താഷ്കെന്‍റ്: അഫ്ഗാനിസ്താൻ സൈനിക വിമാനം ഉസ്ബകിസ്താനിൽ തകർന്നുവീണത് സൈന്യത്തിന്‍റെ വെടിവെപ്പിൽ. തങ്ങളുടെ വ്യോമാതിർത്തി കടന്ന വിമാനത്തെ പ്രതിരോധ സേന വെടിവെക്കുകയായിരുന്നുവെന്ന് ഉസ്ബകിസ്താൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
അനുമതിയില്ലാതെയാണ് അഫ്ഗാൻ സൈനിക വിമാനം രാജ്യത്ത് പ്രവേശിച്ചതെന്നും അതിനാലാണ് വെടിവെക്കേണ്ടി വന്നതെന്നും ഉസ്ബകിസ്താൻ പ്രതിരോധ വക്താവ് ബോറോ സുൽഫിക്കോറാവ് വ്യക്തമാക്കി. അതേസമയം, തകർന്ന വിമാനത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നും ആരെങ്കിലും രക്ഷപ്പെട്ടോയെന്നുമുള്ള കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.
വിമാനം തകരും മുമ്പേ പൈലറ്റ് പാരച്യൂട്ടിൽ പുറത്തുകടന്നുവെന്നും ഇയാൾക്ക് പരിക്കേറ്റെന്നും നേരത്തെ റഷ്യൻ വാർത്താ ഏജൻസിയായ റിയ റിപ്പോർട്ട് ചെയ്തിരുന്നു.
ഉസ്ബകിസ്താനിലെ സർക്സോൺഡറിയോ പ്രവിശ്യയിലാണ് വിമാനം തകർന്നു വീണത്. ഞായറാഴ്ച അതിർത്തികടന്നെത്തിയ 84 അഫ്ഗാൻ പട്ടാളക്കാരെ പിടികൂടിയതായി ഉസ്ബകിസ്താൻ അധികൃതർ അറിയിച്ചു.
തലസ്ഥാനമായ കാബൂൾ പിടിച്ചടക്കിയതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്‍റെ നിയന്ത്രണത്തിലായിരിക്കുകയാണ്. ആയിരങ്ങളാണ് സുരക്ഷിത കേന്ദ്രങ്ങൾ തേടി പലായനം തുടരുന്നത്. പ്രസിഡന്‍റ് അഷ്റഫ് ഗനി താജിക്കിസ്ഥാനിലേക്ക് കടന്നതായാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.