റാമല്ല: 2023 ഒക്ടോബർ ഏഴിനു ശേഷം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 34,344 ഫലസ്തീനികളെ ഗസ്സയിലെ ആരോഗ്യ മന്ത്രാലയം തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിൽ ഇസ്രായേൽ കൊന്നൊടുക്കിയ 80 ശതമാനത്തിലധികം ഫലസ്തീനികളുടെ പേരുകൾ, പ്രായം, ലിംഗം, ഐഡി നമ്പറുകൾ എന്നിവയുടെ പട്ടികയാണ് പുറത്തുവിട്ടത്. വിശദാംശങ്ങൾ 649 പേജുകളിലായാണ് പ്രസിദ്ധീകരിച്ചത്.
ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ ആശുപത്രികളിലും മോർച്ചറികളിലും സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരെ പ്രായം അനുസരിച്ചാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. 100ലധികം പേജുകൾ 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ പേരുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നാൽ സർക്കാരിനെ ഹമാസ് നിയന്ത്രിക്കുന്നതിനാൽ ഗസ്സ ആരോഗ്യ ഉദ്യോഗസ്ഥർക്ക് വിശ്വസനീയമായ കണക്കുകൾ നൽകാൻ കഴിയില്ലെന്ന് ഇസ്രായേൽ വാദിക്കുന്നു.
2009നും 2021നും ഇടയിൽ നടന്ന സംഘർഷങ്ങൾക്ക് ശേഷം യു.എൻ മരിച്ചവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. വർഷങ്ങൾ കൂടുമ്പോൾ ഗസ്സ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് കൊല്ലപ്പെട്ടവരുടെ കണക്കുകൾ ഏകോപിപ്പിക്കുന്ന രീതി തങ്ങൾക്കുണ്ടെന്ന് യു.എൻ. സെക്രട്ടറി ജനറലിന്റെ വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. മരിച്ച 34,344 പേരിൽ ഭൂരിഭാഗവും സിവിലിയന്മാരാണെന്ന് അധികൃതർ പറഞ്ഞു. ഇതിൽ 11355 കുട്ടികളും 60ഓ അതിൽ കൂടുതലോ പ്രായമുള്ള 2,955 പേരും 6,297 സ്ത്രീകളും ഉൾപ്പെടുന്നു.
നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 10,000ത്തോളം ആളുകൾ തകർന്ന കെട്ടിടങ്ങളിൽ മണ്ണിനടിയിലായി മൂടപ്പെട്ടിരിക്കുമെന്ന് കരുതപ്പെടുന്നു.
പട്ടിണി, മരുന്നുകളുടെയും ചികിത്സയുടെയും അഭാവം, പകർച്ചവ്യാധികളുടെ ദ്രുതഗതിയിലുള്ള വ്യാപനം, ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ തകർച്ച എന്നിവ നിരവധി ജീവൻ അപഹരിച്ചതായും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.