ജൂലൈ 26ന് പാരിസിൽ ഒളിമ്പിക്സിന് തിരിതെളിയും. ഒളിമ്പിക്സിൽ എന്താണ് ഇന്ത്യയുടെ സാധ്യതകൾ? പ്രതീക്ഷകൾ? മുൻ ഒളിമ്പിക്സുകളേതിനേക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്താൻ ഇന്ത്യക്ക് ആവുമോ? –മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ് കൂടിയായ ലേഖകന്റെ നിരീക്ഷണങ്ങൾ.
മൂന്നാമതും പാരിസ് ഗ്രീഷ്മകാല ഒളിമ്പിക്സിനു വേദിയാകുമ്പോൾ മത്സരരംഗത്ത് പുരുഷ-വനിത താരങ്ങളുടെ എണ്ണത്തിൽ തുല്യത. 1900ത്തിൽ പാരിസിൽ നടന്ന രണ്ടാം ആധുനിക ഒളിമ്പിക്സിലാണ് വനിതകൾ അരങ്ങേറിയത്. അന്ന് 2.2 ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യം. 1924ൽ വീണ്ടും പാരിസ് ആതിഥേയരായപ്പോൾ വനിതാ പ്രാതിനിധ്യം തുടക്കത്തിലേതിന്റെ ഇരട്ടി മാത്രം. ഒരു നൂറ്റാണ്ടു പിന്നിടുമ്പോൾ ഒളിമ്പിക്സിൽ പുരുഷന്മാരുടെ അത്രതന്നെ സ്ത്രീകളും മത്സരിക്കും. ഇതിനു മുമ്പ് ലണ്ടനു മാത്രമാണ് മൂന്നുതവണ ഒളിമ്പിക്സ് വേദിയാകാൻ കഴിഞ്ഞത് (1908ലും 48ലും 2012ലും).
േബ്രക്കിങ് അഥവാ േബ്രക് ഡാൻസ് എന്ന ഇനം പാരിസിൽ അരങ്ങേറും. ആകെ 34 സ്പോർട്സിൽ 329 വിഭാഗങ്ങളിൽ മത്സരം നടക്കും. ഒളിമ്പിക്സിലെ 28 അടിസ്ഥാന സ്പോർട്സ് ഇനങ്ങൾക്കു പുറമെ ആതിഥേയർക്ക് ആറെണ്ണം ഉൾപ്പെടുത്താം. പക്ഷേ, േബ്രക്കിങ്, സർഫിങ്, സ്കേറ്റ് ബോർഡിങ്, സ്പോർട് ക്ലൈമ്പിങ് എന്നിങ്ങനെ നാല് ഇനങ്ങളാണ് പാരിസ് അധികമായി ചേർത്തത്. ഇതിൽ േബ്രക്കിങ് മാത്രമാണ് ഒളിമ്പിക്സിൽ പുതിയ ഇനം. കരാട്ടേ, സോഫ്റ്റ്ബാൾ, ബേസ്ബാൾ എന്നിവ ഒഴിവാക്കപ്പെട്ടു.
യുക്രെയിനിൽആക്രമണം നടത്തിയതിന്റെ പേരിൽ റഷ്യയെയും ബെലറൂസിനെയും ഒളിമ്പിക്സിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കിയിരിക്കുകയാണ്. പക്ഷേ, ഈ രാജ്യങ്ങളിൽനിന്നുള്ള കായികതാരങ്ങൾക്ക് വ്യക്തിപരമായി മത്സരിക്കാം. അഭയാർഥികളുടെ ടീമും ഉണ്ടാകും.
പക്ഷേ, ഒളിമ്പിക്സ് അട്ടിമറിക്കാൻ റഷ്യ ശ്രമിക്കുമെന്ന ആശങ്കയില്ലാതില്ല. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയിൽനിന്നും (ഐ.ഒ.സി) ലോക ഉത്തേജക വിരുദ്ധ ഏജൻസിയിൽനിന്നും (വാഡ) കടുത്ത നടപടികൾ നേരിടുന്ന റഷ്യ ഒളിമ്പിക്സിനു സമാന്തരമായി പ്രഖ്യാപിച്ചിരിക്കുന്ന ‘ഫ്രണ്ട്ഷിപ് ഗെയിംസി’ൽ പങ്കെടുക്കരുതെന്ന് ഐ.ഒ.സി ദേശീയ ഒളിമ്പിക് കമ്മിറ്റികൾക്ക് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
ആധുനിക ഒളിമ്പിക് ചരിത്രത്തിൽ ആദ്യമായി ഉദ്ഘാടന ചടങ്ങുകൾ ഇക്കുറി പൊതുവേദിയിലാണ്. പാരിസ് നഗരത്തിലൂടെ ഒഴുകുന്ന സെൻ നദിയിലൂടെ ബോട്ടിൽ താരങ്ങളുടെ മാർച്ച് പാസ്റ്റ് നടത്താനാണു തീരുമാനം. ഐഫൽ ടവറിനു മുന്നിലെ െട്രാക്കെഡറോ ഉദ്യാനത്തിൽ ഗെയിംസിന്റെ മണിമുഴങ്ങും. ഗെയിംസ് അട്ടിമറിക്കാൻ റഷ്യ ശ്രമിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക് സുരക്ഷ മുൻനിർത്തി ഒരു പ്ലാൻ ‘ബി’ തീർച്ചയായും സംഘാടകർ തയാറാക്കിയിട്ടുണ്ടാകും.
ചരിത്രത്തിലെ ഏറ്റവും പ്രകൃതിസൗഹൃദ ഒളിമ്പിക്സായിരിക്കും പാരിസിലേത്. കാർബൺ ബഹിർഗമനം 17.5 ലക്ഷം ടൺ ആയി കുറയും. റിയോയിലും ടോക്യോയിലും ഉണ്ടായതിന്റെ പകുതി. ഫ്രഞ്ച് വിപ്ലവകാലത്ത് സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി ധരിച്ചിരുന്ന ‘ഫീജ്’ തൊപ്പിയുടെ രൂപത്തിൽനിന്ന് വികസിപ്പിച്ചെടുത്ത ‘ഫീജ്’ ആണ് പാരിസ് ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം. ഐഫൽ ടവറിലെ ഇരുമ്പുപാളികളിൽനിന്നുള്ള ഒരംശംകൂടി ചേർത്താണ് മെഡലുകൾ നിർമിച്ചിരിക്കുന്നത്.
മുപ്പത്തഞ്ച് വേദികളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുക. അത്ലറ്റിക്സും സമാപന ചടങ്ങുകളും പാരിസിലെ ‘സ്റ്റാദ് ദ് ഫ്രാൻസ്’ സ്റ്റേഡിയത്തിലാണ്. 15,000 കിലോമീറ്റർ അകലെ വരെ വേദികൾ ഉണ്ട്. 1924ലെ പാരിസ് ഒളിമ്പിക്സ് നടത്തിയ, കൊളംബസിലെ സ്റ്റാദ് ഈവ് ദ് മനുവർ സ്റ്റേഡിയത്തിലും മത്സരങ്ങൾ നടക്കും. നവീകരിച്ച ഈ സ്റ്റേഡിയത്തിൽ (ഒളിമ്പിക് സ്റ്റേഡിയം) ആയിരിക്കും ഹോക്കി മത്സരങ്ങൾ.
ടോക്യോയിൽ ഏഴു മെഡൽ (ഒരു സ്വർണം, രണ്ടു വെള്ളി, നാലു വെങ്കലം) നേടി ഒളിമ്പിക് ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചെവച്ച ഇന്ത്യ ഇത്തവണ ഇരട്ടസംഖ്യ ലക്ഷ്യമിടുന്നു. 1992 വരെ, ഹോക്കിയിൽ നേടിയ എട്ടു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും ഒഴിച്ചാൽ 1952ൽ ഹെൽസിങ്കിയിൽ ഗുസ്തിയിൽ കെ.ഡി. ജാദവ് നേടിയ വെങ്കലം മാത്രമായിരുന്നു ഒളിമ്പിക്സിലെ ഇന്ത്യൻ നേട്ടം. എന്നാൽ, 1996ൽ അറ്റ്ലാന്റയിൽ ലിയാൻഡർ പേസ് ടെന്നിസിൽ വെങ്കലം നേടിയത് വലിയൊരു മാറ്റത്തിന്റെ തുടക്കമായി. 16 വർഷത്തിനുശേഷം ഇന്ത്യ മെഡൽ പട്ടികയിൽ സ്ഥാനം വീണ്ടെടുത്തുവെന്നു മാത്രമല്ല, തുടർന്നു നടന്ന ഒളിമ്പിക്സിൽ ഇന്ത്യ മെഡൽ ഇല്ലാതെ മടങ്ങിയിട്ടില്ല.
2008ൽ ബെയ്ജിങ്ങിൽ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയിലൂടെ ഒളിമ്പിക്സിലെ പ്രഥമ വ്യക്തിഗത സ്വർണം നേടിയ ഇന്ത്യ 2021ൽ (ടോക്യോ 2020) നീരജ് ചോപ്രയിലൂടെ അത്ലറ്റിക്സിൽ ആദ്യ മെഡൽ (സ്വർണം) നേടി. ബെയ്ജിങ്ങിൽ മൂന്നും ലണ്ടനിൽ ആറും റിയോയിൽ രണ്ടും മെഡൽ നേടിയ ഇന്ത്യ ടോക്യോയിൽ റെക്കോഡ് നേട്ടമുണ്ടാക്കി. വെങ്കലം നേടിക്കൊണ്ട് ടോക്യോയിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം തിരിച്ചുവരവ് നടത്തിയപ്പോൾ വനിതകൾ നാലാം സ്ഥാനം കരസ്ഥമാക്കി.
ഇക്കുറി വനിതാ ഹോക്കി ടീം യോഗ്യത നേടിയില്ല എന്നതാണ് ഏറ്റവും വലിയ തിരിച്ചടി. അതുപോലെ ടോക്യോയിൽ ഗുസ്തിയിൽ വെള്ളി നേടിയ രവികുമാർ ദഹിയയും വെങ്കലം സ്വന്തമാക്കിയ ബജ്റങ് പൂനിയയും പാരിസിൽ ഉണ്ടാവില്ല.
ക്വോട്ട നേടിയ താരങ്ങളെത്തന്നെ മത്സരിപ്പിക്കാനും ഫൈനൽ ട്രയൽസ് ഒഴിവാക്കാനും റെസ് ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തീരുമാനിച്ചതാണ് രവി ദഹിയക്കും ബജ്റങ് പൂനിയക്കും തിരിച്ചടിയായത്. ഇരുവരും യോഗ്യതാ മത്സരങ്ങൾക്കുള്ള ട്രയൽസിൽ പരാജയപ്പെട്ടിരുന്നു. മാത്രമല്ല ഡോപ് ടെസ്റ്റിന് ഹാജരാകാഞ്ഞതിന്റെ പേരിൽ ബജ്റങ് പൂനിയ സസ്പെൻഷൻ നേരിടുകയുമാണ്. പ്രണതി നായക് (ജിംനാസ്റ്റിക്സ്), നിതു ഗാഞ്ചസ് (ബോക്സിങ്), പർവീൻ ഹൂഡാ (ബോക്സിങ്), എം. ശ്രീശങ്കർ (അത്ലറ്റിക്സ്), ഭവാനി ദേവി (ഫെൻസിങ്) എന്നിവരാണ് പാരിസിൽ ഇല്ലാത്ത മറ്റു പ്രമുഖ താരങ്ങൾ. ശ്രീശങ്കർ ലോങ് ജംപിൽ യോഗ്യത നേടിയിരുന്നെങ്കിലും പരിക്ക് വിനയായി.
ഈ തിരിച്ചടികളിൽ ചിലത് ഇന്ത്യൻ സ്പോർട്സിലെ രാഷ്ട്രീയ അതിപ്രസരത്തിന്റെ ബാക്കിപത്രമാണ്. എങ്കിലും ഇന്ത്യ പ്രതീക്ഷയിൽതന്നെ. ജാവലിൻ താരം, നിലവിലെ ഒളിമ്പിക്, ലോക, ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ നീരജ് ചോപ്രയിൽനിന്ന് പാരിസിലും ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നു. രണ്ടുതവണ ലോക വനിതാ ബോക്സിങ് ചാമ്പ്യനായ നിഖാത് സരിനും ടോക്യോയിൽ വെങ്കലം നേടിയ ലൗലീനാ ബോർഗോഹെയ്നും മെഡൽ പ്രതീക്ഷയാണ്. ഗുസ്തിയിൽ മെഡൽ നേട്ടം സാധ്യമായ ഒന്നിൽ അധികം താരങ്ങൾ ഉണ്ടെങ്കിലും ലൈംഗിക ആരോപണങ്ങളും ഉത്തേജക വിവാദവും ട്രയൽസ് സംബന്ധിച്ച് ഉയർന്ന പ്രശ്നങ്ങളുമൊക്കെ താരങ്ങളുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ല.
ടോക്യോയിൽ മെഡൽ നേട്ടത്തിനു തുടക്കമിട്ട ഭാരോദ്വഹന താരം മീരാബായ് ചാനു പാരിസിലും മത്സരിക്കുന്നു. ടോക്യോയിൽ നാലാം സ്ഥാനംകൊണ്ടു തൃപ്തിപ്പെട്ട ഗോൾഫ് താരം അതിഥി അശോക് പാരിസിൽ പോഡിയത്തിൽ എത്തുമെന്നു കരുതാം. പുരുഷ ഹോക്കി ടീം ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരാണ്; അതുവഴി യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാതെ പാരിസിൽ ബെർത്ത് നേടി.
ബാഡ്മിന്റണിൽ മെഡൽ കിട്ടിയാൽ പി.വി. സിന്ധുവിന് ഹാട്രിക് ആകും. ഒപ്പം എച്ച്.എസ്. പ്രണോയിയും ലക്ഷ്യ സെന്നും സിംഗ്ൾസിൽ ഉണ്ട്. പക്ഷേ, ഏറ്റവും വലിയ പ്രതീക്ഷ പുരുഷ ഡബ്ൾസിൽ സ്വാതിക് സായ് രാജ് റാങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിലാണ്. ഷൂട്ടിങ്ങിൽ ലഭ്യമായ ക്വോട്ടകളെല്ലാം ഇന്ത്യയുടെ പുരുഷ–വനിത താരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ, വലിയ പ്രതീക്ഷയോടെ ഇറങ്ങി നിരാശപ്പെടുത്തിയ അനുഭവമായിരുന്നു റിയോയിലും ടോക്യോയിലും സംഭവിച്ചത്. പാരിസിൽ തിരിച്ചുവരുമെന്നു കരുതാം. ടെന്നിസ് ഡബ്ൾസിൽ മെഡൽ നേടി രംഗം വിടാൻ രോഹൻ ബൊപ്പണ്ണക്ക് ശ്രീറാം ബാലാജി ഉറച്ച പിന്തുണ നൽകാൻ ഇടയാകട്ടെ. ആർച്ചറിയിൽ അട്ടിമറിക്കായി കാത്തിരിക്കാം. ഷൂട്ടർമാർ തിളങ്ങിയാൽ ഇന്ത്യ മെഡൽ നേട്ടത്തിൽ രണ്ടക്കത്തിലെത്തും.
ജാവലിനിൽ നീരജ് ചോപ്രക്കും കിഷോർ കുമാർ ജെനക്കുമൊപ്പം മൂന്നാമനായി എൻട്രി ലഭിക്കുമെന്നു കരുതിയ ഡി.പി. മനു ഉത്തേജകത്തിൽ കുടുങ്ങി. ഒളിമ്പിക് യോഗ്യത നേടിയിരുന്ന വനിത ബോക്സർ പ്രവീൺ ഹൂഡയും ഉത്തേജകത്തിനു സസ്പെൻഷൻ നേരിടുന്നു. 28 അംഗ ട്രാക്ക് ആൻഡ് ഫീൽഡ് ടീമിൽ അഞ്ചു മലയാളി താരങ്ങൾ ഉണ്ട്. സംഘത്തിൽ ഒളിമ്പിക് യോഗ്യതാ മാർക്ക് കടന്നവരും ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ബെർത്ത് കിട്ടിയവരും ഉൾപ്പെടും. 28 പേരിൽ 11 വനിതകളാണ്. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ ആഗസ്റ്റ് ഒന്നു മുതൽ 11 വരെയാണ്.
ഇത്തവണ ഒളിമ്പിക്സിൽ മാരത്തൺ റേസ് വാക്ക് മിക്സ്ഡ് ടീം ഇനം ഉൾപ്പെടുത്തിയപ്പോൾ പുരുഷന്മാരുടെ 50 കി.മീ. നടത്തം ഒഴിവാക്കി. അബ്ദുല്ല അബൂബക്കർ (ട്രിപ്ൾ ജംപ്), മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് (4 x 400 മീ. റിലേ) മിജോ ചാക്കോ കുര്യൻ (4 x 400 റിലേ, 4 x 400 മിക്സ്ഡ് റിലേ) എന്നിവരാണ് ഇന്ത്യൻ അത്ലറ്റിക് ടീമിൽ ഇടംനേടിയ മലയാളി താരങ്ങൾ. ഇതിൽ അമോജ് ജേക്കബും മിജോ ചാക്കോ കുര്യനും മറുനാടൻ മലയാളികളാണ്.
ഇവർക്കു പുറമെ ഹോക്കിയിൽ പി.ആർ. ശ്രീജേഷും ബാഡ്മിന്റണിൽ എച്ച്.എസ്. പ്രണോയിയും മലയാളികളായുണ്ട്. ശ്രീജേഷിന് ഇത് നാലാം ഒളിമ്പിക്സാണ്. 2020ലെ ടോക്യോ ഒളിമ്പിക്സിന്റെ ആവർത്തനംപോലെ ഇക്കുറിയും ഇന്ത്യൻ ടീമിൽ മലയാളി വനിതാ താരങ്ങൾ ഇല്ല. ടോക്യോയിൽ ഒമ്പത് മലയാളി പുരുഷ താരങ്ങൾ പങ്കെടുത്തു. ഇക്കുറി ഏഴ് മലയാളി പുരുഷതാരങ്ങളുണ്ട്.
ലോങ് ജംപിൽ കേരളത്തിന്റെ എം. ശ്രീശങ്കർ വളരെ നേരത്തേ ഒളിമ്പിക് യോഗ്യതാ മാർക്ക് കടന്നെങ്കിലും പരിശീലന വേളയിൽ പരിക്കേറ്റതിനാൽ പിൻവാങ്ങി. ഇതോടെ പുരുഷ-വനിത ലോങ് ജംപിൽ ഇന്ത്യക്ക് എൻട്രിയില്ല. ജസ്വിൻ ആൾഡ്രിൻ മുപ്പത്തിമൂന്നാം റാങ്കിൽ എത്തിയിരുന്നു. ഏഴാം റാങ്കിലുള്ള ശ്രീശങ്കർ പിൻവാങ്ങിയപ്പോൾ 32ാം റാങ്ക് എന്ന കട്ട് ഓഫ് മാർക്കിൽ ആൾഡ്രിൻ എത്തുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. ഒരുപക്ഷേ അവസരം ഒരുങ്ങിയേക്കാം. വനിതകളുടെ ലോങ് ജംപിൽ മലയാളി താരം ആൻസി സോജനും, അഞ്ജു ബോബി അക്കാദമിയിലെ ഷൈലി സിങ്ങും പ്രതീക്ഷ പുലർത്തിയെങ്കിലും റാങ്കിങ്ങിൽ പിന്നിലായി. 1980ൽ മോസ്കോ ഒളിമ്പിക്സിൽ പി.ടി. ഉഷ മത്സരിച്ച നാൾ മുതൽ 2016ൽ റി
യോയിൽ വരെ കേരളത്തിൽനിന്നുള്ള വനിതാ താരങ്ങൾ ഒളിമ്പിക്സിൽ തുടരെ മത്സരിച്ചിരുന്നു. ഒരുകാലത്ത് ഇന്ത്യൻ വനിതാ റിലേ ടീമിൽ നാലിൽ മൂന്നും മലയാളികളായിരുന്നു. കേരള വനിതകൾ കുത്തകയാക്കിയിരുന്ന ഒരു ലാപ് ഓട്ടത്തിൽ ഇപ്പോൾ അവർ പിന്നിലാണ്. റിസർവ് ലിസ്റ്റിൽപോലും ആരും എത്തുന്നില്ല.
ഒളിമ്പിക്സിൽ സംസ്ഥാനത്തെക്കുറിച്ചു ചിന്തിക്കുന്നത് ശരിയല്ല. രാജ്യത്തെയാണ് കണക്കാക്കേണ്ടത്. അതിനാൽ ഇന്ത്യ മെഡൽ നേട്ടത്തിൽ ഇരട്ടസംഖ്യ തികക്കുമോ എന്നു നോക്കാം. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഏറ്റവുമധികം സ്വർണം നേടിയത് ഷൂട്ടിങ്ങിലാണ്. പക്ഷേ, മിക്സ്ഡ് ഇനങ്ങൾ അല്ലാതെ ടീം ഇനങ്ങൾ ഒളിമ്പിക് ഷൂട്ടിങ്ങിൽ ഇല്ല. ഷൂട്ടിങ്ങും ആർച്ചറിയും ഭാഗ്യപരീക്ഷണംകൂടിയാണ്. ഭാഗ്യം ഇന്ത്യൻ താരങ്ങളെ തുണക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.