ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കളിപ്പാട്ടമാണ് റൂബിക്സ് ക്യൂബ്. കേവലമൊരു കളിപ്പാട്ടമല്ല ഇത്; കുട്ടികളുടെ ബുദ്ധിവികാസത്തിനും മറ്റും പലരും നിർദേശിക്കുന്ന പസിൽ ഗെയിം കൂടിയാണിത്. എത്ര കളിച്ചാലും മതിവരാത്തതും പുതുമ നഷ്ടപ്പെടാത്തതുമായ ഈ കളിപ്പാട്ടത്തിന് 50 വയസ്സ് പൂർത്തിയായിരിക്കുന്നു.
1974ൽ, ഹംഗറിക്കാരനായ എർനോ റൂബിക് എന്ന ജ്യോമെട്രി പ്രഫസറാണ് റൂബിക്സ് ക്യൂബിന്റെ ഉപജ്ഞാതാവ്. ഏറെ യാദൃച്ഛികമായാണ് ഇത്തരമൊരു ആശയത്തിലേക്ക് അദ്ദേഹം എത്തിയത്. എട്ട് ചെറിയ ക്യൂബുകൾ ഉപയോഗിച്ച് വലിയൊരു ക്യൂബ് തയാറാക്കാമെന്നും അതിന്റെ നിറങ്ങൾ ഏകീകരിക്കുന്ന വിദ്യ അതീവ കൗതുകകരമായിരിക്കുമെന്നും അദ്ദേഹം കരുതി. അങ്ങനെയാണ് ആദ്യമായി മരത്തിൽ തീർത്ത ഒരു ക്യൂബ് അദ്ദേഹം തയാറാക്കിയത്. തൊട്ടടുത്ത വർഷം അദ്ദേഹം ‘മാജിക് ക്യൂബ്’ എന്ന പേരിൽ പാറ്റന്റിന് അപേക്ഷിക്കുകയും കളിപ്പാട്ടം വിപണിയിൽ ഇറക്കുകയും ചെയ്തു. 1979ൽ, മൂന്നുലക്ഷം ക്യൂബുകളാണ് ഹംഗറിയിൽ മാത്രമായി വിറ്റഴിഞ്ഞത്. പിന്നീട് ഒരു അമേരിക്കൻ കമ്പനി ഏറ്റെടുത്തതോടെ, റൂബിക്സ് ക്യൂബിന്റെ ഖ്യാതി ലോകമെങ്ങും പരന്നു.
റൂബിക്സ് ക്യൂബിന് ആറു മുഖങ്ങളുണ്ട്. ഓരോ മുഖവും ഒമ്പത് സമചതുരങ്ങളായി ഭാഗിച്ചിരിക്കുന്നു. വെള്ള, ചുവപ്പ്, നീല, ഓറഞ്ച്, പച്ച, മഞ്ഞ എന്നിങ്ങനെ ആറ് നിറങ്ങളിലാണ് സമചതുരങ്ങൾ. ‘കുഴ’ പോലുള്ള ഒരു സംവിധാനം ഉപയോഗിച്ച് ആറു വശങ്ങളും ഏതുരീതിയിൽ വേണമെങ്കിലും തിരിക്കാം. ഇങ്ങനെ തിരിക്കുമ്പോൾ എല്ലാ നിറങ്ങളും കൂടിക്കലരും. എന്നാൽ, ഒരു വശത്ത് ഒരേ നിറങ്ങളുള്ള മുഖമായി ക്യൂബിനെ മാറ്റിയെടുക്കുക എന്നതാണ് കളിക്കാരന്റെ ലക്ഷ്യം. പസിൽ പരിഹരിക്കാൻ പല സമവാക്യങ്ങളുമുണ്ട്. എന്നാൽ, വേഗത്തിൽ പരിഹരിക്കുക എന്നതാണ് കളിയിലെ മിടുക്ക്. നാല് സെക്കൻഡിനുള്ളിൽ പരിഹരിച്ചവർ വരെയുണ്ട്. ഇതിനായി ലോകത്ത് വിവിധ മത്സരങ്ങളും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.