കാബൂൾ: അഫ്ഗാനിസ്താനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 1000ലേറെ പേർ മരിച്ചു. 1500 പേർക്ക് പരിക്കേറ്റു. പാകിസ്താൻ അതിർത്തിക്ക് സമീപമുള്ള പക്തിക, ഖോസ്ത് പ്രവിശ്യകളിലായിരുന്നു ബുധനാഴ്ച പുലർച്ച ഒന്നരയോടെ വൻ നാശനഷ്ടം വരുത്തിയ ഭൂചലനമുണ്ടായത്. കെട്ടിടങ്ങളും വീടുകളും തകർന്നു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. 20 വർഷത്തിനിടെ അഫ്ഗാനിസ്താനിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. സർക്കാർ രാജ്യാന്തര ഏജൻസികളുടെ സഹായം തേടിയിട്ടുണ്ട്.
പാകിസ്താൻ അതിർത്തിക്ക് സമീപമുള്ള പക്തിക പ്രവിശ്യയാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തെക്കുപടിഞ്ഞാറൻ നഗരമായ ഖോസ്തിലേക്ക് ഇവിടെനിന്ന് 50 കി.മീ. ദൂരമാണുള്ളത്. നിരവധിപേരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. പക്തികയിൽ മാത്രം 90 വീടുകൾ തകർന്നു.
നിരവധിപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി അഫ്ഗാൻ അത്യാഹിത വിഭാഗത്തിലെ ഉദ്യോഗസ്ഥൻ ശറഫുദ്ദീൻ മുസ്ലിം പറഞ്ഞു. പക്തിക പ്രവിശ്യയിലെ നാല് ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടതായി അഫ്ഗാൻ സർക്കാറിന്റെ ഡെപ്യൂട്ടി വക്താവ് ബിലാൽ കാരിമി അറിയിച്ചു.
ഖോസ്ത് പ്രവിശ്യയിലെ ഒരു ജില്ലയിൽ മാത്രം 25 പേർ മരിച്ചു. 95 പേർക്ക് പരിക്കേറ്റു. താലിബാൻ സർക്കാർ അധികാരത്തിൽ എത്തിയശേഷം മിക്ക രാജ്യാന്തര ഏജൻസികളും പിൻവാങ്ങിയതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
ദുരിതബാധിതർക്ക് സഹായം എത്തിക്കാൻ അഫ്ഗാനിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഹസ്സൻ അകുന്ദ് അടിയന്തരയോഗം വിളിച്ചു.
അഫ്ഗാനിസ്താൻ അതിർത്തിക്ക് സമീപമുള്ള പാകിസ്താന്റെ ചില മേഖലകളിലും വീടുകൾ തകർന്നതായി റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. മലനിരകളുള്ള ഗ്രാമീണ മേഖലകളിൽ രക്ഷാപ്രവർത്തനം വളരെ ബുദ്ധിമുട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.