മുത്തങ്ങയിൽ പൊലീസ് വെടിവെപ്പ് നടന്നിട്ട് 20 വർഷം തികഞ്ഞു. എന്തായിരുന്നു ആ സമരം? അത് എന്താണ് ആദിവാസികൾക്ക് നൽകിയത്? ഭൂപ്രശ്നത്തെ ആദിവാസി സമൂഹവും മുഖ്യധാരയും എങ്ങനെയാണ് കാണുന്നത്? മുത്തങ്ങയുടെ പാഠം എന്താണ്? - വിശകലനം.
കേരളത്തെ നിയന്ത്രിക്കുന്നത് ‘മുഖ്യധാര’ രാഷ്ട്രീയ നിലപാടുകളാണ്. ആ ‘മുഖ്യധാര’ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാക്കളെ നിഷ്കരുണം തല്ലിക്കൊല്ലുകയാണ്. അതേ ‘മുഖ്യധാര’യെ സ്പർശിക്കാത്ത ഒന്നായിരുന്നു ആദിവാസികളുടെ ഭൂപ്രശ്നം. ആ അസ്വസ്ഥതയുടെ അസഹ്യ തിരയടികൾ ആദിവാസി മേഖലകളിലുണ്ടായെങ്കിലും മുഖ്യധാരയെ അത് അലട്ടിയില്ല. അതേ കാഴ്ചപ്പാടിലൂടെയാണ് കേരളത്തിൽ മുത്തങ്ങ സമരത്തെ പലരും വിലയിരുത്തുന്നത്. ആ സ്ഥിതിക്ക് ഇപ്പോഴും മാറ്റമില്ല. എന്നാൽ, കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത സമരമായിരുന്നു മുത്തങ്ങ. ദുർബലരായ മനുഷ്യരെ കൈകാര്യം ഭരണകൂടം ചെയ്തതാകട്ടെ, അതിക്രൂരമായിട്ടാണ്. വയനാട്ടിലെ കുടിയേറ്റക്കാരും മൃഗങ്ങളെപ്പോലെ ആദിവാസികളെ വേട്ടയാടി. പൊലീസ് ഭീകരതയുടെ ഓർമകളെക്കാൾ രാഷ്ട്രീയ ചരിത്രത്തിൽ മുത്തങ്ങ സൃഷ്ടിച്ച വിച്ഛേദനമാണ് ഇന്ന് സമൂഹം ചർച്ചചെയ്യേണ്ടതെന്നാണ് ഇന്ത്യൻ ആദിവാസി മേഖലകളെക്കുറിച്ച് പഠനം നടത്തിയ സി.ആർ. ബിജോയ് അടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നത്.
‘മുഖ്യധാര’യിൽനിന്ന് വേറിട്ട് വളരെ അകലെ നിൽക്കുന്നൊരു സമൂഹമാണ് ആദിവാസികൾ. ‘മുഖ്യധാര’ ആകട്ടെ പാർശ്വവത്കരിക്കപ്പെട്ട സാമൂഹിക വിഭാഗമായാണ് ആദിവാസികളെ കാണുന്നതും. ഇന്ത്യൻ പൊതുസമൂഹം ജാതിവ്യവസ്ഥയുടെ ഭാഗമാണ്. ‘മുഖ്യധാര’യുടെ രക്തത്തിലാകെ ജാതി വേർതിരിക്കാനാകാത്തവിധം അലിഞ്ഞുചേർന്നിട്ടുണ്ട്. ആരാണ് ആദിവാസി എന്ന ചോദ്യത്തിന് ‘മുഖ്യധാര’യെന്ന ഭരണവർഗത്തിന് ഒരു ഉത്തരമുണ്ട്. ഭരണപരമായി അവർ ഷെഡ്യൂൾഡ് ട്രൈബാണ്. ചരിത്രത്തിൽ മുഖ്യധാരയുടെ ജാതി വ്യവസ്ഥക്ക് പുറത്തായിരുന്നു ആദിവാസികൾ.
‘മുഖ്യധാര’യിലേക്ക് കൂട്ടിച്ചേർക്കുന്നതിനാണ് ആദിവാസികൾക്ക് പ്രത്യേക പദവിയും പരിഗണനയും നൽകിയത്. പ്രത്യേക പരിരക്ഷയും അവകാശങ്ങളും നൽകി മുഖ്യധാരയോടൊപ്പം ഉൾച്ചേർക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ചരിത്രപരമായും രാഷ്ട്രീയമായും ആരാണ് ആദിവാസികൾ എന്ന ചോദ്യത്തിന് ഉത്തരം തേടിയിരുന്നില്ല. ഫ്യൂഡൽ സമൂഹത്തിനും അതിന്റെ വ്യവസ്ഥക്കും പുറത്ത് സ്വാതന്ത്ര്യം അനുഭവിച്ചു ജീവിച്ച ജനതയെ അവർ അവ്വിധം തിരിച്ചറിഞ്ഞില്ല. ഇന്ത്യയിലെ ആദിവാസികൾ എല്ലാം ഷെഡ്യൂൾഡ് ട്രൈബ് അല്ല; എല്ലാ ട്രൈബും ആദിവാസികളും അല്ല. ഫ്യൂഡൽ വ്യവസ്ഥക്ക് ഉള്ളിലായിരുന്നുവെങ്കിൽ ആദിവാസികളും ഒരു ജാതിയായേനെ.
മുഖ്യധാരാ സമൂഹം ഫ്യൂഡൽ വ്യവസ്ഥക്ക് അകത്തായിരുന്നു. ഫ്യൂഡൽ വ്യവസ്ഥക്കുള്ളിൽ ഉടമകളും അടിമകളും ഉണ്ടായിരുന്നു. ആദിവാസി സമൂഹത്തിനുള്ളിൽ അടിമകളും ഉടമകളും ഉണ്ടായിരുന്നില്ല. ആദിവാസികൾ ആരെയും അടിമകളാക്കിയിരുന്നില്ല. പട്ടികജാതിക്കാർ ഫ്യൂഡൽ വ്യവസ്ഥയിലെ കാർഷിക അടിമകളായിരുന്നു. അതുപോലെയായിരുന്നില്ല ആദിവാസികൾ. ചരിത്രപരമായി നോക്കിയാൽ ഫ്യൂഡൽ വ്യവസ്ഥയയിൽനിന്ന് ആദിവാസികൾ മാറിനിന്നു (അതേസമയം, വയനാട്ടിലെ ചില ആദിവാസി സമൂഹങ്ങൾ അടിമകളായിരുന്നു). ആദിവാസികളുടെ സംസ്കാരവും ഉൽപാദന പ്രക്രിയയും സമത്വരീതിയിലുള്ളതായിരുന്നു. സമൂഹം ഒത്തുചേർന്ന് ഉൽപാദിപ്പിക്കുകയും അതിന്റെ ഫലം അനുഭവിക്കുകയും ചെയ്തു. തങ്ങളുടേതായ പ്രദേശത്തെ പ്രകൃതിയെ സംരക്ഷിച്ചു. പ്രകൃതിയുമായി ചൂഷണമില്ലാത്ത സഹകരണത്തിലാണ് ആദിവാസികളുടെ സയൻസും സാങ്കേതികവിദ്യയും അറിവും ജീവിതവും വികസിച്ചത്. പ്രകൃതിയുടെ നശീകരണമായിരുന്നില്ല ആദിവാസികളുടെ വികസനവും ജീവിത സങ്കൽപവും.
കൊളോണിയൽ വാഴ്ച
ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചക്കാലത്ത് ഇന്ത്യയിലെ മുഖ്യധാരാ സമൂഹം പെട്ടെന്ന് അവരുടെ അടിമകളായി. അവരുടെ സംസ്കാരത്തിൽ സ്വാതന്ത്ര്യത്തിന്റെ അനുഭവപാഠങ്ങൾ ഉണ്ടായിരുന്നില്ല. ആദിവാസികളാകട്ടെ, 1700 മുതൽ കൊളോണിയൽ ആധിപത്യത്തിനെതിരായി സമരം തുടങ്ങി. ആദിവാസി മേഖലകൾ കോളനീകരിക്കാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. ആ കാലഘട്ടത്തിൽ കോളനീകരണത്തെയും മുഖ്യധാരയുടെ കടന്നാക്രമണത്തെയും ഒരുപോലെ ആദിവാസികൾ നേരിട്ടു. ബ്രിട്ടീഷുകാർ പ്രദേശത്തെ കോളനീകരിക്കാൻ പാടില്ലെന്നായിരുന്നു ആദിവാസികളുടെ നിലപാട്. അതേസമയം, മുഖ്യധാരാ സമൂഹത്തിന്റെ കടന്നാക്രമണവും പാടില്ലെന്ന് ആദിവാസികൾ ആവശ്യപ്പെട്ടു. 1947ൽ ഇന്ത്യൻ യൂനിയൻ രൂപം കൊള്ളുമ്പോൾ ‘മുഖ്യധാര’ പറയുന്നത് ആദിവാസികൾക്ക് മനസ്സിലായില്ല. ആദിവാസികൾ ആവശ്യപ്പെടുന്നത് എന്തെന്ന് മുഖ്യധാരാ സമൂഹത്തിനും മനസ്സിലായില്ല. അതിനാൽ, മുഖ്യധാരക്ക് എതിരായ നിലപാട് സ്വീകരിച്ചാണ് ആദിവാസികൾ പലപ്പോഴും മുന്നോട്ടുപോയത്. മുഖ്യധാരയാകട്ടെ ഒരു മനുഷ്യാവകാശ പ്രശ്നമായിട്ടാണ് ആദിവാസി സമൂഹത്തിന്റെ ജീവിതത്തെ കണ്ടത്. മനുഷ്യാവകാശ ലംഘനത്തിനെതിരെയാണ് പലരും ശബ്ദിച്ചത്. സ്വതന്ത്ര സമൂഹമായിരുന്നു എന്ന് ആദിവാസികൾ തെളിയിച്ചുകൊണ്ടിരുന്നു. ആദിവാസികൾ ഭൂമിക്കും പ്രകൃതിവിഭവങ്ങളിലുള്ള അവകാശത്തിനും രാഷ്ട്രീയ അധികാരത്തിനും വേണ്ടിയുള്ള സമരങ്ങൾ പലയിടത്തും തുടങ്ങി. സ്വയംനിർണയ അവകാശം വേണമെന്നായിരുന്നു നിലപാട്. ഭൂമിക്കും വിഭവങ്ങൾക്കും മേലുള്ള അധികാരം നിലനിർത്തണമെന്നാണ് ആവശ്യപ്പെട്ടത്. പിന്നീട് അതിനൊക്കെ നല്ല ഫലങ്ങൾ ഉണ്ടായി.
വടക്കു കിഴക്കൻ മേഖലയിലെ അധികാരം
വടക്കു കിഴക്കൻ മേഖലയിൽ 1947നു ശേഷം നടന്ന സമരങ്ങൾ രാഷ്ട്രീയ അധികാരത്തിനുവേണ്ടിയുള്ള സമരങ്ങളാണ്. അതെല്ലാം ഏറെ മുന്നോട്ടു പോയി. വികസന പദ്ധതികൾ ഇല്ലാത്ത മേഖലയാണ് അവിടം. എന്നാൽ, വിഭവങ്ങളുടെ മേലുള്ള അധികാരം നിലനിർത്താനുള്ള സമരങ്ങൾ വിജയിച്ച ചരിത്രവും അവർക്കുണ്ട്. ഈ പ്രദേശങ്ങളിൽ ആദിവാസികൾ ഭൂരിപക്ഷ ജനതയാണ്. ആദിവാസികൾ ഏതാണ്ട് 90 ശതമാനമുണ്ട്. ഇവിടെ വനം ഏറെയുണ്ട്. വനംവകുപ്പിന്റെ നിയന്ത്രണത്തിലല്ല ഈമേഖലകൾ. ആദിവാസികൾക്ക് വിഭവസമാഹരണത്തിനുള്ള കേന്ദ്രമാണ് വനം. ആദിവാസികൾ വനം നശിപ്പിക്കുന്നില്ല. വനവിഭവങ്ങൾ ശേഖരിക്കുകയും അത് വിൽക്കുകയും ചെയ്യുന്നു. വനവിഭവങ്ങളുടെ അവകാശം ആദിവാസി സമൂഹത്തിനാണ്. വന നിയമം ഉള്ളതുകൊണ്ടല്ല വനം അവിടെ സംരക്ഷിക്കപ്പെടുന്നത്. ആദിവാസികൾ ഉള്ളതുകൊണ്ടാണ് വനം സംരക്ഷിക്കുന്നത്. വിഭവങ്ങൾക്കുമേൽ അധികാരമുള്ളതിനാൽ ആദിവാസികൾക്ക് വരുമാനമുണ്ട്.
ആദിവാസികൾക്ക് സ്വന്തമായി സാമ്പത്തികശേഷിയുള്ളതിനാൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യമുണ്ട്. വിദ്യാഭ്യാസം നൽകാനുള്ള സമ്പത്ത് കുടുംബത്തിനുണ്ട്. പ്രദേശത്തെ വിഭവങ്ങളിലുള്ള അധികാരവും രാഷ്ട്രീയ അധികാരവുമുണ്ട്. അതിനാൽ, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ആദിവാസികൾക്ക് കഴിഞ്ഞു. പൊതുവിദ്യാഭ്യാസത്തിന്റെ കണക്കെടുത്താൽ അസം ഒഴികെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇതര വിഭാഗങ്ങളേക്കാൾ ആദിവാസികൾ മുന്നിലാണ്. ഈ മേഖലകളിൽ ആദിവാസികളാണ് പൊതുവിദ്യാഭ്യാസത്തിൽ മറ്റു വിഭാഗങ്ങളെക്കാൾ മുന്നിൽ. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ വികസനം നടന്ന സംസ്ഥാനങ്ങളെപ്പോെലയല്ല ഇവിടത്തെ ആദിവാസികളുടെ സ്ഥിതിയെന്നാണ് സി.ആർ. ബിജോയിയുടെ അഭിപ്രായം. അട്ടപ്പാടിയിലെ പോലെ സർക്കാറിനു മുന്നിൽ ഭക്ഷണത്തിനായി കൈനീട്ടേണ്ട അവസ്ഥയിലല്ല അവിടത്തെ ആദിവാസികൾ.
വില്ലേജ് കൗൺസിലുകളാണ് നാഗാലാൻഡിലും മിസോറമിലും നിലവിലുള്ളത്. ഊരുകളുടെ അടിസ്ഥാനത്തിലുള്ള സംവിധാനമാണത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെയടക്കം നിയന്ത്രിക്കുന്നത് സർക്കാർ വകുപ്പുകളല്ല. ഊരുകൾക്കാണ് അധികാരം. ഭൂമിയിലും വിഭവങ്ങളിലും പാരമ്പര്യ അവകാശമാണ് നിലവിലുള്ളത്. അവരുടെ പ്രദേശങ്ങളിൽ ഭൂമി റവന്യൂ എന്നോ വനമെന്നോ തരംതിരിക്കുന്നില്ല. അങ്ങനെ തരംതിരിക്കുന്നത് കുറവാണ്. വനഭൂമി സമൂഹത്തിന്റെ ഭൂമിയാണ്. റവന്യൂ- വനം നിയമങ്ങൾ ഇവിടത്തെപ്പോലെ വിവിധ വകുപ്പുകൾ നടപ്പാക്കേണ്ടതില്ല. മനുഷ്യ വികസന ഇൻഡക്സിൽ (വികസന സൂചിക) സംസ്ഥാന അടിസ്ഥാനത്തിൽ പരിശോധിച്ചാൽ വടക്കുകിഴക്കൻ മേഖല (അസം ഒഴികെ) ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണ്. കേരളം ഇതിന് അടുത്തു വരും. കൊലപാതകംപോലുള്ളവ മാത്രമാണ് കോടതിയിലേക്ക് പോകുന്നത്. പരിഹരിക്കാനാവാത്ത തർക്കങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പൊലീസും കോടതിയും ആവശ്യമായി വന്നത്. സാധാരണ എല്ലാ വിഷയങ്ങളും വില്ലേജ് കൗൺസിൽ തീരുമാനമെടുക്കുന്നു. ജുഡീഷ്യറി, എക്സിക്യൂട്ടിവ്, സർക്കാർ എന്നിവയൊന്നുമില്ലാതെ ആദിവാസികൾക്ക് ജീവിക്കാം. സ്വന്തം സംസ്കാരത്തിന്റെ ഭാഗമായി ജീവിക്കാം.
അസം ഒഴികെ ഒരിടത്തുനിന്നും ആദിവാസികൾ കുടിയേറ്റ തൊഴിലാളികളായി കേരളത്തിലേക്ക് വരുന്നില്ല. അവർ ഇന്ത്യയുടെ പല പ്രദേശങ്ങളിലേക്കും പോകുന്നത് ഉപരിപഠനത്തിനാണ്. അതല്ലെങ്കിൽ പ്രഫഷനൽ ജോലികൾക്കാണ്. അവിടത്തെ ഭരണസംവിധാനം വികേന്ദ്രീകൃതമാണ്. സമൂഹങ്ങൾ എങ്ങനെ സ്വതന്ത്രമായി ജീവിക്കണമെന്ന ധാരണ മുഖ്യധാരാ സമൂഹത്തിനില്ല. ആദിവാസി സമൂഹത്തിന്റെ പാരമ്പര്യ സംസ്കാരത്തിൽ സ്വാതന്ത്ര്യമുണ്ട്. അതവർ നടപ്പാക്കുന്നു. അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വലിയതോതിൽ തൊഴിൽതേടി കേരളത്തിൽ തൊഴിലാളികളെത്തുന്നു.
ഊരുകൾ തുടച്ചുനീക്കിയ കോളനികൾ
കേരളത്തിൽ ഭൂപരിഷ്കരണം നടപ്പാക്കിയതോടുകൂടി ആദിവാസി മേഖലകളിൽ ആഭ്യന്തര കോളനികൾ രൂപംകൊണ്ടു. പട്ടികവർഗ കോളനികൾ (ട്രൈബൽ കോളനികൾ ) എന്നത് ഒൗദ്യോഗിക നാമമായി. ഇന്ത്യയിൽ മറ്റൊരിടത്തും കോളനി എന്ന പേര് ആദിവാസി ഊരിനെ കുറിക്കാൻ ഉപയോഗിക്കുന്നില്ല. തമിഴ്നാട്ടിൽ അന്നും ഇന്നും ആദിവാസി ഊരുകളാണ്. പാരമ്പര്യമായി നിലനിന്ന ഊരുകളിൽ സംസ്ഥാന സർക്കാർ പദ്ധതികൾ പ്രകാരം വീട് വെച്ചുകൊടുത്തു കോളനികളാക്കി. അതിന് ഔദ്യോഗികമായി അംഗീകാരം നൽകിയത് കേരളത്തിലെ പുരോഗമന സമൂഹവും ഭരണസംവിധാനവുമാണ്.
ആദിവാസി മേഖലകൾ കോളനിവത്കരിക്കപ്പെട്ടു എന്ന് വേണമെങ്കിൽ പറയാം. സമൂഹത്തെയാകെ അടിച്ചമർത്തി കോളനി വ്യവസ്ഥയിലേക്ക് കൊണ്ടുവന്നു. മുഖ്യധാര പറയുന്ന വട്ടത്തിൽ ആദിവാസികൾ ഇരിക്കുകയും അടിമകളായി ജീവിക്കുകയും ചെയ്യണം. കോളനീകരണം എന്ന വാക്കിൽനിന്നാണ് കോളനി രൂപപ്പെട്ടുവന്നത് ആന്തരികമായി കോളനിവത്കരിക്കപ്പെട്ട ജനത എന്ന അർഥത്തിലാണ് ട്രൈബൽ കോളനി എന്ന വാക്ക് ഉപയോഗിക്കുന്നത്. കോളനിക്കുള്ളിൽ ജനാധിപത്യമില്ല. ആദിവാസി ഊരിനുള്ളിൽ ജനാധിപത്യമുണ്ട്. ഒരു പ്രദേശത്തെ കോളനിവത്കരിക്കുന്നതിലൂടെ ആദിവാസി ജനതക്ക് ജനാധിപത്യമാണ് നഷ്ടമായത്. ആ സമൂഹത്തെ അടിച്ചമർത്തി കോളനിക്കുള്ളിൽ അടിമകളാക്കി നിലനിർത്തി. ഈ കാഴ്ചപ്പാടിനെതിരായ ജനാധിപത്യ സങ്കൽപമാണ് 1996ൽ ‘പെസ’ നിയമത്തിലൂടെ അവതരിപ്പിച്ചത്.
‘പെസ’ നിയമത്തിനുള്ളിൽ സ്വതന്ത്രമായി ജീവിക്കണമെന്ന പൊളിറ്റിക്കൽ അജണ്ടയുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ആദിവാസികൾ ഉയർത്തിയ സ്വയംഭരണത്തിനു വേണ്ടിയുള്ള ഈ മുദ്രാവാക്യം സ്വാഭാവികമായും കേരളത്തിലും എത്തി. അതല്ലാതെ കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ഉണ്ടായൊരു സമരമല്ല മുത്തങ്ങ. നിയമം പാർലമെന്റിൽ പാസാക്കിയതിനു ശേഷം ഇന്ത്യയിലെ 11 ശതമാനം ഭൂപ്രദേശത്തേക്ക് വ്യാപിച്ചു. ഏതാണ്ട് 30 ശതമാനം ആദിവാസികൾ ഈ പ്രദേശത്തുണ്ടായിരുന്നു. ആ പ്രദേശം സ്വയം ഭരണമേഖലയായി.
2001ൽ സെക്രേട്ടറിയറ്റിനു മുന്നിൽ ആദിവാസികൾ നടത്തിയ കുടിൽകെട്ടൽ സമരത്തിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് പെസ നിയമം സംസ്ഥാനത്ത് നടപ്പാക്കണം എന്നായിരുന്നു. സർക്കാർ നടത്തിയ ചർച്ചകളിലും തുടർന്നുണ്ടാക്കിയ കരാറിലും അത് അംഗീകരിച്ചിരുന്നു. അന്നതിനായി ആദിവാസി പുനരധിവാസ വികസന മിഷനും രൂപവത്കരിച്ചു. എന്നാൽ, ഭൂമി കൊടുക്കാമെന്നും സ്വയംഭരണം കേരളത്തിൽ സാധ്യമാവില്ലെന്നും മിഷൻ പറഞ്ഞു. പെസ നടപ്പാക്കുക പ്രായോഗികമല്ലെന്നായിരുന്നു നിലപാട്. അതിന് പല കാരണങ്ങളും ചൂണ്ടിക്കാട്ടി. കേരളത്തിലെ ഒന്നര ശതമാനം വരുന്ന ആദിവാസികൾക്ക് സ്വയംഭരണം നൽകാൻ കഴിയില്ല എന്നായിരുന്നു ‘മുഖ്യധാര’യുടെ അഭിപ്രായം. എല്ലാ ഗ്രാമപഞ്ചായത്തിലും നോൺ ട്രൈബൽസ് ബഹുഭൂരിപക്ഷമാണെന്ന് വാദിച്ചു. ആദിവാസികൾ സമരം ചെയ്ത് നേടിയെടുത്ത ഒരവകാശം നടപ്പാക്കില്ലെന്ന് വന്നപ്പോഴാണ് മുത്തങ്ങയിൽ സമരം ചെയ്യേണ്ടി വന്നത്. കുടിൽകെട്ടൽ സമരത്തിൽ ഉണ്ടാക്കിയ കരാർപ്രകാരം പെസ നിയമം നടപ്പാക്കാമെന്ന് ഉറപ്പ് നൽകിയിട്ടും സർക്കാർ സംവിധാനം അതിനെ അട്ടിമറിച്ചു.
മുത്തങ്ങയിലെ അടിച്ചമർത്തൽ
മുത്തങ്ങയിൽ സമരം തുടങ്ങുമ്പോൾ ദേശീയതലത്തിൽ വനങ്ങളിൽനിന്ന് ആദിവാസികളെ കുടിയിറക്കിത്തുടങ്ങിയിരുന്നു. മുത്തങ്ങയെ ‘പുനരധിവസിപ്പിക്കുന്നതിൽ’ ഉൾപ്പെട്ടവർക്കെതിരെ അപ്രതീക്ഷിതമായി അക്രമാസക്തമായ നടപടിക്ക് പ്രാഥമികമായ കാരണം 1980നു ശേഷമുള്ള എല്ലാ ‘ൈകയേറ്റങ്ങളും’ 2002 സെപ്റ്റംബർ 30നകം ഒഴിപ്പിക്കണമെന്ന് പരിസ്ഥിതി മന്ത്രാലയം 2002 മേയിൽ സംസ്ഥാന സർക്കാറുകൾക്ക് നൽകിയ ഉത്തരവാണ്. 2002 മേയ് മുതൽ 2004 മാർച്ച് വരെയുള്ള കാലയളവിൽ 13,430 ചതുരശ്ര കിലോമീറ്റർ വനഭൂമിയിൽനിന്നാണ് ഒഴിപ്പിക്കൽ നടത്തിയത്. രാജ്യത്തുടനീളമുള്ള ഈ കുടിയൊഴിപ്പിക്കലിനെതിരായ ചെറുത്തുനിൽപ് അഭൂതപൂർവമായ ദേശീയ സമരമായി പരിണമിച്ചു, വനാവകാശ നിയമത്തിലേക്ക് നയിച്ചു. വനാവകാശ നിയമം 2006 (FRA) 2005 ഡിസംബർ 13ന് മുമ്പ് വനഭൂമി കൈവശപ്പെടുത്തിയ വനവാസി പട്ടികവർഗക്കാർക്ക് വനാവകാശം അംഗീകരിച്ചു നൽകിയിട്ടുണ്ട്. അതുപ്രകാരം 2003ലെ മുത്തങ്ങ സമരത്തിൽ പങ്കെടുത്തവരാണ് ഇപ്പോൾ അവർ കൈവശപ്പെടുത്തിയ മുത്തങ്ങ കാടിന്റെ അവകാശികൾ.
കേന്ദ്രസർക്കാർ അന്ന് കേരള സർക്കാറിനോട് ചോദിച്ചത് വനം കൈയേറിയത് സംസ്ഥാനം അറിഞ്ഞില്ലേ എന്നാണ്. കൈയേറ്റക്കാരെ ഇറക്കി വിടണം എന്നാണ് കേന്ദ്രസർക്കാർ ശക്തമായി ആവശ്യപ്പെട്ടത്. സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്രത്തിന് എഴുതിയ കത്തിൽ ഇവിടെ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് മറുപടി നൽകി. വനത്തിനോ ക്രമസമാധാനത്തിനോ പ്രശ്നമില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ആദ്യ മറുപടി. അതുകഴിഞ്ഞാണ് പെട്ടെന്ന് പൊലീസ് നടപടിയിലേക്ക് കാര്യങ്ങൾ മാറിയത്. അതെല്ലാം കേരളസർക്കാറിന്റെ തലപ്പത്തുള്ളവർ അറിഞ്ഞാണോ ചെയ്തത് എന്നത് മറ്റൊരു വിഷയമാണ്.
പൊലീസ് നടപടിയിലേക്ക് എത്തിക്കുന്നതിന് മാധ്യമങ്ങളും വലിയ പങ്കുവഹിച്ചു. വെട്ടുകത്തി കാണിച്ച് എ.കെ 47 ആണെന്ന് വരെ വിവരണം നൽകി. സമരനേതാവ് എം. ഗീതാനന്ദന്റെ നക്സലൈറ്റ് ബന്ധം ആരോപിച്ചായിരുന്നു മാധ്യമങ്ങളുടെ വേട്ടയാടൽ തുടർന്നത്. ഗീതാനന്ദന് 1980കളുടെ ഒടുവിൽ ഉണ്ടായിരുന്ന നക്സലൈറ്റ് രാഷ്ട്രീയബന്ധത്തെക്കുറിച്ച് നിറംപിടിച്ച കഥകൾ മെനയുന്നതിൽ പലരും മത്സരിച്ചു. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എല്ലാം ഇത് ഏറ്റെടുത്തു. ആന്ധ്രയിൽ സായുധസമരം നടത്തുന്ന പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ നേതാക്കൾ മുത്തങ്ങയിലുണ്ടെന്നു വരെ ചിലർ പ്രചരിപ്പിച്ചു. മുത്തങ്ങയിൽ ആദിവാസികൾക്കെതിരെ പൊലീസ് നടപടി ഉണ്ടായിക്കഴിഞ്ഞപ്പോൾ പിതൃത്വം ഏറ്റെടുക്കാൻ അന്നത്തെ സംസ്ഥാന സർക്കാർ തയാറായി. സമരം അടിച്ചമർത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം വീരനായകരായി. അത് കഴിഞ്ഞ് പല രാഷ്ട്രീയ നേതാക്കളും നിലപാട് മാറ്റി.
കേരളത്തിലെ സാഹചര്യത്തിൽ ആദിവാസികൾ സംഘടിതരാകുന്നുവെന്ന് തിരിച്ചറിഞ്ഞവർ മുത്തങ്ങയിൽ ശക്തമായി അടിച്ചു. അഖിലേന്ത്യാ തലത്തിൽ വനാവകാശ നിയമത്തിനുവേണ്ടി സമരം നടക്കുന്ന കാലത്താണ് മുത്തങ്ങ സമരം നടന്നതെന്ന് ഓർക്കുക. അതിനാൽ, മുത്തങ്ങ ഒരു ചെറിയ സമരമല്ല. മുത്തങ്ങ കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ഉണ്ടായൊരു സമരമോ അതിനെ തുടർന്ന് സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ അടിച്ചമർത്തലോ മാത്രമായി കാണാനാവില്ല. പ്രശ്നത്തിന്റെ ആഴങ്ങളിലേക്ക് പൂർണമായും ഇറങ്ങിച്ചെല്ലാൻ വനാവകാശ നിയമത്തിന് കഴിഞ്ഞു.
വനാവകാശ നിയമത്തിലെ ജനാധിപത്യം
പെസ നിയമത്തിന്റെ രാഷ്ട്രീയ ചട്ടക്കൂടും (ഫ്രെയിം വർക്കും) അതേ തത്ത്വങ്ങളുമാണ് വനാവകാശ നിയമത്തിലുമുള്ളത്. കുറെക്കൂടി വിശദീകരിച്ച് അതിനെ കൂടുതൽ ആഴത്തിലാക്കി വിശാലമായ അർഥത്തിൽ പൂർണതയിലേക്ക് നീങ്ങുന്ന ഒരു നിയമമാണ് വനാവകാശം. സ്വയംഭരണ മേഖല എന്ന് പറയുന്നതിന്റെ നിയമപരമായ ഫ്രെയിം ഏതാണ്ട് 11 ശതമാനമായിരുന്ന ഭൂപ്രദേശത്തായിരുന്നു. അതിന് പുറമെ മറ്റൊരു 15 ശതമാനം ഭൂപ്രദേശത്തേക്കുകൂടി വ്യാപിപ്പിക്കാനുള്ള രാഷ്ട്രീയപ്രക്രിയയാണ് വനാവകാശത്തിലൂടെ നീങ്ങിയത്. വനാവകാശ നിയമം മുന്നോട്ടു പോകുന്ന സമയത്താണ് സെക്രട്ടേറിയറ്റിന് മുന്നിൽ ആദിവാസി ഗോത്ര മഹാസഭ നിൽപുസമരം തുടങ്ങിയത്. മുത്തങ്ങയിലെ സമരം പൊലീസ് മർദനത്തിലൂടെ അടിച്ചമർത്തിയെങ്കിലും അതിൽ ഉയർത്തിയ ആശയത്തെ തള്ളിക്കളയാൻ ഭരണകൂടത്തിന് കഴിഞ്ഞില്ല. ആ സമരത്തിെന്റ തുടർച്ചയായിരുന്നു 2014ലെ നിൽപുസമരം. നിൽപുസമരം മുന്നോട്ടുവെച്ച രണ്ട് പ്രധാന മുദ്രാവാക്യങ്ങൾ, പെസ നിയമവും വനാവകാശ നിയമവും സംസ്ഥാനത്ത് നടപ്പാക്കണമെന്നായിരുന്നു.
സംസ്ഥാനത്തെ ആദിവാസി മേഖലകൾക്ക് – ഊരുകൾക്ക് – സ്വയംഭരണം വേണമെന്ന് നിൽപുസമരത്തിൽ വീണ്ടും ആവശ്യപ്പെട്ടു. അതിന്റെ ഫലമെന്നോണം, 2015ൽ സംസ്ഥാന സർക്കാർ 2033 ഊരുകളും രണ്ട് ഗ്രാമപഞ്ചായത്തുകളും രണ്ട് വാർഡുകളും ഷെഡ്യൂൾ ഏരിയ (അഞ്ചാം പട്ടിക പ്രദേശം) ആക്കുന്നതിന് പ്രപ്പോസൽ തയാറാക്കി കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിനു നൽകി. കേരളത്തിലെ ആദിവാസികളുടെ ജനസംഖ്യ ഒന്നര ശതമാനം മാത്രമാണ്. സർക്കാറിനുമേൽ തങ്ങളുടെ ജനാധിപത്യ അവകാശം നടപ്പാക്കണമെന്ന് ശക്തമായി പറയാൻ അവർക്ക് കഴിഞ്ഞുവെന്നും പറയാം. രാജ്യത്ത് ഏറ്റവും കുറവ് ആദിവാസികളുള്ള സംസ്ഥാനമാണ് കേരളം. പശ്ചിമ ബംഗാളിലും കർണാടകയിലും ആദിവാസികൾ കൂടുതൽ ഉണ്ടെങ്കിലും അവിടെ നടപ്പാക്കാൻ കഴിയാത്ത രീതിയിൽ കേരളത്തിൽ ആദിവാസികൾക്ക് ഇടപെടൽ നടത്താനായി. അത് മുത്തങ്ങ സമരത്തിന്റെ ഫലമായിരുന്നു. മനുഷ്യാവകാശം എന്ന നിലയിൽനിന്ന് രാഷ്ട്രീയ സ്വഭാവത്തിലേക്ക് ആദിവാസി സമരം മാറി. ചെറു സംസ്ഥാനത്തുനിന്നാണ് ട്രൈബൽ മന്ത്രാലയത്തിലേക്ക് പ്രപ്പോസൽ എത്തിയത്. തീർച്ചയായും, അത് മുത്തങ്ങയുടെ അനന്തരഫലമാണ്.
വിശാലമായ രാഷ്ട്രീയ ചലനങ്ങളുടെ ഭാഗമായാണ് കേരളത്തിൽ ആദിവാസികൾ മുന്നോട്ടുപോയത്. തീവെച്ചാൽ ചിലപ്പോൾ പെട്ടെന്ന് ആളിക്കത്താം. അത് കുറച്ചുസമയം കഴിഞ്ഞും കത്താം. പലരീതിയിൽ അത് പടർന്ന് പിടിക്കാം. മുത്തങ്ങയിൽനിന്ന് ഉയർന്നത് ഇത്തരമൊരു ജനാധിപത്യ അവകാശത്തിനുവേണ്ടിയുള്ള ശബ്ദമാണ്. വിശാല അർഥത്തിൽ മനുഷ്യവിരുദ്ധമായ ലോകത്തെയും വ്യവസ്ഥയെയും മാറ്റണമെന്നാണ് ആദിവാസികൾ ആവശ്യപ്പെട്ടത്. നീതിരഹിതമായ ലോകത്തോടും ചരിത്രത്തോടുമാണ് ആദിവാസികൾ സംസാരിച്ചത്. ആദിവാസി കുടിലുകൾക്ക് തീ വെച്ചിട്ട് സമരത്തിന്റെ ദിശ പെട്ടെന്ന് തിരിച്ചുവിടാമെന്ന് ആരോ വിചാരിച്ചു. മുത്തങ്ങ ഉയർത്തിയ രാഷ്ട്രീയ സന്ദേശം പൊതുസമൂഹത്തിന് മനസ്സിലായില്ല.
സി.കെ. ജാനു, എം. ഗീതാനന്ദൻ
ജനാധിപത്യത്തിനുവേണ്ടിയുള്ള മുന്നേറ്റമായിരുന്നു മുത്തങ്ങയിൽ നടന്നത്. പൊതുസമൂഹത്തിനും ആ സമരം ഏറ്റെടുക്കാൻ കഴിയുമായിരുന്നു. പൊതുസമൂഹത്തിനും ഈ ജനാധിപത്യ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകേണ്ടത് ആവശ്യമാണ്. അതിന്റെ രാഷ്ട്രീയാർഥങ്ങൾ മുഖ്യധാര തിരിച്ചറിഞ്ഞില്ല. മുത്തങ്ങ സമരത്തെ ആദിവാസി ഗോത്ര മഹാസഭ, സി.കെ. ജാനു, എം. ഗീതാനന്ദൻ എന്ന ചുരുക്കെഴുത്തിലാണ് മുഖ്യധാര വായിച്ചത്. ദേശീയതലത്തിൽ നടന്ന സമരത്തിന്റെ ഭാഗമായിട്ടാണ് മുത്തങ്ങയിൽ സമരം നടന്നതും ഭരണകൂട അടിച്ചമർത്തൽ ഉണ്ടായതും. മറ്റൊരർഥത്തിൽ ആഗോളതലത്തിൽ നടന്ന സമരത്തിന്റെ തുടർച്ചയായിരുന്നു. ആ സമരം ഭാവിയിൽ സമൂഹത്തിന് ഇതാണ് രക്ഷ എന്ന് മുഖ്യധാരാ സമൂഹത്തോട് വിളിച്ചുപറയുകയായിരുന്നു. മുഖ്യധാരാ സമൂഹം ജനാധിപത്യ ചർച്ചക്ക് തയാറായില്ല. ആഗോളതലത്തിൽ വലിയ പ്രസക്തിയുണ്ട്. അമേരിക്കയിലും കാനഡയിലും നടക്കുന്ന സമരങ്ങളുടെ തുടർച്ചയാണ്.
മുത്തങ്ങക്കു ശേഷം
പെസ നിയമം നടപ്പാക്കാനുള്ള ചില നടപടികളുമായി സർക്കാർ മുന്നോട്ടുപോയി. പെസ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് ഉമ്മൻ ചാണ്ടി സർക്കാർ കേന്ദ്ര ആദിവാസി മന്ത്രാലയത്തിന് സമർപ്പിച്ചു. എന്നാൽ, അതിൽ ചില വിശദീകരണങ്ങൾ മന്ത്രാലയം ചോദിച്ചു. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ മുന്നോട്ടുപോയപ്പോൾ സംസ്ഥാന സർക്കാർ വേണ്ട വിവരങ്ങൾ കേന്ദ്രത്തിന് നൽകിയില്ല. സംസ്ഥാനത്തുണ്ടായ ഭരണമാറ്റം പെസ നിയമം നടപ്പാക്കാൻ പ്രതികൂലമായി. അധികാര വികേന്ദ്രീകരണം പറയുന്ന എൽ.ഡി.എഫിനോ സി.പി.എം രൂപവത്കരിച്ച ആദിവാസി ക്ഷേമസമിതിക്കോ പെസ നിയമം സംബന്ധിച്ച് വ്യക്തമായി ധാരണയില്ല.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപവത്കരിച്ചിരുന്നു. 2017 നവംബർ 27ന് ഉന്നതതല കമ്മിറ്റിയുടെ യോഗം നടന്നു. പട്ടികപ്രദേശങ്ങളായി പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശങ്ങൾ തിരഞ്ഞെടുക്കാൻ പൊതു മാർഗനിർദേശങ്ങൾ തയാറാക്കാൻ തീരുമാനിച്ചു. വയനാട്, പാലക്കാട്, ഇടുക്കി, കണ്ണൂർ, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ വാർഡ് അടിസ്ഥാനത്തിൽ ആദിവാസി വിഭാഗങ്ങളുടെ എണ്ണവും ഇതര (നോൺ) വിഭാഗങ്ങളുടെ എണ്ണവുമടങ്ങുന്ന പട്ടിക തയാറാക്കാൻ തീരുമാനിച്ചു. ആദിവാസി വിഭാഗക്കാർ കൂടുതലുള്ള വാർഡ്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി കണ്ടെത്താനും തീരുമാനമായി. നിലവിൽ പട്ടികവർഗ സംവരണമുള്ള വാർഡുകൾ ലിസ്റ്റ് ചെയ്യണം. ആദിവാസി കോളനികളുടെ ഭൂമിശാസ്ത്രപരമായ (ജ്യോഗ്രഫിക്) ഡിസ്ട്രിബ്യൂഷൻ പരിശോധിച്ച് മാപ്ചെയ്ത് വിവിധ പഞ്ചായത്തുകളിലെ കോളനികളെ ഒന്നിച്ച് ഒരു യൂനിറ്റാക്കിയാൽ ജനസംഖ്യയുടെ എണ്ണം വർധിക്കുമെന്നതിനാൽ അക്കാര്യം പരിശോധിക്കാൻ തീരുമാനിച്ചു. അതിനുള്ള പട്ടികയും റിപ്പോർട്ടും തയാറാക്കാൻ പട്ടികവർഗ ക്ഷേമ ഡയറക്ടറെ ചുമതലപ്പെടുത്തി. 2019 ഏപ്രിൽ 25ന് നടന്ന യോഗത്തിലും വിവിധ വിഷയങ്ങൾ ചർച്ചചെയ്തുവെന്നാണ് ഫയലിൽ കുറിച്ചത്. എന്നാൽ, എന്തെല്ലാം ചർച്ചചെയ്തുവെന്ന് മിനുട്സിൽ രേഖപ്പെടുത്തിയിട്ടില്ല. പട്ടികവർഗ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് തയാറാക്കി. അത് തദ്ദേശ, വനം, റവന്യൂ, കില, കിർത്താഡ്സ് തുടങ്ങിയ വകുപ്പുകൾക്ക് നൽകി. അതിലൊതുങ്ങി സർക്കാറിന്റെ പ്രവർത്തനം.
മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത മാതാപിതാക്കള്‍ക്കൊപ്പം ജയിലിലായ ആദിവാസി കുട്ടികളില്‍ ഭൂരിഭാഗത്തിനും നഷ്ടപരിഹാരം ലഭിച്ചില്ല. മനുഷ്യാവകാശ കമീഷന് ഇന്‍സ്പെക്ടര്‍ ജനറലായിരുന്ന സഞ്ജീബ് പട്ജോഷി 2011 ജൂണ്‍ 20ന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത 161 പട്ടികവര്‍ഗ കുട്ടികളെയാണ് ജയിലിലടച്ചത്. ആ റിപ്പോർട്ടിന്മേൽ ദീർഘകാലം സർക്കാർ നടപടി സ്വീകരിച്ചില്ല. ആദിവാസികളുടെ കുട്ടികളായതിനാൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും ഇടപെട്ടില്ല. നില്പുസമരത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മുത്തങ്ങ സമരത്തെ തുടർന്ന് ജയിലില്‍ കഴിഞ്ഞ മുഴുവന്‍ കുട്ടികള്‍ക്കും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകുമെന്നായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ ഉറപ്പ്.
കുട്ടികളുടെ എണ്ണം കണക്കാക്കാൻ പട്ടികവര്‍ഗ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്. വയനാട്ടിലെ പട്ടികവര്‍ഗ ഓഫിസാണ് എണ്ണം വെട്ടിക്കുറച്ച് നഷ്ടപരിഹാര പാക്കേജ് അട്ടിമറിച്ചത്. കുട്ടികളുടെ പേരും വയസ്സുമെല്ലാം രേഖപ്പെടുത്തിയ രജിസ്റ്റര്‍ അപ്രത്യക്ഷമായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാത്രം 121 കുട്ടികള്‍ മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്നു. ഇതില്‍ ഒന്നും ഒന്നരയും വയസ്സുള്ള കുട്ടികളുമുണ്ടായിരുന്നു. നാൽപതിലധികം ദിവസം ജയിലിൽ കിടന്ന കുട്ടികൾ മാത്രമേ പട്ടികവർഗ വകുപ്പ് അംഗീകരിച്ചുള്ളൂ. രണ്ടു മുതൽ 20 ദിവസം വരെ ജയിലിൽ കിടന്ന കുട്ടികളുണ്ട്. ആ കുട്ടികളുടെ അവകാശം പട്ടികവർഗ വകുപ്പ് നിഷേധിച്ചു. പനമരം ക്യാമ്പിലടക്കം പലയിടത്തും മാതാപിതാക്കളോടൊപ്പം കുട്ടികളെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചിരുന്നു. പേരുപോലും രേഖപ്പെടുത്താതെ പലരെയും വിട്ടയച്ചു. അവരുടെയൊന്നും കണക്ക് ശേഖരിച്ചില്ല. ഹൈകോടതി ഉത്തരവും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. അതുകൂടി പരിഗണിച്ചാണ് നഷ്ടപരിഹാരം അനുവദിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കുട്ടികളുടെ കേസ് വീണ്ടും കോടതിയിൽ എത്തിക്കാൻ വൈകിയത്. അഡ്വ. കെ. നന്ദിനിയാണ് കോടതിയിൽ ഇതു സംബന്ധിച്ച ഹരജി നൽകിയത്.
കേന്ദ്രാനുമതി ലഭിച്ച 19,000 ഏക്കറിൽ, നിക്ഷിപ്ത വനഭൂമിയിൽ 1000 ഏക്കർ വയനാട്ടിൽ കൊടുക്കാം എന്നായിരുന്നു തീരുമാനം. 500 ഏക്കറാണ് സാങ്കേതികമായി അതിൽ അവശേഷിക്കുന്നത്. അത് മുത്തങ്ങയിൽ സമരത്തിൽ പങ്കെടുത്തവർക്ക് പതിച്ചു നൽകാമെന്നാണ് ഉമ്മൻ ചാണ്ടി സർക്കാർ ഉറപ്പുനൽകിയത്. അതിന് നിലവിൽ കണ്ടെത്തിയ ഭൂമി വാസയോഗ്യമോ കൃഷിയോഗ്യമോ അല്ല. മുത്തങ്ങ പുനരധിവാസ പാക്കേജ് ഒട്ടും മുന്നോട്ടു പോയില്ല. ഇടതു സർക്കാറിന്റെ മുൻഗണനാ പട്ടികയിൽ ഇപ്പോൾ അത്തരമൊരു വിഷയമില്ല. അതാണ് ആദിവാസികൾ നേരിടുന്ന പ്രശ്നമെന്നാണ് ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ പറയുന്നത്. സർക്കാറിന്റെ മുൻഗണന വിഷയമല്ല ആദിവാസികളുടെ ഭൂരാഹിത്യം. ആദിവാസി ഭൂരഹിതരുടെ എണ്ണം കുറച്ചു കാണിക്കാനാണ് സർക്കാർ നിരന്തരം ശ്രമിക്കുന്നതെന്നും എം. ഗീതാനന്ദൻ പറഞ്ഞു.
സാമൂഹികവും രാഷ്ട്രീയവുമായാണ് മുത്തങ്ങ സമരം പരിശോധിക്കപ്പെടേണ്ടത്. ഭരണകൂടം നൽകിയ അടിയും വെടിയുണ്ടയുമല്ല, അത് ഉയർത്തിയ രാഷ്ട്രീയമാണ് പ്രധാനം. സ്വയംഭരണം ആവശ്യപ്പെടുന്ന, അതിൽ താൽപര്യമുള്ള ഒരു തലമുറ ഉയർന്നുവരും. ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന സ്വാതന്ത്ര്യം അവർ തിരിച്ചുപിടിക്കും. ആദിവാസികൾ ഇപ്പോഴും അസന്തുഷ്ടരാണ്. അട്ടപ്പാടിയിലടക്കം അവരുടെ കുട്ടികൾ പോഷകാഹാരം ഇല്ലാതെ മരിക്കുന്നുണ്ട്. മോഷണക്കുറ്റം ആരോപിച്ച് ആദിവാസികളെ തല്ലിക്കൊല്ലുന്നുമുണ്ട്. ഈ സാമൂഹിക സാഹചര്യത്തിൽ മുത്തങ്ങ പലതിനും േചാദ്യവും ഉത്തരവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.