന്തൊരുന്മാദം...’’ എന്ന്‌ തുടങ്ങുന്നു. ‘‘ഉന്മാദം എന്തൊരുന്മാദം/ നിൻ മെയ്യ്‌ എൻമെയ്യിൽ പുണരുമ്പോൾ/ എന്തൊരുന്മാദം...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘കസ്തൂരിവാകപ്പൂങ്കാവിലെത്തിയ/ ചിത്രശലഭമേ/ നിനക്കായ് ഞാനെന്റെ പാനപാത്രം/ നിറച്ചുവെച്ചു/ സ്വീകരിക്കൂ... ഇത് സ്വീകരിക്കൂ/ സ്വർഗീയ രോമാഞ്ചമാകൂ...’’ യശോദ പാലയാടും പ്രേമയും ചേർന്നു പാടിയ ഒരു ഫീമെയിൽ ഡ്യുയറ്റും ‘മിസ്റ്റർ സുന്ദരി’യിലുണ്ട്.

‘‘മാൻപേട ഞാനൊരു മാൻപേട/ വെള്ളപ്പളുങ്കു മലയോരത്തിലെ മാൻപേട/ പുള്ളിമാൻപേട...’’ വരികൾ ഇങ്ങനെ തുടരുന്നു: ‘‘ആപാദചൂഡം എന്നെ വരിഞ്ഞുമുറുക്കി/ അടിമയാക്കരുതേ -എന്നെ അടിമയാക്കരുതേ/ മാറോടു ചേർത്തു നിൻ മാംസദാഹത്തിന്റെ/ അടിമയാക്കരുതേ –എന്നെ കൊല്ലരുതേ.’’

‘മിസ്റ്റർ സുന്ദരി’ എന്ന ചിത്രത്തിന്റെ സ്വഭാവം ഗാനങ്ങളിൽ നിന്നുതന്നെ മനസ്സിലാക്കാൻ കഴിയും. 1974 മാർച്ച് 15ന് ‘മിസ്റ്റർ സുന്ദരി’ പുറത്തുവരികയും കാണികളിൽ ഒരു ചലനവും സൃഷിക്കാതെ കടന്നുപോവുകയും ചെയ്‌തു.

ശ്രീ മുരുകാലയ ഫിലിംസിനുവേണ്ടി ഇ.കെ. ത്യാഗരാജൻ നിർമിച്ച് ശശികുമാർ സംവിധാനംചെയ്‍ത സിനിമയാണ് ‘പഞ്ചതന്ത്രം’. ഉടനീളം സസ്പെൻസ് നിലനിർത്തി മുന്നോട്ടു പോകുന്ന കഥ. കഥയും തിരക്കഥയും സംവിധായകൻ തന്നെയാണ് തയാറാക്കിയത്. ശ്രീമൂലനഗരം വിജയൻ സംഭാഷണം രചിച്ചു. ഗാനങ്ങൾക്ക് ചിത്രത്തിൽ നല്ല പ്രാധാന്യം നൽകപ്പെട്ടിരുന്നു. ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകി. യേശുദാസും മാധുരിയും മാത്രമാണ് ഗാനങ്ങൾ ആലപിച്ചത്. ചിത്രത്തിലെ അഞ്ചു പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു എന്നു പറയാം. മൂന്നു ഗാനങ്ങൾ ഹിറ്റുകളായി. യേശുദാസ് പാടിയ ‘‘ആവണിപൊൻപുലരി...’’ എന്ന് ആരംഭിക്കുന്ന ഗാനമാണ് ആദ്യത്തേത്.

 

പി. മാധുരി

‘‘ആവണിപൊൻപുലരി/ ആനന്ദനീഹാര രത്നബിന്ദുക്കളാൽ/ആലിംഗനംചെയ്‍ത പൂവേ/ അരുണന്റെ രശ്മികൾ നിന്നെ തലോടുമ്പോൾ/ ആലസ്യമെന്തിനായി...’’ എന്ന പല്ലവി ദേവരാജൻ മാസ്റ്ററുടെ സംഗീതലാളനകൊണ്ടും യേശുദാസിന്റെ ഭാവസാന്ദ്രമായ ആലാപനംകൊണ്ടും മികച്ചതായി.

ഗാനം ഇങ്ങനെ തുടരുന്നു: ‘‘അജ്ഞാത ഭൂതങ്ങൾ അലറിനടക്കുമീ/ അന്ധകാരത്തുരുത്തിൽ/ സ്നേഹനക്ഷത്രമായ് നീ വിടർന്നു –നിന്റെ/ മോഹത്തിൻ ഒളിപരന്നു/ നിൻ വർണമെന്റെ പ്രതീക്ഷയായി/ നിൻ ഗന്ധം ജീവപ്രവാഹമായി.../പ്രവാഹമായി...’’

ഈ ചരണത്തിൽ കഥയുടെ അന്തരീക്ഷം കൊണ്ടുവന്നിരിക്കുന്നു. യേശുദാസ് പാടിയ ‘‘ശാരദരജനീദീപമുയർന്നു...’’ എന്നു തുടങ്ങുന്ന ഗാനവും ഏറെ പ്രശസ്തമാണ്.

‘‘ശാരദരജനീദീപമുയർന്നു/ താരാമണ്ഡലമുണർന്നു/ ഇടിമിന്നൽ തൂകും മണിമുകിലടങ്ങി/ ഇനിയും നീയുറങ്ങൂ... ഉറങ്ങൂ’’ എന്ന് പല്ലവി. ആദ്യചരണം ഇങ്ങനെ, ‘‘ഇന്ദ്രനീലനിറത്തിൻ ലഹരിയിൽ/ സാന്ദ്രവാനം മുഴുകി/ ചന്ദ്രശീതള ലോലകരങ്ങൾ/ ചക്രവാളം തഴുകി/ ഇളംകാറ്റാകാൻ കൊടുങ്കാറ്റടങ്ങി/ ഇനിയും നീയുറങ്ങൂ... ഉറങ്ങൂ.’’ ‘‘നിന്റെ നിഴലായ് നിൻ താരാട്ടായ് ഞാനുറങ്ങാതിരിക്കാം...’’ എന്ന് അടുത്ത ചരണം തുടങ്ങുന്നു. വ്യത്യസ്തമായ ഒരു താരാട്ടുപാട്ടാണിത്.

യേശുദാസും മാധുരിയും ചേർന്നു പാടിയ ‘‘രാജമല്ലികൾ പൂമഴ തുടങ്ങി’’ എന്ന പാട്ടാണ് അടുത്ത ഗാനം.

‘‘രാജമല്ലികൾ പൂമഴ തുടങ്ങി/ രാജമന്ദിരവീഥിയൊരുങ്ങി/ പൂജാചന്ദനകളഭം ചാർത്തും/ പൂനിലാവാം നായികയൊരുങ്ങി/ എവിടെ എൻ പ്രിയനെവിടെ/ എൻ കാൽച്ചിലങ്കകൾ തേങ്ങിത്തുടങ്ങി...’’

യേശുദാസും സംഘവും പാടിയ സംഘഗാനം ‘‘ജീവിതമൊരു മധുശാല’’ എന്ന് ആരംഭിക്കുന്നു.

‘‘ഹോയ്... ഹോയ്... ഹോയ്.../ ജീവിതമൊരു മധുശാല/ പ്രണയത്തിൻ വായനശാല/ ലഹരി കാവ്യലഹരി/ വർണലഹരി സ്വപ്നലഹരി.../ ജീവിതമൊരു മധുശാല/ ലാലപ്പ ലാലപ്പ ലാലപ്പ...’’ ഗാനത്തിലെ തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘ഈ മധുയൗവനം സത്യം/ ഈ സൗന്ദര്യം നിത്യം/ ഇന്നലെ വന്നതും നാളെ വരുന്നതും/ ഇന്നിന്റെ മുന്നിൽ മിഥ്യ... മിഥ്യ...’’ മാധുരി തനിച്ചു പാടിയ ‘‘കസ്തൂരിമണം വേണോ..?’’ എന്ന ഗാനമാണ് ‘പഞ്ചതന്ത്ര’ത്തിലെ അഞ്ചാമത്തെ ഗാനം. ഇത് ഒരു മദാലസ നൃത്തമാണ്.

‘‘കസ്തൂരിമണം വേണോ/ കളഭത്തിൻ കുളിർ വേണോ/ കൗമുദി വിടരും രജനീയാമം/ കാത്തിരിക്കുന്നു -പ്രിയരേ/ കാത്തിരിക്കുന്നു...’’ നൃത്തഗാനം ഇങ്ങനെ തുടരുന്നു: ‘‘എന്റെ കണ്മുനയിൽ -ഒരു/ പൊന്നൂയലാടും/ എന്റെ ചെഞ്ചൊടിയിൽ -ഒരു/ കുങ്കുമക്കുലയാടും/ ഊഞ്ഞാലാടാൻ വരുമോ/ കുങ്കുമമണിയാൻ വരുമോ/ കവികളേ വരൂ വരൂ... കവികളേ വരൂ വരൂ/ പ്രിയരേ...’’ സാമ്പത്തികമായി വിജയം വരിച്ച ‘പഞ്ചതന്ത്രം’ 1974 മാർച്ച് 22ന് തിയറ്ററുകളിലെത്തി.

ശ്രീസായ് പ്രൊഡക്ഷൻസിനുവേണ്ടി ആർ.എസ്. ശ്രീനിവാസൻ (പ്രശസ്ത തമിഴ് സിനിമ-നാടക നടൻ ആർ.എസ്. മനോഹറിന്റെ അനുജൻ) നിർമിച്ച സിനിമയാണ് ‘രഹസ്യരാത്രി’. എ.ബി. രാജ് ഈ ചിത്രം സംവിധാനംചെയ്‌തു. നിർമാതാവിന്റെ ഭാര്യാസഹോദരനായ വി.പി. സാരഥി കഥയും തിരക്കഥയും തയാറാക്കിയ ചിത്രത്തിന് ജഗതി എൻ.കെ. ആചാരി സംഭാഷണം രചിച്ചു. വയലാർ രാമവർമ ഗാനങ്ങളെഴുതി. എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു. പ്രേംനസീർ, ജയഭാരതി, അടൂർ ഭാസി, ബഹദൂർ, ജമീലാ മാലിക്, ശങ്കരാടി, ഫിലോമിന, ശ്രീലത, കുഞ്ചൻ, പറവൂർ ഭരതൻ തുടങ്ങിയവർ അഭിനയിച്ചു.

‘രഹസ്യരാത്രി’യിൽ നാല് ഗാനങ്ങളാണുണ്ടായിരുന്നത്. യേശുദാസ് പാടിയ ‘‘മനസ്സിന്റെ മാധവീലതയിലിരിക്കും മധുമാസപ്പക്ഷീ...’’ എന്ന ഗാനം ഒട്ടൊക്കെ ശ്രദ്ധേയമാണ്.

‘‘മനസ്സിന്റെ മാധവീലതയിലിരിക്കും/ മധുമാസപ്പക്ഷീ -നിന്റെ / ചിറകുരുമ്മി നടക്കുമ്പോൾ ഒരു/ യുഗമൊരു നിമിഷം -എനിക്കൊരു/ യുഗമൊരു നിമിഷം’’ എന്ന് പല്ലവി. വരികൾ ഇങ്ങനെ തുടരുന്നു: ‘‘എല്ലാ വെയിലിലും കൊഴിയാൻ തുടങ്ങും/ എൻ ദുഃഖപുഷ്പങ്ങൾ -നിന്റെ/ അധരമദത്തിന്റെ അമൃതസഞ്ജീവനി/ അനുദിനം നുകരുന്നു/ ഉന്മാദവതിയാം കാറ്റിൻ കയ്യിൽ/ ഒന്നിച്ചൊരൂഞ്ഞാലിലാടുന്നു...’’

കെ.പി. ബ്രഹ്മാനന്ദനും അയിരൂർ സദാശിവനും ചേർന്നു പാടിയ ഹാസ്യരസപ്രധാനമായ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ഗോപകുമാരാ ശ്രീകൃഷ്ണാ/ ഗോകുലപാലാ ശ്രീകൃഷ്ണാ/ ഗോപകുമാരാ ഗോകുലപാലാ/ ഗുരുവായൂരപ്പാ -ശ്രീകൃഷ്ണാ/ കൃഷ്ണഹരേ ശ്രീകൃഷ്ണ ഹരേ/ കൃഷ്ണഹരേ ശ്രീകൃഷ്ണ ഹരേ...’’ തുടർന്നുള്ള വരികളിൽ വലിയ മാറ്റം കാണാം.

 

യശോദ പാലയാട് സഹോദരൻ രവി പാലയാടിനൊപ്പം പാടുന്നു

‘‘നെറുകയിൽ നീലതിരിപ്പൻ കെട്ടിയ/ നെറുകയിൽ പീലിത്തിരുമുടി കെട്ടിയ/ ഗുരുവായൂരപ്പാ കൃഷ്ണാ -ഗുരുവായൂരപ്പാ/ എത്ര സിനിമയിൽ നിന്നെ ഞാൻ കണ്ടു/ എത്ര ജന്മങ്ങളിൽ നിന്നെ ഞാൻ കണ്ടു/ എത്ര കുഴൽവിളി കേട്ടു/ ഷീലയും നീ ഉർവശി ശാരദയും നീ/ ജയഭാരതിയും നീ/ സത്യനും നീ മധുവും നീ/ പ്രേംനസീറും നീ.../ബുദ്ധനും നീ നബിയും നീ/ ക്രിസ്തുദേവനും നീ...’’ എന്നിങ്ങനെ തുടരുന്നു ഭക്തിയില്ലാത്ത ഈ ഭക്തിഗാനം. എൽ.ആർ. ഈശ്വരി പാടിയ നൃത്തഗാനമാണ് മറ്റൊന്ന്.

‘‘കനകമോ കാമിനിയോ/ കൺപുരികപ്പീലിയാൽ മനുഷ്യമനസ്സിനെ/ കാൽത്തളിരിൽ വീഴ്‌ത്തുന്ന കലയേത്.../ കനകം... കനകം...കനകം’’ എന്നു പല്ലവി. വരികൾ ഇങ്ങനെ തുടരുന്നു: ‘‘നാഗരത്ന നവരത്ന മാല വേണോ/ അനുരാഗമെന്ന തുളുമ്പുന്ന മദിര വേണോ/ ഞാൻ നിറയ്ക്കും വൈൻഗ്ലാസിൽ/ തേൻതിരയിൽ തുഴയുമീ/ കാമുകർക്കും കവിത വേണോ... എന്റെ/ കാമശാസ്ത്രകവിത വേണോ.../ മാല മാല... മാനത്തെ മേനക/ മണ്ണിലേക്കെറിയും മാല മാല.../ മണ്ണിലേക്കെറിയും മാല/ മാലയ്ക്കും മേനകയ്ക്കും പൊന്നുംവില/ പൊന്നുംവില/ ലലല്ല ലലല്ല ലലല്ല ലലല്ല/ ഹഹഹഹഹഹഹ...’’

ചിത്രത്തിലെ നാലാമത്തെ പാട്ട് ഒരു പാരഡിയാണ്. വയലാർ എഴുതി ദേവരാജൻ ഈണം നൽകി യേശുദാസ് പാടി പ്രശസ്തി നേടിയ ‘‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, നിന്റെ തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ’’ എന്ന ഗാനത്തിന് വയലാർ തന്നെ എഴുതിയ പാരഡിയിൽ തുടക്കം. പിന്നെ ‘‘മാനസമൈനേ... വരൂ...’’ തുടങ്ങിയ മറ്റുചില പാട്ടുകളുടെ ഈണങ്ങളിലും വരികൾ ഈ പാരഡിയിൽ വരുന്നുണ്ട്.

‘‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ -നിന്റെ/ തിങ്കളാഴ്ചനൊയമ്പിന്നു മുടക്കും ഞാൻ/ കടക്കണ്ണിൻ മുനയാൽ കള്ളനോട്ടടിക്കുമീ/ കറക്കുകമ്പനിയിന്നു പൊളിക്കും ഞാൻ/ അയ്യയ്യോ... അതാ കണ്വമഹർഷി വരുന്നു.../ മാനസമൈനേ വരൂ... മധുരം നുള്ളിത്തരൂ/ ഈ അരുമ പൂവാടിയിൽ നീ/ തേടുവതാരേ... ആരെ... മാനസമൈനേ വരൂ/ കടുവാ കള്ളബടുവാ’’ എന്നിങ്ങനെ നീണ്ടുപോകുന്ന ഈ പാട്ടിൽ മറ്റു ഗാനരചയിതാക്കൾ എഴുതിയ പാട്ടുകളുടെ പാരഡികളും ഉൾപ്പെടുത്തിയിട്ടുണ്ട് (ഉദാഹരണം: ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം...).

അയിരൂർ സദാശിവൻ, മനോഹരൻ, ചന്ദ്രഭാനു, ശ്രീലത നമ്പൂതിരി എന്നിവർ ചേർന്നാണ് സാമാന്യം ദൈർഘ്യമുള്ള ഈ പാരഡി പാടിയിരിക്കുന്നത്. വയലാർ രാമവർമയും അർജുനനും ഒരുമിച്ചിട്ടും ‘രഹസ്യരാത്രി’യിലെ പാട്ടുകൾക്ക് ഉയർന്ന നിലവാരം പുലർത്താൻ കഴിയാതെപോയത് തീർച്ചയായും അവരുടെ കുറ്റംകൊണ്ടല്ല. എ.ബി. രാജ് സംവിധാനംചെയ്ത ഒരു ശരാശരി ചിത്രമാണ് ‘രഹസ്യരാത്രി’. 1974 മാർച്ച് 24ന്​ ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തി.

(തുടരും)

Tags:    
News Summary - weekly sangeetha yathrakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.