ദലിത് എന്ന പരികൽപന പ്രയോഗത്തിൽ വന്നിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. പെട്ടെന്നതിന് വർധിച്ച വ്യാപകത്വം ലഭിച്ചു. ദലിത് ഒരാശയമാണ്. അടിച്ചമർത്തപ്പെട്ട ജനസമൂഹങ്ങൾ നിരന്തരം പോരാടിക്കൊണ്ടിരുന്ന സവർണ സമുദായങ്ങൾക്കെതിരെ ഒരു കാലം എടുത്തുവെച്ച പ്രയോഗം കൂടിയാണ് ദലിത് എന്നത്. വെളുത്തവനും കറുത്തവനും എന്നൊരു പ്രയോഗം ചരിത്രത്തിൽ നാം കാണുന്നു. വെളുത്തവരോടുള്ള കറുത്തവരുടെ പോരാട്ടം 'നീേഗ്രായിത്തം' എന്ന ഒരു സംജ്ഞക്കു രൂപം നൽകിയത് ഓർക്കുക. തുല്യമായ ഒരു ഭാവപ്പൊലിമ സമാർജിച്ച ഒരു വിശുദ്ധ പ്രയോഗം – ദലിതരും സവർണരും – നമ്മുടെ വ്യവഹാരത്തിലും വന്നുചേർന്നിരിക്കുന്നു. ഇവിടത്തെ അധഃകൃത സമൂഹത്തെ വായിക്കാൻ ഉതകുന്ന ഒരു സൂചകം! അധഃകൃതരുടെ സമൂഹവുമായി ബന്ധപ്പെട്ട ആശയപരിചരണവും പുരോഗതി ചിന്തയും ആവാഹിച്ചെടുക്കുന്ന ആ പദബോധം പതുക്കെ ഒരു പ്രത്യയശാസ്ത്ര രൂപമായി പരിവർത്തനം ചെയ്യുന്നതായി നാം കാണുന്നു. നിറം ഒരു പ്രധാനഘടകമായി ദലിത് പ്രസ്ഥാനവും ചൂണ്ടിക്കാണിക്കുന്നു.
വ്യത്യസ്ത ഗോത്രസ്വഭാവമുള്ള മനുഷ്യരുടെ കൂട്ടങ്ങൾ പണ്ടു മുതലേ നമ്മുടെ ഗ്രാമങ്ങളിൽ അധിവസിച്ചിരുന്നു. അവർ അറിയപ്പെട്ടത് അധഃകൃതർ എന്ന നാമധേയത്തിലാണ്. കൃഷിയിടങ്ങളിലും വലിയവരുടെ വീടുകളിലും പണിചെയ്ത് ജീവിതം നീക്കിയിരുന്ന ഈ വിഭാഗം ഒരുനിലക്കും സ്വതന്ത്രരായിരുന്നില്ല. സമൂഹത്തിന്റെ പൊതുധാരയിൽ അവർ എത്തിയിരുന്നില്ല. അഥവാ ആ അധഃകൃത സമൂഹത്തെ പൊതുധാരയിൽ എത്തിക്കുന്നതിന് വിഘാതമായി നിന്നത്, ചില ഇതര സമുദായങ്ങളോ ജാതിവ്യവസ്ഥയോ ആണ്. അധികാര കേന്ദ്രങ്ങളും അതിനായി പ്രവർത്തിച്ചു. അധഃകൃതർ വെറും പണിയാളുകളും തങ്ങളുടെ അടിമകളുമായി ജീവിക്കേണ്ടവരാണ് എന്ന് ആ വ്യവസ്ഥ വിധിയെഴുതിയാൽ എന്തു ചെയ്യും? ദീർഘകാലം അടിമകളും നിയമപരിരക്ഷയില്ലാത്തവരും ഒന്നും കരുതിവെക്കാൻ കഴിയാത്തവിധം മനസ്സ് ദുർബലപ്പെട്ടവരുമായിത്തീർന്നു, അധഃകൃതർ. അവർക്ക് സ്വാതന്ത്ര്യം എന്നത് ജന്മികൾ, നാടുവാഴികൾ, വർഗീയവാദികൾ എന്നിവർ നിർമിച്ചുനൽകിയ ചട്ടങ്ങളെ അനുസരിക്കലായിരുന്നു. അസ്വാതന്ത്ര്യത്തിന്റെയും അടിമ മനോഭാവത്തിന്റെയും ഉള്ളിൽ കിടന്നുരുകി മെല്ലിച്ചുപോയ അധഃകൃതരായവരുടെ സമുദായങ്ങൾ ഒരു കുടക്കീഴിൽ വരുമെന്നതിന്റെ സൂചനയാണ് 'ദലിത്' എന്ന പ്രയോഗം. അതുകൊണ്ട് പണ്ടുള്ളവർ അധഃകൃതർ എന്ന് വ്യവഹരിച്ചിരുന്നതിന് ബദലായി ദലിത് എന്ന് വ്യവഹരിക്കുന്നതിൽ തെറ്റില്ല. കാലം ജീവിതത്തെ മാറ്റുന്നതുപോലെ, പദാവബോധങ്ങളെയും മാറ്റുമെന്ന് സാരം.
വിഭിന്ന ദലിത് സമൂഹങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഇവർ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു. വ്യത്യസ്ത സംസ്കാരവും ജീവിതശൈലിയും കൊണ്ടുനടക്കുന്നു. എന്നാൽ, എല്ലാവരും അധഃകൃതരുമാണ്. ഒരുപക്ഷേ, ഇവരു
െട സാമ്പത്തികവും സാംസ്കാരികവുമായ പിന്നാക്കാവസ്ഥയാകുന്നു ഇരര സമുദായങ്ങളിൽനിന്ന് അധഃകൃതരെ മാറ്റിനിർത്തിയത്. സ്വത്വപരമായ പ്രശ്നങ്ങൾ അധഃകൃതർ അനുഭവിച്ചിരുന്നു. സവർണ ജാതിയിൽപെട്ടവർക്ക് കീഴെ ജോലിചെയ്ത് ജീവിച്ചിരുന്ന ഇവരെ താഴ്ന്നവരായി മാത്രം കണ്ടു. അല്ലെങ്കിൽ സ്വത്വപരമായ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട്, അധഃകൃതർ ഒരു പ്രശ്നവും സൃഷ്ടിക്കാതെ നിലനിൽക്കാൻ ശ്രമിച്ചു. ജീർണിച്ച ജാതിവ്യവസ്ഥയിൽ തങ്ങളുടെ നിലനിൽപ് അന്വേഷിച്ച ഈ ദലിത് വിഭാഗങ്ങൾ നേരിട്ടിരുന്ന സംഘർഷങ്ങൾ നിരവധിയാണ്. ആ സ്വത്വ സംഘർഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സാമുദായിക നവോത്ഥാന നായകന്മാരുണ്ടായി.
അധഃകൃതർ അനുഭവിച്ചുകൊണ്ടിരുന്ന ജാതീയമായ വിവേചനവും വിഭാഗീയതയും ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു. അത് അപ്പാടെ വിട്ടുമാറിയിട്ടില്ല. ഇല്ലാതിരുന്ന ഒരു ജാതിസ്പർശം നൽകിക്കൊണ്ടാണ് അധഃകൃതെര അധികാരികൾ തങ്ങളുടെ വരുതിയിൽ നിർത്തിയതെന്ന് കാണാം. ബ്രിട്ടീഷ് ഭരണവും ആദ്യമായി ഇന്ത്യയിൽ നടന്ന സെൻസസും അതിന് കാരണമായി എന്ന് വിശ്വസിക്കാവുന്ന ചരിത്രസൂചനകൾ നമ്മുടെ മുന്നിലുണ്ട്. ഒരുകാലത്ത് ജാതിയില്ലാത്തവരായിരുന്നു അധഃകൃതർ. പിന്നെ എപ്പോഴാണ് അവർക്ക് ജാതി വന്നത്? കൗതുകകരമായ ഈ ചോദ്യത്തിനുള്ള ഉത്തരമാണ് വാസ്തവത്തിൽ നാം തേടേണ്ടത് എന്ന് തോന്നിപ്പോവുന്നു – ആദ്യത്തെ സെൻസസ് നടക്കുമ്പോൾ, രണ്ടു വിഭാഗത്തിൽപെട്ടവരേ ഇവിടെയുണ്ടായിരുന്നുള്ളൂ – (ക്രിസ്ത്യാനികളെയും മുസ്ലിമിനെയും മാറ്റിനിർത്തിയാൽ) ജാതിയുള്ളവരും ജാതിക്ക് പുറത്തുനിൽക്കുന്നവരും (Cast and outcast) എന്നായിരുന്നു ആ വിഭജനം. ജാതിയുള്ളവർ ആര്യന്മാരാണ്. ദലിതരും ആദിവാസികളും ഇതര പിന്നാക്ക വിഭാഗത്തിൽപെട്ടവരും ജാതിക്ക് പുറത്താണ്. അവരുടെ ജാതി ഏത് എന്ന് ചോദിച്ചാൽ outcast എന്ന് പറയേണ്ടിവരും. എത്രകാലം ജാതിയില്ലാത്തവരെ പുറത്തുനിർത്താൻ കഴിയുമെന്ന് സവർണവിഭാഗം കഠിനമായി ആലോചിച്ചിരിക്കാം എന്നു ഞാൻ കരുതുന്നു. അധികാര വർഗവും അതാലോചിച്ചിരിക്കാം. ദലിത്-ആദിവാസി വിഭാഗങ്ങൾ ഒരുമിച്ചിരുന്നാൽ, ഇവിടത്തെ സവർണരേക്കാൾ വലിയ വിഭാഗമായി മാറും എന്നത് ഒരു വസ്തുത മാത്രമാകുന്നു. അതുകൊണ്ട് അവരെ പുറത്തുനിർത്താതെ ജാതിക്കകത്തേക്ക് കൊണ്ടുവരുകയാണ് അഭികാമ്യം എന്നും അല്ലെങ്കിൽ തങ്ങളുടെ അധികാരംപോലും ഭാവിയിൽ ചോദ്യം ചെയ്യപ്പെടാൻ ഇടയുണ്ട് എന്നും മനസ്സിലാക്കി. ചുരുക്കിപ്പറഞ്ഞാൽ അന്നത്തെ ഭരണവർഗവും സവർണമേധാവിത്വവും നടത്തിയ ഒരു ഗൂഢാലോചനയാണ്, ഒരു ജാതിക്കുള്ളിൽ ദലിത്-ആദിവാസി സമൂഹത്തെ പറിച്ചു നട്ടത് എന്ന് വിശ്വസിക്കാനാണ് ചരിത്രം എന്നെ പ്രേരിപ്പിക്കുന്നത്.
തങ്ങൾ ഇഷ്ടപ്പെടാത്ത ഒരു വ്യവസ്ഥാരീതി ഏതെങ്കിലും വിധത്തിൽ വരാതെ നോക്കേണ്ടത് ഭരണകൗശലമാണ്. അധഃകൃതരെപ്പറ്റി പറയുമ്പോൾ നമുക്കിപ്പോഴും നേരിടേണ്ടി വരുന്നത് ആ കൗശലമല്ലാതെ മറ്റൊന്നല്ല.
ദലിത് എഴുത്തുകാരനായ വി.ടി രാജശേഖർ ഒരിക്കൽ പ്രകടിപ്പിച്ച ഒരു ആശയം ഞാനോർക്കുന്നു. ഇന്ത്യയിൽ മറ്റൊരിന്ത്യയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം ( [The Caste: A Nation within the Nation). അതിൽ ഒരു ശരിയില്ലേ എന്ന് ചിലപ്പോഴൊക്കെ എനിക്കും തോന്നാതിരുന്നില്ല. ഇന്ത്യൻ സമൂഹത്തിലെ നിതാന്തപ്രകാശമായി നിൽക്കുന്ന ദലിത് പിന്നാക്കവിഭാഗങ്ങളെക്കുറിച്ചോർക്കുമ്പോഴാണ് ആ വാദഗതിയിലെ ശരി നമുക്ക് മനസ്സിലാവുക. ഒരു സാമൂഹിക യാഥാർഥ്യം അദ്ദേഹം ചൂണ്ടിക്കാണിക്കുകയാണ്. വളരെ ശുഷ്കമാണ് ആര്യജനത. ഇന്ത്യയിലെ ദലിതരും പിന്നാക്ക വിഭാഗക്കാരും ഇതര അപരസമൂഹങ്ങളും കൂടിച്ചേർന്നാൽ, ആര്യന്മാരുടെ ഇന്ത്യയല്ലാതാകും. ഈനിലക്ക് ആരെയെങ്കിലും വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന കലഹങ്ങളും വർഗീയ കലാപങ്ങളും ദലിത് പീഡനങ്ങളും കൊലപാതകങ്ങളും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദുത്വം താഴെത്തട്ടിൽ മുന്നോട്ടുവെക്കുന്ന ദേശീയത എന്നത് ദലിത് വിരുദ്ധ ദേശീയതയാണ്. അംബേദ്കറെ പുകഴ്ത്തുക, പിന്നീട് ദലിത് വിരുദ്ധ ദേശീയത പ്രചാരപ്പെടുത്തുക എന്ന ധ്വംസനമാർഗം ഇന്ത്യൻ ജനാധിപത്യം സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു.
ചരിത്രത്തിന്റെ ഏത് ഘട്ടത്തിൽവെച്ചാണ് അധഃകൃതന് അവന്റെ സ്വത്വബോധം തിരിച്ചുകിട്ടുക എന്ന ഒരു ചോദ്യമുണ്ട്. നമ്മുടെ ചരിത്രകാരന്മാർ പറയുക കേരളീയ നവോത്ഥാനം ആ സ്വത്വബോധം തിരിച്ചുകൊടുത്തു എന്നാണ്. അത് ഒരു വ്യാജ പ്രസ്താവന മാത്രമായിരിക്കും. ശ്രീനാരായണനും അയ്യൻകാളിയും സഹോദരൻ അയ്യപ്പനും ആ നവോത്ഥാന പ്രക്രിയയിൽ വലിയ പങ്കുവഹിച്ചു എന്നത് നേരാണ്. ശ്രീനാരായണനെ പിന്തുടർന്നുകൊണ്ട് വേറെയും സമുദായ പരിഷ്കർത്താക്കൾ വന്നു. ഞാൻ അതൊന്നും മറച്ചുവെക്കുന്നില്ല. എന്നാൽ, ഈ കേരളീയ നവോത്ഥാനം ദേശീയ നവോത്ഥാനത്തിന്റെ തുടർച്ചയായിരുന്നില്ലേ? – ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധങ്ങൾ ഉയർന്നുവരാൻ തുടങ്ങിയതുതന്നെ, ദേശീയ പ്രസ്ഥാനമായി മനസ്സിലാക്കണം. സതിപോലുള്ള ആചാരങ്ങൾ നിർത്തൽ ചെയ്യപ്പെടുന്നു, തൊട്ടുകൂടായ്മക്കെതിരെ ദേശീയ നായകന്മാർ സംസാരിക്കാൻ തുടങ്ങുന്നു, കോൺഗ്രസിൽ ചേർന്ന് ഇംഗ്ലീഷിൽ പ്രസംഗിക്കാൻ പഠിക്കുന്ന കഥാപാത്രങ്ങൾ രൂപപ്പെടുന്നു – ഇതൊക്കെ ആ വലിയ മാറ്റത്തിന്റെ സൂചനകളായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ രൂപവത്കരണത്തിനുശേഷമുള്ള തൊട്ടടുത്ത വർഷങ്ങളിലാണ് ശ്രീനാരായണന്റെ അരുവിപ്പുറം പ്രതിഷ്ഠ നടക്കുന്നത്. തൊട്ടടുത്ത വർഷം ഒ. ചന്തുമേനോൻ 'ഇന്ദുലേഖ' എഴുതുന്നു. ദേശീയമായ നവോത്ഥാനമുന്നേറ്റവും സ്വാതന്ത്ര്യാവേശവും രൂപപ്പെടുത്തിയ കഥാപാത്രമായിരുന്നു 'മാധവൻ'. എന്നാൽ, തൊട്ടുമുമ്പ് ശ്രീനാരായണൻ നിർവഹിച്ച സാമൂഹിക വിചാരണ നോവലിൽ പ്രതിപാദിക്കപ്പെടുകയുണ്ടായില്ല. ഈശ്വരനും മതവും ജാതീയതയും മറ്റും ചർച്ചചെയ്യുന്ന നോവലിസ്റ്റ് എന്തുകൊണ്ട് ആ സാമൂഹിക പരിവർത്തന ദിശ കാണാതെപോയി? 'ഇന്ദുലേഖയിലെ ആശയ പരിശോധനകൾ' എന്ന ലേഖനത്തിൽ (നോവൽ -സന്ദർശനങ്ങൾ- ഗ്രീൻ ബുക്സ് -2021) ഈ കാര്യം ഞാൻ പരിശോധിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിലെ രാഷ്ട്രീയം എന്തുമാകട്ടെ ആ വസ്തുതകളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ കേരളീയ നവോത്ഥാനം എന്നത് ദേശീയ നവോത്ഥാനത്തിന്റെ തുടർച്ചയോ നീട്ടലോ ആണെന്നു ബോധ്യപ്പെടാം. കേരളത്തിൽ നവ മാറ്റങ്ങൾക്കുവേണ്ടിയുള്ള അനവധി സമരമാർഗങ്ങൾ അത് തുറന്നുകൊടുത്തു എന്നതാണ് നേര്. സാമുദായിക നവോത്ഥാനം ലക്ഷ്യംവെച്ചുകൊണ്ടുള്ള അന്വേഷണങ്ങളും ക്ഷേത്രപ്രവേശന സമരവും വൈക്കം സത്യഗ്രഹവും ഒക്കെ അടയാളപ്പെടുത്തുന്നതും ആ പരിണാമ ഘട്ടത്തെയാണ്.
അധഃകൃതരുടെ ഇടയിലേക്കും ആ മാറ്റത്തിന്റെ പ്രകാശനാളങ്ങൾ പ്രവേശിക്കാൻ താമസമുണ്ടായില്ല. ഇതര സമുദായങ്ങളിൽ പിറന്ന വ്യക്തികൾപോലും അധഃകൃതരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ തുടങ്ങുന്നത് നാം കാണുന്നു. അധഃകൃതരായ മനുഷ്യരിൽനിന്നും മികച്ച കഥാപാത്രങ്ങൾ കണ്ടെത്തി അവതരിപ്പിക്കാൻ കവികളും എഴുത്തുകാരും തയാറായി. 'ദുരവസ്ഥ'യിൽ കുമാരനാശാനും 'മിശ്രകാന്തി'യിൽ പള്ളത്തു രാമനും അധഃകൃതന്റെ നിലനിൽപിനെ സംബന്ധിച്ച പ്രശ്നങ്ങൾ ഭംഗിയായി ഉന്നയിച്ചു. ധീവര സമുദായത്തിൽ ജനിച്ച പണ്ഡിറ്റ് കെ.പി. കറുപ്പൻ പുലയരുടെ ജീവിതം സർഗാത്മകമാക്കുന്നതിനായി നിർദേശങ്ങളും നടപടിക്രമങ്ങളും ആവിഷ്കരിച്ചു. അധഃകൃതർ ഒരുദിവസം ചെയ്യേണ്ട കർമപരിപാടികൾ എന്തായിരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. അതുമായി ബന്ധപ്പെട്ട കവിതകളും ലേഖനങ്ങളും എഴുതി. പുലയരുടെ ഉന്നമനം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവർത്തനപരിപാടികൾ ആവിഷ്കരിക്കുകയും അവരുടെ പ്രശ്നങ്ങൾ ഭരണതലത്തിലെത്തിക്കാനുള്ള മാർഗങ്ങൾ ആരായുകയും ചെയ്തു. അടിച്ചമർത്തപ്പെട്ട അധഃകൃതർക്കിടയിൽ ഉന്മേഷവും ഉന്നമനവും ഉണ്ടാകണമെങ്കിൽ വിപ്ലവബോധമല്ല, ആത്മീയബോധമാണ് വേണ്ടതെന്ന് കെ.പി. കറുപ്പൻ പ്രസ്താവിക്കുന്നതും ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞ വസ്തുതയാണ്.
അവശസമൂഹത്തിലെ അംഗങ്ങളെ അവർ വീണുകിടക്കുന്ന ജീർണതയിൽനിന്നും വീണ്ടെടുക്കപ്പെടുക അത്ര ലളിതമല്ല എന്ന് പണ്ഡിറ്റ് കറുപ്പൻ മനസ്സിലാക്കി. വ്യക്തികൾ മാറാതെ സമുദായം ഒന്നടങ്കം മാറില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. തന്റെ സമുദായത്തിന്റെ കീഴുംമേലും മനസ്സിലാക്കിയ പണ്ഡിറ്റ് കെ.പി. കറുപ്പൻ, സഹോദര സമുദായങ്ങളുടെ ഘടനാത്മകമായ പ്രശ്നങ്ങളെ അഭിസംബോധനചെയ്തു. പ്രശ്നനിരീക്ഷണങ്ങളും പ്രതിരോധ വാങ്മയങ്ങളും അദ്ദേഹം നിർമിച്ച സാമൂഹികാവബോധം നവോത്ഥാന പ്രവർത്തനങ്ങളുമായി ചേർന്നുനിൽക്കുന്നവയാണ്. അതിനാലാകണം പുലയർക്കും ധീവരർക്കുമിടയിൽ ഒരു 'യോഗി'യെപ്പോലെ അദ്ദേഹം നിലകൊണ്ടു എന്നും ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയത്.
അധഃകൃതർക്ക് വസിക്കാൻ കോളനികൾ വേണമെന്ന ആഗ്രഹം കറുപ്പനുണ്ടായിരുന്നു. അവർക്കുവേണ്ടി ചില കോളനികൾ അദ്ദേഹം തന്റെ പരിശ്രമംകൊണ്ട് സൃഷ്ടിക്കുകയുണ്ടായി. സമുദായ സ്വഭാവ രൂപവത്കരണം അദ്ദേഹം ലക്ഷ്യമാക്കി എന്ന് കരുതണം. താൻ മുഖേനയും അല്ലാതെയും കോളനിക്കാരായി മാറിയ അധഃകൃതരായ മനുഷ്യരെ, വറ്റിപ്പോയ അവരുടെ പൗരബോധത്തെക്കുറിച്ച് ഓർമപ്പെടുത്താൻ, ആവിഷ്കരിച്ചതാണ് 'ആചാരഭൂഷണം' എന്ന ലഘുലേഖ.
ജീവിതം എന്നത് പാരമ്പര്യത്തിന്റെയും വർത്തമാനത്തിന്റെയും ഒരു സംഘാതമാണെന്ന് പറയാം. പാരമ്പര്യത്തിന്റെ ഊർജം കൈവിടാതെയാണ് ഓരോ മനുഷ്യനും ഭാവിയിലേക്ക് നോക്കുക. അപ്പോൾ വർത്തമാനത്തെ അവൻ ലഘൂകരിക്കുന്നു. ഈ പ്രശ്നം കൂടുതലായി അനുഭവിച്ചിരുന്നത് അധഃകൃതരായ വ്യക്തികളാണ്. അതുകൊണ്ട് ശബ്ദമുഖരിതമായ ഒരു ജീവിതവ്യവസ്ഥ അവർ സ്വീകരിച്ചു എന്നതാണ് വസ്തുത. തൊഴിൽ ചെയ്തു കിട്ടുന്ന പണംകൊണ്ട് അവർ മദ്യപിക്കുന്നു. കുടിയൊഴിക്കലിലെ നായകന്റെ ശബ്ദവും നാറ്റവും എത്രയോ തവണ നാം ചർച്ചചെയ്തുകഴിഞ്ഞതാണ്. കൂലിവേല ചെയ്ത് വീട്ടിൽ കലഹിച്ച് വീണ്ടും രാവിലെ എഴുന്നേറ്റ് വേലക്കു പോകുന്ന അധഃകൃതന്റെ ഒരു പ്രതിരൂപമല്ല ആ നായകൻ. ഇങ്ങനെ വ്യക്തിപരമായി സംഭവിക്കുന്ന ദുഷിപ്പുകൾ സമുദായത്തിന്റെ വലിയ ദുഷിപ്പായി മാറുമെന്ന യാഥാർഥ്യത്തിന്റെ മുന്നിലാണ് പണ്ഡിറ്റ് കെ.പി. കറുപ്പൻ വന്നുനിൽക്കുന്നത്. ആ അധഃകൃതരുടെ സമുദായങ്ങൾ നവീകരിക്കപ്പെടണമെങ്കിൽ അതിലെ ഓരോ വ്യക്തിയുടെയും ദുഷിപ്പുകളകന്ന് ഒരു സദാചാരക്രമം രൂപപ്പെടേണ്ടതാണ്. താൻ വെറുമൊരു പ്രജയല്ലെന്നും ഒരു ഉത്തമപൗരനാണെന്നും തോന്നണം. ആ തോന്നലിന്റെ അഭാവം വ്യക്തിയെ രോഗാതുരമാക്കുമെങ്കിൽ, ആ രോഗത്തിന് പണ്ഡിറ്റ് കെ.പി. കറുപ്പൻ കൊടുത്ത ഔഷധ ശുശ്രൂഷയാണ് 'ആചാര ഭൂഷണം' എന്ന് മനസ്സിലാക്കാനാണ് എനിക്കിഷ്ടം. ആദ്യ പുലയസമുദായത്തെ പരിവർത്തിത വിധേയമാക്കാൻ കെ.പി. കറുപ്പൻ അനുവദിച്ച സദാചാര സംഹിതകൂടിയാകുന്നു.
'ആചാരഭൂഷണം' വായിച്ചുനോക്കുമ്പോൾ ഇന്നുള്ളവർക്ക് കാര്യമായ ഗൗരവമൊന്നും തോന്നാനിടയില്ല. അന്നത്തെ സമുദായവുമായി ഇന്നത്തെ സമുദായത്തെ താരതമ്യം ചെയ്യാനുമാവില്ല. എന്നാൽ, 90 വർഷം മുമ്പ് (1929) ആചാരഭൂഷണത്തിലെ നിർദേശങ്ങളും നടപടിക്രമങ്ങളും രേഖീയമാക്കുമ്പോൾ കെ.പി. കറുപ്പൻ കണ്ട ഒരു സമുദായമുണ്ട്. അധഃകൃത സമൂഹവുമുണ്ട്. വ്യക്തമായ ദിശാബോധമോ ചിട്ടകളോ ഇല്ലാതിരുന്ന അധഃകൃതരെ സാംസ്കാരികമായി രൂപപ്പെടുത്തുക എന്നത് വലിയ വിഷമംപിടിച്ച സംഗതിയാണ്. തങ്ങളുടെ സമുദായത്തിൽ എങ്ങനെ ഇടപെടണം, പെരുമാറണം എന്നതിനെക്കുറിച്ച് ആർക്കും സുവ്യക്തമായ ധാരണകളുമില്ല. അത് ഒരു വെല്ലുവിളിയും പ്രതിസന്ധിയുമാണ്. പരമ്പരാഗതമായി നിലനിൽക്കുന്ന ജാതിവ്യവസ്ഥ അപഹരിക്കപ്പെട്ടതു കൂടിയായിരുന്നല്ലോ ദലിതരുടെ ജീവിതം. ആ ജീവിതം ഒരു വിമോചനത്തിന്റെ പ്രശ്നം ഉന്നയിച്ചിരുന്നു. അധഃകൃതർ സാംസ്കാരികമായും സാമ്പത്തികമായും വീണുകിടക്കുന്ന പടുകുഴിയിൽനിന്നുള്ള മോചനം, ഓരോ വ്യക്തിയും സ്വാംശീകരിക്കുന്ന ചിട്ടവട്ടങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്നുണ്ടോ? അതെന്തായാലും അധഃകൃത സമൂഹത്തിൽ, പ്രത്യേകിച്ചും പുലയസമുദായത്തിന് ചില ആചാര വഴികൾ പുതുതായി നിർദേശിച്ചുകൊണ്ട് കറുപ്പൻ സമുദായികമായി ചെയ്ത പ്രവർത്തനങ്ങൾ ഇതര സമുദായങ്ങൾക്കും മാർഗനിർദേശകമായി എന്ന പരമയാഥാർഥ്യം മറച്ചുവെക്കേണ്ടതില്ല.
പുലയസമൂഹത്തിന് ആവശ്യമായ ആചാരാനുഷ്ഠാനങ്ങളുടെ ഒരു പാഠാവലിയാണ് 'ആചാരഭൂഷണം'. അതിന്റെ അവതാരികയിൽ കെ.പി. കറുപ്പൻ ഇപ്രകാരം കുറിച്ചിട്ടിരിക്കുന്നു:
''അനാവശ്യമായ അടിയന്തിരങ്ങളും അനാചാരങ്ങളും അധഃകൃതരുടെ ഇടയിൽ വളരെയുണ്ട്. അർഥശൂന്യമായ ആ വക അടിയന്തിരങ്ങൾ കഴിക്കുവാൻ, നിർബന്ധിക്കപ്പെടുന്നതുകൊണ്ട് അവർക്ക് വേല കൂലിയിൽനിന്നും മറ്റും മിച്ചമുണ്ടാക്കാൻ സാധിക്കാതെ വരുന്നു.''
പൊതുവെ അധഃകൃതർ നേരിടാറുള്ള ഒരു പ്രയാസമാണ് ഈ വാക്കുകളിലൂടെ വെളിപ്പെടുന്നത്. അതിൽനിന്ന് അധഃകൃതരുടെ ജീവിതശൈലിയെക്കുറിച്ചുള്ള ഒരു ധാരണ സ്വരൂപിക്കാനും നമുക്ക് കഴിയും. കൂലിവേല ചെയ്ത് ഉപജീവനം കഴിക്കുന്ന ഈ വിഭാഗം അർഥശൂന്യമായ ആചാരങ്ങൾ പുലർത്തുന്നവരും വിശുദ്ധമല്ലാത്ത അടിയന്തിരങ്ങളിൽ വീർപ്പുമുട്ടി കഴിയുന്നവരുമാകുന്നു. ചുരുക്കത്തിൽ ദലിതരുടെ ജീവിതനിലവാരം വളരെ താഴ്ന്നതുമാണെന്ന് പണ്ഡിറ്റ് കറുപ്പൻ സൂചിപ്പിക്കുന്നു. ഇവർ അസംഘടിതരാണ്. ധീവരരെപ്പോലെയാണ് അധഃകൃതരും എന്നദ്ദേഹം തിരിച്ചറിഞ്ഞു. കാലപരിണാമത്തിനൊത്ത് അധഃകൃത ജീവിതവും പരിവർത്തിതമാകേണ്ടതാണ്. പക്ഷേ, അതിന് സാധിക്കാതെ പോകുന്നു. കുഴപ്പം ആരുടേതാണ് എന്നാണ് കറുപ്പന്റെയും അന്വേഷണവിഷയം. കൂലിവേലയെടുത്തവർ പരിമിതമായ അവരുടെ ജീവിത പരിസരത്തിൽനിന്നുതന്നെ മാറ്റം ആവശ്യപ്പെടുകയാണ്. കാലം ആവശ്യപ്പെടുന്നത് എന്ന വിശ്വാസബലത്തിലാണ് പണ്ഡിറ്റ് കെ.പി. കറുപ്പൻ, സമുദായത്തിന് രീതിശാസ്ത്രം എഴുതിയുണ്ടാക്കാൻ ഒരുമ്പെടുന്നതെന്ന് 'ആചാരനിഗമനങ്ങൾ' തെളിവായി മാറുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും നിലപാടുകളും ഒരു സമുദായത്തെ മാത്രം ആശ്രയിച്ചുകൊണ്ടുള്ളതാണ് എങ്കിലും പൊതുവെ അധഃകൃത സമൂഹത്തിലെ വിഭിന്ന സമുദായങ്ങൾക്കു കൂടി ഗുണകരമായിത്തീരുന്നു. ഇത് നവോത്ഥാന സംസ്കാരം തെളിയിച്ച വഴിയിലൂടെയുള്ള യാത്രയാണ്. ആ യാത്രയുയർത്തുന്ന പ്രതിഷേധവും പ്രതിരോധവും ആചാരഭൂഷണത്തിന്റെ പശ്ചാത്തലത്തിൽ നമുക്ക് വായിച്ചെടുക്കാം.
ഒന്നുകൂടി ഉറക്കെ ചിന്തിച്ചാൽ, പഴയ കേരളത്തിലെ അധഃകൃതസമൂഹം പ്രത്യക്ഷത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്കാണ് കെ.പി. കറുപ്പൻ വിരൽചൂണ്ടുന്നത് എന്ന് പറയാൻ സാധിക്കും. സമുദായത്തെ ആശയവും കരുത്തും നൽകി രൂപപ്പെടുത്തുക എന്ന ദൗത്യം അത്ര ലളിതമല്ല. സമുദായത്തിന്റെ പൊതുഭാവം അപ്പാടെ മാറുകതന്നെ വേണം. വിശുദ്ധിയും തന്മയത്വവും സഹോദര സ്നേഹവും സഹജീവിബോധവും അധഃകൃതർക്ക് ആവശ്യമായി വന്നിരിക്കുന്നു. വ്യക്തികളിലൂടെയാണ് സമുദായത്തിലേക്ക് ആ വ്യതിയാനം വരേണ്ടത്. അതിലൂടെ ഒരു പുതിയ സാമൂഹിക അടിത്തറ രൂപപ്പെടുകയും ജന്മി സമുദായങ്ങളോടൊപ്പം പിടിച്ചുനിൽക്കാവുന്ന ശേമുഷി ശക്തിയാർജിക്കുകയും ചെയ്യുന്നതോടെ, നവപരിവർത്തനം തുടങ്ങുമെന്ന് കണക്കുകൂട്ടുകയാണ് പണ്ഡിറ്റ് കെ.പി. കറുപ്പൻ. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, സാമുദായികാവബോധം മാത്രമേ പുലയരെയും അധഃകൃതരെയും സ്വതന്ത്രമാക്കൂ എന്ന് അദ്ദേഹം ബോധ്യപ്പെടുത്തുകയാണ്.
അധഃകൃതരുടെ ആവശ്യത്തിനായി എഴുതിയുണ്ടാക്കിയ 'ആചാരഭൂഷണം' ഗവൺമെന്റിന്റെ ചെലവിന്മേലാണ് അച്ചടിച്ചത് എന്ന വസ്തുത, അതിന്റെ സാമൂഹികപ്രസക്തി വർധിപ്പിക്കുന്നു. അധഃകൃത സമൂഹത്തിന്റെ സ്ഥിതി കണക്കിലെടുത്തുകൊണ്ട് അവർക്ക് ഒരു പെരുമാറ്റച്ചട്ടമെന്നോ ആചാരമെന്നോ പറയാവുന്ന കാര്യങ്ങൾ വിശദീകരിക്കുന്നു. കുടുംബവ്യവസ്ഥയും സ്ത്രീ-പുരുഷ ബന്ധവും ക്രയവിക്രയ രീതികളും കറുപ്പൻ പരിശോധിക്കുന്നു. ഒരു വ്യവസ്ഥയില്ലായ്മയിലാണ് അധഃകൃത സമൂഹം നിലനിൽക്കുന്നത് എന്നത് ഒരു യാഥാർഥ്യമാണ്. ആ സമൂഹത്തിന് ഒരു വ്യവസ്ഥയുണ്ടാവുക, അതിന് ചില നടപടിക്രമങ്ങൾ ആവശ്യമായിരിക്കുന്നു. ആയതിനാൽ, തന്റെ ആചാരഭൂഷണം അധഃകൃതരുടെ പലവിധ കൂട്ടായ്മകളിലും വായിച്ചു ചർച്ചചെയ്താണ്, പണ്ഡിറ്റ് കെ.പി. കറുപ്പൻ പുറത്തിറക്കിയത്. അതാവശ്യപ്പെടുന്ന രീതികൾ അഥവാ സാമുദായിക നടപടിക്രമങ്ങൾ അധഃകൃത സമൂഹത്തെ നവീകരിക്കാൻ പര്യാപ്തമായിരുന്നു. പക്ഷേ, വ്യക്തമായ ഒരു സാമ്പത്തിക ഘടന പറയാതെ പോയി; എന്തുകൊണ്ടോ?
കിഴക്ക് സൂര്യൻ ഉദിക്കുന്നതോടെയാണ് നമ്മുടെ പകൽജീവിതം തുടങ്ങുക. പുലർകാലത്തേ എഴുന്നേറ്റ് വരുന്ന ഒരു സമുദായാംഗം പിന്നീട് ചെയ്യേണ്ട കൃത്യങ്ങൾ പ്രതിപാദിക്കുന്നു. മനുഷ്യരുടെ ബുദ്ധിയെയും ആരോഗ്യത്തെയും നിലനിർത്തുന്ന ഘടകമാണ് നേരത്തേയുള്ള ഉണരൽ എന്നാണ് പണ്ഡിറ്റ് കറുപ്പന്റെ വിശ്വാസം. പ്രഭാതകൃത്യങ്ങൾ നിർവഹിച്ചശേഷം കുളിച്ച് പ്രഭാതഭക്ഷണം കഴിച്ച് പകൽ തുടങ്ങുന്നു. പ്രഭാതത്തിൽ പ്രാർഥിക്കാൻ ഒരു പ്രഭാതഗീതവും സന്ധ്യയിൽ ആലപിക്കാൻ ഒരു സന്ധ്യാഗീതവും അദ്ദേഹം പറഞ്ഞുകൊടുക്കുന്നു. ആചാരഭൂഷണത്തിൽ പലർക്കും അറിയാവുന്ന കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പ്രഭാതഗീതവും സന്ധ്യാഗീതവും പണ്ഡിറ്റ് കെ.പി. കറുപ്പന്റെ സ്വതന്ത്ര രചനകളാണ്. സമുദായാംഗങ്ങൾ ഈശ്വരവിശ്വാസികളായിരിക്കണമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു ഈ രചനകൾ. കാണായ ലോകങ്ങൾ ഒക്കെയും സൃഷ്ടിച്ച തമ്പുരാനെ സ്തുതിക്കുകയാണ് പ്രഭാതഗീതത്തിൽ. അതിങ്ങനെ അവസാനിക്കുന്നു:
''അന്ധമാം വിശ്വാസമെങ്ങും
നീങ്ങട്ടെ,
കാന്തിയും ശക്തിയും വച്ചിടട്ടെ!''
സകലവിധ അന്ധവിശ്വാസങ്ങളെയും മാറ്റാൻ ശക്തിയുള്ള തമ്പുരാനെ മനസ്സിൽ കരുതണമെന്നാണ് പൊരുൾ എന്ന് തോന്നുന്നു. അതോടെ ഈശ്വരനെ ഉൾക്കൊള്ളുകയും മനുഷ്യൻ പ്രകാശിതമാവുകയും ചെയ്യും എന്ന് ധ്വനിപ്പിക്കുന്നു. ഈശ്വരനുമായി തർക്കിക്കാനല്ല, ആത്മീയ ശക്തിയാണ് സമുദായാംഗങ്ങൾ തൊഴിലിന് ഏർപ്പെടുന്നതിന് മുമ്പേ ആർജിക്കേണ്ടത് എന്നുകൂടി പണ്ഡിറ്റ് കറുപ്പൻ പറഞ്ഞുവെക്കുന്നു.
മക്കളെ സംരക്ഷിക്കപ്പെടണമെന്ന് ദേവിയോട് അപേക്ഷിക്കുകയാണ് സന്ധ്യാഗീതത്തിൽ. രചന സമാരംഭിക്കുന്നത് ആ അപേക്ഷയോടെയാണ്. ഓരോ വ്യക്തിയെയും ശുദ്ധീകരിക്കുന്ന പ്രവൃത്തികൂടി ഏറ്റെടുക്കണമെന്ന് തമ്പുരാട്ടിയോട് പറയുന്നു. ഉള്ളിലോർക്കുംപോലെ പറവാനും ചൊല്ലുംപോലെ പ്രകാശിക്കാനും കഴിയേണ്ടതാകുന്നു. ഇച്ഛാശക്തിയെ ഉണർത്തിക്കൊണ്ടു മാത്രമേ അതിന് സാധ്യമാകൂ. അധഃകൃത സമൂഹത്തിൽപെട്ടവർ അറിയാതെ ദുർബലരായിപ്പോകുന്നതിലെ വേവലാതികൂടിയാകാം ആ ചിന്തക്ക് പിറകിലുള്ളത്. ആത്മീയതയോടുള്ള പ്രണയം വളർത്തിയെടുക്കുന്നതിനായി ഓരോ അംഗങ്ങളും പ്രവർത്തിച്ചേ മതിയാവൂ എന്ന തിരിച്ചറിവ്, പ്രകൃതിയുമായുള്ള മനുഷ്യന്റെ ഇണക്കത്തെ ഓർമപ്പെടുത്തുന്നു. ശാന്തിയും സമാധാനവും അധഃകൃത സമൂഹത്തിന്റെ വളർച്ചക്ക് നിദാനമാകണമെന്ന് സന്ധ്യാഗീതം ഉദ്ബോധിപ്പിക്കുന്നു. മേൽ സൂചിപ്പിച്ച കവിതകളിലും ഏതെങ്കിലുംവിധമുള്ള അപൂർണതയുണ്ടെങ്കിൽ അത് പരിഹരിക്കാനാകാം 'ആത്മശാന്തിസ്തവം' എഴുതിയത്. 'ദേഹ'ത്തിന് ശാന്തിയുണ്ടാകട്ടെ എന്നദ്ദേഹം പ്രതീക്ഷിക്കുന്നു. എല്ലായ്പോഴും കലഹിക്കുന്നതും പരസ്പരം പോരടിക്കുന്നതും അധഃകൃത സമൂഹത്തിന് ഭൂഷണമല്ല എന്ന് പണ്ഡിറ്റ് കെ.പി. കറുപ്പൻ മനസ്സിലാക്കുന്നു. സമുദായത്തിൽ വർധിച്ചുവരുന്ന ആ പ്രവണത മാറിയില്ലെങ്കിൽ ഈ സമുദായം ഒറ്റപ്പെട്ടുപോകുമെന്ന് ഭയക്കുന്നു. അവിടെ ശാന്തിയില്ലാതാകും. സമുദായത്തിന്റെ നിലനിൽപുതന്നെ ചോദ്യംചെയ്യപ്പെടും. ശക്തിയും കാന്തിയും ശാന്തിയുമാണ് സമുദായത്തിന്റെ ആദ്യത്തെ ബലമായിരിക്കേണ്ടതെന്ന് ആചാരഭൂഷണം ശ്രദ്ധിക്കുന്ന ഓരോ വ്യക്തിയും മനസ്സിലാക്കാതിരിക്കില്ല. 'ദേഹിയിങ്കൽ' ശാന്തിയുദിക്കുന്ന മനുഷ്യരായും ആചാരങ്ങൾ വൃത്തിയായി പരിപാലിക്കുന്ന ആത്മീയബലമുള്ള സമുദായമായും ഭാവന ചെയ്യുകയാണ് പണ്ഡിറ്റ് കെ.പി. കറുപ്പൻ. അദ്ദേഹം നിലനിൽക്കുന്ന സമുദായ വ്യവസ്ഥയെ തിരുത്തുകതന്നെയാണ്.
കുടുംബവ്യവസ്ഥ എല്ലാത്തിനേക്കാളും പ്രധാനമാണ്. പുരുഷനും സ്ത്രീയും അവരുടെ മക്കളുമടങ്ങുന്ന സമൂഹത്തിൽ, സ്ത്രീകൾ പെരുമാറേണ്ടതെങ്ങനെയെന്ന് നിരീക്ഷിക്കുന്നു. അവരുടെ വിവാഹം, സ്ത്രീ-പുരുഷ ബന്ധം, സമുദായത്തിലെ മറ്റുള്ളവരുമായുള്ള സ്നേഹബന്ധം – ഇതൊക്കെ സാന്ദർഭികമായി ചർച്ചചെയ്യുന്നു. പുരുഷന്മാരെപ്പോലെ സ്ത്രീകൾ ഉണർന്നുകഴിഞ്ഞാൽ ദേഹശുദ്ധിയും ഈശ്വരഭജനവും ചെയ്യേണ്ടതാണ്. ലഘുഭക്ഷണം കഴിച്ചിട്ടു മാത്രമേ അവരും തങ്ങളുടെ തൊഴിലിൽ ഏർപ്പെടാവൂ എന്നാണ് കറുപ്പന്റെ നിർദേശം. ഈ കർമപരിപാടികളിൽ തെല്ലും മാറ്റംവരാതെ നോക്കുകയും വേണം. കൂട്ടത്തിൽ വിവാഹം, പ്രസവം, കുട്ടികളെ വളർത്തൽ തുടങ്ങി നിരവധി കാര്യങ്ങൾ സ്ത്രീകൾക്ക് ചെയ്തുതീർക്കാനുള്ളതുകൊണ്ട് കുടുംബവ്യവസ്ഥിതിയിൽ സ്ത്രീകൾക്കുള്ള പ്രാധാന്യം തള്ളിക്കളയാനാകില്ല. ഈ വക കാര്യങ്ങൾ പറയുമ്പോൾ ചുറ്റുപാടും നിലനിൽക്കുന്ന പുരുഷാധികാര വ്യവസ്ഥയെ പ്രകോപിപ്പിക്കാൻ പണ്ഡിറ്റ് കറുപ്പൻ ഒരുമ്പെട്ടിട്ടില്ല. വാസ്തവത്തിൽ പുരുഷാധികാരം സൃഷ്ടിക്കുന്ന വിപത്തുകൾ, പുലയ സമുദായത്തിന് പെരുമാറ്റച്ചട്ടം തയാറാക്കുമ്പോൾ അദ്ദേഹത്തിന്റെ കാഴ്ചവട്ടത്തുണ്ടായിരുന്നിരിക്കാം. അതുകൊണ്ടുതന്നെ, സ്ത്രീകൾ കൂടുതലായി മുന്നോട്ടുവരേണ്ടതിനെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നു. 1932ൽ തന്റെ സമുദായാംഗങ്ങളോട് നടത്തിയ ഒരു പ്രസംഗത്തിൽ ഈ പ്രശ്നം അദ്ദേഹം ഉന്നയിച്ചിരുന്നു. ചില ചരിത്രഘട്ടങ്ങളിൽ നമ്മുടെ പുരോഗതി ചിന്തയുള്ളവർ അവതരിപ്പിച്ച സ്ത്രീമുന്നേറ്റ വാദങ്ങൾ വേണ്ടപോലെ കാണാതെ പോയോ, നമ്മുടെ നവ ഫെമിനിസ്റ്റുകൾ. കുടുംബവ്യവസ്ഥക്ക് ഉള്ളിൽനിന്നുകൊണ്ടാണ് അവൾ സ്ത്രീയെക്കുറിച്ച് സംസാരിച്ചത്. ഫെമിനിസം കുടുംബവ്യവസ്ഥക്ക് പുറത്തുനിന്ന് സ്ത്രീകൾക്കുവേണ്ടി വാദിക്കുന്നു.
അധഃകൃതരുടെ സാമുദായിക ശരീരം അക്കാലത്ത് പുരുഷസമ്മർദങ്ങളിൽ അലംകൃതങ്ങളായിരുന്നില്ല എന്ന് പറയാതിരിക്കാനാവില്ല. ആ സമുദായത്തെ എത്രമാത്രം വിശുദ്ധിയോടെ നിലനിർത്താം എന്നായിരുന്നല്ലോ പണ്ഡിറ്റ് കറുപ്പന്റെ ചിന്ത. അതിനായി സാമുദായികാചാരങ്ങളെ പുതുക്കുന്നു. അടിമത്തവും അയിത്താചാരങ്ങളും മറ്റും ഒഴിവാക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു. ഇതൊരു വിചാരണയല്ല, ഒരു വീണ്ടെടുപ്പാണ്. മരണാടിയന്തിരം, വിഭവങ്ങൾ, ഭക്ഷണം എന്നിവയെക്കുറിച്ച് ചെറുതായി പ്രതിപാദിക്കുന്ന ഗ്രന്ഥകാരൻ, അച്ചാരം, പാറ, സ്ഥാനം, കര എന്നീ വിഷയങ്ങളിലും നടത്തുന്ന നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. പലവിധ അവകാശങ്ങളും അധഃകൃതർക്ക് ഇടയിൽ നിലനിൽക്കുന്നുണ്ട്. ഗുണദോഷകാരന് ഭാരമില്ലാത്ത വിധത്തിൽ അവകാശങ്ങളുടെ സംഖ്യയൊക്കെ കഴിവതും ചുരുക്കി തിട്ടപ്പെടുത്തേണ്ടതാണ് എന്നാണ് ആ നിർദേശം. വിവാഹബന്ധം പിരിയുമ്പോൾ പല അവകാശങ്ങളും സ്ത്രീകൾക്ക് ഇരിക്കുന്നതാണെന്നും പറയുന്നു.
അവകാശത്തർക്കങ്ങൾ ആ സമുദായത്തെ സ്ത്രീ-പുരുഷ ബന്ധങ്ങളെ വല്ലാതെ ബാധിക്കുമെന്ന തിരിച്ചറിവ് പണ്ഡിറ്റ് കെ.പി. കറുപ്പനുണ്ട്. ഇപ്രകാരം നോക്കിയാൽ അധഃകൃതരുടെ അല്ലെങ്കിൽ ദലിതരുടെ ജീവിതം സന്തുഷ്ടകരവും ആനന്ദകരവും ആകണമെന്ന ഉദ്ദേശ്യത്തിന്റെ വാങ്മയ രൂപമാണ്. മനുഷ്യന്റെ ആചാരങ്ങളെ സംബന്ധിക്കുന്ന രേഖ. അത് പുലയർക്കു മാത്രമല്ല, ദലിത് ജീവിതമുള്ള എല്ലാ അവശസമുദായാംഗങ്ങൾക്കും പ്രചോദനവും നീതിയുമാകുന്നു. സാമുദായികാനന്ദം സാമൂഹികനീതിയിൽ അധിഷ്ഠിതമായിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.