അഡിസ് അബാബ: ജപ്പാനീസ് കപ്പൽ പവിഴപുറ്റിൽ ഇടിച്ച് തകർന്നുണ്ടായ എണ്ണചോർച്ചയിൽ മൗറീഷ്യസ് കടൽത്തീരത്ത് കൂട്ടത്തോടെ ചത്തടിഞ്ഞ് ഡോൾഫിനുകൾ. വ്യാഴാഴ്ച ഏഴ് ഡോൾഫിനുകളുടെ ജഡമാണ് തീരത്തടിഞ്ഞത്്. എണ്ണ ചോർച്ചക്ക് പിന്നാലെ 17 ഡോൾഫിനുകളെ അഴുകിയ നിലയിൽ കണ്ടെത്തിയിരുന്നു.
ബുധനാഴ്ച കണ്ടെത്തിയ 17 ഡോൾഫിനുകളിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൻെറ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇതിന് ശേഷം മാത്രമേ ഡോൾഫിനുകൾ കൂട്ടമായി ചത്തൊടുങ്ങിയതിെൻറ കാരണം പറയാൻ കഴിയൂയെന്ന് ഫിഷറീസ് മന്ത്രാലയം ഉദ്യോഗസ്ഥൻ ജാസ്വിൻ സോക് പറഞ്ഞു.
"മരിച്ച ഡോൾഫിനുകളുടെ താടിയെല്ലിന് ചുറ്റും നിരവധി മുറിവുകൾ ഉണ്ടായിരുന്നു. എന്നാൽ ശരീരത്തിൽ എണ്ണയുടെ അംശം കണ്ടെത്താൻ കഴിഞ്ഞില്ല. പത്ത് വയസ്സിന് താഴെ പ്രായമുള്ള ഒന്ന് അവശനിലയിൽ കരക്കടിഞ്ഞിരുന്നു. അതിന് നീന്താൻ കഴിയുന്നുണ്ടായിരുന്നില്ല''.- ജാസ്വിൻ പറഞ്ഞു.
ജാപ്പനീസ് ഉടമസ്ഥതയിലുള്ള എം.വി വകാഷിയോ എന്ന എണ്ണകപ്പലാണ് മൗറീഷ്യസ് തീരത്തെ പവിഴപ്പുറ്റിലിടിച്ച് തകർന്നത്. സംഭവത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞ് ജൂലൈ 25 ഓടെയാണ് കപ്പലിൽ നിന്ന് എണ്ണ ഒഴുകാൻ തുടങ്ങിയത്. പിന്നീട് കപ്പൽ രണ്ടായി മുറിയുകയും ചെയ്തിരുന്നു.
ഡോൾഫിനുകളുടെ മരണകാരണവും എണ്ണ ചോർച്ചയുമായും തമ്മിൽ ബന്ധമുണ്ടോയെന്നറിയാൻ അടിയന്തര അന്വേഷണം നടത്തണമെന്ന് ഗ്രീൻപീസ് അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ മൗറീഷ്യസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എണ്ണ ചോർച്ചയുടെ ആഘാതം വലുതായിരിക്കുമെന്നും വൻ പാരിസ്ഥിതിക ദുരന്തമുണ്ടാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. 15 കിലോമീറ്റര്‍ പ്രദേശത്ത് ചോര്‍ച്ച ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് 38 തരം പവിഴപുറ്റും 78 ഇനം മത്സ്യങ്ങളും ഉള്ള ബ്ലൂ ബേ മറൈൻ പാർക്കിലേക്ക് നീങ്ങുകയാണെന്നും മൗറീഷ്യസ് മറൈൻ കൺസർവേഷൻ സൊസൈറ്റി അറിയിച്ചു. സംഭവം മൗറീഷ്യസിൻെറ വിനോദ സഞ്ചാരമേഖലയേയും ഇത് ബാധിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.