ടെന്നിസ് കോർട്ടിൽനിന്ന് റഫേൽ നദാൽ വിടവാങ്ങുകയാണ്. നദാൽ ടെന്നിസിന് നൽകിയതെന്തെന്നും വിടവാങ്ങൽ സൃഷ്ടിക്കുന്ന ശൂന്യതയെന്തെന്നും എഴുതുകയാണ് മുതിർന്ന കളിയെഴുത്തുകാരനായ ലേഖകൻ.
‘‘ജീവിതത്തിൽ എല്ലാറ്റിനും ഒരു തുടക്കവും ഒടുക്കവും ഉണ്ട്.’’ റഫേൽ നദാൽ തന്റെ വിരമിക്കലിനെക്കുറിച്ചു പറഞ്ഞപ്പോൾ അത് ടെന്നിസിൽ ഒരു യുഗത്തിന്റെ അവസാനംകൂടിയായി. ‘‘ബുദ്ധിമുട്ടേറിയ വർഷങ്ങളാണു കടന്നുപോയത്; പ്രത്യേകിച്ച് കഴിഞ്ഞ രണ്ടു വർഷങ്ങൾ. വിഷമംപിടിച്ച തീരുമാനമായിരുന്നു അത്. അതിലെത്താൻ കുറച്ചുസമയം വേണ്ടിവന്നു.’’ പക്ഷേ, പരിക്കുകൾ റഫേൽ നദാലിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അതിനെയൊക്കെ അതിജീവിച്ച ചരിത്രവുമാണ്. പക്ഷേ, ഒടുവിൽ തീരുമാനിച്ചു. ഇനിയേറെനാൾ വേണ്ട. അഥവാ ഇനിയേറെക്കാലം പൊരുതാനാകില്ല.
ടെന്നിസ് ഇതിഹാസങ്ങളെ കളിക്കാരെന്നു വിളിക്കാമെങ്കിൽ റഫേൽ നദാലിനെ പോരാളിയെന്നേ വിളിക്കാൻ കഴിയൂ. ഓരോ മത്സരവും റഫേക്ക് ജീവിതമോ മരണമോ എന്ന ചോദ്യമായിരുന്നു. കാരണം അദ്ദേഹമൊരു സാധാരണ മനുഷ്യനായിരുന്നു. അതിവൈകാരികതയില്ലാത്ത കളിക്കാരൻ. തുടർച്ചയായ ശ്രമം, വിനയം, ഹൃദയം സമർപ്പിച്ചുള്ള പോരാട്ടം. റഫേൽ നദാൽ ടെന്നിസിൽ ഒരു സ്പാനിഷ് വസന്തം ഒരുക്കി. ടെന്നിസ് കളി റഫേലിന് വെറുമൊരു മത്സരമല്ലായിരുന്നു. ഓരോ പോയന്റും ഓരോ മത്സരവും ഓരോ ടൂർണമെന്റും ഓരോ പോരാട്ടമായിരുന്നു. വിജയിക്കാനുള്ള അമിതാവേശം പക്ഷേ, ഒരിക്കലും സീമകൾ വിട്ടില്ല.
കാളപ്പോരിന്റെ നാട്ടിൽനിന്നാണ് വരവെങ്കിലും റഫേൽ നദാൽ ടെന്നിസ് കോർട്ടിൽ ബ്യോൺ ബോർഗിന്റെ മറ്റൊരു പതിപ്പായിരുന്നു. ബോർഗിനെപ്പോലൊരു ‘ശീതമനുഷ്യൻ’ അല്ലായിരുന്നെന്നു മാത്രം. നിർവികാരതയല്ല, മറിച്ച് സ്പോർട്സ്മാൻ സ്പിരിറ്റാണ് കളിക്കളത്തിൽ പ്രകടിപ്പിച്ചത്. അതുകൊണ്ടാണ് റോജർ ഫെഡററെ എതിരിട്ട 40 മത്സരങ്ങളിൽ 24ൽ വിജയിച്ചിട്ടും ദ്യോകോവിച്ചിനെതിരെ 60 മത്സരങ്ങളിൽ 31ൽ പരാജയപ്പെട്ടിട്ടും അവരോട് തികഞ്ഞ സൗഹൃദം സൂക്ഷിക്കാനായത്.
‘‘എത്ര മനോഹരമായ സ്പോർട്സ് ജീവിതമായിരുന്നു നിങ്ങളുടേത്. ഒരിക്കലും വിരമിക്കില്ലെന്നു ചിന്തിച്ചു’’ എന്നു റോജർ ഫെഡററും ‘‘ലോകത്ത് മറ്റേതൊരു കളിക്കാരനെക്കാളും ഞാൻ നദാലിനെ ബഹുമാനിക്കുന്നു; ഞാൻ കണ്ട ഏറ്റവും വലിയ എതിരാളി’’ എന്ന് ദ്യോകോവിച്ചും നദാലിനെക്കുറിച്ചു പറഞ്ഞത് കളിക്കളത്തിൽ അവർക്കിടയിൽ ഉണ്ടായിരുന്ന സൗഹൃദം അടിവരയിടുന്നു.
‘‘തോൽവി എപ്പോഴും നിങ്ങളെ വേദനിപ്പിക്കും. പക്ഷേ, ജയിക്കാനുള്ള അവസരം ലഭിച്ചിട്ടും അത് നഷ്ടപ്പെടുത്തിയുള്ള തോൽവി കൂടുതൽ വേദനിപ്പിക്കും.’’ 2007ലെ വിംബിൾഡൺ ഫൈനലിൽ റോജർ ഫെഡററോട് നേരിട്ട പരാജയം റഫേൽ നദാലിനെ ഏറെ വേദനിപ്പിച്ചിരുന്നു. പിന്നീട് ഫെഡററെ കീഴടക്കിയിട്ടും ആദ്യം ഏറ്റുവാങ്ങിയ തോൽവി റേഫയുടെ മനസ്സിൽനിന്നു മാഞ്ഞില്ല. ഒരുപക്ഷേ, ആ വേദനയുടെ ഓർമകൾ മനസ്സിൽ സൂക്ഷിച്ചാകും നദാൽ പിന്നീട് ഓരോ തവണയും ഫെഡററെ എതിരിട്ടത്. ഇവിടെയാണ് നദാലിലെ പച്ചമനുഷ്യനെ നാം കാണേണ്ടത്.
ഗ്രാൻ സ്ലാം കിരീടനേട്ടത്തിൽ റോജർ ഫെഡററെ (20) മറികടന്ന നദാൽ (22) ദ്യോകോവിച്ചിനെ (24) പിന്തള്ളാനാവാതെ കളി നിർത്തുമ്പോൾ അതിൽ പ്രതിഭയുടെ ചോർച്ചയല്ല, പരിക്കിന്റെ വേദനയാണ് വില്ലനായത് എന്ന് ടെന്നിസ് ലോകം തിരിച്ചറിയുന്നു. ബിഗ് ത്രീയിൽ മൂന്നുപേരും ഒപ്പത്തിനൊപ്പം എന്ന് പറയണം. ടെന്നിസിൽ ത്രിമൂർത്തികൾ ഒാരോ കാലഘട്ടത്തിന്റേതായി ഇതിനു മുമ്പും ഉണ്ടായിരുന്നു. പക്ഷേ, അവർക്കാർക്കും ഇതുപോലെ രണ്ടു പതിറ്റാണ്ട് നിറഞ്ഞാടാൻ സാധിച്ചില്ല. ആ ചരിത്രമാണ് ഫെഡറർ-നദാൽ-ദ്യോകോവിച്ച് ത്രയം മാറ്റിയെഴുതിയത്.
വരുന്ന നവംബർ 19ന് സ്പെയിനിലെ മലാഗയിലെ മാർട്ടിൻ കാർപെന അരീനയിൽ ഡേവിസ് കപ്പ് ലോകഗ്രൂപ് ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെ നേരിടുന്ന സ്പെയിൻ ടീമിൽ അൽക്കാരസിനും ബൗറ്റിസ്റ്റ അഗൂരിനും കരെന ബുസ്റ്റക്കും ഗ്രനോലേഴ്സിനുമൊപ്പം, ഇേപ്പാഴത്തെ ഫോമിൽ റഫേൽ നദാലിനെ ഉൾപ്പെടുത്തേണ്ടതില്ലായിരുന്നു. പക്ഷേ, ഡേവിഡ് ഫെഡറർ നോൺ പ്ലെയിങ് ക്യാപ്റ്റനായ ടീമിൽ നദാൽ ഉണ്ട്. കളിക്കുമെന്നും ഉറപ്പിക്കാം. കാരണം, ഈ ടൂർണമെന്റോടെ റേഫ എന്ന ടെന്നിസ് ഇതിഹാസം വിരമിക്കുകയാണ്.
സ്പെയിൻ ക്വാർട്ടർ ജയിച്ചാൽ 22ന് സെമിയുണ്ട്. ജർമനി-കാനഡ മത്സരവിജയികളാകും എതിരാളികൾ. ഫൈനലിൽ കടന്നാലോ? നിലവിലെ ചാമ്പ്യൻമാരായ ഇറ്റലിയും ഒപ്പം അർജന്റീനയും യു.എസും ആസ്േട്രലിയയും –ഈ ടീമുകളിൽ ഒന്നാകും എതിരാളികൾ. സ്പെയിനിന് ഡേവിസ് കപ്പ് നേടിക്കൊടുത്തുകൊണ്ട് റഫേൽ നദാലിനു വിടവാങ്ങാൻ കഴിയുമോ എന്നു മാത്രമാണ് അറിയാനുള്ളത്.
അഞ്ചുതവണ ഡേവിസ് കപ്പിൽ സ്പെയിനിനു കിരീടനേട്ടം സാധ്യമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച റഫേൽ നദാൽ ഇക്കുറി കളിക്കാരിൽ ഒരാൾമാത്രം. 2004ലായിരുന്നു ആദ്യ വിജയം. 2019ൽ അവസാനവും ഡേവിസ് കപ്പ് ക്വാർട്ടർ ഫൈനലിലും സ്പെയിൻ ജയിച്ചാൽ അതിനപ്പുറവും ശ്രദ്ധിക്കപ്പെടുക റഫേൽ നദാലിന്റെ സാന്നിധ്യംതന്നെയാകും. നാളെ ഒരു പക്ഷേ, നദാൽ സ്പെയിനിന്റെഡേവിസ് കപ്പ് ടീമിന്റെ നോൺ േപ്ലയിങ് ക്യാപ്റ്റനാകാം. പരിശീലകനുമായെന്നു വരാം. പക്ഷേ, റേഫയിലെ കളിക്കാരനെ ടെന്നിസ് ലോകത്തിനു നഷ്ടപ്പെടുകയാണ്. അവസാനംവരെ പൊരുതാനുള്ള നിശ്ചയദാർഢ്യം എത്രയോ യുവതാരങ്ങൾക്ക് വഴികാട്ടിയായി. ടെന്നിസ് കോർട്ടിൽ ശരീരം മാത്രമല്ല, ഹൃദയവും സമർപ്പിച്ചൊരു കളിക്കാരൻ വേറെ പിറക്കാൻ കാലമെടുക്കും.
പാരിസ് ഒളിമ്പിക്സ് സിംഗിൾസിൽ രണ്ടാം റൗണ്ടിൽ നൊവാക് ദ്യോകോവിച്ചിനോട് പരാജയപ്പെട്ട നദാൽ അൽക്കാറസുമൊത്ത് ഡബിൾസിൽ പ്രതീക്ഷ ഉയർത്തിയെങ്കിലും ക്വാർട്ടറിൽ യു.എസിന്റെ ഓസ്റ്റൻ ക്രജിസെക് -രാജീവ് റാം സഖ്യത്തോട് പരാജയപ്പെട്ടു. അതും തുടർച്ചയായ സെറ്റുകൾക്ക് (2–6, 4–6). നേരത്തേ, ഫ്രഞ്ച് ഓപണിൽ ആദ്യ റൗണ്ടിൽ റേഫ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനോട് പരാജയപ്പെട്ടപ്പോൾപോലും അടുത്ത സീസണിൽ ഒരു തിരിച്ചുവരവ് മനസ്സിൽ കണ്ട് രാജകീയ യാത്രയയപ്പിനു നിൽക്കാതെ മടങ്ങിയ റേഫ റോഡിന്റെ അറ്റത്ത് എത്തിയെന്ന സൂചന ഒളിമ്പിക്സിൽ തന്നെ പ്രകടമായിരുന്നു. യു.എസ് ഓപണും ലാവെർ കപ്പും പരിക്കുമൂലം ഉപേക്ഷിച്ചപ്പോൾ വരാനിരിക്കുന്നതിന്റെ സൂചന പ്രകടമായി. ഇപ്പോൾ ചിത്രം തെളിഞ്ഞു. ക്ലേ കോർട്ടിലെ രാജാവ് ഇനി പ്രഫഷനൽ ടെന്നിസിൽ റാക്കറ്റ് എടുക്കില്ല.
പോയ വർഷം ആസ്േട്രലിയൻ ഓപണിൽ എളിക്ക് പരിക്കേറ്റ റഫേൽ നദാൽ ഫ്രഞ്ച് ഓപണിൽ പങ്കെടുത്തില്ല. പിന്നെ ശസ്ത്രക്രിയക്ക് വിധേയനായി. കഴിഞ്ഞ രണ്ടു സീസണുകളിൽ 23 മത്സരങ്ങളിൽ മാത്രമാണ് റേഫ പങ്കെടുത്തത്. ‘ബിഗ് ത്രീ’യിൽ സ്വിസ് ഇതിഹാസം റോജർ ഫെഡറർ വിരമിച്ച് രണ്ടു വർഷം കഴിയുമ്പോൾ റഫേൽ നദാലും രംഗം വിടുന്നു. ഇനിയുള്ളത് നൊവാക് ദ്യോകോവിച്ച് മാത്രം. 22 ഗ്രാൻ സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ, 14 തവണ റൊളാങ് ഗാരോയിൽ വിജയപീഠമേറിയ, 92 എ.ടി.പി സിംഗിൾസ് കിരീടങ്ങൾ ചൂടിയ (36 മാസ്റ്റേഴ്സ് വിജയങ്ങൾ), ഒളിമ്പിക് സ്വർണമെഡൽ സിംഗിൾസിലും (2008) ഡബിൾസിലും (2016) നേടിയ റേഫ പോരാട്ടം നിർത്തുന്നു.
ഒരേ വർഷമല്ലെങ്കിലും ഗ്രാൻ സ്ലാം ടൂർണമെന്റുകൾ എല്ലാം വിജയിച്ച് കരിയർ ഗ്രാൻ സ്ലാം നേടിയ മൂന്നുപേരിൽ ഒരാളാണ് റഫേൽ നദാൽ. 23 വർഷം ടെന്നിസ് കോർട്ടിൽ നിറഞ്ഞു നിന്ന സ്പാനിഷ് ഇതിഹാസത്തിന് പ്രായം 38. രണ്ടു തവണ ആസ്േട്രലിയൻ ഓപണിലും വിംബിൾഡണിലും നാലു തവണ യു.എസ് ഓപണിലും കിരീടജയം നേടിയ നദാൽ ഒരു ഗ്രാൻ സ്ലാം ടൂർണമെന്റിൽ ഏറ്റവും അധികം മത്സരങ്ങൾ ജയിച്ച കളിക്കാരനുമാണ്. ഫ്രഞ്ച് ഓപണിൽ 112 മത്സരങ്ങൾ ജയിച്ചു. 2022ൽ ആസ്േട്രലിയൻ, ഫ്രഞ്ച് ഓപണുകൾ ജയിച്ചതായിരുന്നു ഗ്രാൻ സ്ലാം ടൂർണമെന്റുകളിലെ അവസാന നേട്ടം. 2010 നുശേഷം വിംബിൾഡണിലും 19നു ശേഷം യു.എസ് ഓപണിലും ജയം സാധ്യമായില്ല.
സ്പെയിനിലെ മയോർക്കയിൽ 1986 ജൂൺ മൂന്നിനു ജനിച്ച റഫേൽ നദാൽ 2001ലാണ് പ്രഫഷനൽ ടെന്നിസിൽ അരങ്ങേറിയത്. 2005ൽ 19ാം വയസ്സിൽ ഫ്രഞ്ച് ഓപൺ ജയിച്ച റഫേ ക്ലേ കോർട്ടിൽ സാക്ഷാൽ റോജർ ഫെഡററെ തോൽപിച്ചെങ്കിലും ഇതര കോർട്ടുകളിൽ ഫെഡറർ ആധിപത്യം തുടർന്നു. പക്ഷേ, 2008ൽ അതും സംഭവിച്ചു. വിംബിൾഡണിലെ ഗ്രാസ് കോർട്ടിൽ നദാൽ കിരീടം നേടിയത് ഫെഡററെ കീഴടക്കിത്തന്നെ.
മാതാപിതാക്കളായ സെബാസ്റ്റ്യനും അന്ന മരിയയും വേർപിരിഞ്ഞപ്പോൾ റഫേൽ നദാൽ ലോക ടെന്നിൽ ചുവടുറപ്പിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, ആ സംഭവം റേഫയെ മാനസികമായി തളർത്തി. 2009ൽ ആസ്േട്രലിയൻ ഓപൺ ജയിച്ച റേഫ ഫ്രഞ്ച് ഓപണിൽ പ്രീക്വാർട്ടറിൽ സ്വീഡന്റെ റോബിൻ സോദർലിങ്ങിനു മുന്നിൽ പരാജയപ്പെട്ടു. ഇതിനിടെ 2008ൽ ആസ്േട്രലിയൻ ഓപൺ ജയിച്ച് നൊവാക് ദ്യോകോവിച്ചും വരവറിയിച്ചു. ബിഗ് ത്രീ യുഗത്തിന്റെ തുടക്കമായിരുന്നു അത്. 2009ൽ നദാലിനുണ്ടായ തിരിച്ചടി ഏറെ സംശയങ്ങൾ ഉണർത്തി. പക്ഷേ, അടുത്തവർഷം റേഫ മടങ്ങിവന്നു. 2010ൽ ഫ്രഞ്ച്, വിംബിൾഡൺ, യു.എസ് കിരീടങ്ങൾ ചൂടി. കരിയർ ഗ്രാൻ സ്ലാമും പൂർത്തിയാക്കി.
ഒടുവിൽ, 1080 വിജയങ്ങളും 227 തോൽവികളും കടന്ന് അവസാന മത്സരത്തിന് ഒരുങ്ങുകയാണ് റഫേൽ നദാൽ. 2003ൽ വിംബിൾഡണിൽ, 17ാം വയസ്സിൽ മൂന്നാം റൗണ്ടിൽ കടന്ന താരം പിന്നീട് ഏതാണ്ട് രണ്ടു പതിറ്റാണ്ട് തലക്കനമില്ലാത്ത രാജാവായി ജീവിച്ചു. 2022ൽ ഫെഡററുടെ വിടവാങ്ങൽ മത്സരത്തിൽ ഡബിൾസ് പങ്കാളിയായിരുന്നു നദാൽ. ഫെഡറർ യാത്ര പറയുമ്പോൾ നിറഞ്ഞത് നദാലിന്റെ കണ്ണുകളായിരുന്നു. 2019ൽ കൂട്ടുകാരി മരിയ ഫ്രാൻസിസ്കോ പെരെലോയെ നദാൽ വിവാഹം കഴിച്ചപ്പോൾ ഒരു വ്യാഴവട്ടത്തിലേറെ നീണ്ട സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പൂർണതയായി. മകൻ റഫേൽ ജൂനിയറിനു രണ്ടു വയസ്സ് മാത്രം. ഇനി നദാൽ സ്വന്തം കുടുംബത്തോടൊപ്പം. പക്ഷേ, ടെന്നിസ് കുടുംബത്തിൽ നദാലിന് പകരക്കാരനെത്താൻ നാളേറെ കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.