കേരളത്തിൽ സംവരണത്തിൽ ദലിത് ൈക്രസ്തവർ എങ്ങനെ വഞ്ചിക്കപ്പെട്ടുവെന്നും അവഗണിക്കപ്പെട്ടുവെന്നും പരിശോധിക്കുന്നു. എസ്.ഇ.ബി.സി പട്ടികയിൽ ചിലർക്ക് ഇടംകിട്ടിയപ്പോൾ ദലിത് ക്രൈസ്തവർ എങ്ങനെ പിന്തള്ളപ്പെട്ടു?. കുമാരപിള്ള കമീഷൻ എന്ത് അനീതിയാണ് ചെയ്തത്? -വിശകലനം.
ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിൽ SEBC (Socially Educationally Backward Class) /OBC വിഭാഗങ്ങൾക്ക് നിലവിലുണ്ടായിരുന്ന 9 ശതമാനം സംവരണം 27 ശതമാനമായി വർധിപ്പിക്കാൻ മന്ത്രിസഭായോഗം (2021 ഒക്ടോബർ 27ന്) തീരുമാനിച്ചു. സംസ്ഥാനത്ത് എസ്.ഇ.ബി.സി സംവരണത്തിൽ ഉപസംവരണം നിലനിൽക്കുമ്പോഴാണ് അത് വ്യക്തമാക്കാതെയുള്ള സർക്കാറിെൻറ ഈ ഉത്തരവ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ അസമത്വം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ക്രമീകരണമാണ് എസ്.ഇ.ബി.സി സംവരണം. ഈ സംവരണ തത്ത്വപ്രകാരം വ്യത്യസ്ത കോഴ്സുകൾക്ക് വ്യത്യസ്ത അനുപാതത്തിലാണ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ക്രിസ്ത്യൻ വിഭാഗങ്ങളെ കുറിച്ചാണ് ഈ ലേഖനത്തിൽ ചർച്ചചെയ്യുന്നത്. ലത്തീൻ ക്രിസ്ത്യാനികൾ, ആംഗ്ലോ ഇന്ത്യൻ, SIUC/നാടാർ ക്രിസ്ത്യൻ, ദലിത് ക്രിസ്ത്യാനികൾ എന്നിവരെല്ലാം എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നവരാണ്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ പങ്കിടുന്ന എസ്.ഇ.ബി.സി സംവരണത്തിലാണ് ഏറ്റവും വലിയ അസമത്വം നിലനിൽക്കുന്നത് എന്ന് കാണാൻ സാധിക്കും. ഒരു സ്വതന്ത്ര സമുദായമെന്ന നിലയിൽ പരിഗണനയോ അര ശതമാനം സംവരണമോ ലഭിക്കാത്ത ദലിത് ക്രൈസ്തവരുടെ എസ്.ഇ.ബി.സി അനുഭവത്തെ മുൻനിർത്തിയാണ് തുടർഭാഗങ്ങൾ വികസിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവുമധികം ക്രിസ്ത്യാനികൾ ജീവിക്കുന്ന സംസ്ഥാനമായ കേരളത്തിൽ നിരവധി ഉപസഭാ വിഭാഗങ്ങൾ (ഉദാ: കത്തോലിക്കാ സഭ -ലത്തീൻ, സീറോ മലങ്കര, യാക്കോബായ, സി.എസ്.ഐ, പെന്തക്കോസ്ത്, ബ്രദറൻ തുടങ്ങിയവ) ഉണ്ടെങ്കിലും സർക്കാർ തലത്തിൽ മുന്നാക്ക, പിന്നാക്ക, പരിവർത്തിത ക്രിസ്ത്യാനി എന്ന നിലയിലാണ് ക്രൈസ്തവ ന്യൂനപക്ഷത്തിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മുന്നാക്ക ക്രിസ്ത്യൻ വിഭാഗമെന്നത് സാമ്പത്തിക സംവരണത്തിന് അർഹരായ വിഭാഗമാണ്. കൊളോണിയൽ കാലത്ത് നിരവധി ജാതികൾ സുറിയാനി ക്രിസ്ത്യാനികളായി ലയിച്ചതിനാൽ ഈ വിഭാഗത്തിെൻറ ജനസംഖ്യ വളരെ കൂടുതലാണ്. കുമാരപിള്ള കമീഷനു ശേഷം പിന്നാക്ക ക്രിസ്ത്യൻ എന്ന പേരിൽ അറിയപ്പെടുന്നവർ ലത്തീൻ/ മുക്കുവ ക്രിസ്ത്യാനികൾ, നാടാർ ക്രിസ്ത്യാനികൾ, എസ്.െഎ.യു.സി എന്നിവരാണ്. ലത്തീൻ എന്നത് ഒരു ഭാഷയാണെങ്കിലും കേരളത്തിൽ ലത്തീൻ ക്രിസ്ത്യാനികൾ എന്നത് ഒരു സമുദായമെന്ന നിലയിൽ പരിഗണിക്കപ്പെടുന്നു. മുക്കുവ (ഉപജാതികൾ), ഭരതർ, ഈഴവ, നാടാർ, ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽനിന്നും ലത്തീൻ കത്തോലിക്കാ സഭയിൽ അംഗങ്ങളായവർ മാത്രമാണ് ലത്തീൻ സമുദായ സർട്ടിഫിക്കറ്റിന് അർഹർ. ലത്തീൻ കത്തോലിക്കാ സഭയിൽ നിരവധി ദലിതർ ഉണ്ടെങ്കിലും അവർ ലത്തീൻ ക്രിസ്ത്യാനികൾ എന്ന സമുദായ സർട്ടിഫിക്കറ്റിന് അർഹർ അല്ല. SIUC (South Indian United Churches) എന്നത് ഒരു ക്രിസ്ത്യൻ യൂനിയൻ ആണ്. വടക്കൻ കേരളത്തിലെ ബാസൽ മിഷൻ അംഗങ്ങളും (ഇപ്പോൾ മലബാറിലെ സി.എസ്.ഐ വിശ്വാസികൾ), തെക്കൻ കേരളത്തിലെ സി.എസ്.ഐ വിശ്വാസികളായ നാടാർ ക്രിസ്ത്യാനികളുമാണ് എസ്.െഎ.യു.സി എന്ന പേരിൽ അറിയപ്പെടുന്നത്. ക്രൈസ്തവ ന്യൂനപക്ഷത്തിനുള്ളിൽ മുന്നാക്ക- ലത്തീൻ/ എസ്.െഎ.യു.സി ക്രിസ്ത്യാനികളാണ് പ്രബലരും സമ്പന്നരും. കൊളോണിയൽ കാലത്ത് കേരളത്തിൽ എത്തിയ മിഷനറി പ്രസ്ഥാനങ്ങൾ വാങ്ങിക്കൂട്ടിയ ഭൂമിക്കും സമ്പത്തിനും പിന്തുടർച്ച ലഭിച്ചത് ഈ രണ്ട് കൂട്ടർക്കുമായിരുന്നു. ക്രൈസ്തവ സഭകളിലെ പരമാധികാര സ്ഥാനമായ ബിഷപ്/ മെത്രാൻ എന്ന പദവികളിൽ ഈ രണ്ട് കൂട്ടരിൽനിന്നുമുള്ള ആളുകളെ മാത്രമേ തിരഞ്ഞെടുക്കൂ. മാത്രമല്ല പുരോഹിതരുടെ എണ്ണം കൂടുതൽ ഈ രണ്ട് വിഭാഗങ്ങളിൽനിന്നായിരിക്കും. പുലയർ (ചേരമർ), പറയർ (സാംബവർ), കുറവർ (സിദ്ധനർ), ഐനവർ, ചെറുമർ എന്നീ ജാതികളിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ചവരാണ് ദലിത് ക്രിസ്ത്യാനികൾ അല്ലെങ്കിൽ പരിവർത്തിത ക്രിസ്ത്യാനികൾ എന്ന വിഭാഗം. സ്വന്തമായി സ്ഥാപനങ്ങൾ ഇല്ലാത്തവരും പ്രബല സഭകളുടെ ഔദ്യോഗിക പദവികളിൽ നിന്ന് അകറ്റിനിർത്തിയിരിക്കുന്നതുമായ വിഭാഗമാണ് ദലിത് ക്രൈസ്തവർ. ഇവർ കേരളത്തിലെ എല്ലാ പ്രബല സഭകളിലും അംഗങ്ങളാണ്. ഇവരെ എസ്.ഇ.ബി.സി ലിസ്റ്റിൽ പിന്നാക്ക ക്രിസ്ത്യൻ എന്നും പി.എസ്.സി ലിസ്റ്റിൽ പട്ടികജാതിയിൽനിന്നും ക്രിസ്തുമതം സ്വീകരിച്ചവർ (SCCC) എന്ന ലിസ്റ്റിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, അതോടൊപ്പം പട്ടികജാതി പദവിയുള്ള OEC ലിസ്റ്റിലും (വിദ്യാഭ്യാസ ആനുകൂല്യങ്ങൾ മാത്രം) ഇവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ പദ്ധതികളിലാകട്ടെ ഇവർ ഒ.ബി.സി പട്ടികയിലാണ്.
സ്വാതന്ത്ര്യാനന്തരം ക്രൈസ്തവ ന്യൂനപക്ഷമെന്ന നിലയിൽ സർക്കാർ സഹായത്താൽ നിരവധി സ്ഥാപനങ്ങൾ നടത്തുകയും അവയിൽനിന്നെല്ലാം ദലിത് ക്രിസ്ത്യാനികളെ ഒഴിവാക്കി നിർത്തുകയും തൊഴിലിടങ്ങൾ മുന്നാക്ക- ലത്തീൻ -എസ്.െഎ.യു.സി ക്രിസ്ത്യാനികൾ വീതം വെച്ചെടുക്കുകയുമാണ് ചെയ്യുന്നത്. സാമൂഹിക പ്രവർത്തകനും ഗവേഷകനുമായ ഒ.പി. രവീന്ദ്രെൻറ പഠനത്തിൽ അദ്ദേഹം പറയുന്നത് ''2015ലെ കണക്കുകൾപ്രകാരം നൂറ്റിയെൺപത് എയ്ഡഡ് കോളജുകളിൽ 86 എണ്ണം മുന്നാക്ക- ലത്തീൻ -എസ്.െഎ.യു.സി ക്രിസ്ത്യാനികൾ സ്വന്തമായി നടത്തുന്നതും അവർ മാത്രം ജോലി ചെയ്യുന്നതുമായ ഇടമെന്നാണ്.'' 2021 ആയപ്പോൾ 95 കോളജുകളാണ് ഇവർ സ്വന്തമായി നടത്തുന്നത് (ഇതിൽ ഒരെണ്ണം ആദിവാസി ക്രിസ്ത്യൻ മാനേജ്മെൻറിെൻറ കീഴിലാണ്). ഇതിെൻറ രണ്ട് ഇരട്ടി മുന്നാക്ക- ലത്തീൻ -എസ്.െഎ.യു.സി ക്രിസ്ത്യാനികൾ ജോലി ചെയ്യുന്നത് ക്രിസ്ത്യൻ സഭകൾ നടത്തുന്ന സ്കൂൾ, ഹയർസെക്കൻഡറി മേഖലയിലാണ്. 2021ൽ ക്രിസ്ത്യൻ മാനേജ്മെൻറുകൾ 2596 എയ്ഡഡ് സ്കൂളുകളാണ് സ്വന്തമായി നടത്തിവരുന്നത് എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇത്രയും സ്ഥാപനങ്ങൾ ഉണ്ടെങ്കിലും ഒരു ശതമാനം സംവരണംപോലും ദലിത് ക്രൈസ്തവർക്ക് ഇവിടെ എങ്ങും അനുവദിച്ചിട്ടില്ല. കേരളത്തിലെ ക്രൈസ്തവ മാനേജ്മെൻറ് സ്ഥാപനങ്ങളിൽനിന്നും ദലിത് ക്രൈസ്തവരെ പൂർണമായി ഒഴിവാക്കി നിർത്തിയിരിക്കുകയാണ്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉദ്യോഗ-വിദ്യാഭ്യാസ തലങ്ങളിൽ ഒരു ശതമാനം സംവരണംപോലും ദലിത് ക്രൈസ്തവർക്ക് അനുവദിച്ചിട്ടില്ല എന്നതാണ് ഗുരുതരമായ അനീതി. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ ദലിത് ക്രിസ്ത്യാനികൾക്ക് ഒരു നിശ്ചിത സംവരണം അനുവദിച്ചാൽ തന്നെ ഒരു പരിധിയോളം ദലിത് ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥക്ക് മാറ്റമുണ്ടാകും.
സ്വാതന്ത്ര്യാനന്തരം ക്രൈസ്തവ ന്യൂനപക്ഷമെന്ന നിലയിൽ സർക്കാർ സഹായത്താൽ നിരവധി സ്ഥാപനങ്ങൾ നടത്തുകയും അവയിൽനിന്നെല്ലാം ദലിത് ക്രിസ്ത്യാനികളെ ഒഴിവാക്കി നിർത്തുകയും തൊഴിലിടങ്ങൾ മുന്നാക്ക- ലത്തീൻ-എസ്.െഎ.യു.സി ക്രിസ്ത്യാനികൾ വീതം വെച്ചെടുക്കുകയുമാണ് ചെയ്യുന്നത്.
2019ലെ വിവരാവകാശ രേഖപ്രകാരം (ഒ.പി. രവീന്ദ്രൻ, 04/02/2019) കോട്ടയം സി.എം.എസ് കോളജിൽ ആകെയുള്ള എൺപത്തിയഞ്ച് അധ്യാപക ജോലികളിൽ വെറും ഏഴ് ദലിത് ക്രൈസ്തവരാണ് അധ്യാപകരായി ജോലി ചെയ്യുന്നത്. അതേപോലെ നാൽപത് അനധ്യാപക ഉദ്യോഗസ്ഥരിൽ പതിനാറ് ദലിത് ക്രൈസ്തവരും ജോലിചെയ്യുന്നു. കേരളത്തിലെ ഏറ്റവുമധികം ദലിത് ക്രൈസ്തവർ ജോലി ചെയ്യുന്ന ഏക സ്ഥാപനമാണ് കോട്ടയത്തെ സി.എം.എസ് കോളജ്. കോളജുകളിലെയും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജോലികൾ കുത്തകയാക്കി വെച്ചിരിക്കുന്ന മുന്നാക്ക- ലത്തീൻ -എസ്.െഎ.യു.സി ക്രിസ്ത്യാനികൾ ഒരു മെറിറ്റിെൻറയും പിൻബലമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നത്. സാമൂഹിക അസമത്വത്തിനെയും വിവേചനത്തെയും ഉൽപാദിപ്പിക്കുന്ന ഇടങ്ങൾ മാത്രമാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇതോടൊപ്പം സാമൂഹിക- രാഷ്ട്രീയ മേഖലയിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന വിഭാഗംകൂടിയാണ് ഈ ക്രിസ്ത്യാനികൾ. മുന്നാക്ക- ലത്തീൻ -എസ്.െഎ.യു.സി സമുദായങ്ങളെ പ്രതിനിധാനംചെയ്ത് എല്ലാ നിയമസഭകളിലും നിരവധി അംഗങ്ങൾ സാമാജികരായി എത്തിച്ചേരുന്നുണ്ട്. മാത്രമല്ല, നിരവധി മന്ത്രിമാരും ഈ സമുദായങ്ങളുടേതായി നിലവിലുണ്ട്. ഐക്യ കേരളസംസ്ഥാനം രൂപംകൊണ്ടതിന് ശേഷം ഇന്നുവരെ എൺപത്തിയേഴ് മന്ത്രിമാരും രണ്ട് മുഖ്യമന്ത്രിമാരുമാണ് മുന്നാക്ക- ലത്തീൻ -എസ്.െഎ.യു.സി വിഭാഗത്തിനിടയിൽനിന്ന് ഉണ്ടായിരിക്കുന്നത്. 450നു മുകളിൽ നിയമസഭാ പ്രതിനിധികൾ മുന്നാക്ക- ലത്തീൻ-നാടാർ ക്രിസ്ത്യാനികൾക്കിടയിൽനിന്നും, പതിനാല് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളും കേരളത്തിലെ നിയമസഭകളിൽ ഇന്നുവരെ അംഗങ്ങളായി എത്തിയിട്ടുണ്ട്. എന്നാൽ ഇതേ ക്രൈസ്തവ ന്യൂനപക്ഷത്തിനുള്ളിലെ അംഗങ്ങളായ ദലിത് ക്രൈസ്തവർക്കിടയിൽനിന്നും 1960- 64 വർഷങ്ങളിൽ പി. ചാക്കോ എന്ന ഒരു കേരള നിയമസഭാ പ്രതിനിധിക്ക് ശേഷം കഴിഞ്ഞ 57 വർഷമായി ദലിത് ക്രൈസ്തവരിൽനിന്നും ഒരു നിയമസഭാ സാമാജികൻ ഉണ്ടായിട്ടില്ല. സർക്കാർ സംവിധാനങ്ങളിലാകട്ടെ സാമ്പത്തിക സംവരണത്തിലൂടെ മുന്നാക്ക ക്രിസ്ത്യാനികൾ സർക്കാർ മേഖലയിൽ കയറിപ്പറ്റുകയും, ലത്തീൻ -എസ്.െഎ.യു.സി ക്രിസ്ത്യാനികൾ സുരക്ഷിതമായ എസ്.ഇ.ബി.സി സംവരണ സംവിധാനങ്ങൾ വഴി സർക്കാർ വിഭവങ്ങൾ കൈക്കലാക്കുമ്പോൾ സർക്കാർ നേരിട്ട് നടത്തുന്ന ഉദ്യോഗസ്ഥ- വിദ്യാഭ്യാസ മേഖലയിൽ പിന്തള്ളപ്പെടുന്നത് ദലിത് ക്രിസ്ത്യാനികളാണ്. ഒരേസമയം സഭയുടെയും സർക്കാറിെൻറയും വിഭവവിതരണത്തിന് വെളിയിൽ, സംവരണം ഇല്ലാത്ത വിഭാഗമായി മാറിയിരിക്കുകയാണ് ദലിത് ക്രിസ്ത്യാനികൾ.
കേരളത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന സമുദായങ്ങളെ (SEBC) കണ്ടെത്തി ഉന്നത വിദ്യാഭ്യാസ മേഖലയിൽ അവർക്ക് നൽകേണ്ട സംവരണ തോതിനെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതാണ് ജസ്റ്റിസ് ജി. കുമാരപിള്ള കമീഷൻ. 31-12-1965ന് കുമാരപിള്ള സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും 02-05-1966ൽ റിപ്പോർട്ട് ഉത്തരവായി പുറപ്പെടുവിക്കുകയും ചെയ്തു. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഒ.ബി.സി പട്ടിക പുനഃക്രമീകരിക്കുകയും അവരെ എല്ലാം എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി അഞ്ച് ഗ്രൂപ്പുകളായി തരംതിരിച്ച് 25 ശതമാനം സംവരണ ക്വോട്ടയും നിശ്ചയിച്ചു. തെറ്റായ ജനസംഖ്യ കണക്കിെൻറയും വിചിത്രമായ വാദങ്ങളുടെയും അടിസ്ഥാനത്തിൽ സംവരണം നിർണയിച്ച കുമാരപിള്ള കമീഷനിൽനിന്നാണ് കേരളത്തിലെ ദലിത് ക്രൈസ്തവരുടെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങുന്നത്. 1957ലെ സർക്കാറിെൻറ ഉത്തരവ് പ്രകാരം (No 26706/ 57/PD) ലത്തീൻ, ആംഗ്ലോ ഇന്ത്യൻ, SIUC എന്നീ വിഭാഗങ്ങൾ സംവരണം പങ്കിടണമെന്നും, ഇവർ പിന്നാക്ക വിഭാഗം (Backward Classes) എന്ന് അറിയപ്പെടുമെന്നാണ് സർക്കാർ ഉത്തരവ്. പിന്നാക്ക ക്രിസ്ത്യൻ (Backward Christians) എന്നാൽ പട്ടികജാതിയിൽനിന്നും ക്രിസ്തുമതം സ്വീകരിച്ചവർ മാത്രമാണെന്നും, ഭാവിയിലും ഇങ്ങനെതന്നെയായിരിക്കുമെന്നും, പിന്നാക്ക വിഭാഗങ്ങളിൽ (Backward Classes) നിന്നും ക്രിസ്തുമതം സ്വീകരിച്ചവരെ പിന്നാക്ക ക്രിസ്ത്യൻപട്ടികയിൽ ഉൾപ്പെടുത്താൻ പാടില്ല എന്നതുമാണ് പ്രസ്തുത ഉത്തരവിൽ പറയുന്നത്. ഈ നിയമത്തെ അട്ടിമറിച്ചുകൊണ്ട് കുമാരപിള്ള എസ്.െഎ.യു.സി വിഭാഗത്തിനെ പിന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിൽ ചേർത്തുവെക്കുകയുണ്ടായി. എസ്.ഇ.ബി.സി സംവരണം എന്ന വിദ്യാഭ്യാസ മേഖലയിലെ ഒരു ശതമാനം സംവരണം പിന്നാക്ക ക്രിസ്ത്യാനികൾ എന്ന നിലയിൽ ദലിത് ക്രിസ്ത്യാനികളും എസ്.െഎ.യു.സിയും കൂടി വീതിച്ചെടുക്കണം എന്നതായിരുന്നു കുമാരപിള്ളയുടെ ശിപാർശ.
എന്തുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം നടപ്പിലാക്കുന്നു എന്നോ, എന്താണ് 1957ലെ പിന്നാക്ക ക്രിസ്ത്യാനി നിർവചിക്കപ്പെട്ടിരുന്ന ഉത്തരവിെൻറ പോരായ്മ, എന്താണ് ഒരു ശതമാനം സംവരണം പങ്കിടുന്നതിനു പിന്നിലെ യുക്തി/ മാനദണ്ഡം തുടങ്ങിയവ ഒന്നും ഒരു വരിയിൽപോലും വ്യക്തമാക്കാതെയാണ് കുമാരപിള്ള കേരളത്തിലെ ദലിത് ക്രൈസ്തവരെ വലിയ കുഴിയിലേക്ക് തള്ളിവിട്ടത്. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തെ കുറിച്ച് കുമാരപിള്ള പറയുന്നത് ഇങ്ങനെയാണ്: ''ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് സാമ്പത്തികമായി ഒരു പിന്നാക്കാവസ്ഥയുമില്ല. ജാതിയുടേയോ സമുദായത്തിെൻറയോ പേരിൽ അവർ ഒരുവിധ അവശതയും നേരിടുന്നവരല്ല. സാമൂഹികവിദ്യാഭ്യാസ മേഖലയിൽ ഇവർ ഒരുവിധ പിന്നാക്കാവസ്ഥയും നേരിടുന്നില്ല (പേജ്: 53).'' ഇങ്ങനെയെല്ലാം കുമാരപിള്ള എഴുതിവെച്ചെങ്കിലും ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് കൃത്യമായ സംവരണം എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി നൽകാൻ കുമാരപിള്ള മറന്നില്ല (പട്ടിക 1 കാണുക).
4200 രൂപ വാർഷിക വരുമാനം ഇല്ലാത്തവരുടെ പട്ടികയെ അദ്ദേഹത്തിെൻറ കണക്കിൻപ്രകാരം സൂചിപ്പിച്ചെങ്കിലും ആ പട്ടികയിൽ ഏറ്റവും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന ദലിത് ക്രിസ്ത്യൻ വിഭാഗത്തിന് ഒരു പരിഗണനയും ശിപാർശ ചെയ്തിട്ടുമില്ല. അയിത്തത്തിെൻറയും അടിമത്തത്തിെൻറയും ഭൂതകാല അനുഭവങ്ങളിൽനിന്നും വിടുതൽ നേടിയ ജനതയുടെ സാമൂഹിക പിന്നാക്കാവസ്ഥയുടെ സൂചകമാണ് ദലിത് ക്രിസ്ത്യാനികളുടെ ഈ എണ്ണം. സാമൂഹിക അവസ്ഥയിൽ അവർ മെച്ചപ്പെട്ടിട്ടില്ല എന്നതിനെയും കമീഷെൻറ അന്വേഷണത്തിൽ സാമൂഹികമായി ഏറ്റവും പിന്നാക്കം നിൽക്കുന്നവർ ആരാണെന്നുമുള്ളതിെൻറ കണ്ടെത്തലിനെ റദ്ദ് ചെയ്തുകൊണ്ടാണ് കമീഷൻ ഇതര ശിപാർശകൾ നടത്തിയത്. കുമാരപിള്ളയുടെ ജനസംഖ്യ പ്രഖ്യാപനമാണ് നമ്മെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്നത്. 1961ലെ സെൻസസിനെ അടിസ്ഥാനമാക്കിയാണ് ഇങ്ങനെയൊരു കണക്കെടുത്തത് എന്ന് പറയുന്ന കുമാരപിള്ളയുടെ ജനസംഖ്യ, ഈഴവ, മുസ്ലിം സമുദായങ്ങളുടെ എണ്ണം ഒഴികെ ബാക്കി പരിപൂർണമായും തെറ്റായിരുന്നു. കൃത്യമായ പരിഗണനയും തുല്യതയും ഇല്ലാതെ തയാറാക്കിയ കുമാരപിള്ളയുടെ ശിപാർശ ഇതായിരുന്നു: പട്ടിക 2 കാണുക.
കുമാരപിള്ള തയാറാക്കിയ റിപ്പോർട്ടിലെ ഏറ്റവും ഗുരുതരമായ തെറ്റ് ജനസംഖ്യയുടെ കാര്യത്തിൽ ആയിരുന്നു. കമീഷൻ കണ്ടെത്തിയ സ്വന്തം ഡാറ്റപോലും കൃത്യതയോടെ വിശകലനം ചെയ്യാൻ സാധിച്ചിട്ടില്ല എന്നതാണ് ആരെയും അത്ഭുതപ്പെടുത്തുന്നത്. 1964-65 അധ്യയന വർഷത്തിൽ കേരളത്തിലെ സ്കൂളുകളിൽ ഒന്നാം തരം മുതൽ പത്താം തരം വരെ പഠിക്കുന്ന കുട്ടികളുടെ ജാതി തിരിച്ചുള്ള പട്ടിക കുമാരപിള്ളയുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട് (പട്ടിക 3).
കുമാരപിള്ളയുടെ ജനസംഖ്യാ കണക്കിൽ സ്കൂളിൽ ചേർക്കപ്പെട്ടിരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളെകൂടി കണക്കാക്കിയാൽ, അതായത് ആകെ ദലിത് കുട്ടികളുടെ എണ്ണം ഗുണം രണ്ട് എന്ന് നോക്കുമ്പോൾ, വരുന്ന എണ്ണം 1,53,662 എന്നതാണ്. കുമാരപിള്ള ദലിത് ക്രൈസ്തവരുടെ ആകെയുള്ള ജനസംഖ്യ (1,51,010) എന്ന് പറഞ്ഞതിലും കൂടുതൽ എണ്ണമുണ്ട് സ്കൂൾ രജിസ്റ്ററുകളിൽനിന്നും കിട്ടുന്ന ദലിത് ക്രൈസ്തവരുടെ എണ്ണം. കുട്ടികളുടെ എണ്ണത്തെ മൂന്ന് കൊണ്ടു ഗുണിച്ചാൽ, അതായത് ഒരു വീട്ടിൽ നാല് അംഗങ്ങൾ എന്ന കണക്കിൽ ഇതിനെ കൂട്ടിയെടുത്താൽതന്നെ ദലിത് ക്രൈസ്തവരുടെ എണ്ണം മൂന്ന് ലക്ഷത്തിനു മുകളിൽ വന്നു. ഈ ഒറ്റ പട്ടികയിൽതന്നെ കുമാരപിള്ളയുടെ അന്വേഷണത്തിലെ കപടത നമുക്ക് തിരിച്ചറിയാൻ സാധിക്കും. മാത്രമല്ല പട്ടികജാതിയിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ചവർ എന്ന കോളം കൂടാതെ ക്രിസ്ത്യൻ സഭകളുടെ നീണ്ട ഒരു ലിസ്റ്റ് ഇതേ ഭാഗത്തുതന്നെ കുമാരപിള്ള നൽകിയിട്ടുണ്ട്. ഇതാണ് രണ്ടാമത്തെ ഗുരുതരമായ വീഴ്ച. പട്ടികജാതിയിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ച കുട്ടികളുടെ എണ്ണം എന്ന ഒരു കോളവും, അതോടൊപ്പം ദലിത് ക്രിസ്ത്യാനികൾ മാത്രമുള്ള PRDS, രക്ഷാസൈന്യം, ലൂഥറൻ മിഷൻ, ബാപ്റ്റിസ്റ്റ്, ബൈബിൾ ഫെയ്ത് മിഷൻ തുടങ്ങിയ സഭകളുടെ പേരും സി.എസ്.ഐ, പെന്തക്കോസ്ത് പോലുള്ള ദലിത് ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ക്രൈസ്തവ സഭകളുടെ പേരുമെല്ലാം ക്നാനായ ക്രിസ്ത്യാനി കുട്ടികൾ ഉൾപ്പെട്ടിരിക്കുന്ന കോളത്തിലാണ് കുമാരപിള്ള ഉൾപ്പെടുത്തിയിരിക്കുന്നത്. ആ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ദലിത് ക്രിസ്ത്യൻ കുട്ടികളുടെ എണ്ണം ഇല്ലാതെയാണ് കുമാരപിള്ള പട്ടികജാതി ക്രൈസ്തവരെ കുറിച്ചുള്ള തെൻറ ശിപാർശ നടത്തുന്നത്. ദലിത് ക്രിസ്ത്യൻ വിഭാഗത്തിെൻറ എണ്ണം കുറച്ചു കാണിക്കുകയും ലത്തീൻ വിഭാഗത്തിെൻറ ജനസംഖ്യ കൂടുതലാക്കി ചിത്രീകരിച്ചിരിക്കുകയാണ് കുമാരപിള്ളയുടെ റിപ്പോർട്ടിൽ. ലത്തീൻ കുട്ടികളുടെ എണ്ണവും കുമാരപിള്ള അവർക്ക് നൽകിയിരിക്കുന്ന ജനസംഖ്യയും ഒരിക്കലും പൊരുത്തപ്പെടുന്നതല്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം. എന്തായാലും ലത്തീൻ സമുദായത്തിന് സ്വതന്ത്രമായി രണ്ട് ശതമാനം സംവരണം കുമാരപിള്ള നേടിക്കൊടുത്തു. പിന്നീട് 2014ൽ ലത്തീൻകാരുടെ രണ്ട് ശതമാനം മൂന്ന് ശതമാനമാക്കി ഉമ്മൻ ചാണ്ടി സർക്കാർ കൂട്ടിയും കൊടുത്തു.
ഇതേ കാലത്ത് ഏറ്റവും സജീവമായിരുന്ന ദലിത് ക്രിസ്ത്യൻ സംഘടനയായിരുന്ന ബി.സി.സി.എഫ് സമർപ്പിച്ച നിവേദനത്തിൽ തിരുവിതാംകൂറിലെ 1931ലെ സെൻസസ് പ്രകാരം അഞ്ച് ലക്ഷത്തോളം (5,03,387) പിന്നാക്ക ക്രിസ്ത്യാനികൾ ഉണ്ടെന്നും അതിെൻറ തുടർച്ചയെന്നവണ്ണം 1961ൽ കേരളത്തിൽ പത്ത് ലക്ഷം ദലിത് ക്രിസ്ത്യാനികൾ ഉണ്ടെന്നും അവർ വാദിച്ചു. എന്നാൽ കുമാരപിള്ള ഇതിനെ തള്ളിക്കളയുകയും കേരള സംസ്ഥാനം രൂപംകൊണ്ടപ്പോൾ അഞ്ച് താലൂക്കുകൾ നഷ്ടമായെന്നും, അതോടൊപ്പം ഈഴവ, മുക്കുവ, നാടാർ എന്നിങ്ങനെയുള്ള വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് 1931ലെ അഞ്ച് ലക്ഷമെന്ന കണക്ക് ഉണ്ടായതെന്നും കുമാരപിള്ള പറയുകയുണ്ടായി. കുമാരപിള്ള ബോധപൂർവമോ അബോധപൂർവമോ ദലിത് ക്രൈസ്തവരുടെ എണ്ണത്തെ തെറ്റിച്ചു കാണിക്കുകയും, 1931ലെ സെൻസസ് ബാധകമായ ലത്തീൻ ക്രിസ്ത്യാനികളുടെ എണ്ണത്തെ മൂന്ന് ഇരട്ടി വർധിപ്പിച്ചു കാണിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇനി തിരുവിതാംകൂറിലെ പ്രസ്തുത സെൻസസിലെ ജാതി തിരിച്ചുള്ള കണക്ക് നോക്കാം (പട്ടിക 4).
കുമാരപിള്ളയെ സംബന്ധിച്ച് ദലിത് ക്രൈസ്തവർ മാത്രമാണ് തമിഴ്നാട്ടിലേക്ക് പോയത്. നാടാർ, ലത്തീൻ വിഭാഗത്തിന് ഇത് ബാധകമല്ല. ഇതേകാലത്തെ തിരുവിതാംകൂറിലെ പ്രജാസഭ റിപ്പോർട്ടുകളിൽ ദലിത് ക്രൈസ്തവരുടെ എണ്ണത്തെ കുറിച്ചുള്ള പരാമർശങ്ങൾ കാണാൻ സാധിക്കും. 1938ലെ ഒരു ചർച്ചയിൽ 1931ലെ സെൻസസ് പ്രകാരം 2,80,382 ദലിത് ക്രൈസ്തവർ ഉണ്ടെന്നാണ് സർക്കാർ വെളിപ്പെടുത്തുന്നത്. കുമാരപിള്ളയുടെ പിന്നാലെ എത്തിയ നെട്ടൂർ കമീഷൻ 1970ലാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. സാമ്പിൾ സർവേ അടിസ്ഥാനത്തിൽ ദലിത് ക്രിസ്ത്യാനികൾ മൂന്ന് ലക്ഷമുണ്ടെന്നാണ് (3,01,459) നെട്ടൂർ കമീഷൻ പറയുന്നത് (പേജ്: 117). നെട്ടൂർ കമീഷന് ലഭിച്ച 360 നിവേദനങ്ങളിൽ കുറെയധികം പരാതികൾക്ക് കമീഷൻ മറുപടി പറയുന്നുണ്ട്. അതിൽ ഒന്നാമത്തെ മറുപടി ദലിത് ക്രൈസ്തവരുടെ ജനസംഖ്യയുമായി ബന്ധപ്പെട്ടായിരുന്നു. 1931ലെ സെൻസസ് പ്രകാരം ദലിത് ക്രൈസ്തവർ രണ്ടര ലക്ഷം ഉണ്ടെന്നും (2,51,515), അതിെൻറ അടിസ്ഥാനത്തിൽ 1951ൽ അഞ്ച് ലക്ഷത്തിനു മുകളിൽ ജനസംഖ്യയുണ്ടെന്നും അതിനനുസരിച്ചുള്ള അവസരങ്ങൾ ലഭിക്കണമെന്നും ദലിത് ക്രൈസ്തവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നെട്ടൂർ കമീഷൻ നൽകുന്ന മറുപടിയാകട്ടെ അതീവ വിചിത്രമാണ്. പട്ടികജാതിയിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ച ആളുകളുടെ ജനസംഖ്യ 1931,1941 വർഷങ്ങളിലെ ഒരു സെൻസസിലും കാണാൻ കഴിയുന്നില്ലെന്നും, അവരെ ക്രിസ്ത്യാനികൾ എന്ന ഒറ്റ തലക്കെട്ടിനു താഴെയാണ് ചേർത്തിരിക്കുന്നതെന്നും, മദ്രാസ് സംസ്ഥാനത്തിൽ കുറെയധികം ആളുകൾ ലയിച്ചുചേർന്നെന്നുമാണ് നെട്ടൂർ കമീഷൻ നൽകുന്ന മറുപടി (പേജ്: 43). എന്നാൽ കേരളത്തിലെ ദലിത് ക്രൈസ്തവരുടെ ജനസംഖ്യയെ സംബന്ധിച്ച് ആധികാരികവും വിശ്വസനീയവുമായ കണക്ക് 1979ൽ സർക്കാറിന് മുമ്പാകെ അവതരിപ്പിച്ചത് കെ.എ. ഗംഗാധരനാണ്. ദലിത് ക്രൈസ്തവർക്കും ശിപാർശിത വിഭാഗത്തിനുമായി പുതിയ ഒരു കോർപറേഷൻ ആരംഭിക്കുന്നതിനു തയാറാക്കിയ റിപ്പോർട്ടായിരുന്നു അത്. 1971ലെ സെൻസസ് പ്രകാരം കേരളത്തിൽ 44,94,089 ക്രിസ്ത്യാനികളിൽ പത്ത് ലക്ഷം ക്രിസ്ത്യാനികൾ, അതായത് ആകെ ക്രിസ്ത്യാനികളുടെ 22.25 ശതമാനവും കേരളത്തിലെ ആകെ ജനസംഖ്യയുടെ 4.69 ശതമാനവും ദലിത് ക്രൈസ്തവരാണ് എന്നാണ് ഗംഗാധരൻ ആദ്യം സൂചിപ്പിക്കുന്നത് (പേജ്: 6). തുടർന്ന് അദ്ദേഹം, 1979ൽ ദലിത് ക്രൈസ്തവരുടെ ജനസംഖ്യ പതിനൊന്നു ലക്ഷത്തിന് അടുത്താണെന്നും പറയുന്നു (പേജ്: 88). ദലിത് ക്രിസ്ത്യാനികൾ നേരിടുന്ന വിവേചനം അവർ ക്രിസ്തുമതം സ്വീകരിക്കുന്നതിന് മുമ്പുള്ളതിനു തുല്യമാണെന്ന് കുമാരപിള്ളയും നെട്ടൂരും ഒരേപോലെ സൂചിപ്പിക്കുന്നുണ്ട്. കുമാരപിള്ള പറയുന്നത് ദലിത് ക്രിസ്ത്യാനികളിൽ ആയിരത്തിൽ 791 പേർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാത്തവരാണെന്നും, ദലിത് ക്രിസ്ത്യാനികളിൽ 99.59 ശതമാനം ആളുകൾ പ്രതിവർഷം 4200 രൂപയിൽ കുറവ് വരുമാനമുള്ള കുടുംബങ്ങളാണെന്നുമാണ്. ഇത്തരം വെളിപ്പെടുത്തൽ നടത്തിയെങ്കിലും സാമൂഹിക- സാമ്പത്തിക മേഖലയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ദലിത് ക്രൈസ്തവരുടെ ജീവിതാന്തസ്സ് ഉയർത്തുന്നതിന് ഒരു പദ്ധതിയും കമീഷൻ മുന്നോട്ടുവെച്ചിട്ടില്ലായിരുന്നു. മാത്രമല്ല ദലിത് ക്രൈസ്തവരുടെ ജീവിതാവസ്ഥയെ പിറകോട്ടടിക്കുന്ന നടപടിയാണ് കുമാരപിള്ള കമീഷൻ സ്വീകരിച്ചത്. ഇത്രയും സാമ്പത്തിക പിന്നാക്കാവസ്ഥയിൽ ജീവിക്കുന്ന ദലിത് ക്രൈസ്തവരെ സർക്കാർ ക്രീമിലെയർ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ഇതിനോടനുബന്ധമായി പറയേണ്ട മറ്റൊരു കാര്യംകൂടിയാണ്.
കേരളത്തിൽ പ്രഫഷനൽ കോളജുകളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് സീറ്റ് സംവരണം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവുണ്ടായത് കുമാരപിള്ളയുടെ പഠനറിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു. ഇതേ സംവരണ വ്യവസ്ഥയിലാണ് ITI, സാങ്കേതിക സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും മറ്റ് സർക്കാർ കോഴ്സുകൾക്കും സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. കുമാരപിള്ളയുടെ കണ്ടെത്തലിൽ സാമ്പത്തികമായി, സാമൂഹികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന ദലിത് ക്രൈസ്തവർക്ക് മാത്രമായി ഒരു ശതമാനം സംവരണം അനുവദിച്ചിട്ടില്ല എന്നതായിരുന്നു ഏറ്റവും ഗുരുതരമായ കുഴപ്പം. ദലിത് ക്രൈസ്തവർ ഉയർന്ന ജനസംഖ്യയുള്ളവരും, സാമൂഹിക, സാമ്പത്തിക, ചരിത്രപരമായി പിന്നാക്കാവസ്ഥയിൽ ജീവിക്കുന്നവരും, മറ്റ് അർഹസമുദായങ്ങളുടെ പട്ടികയിൽ (OEC) ഉൾപ്പെട്ടിരിക്കുന്ന വിഭാഗം എന്ന പരിഗണനയും വിദ്യാഭ്യാസ മേഖലയിലെ ഉപസംവരണത്തിൽ പ്രതിഫലിച്ചില്ല. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ, ബിരുദ-ബിരുദാനന്തര കോഴ്സുകൾ എന്നിവയിൽ പിന്നാക്ക ക്രിസ്ത്യന് മാത്രമായി ഒരു ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പട്ടികജാതിയിൽനിന്നും മതപരിവർത്തനം ചെയ്തവർക്കാണ് (SCCC) ഒരു ശതമാനം സംവരണം എന്നത് അവിടെ വ്യക്തമാക്കിയിട്ടില്ല. കൃത്യമായി നിർവചിക്കപ്പെടാതെ കിടക്കുന്നതിനാൽ ആർക്കുവേണമെങ്കിലും പിന്നാക്ക ക്രിസ്ത്യാനി എന്ന പട്ടികയിൽ ഇടംനേടാൻ സാധിക്കുന്നതാണ്. ബാക്കി എല്ലാവിധ പ്രഫഷനൽ സ്ഥാപനങ്ങളിലും (എൻജിനീയറിങ്, എം.ബി.ബി.എസ്, ഡെൻറൽ, ആയുർവേദ, നഴ്സിങ്, ഫാർമസി തുടങ്ങിയ കോഴ്സുകൾ) ദലിത് ക്രൈസ്തവരെ സാമൂഹിക- വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന നിലയിലുള്ള എസ്.െഎ.യു.സി വിഭാഗവുമായി ചേർത്തുവെച്ചുകൊണ്ട് കേവലം ഒരു ശതമാനം സംവരണമാണ് കുമാരപിള്ള/ സർക്കാർ അനുവദിച്ചിരിക്കുന്നത്. അതായത് പിന്നാക്ക ക്രിസ്ത്യൻ എന്ന തലക്കെട്ടിനു താഴെ പട്ടിക ജാതിയിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ചവരെയും, എസ്.െഎ.യു.സി വിഭാഗത്തിനെയും ഒരുമിച്ചു നിർത്തിയാണ് സംവരണം അനുവദിച്ചിരിക്കുന്നത്. ഈ കാരണത്താൽ കേവല ഒരു ശതമാനം സംവരണത്തിൽ വരുന്ന സീറ്റുകളുടെ എൺപത് ശതമാനവും എസ്.െഎ.യു.സി വിഭാഗം കൈക്കലാക്കുകയാണ്.
കേരളത്തിലെ ദലിത് ക്രൈസ്തവരെക്കാൾ എല്ലാ മേഖലയിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് എസ്.െഎ.യു.സി വിഭാഗം. തെക്കൻ കേരളത്തിലെ സി.എസ്.ഐ വിശ്വാസികളായ നാടാർ വിഭാഗവും, സി.എസ്.ഐ കോഴിക്കോട് -ഷൊർണൂർ ഡയോസിസിലെ വിശ്വാസികളുമാണ് എസ്.െഎ.യു.സി വിഭാഗത്തിലുള്ളത്. വിദേശ മിഷനറി പ്രസ്ഥാനത്തിെൻറ സാമ്പത്തിക- സാമൂഹിക പിന്തുടർച്ച ലഭിച്ച തെക്കൻ -വടക്കൻ കേരളത്തിലെ പ്രബല വിഭാഗമായിരുന്നു എസ്.െഎ.യു.സി. ഇതിെൻറ ഭാഗമായി ദലിത് ക്രൈസ്തവരെ ഇവർ സമസ്തമേഖലയിൽനിന്നും പുറത്താക്കിയിരുന്നു (പട്ടിക 5).
ചരിത്രപരമായി ഒരിക്കലും ഒരുമിച്ചു ചേർത്തു നിർത്താൻ സാധിക്കാത്ത രണ്ട് വിഭാഗങ്ങളാണ് ദലിത് ക്രൈസ്തവരും എസ്.െഎ.യു.സിയും. ദലിത് ക്രൈസ്തവരുടെ ഇരട്ടി സാക്ഷരതയും സമ്പത്തും ഭൂമിയും സ്വന്തമായുള്ള വിഭാഗമാണ് എസ്.െഎ.യു.സി. ഇന്ന് മലബാറിലെ എസ്.െഎ.യു.സി വിശ്വാസികൾക്ക് സ്വന്തമായി നാൽപത്തിയാറോളം സ്കൂളുകളും ഒരു ആർട്സ് ആൻഡ് സയൻസ് കോളജുമുണ്ട്. തെക്കൻ കേരളത്തിലെ എസ്.െഎ.യു.സി വിഭാഗത്തിനാകട്ടെ അമ്പതോളം സ്കൂൾ, ഹയർ സെക്കൻഡറി സ്ഥാപനങ്ങളും അഞ്ച് ITC കളും രണ്ട് ആർട്സ് ആൻഡ് സയൻസ് കോളജും ഓരോ ലീഗൽ - എൻജിനീയറിങ്- മെഡിക്കൽ കോളജുകളും രണ്ട് ടീച്ചേഴ്സ് ട്രെയിനിങ് കോളജും സ്വന്തമായി ഉള്ളവരാണ്. എന്നാൽ ദക്ഷിണ മഹാ ഇടവകയുടെ കോളജിൽ ആകെ ഒരു ദലിത് ക്രിസ്ത്യൻ അധ്യാപിക മാത്രമാണ് ജോലി ചെയ്യുന്നത്. ദലിത് ക്രിസ്ത്യാനികൾ സ്വന്തമായി നടത്തുന്ന ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം കേരളത്തിൽ എങ്ങുമില്ല എന്നതാണ് ഇവിടെ നാം തിരിച്ചറിയേണ്ട വസ്തുത. ഇത്രയും സ്ഥാപനങ്ങൾ സ്വന്തമായി നടത്തുന്ന എസ്.െഎ.യു.സി എന്ന പ്രബലവിഭാഗവുമായിട്ടാണ് ദലിത് ക്രിസ്ത്യാനികൾ സർക്കാർ മേഖലയിൽ മത്സരിക്കുന്നത്. കുമാരപിള്ള വ്യക്തമായ പഠനം നടത്തി ദലിത് ക്രൈസ്തവർ സാമ്പത്തിക- വിദ്യാഭ്യാസ മേഖലയിൽ പിന്നിലാണ് എന്ന് കണ്ടെത്തിയെങ്കിലും എസ്.െഎ.യു.സി എന്ന പ്രബല സമുദായവും ദലിത് ക്രൈസ്തവരും സംയുക്തമായി ഒരു ശതമാനം സംവരണം പങ്കിടണമെന്നാണ് അദ്ദേഹം നിർദേശിച്ചത്. ദലിത് ക്രിസ്ത്യാനികളും എസ്.െഎ.യു.സിയും മറ്റ് പിന്നാക്ക ക്രിസ്ത്യൻ OBX എന്ന വിഭാഗത്തിലാണ് ഈ ലിസ്റ്റിൽ അറിയപ്പെടുന്നത്. സ്വന്തമായി മെഡിക്കൽ കോളജ് നടത്തുന്ന ഒരു വിഭാഗം സർക്കാർ മേഖലയിൽ, അവരെക്കാൾ പ്രാവീണ്യം കുറഞ്ഞ ഒരു വിഭാഗത്തിനോട് മത്സരിച്ചുകൊണ്ട് നേടിയെടുക്കുന്ന സീറ്റുകളുടെ കണക്കുകളാണ് പട്ടിക 6, 7ൽ ചേർത്തിരിക്കുന്നത്. സംവരണം പങ്കിടുന്നതിലൂടെ ദലിത് ക്രൈസ്തവർ സർക്കാർ മേഖലയിൽനിന്നും പൂർണമായും പിന്തള്ളപ്പെടുകയാണ്. 2004 മുതൽ 2019 വരെയുള്ള കാലയളവിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ വിഭാഗത്തിെൻറ ജാതി തിരിച്ചുള്ള കണക്ക് നോക്കുക (പട്ടിക 6)
ദലിത് ക്രൈസ്തവർക്ക് നിലവിലെ സർക്കാർ സംവരണംകൊണ്ട് ഒരു പ്രയോജനവും ലഭിക്കുന്നില്ല എന്നത് വ്യക്തമാക്കിത്തരുന്ന രേഖയാണിത്. മാത്രമല്ല, ദലിത് ക്രൈസ്തവർ സംവരണം പങ്കിടുന്നത് അവർക്ക് തുല്യമായ സാമൂഹിക അനുഭവമോ അവർക്ക് മത്സരിക്കാൻ സാധിക്കുന്നതോ ആയ വിഭാഗവുമായല്ല എന്ന വെളിപ്പെടുത്തൽകൂടി ഈ വിവരാവകാശ രേഖ മുന്നോട്ട് വെക്കുന്നുണ്ട്. സംവരണത്തിൽ അനുവദിക്കുന്ന സീറ്റുകളുടെ നേർ പകുതിപോലും, അതായത് അരശതമാനം സംവരണംപോലും ദലിത് ക്രിസ്ത്യാനികൾക്ക് ലഭിക്കുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ദലിത് ക്രൈസ്തവർ നേരിടുന്ന പിന്നാക്കാവസ്ഥയെ പരിഗണിക്കാതെ, അവരുടെ സാമൂഹികജീവിതത്തെ വീണ്ടും പിന്നോട്ടടിക്കുന്ന ജനാധിപത്യ വിരുദ്ധമായ രീതിയാണ് എസ്.ഇ.ബി.സി ലിസ്റ്റ് വഴി വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ബിരുദതലം മുതൽ മുകളിലോട്ടും സാങ്കേതിക പ്രഫഷനൽ കോഴ്സുകൾക്കും സീറ്റ് സംവരണം നിർണയിച്ചിരുന്നതിനെ (1965ലെ കുമാരപിള്ള കമീഷൻ റിപ്പോർട്ട്) പരിഷ്കരിച്ചുകൊണ്ട് 2014ൽ സംവരണ തോത് ഉയർത്തി ചില മുന്നാക്ക സമുദായങ്ങൾക്ക് പ്രത്യേക സംവരണം നൽകിയും സംവരണവ്യവസ്ഥകൾ പുനർനിർണയിക്കുകയും ചെയ്തിരുന്നു സംസ്ഥാന സർക്കാർ. എന്നാൽ ഈ പുനർനിർണയത്തിൽ ദലിത് ക്രൈസ്തവരെ പരിഗണിക്കുകയോ അവർക്ക് മാത്രമായി കേവലം ഒരു ശതമാനം സംവരണംപോലുമോ സർക്കാർ അനുവദിച്ചിരുന്നില്ല. സർക്കാർ നിയോഗിക്കുന്ന ഒരു കമീഷെൻറ പഠനറിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മാത്രമേ എസ്.ഇ.ബി.സി ലിസ്റ്റിൽ മാറ്റങ്ങൾ വരുത്താൻ പാടുള്ളൂ എന്നതാണ് നിലവിലെ നിയമം. എന്നാൽ ഈ നിയമത്തെ അട്ടിമറിച്ചുകൊണ്ട് പലപ്പോഴും എസ്.ഇ.ബി.സി ലിസ്റ്റിൽ വിവിധ ജാതികളെ ചേർക്കുകയും അവർക്ക് സ്വതന്ത്രമായി ഒരു നിശ്ചിത സംവരണം അനുവദിക്കുകയും ചെയ്തു.
കുമാരപിള്ള കമീഷൻ പഠനം നടത്തിയപ്പോൾ കുടുംബി സമുദായത്തിെൻറ ജനസംഖ്യ 47,622 മാത്രമായിരുന്നു. കുടുംബി സമുദായത്തിനെ 2008ൽ എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി ഒരു ശതമാനം സംവരണം സർക്കാർ അനുവദിക്കുകയുണ്ടായി. രണ്ട് ലക്ഷംപോലും ജനസംഖ്യയില്ലാത്ത വിഭാഗത്തിന് സർക്കാർ ഒരു ശതമാനം സ്വതന്ത്രമായി നൽകുമ്പോൾ ഇരുപതു ലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള ദലിത് ക്രൈസ്തവർക്ക് മറ്റൊരു വിഭാഗവുമായി ചേർത്തുനിർത്തിയാണ് ഒരു ശതമാനം സംവരണം സർക്കാർ നൽകുന്നത്. അതേപോലെ കുമാരപിള്ളയുടെ പഠനത്തിൽ കുശവസമുദായത്തിെൻറ (ഉപജാതികൾ ഉൾപ്പെടെ) എണ്ണം 38,260 മാത്രമായിരുന്നു. അവർക്കും പ്രത്യേകമായി ഒരു ശതമാനം സംവരണം 2014 മുതൽ സംസ്ഥാന സർക്കാർ അനുവദിച്ചുകൊടുത്തു. ധീവരർക്ക് രണ്ട് ശതമാനവും വിശ്വകർമർക്ക് രണ്ട് ശതമാനവും നൽകുകയുണ്ടായി. ലത്തീൻ സമുദായത്തിനൊപ്പം ഇരുപതിനായിരം ജനസംഖ്യപോലുമില്ലാത്ത ആംഗ്ലോ ഇന്ത്യൻ വിഭാഗത്തെ ചേർക്കുകയും അവരുടെ സംവരണതോത് രണ്ടിൽനിന്നും മൂന്ന് ആയി ഉയർത്തുകയും ചെയ്തു. ഒരു അന്വേഷണ കമീഷനോ പഠനമോ ഒന്നുമില്ലാതെയാണ് എസ്.ഇ.ബി.സി പട്ടികയിലെ പുനഃക്രമീകരണം നടന്നത്. എന്നാൽ ഈ പരിഷ്കാരങ്ങളിൽ ഒന്നും ദലിത് ക്രൈസ്തവരെ ഉൾപ്പെടുത്തിയിരുന്നില്ല. അങ്ങനെ എസ്.ഇ.ബി.സി എന്നത് അസമത്വത്തിെൻറ കേന്ദ്രമായി മാറുകയായിരുന്നു.
ജസ്റ്റിസ് ശിവരാജൻ കമ്മിറ്റിയുടെ പഠനറിപ്പോർട്ടിൽ എം.ബി.ബി.എസ് പ്രവേശനത്തിന് ഓരോ ശതമാനം വീതം സംവരണമുള്ള പിന്നാക്ക ക്രിസ്ത്യാനികളുടെയും കുടുംബിയുടെയും അഡ്മിഷൻ വിവരങ്ങൾ പട്ടിക 9ൽ ചേർക്കുന്നു.
കുടുംബി സമുദായത്തിൽ ശരാശരി പത്ത് അപേക്ഷകരിൽ ഒരാൾക്ക് അഡ്മിഷൻ ലഭിക്കുമ്പോൾ പിന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിൽ നൂറ് അപേക്ഷകരിൽ ഒരാൾക്കാണ് പ്രവേശനം ലഭിക്കുന്നത്. 2015ലെ സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റിൽ ഇരുപതു ലക്ഷം ജനസംഖ്യയുള്ള ദലിത് ക്രൈസ്തവരുടെ അവസ്ഥയാണിത്. എന്നാൽ ദലിത് ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം 26-02-2015ൽ ദലിത് ക്രൈസ്തവർക്ക് വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ലെന്നും എസ്.െഎ.യു.സി വിഭാഗമാണ് കൂടുതൽ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതെന്ന് എൻട്രൻസ് കമീഷണറുടെ റിപ്പോർട്ടിൽനിന്നും മനസ്സിലാക്കുന്നു എന്നും, ആയതിനാൽ എസ്.െഎ.യു.സി വിഭാഗത്തിനെ ലത്തീൻ കത്തോലിക്കരുടെ ഒപ്പം ഉൾപ്പെടുത്തണമെന്നും, പരിവർത്തിത ക്രൈസ്തവർക്കായി ഒരു ശതമാനം സംവരണം തനിച്ച് ലഭ്യമാക്കുന്നതോടെ ന്യായയുക്തമായ അവസരം അവർക്ക് ഉറപ്പാക്കാനാവും എന്ന് ശിപാർശ ചെയ്യുകയുണ്ടായി. എന്നാൽ ഈ ശിപാർശയെ സർക്കാർ പൂർണമായി അവഗണിച്ചു. മാത്രമല്ല 21-06-2021ൽ എസ്.െഎ.യു.സി ഒഴികെയുള്ള നാടാർ ക്രിസ്ത്യാനികളെ കൂടി OBX വിഭാഗത്തിൽ ഉൾപ്പെടുത്തി. അതായത് ഒരു ശതമാനം സംവരണം എന്നത് മൂന്ന് വിഭാഗങ്ങൾ പങ്കിട്ടെടുക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. എന്നാൽ മുന്നാക്കസംവരണം വന്നതോടുകൂടി എസ്.ഇ.ബി.സി ലിസ്റ്റിലെ സകല സമുദായത്തിനെയും മറികടന്ന് മുന്നാക്കവിഭാഗം പത്ത് ശതമാനത്തിലേക്ക് പ്രവേശിച്ചു. ഒരു അന്വേഷണ കമീഷനോ പഠനമോ ഒന്നുംതന്നെ ഇല്ലാതെ വളരെ വേഗത്തിൽ മുന്നാക്കക്കാർ ഏറ്റവും സുരക്ഷിതമായ അവസ്ഥയിലേക്ക് എത്തിച്ചേർന്നു.
ദലിത് ക്രൈസ്തവർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എസ്.ഇ.ബി.സി പട്ടികയിൽ കൃത്യമായി നിർണയിക്കപ്പെടാതെ കിടക്കുന്നു എന്നതാണ്. പിന്നാക്ക ക്രിസ്ത്യാനികൾ എന്ന തുറന്ന തലക്കെട്ടിനു കീഴിൽ നിർവചിക്കപ്പെടാതെയാണ് ദലിത് ക്രൈസ്തവർ നിലകൊള്ളുന്നത്. പിന്നാക്ക ക്രിസ്ത്യൻ എന്ന തലക്കെട്ടിനു കീഴിൽ ഏതൊരു പിന്നാക്ക വിഭാഗത്തിനെയും പുതുതായി ചേർക്കാൻ സാധിക്കും. ഇതിനു ഏറ്റവും നല്ല തെളിവാണ് എസ്.െഎ.യു.സി ഇതര നാടാർ ക്രിസ്ത്യാനികളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ് (21-06-2021). എന്നാൽ ഈഴവ, മുസ്ലിം, ലത്തീൻ, കുടുംബി എന്നിങ്ങനെയുള്ള വിഭാഗം കൃത്യമായി നിർവചിക്കപ്പെടുകയും അതിനുള്ളിലേക്ക് മറ്റുള്ളവർക്ക് പ്രവേശനവും സാധ്യമല്ല. എന്നാൽ പിന്നാക്ക ക്രിസ്ത്യൻ എന്ന, തുറന്നുകിടക്കുന്നതും ആർക്കും പ്രവേശനം സാധ്യമാകുന്നതുമായ ഇടത്തിൽനിന്ന് സ്വതന്ത്രമായി മാറുന്ന നിമിഷത്തിൽ മാത്രമേ ദലിത് ക്രൈസ്തവർക്ക് നീതി ലഭിക്കുകയുള്ളൂ.
ദലിത് ക്രൈസ്തവർക്ക് മാത്രമായി ഒരു സംവരണ തോത് ഉണ്ടാകുന്ന നിമിഷത്തിൽ അതായത് വിവിധ കോഴ്സുകളിൽ നിലവിലുള്ള സംവരണ വ്യവസ്ഥയിലെ അവ്യക്തത നീക്കി പട്ടികജാതിയിൽനിന്ന് പരിവർത്തനം ചെയ്ത ക്രിസ്ത്യാനികൾ (SCCC) എന്ന പേര് സ്വീകരിക്കുന്ന നിമിഷം മുതൽ മാത്രമേ കേരളത്തിലെ എസ്.ഇ.ബി.സി സംവരണം നീതിപൂർണവും ജനാധിപത്യപരവുമാകുകയുള്ളൂ. മാത്രമല്ല അതോടൊപ്പം ജനസംഖ്യക്ക് ആനുപാതികമായി സംവരണ തോത് ഉയർത്തിയും നൽകേണ്ടതാണ്. കേരള പി.എസ്.സിയിൽ അടയാളപ്പെടുത്തിയിരിക്കുന്നപോലെ (SCCC) ദലിത് ക്രിസ്ത്യാനികളെ ഒരു സ്വതന്ത്ര സമുദായമെന്ന നിലയിൽ രേഖപ്പെടുത്തി, ഒറ്റക്ക് സംവരണപട്ടികയിൽ ഉൾപ്പെടുത്തുക എന്നത് മാത്രമാണ് ദലിത് ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ഏക വഴി. ഇപ്പോഴത്തെ പിണറായി സർക്കാർ പുതുക്കിയ എസ്.ഇ.ബി.സി സംവരണ സിസ്റ്റം ദലിത് ക്രിസ്ത്യാനികളെ ഒരു സ്വതന്ത്ര സമുദായമായി അംഗീകരിക്കുമ്പോൾ മാത്രമേ ഇതിനു പരിഹാരം ഉണ്ടാകൂ.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.