മോണ്ടെവിഡിയോ: തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ നടന്ന പ്രസിഡന്‍റു തെരഞ്ഞെടുപ്പിൽ ഇടതു പ്രതിപക്ഷ സ്ഥാനാർഥി യമാൻഡൂ ഒർസിക്ക് ജയം. സുപ്രധാന തെരഞ്ഞെടുപ്പിൽ കടുത്ത മൽസരത്തിനൊടുവിൽ യമാൻഡൂ ഒർസി യാഥാസ്ഥിതിക ഭരണസഖ്യത്തെ പുറത്താക്കി. മധ്യ-വലത് ഭരണസഖ്യത്തിന്റെ പ്രസിഡന്‍റ് സ്ഥാനാർത്ഥി അൽവാരോ ഡെൽഗാഡോ തന്റെ എതിരാളിയോട് പരാജയം സമ്മതിച്ചു.
തൊഴിലാളിവർഗ മുൻ ചരിത്ര അധ്യാപകനും ഉറുഗ്വേയുടെ ബ്രോഡ് ഫ്രണ്ട് സഖ്യത്തിൽനിന്നും രണ്ട് തവണ മേയറുമായ ഒർസി (57) തന്റെ അനുയായികളെ അഭിവാദ്യം ചെയ്യാൻ വേദിയിലെത്തിയപ്പോൾ ജനക്കൂട്ടം ഒഴുകി. ‘സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും രാജ്യം ഒരിക്കൽ കൂടി വിജയിച്ചു’വെന്ന് അദ്ദേഹം പറഞ്ഞു. കർശനമായ വോട്ടെടുപ്പിനുശേഷം 34ലക്ഷം ജനങ്ങളുള്ള രാജ്യത്തെ ഒന്നിപ്പിക്കും. ഇന്ന് വ്യത്യസ്ത വികാരങ്ങളുള്ള നമ്മുടെ രാജ്യത്തിന് മറ്റൊരു ഭാഗധേയമുണ്ടെന്നും മനസ്സിലാക്കാം. ഒരു മികച്ച രാജ്യം കെട്ടിപ്പടുക്കാൻ എല്ലാ ആളുകളും സഹായിക്കേണ്ടതുണ്ട് - അദ്ദേഹം പറഞ്ഞു.
ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ഡെൽഗാഡോ 46ശതമാനവും ഒർസി 49ശതമാനവും വോട്ടുകൾ നേടിയതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ബാക്കിയുള്ളവർ ഉറുഗ്വേയുടെ നിർബന്ധിത വോട്ടെടുപ്പിനെ ധിക്കരിച്ച് ശൂന്യ വോട്ടുകൾ രേഖപ്പെടുത്തുകയോ വിട്ടുനിൽക്കുകയോ ചെയ്തു.
കോവിഡ് മഹാമാരിക്കു ശേഷമുള്ള സാമ്പത്തിക അസ്വാസ്ഥ്യത്തെക്കുറിച്ചുള്ള അതൃപ്തി നിഴലിച്ച തെരഞ്ഞെടുപ്പിൽ ഓർസിയുടെ വിജയം നിർണായകമാണ്. 2024ൽ നടന്ന നിരവധി തെരഞ്ഞെടുപ്പുകളിൽ അസംതൃപ്തരായ വോട്ടർമാർ യു.എസും ബ്രിട്ടനും മുതൽ ദക്ഷിണ കൊറിയയും ജപ്പാനും വരെയുള്ള ഭരണകക്ഷികളെ ‘ശിക്ഷി’ച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.