ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ ഫല്ലൂജ നഗരം തിരിച്ചുപിടിക്കാനുള്ള ഇറാഖി സൈന്യത്തിന്‍െറ പോരാട്ടം രൂക്ഷമാകുന്നതിനിടെ, ഇവിടെനിന്ന് പലായനം ചെയ്യുന്ന തദ്ദേശീയരെ ഐ.എസ് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. പലായനം ചെയ്തവരെ കഴിഞ്ഞ ദിവസങ്ങളില്‍ ഐ.എസ് തീവ്രവാദികള്‍ വധിച്ചുവെന്ന് മേഖലയിലെ സന്നദ്ധപ്രവര്‍ത്തകരെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം ഫല്ലൂജയില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ ഏതാനും ആളുകള്‍ യൂഫ്രട്ടീസ് നദിയില്‍ മുങ്ങിമരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനു തൊട്ടുടനെയാണ് സിവിലിയന്‍ ദുരിതത്തിന്‍െറ മറ്റൊരു റിപ്പോര്‍ട്ടുകൂടി വന്നിരിക്കുന്നത്.
കഴിഞ്ഞ മാസം പകുതിയോടെയാണ് സൈന്യം ഐ.എസില്‍നിന്ന് ഫല്ലൂജ തിരിച്ചുപിടിക്കാനൊരുങ്ങുന്നത്. കഴിഞ്ഞയാഴ്ച സൈന്യം നഗരത്തിനടുത്തത്തെിയിരുന്നു. പോരാട്ടം കനത്തതോടെ, സിവിലിയന്മാരാണ് ദുരിതത്തിലായത്. ഏകദേശം 50,000 ജനസംഖ്യയുള്ള ഇവിടെനിന്ന് 18,000 പേര്‍ ഇതിനകം പലായനം ചെയ്തുവെന്നാണ് യു.എന്‍ അഭയാര്‍ഥി ഏജന്‍സി തിങ്കളാഴ്ച പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്. നഗരത്തില്‍നിന്ന് പുറത്തുപോകാനാകാതെ കുടുങ്ങിക്കിടക്കുന്നവര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ നരകിക്കുകയാണെന്നും ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, ഫല്ലൂജയുടെ ദക്ഷിണ ഭാഗം തങ്ങളുടെ നിയന്ത്രണത്തിലായതായി ഇറാഖി സൈന്യം അവകാശപ്പെട്ടു. നഗരം പൂര്‍ണമായും വളഞ്ഞെന്നും ഫല്ലൂജയുടെ മോചനം അകലെയല്ളെന്നും സൈന്യം അറിയിച്ചു. വടക്കന്‍ ഇറാഖില്‍ ഐ.എസ് ആദ്യം നിയന്ത്രണത്തിലാക്കിയ നഗരങ്ങളിലൊന്നാണ് ഫല്ലൂജ. തലസ്ഥാനമായ ബഗ്ദാദില്‍നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ നഗരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.