പാരിസ് പാരാലിംപിക്സിൽ ഇന്ത്യൻ താരങ്ങൾ രാജ്യത്തിന്റെ അഭിമാനമായി മാറി. അവരുടെ നേട്ടങ്ങളെക്കുറിച്ചും സാധ്യതകെളക്കുറിച്ചുമാണ് മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ് കൂടിയായ ലേഖകൻ എഴുതുന്നത്.രാജസ്ഥാനിൽ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ ദേവേന്ദ്ര ജജാരിയയുടെ വിജയകഥയുണ്ട്. ആ കഥ ഒട്ടേറെ കുട്ടികൾക്കു പ്രചോദനമായി. കാരണം, ആ കഥയിൽ സമർപ്പണമുണ്ട്; നിശ്ചയദാർഢ്യമുണ്ട്. 2004ലെ ആതൻസ് പാരാലിംപിക്സിൽ ജാവലിൻ േത്രായിൽ ലോക റെക്കോഡോടെ സ്വർണം നേടിയ ജജാരിയക്ക് 2008ലും ’12ലും പാരാലിംപിക്സിൽ മത്സരിക്കാൻ അവസരം കിട്ടിയില്ല. ഒടുവിൽ 2016ൽ റിയോ പാരാലിംപിക്സിൽ തന്റെ ഇനം മടങ്ങിവന്നപ്പോൾ ജജാരിയ സുവർണനേട്ടം...
പാരിസ് പാരാലിംപിക്സിൽ ഇന്ത്യൻ താരങ്ങൾ രാജ്യത്തിന്റെ അഭിമാനമായി മാറി. അവരുടെ നേട്ടങ്ങളെക്കുറിച്ചും സാധ്യതകെളക്കുറിച്ചുമാണ് മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ് കൂടിയായ ലേഖകൻ എഴുതുന്നത്.
രാജസ്ഥാനിൽ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ ദേവേന്ദ്ര ജജാരിയയുടെ വിജയകഥയുണ്ട്. ആ കഥ ഒട്ടേറെ കുട്ടികൾക്കു പ്രചോദനമായി. കാരണം, ആ കഥയിൽ സമർപ്പണമുണ്ട്; നിശ്ചയദാർഢ്യമുണ്ട്. 2004ലെ ആതൻസ് പാരാലിംപിക്സിൽ ജാവലിൻ േത്രായിൽ ലോക റെക്കോഡോടെ സ്വർണം നേടിയ ജജാരിയക്ക് 2008ലും ’12ലും പാരാലിംപിക്സിൽ മത്സരിക്കാൻ അവസരം കിട്ടിയില്ല. ഒടുവിൽ 2016ൽ റിയോ പാരാലിംപിക്സിൽ തന്റെ ഇനം മടങ്ങിവന്നപ്പോൾ ജജാരിയ സുവർണനേട്ടം ആവർത്തിച്ചു; വീണ്ടും ലോക റെക്കോഡോടെ. 23ാം വയസ്സിൽ ആദ്യ സ്വർണം; 35ാം വയസ്സിൽ രണ്ടാം സ്വർണം.
എട്ടാം വയസ്സിൽ മരത്തിൽ കയറിയ ജജാരിയ സമീപത്തെ വൈദ്യുതിക്കമ്പി കണ്ടില്ല. ഇടതു കൈ കമ്പിയിൽ കൊണ്ടു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൈ മുറിച്ചുമാറ്റേണ്ടിവന്നു. വികൃതിയായിരുന്ന ജജാരിയ വീട്ടിൽ അടച്ചിരിപ്പായി. പക്ഷേ, അമ്മ ജിവാനിദേവി മകനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ഒരു കൈകൊണ്ട് ചെയ്യാവുന്ന ജോലികളിൽ ശ്രദ്ധിച്ച ജജാരിയ 16ാം വയസ്സിൽ ജാവലിൻ േത്രായിൽ സജീവമായി. ശേഷം ചരിത്രമെന്നു പറയാം. ഈ ദേവേന്ദ്ര ജജാരിയയാണ് പാരാലിംപിക്സ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്. പാരിസ് പാരാലിംപിക്സ് തുടങ്ങും മുമ്പ് ജജാരിയ പറഞ്ഞു. ‘‘ഇന്ത്യ 25 മെഡൽ നേടും.’’ ഇന്ത്യ പാരിസിൽനിന്നു മടങ്ങിയത് ഏഴു സ്വർണം ഉൾപ്പെടെ 29 മെഡലുമായിട്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം.
ഇന്ത്യൻ ടീമിലെ 84 അത്ലറ്റുകളും ജജാരിയയെപ്പോലെ വിധിയെ തോൽപിച്ചവർ. അതിൽ 17കാരി ആർച്ചറി താരം ശീതൾ ദേവി മുതൽ 39കാരൻ ഡിസ്കസ് താരം അമിത് കുമാർ സരോഹ വരെയുണ്ടായിരുന്നു. സരോഹയുടെ നാലാം പാരാലിംപിക്സ് ആയിരുന്നു. കാലുകൾകൊണ്ട് അമ്പെയ്താണ് ശീതൾ ദേവി ഇത്രത്തോളം എത്തിയത്. ജയ്പൂരിൽനിന്നുള്ള 23കാരി അവനി ലെഖാറക്ക് 11 വയസ്സിൽ ഒരു അപകടം സംഭവിച്ചു. 2012ൽ ഉണ്ടായ ആ റോഡ് അപകടത്തിനുശേഷം അവനിയുടെ ജീവിതം വീൽചെയറിലായി.
തിരിച്ചുവരവിന്റെ പാതയിൽ അവനി അമ്പെയ്ത്ത് പരിശീലിച്ചു. വീൽചെയറിൽ ഇരുന്ന് അസ്ത്രങ്ങൾ പായിച്ച പെൺകുട്ടി 2015ൽ അഭിനവ് ബിന്ദ്രയുടെ േപ്രാത്സാഹനത്തിൽ ഷൂട്ടിങ്ങിലേക്കു മാറി. ഒപ്പം അഞ്ചു വർഷം ദൈർഘ്യമുള്ള നിയമ പഠനത്തിന് രാജസ്ഥാൻ സർവകലാശാലയിൽ ചേർന്നു. മൂന്നു വർഷം മുമ്പ് ടോക്യോ പാരാലിംപിക്സിൽ 10 മീറ്റർ എയർ റൈഫിൽ ഷൂട്ടിങ്ങിൽ സ്വർണം നേടിയ അവനി പാരിസിൽ സുവർണനേട്ടം ആവർത്തിച്ചു. രണ്ടിടത്തും പരിശീലകയായി ഒളിമ്പ്യൻ സുമ ഷിരൂർ.
സുമിത് അന്റിൽ എന്ന 26കാരൻ ഹരിയാനയിലെ േസാണിപ്പത്ത് സ്വദേശിയാണ്. പ്രതീക്ഷ ഉയർത്തിയ ഗുസ്തി താരമായിരുന്നു സുമിത്. ഒരുദിവസം കോച്ചിങ് ക്ലാസ് കഴിഞ്ഞു മടങ്ങുമ്പോഴുണ്ടായ അപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ടു. വിധിക്കു കീഴടങ്ങാൻ സുമിത് തയാറായില്ല. ഏറെ വേദന സഹിച്ച് കൃത്രിമ കാലുമായി പൊരുത്തപ്പെട്ടു. പിന്നെ ജാവലിൻ േത്രാ പരിശീലിച്ചു. ടോേക്യായിലെ ആവർത്തനമായി പാരിസിലും സ്വർണമെഡൽ. നാലുതവണ പാരാ സ്പോർട്സ് ജാവലിനിൽ ലോക റെക്കോഡ് തിരുത്തി.
ഹരിയാനയിലെ ചർഖി ദാദ്രി സ്വദേശിയായ 30കാരൻ നിതേഷ് കുമാർ നല്ലൊരു ഫുട്ബാൾ കളിക്കാരനായിരുന്നു. 2009ൽ വിശാഖിലുണ്ടായ അപകടത്തിൽ ഇരു കാലുകൾക്കും വൈകല്യം സംഭവിച്ചു. പാരാ ബാഡ്മിന്റൺ പരിശീലനം ഉണർവായി. മാണ്ടി ഐ.ഐ.ടിയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദമെടുത്തു. 2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണം നേടിയ നിതേഷ് ലോക ഒന്നാം നമ്പർ എന്ന ലേബലുമായാണ് പാരിസ് പാരാലിംപിക്സിൽ മത്സരിച്ചത്. പാരാ ബാഡ്മിന്റൺ സ്വർണം നേടി മികവ് ഉറപ്പിച്ചു.
ഹർവിന്ദർ സിങ് ഹരിയാന കൈതാൽ സ്വദേശിയാണ്. കർഷക കുടുംബത്തിൽനിന്നുള്ള മുപ്പത്തിമൂന്നുകാരൻ. ഒന്നര വയസ്സിൽ ഡെങ്കിപ്പനി പിടിപെട്ടു. അന്നെടുത്ത കുത്തിവെപ്പ് കൊച്ചുകുട്ടിയുടെ ജീവിതരേഖ മാറ്റിയെഴുതി. കുത്തിവെപ്പിന്റെ അനന്തരഫലമായി ഹർവിന്ദറിന്റെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. 2012ലെ ലണ്ടൻ പാരാലിംപിക്സ് ദർശിച്ചത് പുത്തൻ പ്രതീക്ഷ നൽകി. അമ്പെയ്ത്തിൽ തനിക്കും ഒരു പരീക്ഷണം ആകാമെന്ന് േബാധ്യമായി. റികർവ് വിഭാഗത്തിൽ ടോക്യോയിൽ വെങ്കലം. പാരിസിൽ ഇക്കുറി സ്വർണമെഡൽ. ഡോക്ടറേറ്റിനുള്ള ഗവേഷണത്തിലുമാണ് ഹർവിന്ദർ.
ധരംബീർ ഹരിയാന സോണിപ്പത്ത് സ്വദേശിയാണ്. തന്റെ ഗ്രാമത്തിലെ ഒരു തടാകത്തിൽ നീന്തുന്നതിനിടെ തടാകത്തിന്റെ ആഴമറിയാതെ ഡൈവ് ചെയ്തു. ചെന്നു പതിച്ചത് തടാകത്തിന്റെ അടിയിലെ പാറയിലും. ഫലം ശരീരം അരക്കു താഴേക്ക് തളർന്നുപോയി. അവിടെനിന്നാണ് ക്ലബ്, ഡിസ്കസ് ഇനങ്ങളിൽ ശ്രദ്ധിച്ച് വിധിയെ േതാൽപിക്കാൻ തീരുമാനിച്ചത്. ഇരുന്നുകൊണ്ടാണ് േത്രാ. ‘ക്ലബ് േത്രാ’ പാരാ അത്ലറ്റുകൾക്കായി പ്രത്യേകമുള്ള ഇനമാണ്. തടികൊണ്ടു നിർമിച്ച ഉപകരണമാണ് എറിയുന്നത്. പാരിസ് പാരാലിംപിക്സിൽ ധരംബീർ സ്വർണം കരസ്ഥമാക്കി.
യു.പിയിലെ നോയ്ഡയിൽനിന്നുള്ള 21കാരൻ പ്രവീൺ കുമാർ കുറിയ കാലുമായാണ് ജനിച്ചത്. ഒരു കാലിനാണു വൈകല്യം. പക്ഷേ, ലോകത്തിൽ ചെറിയവനായി ജീവിക്കാൻ പ്രവീൺ തയാറായില്ല. അയൽക്കാരുമൊത്ത് േവാളിബാൾ കളിച്ചാണ് പ്രവീൺ കളിക്കളത്തിൽ ഇറങ്ങിയത്. ഹൈജംപിലാണ് പ്രവീൺ സ്വർണം നേടിയത്. ടോക്യോയിൽ വെള്ളി നേടിയിരുന്നു.
‘‘നീരജ് ഭായ് ജാവലിൻ േത്രായിൽ ജൂനിയർ ലോകറെക്കോഡ് തിരുത്തിയപ്പോൾ എനിക്കു തോന്നി, ഇദ്ദേഹം എന്റെ പട്ടണത്തിൽനിന്നുള്ളയാളാണല്ലോ. അപ്പോൾ എനിക്കും ഇതു സാധിക്കും.’’ താൻ ജാവലിൻ േത്രായിൽ ശ്രദ്ധിച്ചുതുടങ്ങാൻ ഇടയാക്കിയ സംഭവം പാരിസ് പാരാലിംപിക്സിൽ ജാവലിൻ േത്രായിൽ സ്വർണം നേടിയ നവദീപ് സിങ് പറഞ്ഞു. 24കാരനായ നവദീപും നീരജും ഹരിയാനയിലെ പാനിപ്പത്ത് സ്വദേശികളാണ്. ഉയരം കുറഞ്ഞ ശരീരപ്രകൃതിയാണ് നവദീപിന്റേത്. പാരിസിൽ ‘എഫ് 41’ വിഭാഗത്തിലാണ് മത്സരിച്ചത്.
പാരാലിംപിക്സിൽ 47.32 മീറ്റർ താണ്ടിയ നവദീപിന് ആദ്യം വെള്ളിയാണു ലഭിച്ചത്. എന്നാൽ, ഒന്നാമതെത്തിയ ഇറാൻ താരം സഭേഗ് ബെയ്ത് സ്യാലിയെ (46.64 മീറ്റർ) ആംഗ്യഭാഷയുടെയും ഇറാൻ ദേശീയപതാകക്കു പകരം അംഗീകൃതമല്ലാത്ത പതാക പ്രദർശിപ്പിച്ചതിന്റെയും പേരിൽ രാജ്യാന്തര പാരാലിംപിക് കമ്മിറ്റി അയോഗ്യനാക്കിയപ്പോൾ നവദീപിന് സ്വർണം ലഭിക്കുകയായിരുന്നു. ചൈനയുടെ ലോക റെക്കോഡുകാരൻ സൺ പെങ്സിയാങ്ങിനെ പിന്തള്ളിയാണ് നവദീപ് മത്സരത്തിൽ രണ്ടാമതെത്തിയത്. പെങ്സിയാങ്ങിന് വെങ്കലത്തിനു പകരം വെള്ളി ലഭിച്ചു.
പാരിസ് പാരാലിംപിക്സിൽ ഇന്ത്യക്കു ലഭിച്ച ഏഴാമത്തെ തങ്കപ്പതക്കമാണ് നവദീപിന്റെ പേരിൽ കുറിക്കപ്പെട്ടത്. മറ്റ് ആറു സ്വർണമെഡൽ വിജയികൾക്കും പറയാനുള്ളത് വിധിയെ തോൽപിച്ച കഥകൾതന്നെ. ചിലർ ജന്മനാ വൈകല്യമുള്ളവർ. ചിലർക്ക് ചികിത്സാ പിഴവുകൊണ്ട് വൈകല്യം സംഭവിച്ചു. മറ്റു ചിലർക്ക് അപകടങ്ങളിൽ സംഭവിച്ച മാരകമായ പരിക്ക് വിനയായി.
സ്വർണം നേടിയ ഏഴു പേരെപ്പോലെയാണ് വെള്ളി ലഭിച്ച ഒമ്പതുപേരും വെങ്കലം കരസ്ഥമാക്കിയ 13 പേരും. അതിലപ്പുറം പാരിസിൽ മത്സരിച്ച 84 ഇന്ത്യൻ താരങ്ങളുടെയും ജീവിതാനുഭവം വ്യത്യസ്തമല്ല. ഇന്ത്യക്കാരെന്നു പറയേണ്ടതില്ല; പാരാലിംപിക്സിൽ 168 രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് മത്സരിച്ച 4400 അത്ലറ്റുകൾക്കും വിധിയെ തോൽപിച്ച അനുഭവമാണ്. അതിൽ കൂടുതലും 18നും 30നും മധ്യേ പ്രായക്കാരായിരുന്നു. തിരിച്ചടികൾക്കു മുന്നിൽ പകച്ചുനിൽക്കുന്നവർക്ക് പ്രചോദനമാകുന്ന താരനിര.
പാരിസിൽ നടന്ന ഗ്രീഷ്മകാല ഒളിമ്പിക്സിൽ ഇന്ത്യ നേടിയത് ഒരു വെള്ളിയും അഞ്ചു വെങ്കലവും. ഇതേ നഗരത്തിൽ നടന്ന പാരാലിംപിക്സിൽ ഇന്ത്യ കരസ്ഥമാക്കിയത് ഏഴു സ്വർണം; ഒമ്പത് വെള്ളി, 13 വെങ്കലം. ആകെ 29 മെഡൽ. മെഡൽ പട്ടികയിൽ ഇന്ത്യ 18ാമത്. ഗ്രീഷ്മകാല ഒളിമ്പിക്സിൽ ഇന്ത്യ മെഡൽ പട്ടികയിൽ 71ാമതായിരുന്നു. മത്സരിച്ചത് 117 അത്ലറ്റുകളും. പാരാലിംപിക്സിൽ 84 താരങ്ങൾ മത്സരിച്ചു. ഒളിമ്പിക്സും പാരാലിംപിക്സും തമ്മിൽ താരതമ്യപ്പെടുത്തുന്നത് ശരിയല്ല എന്നു വാദിക്കാം. പക്ഷേ, പാരാലിംപിക്സിൽ പാരിസിൽ ഇന്ത്യ കൈവരിച്ചത് ചരിത്രനേട്ടമാണ്.
ഇതിനു മുമ്പ് പാരാലിംപിക്സിൽ ഇന്ത്യക്ക് ആകെ ലഭിച്ചത് 31 മെഡൽ (ഒമ്പത് സ്വർണം, 12 വെള്ളി, 10 വെങ്കലം) ആണ്. അതിൽതന്നെ, അഞ്ചു സ്വർണം ഉൾപ്പെടെ 19 മെഡൽ ടോക്യോയിലാണ് കൈവന്നത്. കഴിഞ്ഞ രണ്ടു പതിപ്പുകളിലായി ഈ രംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണു നടത്തിയത്. കേന്ദ്ര സർക്കാർ അകമഴിഞ്ഞു സഹായിച്ചു.
വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ, പുരുഷന്മാരുടെ എഫ് 46 ജാവലിൻ, ടി 42 ഹൈജംപ്, എഫ് 51 വിഭാഗം ക്ലബ് േത്രാ എന്നിങ്ങനെ നാല് ഇനങ്ങളിൽ ഒന്നിച്ചു വിജയപീഠമേറിയത് രണ്ട് ഇന്ത്യക്കാർ വീതമായിരുന്നു. പാരിസ് പാരാലിംപിക്സിലെ 22 ഇനങ്ങളിൽ 12 ഇനങ്ങളിൽ ഇന്ത്യ മത്സരിച്ചു; അതിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങളിൽ സാന്നിധ്യമറിയിച്ചു.
ടോക്യോയിലെ സ്വർണം നിലനിർത്തിയവരും സ്ഥാനം മെച്ചപ്പെടുത്തിയവരുമുണ്ട്. അതിലുപരി തുടരെ മൂന്ന് പാരാലിംപിക്സിൽ മെഡൽ നേടാൻ തമിഴ്നാടിന്റെ മാരിയപ്പൻ തങ്കവേലുവിനു സാധിച്ചു. 2016ൽ റിയോയിൽ സ്വർണവും 2020 (21) ടോേക്യായിൽ വെള്ളിയും നേടിയ മാരിയപ്പൻ തങ്കവേലു പാരിസിൽ വെങ്കലം സ്വന്തമാക്കി. വ്യക്തിഗത വിഭാഗത്തിൽ തുടരെ മൂന്ന് ഒളിമ്പിക്സിൽ മെഡൽ നേടാൻ ഇന്ത്യൻ താരങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ, പാരാലിംപിക്സിൽ മാരിയപ്പൻ അതു സാധ്യമാക്കി.
2023ൽ ഹാങ്ചോ പാരാ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 111 മെഡൽ നേടി. അതിൽ 29 സ്വർണം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഇക്കഴിഞ്ഞ മേയിൽ ലോക പാരാ അത്ലറ്റിക്സിൽ ആറു സ്വർണം ഉൾപ്പെടെ 17 മെഡൽ കരസ്ഥമാക്കി. പാരിസ് പാരാലിംപിക്സിൽ ഇന്ത്യൻ സംഘത്തിൽ 47 പേർ പുതുമുഖങ്ങളായിരുന്നു. മനസ്സ്നൊന്ത് വീട്ടിൽ അടച്ചിരിക്കേണ്ടവരല്ല പാരാ അത്ലറ്റുകൾ എന്ന് ഒരിക്കൽകൂടി വ്യക്തമാക്കപ്പെട്ടു. പാരിസ് സംഘത്തിനു പ്രചോദനമായി ഗാനം ഇറക്കിയിരുന്നു.
പാരിസ് പാരാലിംപിക്സിൽ ഇന്ത്യൻ വിജയാഹ്ലാദം
മടങ്ങിവന്ന താരങ്ങളുടെ അഭിമുഖം വിവിധ ഭാഷകളിൽ എടുക്കാൻ സംവിധാനമുണ്ടായി. അതൊരു സന്ദേശമായി രാജ്യമെങ്ങും പ്രചരിക്കണം. ദശലക്ഷക്കണക്കിന് ആളുകൾക്ക് അത് പ്രചോദനമാകട്ടെ. പാരാലിംപിക്സിൽ സ്വർണം നേടിയവർക്ക് 75 ലക്ഷവും വെള്ളി ജേതാക്കൾക്ക് 50 ലക്ഷവും വെങ്കലം കരസ്ഥമാക്കിയവർക്ക് 30 ലക്ഷവും കേന്ദ്രസർക്കാർ സമ്മാനത്തുക പ്രഖ്യാപിച്ചു. ഇനി പരസ്യങ്ങളിൽ ഇവർ മോഡൽ ആകണം. നീരജ് ചോപ്രക്കും മനു ഭാകറിനുമൊക്കെ ഒപ്പം ഇവരും ബ്രാൻഡ് അംബാസഡർമാരാകണം.
വാൽക്കഷണം: സ്പോർട്സ് ലേഖകൻ രമേശ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഒരു ചോദ്യം ഉയർത്തി. പാരാലിംപിക്സ് താരത്തെ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ സാരഥ്യം ഏൽപിക്കരുതോയെന്നായിരുന്നു ചോദ്യം. ആഴത്തിൽ ചിന്തിച്ചാൽ ചോദ്യം പ്രസക്തമാണ്. ഇതിഹാസ താരങ്ങളുടെ ഒരു നിരതന്നെ തലപ്പത്തുള്ള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെക്കാൾ ഇപ്പോൾ തിളങ്ങിനിൽക്കുന്നത് പാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യയാണ്. മാത്രമല്ല, ഇവർ രാഷ്ട്രീയത്തിന് അപ്പുറമായി ചിന്തിക്കും; തീരുമാനമെടുക്കും; പിന്തുണക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.