ലണ്ടൻ: ചൈനീസ് യാത്രക്കാരെ വംശീയമായി പരിഹസിച്ച് ടിക് ടിക് വിഡിയോ ചെയ്ത രണ്ട് കാബിൻ ക്രൂ അംഗങ്ങളെ പുറത്താക്കി ബ്രിട്ടീഷ് എയർവെയ്സ്. വിമാനക്കമ്പനി ഒരുക്കിയ ആഡംബര റിസോർട്ടിൽ താമസിക്കുമ്പോഴാണ് ഹോളി വാൾട്ടനും ലോറൻ ബ്രെയും അധിക്ഷേപ വിഡിയോ പോസ്റ്റ് ചെയ്തത്. നന്നായി ഇംഗ്ലീഷ് സംസാരിക്കാത്ത ചൈനീസ് കുടുംബത്തെ വിഡിയോയിൽ അവർ പരിഹസിക്കുന്നുണ്ട്. വിമാനത്തിൽ മുറി ഇംഗ്ലീഷിലാണ് ചൈനീസ് കുടുംബം പാനീയം ഓർഡർ ചെയ്തത്. എനിക്ക് കുറച്ച് വൈൻ തരൂ എന്ന് ചൈനീസ് ആക്സന്റിൽ പറയുന്ന വാൾട്ടൻ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ കണ്ണ്കൊണ്ട് ആംഗ്യം കാണിക്കുന്നുമുണ്ട്.
വിഡിയോ ടിക്ടോക്കിൽ കണ്ടയുടൻ വിമാനത്തിലെ ഇവരുടെ സഹജീവനക്കാർ നടുക്കവും അതൃപ്തിയും പ്രകടിപ്പിച്ചു.ചൈനീസ് കുടുംബത്തെ മനപൂർവം അധിക്ഷേപിക്കുകയാണ് യുവതികളെന്ന് ഒരാൾ സൂചിപ്പിച്ചു. എയർലൈൻസിനെയും സഹജീവനക്കാരെയും സംശയത്തോടെ വീക്ഷിക്കാൻ പ്രേരിപ്പിക്കുന്ന വിഡിയോ ആണിതെന്ന് ഏഷ്യക്കാരിയായ മറ്റൊരു സഹപ്രവർത്തക ആരോപിച്ചു. ഞങ്ങൾ ഇതിനെ അനുകൂലിക്കില്ലെന്നും കാബിൻ ക്രൂ അംഗങ്ങൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
അശ്ലീലം നിറഞ്ഞ വിഡിയോ ആണിതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ വംശീയ വിദ്വേഷം മനസിൽ പേറി നടക്കുന്നവർ ഇതുപോലുള്ള വിഡിയോ ചിത്രീകരിച്ച് ലോകത്തിന് മുന്നിൽ പങ്കുവെക്കുന്നത് ഞെട്ടിക്കുന്നതാണെന്നു മറ്റൊരാൾ ചൂണ്ടിക്കാട്ടി.
ജീവനക്കാർക്കെതിരായ ആരോപണം ഗൗരവത്തോടെ കാണുന്നുവെന്നും വംശീയ അധിക്ഷേപം വെച്ചുപൊറുപ്പിക്കില്ലെന്നും ബ്രിട്ടീഷ് എയർവെയ്സ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.