ധാക്ക: ബംഗ്ലാദേശിൽ സ്വകാര്യ കണ്ടെയ്നർ ഡിപ്പോയിലുണ്ടായ വൻ സ്ഫോടനത്തിൽ 50 പേർ മരിച്ചു. 450 ഓളം പേർക്ക് പരിക്കേറ്റു. ചിറ്റഗോങ് തുറമുഖത്തിൽനിന്ന് 40 കി.മീ അകലെ സീതകുണ്ഡയിൽ സ്വകാര്യ ബിഎം ഇൻലാൻഡ് കണ്ടെയ്നര്‍ ഡിപ്പോയിലാണ് ശനിയാഴ്ച രാത്രി ഒമ്പതോടെ അഗ്നിബാധയുണ്ടായത്. തുടർന്ന് രാസവസ്തുക്കൾ സൂക്ഷിച്ച കണ്ടെയ്നറുകളിലേക്ക് തീ പടരുകയായിരുന്നു. വിദേശത്തേക്ക് കയറ്റി അയക്കാനായി വസ്ത്രങ്ങളടക്കം സൂക്ഷിച്ച 5000 ഓളം കണ്ടെയ്നറുകളാണ് ഡിപ്പോയിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ പലരുടെയും നില അതിഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കും.
ഡിപ്പോയിലെ കണ്ടെയ്നറുകളിലൊന്ന് ഹൈഡ്രജൻ പെറോക്സൈഡ് നിറച്ചതായിരുന്നുവെന്നും അതിൽ തീ പടന്നതാകാം വൻ പൊട്ടിത്തെറിക്കിടയാക്കിയതെന്നും അഗ്നിശമനസേന മേധാവി മുഈനുദ്ദീൻ പറഞ്ഞു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഏഴ് അഗ്നിശമനസേനാംഗങ്ങളും ദുരന്തത്തിനിരയായി. നാല് പേരെ കാണാതായിട്ടുമുണ്ട്. 21 അഗ്നിശമനസേനാംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി മാധ്യമപ്രവർത്തകരെയും കാണാനില്ല. ഡിപ്പോയുടെ അടുത്തും അകലെയുമുള്ള നിരവധി താമസ കെട്ടിടങ്ങൾക്കും സ്ഫോടനത്തിൽ നാശനഷ്ടങ്ങൾ നേരിട്ടു.
18 മണിക്കൂർ എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. രാസവസ്തുക്കൾ സൂക്ഷിച്ച കൂടുതൽ കണ്ടെയ്നറുകൾ പൊട്ടിത്തെറിക്കാതെ സൂക്ഷിക്കാൻ ശ്രമം തുടരുകയാണ്. രാജ്യത്ത് അഗ്നിശമനസേന വകുപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സംഭവത്തിൽ തന്നെ ഇത്രയുമധികം സേനാംഗങ്ങളെ നഷ്ടമാകുന്നതെന്ന് മുതിർന്ന അഗ്നിശമനസേനാംഗം ഭരത് ചന്ദ്ര പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 20,000 രൂപയും സാമ്പത്തികസഹായം നൽകുമെന്ന് ചറ്റോഗ്രാം ഡിവിഷനൽ കമീഷണർ അഷ്റഫ് ഉദ്ദീൻ പറഞ്ഞു. പ്രധാനമന്ത്രി ശൈഖ് ഹസീന സംഭവത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.