ലണ്ടൻ: 220 കോടി കുരുന്നുകളുള്ള ലോകത്ത് കാലാവസ്ഥ മാറ്റം അവരിൽ പകുതി പേരുടെയെങ്കിലും ഭാവി അപകടത്തിലാക്കുമെന്ന മുന്നറിയിപ്പുമായി യു.എൻ ഏജൻസി. പ്രളയം, ഉഷ്ണ തരംഗം, ചുഴലിക്കാറ്റ്, രോഗം, വറുതി, അന്തരീക്ഷ മലിനീകരണം എന്നിങ്ങനെ പല രീതികളിലായി ലോകം മുഴുക്കെ കാലാവസ്ഥ വ്യതിയാനം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഇന്ത്യ, നൈജീരിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലും ആഫ്രിക്കയിലെ ചില മേഖലകളിലുമാണ് പ്രധാനമായും ബാധിക്കുക.
ദാരിദ്ര്യം, കുടിവെള്ള ലഭ്യത, വിദ്യാഭ്യാസം എന്നിങ്ങനെ കുട്ടികൾക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ പലതായിരിക്കും. കാലാവസ്ഥ മാറ്റം അതിജീവിക്കാൻ ഇത് വെല്ലുവിളിയാകുമെന്നും കുട്ടികൾക്കായുള്ള യു.എൻ ഏജൻസിയായ യൂനിസെഫ് മുന്നറിയിപ്പ് നൽകുന്നു. 92 കോടി കുട്ടികൾ ശുദ്ധമായ കുടിവെള്ള ലഭ്യതക്ക് പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ്. 82 കോടി പേർ ഉഷ്ണ തരംഗത്തിനും 60 കോടി പേർ മലേറിയ, ഡെങ്കി പനി പോലുള്ള പകർച്ചവ്യാധികൾക്കും ഇരയാകും. കാലാവസ്ഥ വ്യതിയാനം കൂടുതൽ രൂക്ഷമാകുന്ന പക്ഷം ഇരയാക്കപ്പെടുന്ന കുട്ടികളുടെ അനുപാതവും കൂടും. ആഗോളവ്യാപകമായി സമരത്തിന് നാന്ദികുറിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് നടത്തിയ ആദ്യ സ്കൂൾ സമരത്തോടനുബന്ധിച്ച് യൂനിസെഫ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.