രണ്ടുമാസം മുമ്പ് പന്നിയുടെ വൃക്ക സ്വീകരിച്ച 62കാരൻ മരണത്തിന് കീഴടങ്ങി

വാഷിങ്ടൺ: പന്നിയുടെ വൃക്ക ശരീരത്തിൽ മാറ്റിവെച്ച 62കാരൻ മരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷമാണ് റിച്ചാർഡ് സ്‍ലായ്മാന്റെ അന്ത്യം. ലോകചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരുന്നു പന്നിയുടെ വൃക്ക മനുഷ്യനിൽ മാറ്റിവെച്ച ശസ്ത്രക്രിയ. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു ശസ്ത്രക്രിയ നടന്നത്.

മസാചുസെറ്റ്സ് ജനറൽ ആശുപത്രിയിൽ നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വൃക്ക മാറ്റിവെച്ചത്. രണ്ടാഴ്ചക്കു ശേഷമാണ് ആശുപത്രി അധികൃതർ ഇതിന്റെ റിപ്പോർട്ട് പുറത്തുവിട്ടത്. റിച്ചാർഡിന്റെ മരണകാരണം അറിവായിട്ടില്ല. അവയവം മാറ്റിവെച്ചതു മൂലമുള്ള പ്രശ്നങ്ങളല്ല മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മസാചുസെറ്റ്സിലെ വെയ്മൂത്തിലായിരുന്നു റിച്ചാർഡിന്റെ താമസം. ടൈപ് 2 പ്രമേഹവും ഹൈപർ ടെൻഷനും വർഷങ്ങളായി ഇദ്ദേഹത്തെ വലച്ചിരുന്നു. വർഷങ്ങളായി ഡയാലിസിസിന് വിധേയനായിക്കൊണ്ടിരുന്ന റിച്ചാർഡിന് 2018ൽ ഇതേ ആശുപത്രിയിൽ വെച്ച് തന്നെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തിയിരുന്നു. അന്ന് മനുഷ്യന്റെ വൃക്കയായിരുന്നു മാറ്റിവെച്ചത്. എന്നാൽ ദാതാവിന്റെ വൃക്ക റിച്ചാർഡിന്റെ ശരീരം തിരസ്കരിച്ചു.

2023 മേയിൽ അദ്ദേഹം വീണ്ടും ഡയാലിസിസ് ചികിത്സക്കെത്തി. അത് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കൂടുതൽ വഷളാക്കി. പിന്നീടാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെക്കുന്നത്. മറ്റൊരു സ്പീഷീസിൽ നിന്ന് മനുഷ്യനിലേക്ക് അവയവ മാറ്റം നടത്തുന്ന ഈ പ്രക്രിയയെ സെനോട്രാൻസ്പ്ലാന്റേഷൻ എന്നാണ് പറയുന്നത്.

അവയവം മാറ്റിവയ്ക്കുന്ന ആൾക്ക് മറ്റ് അണുബാധകൾ ഒന്നും ഉണ്ടാകാതിരിക്കാൻ അവയവ ദാതാക്കളായി ഉപയോഗിക്കുന്ന പന്നികളെ പ്രത്യേകമായി പരിപാലിച്ചാണ് വളർത്തിയെടുക്കുന്നത്. ഇത്തരത്തിൽ പ്രത്യേകമായി വളർത്തിയെടുക്കുന്ന പന്നികളുടെ വൃക്കയ്ക്ക് മനുഷ്യാവയവങ്ങൾക്ക് സമാനമായ പ്രവർത്തനക്ഷമതയും വലിപ്പവും ഉണ്ടാകുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. പന്നിയുടെ വൃക്ക റിച്ചാർഡിന്റെ ശരീരം തിരസ്കരിക്കാതിരിക്കാനുള്ള ചികിത്സയും ഡോക്ടർമാർ നൽകിയിരുന്നു.

Tags:    
News Summary - 62 year old who received Pig Kidney transplant dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.