വത്തിക്കാൻ സിറ്റി: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ അപലപിച്ച് വീണ്ടും ഫ്രാൻസിസ് മാർപാപ്പ. “ഗസ്സയിൽ നടത്തുന്ന ക്രൂരതകളെ കുറിച്ച് ഞാൻ വേദനയോടെ ഓർക്കുന്നു... കുട്ടികളെ യന്ത്രത്തോക്കുകളാൽ കൊല്ലുന്നു. സ്കൂളുകളിലും ആശുപത്രികളിലും ബോംബാക്രമണം നടത്തുന്നു. എന്തൊരു ക്രൂരതയാണിത്...” -പ്രതിവാര പ്രാർത്ഥനക്ക് ശേഷം മാർപാപ്പ പറഞ്ഞു. ഇസ്രായേൽ ഗസ്സയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ഏഴ് കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പാപ്പയുടെ പ്രതികരണം.
ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് യുദ്ധമല്ലെന്നും ക്രൂരതയാണെന്നും മാർപാപ്പ ഇന്നലെ പറഞ്ഞിരുന്നു. തന്റെ വാർഷിക ക്രിസ്‌മസ് പ്രസംഗത്തിലായിരുന്നു മാർപാപ്പയുടെ പരാമർശങ്ങൾ. 'ഇന്നലെ കുട്ടികൾക്ക് നേരെയാണ് ബോംബേറുണ്ടായത്. ഇത് ക്രൂരതയാണ്, യുദ്ധമല്ല. എന്റെ ഹൃദയത്തെ സ്‌പർശിച്ചതിനാലാണ് ഞാനിത് തുറന്നുപറയാൻ ആഗ്രഹിച്ചത്'- വത്തിക്കാനിലെ വിവിധ വകുപ്പുകളെ നയിക്കുന്ന കത്തോലിക്കാ കർദിനാൾമാരോട് സംസാരിക്കവെ മാർപാപ്പ പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ വംശഹത്യയാണോ നടത്തുന്നതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പ നേരത്തെയും രംഗത്തെത്തിയിരുന്നു.
ഇസ്രായേൽ ഗസ്സയിലും ലെബനാനിലും നടത്തുന്ന ആക്രമണങ്ങളെ വിമർശിച്ച് മുൻപും മാർപാപ്പ രംഗത്തെത്തിയിരുന്നു. എന്നാൽ അന്ന് ഇസ്രായേലിന്റെ പേരെടുത്ത് പറയാതെയായിരുന്നു പോപിന്റെ വിമർശനം. പ്രതിരോധം എപ്പോഴും ആക്രമണത്തിന് ആനുപാതികമായിരിക്കണം. ആനുപാതികമല്ലാത്ത ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ധാർമികതയ്ക്ക് അതീതമായി ആധിപത്യ പ്രവണതയുണ്ടാകും. ഇത് ചെയ്യുന്നത് ഏത് രാജ്യമായിരുന്നാലും അത് അധാർമികമാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
മാർപാപ്പയുടെ പ്രതികരണം ഇരട്ടത്താപ്പാണെന്ന് ഇസ്രായേൽ പ്രതികരിച്ചു. ഇസ്രായേൽ കൊല്ലാൻ ശ്രമിക്കുമ്പോൾ ഭീകരർ കുട്ടികളുടെ പിന്നിൽ ഒളിച്ചിരിക്കുന്നതാണ് ക്രൂരതയെന്ന് ഇസ്രായേൽ പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിൽ ഇതിനകം 45,259 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേമിലെ ക്രൈസ്റ്റ് ലൂഥറൻ ചർച്ചിൽ ഇത്തവണത്തെ പുൽക്കൂട് ഗസ്സയോടുള്ള ഐക്യദാർഡ്യത്തിന്റെ പ്രതീകമായിരുന്നു. വെള്ള വസ്ത്രത്തിന് പകരം ഫലസ്തീനികളുടെ പരമ്പരാഗത വസ്ത്രമായ കഫിയയായിരുന്നു ഉണ്ണിയേശുവിന്റെ വസ്ത്രം. പുൽക്കൂടിന് പകരം തകർന്ന കെട്ടിടങ്ങളുടെ കോൺക്രീറ്റ് കഷ്ണങ്ങൾ കൊണ്ടൊരുക്കിയ കൂട്ടിലായിരുന്നു കിടത്തിയത്.
ഇസ്രായേൽ കൂട്ടക്കുരുതിയിൽ പൊള്ളുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ചാണ് ക്രൈസ്റ്റ് ലൂഥറൻ ചർച്ച് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഇത്തരമൊരു പുൽക്കൂടൊരുക്കിയത്. ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന ഗസ്സയിലെ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഫലസ്തീൻ കുഞ്ഞുങ്ങളുടെ പ്രതീകമായാണ് ചർച്ച് ഇത്തവണ ഉണ്ണിയേശുവിനെ അവതരിപ്പിച്ചത്.
അധിനിവിഷ്ട ഫലസ്തീനിലെ ജെറൂസലേമിലാണ് ബത്‌ലഹേം സ്ഥിതി ചെയ്യുന്നത്. ഓരോ ദിനവും നിരവധി കുഞ്ഞുങ്ങളെയാണ് ഗസ്സയിലും സമീപ പ്രവിശ്യകളിലും ഇസ്രായേൽ കൊന്നൊടുക്കുന്നത്. ഈ സാഹചര്യത്തിൽ ക്രിസ്മസ് ആഘോഷവും ഫലസ്തീനികളോട് ഐക്യപ്പെടാനുള്ള അവസരമായി ഉപയോഗിച്ച ചർച്ചിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് ട്വിറ്റർ അടക്കമുള്ള സോഷ്യൽമീഡിയകളിൽ രംഗത്തെത്തിയത്. യഥാർഥ ക്രൈസ്തവ സംസ്കാരമാണ് ഇതെന്നും ധീരമായ നിലപാടാണെന്നും പലരും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.