ഫുട്ബാൾ കളിക്കാൻ ബൂട്ടുകളുടെ ആവശ്യമുണ്ടോ? എന്നുമുതലാണ് ബൂട്ടുകൾ പന്തുകളിയുടെ ഭാഗമായത്? എന്തായിരുന്നു അതിന്റെ ഉപയോഗം? ബൂട്ടുകൾ ഭൂമിക്കും പ്രകൃതിക്കും അപകടകരമോ? എങ്ങനെയാകും നാളത്തെ ഫുട്ബാൾ ബൂട്ടുകൾ? പന്തുകളിയെ സൗന്ദര്യവത്കരിച്ച, കളിക്കാരന്റെ കാലുകൾക്ക് ചിറകുകൾ നൽകിയ ബൂട്ടുകളെക്കുറിച്ചൊരു പഠനം.
കിലിയൻ എംബാപ്പെക്ക് ഖത്തർ ലോകകപ്പിലെ ഗോൾഡൻ ബൂട്ട്, ലയണൽ മെസ്സിക്ക് യൂറോപ്യൻ ഫുട്ബാളിലെ ഗോൾഡൻ ബൂട്ട്, അക്രം അഫീഫിന്റെ ബൂട്ടിൽനിന്നുള്ള മിന്നുന്ന മൂന്നു പെനാൽറ്റി ഗോളുകളോടെ ഖത്തർ ഏഷ്യൻ സുൽത്താന്മാർ... വൻകിട ഫുട്ബാൾ മത്സരങ്ങൾ കഴിയുമ്പോഴുള്ള പത്രങ്ങളുടെ ചില തലവാചകങ്ങളാണ് ഇതൊക്കെ. കാൽപന്തുകളിയുമായി ബൂട്ടിനുള്ള ബന്ധമാണ് ഇതു കാണിക്കുന്നത്. എന്നാൽ, എന്നുമുതലാണ് പന്തും ബൂട്ടും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്?
ഈ അന്വേഷണം പ്രസക്തമാണെന്ന് തോന്നുന്നു. അതിനുമുമ്പ് പാദരക്ഷകളെ കുറിച്ചൊരു ഗവേഷണം അനിവാര്യമാണ്. മനുഷ്യൻ വനാന്തരങ്ങളിൽ ജീവിച്ചിരുന്ന കാലം. നായാട്ടും മരങ്ങളിൽനിന്നും സസ്യങ്ങളിൽനിന്നും കിട്ടുന്നതും ഭക്ഷിച്ചിരുന്ന അക്കാലത്ത് കാലുകൾ മാത്രമായിരുന്നു അവന് ആശ്രയം. കൂർത്ത കല്ലും മുള്ളുംകൊണ്ട് കാലിൽ പരിക്കേൽക്കാതിരിക്കാൻ അവൻ മൃഗങ്ങളുടെ തോലുകൊണ്ടും മരവുരികൊണ്ടും പാദരക്ഷകളുണ്ടാക്കി. ഇതേക്കുറിച്ച് ജർമൻ നിയാണ്ടർത്താൽ മ്യൂസിയത്തിലെ രേഖകളിൽ കാണാം. എന്നാൽ, ഏകദേശം 50,000 വർഷങ്ങൾക്കുമുമ്പ് തണുത്ത രാജ്യങ്ങളിൽ അവരുടെ പാദങ്ങളെ ശൈത്യത്തിൽനിന്ന് സംരക്ഷിച്ചിരുന്നതായി കാലാവസ്ഥാ തെളിവുകൾ സൂചിപ്പിക്കുന്നു.
അതിനവൻ ഉപയോഗിച്ചിരുന്നത് മൃഗങ്ങളുടെ തോലും രോമവും ആയിരുന്നു. 40,000 വർഷങ്ങൾക്കു മുമ്പ് മനുഷ്യൻ ഗണ്യമായ തോതിൽ ഇടുങ്ങിയ പാദരക്ഷകൾ ഉപയോഗിച്ചിരുന്നതായി പാദത്തിന്റെ ആകൃതിയിലും കാൽവിരലുകളുടെ ബലത്തിലും രൂപാന്തരങ്ങളിലും വന്നിട്ടുള്ള പരിണാമങ്ങൾ സൂചിപ്പിക്കുന്നു.
ഷൂസിന്റെ കണ്ടുപിടിത്തത്തിന് ഉതകുന്ന തെളിവുകൾ ഇന്നും ലഭ്യമല്ല. കാരണം, അവ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. അറിയപ്പെടുന്ന ആദ്യ ജോടി ഷൂസ് ക്രി.മു. 7000-8000 പഴക്കമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു; ഇത് മരങ്ങളുടെ തോൽകൊണ്ട് നിർമിച്ചതാണ് –പ്രകൃതിദത്ത പദാർഥം. തുകൽകൊണ്ട് നിർമിച്ച ആദ്യകാല ഷൂസ് 3500 പഴക്കമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. കാലാവസ്ഥയിൽനിന്നും ദുർഘടാവസ്ഥയിൽനിന്നും പാദങ്ങളെ സംരക്ഷിക്കലായിരുന്നു പാദരക്ഷകളുടെ ജോലി. അതുതന്നെയായിരുന്നു ആദ്യ കാലത്ത് ഫുട്ബാൾ ബൂട്ടുകളുടെയും ധർമം.
ഫുട്ബാൾ ചരിത്രത്തെക്കുറിച്ച് ഇപ്പോഴും ഗവേഷണങ്ങൾ നടക്കുകയാണെങ്കിലും കൂടുതൽ പഠന നിരീക്ഷണങ്ങൾക്ക് വിധേയമായിട്ടിലില്ലാത്ത ഒരു വിഷയമാണ് ഫുട്ബാൾ ബൂട്ടുകളുടെ പരിണാമം. എന്നാൽ, ആധുനിക ഫാഷൻ ലോകത്ത് ഏറ്റവും ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവും വിപ്ലവകരമായ മാറ്റമുണ്ടായ ഒരു വ്യവസായമാണ് ഫുട്ബാൾ ബൂട്ടുകളുടെ നിർമാണവും വിപണനവും. പ്ലാസ്റ്റിക് മാലിന്യം കഴിഞ്ഞാൽ ഭൂമിക്ക് ഏറ്റവും കൂടുതൽ ദുരന്തമായിട്ടുള്ളത് സ്പോർട്സ് ഉപകാരണങ്ങളുടെ ആവശിഷ്ടങ്ങളാണെന്നും അതിൽ ഫുട്ബാൾ ബൂട്ടുകൾ മുന്നിലാണെന്നും 2010ൽ ജർമനിയിലെ എസൻ നഗരത്തിൽ നടന്ന അന്താരാഷ്ട്ര സ്പോർട്സ് ഉപകരണ എക്സിബിഷനോട് അനുബന്ധിച്ചുള്ള സെമിനാറിൽ വെളിപ്പെടുത്തപ്പെടുകയുണ്ടായി. അതിന് ഒരു ശാശ്വത പരിഹാരത്തിനുള്ള ശ്രമത്തിലാണ് സ്പോർട്സ് ശാസ്ത്രജ്ഞന്മാർ.
ചരിത്രത്തിലെ ഏറ്റവും പഴയ ഫുട്ബാൾ ബൂട്ടായി കരുതപ്പെടുന്നത് 1526ൽ ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവിനുവേണ്ടി നിർമിച്ചതാണ്. വിവാഹ അവസരത്തിലാണ് രാജാവ് അദ്ദേഹത്തിനു വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത സ്ഥാപനമായ ‘ഗ്രേറ്റ് വാർഡ്രോബി’ൽനിന്ന് ഒരു ജോടി സോക്കർ ബൂട്ടുകൾകൂടി ഓർഡർ ചെയ്തതായി ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്.നേർത്ത തുകൽകൊണ്ട് നിർമിച്ച ബൂട്ടുകൾ, രാജകീയ, ‘കോർഡ്വെയ്നർ’ കൊർണേലിയസ് ജോൺസൺ അയാളുടെ കൈകൾകൊണ്ട് അലങ്കാരപ്പണികളോടെ തുന്നിയുണ്ടാക്കിയതാണെന്നും സംതൃപ്തനായ രാജാവ് അയാൾക്ക് നാല് ഷില്ലിങ് പാരിതോഷികമായി നൽകിയെന്നും രേഖകളുണ്ട്.
ചരിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട ആദ്യ ജോടി ഫുട്ബാൾ ബൂട്ടുകൾ 1891ന് മുമ്പ് ഒരു ഫുട്ബാൾ കളിക്കാരൻ ധരിച്ചിരുന്ന മുട്ടൊപ്പം എത്തുന്ന ‘ഷൂസുകൾ’ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. അത് വലിയ ഒരു ചിത്രത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരുപക്ഷേ, അത് ചിത്രകാരന്റെ ഭാവനയുമാവാം. എന്തായാലും അതിനൊരു ഫാക്ടറി ജീവനക്കാരന്റെ രൂപവുമായി സാദൃശ്യമുണ്ടായിരുന്നു. എന്തായാലും ആദ്യ ഫുട്ബാൾ ലോകകപ്പ് നടന്ന, 1930നു മുമ്പുതന്നെ ബൂട്ടുകൾ പന്തുകളിയുടെ ഭാഗമായിട്ടുണ്ട്. അതിനു ഇന്ന് കാണുന്ന രൂപത്തോട് സാദൃശ്യവും ഉണ്ടായിരുന്നു. അതിനുമുമ്പ് ഉപയോഗിച്ചിരുന്ന ബൂട്ടുകൾ ഒക്കെ അതതു പ്രദേശങ്ങളിലെ കാലവസ്ഥക്കും സൗകര്യങ്ങൾക്കും ഒക്കെ ഇണങ്ങും വിധമായിരുന്നു.
മിക്കതും അന്നത്തെ ഫാക്ടറി തൊഴിലാളികളുടെ യൂനിഫോമിന്റെ ഭാഗമായിട്ടുള്ളതായിരുന്നു; മിക്കതും മുട്ട് ഒപ്പമുള്ളത്. അതിട്ട് എങ്ങനെ അവർ കളിച്ചിരുന്നു എന്നറിയില്ല; എന്നാൽ 1930നു മുമ്പ് പ്രാബല്യത്തിൽ ഉണ്ടായിരുന്ന ബൂട്ടുകൾ ഒക്കെ കണങ്കാൽ കവർ ചെയ്യുന്നതായിരുന്നു. ഇതൊക്കെ സൂചിപ്പിക്കുന്നത്, ആദ്യ നാളുകളിൽ ബൂട്ടുകൾ ഉപയോഗിച്ചിരുന്നത് ‘പാദരക്ഷകൾ’ എന്ന സങ്കൽപത്തിലൂന്നിയാണെന്നാണ്.
20ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഫുട്ബാൾ ബൂട്ടുകൾ സ്വന്തമാക്കിയവരും അതു ഉപയോഗിച്ച് കളിച്ചവരും എത്രമാത്രം അസ്വസ്ഥരായിരുന്നുവെന്ന് അവർ ഇന്നുണ്ടായിരുന്നുവെങ്കിൽ നിങ്ങളോട് പറയുമായിരുന്നു. പഴയ രീതിയിലുള്ള ബൂട്ടുകൾ തുകൽകൊണ്ടാണ് നിർമിച്ചത്; അവ കടുപ്പമുള്ളതും കർക്കശവും ഭാരമുള്ളവയും വാട്ടർ പ്രൂഫ് അല്ലാത്തതും നനഞ്ഞാൽ ഇരട്ടി ഭാരമുള്ളവയും ആയിരുന്നു. കിക്ക് ചെയ്യുന്നതിനോ ഓടുന്നതിനോ പ്രകടനം മെച്ചപ്പെടുത്തുന്നതിനോവേണ്ടി നിർമിച്ചതല്ല, മുൻകാല ഫുട്ബാൾ ബൂട്ടുകൾ. കാലുകൾ സംരക്ഷിക്കാൻ വേണ്ടി മാത്രമുള്ളതായിരുന്നു.
ഇവിടെ ഒരു കാര്യം ഓർക്കേണ്ടതുണ്ട്. 1948ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിലെ എട്ടുപേരും ബൂട്ടില്ലാതെയാണ് കളിച്ചത്. എന്നാൽ, കാര്യമറിയാത്തവർ അന്നത് നെഹ്റു ഭരണകൂടത്തിന്റെ കഴിവുകേടായി വ്യാഖ്യാനിച്ചു.
പാരിസിൽനിന്നും കുപ്പായങ്ങളും പാദരക്ഷകളും വരുത്തി ഉപയോഗിക്കുന്ന പ്രധാനമന്ത്രി തന്റെ പ്രജകളെ മറന്നു എന്നായിരുന്നു ആരോപണം. എന്നാൽ, അക്കാലത്തെ ബൂട്ടുകൾ ഒരു ബാധ്യത ആയതുകൊണ്ടും അതില്ലാതെ നന്നായി കളിക്കാമെന്നും അവർ തെളിയിച്ചു. അക്കാലത്ത് പല കളിക്കാരും ബൂട്ട് ഇട്ടു കളിക്കുന്നതിനെ വിശേഷിപ്പിച്ചിരുന്നത് “Uncomfortable” എന്നായിരുന്നു. അന്നത്തെ ബൂട്ടുകളിൽനിന്ന് ആണി തുളഞ്ഞു കയറി കാൽപാദങ്ങളിൽ മുറിവുണ്ടായി കളി പൂർത്തിയാക്കാൻ കഴിയാതെ മടങ്ങേണ്ടി വന്ന നിർഭാഗ്യവാന്മാരും ഉണ്ടായിരുന്നു. പോരാത്തതിന് കാലുമായി പൊരുത്തപ്പെടാൻ എണ്ണയും വാസ് ലയിനും തുടർച്ചയായി ഉപയോഗിക്കേണ്ടിയും വന്നു. ഇതേ കാരണങ്ങൾകൊണ്ട് ബൂട്ടു ഉപയോഗിക്കാൻ വിസമ്മതിച്ച ഇന്ത്യൻ ടീമിന് 1950 ലോക കപ്പു കളിക്കാനായില്ല.
ഫുട്ബാൾ സൗന്ദര്യവത്കരിച്ചതിൽ ബൂട്ടുകൾക്കു കാര്യമായ പങ്കുണ്ടെന്നു കാലം പിന്നീട് തെളിയിച്ചു. നാല് പതിറ്റാണ്ടുകളോളം ബൂട്ടുകളുടെ ഘടനക്കും രൂപത്തിനും ഒരു മാറ്റവും ഉണ്ടായിരുന്നില്ല.
കട്ടികൂടിയ മൃഗത്തുകലും ഇരുമ്പ് പ്ലേറ്റും റക്സിനുംകൊണ്ടുള്ള ചട്ടക്കൂടും തടിയും ആണിയും കൊണ്ടുള്ള സ്റ്റഡുകളും പരുത്തികൊണ്ടുള്ള നീളം കൂടിയ ഷൂ ലേസുമായിരുന്നു അക്കാലത്ത്; ഒരേ നിറവും. അലിഖിത നിയമംപോലെ എല്ലായിടത്തും കറുപ്പ് നിറം. അതുപോലെ ഈ നിർമാണരീതികൊണ്ട് അത് ഉപയോഗിച്ചു കളിച്ചിരുന്നവർക്ക് ഒരുപാട് ബുദ്ധിമുട്ടുകളും അക്കാലത്തുണ്ടായിട്ടുണ്ട്. പലപ്പോഴും കാലുകൾക്കും വിരലുകൾക്കും അസ്വസ്ഥത, പരിക്കുകൾ, എണ്ണയും വാക്സും ഇടയ്ക്കിടെ ഉപയോഗിക്കേണ്ട അവസ്ഥ. ഇക്കാരണംകൊണ്ട് അക്കാലത്തെ പല വലിയ കളിക്കാരും ബൂട്ടുകൾക്ക് പകരം കണങ്കാൽ സംരക്ഷിക്കുന്ന ‘ആങ്കിൾ ഗാർഡുകൾ’ ആണ് ഉപയോഗിച്ചിരുന്നത്.
ഈയവസരത്തിൽ, ഫുട്ബാൾ ബൂട്ടുകളുടെ നിർമാണ വൈഭവത്തിൽ പാകിസ്താനിലെ സിയാൽകോട്ടിനെ ഓർക്കേണ്ടിയിരിക്കുന്നു. പന്തിനൊപ്പം ബൂട്ടുകളുടെയും ലോകവിപണിയുടെ 70 ശതമാനവും ഇപ്പോഴും അവർക്കാണ്. ഫിഫക്കും അഡിഡാസിനും വേണ്ടി ഹൈ ടെക് പന്തുകൾ നിർമിക്കുന്നതും അവരാണ്!
1950ലാണ് ഫുട്ബാൾ ബൂട്ടുകൾ ശരിക്കുള്ള പന്തുകളി സഹായിയായി മാറിയത്. നിർമാണത്തിൽ ശാസ്ത്ര-സാങ്കേതിക രീതികൾ അവതരിപ്പിച്ചത് ജർമൻ സ്പോർട്സ് ഉപകരണ നിർമാതാക്കളായ അഡിഡാസ് ആണ്. 1950കളിൽ അഡിഡാസ് ഹാർഡ് റബറിലും പ്ലാസ്റ്റിക്കിലുമായി നിർമിച്ച പരസ്പരം മാറ്റാവുന്ന സ്ക്രൂ-ഇൻ സ്റ്റഡുകളുള്ള ബൂട്ടുകൾ അവതരിപ്പിച്ചതോടെ ഫുട്ബാൾ ബൂട്ടുകൾ ഹൈ ടെക് ആയി. കളിക്കാരന്റെ കാലിന്റെ ആകൃതിക്കും രൂപത്തിനും അനുസരിച്ചു വ്യതിയാനം വരുന്ന സോഫ്റ്റ് തുകൽ ആദ്യമായി ഉപയോഗിച്ചു. അതുപോലെ കാലാവസ്ഥയും പിച്ച് സാഹചര്യങ്ങളും അനുസരിച്ച് കളിക്കാർക്ക് ഒരേ ജോടി ബൂട്ടുകളിൽ വ്യത്യസ്ത സ്റ്റഡുകൾ മാറിയിടാമെന്ന രീതി ഫുട്ബാൾ ബൂട്ടുകളുടെ തലവര മാറ്റി.
‘ഒറിജിനൽ ബൂട്ടുകൾ’ എന്നറിയപ്പെട്ടിരുന്ന ഷൂസുകൾ ഭാരമുള്ളതും ഉയർന്ന കണങ്കാലുകളുള്ളതുമായിരുന്നു. എന്നാൽ, തെക്കേ അമേരിക്കയിലും തെക്കൻ യൂറോപ്പിലും പിച്ചുകൾ ചളിയും കടുപ്പവും കുറവുള്ളതുമായതുകൊണ്ടാകാം അങ്ങനെ തുടരുന്നത്. എന്നാൽ, അഡിഡാസിന്റെ പരിഷ്കാരം ഒടുവിൽ എല്ലായിടത്തും ഒരേരീതി എന്ന തത്ത്വം ഏറ്റെടുത്തു. നേരത്തേ പറഞ്ഞതുപോലെ, ബൂട്ടുകൾ വർഷങ്ങളോളം ഒരു നിറത്തിൽ മാത്രമാണ് വന്നത്. കറുപ്പ്. പാദരക്ഷക്കായി ഉപയോഗിച്ചിരുന്ന ബൂട്ടുകൾ കളി നിയന്ത്രിക്കുന്ന നിർണായക ഉപകരണവും കളിക്കാരന്റെ പ്രകടനങ്ങൾ മെച്ചപ്പെടുത്തുന്ന ഉപാധിയുമായത് ഇൗ സമയംതൊട്ടാണ്. പുതിയ ബൂട്ടുകൾ കാലുകൾക്ക് ചിറകുകൾ നൽകിയ അവസ്ഥ. അതോടെ സോക്കർ വേഗമേറിയതും കൂടുതൽ ചലനാത്മകവും കളിക്കാർ മൈതാനത്ത് കൂടുതൽ ദൂരം ഓടുന്നവരുമായി.
1954ലെ നിരീക്ഷണത്തിൽ, ഒരു കളിക്കാരൻ കളിസമയത്തിനിടെ ഗ്രൗണ്ടിൽ 3.2 കിലോമീറ്ററാണ് ഓടിയിരുന്നത്. എന്നാൽ പുതിയ ബൂട്ടുകളുടെ അവതരണത്തിലൂടെ അത് 5.8 വരെ എത്തി. 1991ൽ ശരാശരി 10.8 കി.മീ. സാറ്റലൈറ്റ് നാവിഗേഷൻ (ജി.പി.എസ്) ഉപയോഗിച്ച് പ്രഫഷനൽ, നോൺ-പ്രഫഷനൽ ടീമുകളിലെ വിവിധ കളിക്കാരുടെ കവർ ദൂരങ്ങളും സ്പീഡ് പ്രഫൈലുകളും നിർണയിച്ചപ്പോൾ കായികലോകം വിസ്മയിച്ചു നിന്നുപോയി. മറ്റുള്ളവർക്ക് മുന്നേ ഇത്തരം ചെരിപ്പുകൾ ഉപയോഗിക്കാൻ ജർമൻ ഫുട്ബാൾ ടീമിന് ആയതാണ് 1954ലെ സ്വിസ് ലോകകപ്പിലെ അവരുടെ വിസ്മയ പ്രകടനങ്ങൾക്കും കപ്പ് വിജയത്തിനും കാരണമായതെന്നാണ് നിഗമനം.
അക്കാലത്ത് എല്ലാ കളിക്കാരും അവരുടെ കാൽപാദത്തിന്റെ ഏകദേശ വലുപ്പമനുസരിച്ചുള്ള ഷൂസുകൾ ഉപയോഗിച്ച് കളിച്ചപ്പോൾ 1954 ലോകകപ്പിൽ കളിച്ച ജർമൻ ടീമിലെ ഓരോ കളിക്കാരനും അവന്റെ പാദത്തിന്റെയും വിരലുകളുടെയും വലുപ്പം കൃത്യമായി അളന്നു രേഖപ്പെടുത്തിയശേഷം നിർമിച്ച വ്യക്തിപരമായ ബൂട്ടുകൾ ഉപയോഗിച്ചാണ് കളിച്ചത്. ആ രീതി ഇന്നും തുടരുന്നു. വിവിധ സ്പോർട്സ് ഉൽപാദന സ്ഥാപനങ്ങൾ അവർ സ്പോൺസർ ചെയ്യുന്ന കളിക്കാരന്റെ പേരിൽ ബൂട്ടുകൾ നിർമിക്കുന്നു. മെസ്സിക്കും റൊണാൾഡോക്കും എംബാപ്പെക്കും ഒക്കെ അവരുടേതായ ബൂട്ടുകൾ. അവരുടെ കാൽ വലുപ്പം, ഭാരം, ഉയരം, ഗതിവേഗം ഒക്കെ വിലയിരുത്തി നിർമിച്ച ഹൈടെക് പന്തുകളി ചെരിപ്പുകൾ.
അന്നുവരെ കന്നുകാലികളുടെ തുകലിൽനിന്നു മാത്രം ഉണ്ടാക്കിയെടുത്ത കളി ചെരിപ്പുകൾ കങ്കാരു ലെതറിൽനിന്ന് നിർമിക്കാമെന്നും കണ്ടെത്തി. ബൂട്ടു നിർമാണം സിന്തറ്റിക് വസ്തുക്കൾക്ക് വഴിമാറും മുമ്പുള്ള അന്നത്തെ ‘ആധുനിക ബൂട്ടുകളിൽ’ അധികവും നിർമിച്ചിരുന്നത് ഈ രീതിയിൽ ആയിരുന്നു. 1954ലെ അഡിഡാസ് ബൂട്ടു വിപ്ലവത്തെ തുടർന്നായിരുന്നു Industry spying എന്ന വ്യവസായരംഗത്തെ ചാരപ്പണി അതിന്റെ അത്യുന്നങ്ങളിൽ ചെന്നെത്തിയത്. അഡിഡാസിന്റെ മാത്രം കുത്തകയായിരുന്ന നിർമാണരീതി പ്യൂമയും നൈക്കിയും ഒക്കെ അതേപോലെ പകർത്തി. എല്ലാ കളിക്കാർക്കും ഒരേതരം ബൂട്ടുകളായിരുന്ന കാലവും മാറി. ഗോളി മുതൽ പ്രതിരോധനിരക്കാർ, മിഡ് ഫീൽഡർ, ഫോർവേഡ് എന്നിവർക്കൊക്കെ അവരുടെ കളിരീതിക്ക് ഇണങ്ങും വിധമുള്ള ബൂട്ടുകൾ നിർമിച്ചുതുടങ്ങി. അതിന്റെ ക്രെഡിറ്റ് നൈക്കിനാണ്.
ഇതിനുശേഷമായിരുന്നു കളിക്കുന്ന പ്രതലങ്ങൾക്ക് അനുസരിച്ചുള്ള ബൂട്ടുകളുടെ നിർമിതി.
• ഫേം ഗ്രൗണ്ട് അതെല്ലങ്കിൽ ഹാർഡ് സർഫസ് ബൂട്ടുകൾ സാധാരണ പുൽകോർട്ടുകളിലും മൺകോർട്ടുകളിലും കളിക്കാൻ ഉപയോഗിക്കുന്നു. അവിശ്വസനീയമാം വിധം സാർവത്രികമാണിത് -എല്ലാ തലങ്ങളിലുമുള്ള കളിക്കാരും സൺഡേ ലീഗ് മുതൽ ചാമ്പ്യൻസ് ലീഗ് വരെ.
• സോഫ്റ്റ് ഗ്രൗണ്ട് (SG) പഴയകാലത്തെ പോലെ ആറ് മെറ്റൽ സ്റ്റഡുകൾ: പ്രതലവുമായി ഒത്തുപോകാൻ എളുപ്പം വഴുതി വീഴാതിരിക്കാൻ ഇത് ഉപയോഗിക്കുന്നു.
• ആസ്ട്രോ ടർഫ് (TF) ഇതിനു റബറും പ്ലാസ്റ്റിക്കും ചേർന്ന മിശ്രിതം ഉപയോഗിച്ചുള്ള സ്റ്റഡുകളും സോളുകളും.
• കൃത്രിമ പുല്ല്: ഇതിനും റബറും പ്ലാസ്റ്റിക്കുമാണ് ഉപയോഗിക്കുന്നതെങ്കിലും അതിന്റെ ഘടനയിൽ മാറ്റമുണ്ട്. കൂടുതൽ ഗ്രിപ് ആവശ്യമുണ്ട്. ഇവിടെ റിമൂവബ്ൾ സ്റ്റഡുകൾ കൂടുതൽ ഉപയോഗിക്കുന്നത് ഈ പ്രതലത്തിൽ ആണ്.
* ഇൻഡോർ കോർട്ടുകൾക്കുള്ളത്, ഇതിന്റെ സോളിന്റെ ഘടന ടെന്നിസ് ഷൂസിനു സമാനം. എന്നാൽ, കുറെക്കൂടി ഗ്രിപ് കിട്ടും വിധമുള്ള നിർമിതി.
ഫുട്ബാൾ ബൂട്ടുകളുടെ സുവർണ കാലഘട്ടമായി കണക്കാക്കുന്നത് 1970-90 കാലമാണ്. ‘മുന്നേറ്റങ്ങളുടെയും മാറ്റങ്ങളുടെയും കാലം’ എന്നാണ് അത് അറിയപ്പെടുന്നത്. 1970ൽ ആദ്യമായി നിറമുള്ള ബൂട്ടുകൾ അവതരിപ്പിച്ചു.
അതിന്റെയും അവകാശികൾ അഡിഡാസ് തന്നെ. ഫുട്ബാൾ ചരിത്രത്തിലെ ആദ്യ തൂവെള്ള ബൂട്ടുകെട്ടിയത് ഒരു ‘ബോളിന്റെ’ കാലിലായിരുന്നു. 1966ൽ ലോക കപ്പ് നേടിയ ഇംഗ്ലീഷ് ടീമിൽ അംഗമായിരുന്ന അലൻ ബോളിന്റെ കാലിൽ! 1970ൽ എവർട്ടനും ചെൽസിയും തമ്മിലുള്ള ചാരിറ്റി മാച്ചിലായിരുന്നു അത്. 1979ൽ, എക്കാലത്തെയും മികച്ച വിൽപനയുള്ള ബൂട്ട്, കോപ്പ മുണ്ടിയൽ അഡിഡാസ് പുറത്തിറക്കി. പ്രകൃതിദത്ത ലെതറിന്റെ ഏറ്റവും സാധാരണമായ ചില ഇനങ്ങൾ ഉൽപാദിപ്പിക്കപ്പെട്ടു: കങ്കാരു തുകൽ, കാളക്കുട്ടിയുടെ തുകൽ, പശു തുകൽ എന്നിവയൊക്കെ. ഈ ദശകത്തിൽ ‘ഡയഡോറ’ എന്ന പുതിയ നിർമാതാക്കൾ വിപണിയിൽ പ്രവേശിച്ചു.
ബൂട്ടുകളുടെ സാങ്കേതിക വികസനത്തിൽ 1980കളിൽ കൂടുതൽ പുരോഗതിയുണ്ടായി. അംബ്രോ, ലോട്ടോ, കെൽമെ എന്നിവയെല്ലാം ഈ ദശകത്തിൽ വിപണിയിൽ ചേർന്നു. അതോടെ, തുകൽ ബൂട്ടുകൾക്കു പകരം ഉപയോഗിക്കാവുന്ന വസ്തുക്കളെ കുറിച്ചായി ഗവേഷണം. ബൂട്ടുകളുടെ നിർമാണത്തിൽ സിന്തറ്റിക് വസ്തുക്കളുടെ ഉപയോഗം എന്ന ഒരു പുതിയ പ്രവണത ഉയർന്നുവന്നത് അങ്ങനെയാണ്. അതോടെ തുകലും ഒറ്റ ബോഡിയും സ്റ്റഡുകളും എന്ന രീതിതന്നെ മാറി റബറും സിന്തറ്റിക് വസ്തുക്കളും ഉപയോഗിക്കാൻ തുടങ്ങി. അതോടെ, ബൂട്ടുകളുടെ ഭാരം കുറഞ്ഞു; റബർ ബാൻഡ് പോലെ തിരിക്കാനും വളക്കാനും മടക്കാനും കഴിയുന്ന ബൂട്ടുകളും വിപണിയിലിറങ്ങി.
പുതുനൂറ്റാണ്ടിന്റെ ആദ്യ ദശകത്തോടെ, നിർമാണം ടെക്നോളജിയുടെ പാരമ്യത്തിൽ എത്തി. ഇതോടെ ഇഷ്ടാനുസൃതമാംവിധം ബൂട്ടുകൾ ഉണ്ടാക്കി എടുക്കാമെന്നായി. കസ്റ്റമൈസ്ഡ് ഇനങ്ങൾ എന്നുപറയാം. അതോടെ, മത്സരങ്ങളുടെ വേഗംവർധിച്ചു. സാങ്കേതികവിദ്യയിൽ പുതിയ മുന്നേറ്റങ്ങൾ അവതരിപ്പിച്ചു, ഇതര സാമഗ്രികളിൽനിന്ന് നിർമിച്ച ഭാരം കുറഞ്ഞ പാദരക്ഷകൾ ഉൾപ്പെടെ. ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ഉയർച്ചയോടെ ബൂട്ട് കസ്റ്റമൈസേഷനും കൂടുതൽ പ്രാധാന്യമർഹിച്ചു.
ഇതിനുശേഷമാണ് ലേസ്ലെസ് ബൂട്ടുകൾ എന്ന ട്രെൻഡ് വന്നത്. 2016ൽ അഡിഡാസ് Ace Pure Control പുറത്തിറക്കി. ഈ ബൂട്ട് ലെയ്സുകളൊന്നും ഫീച്ചർ ചെയ്തിട്ടില്ല, മാത്രമല്ല പരമാവധി സുഖവും പ്രകടനവും നൽകുന്നതിന് രൂപകൽപന ചെയ്തതാണ്. ഇക്കാലത്ത് തന്നെ ‘ബ്ലേഡുകൾ’ എന്നറിയപ്പെടുന്ന ഒരു പുതിയതരം സോളിന്റെ അവതരണത്തിനും സോക്കർ ലോകം സാക്ഷിയായി.
സൈദ്ധാന്തികമായി പ്രതലത്തിൽ പിടിത്തം (ഘർഷണം) വർധിപ്പിക്കുന്നതിനും കണങ്കാലിന് പരിക്ക് കുറക്കുന്നതിനുമായി മോൾഡഡ് സോളുകളുള്ള പ്രത്യേകം രൂപകൽപന ചെയ്ത ബൂട്ടുകൾ ഈ സോളുകളിലുണ്ട്. എന്നിരുന്നാലും, ‘ബ്ലേഡഡ്’ ഫുട്ബാൾ ബൂട്ടുകൾ കളിക്കാർക്ക് ഗുരുതരമായ പരിക്കുകൾക്ക് കാരണമാവുകയും ചെയ്തു. 2016 ആയതോടെ പണ്ടുകാലത്തെ ബൂട്ടുകളുടെ സ്ഥാനം കാഴ്ച ബംഗ്ലാവുകളിലായി. നിർമാണം ഹൈടെക് ആയതോടെ സിന്തറ്റിക് വസ്തുക്കളിൽ മാത്രമായി. അതോടെ, അതുവരെ അനുഭവിക്കാതിരുന്ന വലിയ ഒരു പ്രശ്നം ബൂട്ടു നിർമാണത്തെ ബാധിച്ചു.
എങ്ങനെയാണ് നിർദോഷികളായ പന്തുകളി ബൂട്ടുകൾ പ്രകൃതിയുടെ ശത്രു ആയതെന്നു നോക്കാം. ഫുട്ബാൾ ബൂട്ടുകൾ പരിസ്ഥിതിയെ മലിനീകരിക്കുന്നത് രണ്ടു രീതിയിലാണ് –അവ നിർമിക്കപ്പെടുമ്പോൾ ഉപയോഗിക്കുന്ന കൃത്രിമ സിന്തറ്റിക് വസ്തുക്കളിൽനിന്ന് പ്രവഹിക്കുന്ന വിഷവസ്തുക്കൾ, അമിത ഊർജം, ഷിപ്പിങ് സമയത്തെ മാലിന്യങ്ങൾ, അതുപോലെ ബൂട്ടുകൾ ഉപയോഗ രഹിതമാകുമ്പോൾ ഉപേക്ഷിക്കപ്പെടുന്ന ചില ഭാഗങ്ങൾ മണ്ണിൽ ലയിക്കാതെ 1000 വർഷത്തിലധികം അതുപോലെ നിലനിൽക്കും!
ഇതിലും ഭീകരമായ അവസ്ഥയാണ് ഉപേക്ഷിക്കപ്പെടുന്ന ബൂട്ടുകൾ. അമേരിക്കയിൽ മാത്രം ഒരു വർഷം 12.5 ദശലക്ഷം ജോടി ബൂട്ടുകൾ ഉപേക്ഷിക്കപ്പെടുന്നു. ഇതും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും പുറംതള്ളുന്നത് 80/ 90 മില്യൻ ജോടികളാണ്, അതിലധികവും അപകടകരമായ, ടോക്സിക് വസ്തുക്കൾ അടങ്ങിയതും. ഇതിലും വലിയ ദുരന്തമായത് ഇങ്ങനെ ഉപേക്ഷിക്കുന്ന ഷൂസുകൾ ശേഖരിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ എത്തിക്കുന്നതും അതിനുശേഷം അവർ ഉപയോഗിച്ച് അവശിഷ്ടമാകുമ്പോൾ അതൊക്കെ അവിടത്തെ വയലുകളിലും ജലാശയങ്ങളിലും വലിച്ചെറിയുമ്പോഴുള്ള പാരിസ്ഥിതിക പ്രശ്നങ്ങളുമാണ്. എന്താണ് ഇതിനൊരു പരിഹാരം? മറ്റു പരിസ്ഥിതി ഹാനി വസ്തുക്കൾ നിയന്ത്രിക്കാൻ ലോകം ഏതാണ്ട് പരാജയപ്പെട്ടപ്പോൾ ബൂട്ടു മാലിന്യം കൈകാര്യംചെയ്യുന്നതിൽ നിർമാതാക്കൾതന്നെ വൻ വിജയം കണ്ടു.
ആദ്യ പടിയായി നൈക്കി, അഡിഡാസ്, പ്യൂമ പോലുള്ള സ്ഥാപനങ്ങൾ ചെയ്തത് റീ സൈക്ലിങ് രീതി അവലംബിക്കുകയായിരുന്നു. ഉപയോഗിച്ച ഒരു ബൂട്ടിനു 20 യൂറോ വീതം നൽകി തിരിച്ചെടുക്കാനും കമ്പനികൾ തയാറായി. എന്നാൽ, അത് വീണ്ടും പ്രകൃതിക്കു വിനയാകുമെന്ന് മനസ്സിലാക്കിയ അവർ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണം പ്രോത്സാഹിപ്പിച്ചു. അപ്പോഴാണ് ഒരു യുവാവിന്റെ ഈ രംഗത്തേക്കുള്ള ആകസ്മികമായ കടന്നുവരവ്. അതാകട്ടെ ഫുട്ബാൾ ബൂട്ടു നിർമാണത്തിന്റെ ഗതിതന്നെ തിരിച്ചുവിട്ടു.
കളിക്കിടെ കാൽമുട്ടിനു പരിക്കേറ്റ് രംഗം വിട്ട ഇംഗ്ലീഷുകാരനായ െജയ്ക് ഹാർഡി എന്ന യുവാവ് ചുരുങ്ങിയ മൂലധനവുമായി ‘സോകിറ്റോ’ എന്ന പേരിൽ ഒരു ബൂട്ടു നിർമാണ യൂനിറ്റു തുടങ്ങിയത് ഫുട്ബാൾ ബൂട്ടുകളുടെ അതുവരെയുള്ള സാമ്പ്രദായിക രീതികളൊക്കെ തിരുത്തിയെഴുതി. തികച്ചും യാദൃച്ഛികമായായിരുന്നു അദ്ദേഹം ഈ രംഗേത്തക്ക് ആകർഷിക്കപ്പെട്ടത്. വിയറ്റ്നാമിലേക്കുള്ള വിനോദയാത്രക്കിടയിലാണ് അദ്ദേഹം കാലോചിതമായി പരിഷ്കരിക്കപ്പെട്ട പ്രകൃതിയുടെ മിത്രമായി തീർന്നേക്കാവുന്ന ഒരു ‘കായിക ഉപകരണത്തിന്റെ’ നിർമിതിയെക്കുറിച്ച് ചിന്തിച്ചത്.
അവിടെ വലിയ ഫാക്ടറികളിൽനിന്ന് ആവശ്യമില്ലാതെ പിന്തള്ളുന്ന അവശിഷ്ടങ്ങൾ ഉപയോഗിച്ച് തയ്യൽക്കാർ ചെറുകിട സ്ഥാപനങ്ങളിൽ മനോഹരമായ പാദരക്ഷകൾ തുന്നിയുണ്ടാക്കുന്നത് അയാൾ കണ്ടു. പെെട്ടന്നാണ് ഇത്തരത്തിൽ ഒരു ബൂട്ട് ആയാലോ എന്നയാൾ ആലോചിച്ചത്. തിരിച്ചെത്തിയ ജെയ്ക് ആദ്യം ചെയ്തത് പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഒരു മോഡൽ ബൂട്ട് നിർമിക്കുകയായിരുന്നു. അതിനായി സ്ക്രാപ് നൈലോൺ, റീസൈക്കിൾ ചെയ്ത പരവതാനി, പ്ലാസ്റ്റിക്, റബർ എന്നിവക്കൊപ്പം ബീൻസിൽനിന്ന് ഉൽപാദിപ്പിക്കുന്ന പെബാക്സും പാഴ് പേപ്പറിൽനിന്നുള്ള ടെൻസലും ഉപയോഗിച്ചു. അത് അതിശയകരമായ ഒരു അനുഭവമായിരുന്നു.
അതുപയോഗിച്ച് കളിച്ചവർ അന്നുവരെയില്ലാത്ത ഒരു അനുഭവമാണ് നൽകിയതെന്നും കാലിനു ഇത്രയും സ്വതന്ത്രമായ ഒരു ഫീലിങ് ലഭിച്ചിട്ടില്ല എന്നും അറിയിച്ചതോടെ ‘സോകിറ്റോയുടെ’ പിറവിയായി. ഭൂമിക്ക് ഒരുകാലത്തും ഒരു ‘ഭാര’മാകാത്ത, മണ്ണിൽ ഇട്ടാൽ ജൈവ വസ്തുപോലെ അത് ലയിച്ചുചേരുന്നത് ആകണമെന്നും പ്രകൃതിസ്നേഹി ആഗ്രഹിച്ചു. അതോടെ, ഏറ്റവും പുതിയ ഇക്കോ ഫോക്കസ്ഡ് ബൂട്ട് ബ്രാൻഡ് സോകിറ്റോ നിലവിൽ വന്നു. തുടർന്ന്, പൂർണമായും ജൈവവസ്തുക്കൾ എന്നതിന് പുറമെ അത് മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഇല്ലാത്ത വീഗാൻ നിർമിതി എന്ന ഭ്രാന്തൻ ആശയവും അവർ പ്രാവർത്തികമാക്കി.
ചോളം അവശിഷ്ടങ്ങളിൽനിന്ന് നിർമിച്ച സ്വീഡ് ലൈനിങ്ങും ആവണക്കപ്പൊടിയിൽ (Castor oil seed/ Ricinus) നിന്നുള്ള ഒരു സോൾ പ്ലേറ്റും കരിമ്പും മുളയുമുപയോഗിച്ച് തയാറാക്കിയ ഇൻസോളും ടെൻസൽ വുഡ് ഫൈബർ നെയ്റ്റ് ഉപയോഗിച്ച് തയാറാക്കിയ കോളറും ഉൾപ്പെടുത്തി നിർമിച്ച പച്ചനിറമുള്ള അത്ഭുതബൂട്ട് ആയിരുന്നു ഇക്കഴിഞ്ഞ ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഇക്വറ്റോറിയൽ ഗിനിക്കെതിരായ മത്സരത്തിൽ നൈജീരിയയുടെ നായകൻ വില്യം ട്രോസ്റ്റ് എകോങ് ഉപയോഗിച്ചത്. ആ ബൂട്ടിൽനിന്ന് ഗോൾഡൻ ഈഗ്ൾസിന്റെ വിജയ ഗോളുകൾ പിറക്കുകയുംചെയ്തു. ‘Scudetta’ എന്നായിരുന്നു ആ ബൂട്ടിന്റെ പേര്.
ജയ്ക് ഹാർഡി സ്ഥാപിച്ച സോകിറ്റോയ ഫുട്ബാൾ നിർമാണ യൂനിറ്റിൽ നിക്ഷേപകരായിട്ടുള്ളത് പ്രഗല്ഭരായ 16 ഫുട്ബാൾ താരങ്ങളാണ്: ഡൊമിൻക് ബെർണാഡ്, ജോൺ ബോസ്റ്റോക്ക്, ക്രെയ്ഗ് കാത്ത്കാർട്ട്, ടോം ക്ലെവർലി, മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ജോർജി കെല്ലി, ലുക്ക് ഡി ജോങ്ൽ, സീം ഡി ജോങ്, അഡ്രിയാൻ മരിയപ്പ, ലൂക്കാസ് എൻമെച്ച, ഫെലിക്സ് എൻമെച്ച, മാർവിൻ സോർഡെൽ, ഐസക് കീസ് തെലിൻ, ബ്രാൻഡൻ തോമസ് അസാന്റെ, മോർട്ടൻ തോർസ്ബി, വില്യം ട്രസ്റ്റ്, ഡേവിഡ് വീലർ. നിക്ഷേപം നടത്തിയ കളിക്കാരാകട്ടെ ഫുട്ബാളിന്റെ കാലാവസ്ഥാ ആഘാതത്തെ ചെറുക്കുന്നതിനുള്ള പ്രതിബദ്ധതക്ക് പേരു കേട്ടവരാണ്.
ഇതിനൊക്കെ പുറമെയാണ് ശാസ്ത്രത്തിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നായ ‘നിർമിത ബുദ്ധി’ സാങ്കേതിക വിദ്യ ബൂട്ടുകളുടെ നിർമിതിക്കു ഉപയോഗിക്കാനുള്ള ശ്രമം. അത്തരമൊരു ഉദ്യമത്തിലാണ് ഫിഫയുടെ ശാസ്ത്ര സാങ്കേതിക വിഭാഗം. അതനുസരിച്ച്, ഫുട്ബാൾ ബൂട്ടുകളിൽ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ട്രാക്കിങ് സാങ്കേതിക സംവിധാനം ഔദ്യോഗിക മത്സരങ്ങളിൽ ഉപയോഗിക്കുന്നതിന് ഫിഫ, IFABയുടെ അനുമതി തേടിയിരുന്നു.
ഭാവിയിൽ ഫുട്ബാൾ ബൂട്ടുകളിൽ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാക്കിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു നിയമനിർമാതാക്കളായ IFAB അംഗീകാരവും നൽകിയിട്ടുണ്ട്.
പരിശീലന സെഷനുകളിലും മത്സരങ്ങളിലും സാങ്കേതിക കാര്യങ്ങൾ, ബാലൻസ്, കിക്കിങ് വേഗത, ഗതിവേഗം, ഓഫ് സൈഡ് ട്രാക്കിങ്, പന്ത് ഗോൾ വര കടന്നിട്ടുണ്ടോ തുടങ്ങിയ ഡേറ്റ ഇതിലൂടെ ട്രാക് ചെയ്യാനാകും. ഈ സംവിധാനം വിജയിച്ചാൽ ഭാവിൽ WAR എന്ന വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനംതന്നെ ബൂട്ടുകൾ ഏറ്റെടുത്തേക്കും! നോക്കൂ, ബൂട്ടുകൾ എവിടെ ചെന്നു നിൽക്കുന്നുവെന്ന്! Uncomfortable എന്ന സങ്കടകരമായ അവസ്ഥയിൽ നിന്ന് ‘Feeling so light’ എന്ന അവസ്ഥയിലേക്കുള്ള പരിണാമം അത്ഭുതകരംതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.