അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി കൈയേറുന്നതിന്റെ മറ്റൊരു ചിത്രം കൂടിയാണ് ഇൗ റിപ്പോർട്ട്. 100 കോടി വിലവരുന്ന ഭൂമിയുടെ അവകാശികളായ രണ്ട് പെൺകുട്ടികൾക്ക് ഭൂമി നഷ്ടമായിരിക്കുന്നു. അവർക്ക് എന്തുകൊണ്ട് ഭൂമി നഷ്ടമായി? അവർക്ക് നീതി ലഭിക്കുമോ? - മാധ്യമം ലേഖകൻ നടത്തുന്ന അന്വേഷണം.
അഗളി-ആനക്കട്ടി റോഡിൽ ഒരു സെന്റ് ഭൂമിക്ക് 10 ലക്ഷം രൂപയെങ്കിലും വിലവരും. അങ്ങനെയെങ്കിൽ 100 കോടിയിലധികം രൂപ വിലയുള്ള ഭൂമിയുടെ ഉടമകളാണ് അട്ടപ്പാടി ഭൂതിവഴി ഊരിലെ രണ്ട് ആദിവാസി പെൺകുട്ടികൾ. പരേതനായ ശിവകുമാറിന്റെ മക്കളായ 20 വയസ്സുള്ള ഉഷാകുമാരിയും 16 വയസ്സുള്ള ശാന്തകുമാരിയും. പക്ഷേ, അവരുടെ ഭൂമി അന്യാധീനപ്പെട്ടിരിക്കുന്നു. പിറന്ന മണ്ണിൽനിന്ന് ആദിവാസി കുടുംബത്തെ തുടച്ചുനീക്കിയതിന്റെ ചരിത്രരേഖയാണ് അട്ടപ്പാടി ഭൂതിവഴി ഊരിലെ നഞ്ചന്റെ ഭൂമിയുടെ ടി.എൽ.എ കേസ്. അട്ടപ്പാടിയിൽനിന്ന് ഉയർന്നു കേൾക്കുന്ന, ഭൂമി നഷ്ടപ്പെടുന്ന ആദിവാസികളുടെ മറ്റൊരു നിസ്സഹായ നിലവിളിയുടെ തുടർച്ചയാണിത്.
1975ലെ കേരള പട്ടികവർഗ വിഭാഗത്തിന്റെ (ഭൂമി കൈമാറ്റൽ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കലും) നിയമപ്രകാരം ഭൂതിവഴി ഉൗരിലെ ശിവകുമാറിന് പിതാമഹനിൽനിന്ന് കിട്ടേണ്ട 10 ഏക്കറിലധികമാണ് അന്യാധീനപ്പെട്ടത്. 11.50 ഏക്കറെന്നായിരുന്നു ആദ്യ പരിശോധനയിൽ വില്ലേജ് ഓഫിസർ നൽകിയ റിപ്പോർട്ട്. 1999ൽ നിയമസഭ പാസാക്കിയ നിയമപ്രകാരം അതിൽ അഞ്ചേക്കർ മാത്രമേ ആദിവാസി ഭൂമി സ്വന്തമാക്കിയ ആൾക്ക് കൈവശംവെക്കാൻ നിയമം അനുവദിക്കുന്നുള്ളൂ. എന്നാൽ, നിയമമൊന്നും അട്ടപ്പാടിയിലെ ആദിവാസികളുടെ രക്ഷക്ക് എത്തില്ല. മാതാവ് വൃദ്ധയായ വഞ്ചിയും ഭാര്യ ശാന്തിയും ഉൾപ്പെടെ നാലുപേർ മാത്രമേ ശിവകുമാറിന്റെ കുടുംബത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. കുടുംബത്തിലെ പുരുഷന്മാർ എല്ലാം മരിച്ചു. ശിവകുമാറിന്റേത് അസ്വാഭാവിക മരണമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ആ മരണവും അന്യാധീനപ്പെട്ട ഭൂമിയും തമ്മിൽ ബന്ധമുണ്ടോയെന്ന് ചോദ്യം ആരും ഉന്നയിച്ചിട്ടില്ല.
1975ൽ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ നിയമസഭ നിയമം പാസാക്കിയത് ആദിവാസികൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. ഭൂമി തിരിച്ചുകിട്ടിയാൽ കൃഷിചെയ്തു ജീവിക്കാം എന്നവർ സ്വപ്നംകണ്ടു. ഇന്ന് ആ സ്വപ്നമെല്ലാം അസ്തമിച്ച സ്ഥിതിയിലാണ്. അന്യാധീനപ്പെട്ട ഭൂമിയെ ക്കുറിച്ച് സംസാരിച്ചാൽ സ്വന്തം ജീവൻകൂടി നഷ്ടപ്പെടും എന്ന ഭയം അവരെ പിടികൂടിയിരിക്കുന്നു. ജീവൻ വേണോ ഭൂമി വേണോ എന്നാണ് ആദിവാസികൾക്കു നേരെ ഭൂമാഫിയ ഉയർത്തുന്ന ചോദ്യം. അതിനാൽ ഭൂതിവഴിയിലെ ശിവകുമാറിന്റെ കുടുംബത്തിന് ഈ ലോകത്തെ ഭയമാണ്. മാധ്യമപ്രവർത്തകരെ നേരിൽ കാണാൻപോലും ശിവകുമാറിന്റെ കുടുംബം ആഗ്രഹിക്കുന്നില്ല. അതിനാൽ, ടി.എൽ.എസ് കേസിന്റെ ഫയലുകൾ മാത്രമാണ് പരിശോധിക്കുന്നത്.
നഞ്ചൻ നൽകിയ ആദ്യ പരാതി
1975ൽ നിയമസഭ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കുന്നതിന് നിയമം പാസാക്കിയെങ്കിലും 1986ലാണ് അതിന് ചട്ടം രൂപവത്കരിച്ചത്. അതോടെയാണ് അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി സജീവമായത്. ഭൂതിവഴി ഊരിലെ ആദിവാസിയായ ചിന്നന് 11.50 ഏക്കർ ഭൂമിയുണ്ടായിരുന്നുവെന്നാണ് അഗളി വില്ലേജ് ഓഫിസർ നൽകിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന് മണപ്പ, കാടൻ, നഞ്ചൻ എന്നിങ്ങനെ മൂന്നു മക്കളാണ് ഉണ്ടായിരുന്നത്. അവരിൽ നഞ്ചനാണ് 1975ലെ നിയമപ്രകാരം അന്യാധീനപ്പെട്ട ഭൂമി തിരിച്ചു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. ഒറ്റപ്പാലം സബ് കലക്ടർക്ക് നഞ്ചൻ നൽകിയ പരാതിയിൽനിന്നാണ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്.
ഉഷാകുമാരിയുടെയും ശാന്തകുമാരിയുടെയും സ്ഥലം
നഞ്ചൻ നൽകിയ അപേക്ഷയിൽ പറയുന്നത് പ്രകാരം തന്റെ അച്ഛന്റെ അവകാശ സ്വത്തായ പത്തേക്കർ കൃഷിസ്ഥലത്ത് ജന്മിയുടെ റിസർവ് മാനേജർ (അരക്കുറുശ്ശി ബാലകൃഷ്ണൻ നായർ) രണ്ടുപേർക്ക് വീതിക്കേണ്ട സ്വത്തായതിനാൽ അത് പിരിച്ചുതരാമെന്ന് പറഞ്ഞിട്ട് ഭൂരേഖ വാങ്ങി. ബാലകൃഷ്ണൻ നായർ ആ ഭൂമി ഇപ്പോൾ കൃഷി ചെയ്തുകൊണ്ടിരിക്കുന്ന മാരിമുത്തു നായ്ക്കർക്ക് വിറ്റുവെന്നാണ് അറിഞ്ഞത്. പിന്നീട് ബാലകൃഷ്ണൻ നായർ സ്ഥലംവിട്ടുപോയി. ‘‘ഭൂമിയുടെ പേരിൽ തർക്കം ഉണ്ടായപ്പോൾ അഞ്ചേക്കർ സ്ഥലവും ഒരു ജോടി ഉഴവുകളെയും തരാമെന്നു പറഞ്ഞ് നായ്ക്കർതന്നെ ചതിച്ചു. അഞ്ചേക്കർ ഭൂമിയും ഉഴവുകാളകളെയും കിട്ടും എന്ന പ്രതീക്ഷയിൽ താൻ കാത്തിരുന്നു. അതിനുശേഷമാണ് മാരിമുത്തു നായ്ക്കർ ഈ ഭൂമി മുഴുവൻ അദ്ദേഹത്തിന്റെ സ്വത്താണെന്ന് പറഞ്ഞ് കുടിയിരിപ്പ് തുടങ്ങിയത്. തുടർന്ന് അദ്ദേഹം സർക്കാർ ഓഫിസിൽനിന്ന് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച രേഖകൾ ഉണ്ടാക്കി. ഇത്രയും കാലം ഭൂമി തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ വേഴാമ്പലിനെ പോലെ ഞാൻ ജീവിക്കുകയാണെന്ന്’’ നഞ്ചൻ പരാതിയിൽ കുറിച്ചു.
നഞ്ചന്റെ പരാതിയിൽ അന്വേഷണം നടത്താൻ സബ് കലക്ടർ വില്ലേജ് ഓഫിസർക്ക് നിർദേശം നൽകി. 1985 ഒക്ടോബർ നാലിന് നൽകിയ പരാതിയിൽ തുടർനടപടികളുടെ ഭാഗമായി വിചാരണക്ക് ഇരുകൂട്ടർക്കും നോട്ടിസ് അയച്ചു. 1985 ഒക്ടോബർ 19ന് രാവിലെ 11ന് അഗളി വില്ലേജ് ഓഫിസിൽ എത്തണമെന്നാണ് നോട്ടിസ് നൽകിയത്. മാരിമുത്തു നായ്ക്കർ കൈയേറിയ ഭൂമി സംബന്ധിച്ചും വിവരങ്ങൾ വില്ലേജ് ഓഫിസർ ജൂലൈ 18ന് റിപ്പോർട്ട് നൽകിയിരുന്നു. അത് പ്രകാരം ഭൂമിയിൽ 15,000 രൂപ വിലമതിക്കുന്ന ഓടുമേഞ്ഞ വീടും ഓടുമേഞ്ഞ കരിമ്പാട്ടുന്ന ഷെഡും മോട്ടോർപുരയും മറ്റുമുണ്ടെന്ന് ചൂണ്ടിക്കാട്ടി. നെല്ലും കരിമ്പും കൃഷിചെയ്യുന്ന ഭൂമിയാണ്. ഭൂമിയുടെ തെക്കുവശത്ത് ശിരുവാണി പുഴയും വടക്ക് അഗളി-ആനക്കട്ടി റോഡുമാണ്. ചുരുക്കത്തിൽ പുഴയുടെ തീരത്തുള്ള മനോഹരമായ പത്ത് ഏക്കർ ഭൂമി. രേഖകളുടെ പരിശോധനയിൽ ഭൂമി കൈയേറിയതാണെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി. അതേസമയം, ആർ.ഡി.ഒക്ക് മാരിമുത്തു നായ്ക്കരും പരാതി നൽകി. നോട്ടിസ് അയച്ചത് നിയമവിരുദ്ധമായിട്ടാണെന്ന് അദ്ദേഹം പരാതിയിൽ വാദിച്ചു.
സബ് കലക്ടറുടെ ഇടപെടൽ
നഞ്ചന്റെ പരാതിയിൽ വിചാരണ നടത്തിയ കാലത്ത് ഒറ്റപ്പാലം സബ് കലക്ടർ എസ്. സുബ്ബയ്യനായിരുന്നു. അട്ടപ്പാടിയുടെ ചരിത്രത്തിൽ നിയമം നടപ്പാക്കാൻ ശ്രമിച്ച ഏക സബ് കലക്ടറാണ് അദ്ദേഹം. പൊലീസ് സാന്നിധ്യത്തിൽ സുബ്ബയ്യനെ അക്കാലത്ത് ഭൂമാഫിയസംഘം കൈയേറ്റം ചെയ്തതായി ആദിവാസികൾ പറയുന്നു. മുഖ്യമന്ത്രി ഇ.െക. നായനാർ ഈ സംഭവം സംബന്ധിച്ച് നിയമസഭയിൽ സംസാരിച്ചിരുന്നു. സുബ്ബയ്യൻ നഞ്ചന്റെ കേസിൽ ചട്ടങ്ങളിലെ റൂൾ മൂന്ന് (ഒന്ന്) പ്രകാരം ഹരജിക്കാരനും പ്രതിഭാഗത്തിനും നോട്ടീസ് അയച്ചു. 1987 സെപ്റ്റംബർ ഒമ്പതിന് ഹിയറിങ് നടത്തി. നോട്ടീസിന് മറുപടിയായി ഹരജിക്കാരനും പ്രതിഭാഗവും വാദം കേൾക്കലിന് ഹാജരായി. തന്റെ ഹരജിയിൽ പരാമർശിച്ചതുപോലെ ഭൂമി പുനഃസ്ഥാപിക്കണമെന്ന് നഞ്ചൻ ആവശ്യപ്പെട്ടു.
ആദിവാസി ഭൂമി കൈവശംവെച്ചിരുന്ന മാരിമുത്തു നായ്ക്കർ ആണ് ഒറ്റപ്പാലം റവന്യൂ ഡിവിഷനൽ ഓഫിസർക്ക് മുന്നിൽ ഹാജരായത്. 1975ലെ നിയമത്തിലെ വകുപ്പ് ആറ് (രണ്ട്) പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം 1983 ജനുവരി ഒന്നിന് അവസാനിച്ചതിനാൽ ഹരജി നിലനിർത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം (മാരിമുത്തു നായ്ക്കർ) വാദിച്ചു. അത് കാര്യങ്ങൾ മനസ്സിലാക്കാതെയുള്ള അവകാശവാദമാണെന്നും ഈ വാദം തീർത്തും അസംബന്ധമാണെന്നും സബ് കലക്ടർ രേഖപ്പെടുത്തി. 1985 സെപ്റ്റംബർ നാലിനാണ് ഭൂമി പുനഃസ്ഥാപിക്കുന്നതിനുള്ള പരാതി നൽകിയത്. പരാതി നൽകാൻ സർക്കാർ സമയം നീട്ടിനൽകിയിരുന്നു. സർക്കാർ പുറപ്പെടുവിച്ച 1986 ഡിസംബർ അഞ്ചിലെ വിജ്ഞാപന പ്രകാരം ഭൂമി പുനഃസ്ഥാപിക്കാനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയം 1987 ഡിസംബർ നാലുവരെ നീട്ടി. അതിനാൽ മാരിമുത്തു നായ്ക്കർ ഉന്നയിച്ച എതിർപ്പുകൾ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി സബ് കലക്ടർ മാരിമുത്തു നായ്ക്കരുടെ വാദം നിരസിച്ചു.
അഗളി വില്ലേജ് ഓഫിസർ നൽകിയ അന്വേഷണറിപ്പോർട്ട് പ്രകാരം സർവേ നമ്പർ 637/2,4,5ൽ ഉൾപ്പെട്ട 10.00 ഏക്കർ ഭൂമി ഹരജിക്കാരൻ മാരിമുത്തു നായ്ക്കർക്ക് കൈമാറിയിട്ടുണ്ട്. ജന്മിയുടെ റിസർവ് മാനേജറായ ബാലകൃഷ്ണൻ നായർക്ക് ഭൂമി ലഭിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. മണ്ണാർക്കാട് സബ് രജിസ്ട്രാർ ഓഫിസിലെ 326/64 നമ്പർ ആധാരപ്രകാരം 4.08 ഹെക്ടർ ഭൂമി ആദിവാസിയായ നഞ്ചനിൽനിന്നും തീറു വാങ്ങിയതായും പരിശോധനയിൽ കണ്ടെത്തി. ബാലകൃഷ്ണൻ നായർ ആ ഭൂമി മാരിമുത്തു നായ്ക്കർക്ക് കൈമാറി. 1970ന് ശേഷമാണ് ആ ഭൂമികൈമാറ്റം നടന്നതെന്ന് രേഖകൾ പറയുന്നു. അതിനാൽ 1975ലെ നിയമപ്രകാരം അന്യാധീനപ്പെട്ട മുഴുവൻ ഭൂമിയും ആദിവാസികൾക്ക് തിരിച്ചുകൊടുക്കണം. ഭൂമി ആദിവാസിയായ നഞ്ചന് പുനഃസ്ഥാപിച്ചു കിട്ടാൻ നിയമപ്രകാരം അർഹതയുണ്ട്. സബ് കലക്ടർക്ക് നിയമപരമായി മറ്റൊന്നും ചെയ്യാനാവില്ല. അപേക്ഷകനായ നഞ്ചന് 1975ലെ ആദിവാസി ഭൂമിപ്രകാരം അഗളി വില്ലേജിലെ സർവേ നമ്പർ 637/2 ,4 ,5 എന്നിവയിൽപെട്ട പത്തേക്കർ ഭൂമി തിരികെ നൽകണമെന്ന് സബ് കലക്ടർ 1987 സെപ്റ്റംബർ ഏഴിന് ഉത്തരവിട്ടു. നിയമത്തിലെ വകുപ്പ് ആറ് (മൂന്ന്) പ്രകാരം സബ് കലക്ടർക്ക് നൽകിയിട്ടുള്ള അധികാരപ്രകാരമാണ് ഉത്തരവായത്.
അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കൽ നാടകത്തിലെ ആദ്യ അങ്കത്തിന് ഇവിടെ തിരശ്ശീല വീണു. ആദിവാസിയായ നഞ്ചൻ നേടിയ ആദ്യവിജയമായിരുന്നു ആ ഉത്തരവ്.
അപ്പീലിന്മേലുള്ള കലക്ടറുടെ വിചാരണ
1975ലെ നിയമപ്രകാരം സബ് കലക്ടറുടെ ഉത്തരവിനെതിരെ കലക്ടർക്ക് അപ്പീൽ നൽകാം. അത് പ്രകാരം മാരിമുത്തു നായ്ക്കർ 1987 നവംബർ ഏഴിന് കലക്ടർക്ക് അപ്പീൽ നൽകി. പാലക്കാട് കലക്ടർ നഞ്ചന്റെ അന്യാധീനപ്പെട്ട ഭൂമി സംബന്ധിച്ച് കലക്ടർ ഒറ്റപ്പാലം അസി. കലക്ടറോട് വിശദമായ റിപ്പോർട്ട് തേടി. വില്ലേജ് ഓഫിസർ 1988 ജൂലൈ 16ന് നൽകിയ റിപ്പോർട്ട് വീണ്ടും കലക്ടറുടെ മുന്നിലെത്തി. അതിൽ ഏകദേശം 11.50 ഏക്കർ ഭൂമി അന്യാധീനപ്പെട്ടുവെന്നാണ് രേഖപ്പെടുത്തിയത്. ഭൂമിയുടെ സ്കെച്ച് തയാറാക്കിയതിലും 11.50 ഏക്കർ എന്നാണ് രേഖപ്പെടുത്തിയത്. എന്നാൽ, മാരിമുത്തു നായ്ക്കരുടെ കൈവശ സർട്ടിഫിക്കറ്റിലടക്കം 10 ഏക്കർ ഭൂമിയാണ്. റിപ്പോർട്ട് തഹസിൽദാറും ഒപ്പുവെച്ച് അസി. കലക്ടർക്ക് കൈമാറി. 1988 ഫെബ്രുവരി 23ന് റിപ്പോർട്ട് കലക്ടർക്ക് ലഭിച്ചു.
അന്ന് പാലക്കാട് കലക്ടർ ജിജി തോംസൺ ആയിരുന്നു. അദ്ദേഹം കേസിലെ രേഖകളെല്ലം പരിശോധിച്ചു. അപ്പീൽ ഹരജിയിൽ ഒറ്റപ്പാലം സബ് കലക്ടർ മുഖേന അന്വേഷണം നടത്തി വിശദമായ റിപ്പോർട്ടും ലഭിച്ചു. 1988 ഫെബ്രുവരി 23ന് രാവിലെ 10 മണിക്ക് പാലക്കാട് കലക്ടർക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് അപ്പീൽക്കാരനും പ്രതിക്കും നോട്ടിസ് നൽകി. ഏപ്രിൽ 11ന് അഗളി വി.ഐ.പി െഗസ്റ്റ് ഹൗസിലാണ് വിചാരണ നടത്തിയത്. മാരിമുത്തു നായ്ക്കർ പാലക്കാട് സബ് രജിസ്ട്രാർ ഓഫിസിലെ രേഖയുടെ (നമ്പർ 4295/1967) ഫോട്ടോസ്റ്റാറ്റ് പകർപ്പ് ഹാജരാക്കി, അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം സർവേ ചെയ്യാത്ത 4.08 ഹെക്ടർ ഭൂമി വാങ്ങിയെന്ന് വാദിച്ചു. 1973ലെ വാങ്ങൽ (പർച്ചേസ്) സർട്ടിഫിക്കറ്റിന്റെ (ഒ.എ നമ്പറിലെ 78/1973) ഫോട്ടോസ്റ്റാറ്റ് പകർപ്പും ലാൻഡ് ട്രൈബ്യൂണൽ 4.0960 ഹെക്ടർ ഭൂമി ( 499/1970) അനുവദിച്ച ഉത്തരവിന്റെ പകർപ്പും ഹാജരാക്കി. അതുപ്രകാരം 1973 ജനുവരി 29നാണ് ലാൻഡ് ട്രൈബ്യൂണൽ കൈവശ സർട്ടിഫിക്കറ്റ് നൽകിയത്. ഭൂമിയുടെ നടപ്പുകുടിയാൻ എന്നനിലയിലാണ് മാരിമുത്തു നായ്ക്കർക്ക് ഭൂമി ലഭിച്ചതെന്നും വ്യക്തമാക്കി.
1967ൽ 45 വയസ്സുണ്ടായിരുന്ന ബാലകൃഷ്ണൻ നായരാണ് 41 വയസ്സുള്ള മാരിമുത്തു നായ്ക്കർക്ക് ഭൂമി ആധാരം നടത്തിയതെന്നാണ് പ്രമാണരേഖ. എന്നാൽ, 1975ലെ നിയമത്തെ മറികടക്കാൻ ആവശ്യമായ തെളിവുകളൊന്നും ഹാജരാക്കിയ രേഖകളിലുണ്ടായിരുന്നില്ല. അതിനാൽ ഒറ്റപ്പാലം സബ് കലക്ടർ എസ്. സുബ്ബയ്യന്റെ 1987 സെപ്റ്റംബർ ഏഴിലെ ഉത്തരവ് റദ്ദുചെയ്യാൻ കഴിയില്ലെന്ന് കലക്ടർക്ക് വ്യക്തമായി. 1989 മേയ് ആറിന് കലക്ടർ ജിജി തോംസൺ 1975 നിയമപ്രകാരം നഞ്ചന് അന്യാധീനപ്പെട്ട മുഴുവൻ ഭൂമിയും തിരിച്ചു നൽകാൻ ഉത്തരവിട്ടു. പകർപ്പ് ഒറ്റപ്പാലം സബ് കലക്ടർക്കും മണ്ണാർക്കാട് തഹസിൽദാർക്കും അയച്ചു. ഇക്കാലത്ത് ടി.എൽ.എ കേസിലെ ഉത്തരവുകൾ നടപ്പാക്കാതിരിക്കാൻ വൻ രാഷ്ട്രീയ സമ്മർദം ഉണ്ടായി. ഉദ്യോഗസ്ഥർ എല്ലാവരും ഉത്തരവുകൾക്ക് മുന്നിൽ കണ്ണടച്ചു. ഉത്തരവുകൾ നടപ്പാക്കാതിരിക്കാൻ പണം പുഴപോലെ ഒഴുക്കി. 1975ൽ നിയമസഭ പാസാക്കിയ നിയമം ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നത് അവരുടെ ജീവിതത്തെ മാറ്റിത്തീർക്കുന്നതിനും സഹായകമായിരുന്നുവെങ്കിലും ഉത്തരവുകളൊന്നും നടപ്പാക്കിയില്ല. അട്ടപ്പാടിയിൽ നിയമം നടപ്പാക്കിയിരുന്നെങ്കിൽ ഇന്ന് ആദിവാസി കുട്ടികൾ ആഹാരമില്ലാതെ കൊല്ലപ്പെടില്ലായിരുന്നു. അട്ടപ്പാടിയുടെ ചരിത്രത്തിൽ പൊറുക്കാനാവാത്ത തെറ്റാണ് രാഷ്ട്രീയ നേതൃത്വങ്ങൾ അക്കാലത്ത് ആദിവാസികളോട് ചെയ്തത്. ഭൂതിവഴിയിലെ നഞ്ചനും കടമ്പ കടക്കാനായില്ല.
കടലാസിന്റെ വിലയില്ലാത്ത ഉത്തരവുകൾ
കലക്ടറുടെ ഉത്തരവുകൾ ചുവപ്പ് നാടയിൽ കുരുങ്ങി. ശക്തന്മാർക്കു മുന്നിൽ നിയമം വഴിമാറി. ഉത്തരവ് ലഭിച്ചുവെന്ന കാര്യം ആദിവാസികളെ അറിയിക്കാറില്ല. ആദിവാസികൾ അറിഞ്ഞിട്ടും കാര്യമില്ല. ഉത്തരവുമായി അവർ ആരെയാണ് സമീപിക്കുക. അതാണ് അട്ടപ്പാടിയുടെ കേന്ദ്രപ്രശ്നം. ആരെങ്കിലും ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാൽ സർക്കാർ കൈയേറ്റക്കാരും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി ആദിവാസികളെ ഭയപ്പെടുത്തും. അഗളി പൊലീസ് ഭൂമാഫിയ സംഘത്തിന് സഹായികളായിട്ടാണ് പ്രവർത്തിക്കുന്നത്.
ആദിവാസികളുടെ ഭൂപ്രശ്നത്തിൽ എം.എൽ.എ മുതൽ രാഷ്ട്രീയ നേതാക്കളിൽ ആരും ഇടപെടില്ല. ഭരണസംവിധാനങ്ങൾ എല്ലാം അട്ടപ്പാടിയിലെ ആദിവാസികൾക്കെതിരായിട്ടാണ് പ്രവർത്തിച്ചത്. അതിനാൽ നഞ്ചനടക്കം ഭൂമി അന്യാധീനപ്പെട്ട ആദിവാസികളിൽ ആർക്കും നീതി ലഭിച്ചില്ല. 1960ൽ കൊങ്ങശ്ശേരി കൃഷ്ണൻ നിയമസഭയിൽ ചൂണ്ടിക്കാണിച്ചതാണ് അഗളി പൊലീസ് ആദിവാസികൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾ. ഇപ്പോഴും അതിന് മാറ്റമുണ്ടായിട്ടില്ല. .
1996ൽ ഇടതു സർക്കാർ കൈയേറ്റക്കാരെ സംരക്ഷിക്കുന്നതിന് പുതിയ നിയമം പാസാക്കിയെങ്കിലും രാഷ്ട്രപതി ഭരണഘടനാവിരുദ്ധമെന്ന് രേഖപ്പെടുത്തി ഒപ്പുവെക്കാതെ തിരിച്ചയച്ചു. അതിൽ അന്യാധീനപ്പെട്ട ആദിവാസി ഭൂമി ഒരു ഹെക്ടർ വരെ (രണ്ടര ഏക്കർ) കൈയേറ്റക്കാരന് കൈവശം വെക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതിനിടയിൽ മാരിമുത്തു നായ്ക്കർ മരിച്ചതോടെ കുടുംബം മറ്റൊരു നീക്കം നടത്തി. ആർ.ഡി.ഒയുടെയും കലക്ടറുടെയും ഉത്തരവ് അട്ടിമറിച്ചു ഭൂമി ഭാഗപത്രം നടത്തി. എതിർക്കാൻ മറുഭാഗത്ത് ആദിവാസികൾ ഉണ്ടായിരുന്നില്ല. അട്ടപ്പാടിയിൽ കൈയേറ്റക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടത്തുന്ന അട്ടിമറിക്ക് മികച്ച ഉദാഹരണമാണ് നായ്ക്കരുടെ കുടുംബം നടത്തിയ നീക്കം.
മാരിമുത്തു നായ്ക്കരുടെ കുടുംബം 1999 ഏപ്രിൽ ഏഴിന് അഗളി സബ് രജിസ്ട്രാർ ഓഫിസിൽ സെറ്റിൽമെന്റ് ആധാരം ചമച്ചു. രജിസ്ട്രാർ ഓഫിസിലെ 501ാം നമ്പർ സെറ്റിൽമെന്റ് ആധാരപ്രകാരം മാരിമുത്തു നായ്ക്കരുടെ മക്കളായ ദേവരാജിന് 1.92 ഏക്കർ, പഴനിസ്വാമിക്ക് 1.76, ആനന്ദന് 1.77, രവിക്ക് 1.64, ശെൽവകുമാറിന് 2.20 (അതിൽ 90 സെന്റ് വിറ്റു), ശെൽവകുമാറിന്റെ ഭാര്യ രാജേശ്വരിക്ക് ഒരു ഏക്കർ എന്നിങ്ങനെയാണ് ഭൂമി ഭാഗംവെച്ചത്. സബ് രജിസ്ട്രാർക്ക് മുന്നിൽ ഇത് ആദിവാസി ഭൂമി കൈയേറിയതാണെന്നും തിരിച്ചു നൽകാൻ കലക്ടറുടെ ഉത്തരവുണ്ടെന്നും റിപ്പോർട്ട് ചെയ്തില്ല. സബ് രജിസ്ട്രാർ അക്കാര്യം പരിശോധിച്ചതുമില്ല. ആധാരം ലഭിച്ചതിനാൽ വില്ലേജ് ഓഫിസർ എല്ലാവർക്കും ഭൂമിയുടെ കരം അടച്ച് നികുതി രസീതും നൽകി. 1975ലെ നിയമവും ഉത്തരവുകളും ഇവരുടെ ഭൂമി കൈമാറ്റങ്ങൾക്ക് തടസ്സമായില്ല. ഇപ്പോൾ ഇവരെല്ലാം വാദിക്കുന്നത് ആദിവാസിയായ നഞ്ചനോ അദ്ദേഹത്തിന്റെ മകനായ ശിവകുമാറിനോ ഇവിടെ ഭൂമിയുണ്ടായിരുന്നില്ലെന്നാണ്. ആദിവാസിക്ക് ഭൂമിയുണ്ടായിരുന്നതിന് തെളിവെന്താണ് എന്നാണ് മാരിമുത്തു നായ്ക്കരുടെ ആവകാശികൾ ഉയർത്തുന്ന ചോദ്യം. അതിന് മുന്നിൽ ആദിവാസികൾ നിസ്സഹായരാണ്.
മൂന്നാം അങ്കത്തിൽ1999ലെ നിയമം
1999ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനഃസ്ഥാപനവും നിയമം പാസാക്കിയതോടെ 1975ലെ നിയമപ്രകാരമുള്ള ഉത്തരവുകളെല്ലാം റവന്യൂ വകുപ്പ് അസാധുവാക്കി. ഉദ്യോഗസ്ഥർ പണിയാലയിലെ പഴയ ഫയലുകളെല്ലാം തട്ടിയെടുത്ത് പുതിയ വിചാരണകൾക്കുള്ള പണിതുടങ്ങി. മണ്ണാർക്കാട് റവന്യൂ ഓഫിസിൽനിന്ന് 2009 ഡിസംബർ 16ന് വീണ്ടും വിചാരണ നടത്താൻ നഞ്ചനും മാരിമുത്തു നായ്ക്കർക്കും നോട്ടിസ് അയച്ചു. നോട്ടിസ് ലഭിച്ചപ്പോൾ 1975ലെ നിയമം നടപ്പാക്കിയെടുക്കാൻ പരാതി നൽകിയ നഞ്ചനും എതിർകക്ഷിയായ മാരിമുത്തു നായ്ക്കരും ലോകത്തോട് വിടപറഞ്ഞിരുന്നു.
മാരിമുത്തുവിന്റെ ഭാര്യ ബൊമ്മക്കാൾ ആണ് വിചാരണക്ക് ഹാജരായത്. മാരിമുത്തു നായ്ക്കരുടെ അവകാശികൾ എന്നനിലയിൽ ഭാര്യക്കും മക്കൾക്കുമായി കുടുംബം ഭൂമി ഭാഗംചെയ്തുവെന്ന് അവർ അറിയിച്ചു. ഭാഗപത്രത്തിന്റെ പകർപ്പും അവർ ഹാജരാക്കി. അതുപ്രകാരം മാരിമുത്തു നായ്ക്കരുടെ മരണശേഷം ഭാര്യയും ഒമ്പത് മക്കളും ചേർന്ന് 1997ൽ ഭാഗപത്രം തയാറാക്കിയിരുന്നു. അതിൽ ഭാര്യക്ക് ഒരു ഏക്കർ, മക്കളായ ദേവരാജ്- 1.92 ഏക്കർ, ആനന്ദൻ- 1.77, പഴനിസ്വാമി - 1.77, രവി- 1.77, ശെൽവരാജ്- 2.20 എന്നിങ്ങനെയാണ് ഭൂമി നൽകിയത്. നഞ്ചൻ മരിച്ചതിനാൽ മകൻ ശിവകുമാറാണ് ഹാജരായത്. ഭൂമി വിറ്റതാണോ പാട്ടത്തിന് നൽകിയതാണോയെന്ന് ശിവകുമാറിന് അറിയില്ല. അച്ഛൻ തന്നെയാണ് കേസ് കൊടുത്തതെന്ന് ശിവകുമാർ മൊഴി നൽകി. ഭൂമി നിലവിൽ മാരിമുത്തു നായ്ക്കരുടെ കൈവശമാണെന്നും രേഖപ്പെടുത്തി.
കൈയേറിയ ഭൂമി -മറ്റൊരു കാഴ്ച
കലക്ടർ കേസിലെ ന്യൂനതകൾ പരിഹരിച്ച് പുതിയ ഉത്തരവ് 2010ൽ നിർദേശം നൽകി. 1999ലെ നിയമപ്രകാരം കൈമാറ്റത്തിൽ ഉൾപ്പെട്ട ഭൂമി കാർഷിക ആവശ്യത്തിനായി ഉപയോഗിക്കുന്ന സംഗതികളിൽ അത് കൈമാറ്റം വാങ്ങിയ ആളിന് രണ്ട് ഹെക്ടർവരെ (അഞ്ച് ഏക്കർ) കൈവശംവെക്കാൻ അവകാശം ഉണ്ടായിരിക്കും. ആർ.ഡി.ഒയുടെ ഉത്തരവ് വഴി അതിന്റെ അതിർത്തി നിർണയിക്കണമെന്നാണ് നിയമം. ഇക്കാര്യം ചൂണ്ടിക്കാട്ടി കൈവശംെവച്ചിരിക്കുന്ന പത്തേക്കർ ഭൂമിയിൽനിന്ന് അഞ്ചേക്കർ ഭൂമി മാരിമുത്തു നായ്ക്കരുടെ അവകാശികൾക്ക് നൽകാം. അതിലധികമുള്ള ഭൂമി തിരിച്ചുപിടിച്ച് ആദിവാസികൾക്ക് നൽകണം എന്നാണ് നിയമം.
നഞ്ചന്റെ പിതാമഹനാണ് ഈ കേസിൽ പറയുന്ന സ്ഥലം അരക്കുറുശ്ശി ബാലകൃഷ്ണൻ നായർക്ക് ഭൂമി ആദ്യം കൈമാറിയത്. ബാലകൃഷ്ണൻ നായരാണ് ഇപ്പോഴത്തെ കൈവശക്കാരനായ മാരിമുത്തുവിന് കൈമാറിയത്. എന്നാൽ, ബാലകൃഷ്ണൻ നായർക്ക് നോട്ടിസ് നൽകി വിചാരണ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ നോട്ട് എഴുതി. അത് സംബന്ധിച്ചുള്ള പരിശോധനയിൽ ബാലകൃഷ്ണൻ നായർക്ക് ഭൂമി വിൽപന നടത്തിയപ്പോൾ 14,000 രൂപ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമായി. അതിനാൽ അദ്ദേഹത്തിന് നഷ്ടപരിഹാര അർഹതയില്ല. രണ്ട് ഹെക്ടർ ഭൂമി നിലനിർത്തി ബാക്കി തിരിച്ചുകൊടുക്കുമ്പോൾ ചമയങ്ങളുടെ വില കണക്കാക്കി നഷ്ടപരിഹാരത്തുക നൽകണം എന്നാണ് ഫയലിൽ കുറിച്ചത്. ഇതോടെ കേസിൽ എത്രയും പെട്ടെന്ന് തീർപ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മാരിമുത്തു നായ്ക്കരുടെ മക്കളായ ദേവരാജ്, രാജമ്മാൾ, പഴനിസ്വാമി, ആനന്ദൻ, രവി, ശെൽവകുമാർ, ശെൽവകുമാറിന്റെ ഭാര്യ രാജേശ്വരി എന്നീ ഏഴു പേർ കോടതിയിൽ എത്തി. 2011 മാർച്ച് 21ലെ കോടതി ഉത്തരവ് പ്രകാരം മൂന്ന് മാസത്തിനകം കേസ് തീർപ്പാക്കണം എന്നായിരുന്നു.
2011ലെ മെമ്മോറാണ്ടം
പുതിയ വിചാരണ നടത്തുന്നതിന് ആർ.ഡി.ഒ 2011 ജനുവരിയിൽ മാരിമുത്തുവിന്റെ ഭാര്യ ബൊമ്മക്കാൾക്ക് നോട്ടിസ് അയച്ചു. തുടർന്ന് വിചാരണ നടത്തി. മാരിമുത്തു നായ്ക്കർ കൈവശംവെച്ചിരുന്ന ആദിവാസി ഭൂമി 10 ഏക്കറിൽ അധികമായിരുന്നതിനാൽ ഭൂമി കൈമാറ്റം അസാധുവാണെന്ന് റിപ്പോർട്ട് നൽകി. 1999ലെ നിയമത്തിലെ വകുപ്പ് (അഞ്ച്) പ്രകാരം അപേക്ഷകനായ നഞ്ചന്റെ അനന്തരാവകാശികൾക്ക് അഞ്ചേക്കറിൽ കൂടുതലുള്ള ഭൂമി പുനഃസ്ഥാപിച്ചു നൽകണമെന്ന് 2011 ജനുവരി 11ന് ഒറ്റപ്പാലം റവന്യൂ ഡിവിഷനൽ ഓഫിസർ ഉത്തരവിട്ടു.
ആർ.ഡി.ഒയുടെ ഉത്തരവിനെതിരെ നായ്ക്കരുടെ അനന്തരാവകാശികൾ കലക്ടർക്ക് അപ്പീൽ നൽകി. ആ മെമ്മോറാണ്ടത്തിലെ വാദം വിചിത്രമാണ്. റവന്യൂ വകുപ്പ് അപ്പീൽ ഹരജിക്കാർക്ക് നോട്ടിസ് നൽകുകയോ അവരെ കേൾക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ഇവരുടെ പ്രധാന ആക്ഷേപം. അപ്പീൽ ഹരജിക്കാരായി ഏഴു പേരുണ്ട്. മാരിമുത്തു നായ്ക്കരുടെ മകൻ ദേവരാജ്, അദ്ദേഹത്തിന്റെ ഭാര്യ രാജമ്മാൾ, പഴനിസ്വാമി, ആനന്ദൻ, രവി, ശെൽവകുമാർ, ശെൽവകുമാറിന്റെ ഭാര്യ രാജേശ്വരി എന്നിവർ. അപ്പീൽ ഹരജിക്കാർ ഭൂമി കരം അടച്ച് കൈവശംവെച്ചിരിക്കുന്നവരാണ്. 2011ൽ ആർ.ഡി.ഒ അയച്ച നോട്ടിസ് പ്രകാരം ഏതോ ഒരു ശിവകുമാറാണ് പരാതിക്കാരൻ. അപ്പീൽ ഹരജിക്കാരുെട കൈവശം ഇരിക്കുന്ന ഭൂമി ശിവകുമാറിന്റെയോ അദ്ദേഹത്തിന്റെ മുൻഗാമികളുടെയോ കൈവശത്തിലോ ഉപയോഗത്തിലോ ഉടമസ്ഥതയിലോ ഇരിക്കുന്നത് അല്ല. ഈ ഭൂമി പട്ടികവർഗത്തിൽ ഉൾപ്പെട്ട ആരുടെയെങ്കിലും കൈവശത്തിൽ ഇരുന്ന ഭൂമിയുമല്ല. ഭൂതിവഴിയിലെ ശിവകുമാറിന് ഈ ഭൂമിയിൽ ഒരവകാശവും ഇല്ലെന്ന് അവർ വാദിച്ചു. 1999ലെ നിയമത്തിലെ ഏഴ് (ബി) പ്രകാരം അന്വേഷിച്ച് ബോധ്യപ്പെടാതെയാണ് ശിവകുമാറിന്റെ കളവായ അപേക്ഷയിൽ അപ്പീൽ ഹരജിക്കാരുടെ ഭൂമി തിരിച്ചുപിടിക്കുന്നതിന് ആർ.ഡി.ഒ ഉത്തരവിട്ടത്. അപ്പീൽ ഹരജിക്കാരുടെ ഭൂമിയിൽ ഉണ്ടായിരിക്കുന്ന പുരോഗതി തിട്ടപ്പെടുത്തുകയോ ഭൂമി അളക്കുകയോ ചെയ്തിട്ടില്ല. ഭൂമി അളന്ന് കൃഷിയും പുരോഗതിയും തിട്ടപ്പെടുത്താതെ 2011 ജനുവരി 11ലെ ഉത്തരവ് നിലനിൽക്കില്ലെന്ന് ഹരജിക്കാർ വാദിച്ചു. അതിനാൽ ഒറ്റപ്പാലം ആർ.ഡി.ഒയുടെ 2011ലെ ഉത്തരവ് റദ്ദാക്കണം. ഹരജിക്കാരെ കേട്ട് ഭൂമിയുടെ കൈവശാവകാശം പരിശോധിച്ച് പുതിയ ഉത്തരവിറക്കണം. അതുവരെ ഇക്കാര്യത്തിൽ തുടർനടപടി നിർത്തിെവക്കണമെന്നാണ് മാരിമുത്തു നായ്ക്കരുടെ അനന്തരാവകാശികൾ ആവശ്യപ്പെട്ടത്.
ഇവർ ഉന്നയിച്ച വാദത്തിനെല്ലാം സബ് കലക്ടർ വ്യക്തമായി മറുപടി അക്കമിട്ട് നൽകി. 2009 ഡിസംബർ 11ന് നടന്ന വിചാരണയിൽ മാരിമുത്തു നായ്ക്കരുടെ ഭാര്യ ബൊമ്മക്കാൾ ഹാജരായിരുന്നു. അതിനാൽ മക്കൾക്ക് ടി.എൽ.എ കേസിലുള്ള ഭൂമി ഭാഗംവെച്ച് നൽകിയതിനാൽ കൈവശക്കാർ അപ്പീൽ പരാതിക്കാരാണെന്ന വാദം നിലനിൽക്കില്ല. മാരിമുത്തു നായ്ക്കരുടെ അവകാശികൾ ഭാര്യ ബൊമ്മക്കാളും മക്കളുമാണ്. അതിനാൽ വിചാരണക്ക് അവസരം ലഭിച്ചില്ലെന്ന മക്കളുടെ വാദം നിലനിൽക്കില്ല. ശിവകുമാർ നഞ്ചന്റെ മകനാണ്. നഞ്ചനും സഹോദരങ്ങളും ചേർന്ന് ഭൂമി നൽകിയതിന്റെ വ്യക്തമായ രേഖയുള്ളതിനാൽ ശിവകുമാർ ടി.എൽ.എ കേസുമായി ബന്ധമുള്ള ആളല്ലെന്ന വാദത്തിനും അടിസ്ഥാനമില്ലെന്ന് സബ് കലക്ടർ മറുപടി നൽകി. അതിനാൽ 2015 ജൂൺ 26ന് പരാതി നിരസിച്ച് ഉത്തരവായി.
2015ൽ വീണ്ടും വിചാരണ
കലക്ടർക്ക് 2015ൽ അപ്പീൽ സമർപ്പിച്ചപ്പോൾ ഭൂമിയുടെ അവകാശികളായി 17 പേരായി. മാരിമുത്തു നായ്ക്കരുടെ മകൻ ദേവരാജ് തുടങ്ങിയ ഏഴു പേരും 2008ൽ ശെൽവകുമാറിൽനിന്ന് ഭൂമി വാങ്ങിയ എട്ടുപേരും രവിയിൽനിന്നും ഭൂമി വാങ്ങിയ രണ്ടു പേരും ചേർത്ത് 17 പേരാണ് അപ്പീൽ നൽകിയത്. ടി.എൽ.എസ് നടക്കുമ്പോൾ മാരിമുത്തു നായ്ക്കരുടെ മക്കളായ ശെൽവകുമാർ 2008ൽ എട്ട് ആധാരങ്ങളിലായി 86.25 സെന്റ് ഭൂമിയും രവി 12.50 സെന്റും വിറ്റു. മണ്ണാർക്കാട് തിരുവിഴാംകുന്ന് കോഴിക്കോട്ടിൽ വീട്ടിൽ കെ.ആർ. രാധാകൃഷ്ണൻ (10 സെന്റ് ), രാധാകൃഷ്ണന്റെ ഭാര്യ സി.ബി. ദീപമോൾ (12.75 സെന്റ്), അഗളി കോവിൽമേട് വടക്കേടത്ത് ജോസഫിന്റെ മകൻ വി.ജെ. ബിനോയ് (11.50 സെന്റ്), അഗളി ഭൂതിവഴി കോവിൽമേട് പനച്ചിക്കാലയിൽ വീട്ടിൽ റെജിയുടെ ഭാര്യ റെജീന റെജി (അഞ്ച് സെന്റ്), അഗളി അയ്ക്കാക്കാട്ടിൽ കുമാരൻ നായരുടെ മകൻ എ.കെ. അജയകുമാർ (17 സെന്റ് ), അഗളി കോവിൽമേട് ശ്രീധരന്റെ മകൻ എ. മുരളി (അഞ്ച് സെന്റ്), കോവിൽമേട് തോട്ടിക്കാട്ടിൽ വീട്ടിൽ കിട്ടുവിന്റെ മകൻ ടി.കെ. വിജയൻ (അഞ്ച് സെന്റ്), പെരിന്തൽമണ്ണ എടലപാറ പാതിരിക്കോട് പോസ്റ്റ് മുള്ളത്ത് ഹൗസിൽ ശങ്കരൻ നായരുടെ മകൻ അച്യുതൻ നായർ (20 സെന്റ് ) എന്നിങ്ങനെ എട്ടുപേർക്കാണത്.
മാരിമുത്തു നായ്ക്കരുടെ മറ്റൊരു മകനായ രവിയിൽനിന്ന് 2008ൽ 7.5 സെന്റ് ഭൂമി വാങ്ങിയ പി. രാധാകൃഷ്ണൻ, അഞ്ച് സെന്റ് വാങ്ങിയ പി. ചന്ദ്രിക എന്നിങ്ങനെ 10 പേരാണ് പുതിയ ഹരജിക്കാരായി രംഗത്ത് എത്തിയത്.
കലക്ടർക്ക് നൽകിയ അപ്പീലിൽ 2015 ജൂലൈ 14ന് വിചാരണ നടത്താൻ സബ് കലക്ടറെ ചുമതലപ്പെടുത്തി. അഗളി അഹാഡ്സ് കാര്യാലയത്തിലായിരുന്നു വിചാരണ. നഞ്ചന്റെ മകൻ ശിവകുമാർ വിചാരണക്ക് ഹാജരായി. ഭൂമി തന്റെപൂർവികരിൽനിന്നും നിസ്സാരവിലയ്ക്ക് അപ്പീൽ വാദികൾ കൈയടക്കിയതാണെന്നും തന്റെ കുടുംബത്തിന് അർഹതപ്പെട്ട ഭൂമിയാണെന്നും ശിവകുമാർ വാദിച്ചു. ഒറ്റപ്പാലം ആർ.ടി.ഒ ഉത്തരവിട്ട കേസാണെന്നും സൂചിപ്പിച്ചു. അതിനാൽ, നിയമപരമായി തന്നെ കുടുംബത്തിന് അർഹതപ്പെട്ട ഭൂമി തിരികെ ലഭിക്കണമെന്നും മൊഴി നൽകി. 1975 നിയമമനുസരിച്ച് അന്യാധീനപ്പെട്ട ആദിവാസി ഭൂമി മുഴുവനും തിരികെ ലഭിക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടില്ല. 1999ലെ നിയമപ്രകാരം അഞ്ചേക്കർ ഭൂമി കൈയേറ്റക്കാരുടെ കൈവശം ഇരിക്കട്ടെ എന്നുതന്നെയാണ് ശിവകുമാർ വാദിച്ചത്. നിയമം മാറിയത് ശിവകുമാർ അടക്കമുള്ള ആദിവാസികൾക്ക് മനസ്സിലായി. അവർ മറ്റ് മാർഗമില്ലാത്തതിനാൽ നിയമം പാലിക്കാൻ തയാറായി. അപ്പോഴും കൈയേറ്റക്കാർ 1999ലെ നിയമവും അംഗീകരിക്കാൻ തയാറായില്ല. അതിനാൽ ആർ.ഡി.ഒയുടെ ഉത്തരവ് പ്രകാരമുള്ള ഭൂമിയെങ്കിലും തിരികെ ലഭിക്കണമെന്നാണ് ശിവകുമാർ ആവശ്യപ്പെട്ടത്.
അപ്പീൽവാദികളായ ദേവരാജ് അടക്കമുള്ള ഏഴുപേർക്കുവേണ്ടി അഡ്വ. കെ. ശശികുമാർ ഹാജരായി ഭൂമി സംബന്ധിച്ച രേഖകൾ ഹാജരാക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ സെപ്റ്റംബർ എട്ടിലേക്ക് മാറ്റിവെച്ചത്. എട്ടിലെ വിചാരണയിലും അഡ്വ. കെ. ശശികുമാർ ഹാജരായി 10 ഏക്കർ ഭൂമി പട്ടികവർഗത്തിൽപെട്ട മൂന്നുപേർ (സഹോദരങ്ങൾ) മാരിമുത്തു നായ്ക്കർക്ക് കൈമാറ്റം ചെയ്തതാണെന്നും 1999ലെ കെ.എസ്.ടി നിയമത്തിലെ വകുപ്പ് അഞ്ച് (രണ്ട് ) പ്രകാരം രണ്ട് ഹെക്ടർ ഭൂമി കൃഷി ആവശ്യത്തിന് പട്ടികവർഗ ഇതരവിഭാഗത്തിന് കൈവശംവെക്കാവുന്നതാണെന്നും അദ്ദേഹം വാദിച്ചു. മൂന്നുപേരിൽ ഓരോരുത്തരും കൈമാറിയതായി കണക്കാക്കുമ്പോൾ രണ്ട് ഹെക്ടറിൽ താഴെ ഭൂമി മാത്രമേ പട്ടികവർഗത്തിൽ ഉൾപ്പെട്ട ഓരോരുത്തരും കൈമാറിയിട്ടുള്ളൂ എന്നും ചൂണ്ടിക്കാട്ടി.
നഞ്ചന്റെയും ശിവകുമാറിന്റെയും അനന്തരാവകാശികളെ കക്ഷികളായി ചേർത്ത് വിചാരണ മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. അങ്ങനെ 2015 ഡിസംബർ 15ലേക്ക് കേസ് മാറ്റിവെച്ചു. ഇതേ കാലത്തുതന്നെ കേസ് വേഗത്തിൽ തീർപ്പാക്കണമെന്നും അല്ലാത്തപക്ഷം തങ്ങൾ കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യുമെന്നും കാണിച്ച് അപ്പീൽ വാദികളുടെ വക്കീൽ കലക്ടർക്ക് നോട്ടിസും അയച്ചു. എന്നാൽ, 2015 ജൂലൈ 14 മുതൽ വിവിധ തീയതികളിലായി നിരവധിതവണ വിചാരണ തീയതി അനുവദിക്കുകയും അപ്പീൽ വാദികളുടെ വക്കീൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിചാരണ തീയതി നീട്ടിനൽകുവാൻ ആവശ്യപ്പെടുകയുമാണ് ചെയ്തിരുന്നത്.
ആദിവാസി കുടുംബത്തിന്റെ അസാധാരണ മൊഴി
വിചാരണ നീണ്ടപ്പോൾ മാരിമുത്തു നായ്ക്കരിൽനിന്ന് ഭൂമി വാങ്ങിയ കെ.ആർ. രാധാകൃഷ്ണൻ അടക്കമുള്ള 10 പേർ ഹൈകോടതിയെ സമീപിച്ചു. 2020 നവംബർ 25ലെ വിധിയിൽ മൂന്നുമാസത്തിനകം തീർപ്പുകൽപിക്കണമെന്ന് ഉത്തരവായി. അതനുസരിച്ച് 2021 ഫെബ്രുവരി 23ന് വിചാരണ തുടങ്ങി. അപ്പീൽ വാദിയായ ദേവരാജ് അടക്കമുള്ള ഏഴുപേർക്കുവേണ്ടി സീനിയർ അഡ്വ. ഷിജു വർഗീസ് വക്കാലത്ത് ഏറ്റെടുത്തു. അഡ്വ. സനോജ് കെ. നെൽസൺ ഹാജരായി. വിചാരണക്കായി മറ്റൊരു തീയതി അനുവദിച്ചുനൽകണമെന്ന് വക്കീൽ ആവശ്യപ്പെട്ടു. കലക്ടർ വിചാരണ ആദ്യം 2021 മാർച്ച് ഒമ്പതിനും പിന്നീട് മേയ് 20ലേക്കും മാറ്റി. കോവിഡ് നിയന്ത്രണങ്ങൾ കാരണം വിചാരണ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ജൂൺ 15ലേക്ക് കേസ് മാറ്റിവെച്ചു. അന്ന് വിചാരണക്ക് അപ്പീൽവാദികൾ ഹാജരായില്ല. തുടർന്ന് കോവിഡ് പ്രതിസന്ധി മൂലമുള്ള ലോക്ഡൗണിന് ശേഷം ആഗസ്റ്റ് ഒമ്പതിന് നടന്ന വിചാരണയിൽ അപ്പീൽ വാദികൾ എതിർകക്ഷിയായ നഞ്ച ന്റെ ഏകമകൻ ശിവകുമാർ മരിെച്ചന്ന് അറിയിച്ചു (അതൊരു ദുരൂഹമരണമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്).
മരിച്ച നഞ്ചന്റെയും ശിവകുമാറിന്റെയും അനന്തരാവകാശികളെ കക്ഷികളായ ചേർത്ത് വിചാരണ നടത്തുന്നതിന് കേസ് 2021 ഡിസംബർ 15ലേക്ക് മാറ്റിവെച്ചു. അതേസമയം അപ്പീൽ വേഗത്തിൽ തീർപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്നു കാണിച്ച് കലക്ടർക്ക് ദേവരാജിന്റെ വക്കീൽ കത്ത് നൽകി. ദേവരാജിനും ഏഴുപേർക്കും വേണ്ടി അഡ്വ. സിനോജ് കെ. നെൽസൺ ഹാജരായി. സീനിയർ അഡ്വ. ഷിജു വർഗീസ് ഹാജരാകുന്നതിന് മറ്റൊരു വിചാരണ തീയതി അനുവദിച്ചു നൽകണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ഇത്തരത്തിൽ അപ്പീൽ വാദികൾ വിചാരണവേളകളിൽ കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയും അതിനുശേഷം കേസ് അടിയന്തരമായി തീർപ്പു കൽപിക്കുന്നതിന് നോട്ടിസ് നൽകുകയും ചെയ്യുന്ന പ്രവണത അംഗീകരിക്കാനാവാത്തതും കേസിന്റെ തീർപ്പിന് അനാവശ്യമായ താമസം സൃഷ്ടിക്കുന്നതുമാണെന്നും സബ് കലക്ടർ വിചാരണയിൽ ചൂണ്ടിക്കാട്ടി.
തുടർന്ന് അഡ്വ. സിനോജ് കെ. നെൽസൺ കേസുമായി ബന്ധപ്പെട്ട പ്രസ്താവന നേരത്തേ നൽകിയിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും അറിയിച്ചു. അപ്പീൽ എതിർകക്ഷിയായി മരിച്ച നഞ്ചന്റെ ഭാര്യ വഞ്ചി, ശിവകുമാറിന്റെ ഭാര്യ ശാന്തി, മക്കളായ ഉഷാകുമാരി, ശാന്തകുമാരി എന്നിവർ ഹാജരായി. നാലുപേരും ഒരേ സ്വരത്തിൽ നാടകത്തിലെ പോലെ തർക്കഭൂമി തങ്ങളുടെയല്ലെന്നും കേസിൽനിന്നും ഒഴിവാക്കി തരണമെന്നും അപേക്ഷിച്ചു. ഈ മൊഴിയിലൂടെ ഭൂതിവഴിയിലെ ആദിവാസി കുടുംബം അട്ടപ്പാടിയുടെ ചരിത്രത്തിൽ പുതിയൊരു അനുഭവമാണ് അടയാളപ്പെടുത്തിയത്. 1975ലെ നിയമം പാസാക്കി ഏതാണ്ട് നാലര പതിറ്റാണ്ട് കഴിഞ്ഞപ്പോൾ ആദിവാസികൾ പിറന്ന മണ്ണിൽ ജീവിക്കാനായി പോരാടി ജീവിതം തകർന്നിരിക്കുന്നുവെന്ന സന്ദേശം അവരുടെ മൊഴിയിലുണ്ട്. സ്വന്തം പിതാവിന്റെ ഭൂമിയാണെന്ന സത്യംപോലും വിളിച്ചുപറയാൻ കഴിയാത്ത ജീവിതാവസ്ഥയിലാണവർ.
മാരിമുത്തു നായ്ക്കരുടെ മക്കളായ രവിയും സെൽവകുമാറും കൈമാറ്റംചെയ്ത ഭൂമിയിലെ നിലവിലെ കൈവശക്കാരായ കെ.ആർ. രാധാകൃഷ്ണൻ അടക്കം 10 പേരും വിചാരണക്ക് ഹാജരായി. മാരിമുത്തു നായ്ക്കരുടെ കുടുംബത്തിന്റെയും കൈവശമുണ്ടായിരുന്ന ഭൂമി 2008 മുതൽ 2013 വരെയുള്ള കാലഘട്ടങ്ങളിലായി അഞ്ച് സെന്റ് മുതൽ 20 സെന്റ് വരെ ഭൂമി വാങ്ങിയിട്ടുണ്ടെന്നും ആദിവാസി ഭൂമിയാണ് എന്നറിയാതെയാണ് ഭൂമി വാങ്ങിയതെന്നും വാദിച്ചു. തങ്ങളുടെ ഭൂമി ഒഴിവാക്കി മാരിമുത്തു നായ്ക്കരുടെ കുടുംബത്തിൽനിന്നും പട്ടികവർഗത്തിൽ ഉൾപ്പെട്ടവർക്ക് ഭൂമി പുനഃസ്ഥാപിച്ച് നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. നിലവിലെ കൈവശക്കാരായ അപ്പീൽ വാദികൾക്ക് ഭൂമി ലഭിച്ചതിന്റെ ആധാരങ്ങളുടെ പകർപ്പുകളും ഹാജരാക്കി.
ഇരുളടഞ്ഞ ചരിത്രത്തിലേക്ക് വെളിച്ചം വീശിയ ഇടപെടൽ
പാലക്കാട് കലക്ടർ മൃൺമയി ജോഷി അട്ടപ്പാടിയിലെ മനുഷ്യത്വവിരുദ്ധമായ അവസ്ഥ ടി.എൽ.എ കേസിലെ ഫയലുകളിൽനിന്ന് മനസ്സിലാക്കി. നീതിബോധമുള്ള ആർക്കും കലക്ടറുടെ ഉത്തരവിനെ എതിർക്കാനാവില്ല. ഒരു ആദിവാസി കുടുംബത്തിലെ മൂന്നു സഹോദരങ്ങൾ (മണ്ണപ്പ, കാട, നഞ്ചൻ) കുടുംബഭൂമി കൈമാറിയതിനാൽ മൂന്നുപേർ കൈമാറിയെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് കലക്ടർ ഒന്നാമതായി ചൂണ്ടിക്കാട്ടി. ഓരോരുത്തരും കൈമാറിയത് രണ്ട് ഹെക്ടറിൽ താഴെ ഭൂമിയാെണന്ന വാദവും കലക്ടർ നിരാകരിച്ചു. അതിനാൽ പട്ടികവർഗത്തിൽ ഉൾപ്പെട്ട ഒരു കുടുംബത്തിന് അന്യാധീനപ്പെട്ട ഭൂമി എന്ന് കണക്കാക്കി 1999ലെ പട്ടികവർഗഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമത്തിലെ വകുപ്പ് അഞ്ച് (രണ്ട്) പ്രകാരം അഞ്ചേക്കർ ഭൂമി നിലനിർത്തി ബാക്കി ഭൂമി, ആദിവാസി വിഭാഗത്തിലെ അനന്തര അവകാശികൾക്ക് നൽകി ഒറ്റപ്പാലം ആർ.ടി.ഒയുടെ 2021 ജനുവരി 11ലെ ഉത്തരവ് പുനഃപരിശോധിക്കേണ്ടതില്ലെന്ന് കലക്ടർ ഉത്തരവിട്ടു.
ഭാവിയുടെ അടിത്തറയാകുന്ന വചനങ്ങൾ കലക്ടറുടെ ഉത്തരവിലുണ്ട്. അധികാരം ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ ആദിവാസികളെ കീഴ്പ്പെടുത്തി ഭൂമി പിടിച്ചെടുക്കലാണ് അട്ടപ്പാടിയിൽ നടക്കുന്നതെന്ന് അവർ പറയാതെ പറഞ്ഞു. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരികെ ലഭിക്കുന്നതിനായി 1987 മുതൽ പരേതനായ നഞ്ചനും അദ്ദേഹത്തിന്റെ മരണശേഷം മകനായ ശിവകുമാറും നിയമപോരാട്ടം നടത്തി. ശിവകുമാർ മരിച്ചതിനെ തുടർന്ന് അനന്തരാവകാശികളായ മാതാവ് വഞ്ചിയും ഭാര്യ ശാന്തിയും മക്കളായ ഉഷാകുമാരി, ശാന്തകുമാരി എന്നിവരെയും കേസിൽ വിചാരണ ചെയ്തിരുന്നു. 1987 മുതലുള്ള ഈ ഫയലിലെ രേഖകൾ പരിശോധിച്ചതിൽ അവസാനത്തെ വിചാരണ വേളയിലാണ് നഞ്ചന്റെ അവകാശികൾ തങ്ങൾക്ക് ഭൂമിയിൽ അവകാശമില്ല എന്ന് മൊഴി നൽകിയത്.
നഞ്ചന്റെ അവകാശികളായും അമ്മയും ഭാര്യയും രണ്ട് പെൺമക്കളും നൽകിയ മൊഴി കൈയേറ്റക്കാരുടെ സമ്മർദത്തിൽ നൽകിയതാണെന്നല്ലാതെ മറ്റൊരു കാരണവും കണ്ടെത്താനാവില്ലെന്ന് കലക്ടർ അടിവരയിട്ടു രേഖപ്പെടുത്തി. മരണഭയമുള്ള ജനതയാണ് അട്ടപ്പാടിയിലെ ആദിവാസികളെന്ന് കലക്ടർ ഇവരുടെ മൊഴികളിൽനിന്ന് തിരിച്ചറിഞ്ഞു. സാമൂഹിക അടിമത്തം അട്ടപ്പാടിയിൽ നിലനിൽക്കുന്നുവെന്ന് മൊഴി നൽകാനെത്തിയ ആദിവാസികളുടെ ശരീരഭാഷയിൽനിന്ന് അവർ വായിച്ചെടുത്തു. ഈ കുടുംബത്തിന് ഭൂമാഫിയയുടെ വാൾമുനയിൽനിന്ന് മോചനം നേടാനാവുന്നില്ല. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ കഴിയാത്തത് ആദിവാസി ജീവിതത്തിന്റെ നിസ്സഹായതയാണെന്നും അവർക്ക് ബോധ്യമായി.
കേസിലെ വിചാരണയിൽ തുടരത്തുടരെ തീയതി നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട അപ്പീൽ വാദികളുടെ വക്കീൽ മുഖാന്തരമുള്ള ആവശ്യം കേസിന്റെ തീർപ്പിന് അനാവശ്യമായ കാലതാമസം സൃഷ്ടിച്ചുവെന്നും കലക്ടർ 2022 ജനുവരി 17ലെ ഉത്തരവിൽ പറഞ്ഞു. കലക്ടർ മൃൺമയി ജോഷിയുടെ ഉത്തരവിനൊരു രഹസ്യസ്വഭാവമുണ്ട്. ഭൂമിക്കുമേൽ ആദിവാസികളുടെ നിയമപരമായ അവകാശം ഉറപ്പിക്കലായിരുന്നു അതിന്റെ ലക്ഷ്യം. പട്ടികവർഗത്തിൽ ഉൾപ്പെട്ടവരുടെ ഭൂമി അന്യാധീനപ്പെടുന്നത് തടയുകയും അവരുടെ ഭൂമി സംരക്ഷിക്കുകയുമായിരുന്നു നിയമത്തിന്റെ പ്രധാന ലക്ഷ്യം. എന്നാൽ, അട്ടപ്പാടിയിൽ അത് പ്രയോജനപ്പെട്ടത് അധികാരത്തെ നിയന്ത്രിക്കുന്ന കൈയേറ്റ സംഘത്തിനാണ്. നഞ്ചന്റെ അനന്തര അവകാശികൾ ഭൂമാഫിയയുടെ സമ്മർദത്തിൽ നൽകിയ മൊഴി കണക്കിലെടുക്കാനാവില്ല. അപ്പീൽ വാദികളായ മാരിമുത്തു നായ്ക്കരുടെ അനന്തരാവകാശികൾ നടത്തിയ 1997ലെ ഭാഗപത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത് ടി.എൽ.എ കേസ് നിലനിൽക്കേയാണ്. അതിനാൽ ഭാഗപത്രം നടക്കുമ്പോൾ ആദിവാസി ഭൂമിയാണെന്ന് അറിയില്ലായിരുന്നു എന്ന വാദം നിലനിൽക്കുന്നതല്ല. കേസിനെക്കുറിച്ച് പൂർണ അറിവോടെയും ഭൂമിയിന്മേൽ ടി.എൽ.എ കേസ് ഉണ്ടെന്ന വിവരം മറച്ചുവെച്ചുമാണ് കൈമാറ്റങ്ങൾ നടത്തിയത്. ആ കൈമാറ്റങ്ങളൊന്നും അംഗീകരിക്കാനാവില്ല. അട്ടപ്പാടിയിലെ ഭൂമി കൈമാറുമ്പോൾ അത് ആദിവാസികളുടെ ഭൂമിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് ഏതൊരു പൗരന്റെയും ചുമതലയാണ്. വിവരം അറിവില്ലായിരുന്നു എന്ന് രണ്ടാം അപ്പീൽ വാദിയായ രാധാകൃഷ്ണൻ അടക്കമുള്ളവരുടെ (അഞ്ച് സെന്റ് മുതൽ 20 സെന്റ് വരെ വാങ്ങിയ 10 പേരുടെ) അവകാശവാദവും സാധൂകരണത്തിന് അർഹമല്ല.
1999ലെ നിയമത്തിലെ വകുപ്പ് അഞ്ച് (ഒന്ന്) പ്രകാരം 1960 ജനുവരി ഒന്നിനും 1986 ജനുവരി 24നും ഇടക്കുള്ള രണ്ട് ഹെക്ടറിൽ (അഞ്ച് ഏക്കർ) അധികമുള്ള ഭൂമി കൈമാറ്റം അസാധുവാണ്. അതിനാലാണ് മുഴുവൻ അപ്പീൽ വാദങ്ങളും തള്ളിയത്. നിയമപ്രശ്നങ്ങളെല്ലാം പരിശോധിച്ചാണ്, ഒറ്റപ്പാലം ആർ.ടി.ഒയുടെ ഉത്തരവ് ശരിവെച്ചാണ് കലക്ടർ ഉത്തരവിട്ടത്.
2022 ഫെബ്രുവരി 15ലെ പരാതി
കലക്ടറുടെ ഉത്തരവ് നടപ്പാക്കാൻ ഒറ്റപ്പാലം സബ് കലക്ടർക്ക് കൈമാറി. മാർച്ച് 16ന് സബ് കലക്ടർ അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫിസർക്കും ഉത്തരവ് കൈമാറി. കലക്ടറുടെ ഉത്തരവ് പ്രകാരമുള്ള നടപടിക്രമം പൂർത്തിയാക്കി സ്കെച്ച് സഹിതം മഹസർ തയാറാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കത്ത്. ഫയലിൽ പിന്നെ ഒന്നും സംഭവിച്ചിട്ടില്ല. ഒന്നും സംഭവിക്കാനും ഇടയില്ല. ഉദ്യോഗസ്ഥരും കോടതിയും സർക്കാർ സംവിധാനവും ആദിവാസികൾക്ക് ഒപ്പമല്ല. പാലക്കാട് കലക്ടർ ഉത്തരവിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഈ കുടുംബത്തിന് ഒരു സെന്റ് ഭൂമിപോലും തിരികെ പിടിച്ചുനൽകാൻ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ല. അട്ടപ്പാടിയിലെ റവന്യൂ വകുപ്പിന്റെ രീതിശാസ്ത്രമാണത്. 2022 ജനുവരിയിൽ കലക്ടറുടെ ഉത്തരവ് പുറത്തുവന്നതോടെ ഭൂമി കൈവശംവെക്കുന്നവർ പുതിയ നീക്കം തുടങ്ങി. അവർ തഹസിൽദാർക്ക് പുതിയ അപേക്ഷ നൽകി.
ഈ ഭൂമി വാങ്ങിയവർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ആധാരം എഴുതുന്ന സമയത്ത് ആദിവാസി ഭൂമിയാണെന്ന സത്യം അറിയില്ലായിരുന്നു എന്നാണ്. മാരിമുത്തു നായ്ക്കരുടെ അവകാശികളും അവരിൽനിന്ന് ഭൂമി വാങ്ങിയവരും ഉത്തമവിശ്വാസപ്പെടുത്തി തന്നതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലങ്ങൾ വാങ്ങിയതെന്നാണ്. അതിനാൽ മാരിമുത്തു നായ്ക്കരുടെ അവകാശികളിൽനിന്നും 1999ലെ നിയമപ്രകാരം രണ്ട് ഹെക്ടറിൽ കൂടുതലുള്ള ഭൂമി ഏറ്റെടുക്കണമെന്നാണ്. മറ്റുള്ളവർ തീറ് വാങ്ങിയതായ ഭൂമികൾ അതിൽ ഉൾപ്പെടുത്തരുതെന്നും അത് ഒഴിവാക്കി തരണമെന്നും അവർ മണ്ണാർക്കാട് തഹസിൽദാർക്ക് അപേക്ഷ നൽകി. 2022 ഫെബ്രുവരി 15നാണ് അപേക്ഷ നൽകിയത്.
ടി.എൽ.എ കേസ് നിലനിൽക്കുമ്പോഴാണ് ഭാഗപത്രം രജിസ്റ്റർ ചെയ്തത്. ഇത് നടക്കുമ്പോൾ നിലവിൽ 1975ലെ നിയമമായിരുന്നു. ആർ.ടി.ഒ ഉത്തരവ് പ്രകാരം മുഴുവൻ ഭൂമിയും ആദിവാസികൾക്ക് തിരിച്ചു കൊടുക്കണമെന്ന ഉത്തരവ് നിലനിൽക്കുമ്പോഴാണ് അഗളി സബ് രജിസ്ട്രാർ ഓഫിസിൽ ആധാരം നടത്തിയത്. ആദിവാസി ഭൂമി അന്യാധീനപ്പെട്ടു എന്ന കേസ് നിലനിൽക്കെ എങ്ങനെയാണ് ഈ ഭാഗപത്രം തയാറാക്കിയതെന്ന ചോദ്യത്തിന് രജിസ്ട്രേഷൻ വകുപ്പാണ് ഉത്തരം നൽകേണ്ടത്. ആദിവാസി ഭൂനിയമം പാലിക്കാൻ ഉത്തരവാദിത്തമുള്ള റവന്യൂ ഉദ്യോഗസ്ഥരാണ് നിയമം അട്ടിമറിച്ച് നികുതി അടച്ചുനൽകിയത്. 1999ലെ ആദിവാസി ഭൂമി നിയമപ്രകാരം 21 വർഷം ആദിവാസികൾക്ക് നീതി നിഷേധിച്ചു. ഉത്തരവ് വന്നെങ്കിലും അത് നടപ്പാക്കാൻ കഴിയുന്നില്ല.
ഭൂതിവഴി ഊരിലെ നഞ്ചന്റെ ഭൂമിയാണിത്. അദ്ദേഹത്തിന്റെ മകൻ ശിവകുമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. നഞ്ചന്റെ ഭാര്യ വഞ്ചി, ശിവകുമാറിന്റെ ഭാര്യ ശാന്തി, ശിവകുമാറിന്റെ മകൾ ഉഷാകുമാരി, ശാന്തകുമാരി എന്നിവരാണ് ഭൂമിയുടെ അവകാശികൾ. കുടുംബത്തിൽ അവശേഷിക്കുന്നത് സ്ത്രീകളാണ്. അവർ നിശ്ശബ്ദരാണ്. ഭയത്തിന്റെ കരിമ്പടം അവരെ മഞ്ഞുപോലെ മൂടിയിരിക്കുന്നു.
2022 ജനുവരി 17ന് അഞ്ച് ഏക്കർ ഒഴിച്ചുള്ള ഭൂമി, തിരിച്ചുപിടിച്ച് നൽകണമെന്ന് ഉത്തരവിട്ടത് അവർക്കറിയില്ല. കലക്ടർക്കും മീതെ അധികാരമുള്ള ഉദ്യോഗസ്ഥനാണ് അഗളി ൈട്രബൽ താലൂക്ക് തഹസിൽദാർ. ഉത്തരവ് താലൂക്കിലെ ചുവപ്പുനാടയിൽ കുടുങ്ങി. ആദിവാസി ഭൂമിക്കുമേൽ അവകാശം സ്ഥാപിച്ചിരിക്കാൻ വ്യാജരേഖ ഉണ്ടാക്കി കോടതിയിൽ എത്തിയാൽ അനുകൂലമായി വിധി സമ്പാദിക്കാം. പിന്നീട് വിധി നടപ്പാക്കാൻവേണ്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെടാം. പൊലീസ് ഭൂമിയിലെത്തി ആദിവാസികളെ കടലാസ് കാണിച്ച് എല്ലാറ്റിനെയും അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തും. ആരെങ്കിലും പരാതി നൽകിയാൽ ജീവനിൽ കൊതിയുണ്ടെങ്കിൽ പിൻവാങ്ങാൻ മാഫിയ ആവശ്യപ്പെടും. അട്ടപ്പാടിയിൽനിന്ന് ഉയർന്നുവന്ന നാഞ്ചിയമ്മയുടെ ദേശീയ അവാർഡുപോലും തടയുമെന്ന് ഭൂമാഫിയ ഭീഷണിപ്പെടുത്തി. കെ.കെ. രമ എം.എൽ.എ അട്ടപ്പാടി സന്ദർശിച്ചതിന്റെ പേരിൽ ഭീഷണി ഉണ്ടായി. എം.എൽ.എക്കെതിരെ പോലും ഭീഷണി ഉയർത്താൻ കരുത്തുള്ളവരാണ് ഭൂമാഫിയ സംഘം. സംസ്ഥാനത്ത് ഏറ്റവും അധികം ഭൂമി രജിസ്േട്രഷൻ നടക്കുന്ന ഓഫിസ് അഗളിയിലെ സബ് രജി സ്ട്രാർ ഓഫിസ് ആയിരിക്കും. വ്യാജരേഖ ഉപയോഗിച്ച് ഭൂമി തട്ടിയെടുക്കുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം അട്ടപ്പാടി തന്നെ. അധികാരബന്ധവും കൈയിൽ പണവുമുണ്ടെങ്കിൽ ആർക്കും ഏത് ഉദ്യോഗസ്ഥനെയും വിലയ്ക്ക് വാങ്ങി നിലക്കുനിർത്താം.
പെൺകുട്ടികൾക്ക് നീതി ലഭിക്കുമോ?
നൂറുകോടി സ്വത്തിന്റെ ഉടമകളാണെങ്കിലും പെൺകുട്ടികളുടെ ജീവിതം ഭീതിയിലാണ്. അവർക്കു മുന്നിൽ നീതിയുടെ എല്ലാ വാതിലുകളും അടയ്ക്കപ്പെട്ടു. നിസ്സഹായരായ അവർ നിലവിളിക്കാൻപോലും കഴിയാത്തവിധം ഭയനിഴലിലാണ്. ഒരു ഫോൺകാൾ പോലും അവരിൽ ഉണ്ടാക്കുന്നത് ഭയത്തിന്റെ വിറയലാണ്. അവശേഷിക്കുന്ന രണ്ടു സ്ത്രീകൾ അമ്മയും അച്ഛമ്മയുമാണ്. മുന്നിൽ കൈയേറ്റക്കാരായ പടനായകന്മാർ ഏറെയുണ്ട്. ജീവനിൽ കൊതിയുണ്ടെങ്കിൽ ശബ്ദിക്കരുതെന്നാണ് അവരുടെ താക്കീത്. നിശ്ശബ്ദരായിനിന്ന് കാലത്തിന്റെ സാക്ഷികളായി മാറാൻ മാത്രമേ പെൺകുട്ടികൾക്ക് കഴിയുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.