ബെയ്ജിങ്: മുടിവെട്ടാൻ പോയി ഹെയർസ്റ്റൈൽ ഒന്ന് പാളിയാൽ അത് എത്രത്തോളം ദുഷ്കരമാണെന്ന് ഏവർക്കുമറിയാം. പുതിയ സ്റ്റൈൽ പരീക്ഷണം തെറ്റിയാലോ നമ്മൾ പറഞ്ഞ രീതി ബാർബർ തെറ്റിദ്ധരിക്കുകയോ ചെയ്താൽ പിന്നെ നമ്മുടെ മൊത്തം മൂഡ് പോയീന്ന് പറഞ്ഞാൽ മതിയെല്ലോ.
നമ്മുടെ ഹെയർകട്ടിൽ സംതൃപ്തനല്ലെങ്കിൽ നാം അത് സഹിക്കാറാണ് പതിവ്. എന്നാൽ ചൈനയിൽ നിന്നുള്ള 10 വയസുകാരനായ പയ്യൻ നേരെ പൊലീസിനെ വിളിക്കുകയാണ് ചെയ്തത്. തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള ബാലനാണ് മുടിവെട്ടിയത് ശരിയാകാത്തതിന് പൊലീസിനെ വിളിച്ചതെന്ന് എസ്.സി.എം.പി റിപ്പോർട്ട് ചെയ്തു.
ഗ്വിസോയിലെ അൻഷുനിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം. മുടിവെട്ടിയത് ശരിയാകാതെ വന്നതോടെ ബാലൻ ബാർബറോട് കട്ടക്കലിപ്പായി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വൈബോയിൽ വൈറലായി മാറി. ദേഷ്യം കരച്ചിലായി മാറുകയും തന്‍റെ മുടിയിൽ സങ്കടത്തോടെ വിരലോടിക്കുകയും ചെയ്യുന്ന ബാലനെ വിഡിയോയിൽ കാണാനാകും. ഉടൻ പയ്യൻ പൊലീസിനെ വിളിച്ചു. സലൂണിലെത്തിയ പൊലീസുകാർ കാരണം കേട്ട് ഞെട്ടി.
ശേഷം വിഷയത്തിൽ ഒത്തുതീർപ്പാക്കാൻ പയ്യന്‍റെ മുതിർന്ന സഹോദരിയെ പൊലീസ് ഏൽപിച്ചു. സഹോദരനെ താൻ ഉപദേശിച്ച് െകാള്ളാമെന്നും ഇത്തരം കാര്യങ്ങളിൽ പൊലീസിനെ വലിച്ചിഴക്കരുതെന്നും അവനെ ഗുണദോഷിക്കാമെന്നും സഹോദരി പറഞ്ഞു.
ഹെയർസ്റ്റൈലിനെ കുറിച്ച് ബാലൻ സദാ ശ്രദ്ധാലുവായിരുന്നുവെന്നും അതിനാലാണ് ഇത്തരത്തിൽ പ്രതികരിച്ചതെന്നും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.