വാഷിങ്ടൺ: 2024ൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വത്തിനായി മത്സരിക്കാൻ മലയാളിയായ ഇന്ത്യൻ വംശജനും. ബയോടെക് സംരംഭകനും ഫാർമസി മേഖലയിൽ പ്രവർത്തിക്കുന്നയാളുമായ വിവേക് രാമസ്വാമി എന്ന 37കാരനാണ് പ്രസിഡൻറ് സ്ഥാനാർഥിത്വത്തിനുള്ള ശ്രമം ആരംഭിച്ചത്.
ബുധനാഴ്ച പ്രസിഡൻറ് സ്ഥാനാർഥിത്വത്തിനായി നിക്കി ഹാലി പ്രചാരണം ആരംഭിച്ചിരുന്നു. ഇതിനൊപ്പം തന്നെയാണ് വിവേക് രാമസ്വാമിയുടെ രംഗപ്രവേശനവും. ഇയോവ സംസ്ഥാനത്തുനിന്നാണ് വിവേക് പ്രചാരണം ആരംഭിക്കുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസിഡൻഷ്യൽ സ്ഥാനാർഥിത്വത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശ്രദ്ധ നേടാനുള്ള ശ്രമമല്ലെന്നും വിവേക് രാമസ്വാമി വ്യക്തമാക്കി.
തിരുവനന്തപുരത്തുനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ വിവേക് ഗണപതിയുടെയും ഡോ. ഗീതയുടെയും മകനായി 1985ൽ ഒഹായോയിലെ സിൻസിനാറ്റിയിലാണ് ജനിച്ചത്. കോഴിക്കോട് ആർ.ഇ.സിയിൽനിന്ന് ബിരുദം നേടിയ വിവേക് ഗണപതി ജനറൽ ഇലക്ട്രിക്കിൽ എൻജിനീയറായാണ് പ്രവർത്തിച്ചിരുന്നത്. ഡോ. ഗീത ജെറിയാട്രിക് സൈക്യാട്രിസ്റ്റാണ്. വിവേക് ഹാർവാഡ്, യേൽ സർവകലാശാലകളിലാണ് പഠിച്ചത്. മികച്ച ടെന്നിസ് കളിക്കാരനുമായിരുന്നു.
2016ലെ ഫോർബ്സ് മാഗസിൻ പട്ടികയിൽ 40 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ അമേരിക്കയിലെ 24ാമത് സമ്പന്നനും ആയിരുന്നു. ഇന്ത്യൻ- അമേരിക്കൻ വംശജയായ ഡോ. അപൂർവയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. അമേരിക്കയിലെ യുവസംരംഭകരിൽ ശ്രദ്ധേയനായ വിവേക് രാമസ്വാമി, ബയോടെക് മേഖലക്കൊപ്പം മരുന്നുകളുടെ കണ്ടുപിടിത്തം, ഉൽപാദനം എന്നിവയിലും പ്രവർത്തിക്കുന്നുണ്ട്. അഞ്ച് മരുന്നുകൾക്ക് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം ലഭിച്ചിട്ടുണ്ട്. 500 ദശലക്ഷം ഡോളറിന്റെ സ്വത്തുണ്ടെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.