ലണ്ടൻ: ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് യു.കെയിലെ പതിനായിരക്കണക്കിന് നഴ്സുമാർ ആദ്യമായി സമരത്തിന്. കഴിഞ്ഞ വർഷം 25,000 നഴ്സുമാരാണ് തൊഴിൽവിട്ടത്. അതിനാൽ ഒഴിവുകൾ ഏറെയാണ്. സർക്കാർ നടപടികൾ, കോവിഡ് മഹാമാരി, ജീവനക്കാരുടെ കടുത്ത ക്ഷാമം എന്നിവയാൽ ബുദ്ധിമുട്ട് നേരിടുന്ന ആരോഗ്യമേഖലക്ക് പണിമുടക്ക് ഭീഷണി ഉയർത്തുന്നു.
ബ്രിട്ടീഷ് സർക്കാറിന്റെ കീഴിലുള്ള നാഷനൽ ഹെൽത്ത് സർവിസിലെ (എൻ.എച്ച്.എസ്) നഴ്സുമാർ സമരത്തെ പിന്തുണക്കുന്നതായി തൊഴിലാളി യൂനിയനായ റോയൽ കോളജ് ഓഫ് നഴ്സിങ് (ആർ.സി.എൻ) അറിയിച്ചു. മൂന്നുലക്ഷത്തിലധികം അംഗങ്ങളുള്ള ആർ.സി.എന്നിന്റെ 106 വർഷത്തെ ചരിത്രത്തിലാദ്യമായുള്ള പണിമുടക്ക് വർഷാവസാനത്തിന് മുമ്പ് ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ പ്രസ്താവനയിൽ പറഞ്ഞു. എൻ.എച്ച്.എസിലെ നഴ്സുമാരുടെ ശമ്പളം കഴിഞ്ഞ 10 വർഷത്തിനിടെ 20 ശതമാനം വരെ കുറഞ്ഞു. പണപ്പെരുപ്പത്തേക്കാൾ അഞ്ച് ശതമാനം ശമ്പളവർധനയാണ് യൂനിയൻ ആവശ്യപ്പെടുന്നത്. കുട്ടികൾക്ക് ഭക്ഷണം നൽകാനും വസ്ത്രം വാങ്ങാനും നഴ്സുമാർ ഭക്ഷണം ഒഴിവാക്കുകയാണെന്നും വർധിച്ചുവരുന്ന ഗതാഗതച്ചെലവ് താങ്ങാൻ പാടുപെടുകയാണെന്നും എൻ.എച്ച്.എസ് മേധാവികൾ പറഞ്ഞു.
നാലിലൊന്ന് ആശുപത്രികളും ജീവനക്കാർക്കായി ഫുഡ് ബാങ്കുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇംഗ്ലണ്ടിലെ ആശുപത്രികളെ പ്രതിനിധാനംചെയ്യുന്ന എൻ.എച്ച്.എസ് പ്രൊവൈഡേഴ്സ് പറയുന്നത്.
പണപ്പെരുപ്പം, വർധിച്ചുവരുന്ന ഊർജച്ചെലവ് എന്നിവയാൽ ശമ്പളം നൽകാനാവാതെ യു.കെയിലെ വ്യവസായ, സർവീസ് മേഖലകളിൽ ഉടനീളം അതൃപ്തി പുകയുകയാണ്. രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രിയായ സുനക് ഈ വിഷയത്തിൽ കടുത്ത സമ്മർദത്തിലാണ്.
രാജ്യത്തിന്റെ ധനസ്ഥിതി നന്നാക്കാൻ ലക്ഷ്യമിട്ടുള്ള ബജറ്റ് അടുത്തയാഴ്ച പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. 900 കോടി ബ്രിട്ടീഷ് പൗണ്ട് (10.25 ബില്യൺ ഡോളർ) ചെലവ് കണക്കാക്കുന്ന ആവശ്യങ്ങൾ പെട്ടെന്ന് നടപ്പാക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനകിന്റെ വക്താവ് ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പദ്ധതികളുണ്ടെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.