പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ പെഷാവറിൽ ശിയാ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ 56 പേർ കൊല്ലപ്പെട്ടു. ആളുകൾ ജുമുഅ നമസ്കാരത്തിനായി തയാറെടുക്കവെയാണ് സ്ഫോടനം നടന്നത്. 194 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 പേരുടെ നില ഗുരുതരമാണ്.
പെഷാവറിലെ ക്വിസ്സ ഖവാനി ബസാറിലെ കുച്ച രിസാൽദർ പള്ളിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പള്ളിയിൽ അതിക്രമിച്ചുകടന്ന രണ്ട് അക്രമികൾ സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസുകാർക്കെതിരെ വെടിവെക്കുകയായിരുന്നുവെന്ന് പെഷാവർ പൊലീസ് ഓഫിസർ ഇജാസ് അഹ്സൻ പറഞ്ഞു.
ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പൊലീസുകാരന്റെ നില ഗുരുതരമാണ്. ഏറ്റുമുട്ടലിൽ ഒരു അക്രമിയും കൊല്ലപ്പെട്ടു. രണ്ടാമതെത്തിയ അക്രമിയാണ് ചാവേറായത്. ആക്രമണത്തെ പാകിസ്താൻ പ്രസിഡന്റ് ആരിഫ് അൽവിയും പ്രധാനമന്ത്രി ഇംറാൻ ഖാനും അപലപിച്ചു. അഫ്ഗാനുമായി അതിർത്തി പങ്കിടുന്ന നഗരത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.