ഡമസ്കസ്: സിറിയയിൽ ബശ്ശാറുൽ അസദിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത ഹൈഅത് തഹ്രീർ അശ്ശാം നേതാവ് അബൂ മുഹമ്മദ് അൽജൂലാനിയെ യു.എസ് കരിമ്പട്ടികയിൽനിന്ന് ഒഴിവാക്കുന്നു. അൽഖാഇദ -ഐ.എസ് പ്രവർത്തകനായിരുന്ന അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് പ്രഖ്യാപിച്ചിരുന്ന ഒരു കോടി ഡോളർ പാരിതോഷികം അമേരിക്ക പിൻവലിച്ചു.
യു.എസ് നയതന്ത്ര ഉദ്യോഗസ്ഥർ ഡമസ്കസ് സന്ദർശിച്ച് പുതിയ ഭരണകൂടവുമായി സംസാരിച്ച ശേഷമാണ് നടപടി. 2018ൽ യു.എസ് എച്ച്.ടി.എസിനെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അത് നീക്കുന്നത് സംബന്ധിച്ച് യു.എസ് ഉൾപ്പെടെ പാശ്ചാത്യ രാജ്യങ്ങളുടെ പരിഗണനയിലാണ്. സിറിയയിൽ വിവിധ വംശീയ -മത സമൂഹങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങളെ മാനിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന, പ്രാതിനിധ്യമുള്ള ഭരണകൂടമുണ്ടാക്കുന്ന രാഷ്ട്രീയ പ്രക്രിയയെ തങ്ങൾ പിന്തുണക്കുന്നതായി ചർച്ചക്ക് നേതൃത്വം നൽകിയ യു.എസ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ബാർബറ ലീഫ് പറഞ്ഞു.
സിറിയയിൽ കാണാതായ യു.എസ് മാധ്യമപ്രവർത്തകൻ ഓസ്റ്റിൻ ടൈംസിനെ കണ്ടെത്താൻ സഹായിക്കുമെന്ന് എച്ച്.ടി.എസ് യു.എസ് നയതന്ത്രജ്ഞർക്ക് ഉറപ്പുനൽകി. അതിനിടെ സിറിയയിൽ ഏകദേശം 2000 സൈനികരുണ്ടെന്ന് യു.എസ് സമ്മതിച്ചു. 900 യു.എസ് സൈനികരാണുള്ളതെന്നായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്. സമീപഭാവിയിൽ സൈന്യത്തെ പിൻവലിക്കാൻ ആലോചിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പെന്റഗൺ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.