അവസാന മൂന്ന് നിലയങ്ങളും അടച്ചുപൂട്ടി; ആണവ യുഗത്തോട് വിട പറഞ്ഞ് ജർമനി

ആറു പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ച് ആണവ യുഗത്തോട് വിട പറഞ്ഞ് ജർമനി. ഇതുവരെയും പ്രവർത്തിച്ചിരുന്ന എംസ്‍ലാൻഡ്, ഇസാർ 2, നെക്കർവെസ്തീം എന്നീ മൂന്ന് ആണവ നിലയങ്ങൾക്കാണ് അവസാനമായി താഴുവീണത്. രാജ്യത്ത് 20 വർഷം മുമ്പ് ആരംഭിച്ച പ്രക്രിയ ഇതോടെ ശുഭ പര്യവസാനമായതായി ഭരണകൂടം അറിയിച്ചു.

1970കളിൽ രാജ്യത്ത് ശക്തമായ ആണവ വിരുദ്ധ പ്രക്ഷോഭം അരങ്ങേറിയിരുന്നു. പുതുതായി ആണവ നിലയങ്ങൾ സ്ഥാപിക്കുന്നതിനെതിരെയായിരുന്നു സമരം. അന്ന് തുടക്കമായ പ്രക്ഷോഭമാണ് ഇന്ന് ഫ്രഞ്ച് സർക്കാറിലെ ഭരണകക്ഷിയായ ഗ്രീൻ പാർട്ടിക്ക് ജന്മം നൽകിയത്. 1979ൽ പെൻസിൽവാനിയിലെ ത്രീമൈൽ ഐലൻഡ് ആണവ നിലയ ചോർച്ച, 1986ലെ ചെർണോബിൽ ദുരന്തം തുടങ്ങിയവ ആണവവിരുദ്ധ സമരം കൂടുതൽ ശക്തമാക്കി.

ജർമനി ഘട്ടംഘട്ടമായി ആണവമുക്തമാകുമെന്ന് 2000ൽ പ്രഖ്യാപനമുണ്ടായി. നിലയങ്ങൾ അടച്ചുപൂട്ടുന്ന പ്രക്രിയക്കും തുടക്കമായി. 2011ൽ ഫുകുഷിമ ദുരന്തം കൂടി വന്നതോടെ ആവശ്യത്തിന് ശക്തിയേറി. ഏറ്റവുമൊടുവിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശം വന്നതോടെ ഊർജ പ്രതിസന്ധി മണത്ത രാജ്യം അവശേഷിച്ച നിലയങ്ങൾ അടച്ചുപൂട്ടുന്ന സമയപരിധി നീട്ടി. ഇതാണ് ഏപ്രിൽ 15ഓടെ അവസാനമായി അടച്ചുപൂട്ടിയത്. 30ലേറെ ആണവ നിലയങ്ങളാണ് ജർമനിയിൽ ഉണ്ടായിരുന്നത്. എല്ലാം പ്രവർത്തനം നിർത്തിയ രാജ്യം ഹരിതോർജം കൂടുതലായി ഉപയോഗിച്ച് ഇന്ധനത്തിനുള്ള ആവശ്യം നിറവേറ്റുമെന്നാണ് കരുതുന്നത്.

എന്നാൽ, കാർബൺ വിഗിരണം കുറവുള്ള ഊർജ സ്രോതസ്സെന്ന നിലക്ക് ആണവോർജം വേണ്ടെന്നു വെക്കുന്നത് ശരിയായില്ലെന്ന പക്ഷക്കാരും രാജ്യത്തുണ്ട്. ആണവോർജത്തിന് സമാനമായി കൽക്കരി നിലയങ്ങളും 2038ഓടെ അവസാനിപ്പിക്കുമെന്ന് ജർമനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ 80 ശതമാനം ഊർജവും പുനരുൽപാദക സ്രോതസ്സുകളിൽനിന്ന് കണ്ടെത്തുകയാണ് രാജ്യത്തിന്റെ ലക്ഷ്യം.

അതിനിടെ, നിലയങ്ങൾ അടച്ചുപൂട്ടിയിട്ടുണ്ടെങ്കിലും ആണവ വിഗിരണ ശേഷിയുള്ള മാലിന്യങ്ങൾ എന്തു ചെയ്യുമെന്ന ആധി രാജ്യത്തെ വേട്ടയാടുകയാണ്. ആയിരക്കണക്കിന് വർഷം കഴിഞ്ഞാലും നിലനിൽക്കാൻ ശേഷിയുള്ളതാണിവ. ഓരോ നിലയ​ത്തിനുമരികെയുള്ള താത്കാലിക സംഭരണികളിലാണ് ഇവ ശേഖരിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് വർഷം കഴിഞ്ഞും ഇവ സുരക്ഷിതമായി നിൽക്കുന്ന സ്ഥിരം കേന്ദ്രങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് അധികൃതർ. നൂറുകണക്കിന് മീറ്റർ താഴ്ചയിൽ കുഴിയെടുത്താകണം ഈ സംഭരണികൾ ഒരുക്കുന്നത്. ഭൂചലന സാധ്യതയില്ലാത്ത ഉറപ്പുള്ള പാറകളിലാകണമെന്നതുൾപ്പെടെ കടുത്ത നിബന്ധനകൾ പാലിച്ചാകണം ഇവയുണ്ടാകേണ്ടത്.  

Tags:    
News Summary - ‘A new era’: Germany quits nuclear power, closing its final three plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.