പ്യോങ്യാങ്: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും മകൾ കിം ജൂ യേയും കടൽത്തീരത്തുകൂടെ ഉലാത്തുന്നതിന്റെയും നക്ഷത്ര ഹോട്ടൽ സന്ദർശിക്കുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവിട്ട് ദേശീയ മാധ്യമമായ കെ.സി.എൻ.എ. ഉപരോധത്തെ തുടർന്ന് തകർന്ന സമ്പദ് വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കാൻ ഉത്തര കൊറിയൻ നേതാവ് ടൂറിസം വികസനത്തിന് ഊന്നൽ നൽകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് അപൂർവ ദൃശ്യങ്ങൾ പുറത്തുവന്നത്.
വോൺസാന്റെ കൽമയിലെ മണൽ നിറഞ്ഞ ബീച്ചുകളെ രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 2014 മുതൽ മേഖലയിൽ പ്രവൃത്തികൾ നടന്നുവരികയാണ്. കിങ് ജോങ് ഉന്നിനാണ് ഇതിന്റെ മേൽനോട്ടം. വോൻസാൻ കൽമ വികസന പദ്ധതിയുടെ ഭാഗമായ റിസോർട്ട്, ടൂറിസം വികസിപ്പിക്കുന്നതിലെ ആദ്യ വലിയ ചുവടുവെപ്പാണെന്ന് കിം പറഞ്ഞു.
കോവിഡാനന്തരം നാലു വർഷത്തോളം നീണ്ട ഒറ്റപ്പെടലിന് ശേഷം 2023 ഓഗസ്റ്റിൽ അതിർത്തി വീണ്ടും തുറന്നെങ്കിലും സാമ്പത്തിക വെല്ലുവിളികളിൽനിന്ന് ഉത്തര കൊറിയക്ക് കരകയറാനായിട്ടില്ല. അന്താരാഷ്ട്ര ഉപരോധങ്ങൾ തങ്ങളുടെ വിനോദസഞ്ചാര മേഖലയെ നേരിട്ട് ബാധിക്കുകയില്ല എന്ന വസ്തുത തിരിച്ചറിഞ്ഞ് വിദേശ കറൻസി ഉണ്ടാക്കുന്നതിനുള്ള ഒരു മാർഗമായി ഉത്തരകൊറിയ ടൂറിസത്തിലേക്ക് തിരിഞ്ഞിരിക്കുന്നുവെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
യു.എസ്- ദക്ഷിണ കൊറിയൻ ചേരിക്കെതിരെ റഷ്യയുമായുള്ള നയതന്ത്ര ബന്ധം പിടിവള്ളിയാക്കിയിരിക്കുകയാണ് കിങ് ജോങ് ഉൻ. വരുന്ന ജൂണിൽ കൽമ ടൂറിസ്റ്റ് സോൺ തുറക്കുന്നതോടെ റഷ്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ രാജ്യം സജീവമായി ശ്രമിക്കുമെന്ന് കൊറിയൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.