കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റും അതുയർത്തുന്ന അപകടാവസ്ഥയും തീപിടിത്തത്തിനുശേഷം വാർത്തയായിക്കഴിഞ്ഞു. എന്താണ് ബ്രഹ്മപുരത്തിന്റെ അവസ്ഥകൾ? എന്തുതരം വഞ്ചനയാണ് അവിടെ നടന്നത്? ഇൗ മാലിന്യസംസ്കരണ രീതി മതിയോ കേരളത്തിന്? എന്താണ് ബദൽ? – സാമൂഹികപ്രവർത്തകനും വിളപ്പിൽശാലയടക്കമുള്ള കേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതികൾക്കെതിരെ നടന്ന സമരങ്ങളിൽ മുന്നിൽ നിൽക്കുകയും ചെയ്ത ലേഖകൻ നിശിതവിമർശനവും ബദൽ നിർദേശങ്ങളും മുന്നോട്ടുവെക്കുന്നു.
വര: വി.ആർ. രാഗേഷ്, ചിത്രങ്ങൾ: ബൈജു കൊടുവള്ളി
ബ്രഹ്മപുരം ദുരന്തത്തെപ്പറ്റി ഇനിയെന്താണ് പറയാനുള്ളത്? കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഇതിന്റെ അപകടങ്ങളെപ്പറ്റി എത്രയോ പറഞ്ഞു, എഴുതി, സമരങ്ങൾ നടത്തി. ആ നാട്ടുകാരും തൊട്ടടുത്തുള്ള തൃക്കാക്കരപോലുള്ള പ്രദേശങ്ങളിലെ ജനങ്ങളും (ഞാനടക്കം) അനുഭവിച്ച നരകയാതനകൾ ഇപ്പോൾ കൊച്ചി നഗരത്തിലേക്ക് കടന്നപ്പോഴാണ് വാർത്തകളാകുന്നത്, ചർച്ചകളാകുന്നത്. ഹൈകോടതിയുടെ ഇടപെടൽതന്നെ ഒരു നല്ല ഉദാഹരണം. 2007ൽ ബ്രഹ്മപുരത്തെ മാലിന്യ സംഭരണ കേന്ദ്രം (സംസ്കരണകേന്ദ്രം എന്നത് ഒരു പെരുംനുണ മാത്രമെന്ന് അന്ന് ഞങ്ങൾ പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ കുറെ പേരെങ്കിലും സമ്മതിക്കുന്നു, ഭാഗ്യം.) നിർദേശിക്കപ്പെട്ട കാലം മുതൽ ജനം സമരത്തിലായിരുന്നു. എന്നാൽ, കൊച്ചി നഗരം മാലിന്യംകൊണ്ട് നിറഞ്ഞപ്പോൾ, ഹൈകോടതി ജഡ്ജിമാർക്ക് ശ്വാസംമുട്ട് വന്നപ്പോൾ ഒരൊറ്റ വിധിയാണ്. പൊലീസിനെ ഉപയോഗിച്ചാണെങ്കിലും മാലിന്യം അവിടെ കൊണ്ടുപോകുക എന്ന്. അവിടത്തെ ജനം തടയുന്നതിനാൽ മാലിന്യം നീക്കംചെയ്യാൻ കഴിയുന്നില്ലെന്ന് അധികൃതർ പരാതിപ്പെട്ടപ്പോഴാണ് ഈ വിധി ഉണ്ടായത്.
പക്ഷേ, ഇവിടെ അവഗണിക്കപ്പെട്ടതു നീതി മാത്രമല്ല നിയമങ്ങളും ചട്ടങ്ങളുംകൂടിയാണ്. ഖരമാലിന്യ സംസ്കരണ നിയമങ്ങളിലും ചട്ടങ്ങളിലും വ്യക്തമായി പറയുന്നു, ഒരിടത്തും മാലിന്യം കൊണ്ടുപോയി നിക്ഷേപിക്കരുതെന്ന്. അവ സംസ്കരിക്കാൻ കൃത്യമായതും ശാസ്ത്രീയമായതുമായ സംവിധാനം ഉണ്ടായാൽ മാത്രമേ മാലിന്യം അവിടേക്കു കൊണ്ടുപോകാൻ പാടുള്ളൂവെന്ന് നിയമം അനുശാസിക്കുമ്പോഴാണ് കേവലം ഒരു തുറന്നസ്ഥലം മാത്രമായ ബ്രഹ്മപുരത്ത് അത് കൊണ്ടിടാൻ ഹൈകോടതി പറഞ്ഞത്. ഒരു സംസ്കരണകേന്ദ്രവും അന്നും (ഇന്നും) അവിടെയില്ല. കടമ്പ്രയാറിനും ചിത്രപ്പുഴക്കും ഇടക്കുള്ള നെൽവയൽ തണ്ണീർത്തടമാണ് അതെന്ന് അറിയാത്തതല്ല. റാംസരിൽ ഇന്ത്യ ഒപ്പിട്ട കരാർ അനുസരിച്ചും കേരളത്തിൽ അന്ന് നിലവിലുണ്ടായിരുന്ന ഭൂവിനിയോഗ നിയമം അനുസരിച്ചും ജലസംരക്ഷണ നിയമം അനുസരിച്ചും ഈ വിധി നിയമവിരുദ്ധമായിരുന്നു. ഒരു സിറ്റിങ് ഹൈകോടതി ജഡ്ജികൂടി പങ്കെടുത്ത യോഗത്തിൽവെച്ച് ഈ വിധി തെറ്റാണെന്നും അല്ലെങ്കിൽ കോടതി അലക്ഷ്യത്തിനു തനിക്കെതിരെ കേസ് എടുക്കണമെന്നും ഈയുള്ളവൻ പരസ്യമായി ആവശ്യപ്പെട്ടതാണ്. പക്ഷേ, ആ ജഡ്ജി ചിരിച്ചുകൊണ്ട് ആ പ്രസ്താവന അവഗണിച്ചു. അന്നദ്ദേഹം നൽകിയ വിശദീകരണം കൊച്ചി നഗരത്തെ രക്ഷിക്കാൻ ഈ നടപടി അനിവാര്യമായിരുന്നു എന്നാണ്. കൊച്ചി കോർപറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശ്ശേരി, ആലുവ, അങ്കമാലി എന്നീ അഞ്ച് നഗരസഭകൾ; ചേരാനെല്ലൂർ, കുമ്പളങ്ങി, വടവുകോട്-പുത്തൻകുരിശ് എന്നീ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽനിന്നാണ് ഇവിടെ മാലിന്യമെത്തുന്നത്. 200ലേറെ ടൺ ജൈവമാലിന്യവും അതിന്റെ പകുതിയോളം അജൈവ മാലിന്യവുമാണ് ദിനംപ്രതി വരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഇത് കൃത്യമാണോ എന്നറിയുക പ്രയാസമാണ്.
എന്തായാലും പ്ലാന്റ് വന്നതോടെ ജനജീവിതം ദുരിതത്തിലായി. പരിസ്ഥിതി മലിനീകരണം രൂക്ഷമായി. അന്തരീക്ഷത്തിൽ അസഹ്യമായ ഗന്ധം നിറയുകയും വീടുകൾക്കുള്ളിലിരുന്ന് ഭക്ഷണം കഴിക്കാൻപോലും പറ്റാതാവുകയും ചെയ്തു. കൃഷിയും മത്സ്യബന്ധനവും ചെയ്തിരുന്ന പലരുടെയും ജീവിതമാർഗം വഴിമുട്ടി. പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ കടമ്പ്രയാറിനൊപ്പം ചിത്രപ്പുഴ, മനക്കപ്പുഴ എന്നിവയും മലിനമായി. അതോടെ, ഈ പ്രദേശത്ത് രോഗങ്ങൾ വ്യാപകമായി.
ഇവിടെ നിരവധി ചോദ്യങ്ങൾ പ്രസക്തമാണ്. സ്വന്തം ചുറ്റുപാടിൽ മാലിന്യം കുന്നുകൂടുമ്പോൾ അത് ഒരു നിയമവും പാലിക്കാതെ മറ്റൊരിടത്തു നിക്ഷേപിക്കുന്നത് ശരിയാണോ? ഇങ്ങനെയാണ് നാട്ടിലെ നല്ലൊരുപങ്ക് ജനങ്ങളും കരുതുന്നത്. ഒരുതരം ത്രോ എവേ സംസ്കാരം. പക്ഷേ, നിയമം അക്ഷരംപ്രതി പാലിക്കാൻ ബാധ്യതയുള്ള ഹൈകോടതിയുടെയും നിലപാട് ഇതുതന്നെയാണെങ്കിൽ നമുക്കാരാണ് രക്ഷ? ഇത്രയും വിശദമായി ഇത് പറയാൻ കാരണമുണ്ട്. ഇപ്പോൾ ബ്രഹ്മപുരം തീപിടിത്തം സംബന്ധിച്ച് ഒരു കേസ് ഹൈകോടതി സ്വമേധയാ എടുത്തിട്ടുണ്ട്. അതിന്റെ ഭാവി എന്താകുമെന്ന ആശങ്ക എനിക്കുണ്ട്. നേരത്തേ പറഞ്ഞതാണ് ഇപ്പോഴും അവരുടെ നിലപാടെങ്കിൽ തീ അണഞ്ഞാൽ വീണ്ടും അവിടെ മാലിന്യം കൊണ്ടിടാൻ ഹൈകോടതി പറയില്ലേ? അവിടെ ഒരു സംവിധാനവും ഇല്ലെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ആ കേന്ദ്രത്തിനു ഒരുവിധ അനുമതിയും നൽകിയിട്ടില്ലെന്നും ഇപ്പോൾ എല്ലാവർക്കും അറിയാം. ഏറ്റവുമൊടുവിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിലും പറയുന്നു, ഈ കേന്ദ്രത്തിനു ഒരുവിധ നിയമപ്രാബല്യവും ഇെല്ലന്ന്. ഒരു ചെറിയ വ്യവസായ സ്ഥാപനംപോലും ഇവരുടെ അനുമതിയില്ലാതെ ഇവിടെ പ്രവർത്തിക്കാൻ പാടില്ലെന്നാണല്ലോ നിയമം. എന്നിട്ടും കൊച്ചി ചീഞ്ഞുനാറുന്നു എന്ന ഒറ്റക്കാരണംകൊണ്ട് അവിടേക്ക് മാലിന്യം മാറ്റാൻ കോടതി പറയാൻ സാധ്യതയില്ലേ? ചില അപാകതകൾ ഉണ്ടായിരുന്നെങ്കിലും ഏറെ ഫലപ്രദമായ, കേരള സർക്കാറിന്റെ പ്ലാസ്റ്റിക് നിരോധന നിയമം റദ്ദാക്കിയതും ഇതേ ഹൈകോടതി തന്നെയാണ്.
മറ്റൊരു യാഥാർഥ്യവും നമ്മുടെ മുന്നിലുണ്ട്. കേരളത്തിൽ പ്രവർത്തിച്ചിരുന്ന പത്തിലേറെ കേന്ദ്രീകൃത മാലിന്യ നിക്ഷേപകേന്ദ്രങ്ങളെല്ലാം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടിയിരുന്നു. തിരുവനന്തപുരത്തെ വിളപ്പിൽശാല, കൊല്ലത്തെ കുരീപ്പുഴ, ആലപ്പുഴയിലെ സർവോദയപുരം, കോട്ടയത്തെ വടവാതൂർ, തൃശൂരിലെ ലാലൂർ, കോഴിക്കോട്ടെ ഞെളിയൻപറമ്പ്, തലശ്ശേരിയിലെ പെട്ടിപ്പാലം, കണ്ണൂരിലെ ചേലോറ തുടങ്ങിയ നിരവധി ഇടങ്ങളിലെ സമരങ്ങൾക്കൊപ്പം നിന്ന ഒരാളെന്ന നിലയിൽ ഉറപ്പിച്ചു പറയാൻ കഴിയും കേരളത്തിൽ ഒരിടത്തും കേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനം ശാസ്ത്രീയമായും നിയമങ്ങൾ പാലിച്ചും നടത്താൻ സാധിക്കില്ലെന്ന്. കേരളത്തിന്റെ ജനസാന്ദ്രത, കാലാവസ്ഥ, ഭൂപ്രകൃതി, ജനങ്ങളുടെ ജീവിതശൈലി, മാലിന്യത്തിലെ ഈർപ്പം, അതിന്റെ വൈവിധ്യം തുടങ്ങിയ നിരവധി ഘടകങ്ങൾ അതിനു കാരണവുമാണ്. ഒപ്പം, ഇതിനു ചുമതലപ്പെട്ട തദ്ദേശഭരണസ്ഥാപനങ്ങളുടെ ശേഷിക്കുറവ്, കെടുകാര്യസ്ഥത, എല്ലാത്തിലും ഉപരി അഴിമതിയും കക്ഷിരാഷ്ട്രീയ അതിപ്രസരവും ഈ പദ്ധതികളെ എല്ലായിടത്തും മഹാദുരന്തമാക്കുകയും ചെയ്തു. (ഇതെല്ലാം പലവട്ടം ഈ ലേഖകനടക്കം പലരും പലവട്ടം എഴുതിയതാണ് എന്നതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല.) കേരളത്തിനും ഇന്ത്യക്കും പുറത്തു പലയിടത്തും നടക്കുന്ന ശാസ്ത്രീയവും അല്ലാത്തതുമായ മാതൃകകൾ ഉയർത്തിക്കാട്ടി കേന്ദ്രീകൃത പദ്ധതികളെ ന്യായീകരിക്കുന്നവർ ഇതൊന്നും പരിഗണിക്കാറേയില്ല എന്നത് മറ്റൊരു കാര്യം. ഇത് നന്നായി അറിയാമായിരുന്നിട്ടും ബ്രഹ്മപുരത്തുതന്നെ മാലിന്യം നിക്ഷേപിക്കണമെന്ന് വാശിപിടിച്ച ഭരണ-പ്രതിപക്ഷ രാഷ്ട്രീയകക്ഷികൾ (ഇവർ ഇടക്കിടക്ക് പരസ്പരം മാറുന്നു എന്ന് മാത്രം) ഇന്ന് പരസ്പരം പഴിപറയുന്നുവെന്നു മാത്രം.
ഭരണനിർവഹണക്കാരുടെ നിയമലംഘനത്തിനും കെടുകാര്യസ്ഥതക്കും അഴിമതിക്കും ഇരകളായി ലക്ഷക്കണക്കിനു മനുഷ്യർ ഇന്ന് മഹാദുരന്തത്തെ നേരിടുകയാണ്. ഈ വിഷയത്തിലെ ഒരു വിദഗ്ധൻ എഴുതിയ കുറിപ്പ് അങ്ങനെതന്നെ ഇവിടെ ഇടട്ടെ: “വലിയ, ഏക്കർ കണക്കിനുള്ള മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നതിനെ സാവധാനത്തിലുള്ള അണുബോംബ് സ്ഫോടനം (‘Slow atom bomb’ explosion) എന്ന് വേണമെങ്കിൽ വിളിക്കാം. കാരണം, അത് അത്രക്കും മാരകമാണ്. പത്തോ ഇരുപതോ അടി ഘനത്തിലുള്ള മാലിന്യക്കൂമ്പാരത്തിന്റെ അടിയിൽ നടക്കുന്നത് ഓക്സിജന്റെ അഭാവത്തിലുള്ള, വായു കടക്കാതെയുള്ള മാലിന്യവിഘടനം (Anaerobic decomposition) ആയിരിക്കും. അതിൽനിന്ന് ബഹിർഗമിക്കുന്ന വാതകങ്ങളിൽ ജ്വലനസ്വഭാവമുള്ള മീഥേൻ ഉണ്ടാവുമെന്നതുകൊണ്ട് ഒരിക്കൽ തീ പിടിച്ചാൽ അണക്കുക ഏതാണ്ട് അസാധ്യമായ കാര്യമാണ്.
മീഥേൻ വാതകങ്ങൾ കത്തുമ്പോൾ ഉണ്ടാവുന്ന ഉയർന്ന താപത്തിൽ ജന്തുജീവികളുടെ ആരോഗ്യത്തെ അതിഭീകരമായവിധത്തിൽ ബാധിക്കാനിടയുള്ള അനേകം മാരക രാസസംയുക്തങ്ങൾകൂടിയുണ്ടാവും എന്നതാണ് അത് സാവധാനത്തിലുള്ള അണുബോംബാണെന്ന് പറയാനുള്ള കാരണം. അണുബോംബുകൾ പൊട്ടുമ്പോഴുണ്ടാവുന്ന നാശം നേരിട്ട്, അപ്പോൾത്തന്നെയാണ് ജീവജാലങ്ങളെ ബാധിക്കുകയെങ്കിൽ, ഇതങ്ങനെയല്ല, അനേകകാലം നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇതുണ്ടാക്കുക. ജൈവമാലിന്യങ്ങൾ, ഹാലൊജനേറ്റഡ് പ്ലാസ്റ്റിക്കുകളുമായി (പി.വി.സി പോലുള്ളവ) ചേർന്ന് ഭാഗിക ജ്വലനം (പുക അതിന്റെ ലക്ഷണമാണ്) നടക്കുമ്പോൾ ഉണ്ടാവുന്ന ഏറ്റവും ഭീകരനായ വിഷമാണ് ഡയോക്സിനുകൾ (Dioxins). മനുഷ്യൻ നിർമിച്ചിട്ടുള്ള രാസസംയുക്തങ്ങളിൽ ഏറ്റവും മാരകവും അപകടകാരികളുമായവയാണ് ഡയോക്സിനുകൾ.
ആദ്യമായി ഇവയുടെ മാരകീയത തിരിച്ചറിഞ്ഞത് വിയറ്റ്നാം യുദ്ധത്തിനുശേഷമായിരുന്നു. അന്ന് അമേരിക്ക അവിടെയുള്ള കാടുകളിൽ ഒളിച്ചിരുന്ന ഗറില പടയാളികളെ പിടിക്കാനായി തളിച്ച (defoliant) ‘ഏജന്റ് ഓറഞ്ച്’ എന്ന ഡയോക്സിൻ യുദ്ധം അവസാനിച്ച ശേഷമുണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങൾ ലോകചരിത്രത്തിൽ അന്നുവരെ ഉണ്ടായിട്ടുള്ളതിനേക്കാൾ ഭീകരമായിരുന്നു. അതോടെയാണ് ഡയോക്സിനുകൾ എത്ര അപകടകാരികളാണെന്നു തിരിച്ചറിഞ്ഞത്. കാൻസർ മുതൽ ജനിതകവൈകല്യങ്ങൾ വരെ, ഞരമ്പുകൾ, തലച്ചോർ എന്നിവയെ മാരകമായി ബാധിക്കുന്ന രോഗങ്ങൾ മുതൽ വന്ധ്യത വരെ, ശ്വാസം മുട്ട് മുതൽ ത്വക് രോഗങ്ങൾ വരെ. അങ്ങനെ നമ്മിലേക്ക് പ്രവേശിക്കുന്ന അവയുടെ അളവും കാലവുമനുസരിച്ച് ഒരിക്കലും പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് സകല ജീവജാലങ്ങൾക്കും അതുണ്ടാക്കുന്നത്. ഭൂരിപക്ഷം കൊച്ചിക്കാർക്കും ഇപ്പോൾ അറിയുന്ന ഒരേയൊരു കാര്യം മാലിന്യക്കൂമ്പാരത്തിലെ തീപിടിത്തം മൂലമുള്ള പുക അവർക്ക് ശ്വാസംമുട്ട്, കണ്ണുനീറ്റൽ എന്നിങ്ങനെയുള്ള ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്നത് മാത്രമാണ്. പക്ഷേ, സംഗതിയുടെ കിടപ്പത്ര സുഖകരമല്ല. കുറഞ്ഞപക്ഷം ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ച് ശരിയായ അവബോധമുള്ളവർക്കെങ്കിലും.
ലോകത്ത് ചിരഞ്ജീവികളെന്ന് വിളിക്കാവുന്ന രാസസംയുക്തങ്ങളിൽ ഒന്നാണ് ഡയോക്സിനുകൾ. അതുകൊണ്ട് ഒരിക്കൽ പരിസ്ഥിതിയിലേക്ക് അവയെ തുറന്നുവിട്ടാൽ തലമുറ, തലമുറകളോളം അവർ നാശം വിതച്ചുകൊണ്ടിരിക്കും. അതാണ് പ്ലാസ്റ്റിക്കുകൾ ഒരിക്കലും കത്തിക്കരുതെന്ന് പറയുന്നതും നിയമം വഴി അത് തടയാനുള്ള കാരണവും. കൂടുതൽ എഴുതി ആരെയും ഭയപ്പെടുത്തണമെന്ന ആഗ്രഹമില്ലാത്തതുകൊണ്ട് ഇവിടെ നിർത്തുന്നു. ഒരു പാരിസ്ഥിതിക രസതന്ത്ര അധ്യാപകൻ (Environmental Chemistry professor) ആയിരുന്ന എനിക്ക് ഇത്രയെങ്കിലും കാര്യം സമൂഹത്തോട് പറയാതിരിക്കാനാവില്ലെന്നതുകൊണ്ടാണ് എഴുതിയത്. ഭാവിയിൽ കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങളിൽ, അവരുടെ അനന്തര തലമുറകളിൽ ഉണ്ടാവാനിടയുള്ള ജനിതക രോഗങ്ങൾ, വന്ധ്യത, കാൻസർ എന്നിവയുടെ അഭൂതപൂർവമായ വളർച്ചയെ ആരും ഇന്നത്തെ തീപിടിത്തവുമായി ബന്ധിക്കില്ലെന്നത് ഉറപ്പാണ്. പക്ഷേ, ബന്ധം ഉണ്ടാവുമെന്ന് ഏതൊരു പാരിസ്ഥിതിക രസതന്ത്രക്കാരനും ഉറപ്പാണ്. മാലിന്യം ഒരിക്കലും അലംഭാവത്തോടെ കാണേണ്ട വിഷയമല്ല. അത് ശരിയായവിധം കൈകാര്യം ചെയ്തില്ലെങ്കിൽ അണുബോംബുകളെക്കാൾ മാരകമാണ്...”
ഇതൊന്നും പുതിയ കാര്യമല്ല. “മനുഷ്യനിർമിത വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ ഡയോക്സിൻ, ഫ്യുറാൻ, കാർബൺ മോണോക്സൈഡ് തുടങ്ങിയ മുന്നൂറോളം വിഷപദാർഥങ്ങൾ അന്തരീക്ഷത്തിൽ കലരും. തന്മൂലം ശ്വാസകോശ രോഗങ്ങൾ ഉണ്ടാകും. ഓക്സിജൻ സംവഹനത്തിനുള്ള രക്തത്തിന്റെ ശേഷി കുറയും. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടിയാൽ ഹരിതഗൃഹ പ്രഭാവവും അതുവഴി ആഗോളതാപന നിരക്കും കൂടും.” സർക്കാറിന്റെ കീഴിലുള്ള ഹരിത കേരളം മിഷൻ വെബ്സൈറ്റ് നൽകുന്ന മുന്നറിയിപ്പാണിത്.
ഇതെല്ലാം ശാസ്ത്ര സത്യങ്ങൾ മാത്രം. പക്ഷേ, ഇതൊന്നും ഇന്നാട്ടിലെ ഭരണാധികാരികൾക്കു പ്രശ്നമല്ല. തൽക്കാലം ചില രോഗലക്ഷണങ്ങൾക്ക് പരിഹാരം കാണുമെന്നു മാത്രം. ഇതുണ്ടാക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ എന്തെല്ലാമെന്നു ആരു വിലയിരുത്തും? മാർച്ച 9ന് ഒരു ദേശീയ ഇംഗ്ലീഷ് ചാനലിൽ ഇത് സംബന്ധിച്ചുള്ള ചർച്ചയിൽ പങ്കെടുത്തിരുന്നു. അതിലെ അവതാരകൻ മേയറോട് ഒരു ചോദ്യം ചോദിച്ചു. അവിടെനിന്നും പുറത്തുവരുന്ന പുകയുടെ എത്ര സാമ്പിളുകൾ എടുത്തു? എന്തെല്ലാം അവയിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയോ? പുക ആരംഭിച്ച് എട്ടുദിവസങ്ങൾ പിന്നിടുമ്പോഴും ഇത് ചെയ്തിട്ടില്ല എന്ന് അദ്ദേഹത്തിന് പറയേണ്ടിവന്നു. ഈ വിവരങ്ങൾ ഇല്ലാതെ ദീർഘകാല പ്രത്യാഘാതങ്ങൾ എങ്ങനെ വിലയിരുത്തും? എൻഡോസൾഫാൻ ദുരന്തത്തിന്റെ അവസ്ഥ നമുക്കറിയാം. ഇപ്പോഴും ആ ദുരന്തങ്ങൾക്ക് കാരണം എൻഡോസൾഫാനാണെന്ന് ഉറപ്പില്ലെന്നു വാദിക്കുന്ന ഉന്നതർ നമ്മുടെ ഇടയിലുണ്ട്. ചില ആഴ്ചകൾ കഴിഞ്ഞാൽ നമ്മൾ ഇതൊക്കെ മറക്കും. ഞാൻ ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ ബ്രഹ്മപുരത്തുനിന്ന് ഒരു വാർഡ് മെംബർ വിളിക്കുന്നു. ഇന്നലെ രാത്രി അഥവാ ഇന്ന് രാവിലെ രണ്ടു മണിക്ക് നിരവധി ലോറികളിൽ അവിടേക്കു മാലിന്യം കൊണ്ടുവന്നുവെന്നും അതെന്താണെന്ന് നോക്കാൻപോലും ജനപ്രതിനിധികളെ അനുവദിക്കാതെ പൊലീസ് സംരക്ഷണത്തിൽ അവിടെ കൊണ്ടുപോയി നിക്ഷേപിച്ചുവെന്നുമാണ്. ആരാണ് ഇതിന് അനുമതി നൽകിയത്? മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകാത്ത, പിഴ അടക്കാൻ ഉത്തരവിട്ട ഒരിടത്ത് ഇങ്ങനെ ചെയ്യാൻ പൊലീസ് സംരക്ഷണം നൽകുന്നു എന്നതിന്റെ അർഥം എന്താണ്? ഹൈകോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു കേസ് നടക്കുമ്പോൾ ഇങ്ങനെ മാലിന്യം കൊണ്ടിടാൻ എങ്ങനെ കഴിയുന്നു? മുഖ്യമന്ത്രിതന്നെ പറയുന്നു ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇനിയൊരിക്കലും കൊണ്ടുവരിെല്ലന്ന്. ഇന്നലെ രാത്രി കൊണ്ടുവന്നത് പ്ലാസ്റ്റിക് അെല്ലന്ന് ആർക്കാണ് ഉറപ്പുള്ളത്?
ഈ പുകയും തീയും അടങ്ങിയേക്കാം, ആഴ്ചകൾ എടുത്താെണങ്കിലും. ഇപ്പോൾ തീ കെടുത്താൻ ഉപയോഗിക്കുന്ന വെള്ളവും ഇനി മഴപെയ്യുമ്പോൾ ഒഴുകുന്ന വെള്ളവും അവിടെയുള്ള കത്തിയതും കത്താത്തതുമായ മാലിന്യങ്ങൾ ഒഴുക്കുന്നത് കുടിവെള്ള സ്രോതസ്സുകൂടിയായ കടമ്പ്രയാറിലേക്കാണ്. ഭൂമിക്കടിയിലേക്ക് ഇറങ്ങിയാൽ അത് ഭൂഗർഭജലത്തിലെത്തും. അതുവഴി പല കിണറുകളിലും ജലാശയങ്ങളിലുമെത്തും. ഈ മാരകവിഷങ്ങൾ പത്തും അതിലേറെയും വർഷങ്ങൾ അതുപോലെതന്നെ നിലനിൽക്കുന്നുവെങ്കിൽ അവമൂലം ആരുടെയൊക്കെ ആരോഗ്യവും ജീവനും നഷ്ടമാകുമെന്ന് ആർക്കെങ്കിലും കണക്കുണ്ടോ? തീ കെടുത്താൻ ഇത്ര അധികം സമയം എടുക്കുന്നതിനെ രാസപരമായി പലരും ന്യായീകരിക്കാൻ ശ്രമിക്കുന്നു. ഇത്ര മാരകമായ വിഷങ്ങൾ അവിടെ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കൂമ്പാരം കത്തിയാലുണ്ടാകുമെന്ന് അറിയാത്തവർ ആയിരുന്നുവോ നമ്മെ ഭരിച്ചിരുന്നത്? ബയോമൈനിങ് എന്നും മാലിന്യത്തിൽനിന്നുള്ള ഊർജമെന്നും പേരിട്ടു നടപ്പാക്കിയ എല്ലാ പദ്ധതികളും അശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്ന് അറിയാത്തവരാണോ നമ്മെ ഭരിക്കുന്നത്? തീ അണക്കാനും പുക നിയന്ത്രിക്കാനും സംവിധാനങ്ങൾ വേണമെന്ന് ഇതിനുമുമ്പുണ്ടായ തീപിടിത്തങ്ങളുടെ അനുഭവങ്ങളിൽനിന്നും നമ്മൾ പഠിക്കാതിരുന്നതെന്തുകൊണ്ട്? ഇതിനെ കേവലം ഒരു അഴിമതി വിഷയം മാത്രമായി കാണുന്നതിന്റെ തകരാറ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടണം.
ബ്രഹ്മപുരത്തെ തീ അണക്കാനുള്ള ശ്രമം
അഴിമതിയും സ്വജനപക്ഷപാതവും നടന്നുവെന്ന് ഇന്നെല്ലാവർക്കും വ്യക്തമാണ്. പക്ഷേ, 10 ദിവസമായി ഒരു നഗരത്തിലെയും നിരവധി മറ്റു പ്രദേശങ്ങളിലെയും ജനങ്ങളെ ശ്വാസംമുട്ടിച്ചുകൊല്ലുന്നത് തടയാൻ വേണ്ട ഒരു സംവിധാനവും അവിടെ പ്രവർത്തനക്ഷമം അല്ലാതിരുന്നതെന്തുകൊണ്ട്? സുരക്ഷാ വാഹനങ്ങൾക്കു കടന്നുപോകാനുള്ള വഴിപോലും ഇല്ലായിരുന്നു. ഇതിനിടയിൽ മറ്റൊരു തമാശകൂടി കേട്ടിരുന്നു. ഇൻഫോപാർക്ക് ബ്രഹ്മപുരം പാലം വികസിപ്പിക്കുന്നതിനായി ഒരു പദ്ധതി വരുന്നുവെന്നും അതിനായി ഇപ്പോഴുള്ള പാലം പൊളിക്കുന്നുവെന്നുമായിരുന്നു ആ വാർത്ത. പൊതുമരാമത്തു വകുപ്പിലെ ചില രേഖകൾ ഇത് ശരിെവക്കുകയും ചെയ്തു. അതിനെതിരെ ചില സമരങ്ങൾ വന്നതിനാൽ തൽക്കാലം അത് നിർത്തിെവച്ചതാണ്. ആ പാലം പൊളിച്ചിരുന്നെങ്കിൽ ഇപ്പോൾ അവിടെ എത്തിയിരിക്കുന്ന സുരക്ഷാവാഹനങ്ങൾ (കാക്കനാട്ടുള്ള ഫയർ എൻജിനുകൾ പോലും) അവിടെ എത്താൻ തന്നെ 15 കിലോമീറ്റർ കൂടുതൽ ഓടേണ്ടിവരുമായിരുന്നു. അതിന്റെ ഫലം എന്താകുമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ, ഈ പാലം പൊളിക്കുന്നതിൽ സന്തോഷിച്ചിരുന്ന ചിലരും നഗരസഭയിൽ ഉണ്ടായിരുന്നു. അങ്ങനെവന്നാൽ കൊച്ചിയിൽനിന്നുള്ള മാലിന്യവണ്ടികൾ ഓരോന്നും കൂടുതൽ ദൂരം ഓടിയാലേ ബ്രഹ്മപുരത്ത് എത്തുകയുള്ളൂ. അതായത്, ഓരോ ട്രിപ്പിനും നൽകുന്ന തുക കൂടും. ഓടാത്ത ട്രിപ്പിനുള്ള പണം വർധിക്കുമല്ലോ.
മാലിന്യം സമ്പത്താണ്
ഇങ്ങനെ ഒരിക്കൽ പറഞ്ഞത് ചൈനീസ് നേതാവ് മാവോ സെ തുങ് ആണെന്ന് കേട്ടിട്ടുണ്ട്. ശരിയല്ലാത്ത സ്ഥാനത്ത് ഇരിക്കുന്നതിനാലാണ് ഏതു വസ്തുവും മാലിന്യമാകുന്നതെന്നും അവയെ ശരിയായ സ്ഥാനത്തേക്ക് കൊണ്ടുവന്നാൽ അത് സമ്പത്താണെന്നുമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് തോന്നുന്നു. എന്നാൽ, കൊച്ചി നഗരസഭയിലെ പല ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മാലിന്യം സമ്പത്താണ്. മാലിന്യം ശേഖരിക്കുന്നതിലും അതു കൊണ്ടുപോകുന്നതിലും കൈകാര്യം ചെയ്യുന്നതിലുമെല്ലാം ഇവർ വലിയൊരു സമ്പത്ത് സമാഹരിക്കുന്നുണ്ട്. താഴെ തലം മുതൽ മേലറ്റം വരെ കൊള്ളനടത്താൻ കഴിയുന്ന ഒരു മാഫിയയായി അത് വളർന്നിരിക്കുന്നു. ഇതിൽ കക്ഷിഭേദമൊന്നുമില്ല. “കോർപറേഷന്റെ ആരോഗ്യ വിഭാഗത്തിന് കീഴിലാണ് മാലിന്യ സംസ്കരണം വരുന്നത്. 10 ലോറി മാലിന്യം ഇറക്കിയാൽ 25 ലോറിയുടെ പൈസ കോർപറേഷനിൽനിന്ന് എഴുതിയെടുക്കും. മാലിന്യം ശേഖരിക്കുമ്പോൾ ഓരോ സ്ഥാപനത്തിൽനിന്നു ലഭിക്കുന്ന തുകക്ക് പുറമെയാണിത്. അതിന്റെ വിഹിതം ചില കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും ലഭിക്കും. അവർ ചേർന്നുള്ള ഒരു കോക്കസ് ആണ് അവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജനകീയ സമരത്തെ തുടർന്ന് ബ്രഹ്മപുരത്ത് മാലിന്യം കൂട്ടിയിടുന്നത് തടസ്സപ്പെട്ടതിന്റെ ഫലമായി അന്നത്തെ ജില്ല കലക്ടർ മുഹമ്മദ് ഹനീഷ് ഉദ്യോഗമണ്ഡലിലെ കുളത്തിൽ മാലിന്യം നിക്ഷേപിക്കാൻ തീരുമാനിച്ചു. അന്ന് പ്രതിദിനം 50 ടണ്ണിൽ കൂടുതൽ മാലിന്യം കൊച്ചിയിൽ ഉണ്ടായിരുന്നില്ല. അന്ന് കൊച്ചിൻ കോർപറേഷൻ 250 ടൺ മാലിന്യമുെണ്ടന്ന് പറയുന്ന സമയമായിരുന്നു. മാലിന്യം ഊതിവീർപ്പിച്ചു കാണിച്ച് ലാഭം ഉണ്ടാക്കുന്ന അഴിമതി എത്രയോ നാളായി ഒരുവശത്ത് നടന്നുകൊണ്ടിരിക്കുകയാണ്.” GJ Eco Power Ltd എന്ന കമ്പനിക്ക് നേരത്തേ നൽകിയ കരാറിലെ വ്യവസ്ഥകൾ റദ്ദാക്കാൻ ആവശ്യപ്പെട്ട് നിയമയുദ്ധം നടത്തിയ പൊതുപ്രവർത്തകനും കെ.എസ്.ഇ.ബി എ.ഐ.ടി.യു.സി യൂനിയൻ സെക്രട്ടറിയുമായ ജേക്കബ് ലാസർ പറയുന്നു. ഇതുതന്നെയാണ് മാലിന്യത്തിൽനിന്ന് ഊർജം എന്ന പദ്ധതിയുടെ പിന്നിലെ താൽപര്യങ്ങളും.
മാലിന്യത്തിൽനിന്ന് ഊർജം: യാഥാർഥ്യങ്ങൾ
മാലിന്യത്തിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിക്കായി സർക്കാർ ആദ്യം കരാർ ഒപ്പിട്ടത് ആ രംഗത്ത് മുൻപരിചയം ഇല്ലാതിരുന്ന GJ Eco Power Ltd എന്ന കമ്പനിയുമായിട്ടായിരുന്നു. അതിനെതിരെ നിരവധി ആരോപണങ്ങൾ അന്നുണ്ടായിരുന്നു. ഒടുക്കം ഹൈകോടതി അതിൽ ഇടപെട്ടു. കൊച്ചിൻ കോർപറേഷൻ ആ പദ്ധതിയിൽനിന്നും പല കാരണങ്ങളാൽ പിന്മാറി. അതൊരു വ്യാജ പ്രോജക്ട് ആയിരുന്നു. അന്ന് കേന്ദ്രസർക്കാർ മാലിന്യത്തിൽനിന്നും ഒരു മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കണക്കാക്കിയ തുകയുടെ ഇരട്ടിയിലധികമുള്ള തുകയാണ് അവർ ആവശ്യപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ പവർ ഉൽപാദന സ്ഥാപനങ്ങളിൽനിന്ന് യൂനിറ്റിന് 3.5 രൂപക്ക് വൈദ്യുതി ലഭ്യമാകുമ്പോൾ, മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ നിരക്ക് യൂനിറ്റിന് 15 രൂപയായിരുന്നു. “ഓരോ ദിവസവും 500 ടൺ മാലിന്യം കോർപറേഷൻ കൊടുക്കണം എന്നായിരുന്നു വ്യവസ്ഥ. അങ്ങനെ കൊടുക്കാത്തപക്ഷം 25 ലക്ഷം രൂപ വീതം ഓരോ ദിവസവും കോർപറേഷൻ ഈ കമ്പനിക്ക് കൊടുക്കേണ്ടിവരും. അപ്പോൾ മാലിന്യം കുറക്കുന്നതിന് പകരം കോർപറേഷൻ മാലിന്യം സൃഷ്ടിക്കാൻ പ്രയത്നിക്കേണ്ടി വരും. വേസ്റ്റുണ്ടാക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടിവരും. കൂടാതെ, യൂറോപ്യൻ രാജ്യങ്ങളിലുള്ള മാലിന്യത്തിന്റെ സ്വഭാവമല്ല കേരളത്തിലെ മാലിന്യത്തിനുള്ളത്. ഇവിടെ ജലാംശത്തിന്റെ അളവ് കൂടുതലാണ്. 500 ടണ്ണിനടുത്ത് മാലിന്യത്തിൽ 60-70 ശതമാനം ജൈവമാലിന്യമാണ്. അതിന്റെ 80 ശതമാനം വെള്ളമാണ്. അത് ഉണക്കിയിട്ടുവേണം കത്തിക്കാൻ. അതിന് ഒരുപാട് കലോറി ഊർജം വേണം. 80 ശതമാനം ഊർജം അങ്ങനെ പോകും. യഥാർഥത്തിൽ 30 ശതമാനം മാത്രമേ അജൈവ മാലിന്യങ്ങൾ ഉള്ളൂ എന്നർഥം. അതിൽതന്നെ പകുതിയോളം റീസൈക്കിൾ ചെയ്യാനോ വീണ്ടും ഉപയോഗിക്കാനോ കഴിയുന്നതാണ്. അപ്പോൾ മൊത്തം മാലിന്യത്തിന്റെ 15 ശതമാനം സംസ്കരിക്കാനാണ് ഇത്രയും ചെലവും ദുരന്തങ്ങളും. നമ്മുടെ നാട്ടിലെ സ്ഥിതിയല്ല മറ്റു രാജ്യങ്ങളിൽ. യൂറോപ്പിൽ വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന ശീലമൊന്നും ഇല്ല. ബ്രഹ്മപുരത്തെ ഭൂമി ബാങ്കിൽ പണയപ്പെടുത്തി ലോൺ എടുത്ത് പണം തട്ടാനുള്ള ഒരു അസംബന്ധ പദ്ധതിയായിരുന്നു അത്. പുണെയിൽപോലും 1500 മെട്രിക് ടൺ മാലിന്യം ഉണ്ടാക്കുമെന്ന് പറഞ്ഞ പദ്ധതി വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞില്ല. ആന്ധ്രയിലും തമിഴ്നാട്ടിലും ഒക്കെ മണ്ണിൽ അലിഞ്ഞുചേരേണ്ട വൈക്കോൽപോലുള്ളവ കത്തിച്ചാണ് പ്ലാന്റുകൾ പ്രവർത്തിക്കുന്നത്.” പൊതുപ്രവർത്തകനായ ജേക്കബ് ലാസർ ചൂണ്ടിക്കാട്ടുന്നു.
പരിസ്ഥിതി ദുരന്തങ്ങൾക്ക് കാരണമാകുന്ന പദ്ധതികളിൽ ചില ഉദ്യോഗസ്ഥർക്കും താൽപര്യങ്ങൾ ഉണ്ടായിരുന്നു. ഒന്നാം പിണറായി സർക്കാർ വിവിധ വിവാദങ്ങൾക്കിടയിലും ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങിെവച്ച കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികളുമായി മുന്നോട്ടുപോകുന്നതാണ് നാം കണ്ടത്. 2018 ഏപ്രിലിൽ ബ്രഹ്മപുരത്ത് മാലിന്യത്തിൽനിന്നും ഊർജം ഉണ്ടാക്കുന്ന സംസ്കരണ പ്ലാന്റിന്റെ ശിലാസ്ഥാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അത് ഉദ്ഘാടനംചെയ്തു. അത്തരം ഒരു പ്രഖ്യാപനമാണ് നടത്തിയത്. അഞ്ച് കോർപറേഷനുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമായി എട്ട് വികേന്ദ്രീകൃത വേസ്റ്റ് എനർജി പ്ലാന്റുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നതായും സംസ്ഥാനത്ത് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതു മൂലമുണ്ടാകുന്ന വിപത്തിനെ ഒരു പരിധിവരെ നേരിടാൻ അതുവഴി കഴിയുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. 375 കോടി രൂപ ചെലവിൽ ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന നിർദിഷ്ട പ്ലാന്റ് പരിസ്ഥിതിക്ക് ദോഷം വരുത്തില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. കൂടാതെ തിരുവനന്തപുരം, കൊല്ലം, പന്തളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതി എന്നും. “മാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കുക എന്നതാണ് ലഭ്യമായ ഏറ്റവും നല്ല മാർഗമെങ്കിലും കൊച്ചിപോലുള്ള നഗരങ്ങളിൽ ഇത് നിർവഹിക്കുന്നത് ബുദ്ധിമുട്ടാണ്. നഗരങ്ങളിൽ മാലിന്യക്കൂമ്പാരം രോഗവ്യാപനത്തിന് കാരണമാകും. ഇതിനെ തുടർന്നാണ് വികേന്ദ്രീകൃത പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.” ഇതായിരുന്നു അന്ന് മുഖ്യമന്ത്രി നൽകിയ ന്യായീകരണം.
പാരിസ്ഥിതികമായി എത്രയോ നിർണായകമായ സ്ഥലത്താണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുന്ന ചിത്രം.
കടപ്പാട് : Environmental Justice Atlas
അങ്ങനെ GJ Eco Power Ltd എന്ന കമ്പനിക്ക് അന്ന് നൽകിയ കരാർ പിന്നീട് റദ്ദാക്കപ്പെട്ടു. തുടർന്ന് കേരള വ്യവസായ വികസന കോർപറേഷൻ (KSIDC) വഴി ZontaInfrateche എന്ന വിവാദ കമ്പനിക്കാണ് നിലവിൽ കരാറുള്ളത്. മുൻപരിചയമില്ല, കർണാടകയിൽ കേസ് നേരിടുന്നു, മുൻ എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വന്റെ ബന്ധുവിന്റെ കമ്പനി തുടങ്ങിയ ആരോപണങ്ങൾ നിലനിൽക്കുന്ന ഈ കമ്പനി 2019ൽ പ്രവർത്തനമാരംഭിച്ചെങ്കിലും 25 ശതമാനം ബയോ മൈനിങ് പോലും സമയബന്ധിതമായി പൂർത്തിയാക്കിയില്ല എന്നു മാത്രമല്ല, കരാറിന് വിരുദ്ധമായി Refuse Derived Fuel (RDF) മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റാതിരുന്നതും തീപിടിത്തത്തിന് കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
എന്താകണം പരിഹാരം?
“ഇത് കേന്ദ്രീകൃത മാലിന്യ സംസ്കരണമാണ്. കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കുന്ന ഘടകങ്ങളുടെ ആഘാതം കുറക്കാൻ എല്ലാവരും വികേന്ദ്രീകൃത മാലിന്യ സംസ്കരണ പ്രക്രിയകളിലേക്ക് നീങ്ങുന്ന ഒരു സമയത്ത്, എന്തുകൊണ്ടാണ് നമ്മൾ ഒരു കേന്ദ്രീകൃത പ്രക്രിയ നടപ്പാക്കുന്നത്? അത് സംസ്കരണത്തിന് ഉയർന്ന ചെലവ് ഉണ്ടാക്കുകയും മലിനീകരണം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം കേന്ദ്രീകൃത മാലിന്യസംസ്കരണം ഇന്ത്യയിൽ ഒരിടത്തും വിജയിച്ചിട്ടില്ല.” സ്വതന്ത്ര സീറോ വേസ്റ്റ് കൺസൽട്ടന്റായ ഷിബു കെ.എൻ മാലിന്യത്തിൽനിന്നും ഊർജമുണ്ടാക്കുന്ന പദ്ധതിയെക്കുറിച്ച് പറയുന്നു.
കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് മാലിന്യങ്ങൾ ഉറവിടത്തിൽതന്നെ പരമാവധി സംസ്കരിക്കുന്നതിനുള്ള നയം സ്വീകരിക്കുകയും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്ത സംസ്ഥാനം എന്നനിലയിൽ കേരളം ലോകത്തിനുതന്നെ മാതൃകയാണ് കാഴ്ചെവച്ചത്. ഇതിന്റെ ഫലമായി ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, ഹരിത കേരള മിഷൻ ഈ മൂന്ന് സംവിധാനങ്ങളും യോജിച്ചാണ് സംസ്ഥാനത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിതകർമ സേന വഴി മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനി അത് ഏറ്റെടുക്കും. പ്ലാസ്റ്റിക്, ലെതർ, റബർ, ചില്ല്, ട്യൂബ് തുടങ്ങിയ ഹസാഡസ് മാലിന്യങ്ങൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിങ്ങനെ തരംതിരിച്ച് ശേഖരിച്ച് ഓരോ തരത്തിൽ അത് സംസ്കരിക്കുന്നതിനായി നൽകുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഒരുപാട് പരിമിതികൾക്കിടയിലും കേരളത്തിലെ ആകെ 941 ഗ്രാമപഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും 6 കോർപറേഷനുകളും വികേന്ദ്രീകൃത മാലിന്യ സംസ്കരണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മാലിന്യത്തിൽനിന്നും വൈദ്യുതിയും ബയോഗ്യാസും ഉണ്ടാക്കാനുള്ള പദ്ധതികളിലേക്ക് സർക്കാർ പോകുന്നത്. മൂല്യനിർണയത്തിനു ശേഷം, സംസ്ഥാനത്തെ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 718 ഗ്രാമപഞ്ചായത്തുകൾ, 72 മുനിസിപ്പാലിറ്റികൾ, 3 കോർപറേഷനുകളടക്കം 793 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വപദവി നൽകിയിട്ടാണ് ഈ തിരിഞ്ഞു നടത്തം.
കൂടുതൽ വിഭവങ്ങളും സാങ്കേതിക സഹായവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയും പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തിയും വികേന്ദ്രീകൃത രീതിയിൽ ഹരിത കേരളം മിഷൻ നടപ്പാക്കുന്നതിന് പകരം ഇത്തരം കേന്ദ്രീകൃത മാതൃകകൾ കൊണ്ടുവരുന്നതുമൂലം വലിയ തിരിച്ചടിയുണ്ടാകുന്നു.വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന്റെ നല്ല മാതൃകകൾ നിലനിൽക്കുമ്പോഴും സർക്കാറിന് പ്രിയം വൻ മുതൽമുടക്കും ഭൂമിയും ആവശ്യമുള്ള വൻകിട കേന്ദ്രീകൃത പദ്ധതികളോടാണ് എന്നതിന് തെളിവാണ് ബ്രഹ്മപുരത്തെ അനുഭവം. ലോകബാങ്കും ഏഷ്യൻ ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കും (എ.ഐ.ഐ.ബി) സംയുക്തമായി ധനസഹായം നൽകുന്ന 2,300 കോടി രൂപയുടെ കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (KSWMP) നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിന് അഞ്ച് സാനിറ്ററി ലാൻഡ് ഫില്ലുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ 130 ഏക്കർ ഭൂമി ഏറ്റെടുക്കുക എന്നതാണ് കേരള സർക്കാറിന്റെ മുന്നിലുള്ള കഠിനമായ ദൗത്യം.
ആരാണ് ഉത്തരവാദികൾ?
70 ഏക്കറോളം വിസ്തൃതിയുള്ള ബ്രഹ്മപുരത്തെ പ്ലാന്റിൽ അഞ്ചു ലക്ഷം ടണ്ണോളം കുമിഞ്ഞുകൂടിയ മാലിന്യം (lagacy waste) ഉണ്ടായിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. മാലിന്യങ്ങൾ വേർതിരിക്കാത്തതിനാൽ അവിടെ ജൈവമാലിന്യങ്ങളും കത്തുന്ന വസ്തുക്കളും പ്ലാസ്റ്റിക്കുകളും ഉൾപ്പെടുന്ന മിശ്രിത മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലെ മിക്കവാറും മാലിന്യനിക്ഷേപ കേന്ദ്രങ്ങൾപോലെ ബ്രഹ്മപുരവും ശാസ്ത്രീയമായി ആസൂത്രണം ചെയ്ത സാനിറ്ററി ലാൻഡ് ഫില്ലുകളല്ല. മാലിന്യക്കൂമ്പാരത്തിൽ തീ പിടിച്ചതിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, മാലിന്യക്കൂമ്പാരത്തിൽ തള്ളുന്ന നനഞ്ഞ മാലിന്യങ്ങൾ അഴുകുമ്പോൾ മീഥേൻ ഉൽപാദിപ്പിക്കപ്പെടുന്നു എന്നതാണ് തീ ഇത്ര ദീർഘകാലം നിലനിൽക്കുന്നതിനു കാരണമെന്ന് വ്യക്തമാണ്. താപനില ഉയരുമ്പോൾ, പ്രകൃതിയിൽ ജ്വലിക്കുന്ന മീഥേൻ വാതകം സ്വയമേവ തീ പിടിക്കുകയും തുണിത്തരങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ തുടങ്ങിയ ജ്വലനവസ്തുക്കളിൽ തീ പടരുകയും ചെയ്യാൻ സാധ്യതയുണ്ട്. ഒന്നിലധികം ഇഗ്നിഷൻ പോയന്റുകൾ, നിരന്തരമായി ജലം പമ്പ് ചെയ്യാൻ കഴിയാത്തത്, ഉയരമുള്ള മാലിന്യക്കൂമ്പാരങ്ങൾക്കു മുകളിൽ കയറുന്നതിലെ അപകടം എന്നിവ ഉൾപ്പെടുന്ന നിരവധി ഘടകങ്ങൾ കാരണം ലാൻഡ് ഫിൽ തീ അണക്കാൻ സമയമെടുക്കും. മാലിന്യങ്ങളുടെ ഉയരം കണക്കിലെടുത്ത്, മാലിന്യമലകൾ കയറിയിറങ്ങി ജീവൻ പണയപ്പെടുത്തി അഗ്നിശമന സേനാംഗങ്ങൾ അധിക പരിശ്രമം നടത്തിവേണം തീ അണക്കാൻ. ബ്രഹ്മപുരത്ത് ബോധപൂർവം മാലിന്യം അഗ്നിക്കിരയാക്കിയതാണോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. കൂടാതെ 2016ൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ പ്രകാരം പുനരുപയോഗം ചെയ്യാത്തതും ജൈവവിഘടനം നടക്കാത്തതും ജ്വലനം ചെയ്യാത്തതുമായ മാലിന്യങ്ങൾ മാത്രമേ സാനിറ്ററി ലാൻഡ് ഫില്ലിലേക്ക് പോകാവൂ എന്ന കാര്യവും ഇവിടെ ലംഘിക്കപ്പെടുകയായിരുന്നു.
ദുരന്തമായി ദുരന്തനിവാരണം
നഗരപാലിക നിയമങ്ങൾ അനുസരിച്ച് നഗരസഭയുടെ അധികാരപരിധിയിലാണ് മാലിന്യം കൈകാര്യം ചെയ്യേണ്ടത്. എന്നാൽ, ഇവിടെ മാത്രമല്ല മറ്റു നിരവധി കേന്ദ്രങ്ങളിലും സംസ്ഥാന സർക്കാർതന്നെ നേരിട്ട് രംഗത്തുവന്നു. മുമ്പ് സൂചിപ്പിച്ച കേന്ദ്രീകൃത പദ്ധതികൾ നടപ്പാക്കാൻ ഇടപെടുകയുമായിരുന്നു. നിയമപ്രശ്നം മറികടക്കാൻ അവർ പ്രയോഗിച്ച കുറുക്കുവഴിയാണ് ദുരന്തനിവാരണ നിയമത്തിന്റെ പ്രയോഗം. അങ്ങനെ വരുമ്പോൾ സംസ്ഥാന സർക്കാറിനാണ് അധികാരം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തലവൻ മുഖ്യമന്ത്രിയാണ്. ജില്ല കലക്ടർ ജില്ല തലവനുമാകും. പക്ഷേ, ഇവിടെ നിരവധി ചോദ്യങ്ങൾ ഉയർന്നുവരുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി തയാറാക്കിയ സാങ്കേതിക വിശദാംശങ്ങളും സാമ്പത്തിക ഘടനയും നഗരസഭക്ക് സ്വീകാര്യമായിരുന്നുവോ? ആ പരിശോധന നഗരസഭ നടത്തിയോ? യോഗ്യതയില്ലാത്തതും രാഷ്ട്രീയസ്വാധീനം പ്രയോഗിക്കാൻ ശേഷിയുള്ളതുമായ ഒരു സ്ഥാപനമാണ് ഇങ്ങനെ വരുന്നത് എന്നവർക്ക് അറിയാമായിരുന്നോ? ഈ നിലയത്തിൽ കാര്യക്ഷമമായി ഇവർ പ്രവർത്തിക്കുന്നില്ലെങ്കിൽ, ഒരു ദുരന്തം അഥവാ അപകടം ഉണ്ടായാൽ അതിന്റെ ബാധ്യത ഈ ഏജൻസിക്കോ അവരെ തിരഞ്ഞെടുത്ത സംസ്ഥാന സർക്കാറിനോ ആയിരിക്കണമല്ലോ. അതില്ലെന്നു മാത്രമല്ല, കരാർ അനുസരിച്ച് ദുരന്തത്തിന് ഈ കരാർ കമ്പനി പോലുമല്ല നഗരസഭയാണ് ഉത്തരവാദിയെന്നാണ് കരാറിൽ പറയുന്നത്. ഈ സ്ഥാപനത്തിൽ ദുരന്തം ഉണ്ടാകാതിരിക്കാനോ അതുണ്ടായാൽ അതിന്റെ ആഘാതം കുറക്കാനോ ആവശ്യമായ നടപടികൾ കൃത്യമായി നിർദേശിക്കപ്പെട്ടിരുന്നുവോ? സംസ്ഥാന സർക്കാർ സ്ഥാപനത്തിന് ആ ചുമതല ഉണ്ടായിരുന്നില്ലേ? കരാർ കമ്പനിക്കുണ്ടായിരുന്നില്ലേ? അവരൊക്കെ ഇപ്പോൾ രക്ഷപ്പെടുന്നു. മേയറും നഗരസഭയും പ്രതികളാക്കപ്പെടുന്നു. ഈ കരാറിൽ നിരവധി സാമ്പത്തിക വ്യവസ്ഥകൾ കമ്പനിക്ക് പക്ഷപാതപരമായിരുന്നുവെന്നത് മറ്റൊരു വിഷയം. ഇത്തരം ഏകപക്ഷീയമായ ഒരു കരാറിൽ ഏർപ്പെടാൻ എന്തുകൊണ്ട് നഗരസഭ തയാറായി? അത് രാഷ്ട്രീയ സമ്മർദം മൂലമാണെന്ന് വ്യക്തം. അതും ഗുരുതരമായ ഒരു വിഷയമാണ്. പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനും ആരോഗ്യവും നഷ്ടപ്പെടുത്തിയ ഒരു വിഷയത്തിൽ ഈ ഉത്തരവാദിത്തം പ്രധാനമല്ലേ?
ബ്രഹ്മപുരത്തെ സ്ഥിതി വിലയിരുത്താൻ മന്ത്രി പി. രാജീവും എം.ബി. രാേജഷും മറ്റും എത്തുന്നു
നിയമലംഘനങ്ങളുടെ ഒരു പരമ്പര
ഇപ്പോൾ ബ്രഹ്മപുരത്തും മറ്റുപല സ്ഥലങ്ങളിലും നടക്കുന്ന മാലിന്യ സംസ്കരണം നിലവിലുള്ള എല്ലാ നിയമങ്ങൾക്കും ചട്ടങ്ങൾക്കും എതിരാണ് എന്ന സത്യം അംഗീകരിക്കാൻ ഹൈകോടതിപോലും തയാറാകുന്നില്ല എന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. നെൽവയലും തണ്ണീർത്തടങ്ങളും നദീതടങ്ങളുമായ ഒരു സ്ഥലത്ത് ഒരുതരം മാലിന്യസംസ്കരണ സംവിധാനവും പാടില്ല. അത് 1986ലെ പരിസ്ഥിതി നിയമങ്ങൾക്കും അനുബന്ധ ചട്ടങ്ങൾക്കും വിരുദ്ധമാണ്. ബ്രഹ്മപുരം ഇതെല്ലാമാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അവിടെ ഇത് കൊണ്ടുവന്നത്. തുടക്കം മുതൽതന്നെ ഇവിടെ കൊണ്ടിടുന്ന മാലിന്യങ്ങളിൽനിന്ന് വലിയതോതിൽ മലിനജലം ഒഴുകി കടമ്പ്രയാറിലും ഭൂഗർഭ ജലശേഖരങ്ങളിലും അതുവഴി കൊച്ചി കായലിലും കടലിലും വരെ എത്തിയിരുന്നു. ഇത് നിലവിലുള്ള ജലസംരക്ഷണ നിയമങ്ങളുടെ പരമമായ ലംഘനമാണ്.
നിയമങ്ങൾ പാലിക്കലാണ് പരിഹാരത്തിന്റെ തുടക്കം
2016ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങളാണ് ഇവിടെ പാലിക്കേണ്ടത്. അതുപ്രകാരം മാലിന്യം വീണ്ടെടുക്കൽ, വീണ്ടും ഉപയോഗിക്കൽ, റീസൈക്കിൾചെയ്യൽ എന്നിവയിലൂടെ നഗരങ്ങൾ വളരുകയും ഗ്രാമങ്ങൾ നഗരവത്കരിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന മാലിന്യത്തെ നിയന്ത്രിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബാധ്യസ്ഥമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേരളത്തിലെ കേന്ദ്രീകൃത മാലിന്യ നിക്ഷേപകേന്ദ്രങ്ങൾ പലതും അടച്ചുപൂട്ടിയത്. ഇതിനുപകരം സ്വീകരിച്ച വികേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനം (DSWM) പ്രകൃതിവിഭവങ്ങളുടെ ശോഷണവും കാലാവസ്ഥ വ്യതിയാനവും പരിഗണിച്ച് രൂപംകൊണ്ട ചാക്രിക സമ്പദ് വ്യവസ്ഥയുടെ (സർക്കുലർ ഇക്കോണമി) മൂല്യങ്ങൾകൂടി ഉൾക്കൊള്ളുന്നതാണ് (അതനുസരിച്ച് വിഭവങ്ങൾ ആവശ്യത്തിന് മാത്രം ഉപയോഗിച്ചും മാലിന്യമായി അവശേഷിക്കുന്നവയെ വീണ്ടും അസംസ്കൃത വസ്തുവായി ഉപയോഗിച്ചും പ്രകൃതിയിൽ നടക്കുന്നപോലെ ഒന്നിന്റെ ജീവിതചക്രം തുടരുന്നു). അതിന്റെ ഭാഗമായാണ് 3R എന്ന സമീപനം – കുറക്കുക (Reduce), വീണ്ടും ഉപയോഗിക്കുക (Reuse), റീസൈക്കിൾ ചെയ്യുക എന്നിങ്ങനെ രൂപമെടുക്കുന്നത്. എന്നാൽ, ഇതിനുവേണ്ട പ്രത്യക്ഷ നടപടികളിലേക്ക് പോകാൻ സർക്കാറും വൈമുഖ്യം കാണിക്കുന്നു എന്നതാണ് വാസ്തവം. ഉപഭോഗം കുറക്കുക, വീണ്ടും ഉപയോഗിക്കുക എന്നതിന്റെ പ്രായോഗിക പരിണതഫലം സർക്കാറിന് നികുതിനഷ്ടമായിരിക്കും. സാമ്പത്തിക വളർച്ചക്കുവേണ്ടി ഇന്നത്തെ സ്ഥിതിയിൽ ഒരു സർക്കാറും ഉപഭോഗം കുറക്കുക എന്ന ഏറ്റവും സുപ്രധാന കാര്യത്തിന് ജനങ്ങളെ പ്രേരിപ്പിക്കില്ല എന്നത് വലിയ പരിമിതിയായി തുടരുന്നു. മാലിന്യ സംസ്കരണത്തിൽ സംസ്ഥാന-പ്രാദേശിക സർക്കാറുകൾ വികേന്ദ്രീകരണ രീതിയിൽ ഉറവിട സംസ്കരണം നടത്തുകയും ജൈവമാലിന്യത്തിൽനിന്നും ബയോഗ്യാസ് ഉൽപാദിപ്പിച്ചും വിൻഡ്രോ കമ്പോസ്റ്റ്, വെർമി അഥവാ മണ്ണിരകളെ ഉപയോഗിച്ചുള്ള കമ്പോസ്റ്റ്, തുമ്പൂർമൊഴി മാതൃക, സാമൂഹിക കമ്പോസ്റ്റ് തുടങ്ങിയവയിലൂടെ ജൈവവളമുണ്ടാക്കി മണ്ണിലേക്കെത്തിക്കുക എന്നതുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യ സംസ്കരണ പദ്ധതിയുടെ നടത്തിപ്പിനുള്ള ഏജൻസിയായി പ്രവർത്തിക്കുകയും, ശുചിത്വ മിഷൻ കാര്യക്ഷമമായ മാലിന്യ സംസ്കരണത്തിനുള്ള സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നൽകുകയും, ക്ലീൻ കേരള കമ്പനി അജൈവ മാലിന്യങ്ങൾ വാണിജ്യപരമായി കൈകാര്യം ചെയ്യുകയും കുടുംബശ്രീയുടെ പരിശീലനം ലഭിച്ച ഹരിത കർമസേന മാലിന്യം ശേഖരിക്കുകയും വേർതിരിക്കുകയും ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഏൽക്കുകയും ചെയ്യുന്ന രീതിയിലാണ് കേരള സർക്കാർ വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതി ആവിഷ്കരിച്ചത്. സാങ്കേതിക സഹായം, വിഭവ ഏകോപനം, പദ്ധതി നിരീക്ഷണം, പ്രചാരണം എന്നിവക്കായി ഹരിതകേരളം മിഷനും രൂപവത്കരിച്ചു. ഇത് കാര്യക്ഷമമായി മുന്നോട്ടുപോകുന്നതിനിടയിലാണ് സർക്കാർ വീണ്ടും കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകളിലൂടെ വൈദ്യുതിയും ബയോഗ്യാസും ഉണ്ടാക്കുന്ന പദ്ധതികളുമായി വന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും പ്രതിസന്ധികളും സൃഷ്ടിക്കുന്നത്.
പരിഹാരങ്ങൾ ഇല്ലാത്തതല്ല പ്രശ്നമെന്ന് തിരുവനന്തപുരം നഗരസഭയും ആലപ്പുഴ മുനിസിപ്പാലിറ്റിയുമടക്കം പലയിടത്തും ഉദാഹരണങ്ങളുണ്ട്. പക്ഷേ, ഇവരൊക്കെ ഈ വഴിക്കു വന്നത് കേന്ദ്രീകൃത മാലിന്യ സംസ്കരണ (യഥാർഥത്തിൽ വെറും സംഭരണം മാത്രം) സംവിധാനങ്ങൾ ജനകീയ സമരങ്ങളിൽകൂടി അടച്ചുപൂട്ടാൻ കഴിഞ്ഞപ്പോഴാണ്. ഏതെങ്കിലും കേന്ദ്രീകൃത സംവിധാനങ്ങളുണ്ടെങ്കിൽ പിന്നെ സമൂഹത്തെ ഇതിലേക്ക് കൊണ്ടുവരുക എളുപ്പമാവില്ല എന്നതാണ് അനുഭവം. ഇവിടെയാണ് സാമൂഹികമായ അവബോധം ഉണ്ടാകേണ്ടത്. എന്റെ മാലിന്യം മറ്റെവിടെയെങ്കിലും കൊണ്ടിട്ടാൽ എന്റെ കടമ തീർന്നുവെന്ന് കരുതുന്ന നഗരവാസികൾക്കാണ് ആദ്യമായി അവബോധം ഉണ്ടാകേണ്ടത്. ബ്രഹ്മപുരത്തെ വിഷപ്പുക നഗരവാസികൾക്കുമേൽ വ്യാപിച്ചപ്പോഴാണല്ലോ മാധ്യമങ്ങളും മറ്റും അൽപം ഉഷാറായത്. ഈ ദുരന്തം ഒരു തുടക്കമാകട്ടെ. അങ്ങനെ വരുന്ന മാറ്റം അധികൃതരെയും മാറ്റാൻ കാരണമാക്കുമെങ്കിൽ ഈ ദുരന്തം നന്മക്കുള്ള വഴികാട്ടിയായേക്കും.
♦
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.