മസ്ജിദുൽ അഖ്സയിൽ ഇന്ന് ജുമുഅ നിർവഹിച്ചത് 1.25 ലക്ഷം ഫലസ്തീനികൾ

ജറൂസലം: ഇസ്രായേൽ സൈന്യം ഏർപ്പെടുത്തിയ വിലക്കുകളും നിയന്ത്രണങ്ങളും മറികടന്ന് റമദാനിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ ഇന്ന് അധിനിവേശ കിഴക്കൻ ജറൂസലമിലെ മസ്ജിദുൽ അഖ്സയിൽ ജുമുഅ നിർവഹിക്കാൻ എത്തിയത് 1.25 ലക്ഷം ഫലസ്തീനികൾ. ഇസ്‍ലാമിക് വഖഫ് ഡിപ്പാർട്ട്‌മെൻറാണ് കണക്കുകൾ പുറത്തുവിട്ടത്.

കഴിഞ്ഞ വർഷം റമദാനിലെ മൂന്നാമത്തെ വെള്ളിയാഴ്ച ഏകദേശം 2,50,000 പേർ എത്തിയിരുന്നുവെന്നും ഇത്തവണ അത് നേർപകുതിയായെന്നും ജറൂസലം ഇസ്‍ലാമിക് വഖ്ഫ് ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ ജനറൽ ശൈഖ് അസം അൽ ഖാത്തിബ് പറഞ്ഞു. 55 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്കും 50 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്താൻ ഇസ്രായേൽ തീരുമാനിച്ചിരുന്നു.  

വിശ്വാസികൾ പ്രവേശിക്കുന്നത് തടയാൻ പള്ളിയുടെ കവാടത്തിലും ജറൂസലം പഴയ നഗരത്തിലും ഇസ്രായേൽ സൈന്യം ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ജറൂസലമിലേക്കുള്ള വിവിധ റോഡുകളിലെ നിരവധി ചെക്ക്‌പോസ്റ്റുകൾ ഇസ്രായേൽ സൈന്യം അടച്ചുപൂട്ടിയതിനാൽ അധിനിവേശ വെസ്റ്റ്ബാങ്കിൽനിന്ന് അഖ്സയിലേക്കുള്ള യാത്ര തടസ്സപ്പെട്ടതായി ഫലസ്തീൻ വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു. തുബാസിന് കിഴക്കുള്ള തയാസിർ ചെക്ക്‌പോസ്റ്റും ജെറിക്കോയിലേക്കുള്ള റോഡുകളും ഇങ്ങനെ തടഞ്ഞതായി വഫ അറിയിച്ചു. റമദാനിലെ ഒന്നും രണ്ടും വെള്ളിയാഴ്ചകളിലും പതിനായിരക്കണക്കിന് വിശ്വാസികൾ മസ്ജിദുൽ അഖ്സയിൽ എത്തിയിരുന്നു.

ഗസ്സയിൽ ഇസ്രായേൽ ​നരനായാട്ടും ഉപരോധവും ആറുമാസമായി തുടർന്നിട്ടും പട്ടിണി അടിച്ചേൽപിച്ചിട്ടും ലോകരാഷ്ട്രങ്ങൾ നിഷ്‌ക്രിയത്വം പാലിക്കുന്നതിനെ ജുമുഅ പ്രഭാഷണത്തിൽ അൽ-അഖ്‌സ മസ്ജിദ് ഇമാം ശൈഖ് യൂസഫ് അബു സ്‌നൈന അപലപിച്ചു.



Tags:    
News Summary - 125,000 Palestinian worshippers perform prayers at Al-Aqsa Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.