വാഷിങ്ടൺ ഡി.സി: 105ാം വയസ്സിൽ ഒരാൾക്ക് എന്തൊക്കെ ചെയ്യാനാകും? വീട്ടിലിരുന്ന് ജീവിത സായാഹ്നം ആസ്വദിക്കുകയും കൊച്ചുമക്കളോടൊപ്പം സമയം ചെലവിടുകയുമൊക്കെ ചെയ്യുമെന്നാണ് മറുപടിയെങ്കിൽ ജൂലിയ ഹോക്കിൻസ് എന്ന മുത്തശ്ശിയുടെ കാര്യത്തിൽ അതുക്കും മേലെയാണ് കാര്യങ്ങൾ. ഓട്ടമത്സരത്തിന്‍റെ ട്രാക്കിലിറങ്ങി റെക്കോർഡിട്ടതിന്‍റെ ആവേശത്തിലാണ് ജൂലിയ മുത്തശ്ശി. 100 മീറ്റർ ഓട്ടമത്സരം പൂർത്തിയാക്കിയാണ് റെക്കോർഡിട്ടത്.
റിട്ട. അധ്യാപികയായ ജൂലിയ ഹോക്കിൻസ്, ലൂസിയാന സീനിയർ ഗെയിംസിൽ ഒരു മിനിറ്റും രണ്ട് സെക്കൻഡും സമയമെടുത്താണ് 100 മീറ്റർ ഓട്ടം പൂർത്തിയാക്കിയത്. 105 വയസ് വിഭാഗത്തിൽ മത്സരം പൂർത്തിയാക്കുന്ന ആദ്യത്തെ വനിതയാണ്. റെക്കോർഡിട്ട സന്തോഷത്തിലും ഇതിലും മെച്ചപ്പെട്ട പ്രകടനം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ജൂലിയ പറയുന്നത്. ഒരു മിനിറ്റിനുള്ളിൽ തന്നെ ഓട്ടം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്.
100ാം വയസ് മുതലാണ് ഇവർ ഓട്ടം തുടങ്ങിയത്. നേരത്തെ സൈക്ലിങ് ആയിരുന്നെങ്കിലും 90കളുടെ അവസാനത്തിൽ സൈക്കിൾ ചവിട്ടുന്ന സമപ്രായക്കാർ ഇല്ലാതായി. ഇതോടെ ട്രാക്കിലേക്ക് തിരിയുകയായിരുന്നു. 2017ൽ 100 മീറ്റർ 39.62 സെക്കൻഡിൽ പൂർത്തിയാക്കി റെക്കോർഡിട്ടിരുന്നു. പിന്നീട് ഈ റെക്കോർഡ് തകർക്കപ്പെട്ടു.
ഓട്ടത്തോടുള്ള താൽപര്യം കാരണം ജൂലി ഹരിക്കേയ്ൻ ഹോക്കിൻസ് എന്നാണ് ഇവരെ വിളിക്കുന്നത്. തനിക്ക് കഴിയാവുന്ന കാലത്തോളം ഓട്ടം തുടരുമെന്ന് ഇവർ പറയുന്നു. വാർധക്യകാലത്ത് സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ഇത്തരം പ്രവൃത്തികളിലും മത്സരങ്ങളിലും സമീവമായി പങ്കെടുക്കൂവെന്നാണ് തനിക്ക് മറ്റുള്ളവരോട് പറയാനുള്ളതെന്ന് ജൂലിയ ഹോക്കിൻസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.