2024 ജൂൺ ആറിന് സുനിൽ ഛേത്രിയെന്ന ഫുട്ബാളറുടെ അന്താരാഷ്ട്ര കരിയറിന് ഫൈനൽ വിസിലൂതുമ്പോൾ അദ്ദേഹത്തിന് 40 വയസ്സ് തികയാൻ 50ൽപരം ദിവസങ്ങളേ ബാക്കിയുണ്ടാവൂ. ഫുട്ബാൾ താരങ്ങൾ ബഹുഭൂരിഭാഗവും 34-37 വയസ്സിൽ കളംവിടുന്നവരാണ്. 39 വയസ്സ് പിന്നിട്ടിട്ടും അന്താരാഷ്ട്ര ജഴ്സിയിൽ തുടരുന്ന കളിക്കാർ തുലോം തുച്ഛം. ഇതിഹാസങ്ങൾ മാത്രമേ പ്രായത്തെയും കാലത്തെയും അതിജീവിക്കൂവെന്നതിന് ചരിത്രം സാക്ഷി. ഇപ്പോഴും കൗമാരക്കാരന്റെ ചുറുചുറുക്കോടെ കളിക്കുകയും ഗോളടിച്ചുകൂട്ടുകയും...
2024 ജൂൺ ആറിന് സുനിൽ ഛേത്രിയെന്ന ഫുട്ബാളറുടെ അന്താരാഷ്ട്ര കരിയറിന് ഫൈനൽ വിസിലൂതുമ്പോൾ അദ്ദേഹത്തിന് 40 വയസ്സ് തികയാൻ 50ൽപരം ദിവസങ്ങളേ ബാക്കിയുണ്ടാവൂ. ഫുട്ബാൾ താരങ്ങൾ ബഹുഭൂരിഭാഗവും 34-37 വയസ്സിൽ കളംവിടുന്നവരാണ്. 39 വയസ്സ് പിന്നിട്ടിട്ടും അന്താരാഷ്ട്ര ജഴ്സിയിൽ തുടരുന്ന കളിക്കാർ തുലോം തുച്ഛം. ഇതിഹാസങ്ങൾ മാത്രമേ പ്രായത്തെയും കാലത്തെയും അതിജീവിക്കൂവെന്നതിന് ചരിത്രം സാക്ഷി. ഇപ്പോഴും കൗമാരക്കാരന്റെ ചുറുചുറുക്കോടെ കളിക്കുകയും ഗോളടിച്ചുകൂട്ടുകയും ചെയ്യുന്ന അഞ്ചടി ഏഴിഞ്ചുകാരൻ ഛേത്രിയുടെ വിജയത്തിന് പിന്നിൽ അച്ചടക്കമുള്ള ജീവിതശൈലി തന്നെയാണ്. ഫിറ്റ്നസ് നിലനിർത്താൻ കൃത്യമായ വ്യായാമവും കർശനമായ ഭക്ഷണശീലവും മാത്രം പോരെന്നും ജീവിതത്തിന്റെ സകല മേഖലകളിലും വേണം അച്ചടക്കമെന്നും ഛേത്രി തെളിയിച്ചിട്ടുണ്ട്.
ജീവിതത്തെ പോസിറ്റിവായി കാണുക, സഹതാരങ്ങൾക്കും കൂട്ടുകാർക്കും ഛേത്രി ആദ്യം നൽകുന്ന ഉപദേശമിതാണ്. തോൽക്കും അല്ലെങ്കിൽ ജയിക്കും. ചിലപ്പോൾ രണ്ടുമുണ്ടാവില്ല. കഠിനാധ്വാനമാണ് പ്രധാനം. ജീവിതത്തെ ഒരു മാരത്തണായി കാണണമെന്ന പക്ഷക്കാരനാണ് ഛേത്രി. സെക്കൻഡുകൾകൊണ്ട് അവസാനിക്കുന്ന സ്പ്രിന്റ് അല്ല. അടുത്ത മത്സരത്തെക്കുറിച്ച് ചിന്തിക്കുന്നപോലെ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് മാത്രം ആലോചിക്കുക. മിതമായ ഭക്ഷണവും അച്ചടക്കമുള്ള ജീവിതരീതിയും കൈക്കൊള്ളുകയാണെങ്കിൽ ഫിറ്റ്നസ് ഒരിക്കലും നഷ്ടപ്പെടില്ലെന്ന് ഛേത്രി പലകുറി പറഞ്ഞുവെച്ചതാണ്.
ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക. അതിൽനിന്ന് പിന്തിരിപ്പിക്കാൻ ആരു വിചാരിച്ചാലും കഴിയില്ല. ഫുട്ബാൾ ശാരീരിക കരുത്ത് മാത്രമല്ല ക്ഷമയും സഹിഷ്ണുതയുമൊക്കെ ആവശ്യമുള്ള ഗെയിമാണ്. അത് ജീവിതത്തിലേക്കും പകർത്തണം. ഓരോ ദിവസവും നന്നായി ആരംഭിക്കുക. എന്തെങ്കിലും പ്രശ്നം മനസ്സിനെ അലട്ടുന്നുണ്ടെങ്കിൽ നടക്കാനോ ജോഗിങ്ങിനോ പുറത്തുപോവുക. കാഴ്ചകൾ മനസ്സിനെ തണുപ്പിച്ചേക്കാം. ഇടക്ക് പ്രിയപ്പെട്ടവരുമായി സംസാരിക്കുക. ലോകത്തിന്റെ ഏത് മൂലയിലാണെങ്കിലും കുടുംബവും സുഹൃത്തുക്കളും വലിയ ശക്തിയാണ്. ഒരു വ്യായാമത്തിൽനിന്നും കിട്ടാത്ത പ്രത്യേകതരം ഉന്മേഷം അതിലുണ്ട്.
കുറഞ്ഞത് ഏഴ് മണിക്കൂർ ഉറക്കം. ഗാഢവും സമയനിഷ്ഠപ്രകാരവുമുള്ള ഉറക്കം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണ്. വൈകിയുറങ്ങി വൈകിയുണർന്നാൽ ആ ദിവസം മുഴുവൻ പോയപോലെ. രാവിലെ നേരത്തേയുണരൽ. തലേന്നത്തെ കാര്യങ്ങളെയെല്ലാം മറവിയുടെ ഫോൾഡറിലേക്ക് മാറ്റണം. പുതിയ ദിവസം തുടങ്ങുകയാണ്. കിടക്കയിൽനിന്നെണീറ്റിരുന്ന് ആഗതമായ ദിവസത്തെക്കുറിച്ചോർത്ത് ഒരു മിനിറ്റ് മൗനം. സന്തോഷകരവും വിജയകരവുമായ പുതിയൊരു ദിനത്തിലേക്കുള്ള ആദ്യപടി. മനസ്സിനെ തീർത്തും ശാന്തമാക്കാനാണീ ധ്യാനം.
ആഴ്ചയിലൊരു ദിവസം ശരീരത്തിന് വിശ്രമം വേണം. അത് എന്നാണ് വേണ്ടതെന്ന് സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കാറാണ് ഛേത്രി. പേശികൾ തണുപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഉണരാൻ കുറച്ച് വൈകും. അന്ന് ചെറിയ വ്യായാമം മാത്രം. രാവിലെ ബൈക്കിലോ കാറിലോ പുറത്തുപോവും. സ്പോർട്സ് ഷൂസായിരിക്കും ധരിക്കുക. തോളിൽ ചിലപ്പോൾ ഷാളുണ്ടാവും. ഉച്ചഭക്ഷണത്തിന് കൂടെ സുഹൃത്തുക്കളെ കൂട്ടാറുണ്ട്. വൈകുന്നേരം ഷോപ്പിങ്. വീട്ടിലാവുമ്പോൾ കുടുംബത്തിനൊപ്പം പരമാവധി സമയം ചെലവഴിക്കാനാണ് താൽപര്യം. കാരംസ്, ചെസ്, അമ്പെയ്ത്ത് തുടങ്ങിയവയാണ് ഛേത്രിയുടെ മറ്റു വിനോദങ്ങൾ. ടി.വി പരിപാടികൾ കാണും. സയൻസ്-ഫിക്ഷൻ സിനിമകളോടാണ് കമ്പം കൂടുതൽ. വലിയ ശബ്ദത്തിലുള്ള പാട്ടും നൃത്തവുമടങ്ങിയ പാർട്ടികളിൽനിന്ന് മാറിനിൽക്കാറാണ് പതിവ്. എന്നാൽ, വീട്ടിലെ കൂട്ടായ്മകൾ ഇഷ്ടം. നീന്തിക്കുളി ഏറെ ഉന്മേഷമേകുന്നതാണ്. ജയിച്ച കളിയുടെ ആവേശമുണ്ടാവാം ചിലപ്പോൾ. അല്ലെങ്കിൽ തോറ്റതിന്റെ ക്ഷീണം കഴുകിക്കളയലാവുമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.