വിജയശ്രീ അവസാനമായി അഭിനയിച്ച ഗാനം

‘വണ്ടിക്കാരി’ എന്ന ചിത്രത്തിനുവേണ്ടി ഒരു ഗാനം മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ. വിജയശ്രീ അവസാനമായി അഭിനയിച്ച ഗാനം. ഇത് ‘യൗവനം’ എന്ന ചിത്രത്തോടൊപ്പം തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയുംചെയ്തു. യേശുദാസ് പാടിയ ഒരു ഗാനംകൂടി ‘വണ്ടിക്കാരി’യിൽ ഉള്ളതായി ചില ഇന്റർനെറ്റ് സൈറ്റുകളിൽ കാണുന്നു. അത് ശരിയല്ല. പാട്ടു ചരിത്രത്തിൽ വിജശ്രീയും ‘വണ്ടിക്കാരി’ എന്ന സിനിമയും കടന്നുവരുന്നു.എം.ടി. വാസുദേവൻ നായരുടെ ഒരു ചെറുകഥയെ അടിസ്ഥാനമാക്കി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ എം. ആസാദ് സംവിധാനംചെയ്ത സിനിമയാണ് ‘പാതിരാവും പകൽവെളിച്ചവും’. ചെലവൂർ പിക്‌ചേഴ്‌സിന്റെ പേരിൽ തയ്യിൽ കുഞ്ഞിക്കണ്ടൻ എന്നയാളാണ്...

‘വണ്ടിക്കാരി’ എന്ന ചിത്രത്തിനുവേണ്ടി ഒരു ഗാനം മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ. വിജയശ്രീ അവസാനമായി അഭിനയിച്ച ഗാനം. ഇത് ‘യൗവനം’ എന്ന ചിത്രത്തോടൊപ്പം തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയുംചെയ്തു. യേശുദാസ് പാടിയ ഒരു ഗാനംകൂടി ‘വണ്ടിക്കാരി’യിൽ ഉള്ളതായി ചില ഇന്റർനെറ്റ് സൈറ്റുകളിൽ കാണുന്നു. അത് ശരിയല്ല. പാട്ടു ചരിത്രത്തിൽ വിജശ്രീയും ‘വണ്ടിക്കാരി’ എന്ന സിനിമയും കടന്നുവരുന്നു.

എം.ടി. വാസുദേവൻ നായരുടെ ഒരു ചെറുകഥയെ അടിസ്ഥാനമാക്കി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ എം. ആസാദ് സംവിധാനംചെയ്ത സിനിമയാണ് ‘പാതിരാവും പകൽവെളിച്ചവും’. ചെലവൂർ പിക്‌ചേഴ്‌സിന്റെ പേരിൽ തയ്യിൽ കുഞ്ഞിക്കണ്ടൻ എന്നയാളാണ് ചിത്രം നിർമിച്ചത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയത് സംവിധായകൻ ആസാദ് തന്നെയാണ്. എം.ടിയുടെ കഥക്ക് മറ്റൊരാൾ തിരക്കഥ രചിക്കുന്നത് ആദ്യമായിട്ടായിരിക്കണം.

പ്രേംനസീർ, ജയഭാരതി, രാഘവൻ, ശങ്കരാടി, ബാലൻ കെ. നായർ, എസ്.പി. പിള്ള, അടൂർ ഭവാനി, ബഹദൂർ, നിലമ്പൂർ ആയിഷ, ശ്രീലത, കുഞ്ഞാവ, മാസ്റ്റർ രഘു തുടങ്ങിയവരോടൊപ്പം തിരക്കഥാകൃത്തായ ടി. ദാമോദരനും ഈ ചിത്രത്തിൽ അഭിനയിച്ചു. യൂസഫലി കേച്ചേരിയുടെ ഗാനങ്ങൾക്ക് കെ. രാഘവൻ സംഗീതം നൽകി. ചിത്രത്തിന് പശ്ചാത്തലസംഗീതം (റീറെക്കോഡിങ്) നൽകിയത് എം.ബി. ശ്രീനിവാസൻ ആണ്.

നാല് ഗാനങ്ങളാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. യേശുദാസ്, എസ്. ജാനകി, ബ്രഹ്മാനന്ദൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. യേശുദാസ് പാടിയ ആദ്യഗാനം ‘‘ചോദ്യമില്ല, മറുപടിയില്ല’’ എന്ന് തുടങ്ങുന്നു.

‘‘ചോദ്യമില്ല, മറുപടിയില്ല/ ജീവിതമെന്ന കടങ്കഥയിൽ ജീവിതമെന്ന കടങ്കഥയിൽ’’ എന്ന് പല്ലവി. ഗാനം ഇപ്രകാരം തുടരുന്നു: ‘‘പാതിരാവും പകൽവെളിച്ചവുമായ്/ സുഖദുഃഖമിടകലർന്നൊഴുകുന്നു/ കാർമുകിൽ കരയും, താരകം ചിരിക്കും/ കഥയിതു തുടർന്നേ പോകുന്നു.../ വേനലില്ല വർഷമില്ല/ കാലമെന്ന മഹാനദിയിൽ...’’

ഒരു ഇടവേളക്കുശേഷം യൂസഫലി രചിച്ച ഈ ഗാനം ഉന്നതനിലവാരം പുലർത്തി. യേശുദാസ് പാടിയ രണ്ടാമത്തെ ഗാനമിതാണ്. ലളിതസുന്ദരമായ ഒരു പ്രണയഗാനം.

‘‘മറിമാന്മിഴിയുടെ മറിമായം/ മലരമ്പുകളാൽ മുറിയുന്നു ഹൃദയം/ മൺകുടമേന്തി നീ/ മൺകുടമേന്തി നീ നനച്ചതെൻ കരളിലെ/ കനകവല്ലരിയാണോ പറയൂ/ പ്രണയവല്ലരിയാണോ..?/ വാലിട്ടെഴുതിയ കണ്ണിൽ വിടർന്നത്/വാസന്തമലരാണോ -പറയൂ/വാസന്ത മലരാണോ.../മറിമാന്മിഴിയുടെ മറിമായം.’’

 

ബ്രഹ്മാനന്ദൻ പാടിയ ദുഃഖഗാനവും ശ്രദ്ധേയം. ‘‘കണ്ണീരാറ്റിലെ തോണി/ കാറ്റിലകപ്പെട്ട തോണി/ പാമരമില്ലാത്ത പങ്കായമില്ലാത്ത/ പാഴുറ്റ ജീവിതത്തോണി’’ എന്നു പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘കുഞ്ഞിക്കിളിയുടെ ഖൽബിനകത്തൊരു/ മോഹത്തിൻ മയ്യത്ത്/ കൂട്ടിനൊരാളില്ല കൂടിനകത്താകെ/ കൂരാകൂരിരുട്ട്.../ കണ്ണീരാറ്റിലെ തോണി...’’ ചിത്രത്തിലെ നാലാമത്തെ പാട്ടിന്‌ എസ്. ജാനകിയാണ് ശബ്ദം നൽകിയത്. ആ ഗാനവും വ്യത്യസ്തമാണ്. ‘‘നട്ടുനനക്കാതെ തൊട്ടു തലോടാതെ/ പൊട്ടിവിരിഞ്ഞല്ലോ പൂമുല്ല -എന്റെ/ ഖൽബിലെ സ്നേഹത്തിൻ തൈമുല്ല/ വലിയപെരുന്നാൾ പിറപോലെ/ വന്നെന്റെ മുന്നിൽ ഉദിച്ചവനേ/ കരളിൽ പടരുന്ന നറുമണം വിതറുന്ന/ കുടമുല്ല പൂത്തത് നീയറിഞ്ഞോ.../ തന്തിന്നോ താനിന്നോ/ തനതാനതന്ത തനതാനതന്ത/ താന തന്തിന്നാനോ.’’

‘‘തട്ടംകൊണ്ടെൻ മുഖം മറച്ചാലും തട്ടി തെറുപ്പിക്കും മണിമാരൻ...’’ എന്നു തുടങ്ങുന്ന അടുത്ത ചരണവും ആകർഷകംതന്നെ. 1974 മാർച്ച് 28ാം തീയതി ‘പാതിരാവും പകൽവെളിച്ചവും’ തിയറ്ററുകളിലെത്തി. മികച്ച ചിത്രം എന്ന അഭിപ്രായം ഉയർന്നെങ്കിലും സാധാരണ പ്രേക്ഷകരെ ചിത്രം ആകർഷിച്ചില്ല. അതുകൊണ്ട് ഈ സിനിമ പ്രദർശനവിജയം നേടിയില്ല. ഇതിൽ സംവിധായകനായ എം. ആസാദ് ദുഃഖിതനായിരുന്നു.

എക്സെൽ പ്രൊഡക്ഷൻസിനുവേണ്ടി ആലപ്പുഴ ഉദയാ സ്റ്റുഡിയോയിൽ എം. കുഞ്ചാക്കോ നിർമിച്ച സിനിമയാണ് ‘ദുർഗ’. സംവിധായകനും അദ്ദേഹം തന്നെ. എൻ. ഗോവിന്ദൻകുട്ടിയാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും രചിച്ചത്. പ്രേംനസീർ, ഉഷാകുമാരി, വിജയനിർമല, രാജശ്രീ, സുമിത്ര, കെ.പി. ഉമ്മർ, വിൻസെന്റ്, ബോബൻ കുഞ്ചാക്കോ, ജി.കെ. പിള്ള, അടൂർ ഭാസി, എസ്.പി. പിള്ള, അടൂർ പങ്കജം തുടങ്ങിയവർ അഭിനേതാക്കളായി. വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കി. ‘ദുർഗ’യിൽ ആകെ എട്ടു പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസ്, പി.ബി. ശ്രീനിവാസ്, പി. സുശീല, എൽ.ആർ. ഈശ്വരി, മാധുരി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.

യേശുദാസ് പാടിയ ‘‘സഹ്യന്റെ ഹൃദയം’’ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധേയമായ രചനയാണ്‌.

‘‘സഹ്യന്റെ ഹൃദയം മരവിച്ചു/ സന്ധ്യ തൻ കവിൾത്തടം ചുവന്നു/ മകളുടെ ഗദ്ഗദം യാത്ര ചോദിക്കുമ്പോൾ/ മണ്ണിന്റെ കണ്ണുകൾ നിറഞ്ഞു/ നദികൾ കരഞ്ഞു... കരഞ്ഞു.’’

ഈ മനോഹരമായ പല്ലവിക്കുശേഷം വരുന്ന ചരണം ഇങ്ങനെയാണ്: ‘‘ഈ വനഛായയിൽ പോയ വസന്തത്തിൽ/ പൂവിട്ടു വിടർന്നൊരനുരാഗമേ/ നീയൊരു വിരഹവികാരമായി -ഇന്ന്/ നിൻ കുടിൽ കണ്വാശ്രമമായി/ഒക്കത്തു ജീവിതച്ചുമടുമായ് പോവുക/ ദുഃഖപുത്രീ... ദുഃഖപുത്രീ...’’

ഈ വരികൾക്ക് സംഗീതസംവിധായകൻ നൽകിയ ഈണവും ഹൃദയദ്രവീകരണ ശക്തിയുള്ളതാണ്. യേശുദാസും സംഘവും പാടിയ ‘‘സ്വീറ്റ് ഡ്രീംസ്...’’ എന്ന് ആരംഭിക്കുന്ന ഗാനം ആഹ്ലാദകരമാണ്. ‘‘സ്വീറ്റ് ഡ്രീംസ്... സ്വീറ്റ് ഡ്രീംസ്... സ്വീറ്റ് ഡ്രീംസ്.../ മന്മഥ മാനസപുഷ്‌പങ്ങളേ -പ്രിയ/ ദമ്പതിമാരുടെ സ്വപ്നങ്ങളേ/ മംഗല്യരാത്രിയിൽ ഈ നല്ല രാത്രിയിൽ/ മംഗളം നിങ്ങൾക്കു മംഗളം...’’

യേശുദാസും മാധുരിയും കൂട്ടരും പാടിയ ‘‘ഗുരുദേവാ...’’ എന്ന പ്രാർഥനാഗാനമാണ് അടുത്തത്. ‘‘ഗുരുദേവാ ഗുരുദേവാ/ ശ്രീനാരായണ ഗുരുദേവാ/ ശിരസ്സിൽ ശ്രീപാദപുഷ്പങ്ങൾ ചൂടിയ/ ശിവഗിരി തേടി വരുന്നു -ഞങ്ങൾ/ ഗുരുകുലം തേടി വരുന്നു’’ എന്ന പല്ലവിയെ തുടർന്നുവരുന്ന ചരണം വളരെ ശക്തമാണ്.

‘‘അദ്വൈതത്തിനെ പൂണൂലണിയിക്കും/ ആര്യമതങ്ങൾ കേൾക്കെ -അവരുടെ/ ആയിരം ദൈവങ്ങൾ കേൾക്കെ/ ഒരു ജാതി ഒരു മതം ഒരുദൈവമെന്നൊരു/ തിരുക്കുറൽ പാടിയ ഗുരുദേവാ/ നിൻ തിരുനാമം ജയിക്കട്ടെ/ നിന്റെ വെളിച്ചം നയിക്കട്ടെ/ പുലരട്ടെ പുലരട്ടെ/ പുതിയൊരു ധർമം പുലരട്ടെ,/ ഗുരുദേവാ...’’

യേശുദാസും പി. സുശീലയും ചേർന്നു പാടിയ പ്രണയഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘കാറ്റോടും മലയോരം/ കല്ലുകൾ പാടും മലയോരം / കാട്ടിലെ കന്മദസൗരഭംപോലെ/ പാട്ടിലെ കവിതപോലെ/ പറന്നു വരൂ -മനസ്സിൻ/ മുളങ്കുടിൽ തുറന്നുതരൂ.’’

പി. സുശീല തനിച്ചു പാടിയ ‘‘സഞ്ചാരീ സ്വപ്നസഞ്ചാരീ...’’ എന്ന് തുടങ്ങുന്നതും ഒരു പ്രേമഗാനം തന്നെ.

‘‘സഞ്ചാരീ സ്വപ്നസഞ്ചാരീ -ഈ/ മഞ്ചാടിക്കുടിലിൻ മുറ്റത്തുവരുമോ/ നിൻ ചൂഡാമണി തരുമോ/ സഞ്ചാരീ...’’ എന്നിങ്ങനെയാണ് ഗാനത്തിന്റെ പല്ലവി. പി. സുശീല പാടിയ മറ്റൊരു ഗാനം, ‘‘ശബരിമലയുടെ താഴ്വരയിൽ...’’ എന്നാണ് ആരംഭിക്കുന്നത്.

‘‘ശബരിമലയുടെ താഴ്വരയിൽ/ ശതാവരി താഴ്വരയിൽ/ പമ്പവിളക്കിനു നഗരത്തിൽനിന്നൊരു/ പഞ്ചവർണക്കിളി വന്നു.../ ശബരിമലയുടെ താഴ്വരയിൽ...’’

യേശുദാസും മാധുരിയും കൂട്ടരും ചേർന്നു പാടുന്ന മറ്റൊരു സംഘഗാനം ‘‘ചലോ... ചലോ...’’ എന്നാണ് ആരംഭിക്കുന്നത്.

 

എം.ടി. വാസുദേവൻ നായർ,ടി. ദാമോദരൻ,പ്രേംനസീർ

‘‘ചലോ ചലോ പൂനാവാലാ/ കണ്ണൂർവാലാ കാബൂളിവാലാ/ ചലോ ചലോ ചലോ ചലോ/ ആന മയിൽ ഒട്ടകം കുതിര/ ആൾക്കരടി നീർക്കരടി കടുവ/ ഹിന്ദു മുസൽമാൻ ക്രിസ്ത്യാനി/ ഹിപ്പി ജിപ്സി പട്ടാണി/ ലാലലാലാലാലാലാ/ ചലോ...ചലോ.../ ഹൈലസാ ഹൈലസാ ഹൈലസ്സാ...’’

പി.ബി. ശ്രീനിവാസും എൽ.ആർ. ഈശ്വരിയും ചേർന്നു പാടുന്ന ഭക്തിഗാനം ‘‘മാളികപ്പുറത്തമ്മേ...’’ എന്ന് തുടങ്ങുന്നു.

‘‘അമ്മേ.../ മാളികപ്പുറത്തമ്മേ മാമലപ്പുറത്തമ്മേ/ മലയേഴും കാത്തരുളുക കാടേഴും കാത്തരുളുക/ മാരിയമ്മേ മാരിയമ്മേ/ വാളെടുത്തു ചെലമ്പെടുത്തു തുള്ളി/ താനതന്തന താനതന്താ/ കാളിക്കാവിൽ കുങ്കുമക്കുടം തുള്ളി/ ഓംകാളി ഓംകാളി ഓംകാളി’’ എന്നിങ്ങനെ തുടരുന്നു ദീർഘമായ ഈ നൃത്തഗാനം.

‘ദുർഗ’ എന്ന സിനിമയിൽ എട്ടു പാട്ടുകൾ ഉണ്ടായിരുന്നെങ്കിലും രണ്ടോ മൂന്നോ ഗാനങ്ങൾ മാത്രമേ ഹിറ്റ്ചാർട്ടിൽ ഇടംപിടിച്ചുള്ളൂ... എന്നാൽ, കഥാസന്ദർഭങ്ങൾക്കു ചടുലത നൽകാൻ അവ സഹായിച്ചു എന്ന സത്യം വിസ്മരിച്ചുകൂടാ.

1974 ഏപ്രിൽ അഞ്ചിന്​ റിലീസ് ചെയ്‌ത ‘ദുർഗ’ നിർമാതാവിന് സാമ്പത്തികമായി പ്രയോജനപ്പെട്ടു എന്നാണ് അറിവ്.

നീല പ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം മെറിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച് ‘ദാഹം’ (തമിഴ്), ‘സ്വപ്നം’ (മലയാളം) തുടങ്ങിയ സിനിമകളുടെ സംവിധായകനായ ബാബു നന്ദൻകോട് സംവിധാനം നിർവഹിച്ച ‘യൗവനം’ എന്ന സിനിമയിൽ വിജയശ്രീയാണ് നായിക. മധുവും രാഘവനും പ്രധാന പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിക്കുറിശ്ശി സുകുമാരൻ നായർ, റാണിചന്ദ്ര, കെ.വി. ശാന്തി, ആറന്മുള പൊന്നമ്മ, വഞ്ചിയൂർ മാധവൻ നായർ, ടി.പി. രാധാമണി, പറവൂർ ഭരതൻ, ആനന്ദവല്ലി, സരസ്വതി തുടങ്ങിയവരും വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ശ്രീകുമാരൻ തമ്പിയാണ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചത്. ശ്രീകുമാരൻ തമ്പി-വി. ദക്ഷിണാമൂർത്തി ടീം പാട്ടുകളൊരുക്കി. യേശുദാസും എസ്. ജാനകിയും മാത്രമേ ഈ സിനിമയിൽ പാടിയിട്ടുള്ളൂ. ‘‘മധുര മീനാക്ഷി അനുഗ്രഹിക്കും...’’, ‘‘സ്വർണപ്പൂഞ്ചോല...’’ തുടങ്ങിയ ഗാനങ്ങൾ ഈ സിനിമയിലുള്ളവയാണ്.

എസ്. ജാനകി പാടിയ ‘‘മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ/ മാനസവീണയിൽ ശ്രുതിയുണരും/ നിർമലസ്നേഹത്തിൻ പൂജാവീഥിയിൽ/ എന്റെ സങ്കൽപങ്ങൾ തേർ തെളിക്കും’’ എന്ന പല്ലവി പ്രസിദ്ധമാണ്. ആദ്യത്തെ ചരണം ഇങ്ങനെയാണ്:

‘‘പൂവിടാൻ ദാഹിച്ചൊരെന്റെ തൈമുല്ലയിൽ/ പുലരിയിലിന്നൊരു പൂ വിരിഞ്ഞു/ എന്നാത്മദാഹത്തിൻ ബിന്ദുവാണാ മലർ/ എൻ ജന്മസാഫല്യകാന്തിയല്ലോ/ മധുരമീനാക്ഷി അനുഗ്രഹിക്കും...’’ യേശുദാസും എസ്. ജാനകിയും ചേരുന്ന ‘‘സ്വർണപ്പൂഞ്ചോല’’ എന്ന ഗാനം ഹിറ്റ്ചാർട്ടിൽ വന്ന മറ്റൊരു സെമി ക്ലാസിക്കൽ കൃതിയാണ്.

‘‘സ്വർണപ്പൂഞ്ചോല -ചോലയിൽ/ വർണത്തിരമാല/ എന്റെ മനസ്സാം പൂഞ്ചോല/ എന്നും പാടും പൂഞ്ചോല...’’ പാട്ടു പഠിപ്പിക്കുന്ന രീതിയിലാണ് ഈ ഗാനം ചിത്രീകരിച്ചിട്ടുള്ളത്. അതുകൊണ്ട് വരികൾ ആവർത്തിക്കപ്പെടുന്നുണ്ട്. ഗാനം ഇങ്ങനെ തുടരുന്നു:

 

ബാലൻ കെ. നായർ,ജയഭാരതി

‘‘സ്നേഹത്തിൻ ദാഹം -ആ/ ഗാനത്തിൻ രാഗം/ രാഗധാരയിൽ നീന്തിയാടും/ ദേവഹംസങ്ങൾ/ ഭാവന തൻ വെണ്ണോടങ്ങൾ.../ സ്വർണപ്പൂഞ്ചോല -ചോലയിൽ/ വർണത്തിരമാല...’’

എസ്. ജാനകി പാടിയ മറ്റൊരു ഗാനം നായിക പാടുന്ന ഒരു ദുഃഖഗാനമാണ്. ‘‘ദൈവമേ... ദീപമേ...’’ എന്ന് ഗാനം ആരംഭിക്കുന്നു. ‘‘മറഞ്ഞു പോയൊരെൻ ദൈവമേ/ പൊലിഞ്ഞ സ്നേഹത്തിൻ ദീപമേ/ അവിടുന്നെൻ ദുഃഖം കാണുമോ.../ അകലെയെൻ വിളി കേൾക്കുമോ’’ എന്നു പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘നിറഞ്ഞ സൗഭാഗ്യമേടയിൽ അച്ഛൻ/ കനിഞ്ഞു നൽകിയ ജീവിതം/ ഉരുകിത്തീരുകയായിതാ -നെയ്/ വിളക്കിലെ തിരി പോലവേ /ദൈവമേ... ദീപമേ...’’

യേശുദാസ് പാടിയ ‘‘കണ്ണാടിവിളക്കുമായ്...’’ എന്നാരംഭിക്കുന്ന ഗാനവും ജനപ്രീതി നേടി.

‘‘കണ്ണാടിവിളക്കുമായ്/ കാഞ്ചനക്കുടയുമായ്/ പൗർണമിസുന്ദരി വന്നിറങ്ങി/ വിണ്ണിലെ മാദകമണിയറശയ്യയിൽ/ വെൺമേഘമിഥുനങ്ങളുറങ്ങി/ ഉറങ്ങി ഉറങ്ങി പുണർന്നുറങ്ങി.’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘കയ്യെത്തും ദൂരത്തെ ചെമ്പകപ്പൂവേ നിൻ/ കതിർ വാരി ചൂടുവാൻ മോഹം/ ഈ വെണ്ണിലാവിന്റെ പാദസരം ചാർത്തി/ ആലോലമാടുവാൻ മോഹം...’’

യേശുദാസ് തന്നെ ആലപിച്ച മറ്റൊരു ഗാനം ‘‘പുല്ലാങ്കുഴൽപ്പാട്ടു കേൾക്കുമ്പോൾ...’’ എന്ന് തുടങ്ങുന്നു. ‘‘പുല്ലാങ്കുഴൽപ്പാട്ടു കേൾക്കുമ്പോൾ/ പ്രിയരാധയായ് മാധവനെ തേടിനടക്കും/ പൂവനങ്ങൾ പൂത്തുലയുമ്പോൾ/ പ്രിയമേനകയായ്/ മാമുനിയെ തേടി നടക്കും/ കാമദേവൻ ദാനമേകിടും മലരമ്പുകൾ/ കണ്ണുകളിൽ നീ നിറച്ചിടും/ ദേവലോക സുന്ദരിയായ് നീ ഹൃദയങ്ങളിൽ/ മാദകമാം നർത്തനമാടും...’’ സാമാന്യം ദൈർഘ്യമുള്ള ഗാനമാണിത്. ‘‘ചാരുശീലേ നിന്റെ മിഴികൾ/ രാഗമന്ദിരജാലകങ്ങൾ...’’ എന്നിങ്ങനെ പാട്ടു തുടരുന്നു.

 

യൂസഫലി കേച്ചേരി,ആസാദ് എം

‘യൗവനം’ എന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയായപ്പോൾതന്നെ വിജയശ്രീ ശീർഷകവേഷത്തിൽ അഭിനയിക്കുന്ന ‘വണ്ടിക്കാരി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മെറിലാൻഡ് സ്റ്റുഡിയോയിൽ ആരംഭിച്ചിരുന്നു. അതിലെ ഗാനങ്ങളും ശ്രീകുമാരൻ തമ്പിയാണ് എഴുതിയത്. ദേവരാജൻ ആയിരുന്നു സംഗീതസംവിധായകൻ. ചിത്രത്തിലെ ഒരു പാട്ടും ഏതാനും രംഗങ്ങളും ചിത്രീകരിച്ചു കഴിഞ്ഞപ്പോൾ തികച്ചും അപ്രതീക്ഷിതമായി വിജയശ്രീ ഈ ഭൂമിയോടു വിടപറഞ്ഞു. ‘വണ്ടിക്കാരി’ എന്ന ഈ അപൂർണചിത്രവും ‘യൗവനം’ എന്ന ചിത്രത്തോടൊപ്പം പ്രദർശിപ്പിക്കുകയുണ്ടായി. ‘വണ്ടിക്കാരി’യിൽ കാളവണ്ടി ഓടിച്ചുകൊണ്ട് വിജയശ്രീ പാടുന്ന ഗാനം ഇവിടെ ഉദ്ധരിക്കുന്നു. മാധുരിയാണ് ഈ ഗാനം പാടിയത്.

‘‘ഇടവപ്പാതിക്കോളു വരുന്നു/ ഇതുവഴി മിന്നൽത്തേരു വരുന്നു/ തുള്ളിക്കൊരു കുടമാകും മുമ്പേ/ തുള്ളി നട തുള്ളി നട/ വെള്ളിമണിക്കാളേ... നട നട/ വെള്ളിമണിക്കാളേ...’’ ആദ്യത്തെ ചരണം ഇങ്ങനെ: ‘‘പൂക്കാതെ കായ്ക്കാതെ/ പൂവണിമലയിൽ കാവൽ നിന്നൊരു/ പൂവരശിന്നലെ പൂത്തു/ എന്റെ കിനാവുകൾ പൂത്തു -ജീവിത/ സന്ധ്യാപുഷ്‌പി തളിർത്തു/ ഈ വഴിയാത്രയിലെൻ ചങ്ങാതീ/ നീയാണിനിയെൻ വഴികാട്ടി.’’

‘വണ്ടിക്കാരി’ എന്ന ചിത്രത്തിനുവേണ്ടി ഈ ഒരു ഗാനം മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ. വിജയശ്രീ അവസാനമായി അഭിനയിച്ച ഗാനം. ഇത് ‘യൗവനം’ എന്ന ചിത്രത്തോടൊപ്പം തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയുംചെയ്തു. യേശുദാസ് പാടിയ ഒരു ഗാനംകൂടി ‘വണ്ടിക്കാരി’യിൽ ഉള്ളതായി ചില ഇന്റർനെറ്റ് സൈറ്റുകളിൽ കാണുന്നു. അത് ശരിയല്ല. വിജയശ്രീ ജീവിച്ചിരിക്കുകയും ‘വണ്ടിക്കാരി’ എന്ന ചിത്രം പൂർത്തിയായി തിയറ്ററിലെത്തുകയുംചെയ്തിരുന്നെങ്കിൽ 1974ൽതന്നെ മലയാള സിനിമക്ക് ഒരു ലേഡി സൂപ്പർസ്റ്റാറിനെ ലഭിക്കുമായിരുന്നു.

1974 ഏപ്രിൽ 11ന് ‘യൗവനം’ എന്ന സിനിമയോടൊപ്പം ‘വണ്ടിക്കാരി’ എന്ന സിനിമയിലെ ചിത്രീകരിക്കപ്പെട്ട ചെറിയ ഭാഗവും റിലീസ് ചെയ്തു.

(തുടരും)

Tags:    
News Summary - weekly sangeetha yathrakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.