‘കാനഡയെ യു.എസിന്റെ 51-ാമത്തെ സംസ്ഥാനമാക്കാം’; ട്രൂഡോയുടെ രാജിക്കു പിന്നാലെ ട്രംപിന്റെ ഓഫർ

വാഷിങ്ടൻ: പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ജസ്റ്റിൻ ട്രൂഡോ രാജിവെച്ചതിനു പിന്നാലെ, കാനഡയെ യു.എസിന്റെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന ‘ഓഫറു’മായി നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജനപ്രീതി കുറഞ്ഞുവരുന്നുവെന്ന് കാണിച്ച് ഭരണകക്ഷിയായ ലിബറിൽ പാർട്ടിയിൽനിന്ന് സമ്മർദം നേരിട്ടതോടെയാണ് ട്രൂഡോ രാജിക്ക് തയാറായത്. ഇക്കൊല്ലം അവസാനം കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കും. പുതിയ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രി പദത്തിൽ തുടരുമെന്ന് 53കാരനായ ട്രൂഡോ വ്യക്തമാക്കി.

അതേസമയം, ട്രൂഡോയുമായി ട്രംപിന് നല്ല ബന്ധമല്ല ഉള്ളത്. 2017ൽ ട്രൂഡോ അധികാരത്തിൽ വന്നതു മുതൽ ട്രംപ് ഇടഞ്ഞു നിൽക്കുകയാണ്. യു.എസിലേക്ക് അനധികൃത കുടിയേറ്റവും ലഹരി വ്യാപാരവും നടക്കുന്നത് തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ, കാനഡക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കണമെന്ന ആവശ്യം പലതവണ ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു.

“കാനഡയിലെ നിരവധിപേർ യു.എസിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. കാനഡക്ക് വേണ്ടി വമ്പൻ വ്യാപാര കമ്മിയും സബ്സിഡിയും വഹിക്കാൻ ഇനിയും യു.എസിനാകില്ല. ഇത് അറിയാവുന്നതിനാൽ ട്രൂഡോ രാജിവെച്ചു. കാനഡ യു.എസിനൊപ്പം ചേർന്നാൽ അവർക്ക് നികുതിയിനത്തിൽ വലിയ ഇളവ് ലഭിക്കും. റഷ്യൻ, ചൈനീസ് കപ്പലുകളിൽനിന്നുള്ള ഭീഷണി ഒഴിവായി സംരക്ഷണം ലഭിക്കും. ഒരുമിച്ചാണെങ്കിൽ എത്ര മഹത്തരമായ രാജ്യമാകും അത്” -ട്രൂഡോയുടെ രാജിക്കു പിന്നാലെ ട്രംപ് പറഞ്ഞു.

Tags:    
News Summary - Donald Trump renews offer to make Canada the 51st state after Justin Trudeau’s resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.