വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് ചരിത്ര വിജയം നേടിയ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 79 ശതമാനം ജൂതന്മാരും വോട്ടുചെയ്തത് കമല ഹാരിസിനെന്ന് റിപ്പോർട്ട്. കഴിഞ്ഞ 24 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ജൂത വോട്ടാണ് ട്രംപിന് ലഭിച്ചത്. എൻ.ബി.സി ന്യൂസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ എക്സിറ്റ് പോളാണ് 21ശതമാനം മാത്രമാണ് ട്രംപിന് വോട്ടുചെയ്തതെന്ന് റിപ്പോർട്ട് ചെയ്തത്.
ഇസ്രായേലിനുള്ള യു.എസ് പിന്തുണ വളരെ ശക്തമാണെന്ന് കരുതുന്ന ജൂത വോട്ടർമാരിൽ ഭൂരിഭാഗവും ഡെമോക്രാറ്റുകളെയാണ് പിന്തുണക്കുന്നത്.
ജൂത വെർച്വൽ ലൈബ്രറിയുടെ കണക്കനുസരിച്ച്, 2020-ൽ ട്രംപിന് ജൂത വോട്ടിൻ്റെ 30 ശതമാനവും 2016-ൽ ജൂത വോട്ടിന്റെ 24 ശതമാനവും വോട്ടുലഭിച്ചിരുന്നു. 1980-ൽ റൊണാൾഡ് റീഗൻ ജൂത വോട്ടുകളുടെ 40 ശതമാനം വോട്ടുനേടിയിരുന്നു.
ഈ വർഷം ചില ജൂത ഡെമോക്രാറ്റുകളെ ഹാരിസിൽ നിന്ന് അകറ്റുമെന്ന് ചില വിശകലന വിദഗ്ധർ പ്രവചിച്ചിരുന്നെങ്കിലും അവർ മാറ്റത്തിന് തയാറായില്ല എന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അരിസോണ, ഫ്ലോറിഡ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരോലിന, ഒഹായോ, പെൻസിൽവാനിയ, ടെക്സസ്, വിസ്കോൺസിൻ എന്നീ 10 സംസ്ഥാനങ്ങളിൽ നടത്തിയ സർവേ റിപ്പോർട്ടാണിത്. അതേസമയം, ഏറ്റവും വലിയ ജൂത ജനസംഖ്യയുള്ള ന്യൂയോർക്കിൽ ജൂത വോട്ടുകൾക്കിടയിൽ വലിയ വ്യത്യാസം കാണിക്കുന്നുണ്ട്. ന്യൂയോർക്കിലെ ജൂതന്മാരിൽ 56 ശതമാനം ഹാരിസിനും 43 ശതമാനം ട്രംപിനും വോട്ട് ചെയ്തു.
എന്നാൽ, ‘ഇഞ്ചോടിഞ്ച്’ എന്ന് പ്രവചിക്കപ്പെട്ട മത്സരത്തിൽ നിർണായക സംസ്ഥാനങ്ങളിലടക്കം അനുകൂലമായ ജനവിധിയുണ്ടായുണ്ടായതോടെയാണ് 78കാരനായ ട്രംപ് രണ്ടാം തവണയും അമേരിക്കയുടെ പ്രസിഡന്റായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടശേഷം വീണ്ടും മത്സരിച്ച് വിജയിക്കുന്ന അമേരിക്കയിലെ രണ്ടാമത്തെ പ്രസിഡന്റുകൂടിയാണ് ട്രംപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.